അവസാനത്തെ കാമുകിയും
ഉപേക്ഷിച്ച ശേഷം
ആകാശം കാണാതായിരിക്കുന്നു.
കിളികളെ
കേൾക്കാതായിരിക്കുന്നു.
വാസന സോപ്പിൻ്റെ മണമോ
ചേനപ്പൂവുപ്പേരിയുടെ രുചിയോ
അറിയാതായിരിക്കുന്നു.
അവസാനത്തെ കാമുകിയും ഉപേക്ഷിച്ച ശേഷം
എനിക്ക് പെട്ടെന്ന് വയസ്സായി
എൻറെ മുടികൾ അതിവേഗം കൊഴിഞ്ഞു
അവശേഷിക്കുന്നവ നരച്ചു
എൻറെ പല്ലുകൾ ഇളകി
എൻറെ തൊലി ചുളിഞ്ഞു
ഒളിച്ചിരുന്ന രോഗങ്ങൾ
ഓരോന്നോരോന്നായി പുറത്തുവന്നു
ഉറങ്ങിക്കിടക്കുമ്പോൾ
മരണം ജനലരികിൽ വന്ന്
പുറത്തു നിന്ന്
പാളി നോക്കിപ്പോയി
ഒരു സ്വപ്നവും ഞാനിപ്പോൾ കാണുന്നില്ല
ശുദ്ധമായ ഉറക്കത്തിൻ്റെ
സ്വർണഖനികളാണെൻ്റെ
രാത്രികൾ
ഒരാശയും എൻ്റെ കണ്ണുകളിലില്ല
കണ്ണുകൾ മടുത്തു മതിയാക്കി
കണ്ണടകളെ പണിയേൽപ്പിച്ചു
കാതുകൾ
ശബ്ദങ്ങളിൽ നിന്ന് തിരിഞ്ഞ്
എന്ത് ഏത്
എന്നെല്ലാം പരുങ്ങി.
അവസാനത്തെ കാമുകി
ഉപേക്ഷിച്ച ശേഷം
കലണ്ടറിൽ നിന്ന് ദിവസങ്ങൾ കൊഴിയാതായി.
ക്ലോക്കു സൂചികൾ വയ്യ വയ്യയെന്ന് അറച്ചിരിപ്പായി.
ലോകം പുതിയതായി
ഒരു വാർത്തയും
പ്രക്ഷേപണം ചെയ്യുന്നില്ല
പഴയ പത്രം തന്നെ
പഴയ വാർത്തകൾ തന്നെ
മുറ്റത്ത് വീണ്ടും വീണ്ടും വന്നു വീണു.
ആരും കാളിങ് ബെൽ അമർത്താത്തതുകൊണ്ട്
ഞാൻ കിടക്കയിൽ താണു താണു പോയി.
കിടക്ക വലിയൊരു ഹിമാനിയാണ്.
അവസാനത്തെ കാമുകി
ഉപേക്ഷിച്ചതിനു ശേഷം
ഞാൻ എന്നെത്തന്നെ
ഉപേക്ഷിച്ചിരിക്കുന്നു.
മറവു ചെയ്യാത്ത
എല്ലാ ശവങ്ങളും
ഭൂമിയിലേക്ക് സ്വയം
താഴ്ന്നുപോകുന്നതുപോലെ
ഞാനെന്നെ മറവു ചെയ്തു കൊണ്ടിരിക്കുന്നു
ഒട്ടും വികാരമില്ലാതെ.
അവസാനത്തെ കാമുകി എന്നത്
അവസാനത്തെ ഋതുവോ
അവസാനത്തെ മാസമോ
അവസാനത്തെ ദിവസമോ
അവസാനത്തെ മണിക്കൂറോ അല്ല.
അത് ചിലരുടെയെങ്കിലും ജീവിതത്തിലെ ജീവൻ്റെ
അവസാനത്തെ നിമിഷമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ