gfc

ഭരണകൂടങ്ങളുടെ ജീവിതം എന്നല്ലെങ്കില്‍ കെട്ടുകഥകളുടെ കവിതയെന്ന് വിളിക്കൂ

1942 ല്‍ രണ്ടാം ലോകമഹായുദ്ധകാലത്താണ് നാസി ജര്‍മ്മനിയിലെ ഒരു ശാസ്ത്രജ്ഞനായ മാക്സ് ലേമാന്‍ Art of disappearance എന്ന ഗ്രന്ഥത്തിലൂടെ വസ്തുക്കള്‍ക്ക് മാത്രമല്ല സംഭവങ്ങള്‍ക്കും ജഡത്വമുണ്ടെന്ന് സമര്‍ഥിച്ചു.ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു സംഭവത്തിനേയും വസ്തുക്കളേയും അവയുടെ അഭാവത്തില്‍പ്പോലും അവയുടെ പ്രതീതി നിലനിര്‍ത്താനാവുമെന്ന് ഫ്രിറ്റ്സ് ലങ്കി എന്ന ശാസ്ത്രജ്ഞന്‍ തന്റെ പരീക്ഷണങ്ങളിലൂടെ തെളിയിച്ചു.
ലാന്‍ഡ് ഷട്ടില്‍ താമസിച്ചുകൊണ്ടിരുന്ന ലങ്കി അവിടെ നിന്ന് എഴുപത് കിലോമീറ്റര്‍ ദൂരെയുള്ള മ്യൂണിക്കില്‍ പോയി
മടങ്ങിവരുന്ന സമയമത്രയും ലങ്കിയുടെ വീട്ടുകാര്‍ക്ക് അദ്ദേഹം വീട്ടില്‍ത്തന്നെ ഉള്ളതായും പതിവുകാര്യങ്ങളില്‍
ഏര്‍പ്പെടുന്നതായും അനുഭവപ്പെട്ടു.

ലങ്കി തന്റെ പരീക്ഷണങ്ങള്‍ തുടര്‍ന്നപ്പോള്‍ അദ്ദേഹത്തെ ഒരേ സമയം പലസ്ഥലങ്ങളില്‍ കാണുന്ന അനുഭവം പലര്‍ക്കും ഉണ്ടായി.ഇതിനെത്തുടര്‍ന്ന് ജര്‍മ്മന്‍ ഭരണകൂടം ലങ്കിയെ അറസ്റ്റു ചെയ്ത് നിരന്തരമായി ചോദ്യം ചെയ്ത് ലങ്കിയുടെ
കണ്ടുപിടുത്തം ചോര്‍ത്തിയെടുത്തു.ലങ്കിയെ വിട്ടയച്ച് രണ്ടു ദിവസം കഴിഞ്ഞ് അദ്ദേഹം ശൂന്യതയില്‍ അപ്രത്യക്ഷമായി.

ലങ്കിയുടെ കണ്ടുപിടുത്തം പ്രയോജനപ്പെടുത്തി ഭരണകൂടം
അയാളുടെ കൊല മറച്ചുവെക്കാന്‍ ചെയ്തതാവാം വീട്ടിലെ
ആ രണ്ടു ദിവസത്തെ സാന്നിദ്ധ്യം.

നിലവില്‍ ഒരിടത്ത് ഇല്ലാത്ത ഒരു സംഭവത്തിന്റെയോ വസ്തുക്കളുടെയോ സാന്നിദ്ധ്യത്തെ ഇങ്ങനെ കുറച്ചുസമയം സംരക്ഷിച്ചു നിര്‍ത്തുന്ന ഈ കണ്ടുപിടുത്തത്തെ സംബന്ധിച്ച്
ലങ്കി ജര്‍മ്മനിയിലെ ഒരു പ്രസാധകസ്ഥാപനത്തിന് ഒരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ നല്‍കിയിരുന്നു.ലങ്കിയുടെ
തിരോധാനത്തിനുശേഷം ഈ പുസ്തകം അവര്‍ പ്രസിദ്ധീകരിച്ചു.നാസിജര്‍മ്മനി ഈ പുസ്ത്കത്തിന്റെ മുഴുവന്‍ പ്രതികളും പിടിച്ചെടുത്ത് നശിപ്പിച്ചു.വിതരണം ചെയ്യപ്പെട്ട പുസ്തകശാലകളിലേയും പ്രസാധകസ്ഥാപനങ്ങളിലേയും മുഴുവന്‍ ജീവനക്കാരേയും പുസ്തകം വാങ്ങിച്ചവരേയും കൊന്നുകളഞ്ഞു.

ലോകയുദ്ധാനന്തരം ഈ കണ്ടുപിടുത്തം അമേരിക്കയുടെ കൈവശമെത്തിച്ചേര്‍ന്നു.അവര്‍ പലരാജ്യങ്ങള്‍ക്കും ചില രഹസ്യ ഉടമ്പടികളോടെ ഈ കണ്ടുപിടുത്തം വില്‍ക്കുകയുണ്ടായി.ഭരണകൂടങ്ങള്‍ക്കല്ലാതെ പൌരന്മാര്‍ക്ക് ഈ കണ്ടുപിടുത്തം ഉപയോഗിക്കാന്‍ അവസരം നല്‍കരുതെന്നാണ് അതിലൊരു നിബന്ധന.

1975ല്‍ അമേരിക്കയുമായുള്ള ഒരു രഹസ്യ ഉടമ്പടി പ്രകാരം ഇന്ത്യക്കും ഈ കണ്ടുപിടുത്തം ലഭിച്ചു.അടിയന്തിരാവസ്ഥക്കാലത്ത് ഭരണകൂടം കൊലചെയ്തവരെ സംബന്ധിച്ച ദുരൂഹത വര്‍ദ്ധിപ്പിക്കാന്‍ ഈ കണ്ടുപിടുത്തം സമര്‍ഥമായി ഉപയോഗിച്ചു.വീട്ടില്‍ത്തന്നെയിരിക്കുന്നതായി തോന്നിച്ച വിപ്ലവകാരി അതേസമയം പോലീസ്ക്യാമ്പില്‍ കൊല്ലപ്പെടുകയായിരിക്കും..വിമാനത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നേതാവ് മണിക്കൂറുകള്‍ക്കു മുന്‍പ് കൊല്ലപ്പെട്ടിട്ടുണ്ടാവും.

ഭരണകൂടങ്ങളില്‍ നിന്ന് എങ്ങനെയോ ഈ രഹസ്യം ഭീകരസംഘടനക്ക്കള്‍ക്കും ചില കുറ്റവാളികള്‍ക്കും ലഭിച്ചു.നമ്മുടെ മുറ്റത്തു കിടക്കുന്ന കാര്‍ അവിടെത്തന്നെ കിടക്കുന്നുവെന്ന തോന്നല്‍ സൃഷ്ടിച്ച് കാറുമായി കള്ളന്‍ കടന്നുകളഞ്ഞിരിക്കും.അവന്‍ സുരക്ഷിതമായ ഒരിടത്ത് എത്തിക്കഴിയുമ്പോഴാവും നമ്മുടെ കാര്‍ നമ്മുടെ മുറ്റത്തിലെന്ന് നാം തിരിച്ചറിയുന്നത്.പക്ഷേ നമ്മുടെ കാര്‍ എന്ന് എപ്പോള്‍ അപ്രത്യക്ഷമായിയെന്ന നമ്മുടെ സാക്ഷ്യങ്ങള്‍ തെറ്റായിരിക്കും.

രാജ്യത്തെ കൊലപാതകം /മോഷണം/ബലാത്സംഘം/കള്ളക്കടത്ത് തുടങ്ങിയ കുറ്റങ്ങളിലെല്ലാം ഈ കണ്ടുപിടുത്തം ഇപ്പോള്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്.കുറ്റവാളി കുറ്റം ചെയ്യുന്ന സമയത്ത് അയാളുടെ സാന്നിദ്ധ്യം മറ്റൊരു സ്ഥലത്ത് സൃഷ്ടിച്ച് സംഭവം ദുരൂഹമാക്കിത്തീര്‍ക്കുകയും നിയമപരിരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു.

ഭരണകൂടങ്ങള്‍ ഈ കണ്ടുപിടുത്തവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും രഹസ്യമാക്കിവെച്ചിരിക്കുന്നു.ഇന്റെര്‍നെറ്റില്‍ ഇതുമായി ബന്ധപ്പെട്ട ലിങ്കുകളൊന്നും ലഭ്യമല്ല.ഇതു സംബന്ധിച്ച് ഇന്റെര്‍നെറ്റില്‍ 1990 ലും 2012 ലും ജര്‍മ്മനിയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള രണ്ടു സൈറ്റുകളില്‍ ലേഖനങ്ങള്‍ വന്നു.ആ സൈറ്റുകള്‍ ഉടനടി ഇല്ലാതാക്കി.ലേഖനമെഴുതിയ മനുഷ്യരെക്കുറിച്ചോ സൈറ്റ് നടത്തിയിരുന്നവരെക്കുറിച്ചോ പിന്നീട് യാതൊരു വിവരവുമില്ല.

ഈ കണ്ടുപിടുത്തത്തെക്കുറിച്ച് വിവരം ലഭിച്ച പലറിപ്പോര്‍ട്ടര്‍മാരും ദുരൂഹമായി അപ്രത്യക്ഷമായി.

ഇത്രയും കാര്യങ്ങള്‍ നിങ്ങള്‍ക്കെവിടെ നിന്ന് ലഭിച്ചുവെന്ന ഒരു ചോദ്യത്തിന്റെ യുക്തി നിങ്ങളില്‍ നിന്ന് സ്വാഭാവികമായും ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്.എനിക്ക് ജീവിക്കണമെന്നുള്ളതിനാല്‍ ആ രഹസ്യം ഞാന്‍ വെളിപ്പെടുത്തുകയില്ല.

നമ്മുടെ ജീവിതത്തേക്കാള്‍ പ്രധാനമാണ് ഭരണകൂടങ്ങളുടെ ജീവിതം.നാം അവയെ ചോദ്യം ചെയ്യുന്നതിനുമുന്‍പേ അവ നമ്മെ തിന്നിരിക്കും.കാലത്തിന്റെ ബഹുനിലക്കെട്ടിടങ്ങള്‍ ഇരുവശവും നിറഞ്ഞ പാതയിലൂടെ ഭരണകൂടങ്ങളുടെ ദിനോസര്‍ ജീവിതങ്ങള്‍ നടക്കുന്നു.അവയുടെ കാലടികള്‍ പെടാത്ത ഒഴിവിലൂടെ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടുനടക്കുന്ന നടപ്പാണ് നമ്മുടെയൊക്കെ ജീവിതം

മേഘങ്ങള്‍

ഇവിടെ നിന്ന് നോക്കുമ്പോള്‍
വയലിനക്കരെ
കാറ്റാടി മരങ്ങള്‍ നിറഞ്ഞ കുന്നില്‍
ഒരു വിളക്കുണ്ട്.
മരങ്ങള്‍ക്കിടയിലൂടെ
ഇരുട്ട് കടന്ന്
അതിന്റെ മിന്നിച്ച
ഇവിടെയെത്തുന്നു..
കാറ്റിലുള്ള അതിന്റെ
ചാഞ്ചല്യം
നല്ലതു തന്നെ.
അനക്കമുള്ളതിനെ
ജീവനുള്ളത് എന്ന്
തെറ്റിദ്ധരിച്ച് ശീലിച്ചിട്ടുള്ളതിനാല്‍
എന്റെ ഏകാന്തതയോട്
അതിന്റെ അനക്കം
എന്തോ വിനിമയം ചെയ്യുകയാണെന്ന്
എന്റെ ഉപബോധം കരുതുണ്ടാവാം.

എനിക്കറിയാം,
ഞാന്‍ കണ്ടിട്ടില്ലെങ്കിലും
അവിടെ ഒരു വീടുണ്ടാവാം.
എനിക്കറിയാം,
ഞാന്‍ കണ്ടിട്ടില്ലെങ്കിലും
ആ വീട്ടില്‍ ഒരച്ഛനും അമ്മയും
ഒരു കുഞ്ഞും താമസമുണ്ടാവും.
കുഞ്ഞ് ഇപ്പോള്‍ ഉറങ്ങുകയാണ്.
ഒരു ചെറുശബ്ദം അതിനെ
ഉണര്‍ത്തിയേക്കാം.
അമ്മ സൂക്ഷിച്ച്
അടുക്കളയില്‍ ഒരു പണി ചെയ്യുകയാണ്.
അച്ഛന്‍ ഇപ്പോള്‍ വരും.
കുഞ്ഞ് ഉറങ്ങുന്നതിനു മുന്‍പ്
ഉണര്‍ത്തിയതാണ്
ആ വെളിച്ചത്തെ.
കാറ്റില്‍ അത് ആടുന്നുണ്ട്.
ഒരു ചെറുശബ്ദത്തില്‍
കുട്ടി ഉണരാമെന്നതു പോലെ
കാറ്റ് വീര്‍പ്പടക്കി നില്‍ക്കുന്നുണ്ട്.
ഒരു ചെറുശബ്ദം
അവിടെ
ഇപ്പോള്‍ ഉണ്ടാവും.
എനിക്കറിയാം...
ഒരു കാറ്റ് ഇപ്പോള്‍ ഉണ്ടാവും.എനിക്കറിയാം,
ആ കുന്നിനു മുകളില്‍
ചന്ദ്രന്‍ ഉദിച്ചുവരുന്നുണ്ട്.
രണ്ടു മേഘങ്ങള്‍ പരസ്പരം
നോക്കിയിരുപ്പുണ്ട്.
അവയ്ക്ക് ഒന്നുമറിയില്ല.
ഈ ജനല്‍
എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പ്
തുറന്നതാണ്.
എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള
ഞാനാണ്
ജനലിനിപ്പുറത്തെ ഞാന്‍.
എനിക്കറിയാം,
വര്‍ഷങ്ങള്‍ കഴിഞ്ഞ്
ഞാനെഴുതേണ്ട ഒരു
സന്ദര്‍ഭമാണ് ഇതെന്ന്...

പക്ഷേ, എനിക്കറിയില്ല,
ആ വീടിന് എന്തു സംഭവിച്ചുവെന്ന്,
ആ അച്ഛന്‍ തിരിച്ചുവന്നുവോ എന്ന്..,
ആ അമ്മ ഇപ്പോഴും ഉണ്ടോ എന്ന്...,
ഇത്രയും വര്‍ഷങ്ങള്‍ കൊണ്ട്
ഞാനും ആ കുന്നിന്‍‌മുകളിലെ
മേഘങ്ങളെപ്പോലെ
ഒന്നൂമറിയാത്തവനായിത്തീര്‍ന്നിരിക്കുന്നു.


നിരാശയുടെ അറ്റമില്ലാത്ത കവിതനിരാശയുടെ വാതില്‍
നിരാശയുടെ ജനല്‍
നിരാശയുടെ ചുമര്
നിരാശയുടെ ആണി
നിരാശയുടെ ചുറ്റിക
നിരാശയുടെ കലണ്ടര്‍
നിരാശയുടെ കിടക്ക
നിരാശയുടെ കുളിമുറി
നിരാശയുടെ വീട്
നിരാശയുടെ കാറ്റ്
നിരാശയുടെ വഴി
നിരാശയുടെ ചെവി
നിരാശയുടെ ഹൃദയം
നിരാശയുടെ കണ്ണ്
നിരാശയുടെ കാലുകള്‍
നിരാശയുടെ വിസ്തൃതി
നിരാശയുടെ വിജനത
നിരാശയുടെ ചലച്ചിത്രഗാനം
നിരാശയുടെ പട്ടണം
നിരാശയുടെ ബസ് സ്റ്റാന്‍ഡ്
നിരാശയുടെ മദ്യശാല
നിരാശയുടെ ആള്‍ത്തിരക്ക്
നിരാശയുടെ ആകാശം
നിരാശയുടെ ചിറക്
നിരാശയുടെ കുന്നുകള്‍
നിരാശയുടെ നദി
നിരാശയുടെ നട്ടുച്ച
നിരാശയുടെ സായാഹ്നം
നിരാശയുടെ വെയില്‍
നിരാശയുടെ മഞ്ഞ്
നിരാശയുടെ മഴ
നിരാശയുടെ കനല്‍
നിരാശയുടെ നാല്പതു വര്‍ഷം

നിരാശയുടെ അസ്ഥിയില്‍
നിരാശയുടെ ചാരം
നിരാശയുടെ ആശ
നിരാശയുടെ നിരാശ
നിരാശയുടെ ജീവിതം
നിരാശയുടെ ഭക്ഷണം
നിരാശയുടെ കളിസ്ഥലം
നിരാശയുടെ വിസര്‍ജ്യം

നിരാശയുടെ രക്തം
നിരാശയുടെ പുഞ്ചിരി
നിരാശയുടെ വെടിയുണ്ടകള്‍
നിരാശയുടെ നെഞ്ച്
നിരാശയുടെ ശവം
നിരാശയുടെ ശവപ്പെട്ടി
നിരാശയുടെ കുഴിമാടം
നിരാശയുടെ മണ്ണ്
നിരാശയുടെ കാലടികള്‍
നിരാശയുടെ മരങ്ങള്‍
നിരാശയുടെ കാറ്റ്
നിരാശയുടെ ഇലകള്‍
നിരാശയുടെ പൊഴിയല്‍
നിരാശയുടെ കുതിരപ്പട
നിരാശയുടെ കാലാള്‍പ്പട
നിരാശയുടെ പൊരുതല്‍
നിരാശയുടെ വിജയങ്ങള്‍
നിരാശയുടെ അധിനിവേശങ്ങള്‍
നിരാശയുടെ കൊടികള്‍
നിരാശയുടെ ഉച്ചഭാഷിണികള്‍
നിരാശയുടെ തോരണങ്ങള്‍
നിരാശയുടെ മഴവില്ലിലേക്ക്
ചൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂളം വിളിച്ചുപോവുന്ന നിരാശയുടെ തീവണ്ടി.

നിരാശയുടെ രാജ്യം
നിരാശയുടെ അബ്ദുള്‍ നാസര്‍ മദനി
നിരാശയുടെ അരുണാഷാന്‍ ബാഗ്
നിരാശയുടെ അരുന്ധതീ റോയ്
നിരാശയുടെ മേധാപഠ്കര്‍
നിരാശയുടെ ഈ റോം ശര്‍മ്മിളാ ചാനു
നിരാശയുടെ സോണിസോറി
നിരാശയുടെ മന്‍‌മോഹന്‍ സിങ്
നിരാശയുടെ സോണീയാഗാന്ധി
നിരാശയുടെ ഉമ്മന്‍‌ ചാണ്ടി
നിരാശയുടെ അച്ചുതാനന്ദന്‍
നിരാശയുടെ ഗാന്ധി
നിരാശയുടെ നെഹ്രു
നിരാശയുടെ അംബേദ്കര്‍
നിരാശയുടെ ശ്രീനാരായണഗുരു
നിരാശയുടെ ബുദ്ധന്‍
നിരാശയുടെ ബാലചന്ദ്രന്‍ ചുള്ളിക്കാട്
നിരാശയുടെ സിവിക് ചന്ദ്രന്‍
നിരാശയുടെ സി.കെ ജാനു
നിരാശയുടെ വര്‍ഗ്ഗീസ്
നിരാശയുടെ ചെഗുവേര
നിരാശയുടെ ജോണ്‍
നിരാശയുടെ അയ്യപ്പന്‍
നിരാശയുടെ ഇ.എം.എസ്സ്
നിരാശയുടെ യേശുദാസ്
നിരാശയുടെ സാമ്രാജ്യങ്ങള്‍
നിരാശയുടെ ജയിലുകള്‍
നിരാശയുടെ വ്യവസായശാലകള്‍
നിരാശയുടെ കൃഷിയിടങ്ങള്‍
നിരാശയുടെ കലാപങ്ങള്‍
നിരാശയുടെ ഗുജറാത്ത്
നിരാശയുടെ ബീഹാര്‍
നിരാശയുടെ പശ്ചിമബംഗാള്‍
നിരാശയുടെ ത്രിവര്‍ണപതാക
നിരാശയുടെ ദേശീയഗാനം