gfc

അതിവാചാലമായ ഒരു കവിതയില്‍ നിന്റെ മൃതശരീരം സൂക്ഷിക്കുന്നു


നീ വെടിയേറ്റു മരിച്ചുവീഴുന്നു
നിനക്കിനി ഒന്നും തെളിയിക്കാന്‍ കഴിയില്ല
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അഞ്ചിന്
പകല്‍ വീട്ടില്‍ കുട്ടികളുമായി കളിച്ചിരുന്നതോ
തൊട്ടടുത്ത ടൌണില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയതോ
വൈകിട്ട് കൂട്ടുകാരനോടൊപ്പം രണ്ടെണ്ണമടിച്ചതോ...ഒന്നും.

മാവോയിസ്റ്റ്,ഐ.എസ് ഭീകരന്‍ ,സിമി
നീ ഏതാണെന്ന് ഞാന്‍ തീരുമാനിക്കും.
നിനക്ക് ചരിത്രമില്ല,തെളിവുകളില്ല
നീ ജീവിച്ചിരുന്നിട്ടുകൂടിയില്ല.
ഏറിയാല്‍
മരിച്ചുകിടക്കുന്ന നിന്റെ കീശയില്‍
ഒരു ലഘുലേഖ മടക്കിവെക്കും.
അതുമല്ലെങ്കില്‍
നിന്റെ വീട്ടിലെ അലമാരയിലൊരു പുസ്തകം.
അത്ര മതി ,നിന്നെയൊക്കെ കൊല്ലാനുള്ള ന്യായം.
ജീവിച്ചിരിക്കുമ്പോള്‍ നീ കണ്ടിട്ടുപോലുമില്ലാത്ത ഒരു തോക്ക്
മരിച്ചുകിടക്കുന്ന നിന്റെ കൈകളില്‍ പിടിപ്പിക്കും.
ജീവിതത്തില്‍ ഒരാള്‍ക്കൂട്ടത്തില്‍ വെച്ച്
കൂട്ടിമുട്ടിപ്പോലും കണ്ടിട്ടില്ലാത്തവര്‍
നിനക്കെതിരെ സാക്ഷിമൊഴി നല്‍കും.
പോകാത്ത വഴിയില്‍ നീ പോയെന്നു പറയും.
ഭരണകൂടമല്ല,
നിന്റെയൊക്കെ മരണകൂടമാണ് ഞാന്‍.
എനിക്കെതിരെയുള്ള വാക്കുകള്‍ നോക്കുകള്‍,ആലോചനകള്‍
ഒന്നും ഉണ്ടായില്ലെങ്കില്‍പ്പോലും
ഇനിയും ഉണ്ടാവാതിരിക്കാന്‍
ഇടയ്ക്കിടെ ഓരോ കൊല നടത്തേണ്ടതുണ്ട്.
എനിക്ക് ജീവിക്കണം.
എന്റെ ശബ്ദത്തിനുമുകളില്‍ ഉയരരുത്
ഒരു ശബ്ദവും.
ഞാന്‍ അപകടത്തില്‍പ്പെട്ടിരിക്കുന്നുവെന്ന തോന്നല്‍
ഉണ്ടാക്കിയെടുത്ത് ചീഞ്ഞ രാഷ്ട്രീയ അശ്ലീലങ്ങള്‍
എനിക്ക് കുഴിച്ചുമൂടണം.
നീ മരിച്ചാലെന്ത്?
വ്യവസ്ഥയെ നിലനിര്‍ത്തുവാന്‍
എനിക്ക് ഭക്ഷണമായതില്‍ നിനക്ക് അഭിമാനിക്കാം.

ജനാധിപത്യത്തെക്കുറിച്ചുള്ള
നിന്റെ ആശങ്ക നിന്റെ അവസാന ശ്വാസത്തിലും
ഞാന്‍ കേട്ടു.
ജനാധിപത്യം എന്നത് ജനങ്ങള്‍ക്കു മുകളില്‍
ഭരണപക്ഷത്തിനുള്ള ആധിപത്യം എന്നേയുള്ളൂ.
ഭരിക്കുന്നവര്‍ മാറുന്നില്ല.
മാറുന്നുവെന്ന് നടിക്കുന്നുവെന്നേയുള്ളൂ.
ഒരു കാല്‍ മുന്നോട്ടുവെക്കുമ്പോള്‍
ഒരുകാല്‍ പിന്നില്‍ ഉള്ളതുപോലെ
ഇരുകാലുകള്‍ മാറിമാറി,
അതല്ലാതെ മറ്റൊന്നും ഈ നടപ്പില്‍
വരികയുമില്ല.

എന്റെ ചിഹ്നങ്ങള്‍-എന്റെ ഇരകളെ
കണ്ടെത്തുന്നതിനുള്ള സൂചകങ്ങള്‍.
എഴുന്നേറ്റു നില്‍ക്കൂ
വരിനില്‍ക്കൂ
നിശ്ശബ്ദരാവൂ
എന്നെല്ലാം ഞാന്‍ പറഞ്ഞുകൊണ്ടിരിക്കും.
അനുസരിക്കാത്തവരെല്ലാം ഒന്നൊന്നായി മരിച്ചുവീഴും.

സംശയത്തിന്റെ ഒരു കണിക മതി
നിന്റെയൊക്കെ കുടുംബം കുളംകോരും.
ആ പഴയ രാജാവു തന്നെയാണ് അധികാരത്തില്‍.ഇരയെന്ന് പ്രഖ്യാപിച്ച്
ചിലരെ ഞാന്‍ വെറുതെവിട്ടെന്നു വരും.
ഭയത്തിന്റെ കൊടുംവിഷം തിന്ന മൃഗം
കാടിന്റെ ഏതതിരുവരെ ഓടുമെന്ന്
കാണുവാനുള്ള കൌതുകമാണത് .
ജയിക്കും എന്ന് ഉറപ്പുള്ള ഗെയിമില്‍
ഇരയ്ക്ക് അല്പം സാവകാശം നല്‍കുന്നത് തെറ്റല്ല.

ആരോപണങ്ങള്‍ക്കു ചേരുകയില്ല നിന്റെയീ വസ്ത്രങ്ങള്‍ .
അതിനാല്‍  അഴിച്ചുമാറ്റുന്നു
ഭീകരന്മാര്‍ക്കുള്ള യൂണിഫോം നിനക്കുപാകത്തിലുള്ള ഒന്ന്
തയ്ച്ചുകൊണ്ടുവന്നത് അണിയിക്കുന്നു.
നിനക്കിത് ഇഷ്ടപ്പെടാതിരിക്കില്ല.
ചില ജീവിതങ്ങളും അതിവാചാലമായ കവിതകളും
പാഴായെന്നു വരും.
പക്ഷേ നിന്റെ മരണം പാഴാകുന്നില്ലെന്ന്
മാത്രം നീയോര്‍ക്കുക .

വെളിച്ചത്തിന്റെ കാടുള്ള ജലത്തില്‍

ഈയിടെ അവള്‍
കണ്ണടയ്ക്കുമ്പോഴെല്ലാം
വിശാലമായ ജലപ്പരപ്പിന്നടിയില്‍
നീന്തിക്കൊണ്ടിരിക്കുന്ന ഒരാളെ കാണുന്നു.
അയാള്‍ ആരാണെന്ന് അവള്‍ക്കറിഞ്ഞുകൂടാ.
അയാള്‍ എന്തിനാണിങ്ങനെ അന്തമില്ലാതെ
നീന്തുന്നതെന്ന് അവള്‍ക്കറിഞ്ഞുകൂടാ.
പക്ഷേ അയാള്‍ പ്രയാസപ്പെടുന്നുണ്ട്.
മുകള്‍പ്പരപ്പിലേക്ക് ഒരിക്കലും നീന്തിയെത്താനാവാത്ത
ഒരാളാവണം അയാള്‍.
മുകള്‍പ്പരപ്പില്‍ അയാളെ തടയുന്നതെന്തെന്നും
അവള്‍ക്കറിയില്ല.
ചില്ലുകൂട്ടില്‍ പെട്ട ഒരു ശലഭത്തെപ്പോലെ
ജലശരീരത്തിന്റെ എല്ലാ അതിരുകളിലും
അയാള്‍ ഒരു പഴുത് തിരയുന്നു.
അയാളെപ്രതി ഓര്‍ത്തോര്‍ത്ത്
അവള്‍ ജനാല വഴി ഒഴുകിപ്പോവും
മേഘങ്ങളില്‍ ചെന്നുതൊടും.
കെട്ടിടങ്ങള്‍ക്കു മുകളിലൂടെ
ഒഴുകിപ്പോവുന്ന മധ്യവയസ്കയായ സുന്ദരിയെ
പാര്‍ക്കിലിരിക്കുന്ന കൌമാരക്കാരും
തിരക്കേറിയ പാതയില്‍
കാറോടിക്കുന്നവരും കാണും.


അവളുടെ ഭര്‍ത്താവെന്ന് തോന്നിക്കുന്നൊരാള്‍
അവളെ തിരിച്ചുവിളിക്കും.
അവള്‍ തിരിച്ചുവന്ന് പഴയപടി
പച്ചക്കറി അരിഞ്ഞുകൊണ്ടിരിക്കും.
അവള്‍ ഡ്രൈവു ചെയ്യുകയാണ് ,
ഡ്രൈവു ചെയ്യുകയാണ് എന്ന്
ഇനിയും മുറിക്കാത്ത ഒരു തക്കാളി
അവളെ ഓര്‍മിപ്പിക്കും.
തക്കാളിനിറമുള്ള ഒരു കാറില്‍
പിന്നെ അവളെങ്ങോട്ടോ പോകും.
വഴിയോരമരച്ഛായകള്‍
കാറിന്റെ ചില്ലിലൂടെ കടന്നുപോകും
അപ്പോള്‍ ഒരു നീലനീലത്തടാകം തെളിയും.
അതിനടിയില്‍ അയാള്‍ നീന്തുന്നുണ്ട്
അയാളുടെ ശ്വാസം മുകള്‍പ്പരപ്പില്‍ വന്ന്
കുമിളകുമിളയായി പൊട്ടുന്നുണ്ട്
അയാള്‍ക്ക് ഒരിക്കലും മുകളിലെത്താനാവുന്നില്ല.
വിജനവും ഏകാന്തവുമായ ജലക്കൂടില്‍
നീന്തിത്തളര്‍ന്നിരിക്കുന്നു അയാള്‍.
അവളുടെ തക്കാളി നിറമുള്ള കാര്‍
ആ ജലാശയത്തിനകത്ത് ഒരു പുതിയ ജലജീവിയെപ്പോലെ
പൊയ്ക്കൊണ്ടിരിക്കുന്നു.
വെളിച്ചത്തിന്റെ കാടുള്ള ജലത്തില്‍
നീന്തിക്കൊണ്ടിരുന്ന അയാള്‍ അവളുടെ
കാറിന്റെ ചില്ലുപാളിയില്‍ പറ്റിച്ചേര്‍ന്നിരിക്കുന്നു,
ചില്ലില്‍ മുഖം ചേര്‍ത്ത് ആഞ്ഞാഞ്ഞുശ്വസിക്കുന്നു

മരിച്ചുപോയ ആരോ ഒരാളാണ് അയാള്‍.
പക്ഷേ എത്രയായിട്ടും അയാളെ ഓര്‍ക്കാനാവുന്നില്ല.

അപ്പോള്‍ അവള്‍ മൂന്നു കാഴ്ചകള്‍ കൂടി കാണുന്നുണ്ട്:

ഒന്ന് :ജലാശയത്തിനടിയില്‍ നീന്തുന്ന ആ മനുഷ്യന്‍
അവളുടെ കാര്‍ വിട്ട് ദൂരേക്ക് നീന്തിനീന്തിപ്പോകുന്നു.

രണ്ട്:ജലാശയത്തിനരികില്‍ അതിനകത്തേക്ക് വീണ ഒരു കാറിനെ നോക്കിനില്‍ക്കുന്ന
ഒരാള്‍ക്കൂട്ടത്തിന്റെ പലനിറപ്രതിച്ഛായകള്‍ ഇളകിയിളകി ഒന്നാവുന്നു.

മൂന്ന്: അവളുടെ വീടിന്റെ കിടപ്പുമുറിയുടെ ജനാല തുറന്ന്
അവളുടെ ഭര്‍ത്താവ് അവളെ തിരിച്ചുവിളിക്കുന്നു.

പറക്കല്‍


മലയിടുക്കുകളിലെ മരക്കൂട്ടത്തലപ്പുകളില്‍ നിന്ന്
കാറ്റ് പലദിശകളില്‍ വലിച്ചുകൊണ്ടുപോകുന്നു കോടയെ.
ചങ്ങലയിട്ട കൈകാലുകളാല്‍ അത് വേച്ചുവേച്ച് പടരുന്നു.
പാതയോരമരത്തില്‍ ഉയരത്തിലൊരു കൊമ്പില്‍
ഇരിക്കുന്നു പൂവന്‍ കോഴി.
മരകൊമ്പിലിരുന്ന് അത് ഞാന്‍ പോകും ബസ്സിലേക്ക്
നോക്കും പ്രഭാതം.

നൂറ്റാണ്ടുകളോളം തലമുറകളായി
വളര്‍ത്തിയിട്ടും കൂട്ടില്‍ കയറാതെ
മരക്കൊമ്പ് അന്തിയുറങ്ങാനുള്ള ഇടമെന്ന്
ഒരു പൂവന്‍‌കോഴി ഇടയ്ക്കിടെ പിറവിയെടുക്കുന്നു.
എത്ര പുനര്‍ജനിച്ചിട്ടും
പരിഷ്കരിക്കപ്പെടാതിരിക്കാന്‍
അത്ര ആഴത്തില്‍
എവിടെയാവും അതിനുള്ളില്‍
ഈ ആദിമ ചോദന കുഴിച്ചിട്ടിരിക്കുന്നത്?
അത്ര ഉയരത്തില്‍ പറക്കുന്നൊരു
പക്ഷിയല്ലാഞ്ഞിട്ടും
പക്ഷി തന്നെ ഞാന്‍ എന്ന്
എന്തിനാണിങ്ങനെ തിരിച്ചറിയുന്നത് !
എത്ര തവണ കൊല്ലപ്പെട്ടിട്ടും
ഭാരിച്ച ശരീരവുമായി
കൂടുവേണ്ട മരക്കൊമ്പു മതിയെന്ന്
അത് ഉയരത്തിലേക്ക് പറക്കുന്നു.
കോട കടന്നു പോകും ബസ്സിന്‍ ജനാലയിലൂടെ
തല പിന്നിലേക്കിട്ട് നോക്കവേ
കുഴിച്ചിട്ടിരിക്കാം നമ്മിലും ചില പറക്കലുകളെന്ന്
ഒരാള്‍ കോടയില്‍ മാഞ്ഞുപോകുന്നു.

മറുകണ്ടം ചാടുന്നവളേ...
പഴയതുപോലല്ല കാര്യങ്ങള്‍
കിടന്ന കിടപ്പാണ്
പൊങ്ങുന്നേയില്ലെന്നല്ല
ഇടയ്ക്കിടെ പൊങ്ങാറുള്ള
ഈ വിളിയൊഴികെ
ഇട്ടേച്ചുപോയ കാലത്തിന്
ഒരു ചവിട്ടുകൊടുക്കാനുള്ള
മോഹമൊഴികെ

ഉറങ്ങുകയല്ല ലോന
ഉറങ്ങുകയില്ല ലോന
കഫത്തിന്റെ വള്ളി കയറിപ്പിടിച്ച
ശബ്ദത്തില്‍ വിളിക്കുകയാണ്
മറുകണ്ടം ചാടുന്നവളേ
ചാടുന്നവളേ
വളേ
ളേ
ളേ

കിടന്ന കിടപ്പാണ്
കിടന്നിടത്താണ് മൂത്രം
കിടന്നിടത്താണ് മലം
പൊങ്ങുന്നില്ല
ഓര്‍മകളുടെയോ
സ്വപ്നങ്ങളുടെയോ
ഭാവനയുടെയോ
ഒരു പൊങ്ങുതടി.
ഏലീ എനിക്കു വെള്ളം വേണം
ഏലീ എനിക്കു വിശക്കുന്നു
ഏലീ എനിക്കു തണുത്തിട്ട് പാടില്ല
ഏലീ എടീ നശിച്ചവളേ
നീ ഏത് മാവന്റൊപ്പം കിടന്ന് മറിയുകാടീ
ഏലീ
ഏലീ
...

അപ്പുറത്തെ മുറി എപ്പോഴും
അപ്പുറത്തെ മുറിവാണ്
അവിടെ നിന്നാണ് ചോര
ഒച്ചകളുടെ പാതിര
ഒലിച്ചൊലിച്ച് നിറയുന്നത്
കട്ടിലു തകരും മട്ടില്‍ അവിടെ എന്താണ്?
എല്ലാവരുമുറങ്ങുന്ന നടുരാത്രിയില്‍
ഉറങ്ങാത്ത നായ്ക്കളുടെ ഓരി കേള്‍ക്കാന്‍
ഉണര്‍ത്തിക്കിടത്തിയതെന്തിനെന്ന് ലോന

ഉണ്ടുണ്ട്
പ്രതികാരമുണ്ട്
പ്രതികരണവുമുണ്ട്
ഏലിയുടെ പൊങ്ങാത്തവനെ
സഹതാപമറിയിക്കാന്‍ വരുന്ന
എല്ലാവര്‍ക്കുമുണ്ട്
ആയിരം കരിമ്പൂച്ചകളെ തിന്നിട്ടുള്ളവാനാണ്
ലോനയെന്ന് ഒരു തരിപ്പുവരും
നിന്റമ്മ ഒളിച്ചോടിപ്പോയ കഥ വല്ലതും
നിനക്കറിയാമോടാ ചെറുക്കാ എന്ന് കൊച്ചാക്കും.
അവളു പെഴച്ചുണ്ടായതാ നീ എന്ന്
കിടന്ന കിടപ്പിലും അവന്റെ അടിവേരു തപ്പും.

ഏലീ നീയൊന്നിങ്ങ് വന്നേ
ഏലീ എന്തൊരൊച്ചയാണിത്
ഏലീ എന്റെ അണ്ണാക്കിലേക്ക്
കുറച്ചു വാറ്റുചാരായം ഒഴിച്ചുതാടീ
ഏലീ ആരാണവിടെ
ഏലീ ഏലീ ഏ...

എല്ലാം കഴിഞ്ഞ് ഏലിയെത്തുമ്പോള്‍
അരണ്ടമുറിയില്‍ ലോനയുടെ ഒരു നോട്ടം
അവളെ കാത്തുകിടക്കുന്നു.
അവളുടെ കൃഷ്ണമണികളിലൂടെ
അത് തലച്ചോറിലേക്കോ
ഹൃദയത്തിലേക്കോ
കൊത്തിപ്പറിക്കാന്‍ പോകുന്നു.
വേണ്ട വേണ്ടെന്ന് തിരിയുമ്പോള്‍
ഒരു പന്തികേട്
ലോനയുടെ മൂക്കില്‍ കൈ വെച്ചു നോക്കുന്നു.
ലോനയുടെ നാഡി പിടിച്ചുനോക്കുന്നു.

(കിടന്ന കിടപ്പില്‍ നിന്ന് അയാള്‍ പൊടുന്നനെ ചാടി എഴുന്നേല്‍ക്കുന്നതായും
ആ വീടിനെ വിറപ്പിക്കും മട്ടില്‍ മറുകണ്ടം ചാടുന്നവളേ...വളേ..ളേ...എന്ന് അയാള്‍ അലറുന്നതായും ഏലി ഇടയ്ക്കിടെ ഇപ്പോഴും ഭാവന ചെയ്യാറുണ്ട്.)