gfc

കുതിരവീട്

കുതിരകള്‍ അവയുടെ സ്വപ്നം കാണാന്‍
എന്നെ ക്ഷണിച്ചു.
ഞാനൊരു കുതിരയായി ചരിത്രത്തിലേക്ക് പറന്നു.
ആയുധങ്ങളും നിലവിളികളും രക്തവും നിറഞ്ഞ യുദ്ധക്കളങ്ങള്‍ക്ക് മുകളില്‍.
വിജയങ്ങളേയും പരാജയങ്ങളേയുമല്ല
വേഗതയെ ആരാധിച്ചു
കടിഞ്ഞാണിട്ട് എന്റെ പുറത്തു പറന്നവര്‍
അനേകം തലയറുക്കുന്നതിനിടയില്‍
തലയറ്റുവീണു.
'ശക്തിയുടെ വലിച്ചുമുറുക്കിയ ഒരു കുതിപ്പ് '  എന്ന്
എന്നെ നോക്കിയ
മണ്ണിനെയും ജലത്തെയും ആകാശത്തെയും 
അഗ്നിയെയും രക്തത്തെയും വാളുകളെയും
കടന്ന് ഞാന്‍ പറന്നു.
ഭൂമിയെ ഒരു വിദൂരഗ്രഹമാക്കി പിന്നിലുപേക്ഷിച്ച്
താരമേഘങ്ങള്‍ക്കിടയിലേക്ക്
എന്റെ കുളമ്പടിയൊച്ചകള്‍ കടന്നുപോയി.
അതിവേഗത്തിന്റെ ഒരു ഇടിമിന്നല്‍
എന്റെ തല വെട്ടി ആകാശത്തൊട്ടിച്ചു.
കുതിരമുഖമുള്ള ഒരു ഗ്രഹമെന്ന്
ലോകം എന്നെ ഉണര്‍ന്നുനോക്കി.

ഭൂമിയില്‍ ഏതോ വീട്ടുമുറ്റത്ത്
നാലുകുതിരക്കാലുകള്‍(അവ മാത്രം)
മുളച്ചുപൊന്തി.
ആളില്ലാവീടിന്റെ വാതില്‍ തുറന്ന്
എന്റെ സ്വപ്നം അകത്തേക്കുപോയി.
എല്ലാ ചുമരുകളിലും ഒരു കുതിരത്തല.
അതിന്റെ കണ്ണുകള്‍ എന്നോട് സംസാരിച്ചുകൊണ്ടിരുന്നു.
നോക്കിനോക്കി അതിന്റെ കണ്ണിലേക്ക്
ഞാന്‍ കയറിപ്പോയി.
അഗ്നി നിറമുള്ള അന്തരീക്ഷം.
അനേകം കുതിരകള്‍ കടലുപോലെ
നിറഞ്ഞിരിക്കുന്നു.
എല്ലാം ഓടിക്കൊണ്ടിരിക്കുന്നു.
അതിലൊന്നിന്റെ പുറത്തുകയറി
ഞാനും പാഞ്ഞുകൊണ്ടിരുന്നു.
ചുമരിലെ കുതിരത്തലയിലെ
കുതിരക്കണ്ണില്‍ നിന്ന് ഞാനിപ്പോള്‍ മറഞ്ഞുപോയി.
കുതിരത്തലവെച്ച മുറിയില്‍
കുതിരത്തലയ്ക്കു മുന്നില്‍ വന്ന് ഒരാള്‍
കുതിരക്കണ്ണിലേക്ക് നോക്കിയാല്‍
മറുകണ്ണിലൂടെ ഒരു കുതിരക്കടല്‍
മുറിയിലേക്ക്കുളമ്പടിച്ചുവരും.
മുറ്റത്തെ കുതിരക്കാലുകള്‍
വിജനതയോടൊരഭ്യര്‍ഥന നടത്തുന്നുണ്ടായിരുന്നു,
ഈ രഹസ്യം ഇനിയും താങ്ങിനിര്‍ത്തുന്നതില്‍ നിന്ന്
അവയെ ഒഴിവാക്കിത്തരണമെന്ന്...


പൈപ്പില്‍ നിന്ന് ബക്കറ്റിലേക്ക്


പൈപ്പില്‍ നിന്ന് ബക്കറ്റിലേക്ക്
വെള്ളം തുള്ളിതുള്ളിയായി വീഴുന്നു.
വീഴുന്ന ഓരോ തുള്ളി വെള്ളത്തെയും
ബക്കറ്റിലെ വെള്ളം പിടിച്ചുതിന്നുന്നു,
നൊട്ടിനുണയുന്നു...
ബക്കറ്റിലെ വെള്ളത്തിലേക്ക്
വെള്ളത്തുള്ളികള്‍ വീഴുമ്പോള്‍
കേള്‍ക്കുന്ന ഒച്ച അതാണ്-
നൊട്ടി നുണയുന്നതിന്റെ...

പൈപ്പില്‍ നിന്ന് ബക്കറ്റിലെ
ജലോപരിതലം വരെയേ
ഓരോ വെള്ളത്തുള്ളിക്കും സഞ്ചാരമുള്ളൂ
ബക്കറ്റിലെ ജലോപരിതലത്തില്‍ മുട്ടുന്നതോടെ
അതില്ല,തുള്ളികള്‍ ഇല്ല,വെള്ളം മാത്രം

തുടക്കം ഒടുക്കം വരവിന്റെ വേഗം
ഒന്നും
ഒരുതുള്ളിക്ക് നിശ്ചയിക്കാന്‍ പറ്റുന്നില്ല.
ഒരേവിധം കുത്തനെയുള്ള വീഴ്ചയെ
അതിന്റെ ജീവിതം എന്നു വിളിക്കുക
ഒറ്റയ്ക്കുള്ള അതിന്റെ വീഴ്ചയ്ക്കിടയില്‍
ചുറ്റുപാടുകളെ പച്ചകളെ ഒക്കെ അതിവേഗം
കയറ്റിയിറക്കുന്നു അതിന്റെ സുതാര്യത.
കടന്നുപോകുന്ന വായുവിന്റെ ചൂട്
അത് തൊട്ടെടുത്ത് കുറയ്ക്കുന്നു.

വെറുമൊരു വെള്ളത്തുള്ളി
അല്ലല്ല,ഒന്നിനു പിറകെ ഒന്നായുള്ള
തുള്ളിത്തലമുറവീഴ്ചകള്‍
ഓരോന്നിനേയും നൊട്ടിനുണയുന്നതിന്റെ ഒച്ച
പോകുന്നില്ല കാതില്‍ നിന്ന്
ബക്കറ്റിലെ വെള്ളം വെറും ബക്കറ്റിലെ വെള്ളമല്ല.
എത്രയോ തുള്ളി തിന്നുവളരുന്ന
നിഷ്കളങ്കമെന്ന് ഇത്ര നാള്‍ തെറ്റിദ്ധരിപ്പിച്ച
എന്തോ ഒരു എന്തോ ആണത്...
എനിക്കിപ്പോള്‍ അതിനെ നോക്കുമ്പോള്‍ പേ ടിയാകുന്നു.
അതിന്റെ നൊട്ടിനുണയുന്ന ഒച്ചയെ
ഞാന്‍ കാതുപൊത്തിയടയ്ക്കുന്നു,
അതിന്റെ ഓര്‍മ്മയൊച്ചകള്‍ പിന്നെയും
ചെവിക്കുള്ളില്‍ ഉണ്ടാവുന്നു.
ഞാന്‍ അതിനെ-ആ ബക്കറ്റിനെ-
ഇനി നോക്കുകയില്ല.
എങ്ങനെ വന്നൂ അതീ മുറിയില്‍?
അതിന്റെ ഈ പ്രവര്‍ത്തനം
എന്തുകൊണ്ട് വെളിപ്പെട്ടില്ല ഇത്രകാലം?
തികച്ചും സമാധാനകരമെന്ന് തെറ്റിദ്ധരിപ്പിച്ച്
ക്രൂരത അതിന്റെ പണിചെയ്യുന്നു.

സുപ്രഭാതം



സുപ്രഭാതവുമായി
ഒരു സംഭാഷണത്തിനു ശ്രമിക്കുകയാണ്
സുകുമാരിയമ്മ.
സുപ്രഭാതം പഴയതുപോലല്ല.
മിണ്ടുന്നില്ല ഒന്നും.

വല്ലാത്ത ഗൌരവം പിടിച്ച
അതിന്റെ മോന്തയ്ക്ക് നോക്കി
കൊഞ്ഞനംകുത്തി സുകുമാരിയമ്മ.
അതുകണ്ട് മയിലുകള്‍ ചേക്കിരിക്കുന്ന തെങ്ങുകള്‍ ഒറ്റച്ചിരി.
അതുകേട്ട് അടുത്തതൊടിയിലെ പൂത്താങ്കീരികള്‍ പാറിവന്ന് ചിരി.
അതറിഞ്ഞ തൊടിയാകെ ആടിയാ‍ടിച്ചിരി

ഗേറ്റുകടന്ന് നട്ടുച്ചയ്ക്ക് ഒരു പശു കയറിവരും
സുകുമാരിയമ്മ അതിനെ ഓടിക്കില്ല.
കഞ്ഞിവെള്ളം ബക്കറ്റിലാക്കി കൊണ്ടുക്കൊടുക്കും
ആടിചൊറിഞ്ഞു കൊടുക്കും
വല്ലപ്പോഴും ഒരു നായ വേലി നൂണ്ട് വരും
സുകുമാരിയമ്മ അതിനെ ആട്ടില്ല.
ഒരു വീട്ടില്‍ നിന്ന് അടുത്ത വീട്ടിലേക്ക്
മനുഷ്യര്‍ ഇനി വരുകയില്ലെന്ന് അവര്‍ക്കറിയാം.

ഒറ്റയ്ക്കായിപ്പോയെങ്കിലെന്താ
ആകെയുള്ളൊരു ചെക്കന്‍ കെട്ടിയപെണ്ണുമായ്
ദുബായിലാണെങ്കിലെന്താ
വയസ്സെഴുപതായെങ്കിലെന്താ
അരീംസാധനങ്ങളും ഒറ്റയ്ക്കു വാങ്ങിക്കൊണ്ടന്നാലുമെന്താ
ഒറ്റയ്ക്കു വെച്ചുണ്ടാക്കിത്തിന്നാലുമെന്താ
എന്ന് ഉറക്കെയുറക്കെ ചോദിക്കണമെന്നുണ്ട്.
ചോദിച്ചില്ല
തൊടിയിലെ കിളികള്‍ക്കും പച്ചകള്‍ക്കും പ്രാണികള്‍ക്കും
എല്ലാമറിയാം
അതുകൊണ്ട് ഈ സുപ്രഭാതത്തിന്റെ ചിരിച്ച മുഖത്തേക്ക് നോക്കി
സുകുമാരിയമ്മ ഒരിക്കല്‍ കൂടി പറഞ്ഞു.
ഇനി എവിടക്കുമില്ല,
ഇവിടെത്തന്നെയങ്ങട്ട് കഴിഞ്ഞാ മതി
ഓര്‍മ്മയുടെ ധന്വന്തരംകുഴമ്പിട്ട് വീടപ്പോള്‍
സ്വന്തം കാലുകള്‍ നീട്ടിവെച്ച് ഉഴിഞ്ഞുകൊണ്ടിരുന്നു
തളിരിലകളില്‍ ആരോകൊണ്ടുവെച്ച വെയിലുണ്ണികള്‍ കയ്യുംകാലുമിട്ടടിച്ച്
ള്ളേ ള്ളേ എന്ന് തേനൊലിപ്പിച്ച് ചിരിച്ചുകൊണ്ടിരുന്നു.

ഇടി

ഇടിവെട്ടിയതിന്റെ
അഹങ്കാരത്തിന്
ഒരു കൂണു മുളച്ചു

കൂണു മുളച്ചതിന്റെ
അഹങ്കാരത്തിന്
ഒരിടിവെട്ടി.

ഇടിവെട്ടുകയാണോ
കൂണു മുളയ്ക്കുകയാണോ
ആദ്യം ഉണ്ടായതെന്ന്
ഒരു പണ്ഡിതചര്‍ച്ച നടന്നു.
ബസ്‌ഫേസ്‌ബുക്കാദികളൊക്കെ
വലഞ്ഞു.

ഇതിനിടയില്‍(ഏതിനിടയില്‍?)
ഇടിവെട്ടിയതിന്റെയും
കൂണുപൊട്ടിയതിന്റെയും
ഇടയില്‍‌പെട്ട അഹങ്കാരത്തിനെ
ആരും ഓര്‍ത്തില്ല.
പാവം അഹങ്കാരം!
അത്  സൈന്‍‌ഔട്ട് ചെയ്തു.
അപ്പോള്‍ പിന്നെയുമിടിവെട്ടി
(അല്ല,വെട്ടിയോ...?)

ഓരോ ദിവസവും സംഭവിക്കുന്നത്

കടലിലേക്ക് ഇനി
ഒഴുകുകയില്ലെന്ന് പുഴ തീരുമാനിച്ചു.
വന്നവഴിയിലൂടെ
അത് തിരിച്ചൊഴുകി
മുകളിലേക്ക് മുകളിലേക്ക്.

എല്ലാ പുഴകള്‍ക്കും
ഇതൊരു മാതൃകയാക്കാവുന്നതാണ്.
കുന്നുമ്പുറങ്ങള്‍ക്കും ആകാശങ്ങള്‍ക്കും
എന്തുകൊണ്ട് ഒരു കടലായിക്കൂടാ?
അല്ല,എന്തുകൊണ്ട് പറ്റില്ല?
ഒന്നുമറിച്ചു ചിന്തിക്കാന്‍ എന്താണിത്ര പണി?

പോയിപ്പണിനോക്ക് എന്നുപറഞ്ഞ്  
ആ അശ്രീകരം പിടിച്ച പുഴ
അമ്മച്ചിമാരുടെ ഇടിഞ്ഞമുലകള്‍ പോലെ
താഴേക്കുതന്നെയാണ് ഒഴുകുന്നത്.
വെള്ളച്ചാട്ടം-മാങ്ങാത്തൊലി

സുഗന്ധം

ഇന്നലെ രാത്രി ഒരെട്ടുമണിക്ക്
ബാറില്‍ നിന്ന് കൂടിയതാണ്
എനിക്കതിനോട് ഇഷ്ടമോ അടുപ്പമോ ഇല്ല
വീട്ടിലെത്തി ഉറങ്ങാന്‍ കിടക്കുമ്പോള്‍
നേരിയ പനിയുണ്ടെന്ന് സംശയം.
ഇടയ്ക്കിടെ ഉണര്‍ന്നുനോക്കുമ്പോഴെല്ലാം
അടുത്തുതന്നെ നില്‍ക്കുന്നുണ്ട്
ഒരു സുഗന്ധം എന്നതിനപ്പുറം
അതെങ്ങനെയെന്ന് എനിക്ക് പറയാനാവില്ല.
എന്തിന് എന്റെ കൂടെ വന്നുവെന്ന്
ഞാന്‍ നിശ്ശബ്ദമായി ചോദിച്ചുകൊണ്ടിരുന്നു.

അമ്മാമയ്ക്ക് ഒരു കോഴിയുണ്ടായിരുന്നു.
അമ്മാമ കടയ്ക്കു പോവുമ്പോള്‍
കോഴിയും കൂടെപ്പോവും
അമ്മാമ കല്യാണത്തിനു പോവുമ്പോള്‍
കോഴിയും കൂടെപ്പോവും
അമ്മാമയുടെ ഈ പിന്നാലെപ്പോക്കുകാരന്‍
ഞാന്‍ ഭൂമിയില്‍ വരും മുന്‍പേ
ജീവിതത്തില്‍ നിന്ന് പിരിഞ്ഞു.
കുറച്ചുകൊല്ലങ്ങള്‍ക്കു മുന്‍പ്
അമ്മാമയും മരിച്ചു.

ഓരോ മനുഷ്യനെയും
എന്തൊക്കെയോ  പിന്‍തുടരുന്നുണ്ടാവണം.
ഉപേക്ഷിക്കപ്പെട്ട ഒരു നായക്കുട്ടി
പ്രഭാതസവാരിക്കിറങ്ങിയ നിങ്ങള്‍ക്കുപിന്നാലെ
വാലാട്ടി വന്നത് ഓര്‍ക്കുന്നില്ലേ?

ചില നിറങ്ങളും മണങ്ങളും ശബ്ദങ്ങളും
ഇറങ്ങിനടക്കുന്നുണ്ട്
(ഏതെങ്കിലും ചാക്കില്‍ കെട്ടി അവയെ ആരെങ്കിലും
കരകടത്തിയതാണോ എന്ന് എനിക്കറിയില്ല.)
ഒരിഷ്ടം തോന്നുമ്പോള്‍ അവ നമ്മുടെ കൂടെ
കൈപിടിച്ച്പോരുന്നു.
എന്തിന് എന്നു ചോദിക്കുമ്പോള്‍
ഈ നിശ്ശബ്ദതയില്‍
കേള്‍ക്കാത്ത ഒരു മറുപടി
ആരെങ്കിലും പറയുന്നുണ്ടാവുമോ?

ഇന്ന് പുലര്‍ച്ചയ്ക്ക് ഞാനിതെഴുതിക്കഴിഞ്ഞപ്പോള്‍
ആ സുഗന്ധം എന്നെ വിട്ടുപോയിരിക്കുന്നു.
ഒരുപക്ഷേ ഇതുവായിക്കുന്ന നിങ്ങളുടെ
സമീപത്ത് അത് നില്‍ക്കുന്നുണ്ടാവാം.