gfc

പ്രണയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പ്രണയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ജയില്‍പ്പുള്ളി

പ്രഭാതത്തിന്റെ ആകാശത്തിലെ
ഒരു വെളുത്തമേഘവരയിലേക്ക്
നിന്റെ മുടിയിഴകള്‍ നരച്ച് പറക്കുന്നു.
നിന്റെ കണ്ണുകളില്‍ അന്ധതയുടെ
മൂവായിരം കാക്കകള്‍ കൂടുവെക്കുന്നു.
നിന്റെ ചെവികള്‍ ശബ്ദങ്ങളെ ത്യജിക്കുന്നു.
നീ വൃദ്ധനാവുന്നു.

നിന്റെ പ്രേമം മാത്രം കൂടുതല്‍ ചെറുപ്പത്തോടെ
നിന്റെ അകത്ത് കുടുങ്ങിപ്പോയിരിക്കുന്നു.
നീ-നിന്റെ പ്രേമത്തിന്റെ ജയില്‍.
അവന്‍ (നിന്റെ പ്രേമം ) കൂടുതല്‍ ഭീരുവായിരിക്കുന്നു.
അവന്‍ നിന്റെ കണ്ണുകളിലൂടെ നോക്കുന്നു.
പക്ഷേ ആരുമവനെ കാണുന്നില്ല.
അവന്‍ നിന്റെ തൊണ്ടയിലൂടെ പറയുന്നു.
പക്ഷേ ആരുമത് കേള്‍ക്കുന്നില്ല.
ഒരു വയസ്സന്റെ ശബ്ദമെന്ന് തള്ളുന്നു.
അവന്‍ നിന്റെ വിരലുകളാല്‍ സ്പര്‍ശിക്കുന്നു.
പക്ഷേ അതൊരു വയസ്സന്റെ തണുപ്പന്‍ തൊടല്‍.

നിന്റെ പ്രേമം അവന്റെ ഭാവിയോര്‍ത്ത്
നിന്നില്‍ ചകിതനായിക്കഴിയുന്നു.
അവന്‍ എല്ലാ പൂന്തോട്ടങ്ങളിലേക്കും
അവന്റെ കൈകളെത്തിക്കുന്നു.
അവന് ഒരിതള്‍ പോലും കിട്ടുന്നില്ല.
നിന്റെ പ്രേമം എല്ലാ സുഗന്ധങ്ങളിലേക്കും
അതിന്റെ നാസിക വിടര്‍ത്തുന്നു.
അത് ഒന്നുമറിയുന്നില്ല.
ഓര്‍മകള്‍ തിന്നുതിന്ന്
ഓര്‍മയായിപ്പോവുന്നു
നിന്റെ പ്രേമം.

പ്രേമപ്പഴഞ്ചരക്ക്

ആകാശം ഒരു നീലചിത്രം
മേഘങ്ങളുടെ ഉടുപ്പുകള്‍ ഊരിയെറിഞ്ഞും
പക്ഷികളുടെ റിങ്ടോണുകളുള്ള
മൊബൈല്‍ ഫോണുകള്‍ വലിച്ചെറിഞ്ഞും
രണ്ട് നീല ഉടലുകള്‍ ഒരു നാണവുമില്ലാതെ
ദോണ്ടെ അവിടെക്കിടന്ന്,നമ്മുടെ മുന്നീക്കിടന്ന്
ഇണ ചേരുന്നു.
എനിക്ക് കമ്പിയായിട്ട് മേല
നിനക്കും അങ്ങനെയെന്ന് കരുതുന്നു
'പിന്നല്ലാതെ' എന്ന് നീയിപ്പോള്‍ ഉറപ്പിച്ചുപറയും.

മുള്ളെടുക്കുമ്പോള്‍ അമ്മ പറയും
ദൂരെ ഇലകളിലേക്ക് നോക്കാന്‍ .
ആര്‍ക്ക് ഏത് മുള്ളെടുക്കാനാണ്
ദൂരെ നിന്റെ കാണാത്ത മുഖത്തോട്ട്
ഞാന്‍ നോക്കിയിരിക്കുന്നത് എന്റെ പച്ചിലേ?

പ്രണയം ചിലപ്പോള്‍ വിശ്വസിക്കാവുന്ന ഒരു നുണയാണ്.
ഒരുപറ്റം സങ്കടങ്ങള്‍ പറന്നിറങ്ങുന്ന പച്ചപ്പുല്‍മേടാണ് ഞാന്‍ .
സങ്കടങ്ങളെ ഞാന്‍ സന്തോഷമെന്ന് വിളിച്ച് നിരന്തരം കളിയാക്കും
നാണംകെട്ട് അവ എന്നില്‍ നിന്ന് ഓടിപ്പോകും.
അവയ്ക്ക് അവയുടെ അസ്തിത്വത്തില്‍ വിശ്വാസമുണ്ട്.

പ്രണയമേ നീയില്ലായിരുന്നെങ്കില്‍
ഭൂമി ഒരു അനാഥഗ്രഹമായേനേ എന്ന്
ഞാന്‍ നിനക്കൊരു എസ്.എം.എസ് അയയ്ക്കുന്നു.
അത് വായിച്ച് നീ ഒരു വളി വിടുന്നു
എന്റെ വ്യാജ വള്ളുവനാടന്‍ കാല്പനികത
ലജ്ജിച്ച് കുളിക്കാന്‍ പോകുന്നു.
അവള്‍ കുളിക്കും കുളക്കടവില്‍ എന്ന പാട്ട് വെച്ച്
ചരിത്രത്തില്‍ ആരോ ഉറങ്ങിപ്പോയിരിക്കുന്നു.

നിശ്ശബ്ദതയുടെ മഷി കൊണ്ട്
എല്ലാ വികാരങ്ങളേയും എഴുതുന്നു
മലഞ്ചെരിവിലെ മരങ്ങളുടെ പെന്‍‌സില്‍ മുനകള്‍ .
ജനല്‍‌സീറ്റുകളിലിരുന്ന് യാത്ര ചെയ്യുമ്പോള്‍
അതുങ്ങളുടെ കരച്ചില്‍ കാറ്റത്തുവന്നുതൊടും.
വേദനയുടെ മുഖത്ത് ഞാന്‍ കാര്‍ക്കിച്ച് തുപ്പും.

ക്രൂരതയുടെ കണ്ണുകള്‍ എവിടെ നിന്നും തുറക്കും
അതിന് ശരീരമില്ല.
ഉള്ളവരുടെ ശരീരത്തില്‍ കടന്നുകൂടി
അവരുടെ കണ്ണുകളിലൂടെ അത് അതിന്റെ കണ്ണുകള്‍
പുറത്തേക്ക് തള്ളിപ്പിടിക്കും..
ഏറ്റവും പ്രിയപ്പെട്ടവരുടെ കണ്ണുകളില്‍ക്കൂടിപ്പോലും
അതിന്റെ കണ്ണുകള്‍ തിളങ്ങുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

സന്തോഷിക്കാന്‍ യാതൊന്നുമില്ലെങ്കില്‍
ഞാനെന്നെ കൂട്ടിക്കൊണ്ടുപോയി
മറവിയിലേക്ക് തള്ളിയിടും.
മറവി കുടിച്ച്
മറവി തിന്ന്
മറവിയായി വളര്‍ന്ന്
മറവിയായി മരിക്കാന്‍
എല്ലാവരും അവനവനെ ഉന്തിയിടാന്‍ വന്ന
മലമുകളില്‍ നിന്ന്
ഞാന്‍ ഒരു ഉദയം കാണുന്നു.
ഒരു സിന്ദൂരപ്പൊട്ട് കാണുന്നു.
വെളുത്ത പക്ഷികളുടെ മാടിവിളിക്കുന്ന കൈകള്‍ കാണുന്നു.
സത്യം നമുക്കറിയുവാന്‍ മാര്‍ഗമില്ല.
നമുക്ക് വേണ്ടതിനെ നമുക്ക് സത്യമെന്ന് വിളിക്കാം.
അതുകൊണ്ട് ഞാന്‍ നിന്നെ വിശ്വസിക്കുന്നു.
നിന്നെ മാത്രം വിശ്വസിക്കുന്നു

ഈ നീലചിത്രം എനിക്കിനി കാണുവാന്‍ വയ്യ.
നമുക്ക് കെട്ടിപ്പിടിച്ചുരുളുവാന്‍
ഭൂമിയിലെ എല്ലാ ഉദ്യാനങ്ങളും നദികളും വിരിച്ചിടുവാന്‍
ദൈവത്തിന് ഒരു എസ്.എം.എസ് അയച്ചിട്ടുണ്ടെന്ന്
നിനക്കൊരു എസ്.എം.എസ് അയയ്ക്കുന്നു.
നീ അത് വായിച്ച് വീണ്ടും കാല്പനികതയ്ക്കു നേരെ ഒരു വളി വിടുന്നു.

നിന്റെ മുലകളെ അനുകരിച്ച്
കുന്നുകള്‍ മരങ്ങളെ ഒന്നാകെ പൂവിടുവിച്ച്
നിറംവെച്ചിരിക്കുന്നു.
നിന്റെ മുലഞെട്ട് ഒരു പിങ്ക്പൂമരം
ഉമ്മവെക്കുവാന്‍ ഞാന്‍ അടുക്കുമ്പോള്‍
എന്റെ അദൃശ്യമായ മൂക്കില്‍ നിന്ന് പുറപ്പെടുന്ന ജീവവായുവില്‍
അതിന്റെ ഇലകളും പൂക്കളും
അത്യാഹ്ലാദത്താല്‍ പിടയ്കുന്നു.

എന്റെ പ്രേമപ്പഴഞ്ചരക്കുമായി വരുന്ന ഒരു ലോറി
നിയന്ത്രണം കിട്ടാതെ നിന്നിലേക്ക് മറിയുന്നു
നീ അതേ കിടപ്പ് കിടക്കുന്നു,ഞാനും.

പട്ടാപ്പകല്‍ 11.30 ന് അഥവാ സഞ്ചാര സ്വാതന്ത്ര്യത്തെക്കുറിച്ച് 60 കിലോമീറ്റര്‍ സ്പീഡില്‍ ഒരു കവിത

പട്ടാപ്പകല്‍ 11.30 ന്
ഞങ്ങള്‍ ഒരു തുറന്ന ജീപ്പില്‍ പുറപ്പെട്ടു
ഞങ്ങളുടെ ഡ്രൈവര്‍ ഞങ്ങളെ നോക്കുകില്ല
എന്ന ഉറപ്പില്‍
ഞങ്ങള്‍ ഞങ്ങളുടെ തുണികളൊക്കെ ഊരി
വണ്ടിയുടെ ചുറ്റുമുള്ള കമ്പികളില്‍ കെട്ടിയിട്ടു
വണ്ടി ഒരു അറുപതു കിലോമീറ്റര്‍ സ്പീഡില്‍ വിട്ടു
പോകുന്ന വഴിക്ക് നാല് കവലയുണ്ട്
വേണമെങ്കില്‍ കവലയുടെ എണ്ണം കൂട്ടാം
കാറ്റ് ഞങ്ങളെ അടിച്ച് പിന്നോട്ട്
കാറ്റത്ത് എന്റെ പാന്റ്സും അവളുടെ ചുരിദാറും പിന്നോട്ട്
ഞാനും അവളും കെട്ടിപ്പിടിച്ച് കൂക്കിവിളിച്ചു
ഡ്രൈവര്‍ തിരിഞ്ഞുനോക്കിയോ?
നോക്കിയാല്‍ ഞങ്ങള്‍ക്ക് പുല്ലാണ്
ഞങ്ങള്‍ ചൂളമടിച്ചു
പാട്ടുപാടി
അലറി
വഴിയിലുള്ള മരങ്ങളെ മുഴുവന്‍ പേരെടുത്തുവിളിച്ചു
പ്ലാവേ മാവേ കാറ്റാടീ
കള്ളക്കശുമാവേ മൈരന്‍ റബറേ
എന്നിങ്ങനെ അന്നോളം ആരും വിളിക്കാത്തത്ര സ്നേഹത്തില്‍

ഒന്നാമത്തെ കവല വന്നു
കവലയില്‍ ആളുകള്‍ എന്തൊക്കെ ചെയ്യും
അല്ല,എന്തൊക്കെ ചെയ്യണം?
ഒരുത്തി,അല്ലല്ല,കുറേ ഒരുത്തികള്‍
പച്ചക്കറി വാങ്ങിച്ച് നില്‍ക്കട്ടെ
ഇറച്ചിക്കടക്കാരന്‍ ഇറച്ചിവെട്ടട്ടെ
ഓട്ടോ ടാക്സിക്കാര്‍ പതിവുപോലെ
വായും പൊളിച്ച് നില്‍ക്കട്ടെ
ബസ്‌സ്റ്റോപ്പില്‍ കോളേജ് പിള്ളേര്‍
മൊബൈല്‍ ഫോണ്‍ ചെവിയിലമര്‍ത്തി
ചിരിച്ചും പറഞ്ഞും ചുവക്കട്ടെ
ഞങ്ങളുടെ വണ്ടി പരമാവധി വേഗത കുറയ്ക്കുന്നു
കവല മുഴുവന്‍ ഞങ്ങളെ നോക്കുന്നു
ഞങ്ങള്‍ ഫുള്‍ഡാന്‍സാണ്.
നോക്കിനില്‍ക്കുന്ന അമ്മാവന്മാരെ നോക്കി പൂരപ്പാട്ടാണ്.
അവളുടെ ബള്‍ബ് കണ്ട് ചില വല്യപ്പന്മാര്‍ നാക്ക് നീട്ടുന്നുണ്ട്
എന്റെ മുരിങ്ങക്കായ കണ്ട് ചില അമ്മായിമാര്‍ കണ്ണുപൊത്തുന്നുണ്ട്
ഒലക്കേടെ മൂട്
കോപ്പിലെ സദാചാരം
വണ്ടി പെട്ടെന്ന് വേഗത കൂട്ടി ഒറ്റപ്പോക്കാണ്
ഒരു കവല ഒന്നാകെ ഷോക്കടിച്ച് നില്‍പ്പാണ്
എന്തോ ഒരു മൈര് തലയ്ക്കു ചുറ്റും കറങ്ങുമ്പോലെ
എല്ലാവര്‍ക്കും തോന്നുകയാണ്.
ഞങ്ങടെ ഡ്രൈവര്‍ നല്ല വിടല് വിട്ടു
അവളെന്നെ കെട്ടിപ്പിടിച്ച് രണ്ടുകവിളിലും കടിച്ചു
അടുത്ത കവലയിലും ഇങ്ങനെതന്നെ ചെയ്തു
പ്രേമം മൂത്ത് ആ കവല
ഞങ്ങടെ പിന്നാലെ കുറച്ചുദൂരം ഓടി
ഞങ്ങളെ ജയിക്കാന്‍ പറ്റുമോ
ഞങ്ങള് നല്ല വിടല് വിട്ടു
മുരിങ്ങക്കായ കാട്ടി വിരട്ടി
മൂന്നാമത്തെ കവല കല്ലെറിഞ്ഞു
നാലാമത്തെ കവല പിടിച്ചുവെച്ച്
ഞങ്ങള് മൂന്നെണ്ണത്തിനേം
നല്ല ചാര്‍ത്ത് ചാര്‍ത്തി
ഫുട്ബോള് തട്ടുമ്പോലെ തട്ടി
കയ്യും കാലും പിടിച്ച് ഒരു വിധം കഴിച്ചിലായി.

ലക്ഷ്യസ്ഥാനത്തെത്തിയപ്പോള്‍ അവള്‍ക്കൊരു സംശയം.
അല്ല,കുട്ടാ...നമ്മളീ കാട്ടിയതൊക്കെ
ആരെങ്കിലും കണ്ടോ?
ഞാന്‍ ആലോചിച്ചുനോക്കി
പിന്നെയും ആലോചിച്ചുനോക്കി
ഹേയ് ആരും കണ്ടിട്ടില്ലാ മോളേ.
ഉറപ്പുവരുത്താന്‍
ഒന്നാമത്തെ കവലയിലേക്ക് ഫോണ്‍ ചെയ്തു
അവരാരും ഒന്നും കണ്ടിട്ടില്ലെന്ന് പറഞ്ഞു
രണ്ടാമത്തെ കവലയിലേക്ക് ഫോണ്‍ ചെയ്തു
അവരും ഒന്നും കണ്ടിട്ടില്ലെന്ന് പറഞ്ഞു
മൂന്നാമത്തെയും നാലാമത്തെയും
കവലയിലേക്ക് ഫോണ്‍ ചെയ്തു
അവരും അതു തന്നെ പറഞ്ഞു
എന്നാപ്പിന്നെ നമുക്ക് ഒന്നുകൂടിപ്പോയാലോ
എന്നായി അവള്‍
തിരിക്കെടാ വണ്ടി
ഞങ്ങള്‍ അലറി
വണ്ടി തിരിഞ്ഞു
നാലാമത്തെ കവല ഒന്നാമത്തെ കവലയെപ്പോലെ
ഞങ്ങളെ സ്വീകരിച്ചു
മൂന്നാമത്തെ കവല രണ്ടാമത്തെ കവലയെപ്പോലെ
പിന്നാലെയോടി
രണ്ടാമത്തെകവല കല്ലെറിഞ്ഞു
ഒന്നാമത്തെകവല പിടിച്ചുവെച്ച് ചവിട്ടിക്കൂട്ടി
കയ്യുംകാലും പിടിച്ച് രക്ഷപ്പെട്ടു.
ഒടുവില്‍ തുടങ്ങിയ സ്ഥലത്ത് എത്തി
അപ്പോള്‍ അതേ സംശയം
അവള്‍ വീണ്ടും ചോദിക്കുകയാണ്
അല്ല ,കുട്ടാ...
ഞാന്‍ വീണ്ടും ഫോണ്‍ ചെയ്യുകയാണ്
ആരും ഒന്നും കണ്ടില്ലെന്ന് ആവര്‍ത്തിക്കുകയാണ്
എന്നാപ്പിന്നെ വിഡ്രാ വണ്ടി...
ഞങ്ങടെ വണ്ടി ഇതാ കൂക്കിവിളിച്ചുവരുന്നു
മരങ്ങളേ മലകളേ
മാറിനിക്കിനെടാ...കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂയ്

മേഘങ്ങള്‍ക്കിടയില്‍ നിന്ന്
തന്റെ കൈകളില്‍ വാരി
ഒരു കുഞ്ഞുകുട്ടിയെയെന്ന പോലെ
ദൈവം നിന്നെ താഴോട്ടിടുന്നു

ഒരു ദേവതയെപ്പോലെ
നീ താഴേക്ക് ഇറങ്ങിവരുന്ന ഇറക്കത്തില്‍
നിന്നെ സ്പശിക്കുന്ന ശൂന്യതയുടെ എല്ലാ കണികകളും
പ്രകാശത്തിന്റെ നിറവായിത്തീരുന്നു

ഭൂമി നിറയെ പൂമരങ്ങള്‍
അതിനിടയില്‍ ഒരൊറ്റക്കാമുകന്റെ
കോടികോടി കൈവെള്ളകള്‍
നിന്നെ താങ്ങിനിര്‍ത്തുവാന്‍
പൊന്തി നില്‍ക്കുന്നു

ആ കൈകളില്‍ത്തന്നെ
നീ വന്നുവീഴുന്നു
നിന്റെ വീഴ്ചയെക്കുറിച്ച്
ദുഃസ്വപ്നം കണ്ട ഒരു മേഘം
നാണക്കേട് മറയ്ക്കാന്‍ ഇടിവെട്ടിപ്പോവുന്നു

ഭൂമി ഇപ്പോള്‍ ഒരാഘോഷമാണ്

എല്ലാ മരങ്ങള്‍ക്കും മീതെ
മഴവില്ലുകളുടെ റ
അതിലിരുന്നാണ് പക്ഷികളുടെ പാട്ട്
ചിത്രശലഭങ്ങളുടെ ഒരു കാട്/ഘോഷയാത്ര
അതിനിടയിലൂടെ പറന്നുപോകുന്നു

എന്റെ ഉമ്മകള്‍ നിനക്ക് കാവല്‍ നില്‍ക്കുന്നു

എന്റെ ഉമ്മകള്‍ നിനക്ക് കാവല്‍ നില്‍ക്കുന്നു

നീ ഉണരുമ്പോള്‍ അവ ഒന്നൊന്നായി വന്ന്

നിന്റെ ചുണ്ടുകളിലും കവിളുകളിലും പൊതിയുന്നു.

ഇനിയും ചിലവ നിന്റെ കഴുത്തില്‍ ,

കഴുത്തിലെ മറുകില്‍ ,

മാറിടത്തില്‍ ,

അടിവയറ്റില്‍ ,



നീ മുറ്റമടിക്കുമ്പോള്‍

മുഖം കഴുകുമ്പോള്‍

പല്ലുതേക്കുമ്പോള്‍

മൂത്രമൊഴിക്കാനിരിക്കുമ്പോള്‍

നിന്റെ ഇരുകവിളുകളിലും

അവ പെരുമാറുന്നു

നീ കുളിക്കുമ്പോള്‍

അവ നിന്റെ ശരീരമാകെ പൊതിയുന്നു



നീ കോളേജില്‍ പോകുമ്പോള്‍

വഴിയോരത്തെ ചെടികളുടെ ഇലമറവില്‍

അവ പമ്മിയിരിക്കുന്നു

നീ നോക്കിപ്പോയാല്‍ അവ ചുണ്ടത്തൊട്ടുന്നു

നീ മലയാളം ക്ലാസില്‍ ബോറടിച്ചിരിക്കുമ്പോള്‍

ബ്ലാക്ക് ബോഡില്‍ നിന്ന്

ഒരുമ്മ പാഞ്ഞുവരുന്നു

നീ കുനിഞ്ഞിരിക്കുമ്പോള്‍

നിന്റെ ഡസ്കില്‍ ഒരുമ്മയുടെ ദാരുശില്പം

അതിന്റെ ചുണ്ടുകള്‍ ചലപ്പിക്കുന്നു

നിന്റെ ചുണ്ടുകള്‍ അതില്‍ ചേര്‍ത്തുവെച്ച്

നീ ഉറങ്ങിപ്പോകുന്നു

നീ വായനശാലയില്‍ പോകുമ്പോള്‍

അവ നിന്റെ പിന്നാലെ വരുന്നു

നിന്റെ മുടിക്കെട്ടിലെ സുഗന്ധത്തില്‍

ഇറങ്ങിനടക്കുന്നു



രാത്രിയില്‍ നീ നിലാവു കാണുമ്പോള്‍

രാത്രിഗന്ധികളുടെ വിമാനങ്ങളില്‍ വന്നിറങ്ങുന്നു

നിന്റെ നെറ്റിയില്‍ പതിയെ പതിയുന്നു

നീ ഉറങ്ങുമ്പോള്‍ നിന്റെ കണ്ണുകളില്‍

മൃദുലമായ് മുദ്രവെച്ച്

നിന്റെ ശ്വാസത്തില്‍ കറങ്ങി നടക്കുന്നു.



നിനക്കുമാത്രം കാണാവുന്ന ചുണ്ടുകളുടെ

ബലൂണുകള്‍ പലനിറങ്ങളില്‍

നീ പോകുന്നിടത്തെല്ലാം പറക്കുന്നു



നീയിപ്പോള്‍ നിറയെ പൂക്കളുള്ള പൂന്തോട്ടത്തില്‍

ഒരു പൂമ്പാറ്റ

മറ്റാരും ഇതറിയുന്നില്ലെങ്കിലും.

മുല കുടിക്കുന്നു

അല്ലയോ കാമുകീ

നീ നിന്റെ ബ്ലൌസിന്റെ കുടുക്കുകളൂരി

നിന്റെ മുലകള്‍ എന്റെ വായില്‍ തള്ളിവെക്കുന്നു

മുപ്പത്തൊന്‍പതുവയസ്സുള്ള ഞാന്‍

അവ കുടിക്കുന്നു

ഇടത്തേമുല കുടിക്കുമ്പോള്‍

വലത്തേ മുലയ്ക്ക് സങ്കടമാവുമെന്ന് കണ്ട്

വലത്തേ മുലയും കുടിക്കുന്നു

വലത്തേ മുലകുടിക്കുമ്പോള്‍

ഇടത്തേ മുല കരയുന്നു

രണ്ടു മുലകളും ഒരുമിച്ച് കുടിച്ച്

പരിഭവം മാറ്റുന്നു

മൈക്കല്‍ ജാക്സന്റെ

ആല്‍ബത്തിലേതുപോലെ

കടപുഴകിയ മരങ്ങള്‍

എഴുന്നേറ്റു നില്‍ക്കുന്നു

ചത്തുചീഞ്ഞ ആനകള്‍

മുറികൂടി എഴുന്നേറ്റു നടക്കുന്നു

കഴിഞ്ഞ വര്‍ഷം വണ്ടിയിടിച്ചുമരിച്ച പട്ടി

മുറ്റത്ത് വാലാട്ടിനില്‍ക്കുന്നു

ഞാനതിനെ തലോടുന്നു

ഞാന്‍ പിന്നെയും നിന്റെ മുല കുടിക്കുന്നു

വര്‍ഷങ്ങള്‍ എന്നില്‍ നിന്ന് ഓടിപ്പോകുന്നു

പതിന്നാലുവയസ്സില്‍

പ്രീതാടാക്കീസില്‍

സിനിമ കണ്ടിരിക്കുന്നു

അനുരാധ തുള്ളുന്നു

പത്തുവയസ്സില്‍

വള്ളിട്രൌസറിട്ട കുട്ടി

കുളക്കരയിലിരിക്കുന്നു

പച്ചപ്പായലില്‍ പരല്‍‌മീനുകള്‍

ഓടുന്നു

ഞാന്‍ പിന്നെയും നിന്റെ

മുല കുടിക്കുന്നു

അഞ്ചു വയസ്സുള്ള കുട്ടി

സ്കൂള്‍ വിട്ടോടുന്നു

ആദ്യം വീട്ടിലെത്തണം

മൂന്നുവയസ്സില്‍

കാപ്പിത്തോട്ടത്തില്‍

ഒളിച്ചിരിക്കുന്നു

അമ്മ തിരഞ്ഞു നടക്കുന്നു

ആറാം മാസത്തില്‍

കൈകാലിട്ടടിച്ച് ചിരിക്കുന്നു

ഞാന്‍ പിന്നെയും നിന്റെ

മുലകുടിക്കുന്നു

ഞാനിപ്പോള്‍ നിന്റെ

ഗര്‍ഭപാത്രത്തില്‍ വളരുന്നു

എനിക്കുവേണ്ടി നിന്റെ

പാല്‍ഞരമ്പുകള്‍ ഉണരുന്നു

നീ നിന്റെ വീര്‍ത്ത അടിവയര്‍

തടവി പുഞ്ചിരിക്കുന്നു

45º ചരിവില്‍

ഇളംനീല ആകാശത്തേക്ക്

ഒരു ചെറുപ്പക്കാരന്‍ 45º ചരിവില്‍

ഉയര്‍ന്നു ചാടുന്നു

അയാളുടെ കൈകള്‍ വിടര്‍ന്നിരിക്കുന്നു

ഞാനാണ് ആ ചെറുപ്പക്കാരന്‍

താഴെയുള്ള കുളവും ചുറ്റുമുള്ള

പൂച്ചെടികളും ഉയര്‍ന്നു ചാടുന്നു

ആകാശം നിറയെ 45º ചരിവില്‍

ചുവന്ന ചുണ്ടുകള്‍ ഒട്ടിച്ചുവെക്കുന്നു

എന്റെ ചെറുപ്പക്കാരിയും ഞാനും

ഒഴുകിപ്പോവുന്നു

മരങ്ങള്‍ക്കിടയില്‍ അവള്‍ ഒളിക്കുന്നു

അവളുടെ ഉടയാടകള്‍

മുടിത്തുമ്പിലെ വെളുത്ത റിബണുകള്‍

അവളെ കാണിച്ചുതരുന്നു

ഞങ്ങള്‍ കിരീടംവെച്ച രണ്ടു മരങ്കൊത്തികളായ്

പറന്നുപോകുന്നു

ഞങ്ങള്‍ക്കു പിന്നാലെ ഞങ്ങളുടെ ശബ്ദങ്ങള്‍

ഉരുണ്ടുരുണ്ട് പോരുന്നു

ആകാശം മടുക്കുമ്പോള്‍

ഞങ്ങള്‍ രണ്ട് പുഴമീനുകളായ്

ജലം ചിതറി നീന്തുന്നു

ഒരൊറ്റപ്പൂ പറിച്ച് നീട്ടുന്നു

ഒരു വെള്ളച്ചാട്ടത്തില്‍

ചിതറുന്ന നീര്‍മുത്തുകളാവുന്നു

ഞങ്ങള്‍ വീണ്ടും ഞങ്ങളാവുന്നു

ഈ ഇളംനീല ആകാശത്തേക്ക്

കൈകള്‍ വിടര്‍ത്തി

45º ചരിവില്‍ ഞങ്ങള്‍ ഉയര്‍ന്നുചാടുന്നു

ലോകം ആ ഒറ്റ ഫ്രെയിം

എല്ലാ കാലത്തേക്കുമായ്

ചില്ലിട്ടുവെക്കുന്നു.

മൌനത്തെക്കുറിച്ച് അവള്‍ എഴുതാന്‍ പറഞ്ഞ കവിത

അവളില്‍ നിന്നുവരുന്ന എല്ലാറ്റിനേയും
ഞാന്‍ സ്നേഹിക്കുന്നു
മൌനവും അവളില്‍ നിന്ന് വരുന്നു
അതിനെയും ഞാന്‍ സ്നേഹിക്കുന്നു
അതിനോട് ഇരിക്കാന്‍ പറയുന്നു
കസേര വലിച്ചിട്ടുകൊടുക്കുന്നു
അത് ഇരിക്കുന്നു
അത് എന്നെ നോക്കുന്നു
ഞാന്‍ അതിനെയും നോക്കുന്നു
ഞങ്ങള്‍ പരസ്പരം അങ്ങനെ
നോക്കിനോക്കിയിരിക്കുന്നു
നോട്ടത്തില്‍ അനേകം കിലോമീറ്റര്‍
ദൈര്‍ഘ്യത്തില്‍ കയറുകള്‍ പിരിച്ചുകൊണ്ടിരിക്കുന്നു
ചുമ്മാ ഇരിക്കണ്ടല്ലോ എന്നു കരുതി
അതിന് ചായകൊടുക്കുന്നു
അത് കുടിക്കുന്നു
ചോറ് കൊടുക്കുന്നു
അത് തിന്നുന്നു
അതിന് മൂത്രമൊഴിക്കണമെന്ന് ആംഗ്യം കാണിക്കുന്നു
മൂത്രപ്പുര കാണിച്ചുകൊടുത്ത്
ഞാന്‍ വാതില്‍ക്കല്‍ നില്‍ക്കുന്നു.
അത് അകത്തു കയറി വാതില്‍
ചാരുന്നു
ഒരൊച്ചയുമില്ല
ഞാന്‍ ഒളിഞ്ഞുനോക്കുന്നു
അത് വാതില്‍ തള്ളിത്തുറന്ന്
പുറത്തേക്ക് വരുന്നു
അതിന്റെ മുഖം ഒരുകൊട്ട
പുറത്ത് ഒന്ന് നടന്നിട്ട് വരാമെന്ന്
ഞാന്‍ അതിനെ കൂട്ടുന്നു
അതിനെ ഇങ്ങനെ കണ്ടാല്‍ പോര
എനിക്കുവേണ്ടി അതെന്തോ ഒളിപ്പിക്കുന്നു
അത് കണ്ടല്ലേ പറ്റൂ
പക്ഷേ എങ്ങനെ?സമ്മതിക്കുമോ?
കാര്യം പറഞ്ഞുനോക്കി
എനിക്കു കാണണം
അതിനു പരിഭ്രമമായി
ആളില്ലാത്ത സ്ഥലം
അങ്ങനെ കാണിച്ചു തന്നാല്‍
അത് ഇല്ലാതാവുമെന്ന്
അതിന്റെ ദയനീയമായ
വെളിപ്പെടുത്തല്‍ ..
എനിക്ക് സഹിച്ചില്ല
അതിന്റെ മിനുങ്ങുന്ന
ഉടുതുണി ഞാന്‍ വലിച്ചുകീറി.
അത് വെപ്രാളപ്പെട്ട് എന്നെ തള്ളിയിട്ട് ഓടി
ഞാന്‍ പിന്നാലെഓടി
ഒരുവിധം പിടികൂടി
വലിച്ചുകീറിയ വിടവുകളില്‍
ചില അവ്യക്തപദങ്ങള്‍ വന്നു നില്‍പ്പുണ്ട്
സാമാധാനിപ്പിച്ച് തിരികെ കൊണ്ടുനടന്നു
രാത്രിയാവുന്നു
അധിക നേരമായ് സന്ദര്‍ശക്കുള്ള മുറിയില്‍
മൌനം കിടിച്ചിരിക്കുന്നു..എന്ന കവിത ചൊല്ലി നോക്കി
അതിന് കുറ്റബോധം തോന്നി
കുടിച്ചുകൊണ്ടിരുന്ന ഗ്ലാസ് അവിടെത്തന്നെവെച്ചു
അതിനെ ഞാന്‍ ഉള്ളംകൈയില്‍ എടുത്തു
ഞാന്‍ മൊബൈല്‍ എടുത്തു
അതിനെ ഇങ്ങോട്ടുപറഞ്ഞയച്ചവളുടെ
മൊബൈല്‍ സംഖ്യ അമര്‍ത്തി
അപ്പുറത്ത് അവള്‍ ഉണര്‍ന്നു
മൌനത്തെ ഉള്ളംകൈയിലെടുത്ത്
ഒറ്റ ഊത്ത് കൊടുത്തു
ടെലഫോണ്‍ ടവറുകളില്‍ നിന്ന്
ടവറുകളിലേക്ക്
ഒരു കാക്കക്കൂട്ടമായി അത് പറന്നു
അവളുടെ മൊബൈല്‍ വഴി
പറന്നിറങ്ങി
അവളുടെ അനേകം കാക്കപ്പുള്ളി വാതിലുകളിലൂടെ
അകത്തേക്ക് കയറിപ്പോയി.
അവളെക്കൊതിച്ച് അവളുടെ
രക്തത്തിലേക്ക് കയറിപ്പോയ
കാക്കകള്‍ പണ്ട് അഴിച്ചുവെച്ച കറുപ്പുകളാണ്
അവളുടെ കാക്കപ്പുള്ളികള്‍
അവള്‍ക്ക് ഒടുക്കത്തെ പ്രേമമാണ്.
അവളുടെ മൌനം അവളുടെ പ്രേമമാണ്
ഇപ്പോള്‍ എല്ലാ കാക്കകളും
അവളുടെ ഉള്ളില്‍ രാവും പകലും കലമ്പുന്നു
അവള്‍ക്ക് ഉറക്കമില്ല
മൌനത്തെ അടിച്ചോടിച്ച്
ഞാന്‍ സമാധാനമായി ഉറങ്ങുന്നു
എന്നില്‍ നിന്ന് നൂറ് ഉമ്മകള്‍
നൂറ് കൊറ്റികള്‍
കോടമഞ്ഞ് കടന്ന്
അവള്‍ക്കുവേണ്ടി പറന്നുപോകുന്നു
ഞാന്‍ കൊടുക്കുന്ന എല്ലാ ഉമ്മകളും
അത്-ആ മൌനം പിടിച്ചുവാങ്ങിത്തിന്നുന്നു
ഞാന്‍ അവള്‍ക്കുകൊടുക്കുന്നതെല്ലാം
കൈപ്പറ്റുന്നത് അവനാണ്
പാവം അവള്‍
പാവം

എന്നിട്ടും

ഒരു ചിരിയുടെ ചൂടില്‍
നീ കരിഞ്ഞേക്കുമോ എന്ന് ഭയന്ന്
ചിരിച്ചില്ല
ഒരു കരച്ചിലില്‍ ഒഴുകിപ്പോവുമോ
എന്ന് ഭയന്ന് കരഞ്ഞില്ല
ഒന്ന് മിണ്ടിയാല്‍ ഉടഞ്ഞേക്കുമോ
എന്നു ഭയന്ന് മിണ്ടിയില്ല
ഒരനക്കത്താല്‍ പറന്നു പോവുമോ
എന്ന് ഭയന്ന് അനങ്ങിയുമില്ല
എന്നിട്ടും....
എന്നിട്ടും
നീ എന്നെ വിട്ടു പോയല്ലോ...