gfc

പോത്ത്

പോത്തിറച്ചി തിന്ന് മണിക്കൂറുകള്‍ കഴിഞ്ഞ്
ശരീരമൊന്ന് വിയര്‍ത്തുകഴിഞ്ഞാല്‍
വിയര്‍പ്പിനാകെ ഒരു പോത്തുമണം വരും.
താനൊരു പോത്താണെന്ന് അയാള്‍ക്ക് തോന്നിത്തുടങ്ങും.
തലയില്‍ ഭംഗിയായി വളഞ്ഞ രണ്ടു കൊമ്പുകള്‍
മുളച്ചിട്ടുണ്ടോ എന്ന് പരതിനോക്കും.
മുക്രയിട്ടുകൊണ്ട് ഒരോട്ടമാണ് പിന്നെ.
വഴിയിലാരെയെങ്കിലും കണ്ടാല്‍
ഒന്ന് പിന്നോട്ടാഞ്ഞ് മുന്നിലേക്ക് ഓടിയടുത്ത്
നെറ്റി കൊണ്ടൊരു ഇടിയാണ്.
ചോര പൊട്ടിയാലും കുഴപ്പമില്ല.
അകത്തെ പോത്തിനെ അകപ്പെടുത്താന്‍ വയ്യ.
തനിക്ക് കാണിക്കാന്‍ ഒരു സ്വഭാവമില്ലാത്തതുകൊണ്ടാവണം
കഴിക്കുന്നതെല്ലാം അതിന്റെ സ്വഭാവം കാണിച്ചുകൊണ്ടിരിക്കുന്നു.
ജീവനുള്ള പോത്തിനോട് അറപ്പും അവഗണനയുമാണെങ്കിലും
മസാല ചേര്‍ന്ന് വെന്ത അതിന്റെ ഇറച്ചിയില്‍ നിന്ന്
അയാള്‍ക്ക് രക്ഷയുണ്ടായിരുന്നില്ല.
ഇഷ്ടമില്ലാത്തതൊക്കെ മസാല കൂട്ടി വേവിച്ചെടുത്താല്‍
ഇഷ്ടമാവുമായിരിക്കും.
പോത്തുകളോട് ഒരു ചര്‍ച്ചയ്ക്ക് വകുപ്പില്ല.
അവര്‍ വേദനിഷേധികളും നിര്‍മമരുമാണ്.
പ്രായമായ വല്ല്യുമ്മമാര്‍ ജപമാല എണ്ണിയിരിക്കും‌ പോലെ
അവര്‍ അയവെട്ടുകമാത്രം ചെയ്യുന്നു.
അനാകര്‍ഷകത്വം കൊണ്ടുപോലും
സ്വന്തം ശരീരത്തെ രക്ഷിക്കാന്‍ കഴിയാത്തവര്‍
ഭാവിയോ ഭൂതമോ അയവെട്ടുന്നത്?
ചന്തയില്‍ നിന്ന് ചന്തയിലേക്ക് ഓടുന്നതിനിടയില്‍
തിരിച്ചുതിരിച്ച് പലവട്ടം ഒടിഞ്ഞ അതിന്റെ വാല്
ഇടയ്ക്കിടെ പിടിച്ചുടയ്ക്കുന്ന അതിന്റെ വൃഷണം
ഒന്നും കണ്ടിട്ട് ഒരു കാര്യവുമില്ലെങ്കിലും
ആര്‍ദ്രവും വിശാലവുമായ രണ്ട് കണ്ണുകള്‍
പോത്തിറച്ചി തിന്ന് മണിക്കൂറുകള്‍ കഴിഞ്ഞാല്‍
ഒക്കെയും ഓര്‍മ്മ വരും...

സൂര്യാഘാതം

പന്തുകളി

നട്ടുച്ച,
ഉഴുതിട്ട പൊടിക്കണ്ടം.
അവിടെ,  എനിക്കു മാത്രം കാണാവുന്ന
(വെയിലിന്റെ) ചില്ലുശില്പങ്ങള്‍
കാല്‍പ്പന്തുകളി കളിക്കുന്നു.

പാടത്തിനു ചുറ്റുമുള്ള പറമ്പില്‍
തെങ്ങിന്‍ തലപ്പുകളുടെ ഗാലറികള്‍
പല പ്രായത്തിലും തരത്തിലും പെട്ട കാറ്റുകള്‍
ആവേശത്തോടെ കയ്യടിക്കുന്നു
ചൂളം വിളിക്കുന്നു
തുള്ളിച്ചാടുന്നു.

ഉത്സവം കഴിഞ്ഞ കോമരം പോലെ
ഞാന്‍ തല താഴ്ത്തിപ്പോകുന്നു.

കൊന്നമരം

പൂമരങ്ങളെക്കുറിച്ചുള്ള
സകല സൌന്ദര്യസങ്കല്പങ്ങളെയും
കൊന്നു കൊലവിളിച്ചു നില്‍ക്കുന്ന
നിന്നെ ‘കൊന്നമര‘മെന്നേ വിളിക്കൂ

തോട്ടംനന

കവുങ്ങിന്‍‌തോപ്പില്‍
മലര്‍ന്ന് കിടന്ന് ആകാശത്തേക്ക് നോക്കുമ്പോള്‍
എല്ലാ കവുങ്ങുകളും തലപ്പുകള്‍ അടുപ്പിച്ചുപിടിച്ച്
അവനെ നോക്കി നില്‍ക്കും

കവുങ്ങിന്‍പൂക്കളുടെ മണം കുടിച്ച്
ഒരു വെള്ളച്ചാല്‍ ഒഴുകും.

കവുങ്ങുകള്‍ വെള്ളം കുടിച്ചുകുടിച്ച്
അവിടെയാകെ ഒരു തണുപ്പുണ്ടാവും
ചിലപ്പോള്‍ അയാള്‍ ഉറങ്ങിപ്പോവും

തോട്ടംനനക്കാരാ തോട്ടംനനക്കാരാ
വരുന്നില്ലേ എന്ന് ഭാര്യയോ വീടോ
സ്വപ്നത്തില്‍ വന്നു വിളിക്കുന്നതുകേട്ട്
അയാള്‍ എഴുന്നേറ്റ് നടക്കും.
ഒരു കാറ്റ് വന്ന് കവുങ്ങുകളെ ചിരിപ്പിക്കും.