gfc

പ്രിയപ്പെട്ട എം ടീ


പ്രിയപ്പെട്ട എം ടീ ,


ഞാൻ വരുമ്പോഴേക്കും

നിങ്ങൾ കൂടല്ലൂർ സൃഷ്ടിച്ചു കഴിഞ്ഞിരുന്നു

നിങ്ങൾ സൃഷ്ടിക്കാത്ത ഒന്നും എനിക്കവിടെ കണ്ടു കിട്ടിയില്ല 

നിങ്ങൾ സൃഷ്ടിച്ച താന്നിക്കുന്ന്   

നിങ്ങൾ സൃഷ്ടിച്ച കണ്ണാന്തളിപ്പൂക്കൾ 

നിങ്ങൾ സൃഷ്ടിച്ച പകിട കളിക്കാർ 

നിങ്ങൾ സൃഷ്ടിച്ച ചെറുപ്പക്കാർ 

നിങ്ങൾ സൃഷ്ടിച്ച സ്ത്രീകൾ പുഴയിലേക്കുള്ള വിജന വഴിയിൽ നിങ്ങൾ സൃഷ്ടിച്ച കടവുകൾ 

നിങ്ങൾ സൃഷ്ടിച്ച പുഴ

നിങ്ങൾ സൃഷ്ടിച്ച കാവുകൾ ,കനവുകൾ

നിങ്ങൾ  സൃഷ്ടിച്ച പാടങ്ങൾ, പച്ചകൾ 


നിങ്ങളറിയാതെ ഞാൻ

നിങ്ങൾ സൃഷ്ടിച്ച ചെറുപ്പക്കാരെ സ്നേഹിതരാക്കി 

നിങ്ങളുടെ സുന്ദരികളെ പ്രണയിച്ചു 

നിങ്ങളുടെ പുഴയിലൂടെ നടന്നു

നിങ്ങളുടെ കുന്നുകളിലൂടെ അലഞ്ഞു 

നിങ്ങളറിയാതെ 

നിങ്ങളുടെ ദേശകഥയിൽ സംക്രമിച്ചു


പ്രിയപ്പെട്ടവനേ

ഞാൻ വരുമ്പോൾ നിള ഒഴുകുന്നത് 

ബോംബെ രവിയുടെ സംഗീതത്തിൽ.

കൂടല്ലൂരെ പെണ്ണുങ്ങളെല്ലാം , നിങ്ങളിറക്കിവിട്ട പ്രണയാതുരകൾ,

കേരളത്തിലെ ഏറ്റവും സുന്ദരികളായിത്തീർന്നിരുന്നു.

എല്ലാ ചെറുപ്പക്കാരും ഒരു അപ്പുണ്ണിയോ  നഖക്ഷതങ്ങളിലെ വിനീതോ ആയിത്തീർന്നിരുന്നു.

ഒരു ചലച്ചിത്രത്തിലെന്ന പോലെ ഞാൻ നടന്നു.

നിങ്ങളറിയാതെ

നിങ്ങളുടെ സിനിമയിലെ

നായകനായി ഞാൻ ജീവിച്ചു.

എൻ്റെ പെണ്ണ് എന്നെയെടുത്ത്

പുഴ മുറിച്ചു കടന്നു.

പുഴയോരം മുഴവനുമലഞ്ഞ്

ഞാനും അപ്പുണ്ണിയും 

വെയിലും നിലാവും കുടിച്ചു തീർത്തു.

സർപ്പക്കളങ്ങളിൽ മുടിയഴിച്ചിട്ട്

എല്ലാ രാത്രികളിലും

പ്രണയമെന്നെ മധുരതരമായി പീഡിപ്പിച്ചു.

അത്രയും വിശുദ്ധമായൊരു പ്രണയത്തിൽ

ഇപ്പോൾ കെട്ടുപോയേക്കാവുന്ന

ഒരു തിരിയെന്ന മട്ടിൽ

എൻ്റെ പ്രാണൻ ആടിക്കൊണ്ടേയിരുന്നു.


നിൻ്റെ പത്തായത്തിലെ നെല്ലു തിന്നാൻ

വയനാട്ടിൽ നിന്നു വന്ന 

ഒരു എലി മാത്രമായിരുന്നു ഞാൻ.

നിന്നോട് ആരാധന മൂത്ത്

നിൻ്റെ നാട്ടിൽ വന്ന

ഒരു വിഡ്ഢിയായ വായനക്കാരനായിരുന്നില്ല ഞാൻ.

പക്ഷേ, പഴുതില്ലാത്ത വിധം

ഞാൻ കുടുങ്ങി,

നിങ്ങളുണ്ടാക്കിയ കൂടല്ലൂരിൽ കുടുങ്ങി.

മലമൽക്കാവും മുത്തുവിളയും കുന്നും ആനക്കരയും 

നിൻ്റെ കൂടല്ലൂരിൽ നിന്ന് എന്നെ മോചിപ്പിച്ചില്ല.


ജീവിതം മുടിയുമ്പോഴെല്ലാം

ആത്മഹത്യക്കു പകരമായി

വയനാട്ടിലേക്ക് വണ്ടി കയറുന്ന 

നിൻ്റെ കഥാപാത്രങ്ങളിലൊന്നായി

ജന്മനാട്ടിലേക്ക് രക്ഷപ്പെട്ട

എന്നെ നിങ്ങളറിയുകയുമില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ബുധന്‍, ഏപ്രില്‍ 09, 2025