gfc

ചേർത്തുപിടിക്കൽ

 


🌿


ആരോടെങ്കിലും ഇത് പറയാനാവുമോ?

എല്ലായിടവും  ഞാൻ തിരഞ്ഞു.

കടലുപോലെ

തിരയടിക്കുന്നുണ്ട്

തീവണ്ടിനിലയം


അതാ ഒരു മനുഷ്യൻ.

മാന്യതയുണ്ട്,

സ്നേഹഭാവങ്ങളുണ്ട്,

പ്രായം നൽകുന്ന അധികാരമുണ്ട്.

ഇതു തന്നെയാവണമയാൾ .

അയാളെ സമീപിച്ച് ഞാൻ പറഞ്ഞു:


സർ,

എന്താണെന്നറിയില്ല 

എന്നെ ഒരു ഭയം പിടികൂടിയിരിക്കുന്നു 

ഞാൻ ഇതുവരെ തീവണ്ടിയിൽ കയറിയിട്ടില്ല

വയനാട്ടിൽ നിന്ന് വരുന്നു

താങ്കൾ എന്നെ 

ഒരു അച്ഛനെപ്പോലെ 

ഒന്ന് ചേർത്തുപിടിക്കാമോ?


കണ്ടാൽ ഒരു കുഴപ്പവും ഇല്ലല്ലോ,

തനിക്ക് ഭ്രാന്താണോ എന്ന് 

ആ വൃദ്ധൻ .


ഭ്രാന്താണോ എന്നറിയില്ല, ഇതുവരെയുണ്ടായിരുന്നില്ല. ഓരോ തീവണ്ടി വരുമ്പോഴും ഭയമാകുന്നു.

ഭ്രാന്തുണ്ടെങ്കിൽത്തന്നെ 

ഒരു മനുഷ്യനെ ഉപേക്ഷിക്കാമോ സർ?

എന്നെ ഒന്ന് ആശ്വസിപ്പിച്ചു

കൂടെ നിർത്താമോ ?

ഞാൻ പിന്നെയും ചോദിച്ചു.

രാവിലെത്തന്നെ ഓരോരോ മാരണങ്ങൾ എന്ന് 

അയാൾ തിരിഞ്ഞു നടന്നു, തന്റെ മകനെന്ന് തോന്നുന്ന ഒരാളുടെ അടുത്തേക്ക്.


അധികാരരൂപമില്ലാത്ത മനുഷ്യരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ സാധ്യതയുള്ള 

വിദ്യാഭ്യാസം ഉറപ്പായുമുള്ള

ഒരു ചെറുപ്പക്കാരനോട് 

ഞാൻ ആവശ്യം ആവർത്തിച്ചു


മോനേ, തീവണ്ടിയിൽ കയറാനും പോകാനും വല്ലാത്ത പേടിയാണ്. കുഴപ്പമില്ലായെന്നൊന്നു പറഞ്ഞ് 

എന്നെ കൂടെ നിർത്താമോ ? 


ആ ചെറുപ്പക്കാരൻ 

അത് കേട്ടതും 

മൊബൈൽ എടുത്ത് തോണ്ടിക്കൊണ്ടിരുന്നു.

പിന്നെയും യാചിച്ചപ്പോൾ 

ഒരു കോൾ വന്നെന്ന മട്ടിൽ 

മൊബൈൽ ചെവിയോട് ചേർത്ത് 

എന്തോ പറഞ്ഞുകൊണ്ട് നടന്നു പോയി.

ലോകത്തിന് എന്തൊരു തിരക്കാണ് !


പ്ലാറ്റ്ഫോമിലൂടെ ഞാൻ അലഞ്ഞു.

തീവണ്ടി വരാറായി.

വീണ്ടും വീണ്ടുമുള്ള അനൗൺസ്മെൻറുകൾ.

പേടി കൂടിക്കൊണ്ടിരുന്നു

ഞാൻ പലരെയും സമീപിച്ചു.

എല്ലാവരും എന്നെ കൈയൊഴിഞ്ഞു.

ഒരു സ്ത്രീ 

പോലീസിനെ വിളിക്കണോ എന്ന് ചോദിച്ച് 

എന്നെ ഭീഷണിപ്പെടുത്തി.


ഒടുവിൽ 

അച്ഛൻ്റെ പ്രായമുള്ള ഒരു മനുഷ്യനോട് 

ഞാൻ കുശലം ചോദിച്ചു.

എവിടേക്കാണ് ?

വണ്ടി വരാറായോ ?എന്നെല്ലാം. ഞാൻ എന്നെക്കുറിച്ച് പറഞ്ഞു തുടങ്ങി.

തഞ്ചത്തിൽ കാര്യവും പറഞ്ഞു.

എന്നെ ഒന്ന് സഹായിക്കാമോ? ട്രെയിനിൽ ആദ്യമായി കയറുകയാണ്.

വല്ലാത്ത പേടി...


ആ മനുഷ്യൻ എന്നെ ചേർത്തു പിടിച്ചു.

മോൻ എന്തിനാ പേടിക്കുന്നത്? 

തൃശ്ശൂര് വരെ ഞാനുണ്ട്. എനിക്ക് കരച്ചില് വന്നു.


ഞങ്ങൾ 

ഒരുമിച്ച് ഒരു ചായ കുടിച്ചു.

വണ്ടി വന്നു.

തിരക്കിലും 

അദ്ദേഹം എന്റെ കൈപിടിച്ച് സ്വന്തം മകനെയെന്നപോലെ വണ്ടിയിൽ കയറാൻ സഹായിച്ചു.

ജനറൽ കമ്പാർട്ട്മെൻ്റിൽ 

സീറ്റ് കണ്ടുപിടിച്ചു തന്നു.

എൻറെ അരികിലിരുന്നു.

എൻറെ കൈകൾ 

ചേർത്ത് പിടിച്ച് തലോടി.

ഓരോരോ വിശേഷങ്ങൾ ചോദിച്ചു.

വയനാട്ടിലെ മഞ്ഞിനെ കുറിച്ച് മഴയെക്കുറിച്ച്

ഇഞ്ചിയെക്കുറിച്ച്

കാപ്പിയെ കുറിച്ച് കുരുമുളകിനെ കുറിച്ച്

അറിയാവുന്നതെല്ലാം പരസ്പരം പറഞ്ഞു.

ഒരിക്കൽക്കൂടി വയനാട്ടിലേക്ക് വരണമെന്നും 

വരുമ്പോൾ വീട്ടിലേക്ക് വരാമെന്നും പറഞ്ഞു.

വൈകിക്കഴിച്ച വിവാഹത്തെക്കുറിച്ചും വൈകിയുണ്ടായ കുഞ്ഞുങ്ങളെ കുറിച്ചും അയാൾ പറഞ്ഞു.

മക്കൾ ഉണ്ടാക്കുന്ന സന്തോഷത്തെക്കുറിച്ച്

അയാൾ പറഞ്ഞപ്പോഴെല്ലാം അയാളുടെ കണ്ണുനിറഞ്ഞു.

എൻ്റെ പേടി മാറി.

ഞാൻ ചിരിച്ചു.

ഞാനും അദ്ദേഹവും എന്തെല്ലാമോ പറഞ്ഞു വീണ്ടും വീണ്ടും ചിരിച്ചു.

ഞങ്ങൾ ചിരിച്ചുവല്ലോ എന്ന് ഞാൻ ഓർത്തപ്പോൾ ജനലിലൂടെ ഞാൻ കണ്ട പാടങ്ങൾ എന്നെ നോക്കി ചിരിച്ചു. 

വീടുകൾ എന്നെ നോക്കി ചിരിച്ചു.  

കുന്നുകളും ആകാശവും പുഴയും എന്നെ നോക്കി ചിരിച്ചു.

റെയിലോരത്തുള്ള വീട്ടിൽ

കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾ ചിരിച്ച് കൈവീശി.

സ്നേഹമാണ് ,

സന്തോഷമാണ് 

എവിടെയും.


ഹാ ലോകമേ !

എത്ര മനോഹരമാണിത്.

ഇരുട്ടിൽ കൂടെ വരുന്നുണ്ട്

കൂടെയുണ്ട് കൂടെയുണ്ട്

എന്നു പറഞ്ഞ്

നക്ഷത്രങ്ങൾ.

എല്ലാ വീടുകളിൽ നിന്നും

ഒരു വിളക്ക്

പുറത്തേക്ക് വെളിച്ചമെറിയുന്നുണ്ട്.

ഇരുട്ടിലും ഒഴുകുന്നുണ്ട്

പുഴകൾ നിശ്ശബ്ദമായി


എനിക്ക് ഉറക്കം വന്നു 

ഞാൻ ആ മനുഷ്യൻ്റെ 

മടിയിൽ തലചായ്ച്ച് ഉറങ്ങി.

അദ്ദേഹം എന്തോ ഓർത്ത്

എൻ്റെ മുടിയിൽ വിരലോടിച്ചു കൊണ്ടിരുന്നു.


ഞാനുറങ്ങി,

ഒരു നാളും

ഉറങ്ങാത്തത്ര സമാധാനത്തോടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ബുധന്‍, ഏപ്രില്‍ 09, 2025