gfc

ഒഴുക്കില്‍‌പെട്ട് മരിച്ചവന്റെ യാത്ര

ആകാശത്തേക്ക് നോക്കി
നദിയിലൂടെ ഒഴുകിപ്പോവുന്ന
ഒരു ശവത്തെ നിങ്ങള്‍ക്ക്
സങ്കല്പിക്കാമെങ്കില്‍
അതായിരുന്നു ഞാന്‍.

നദി മുറിക്കുന്നതിനിടെ
കൂട്ടുകാര്‍ക്കിടയില്‍ നിന്ന്
ഒഴുക്കില്‍ പെട്ട് മരിച്ചുപോയി.
മരിച്ചതിനു ശേഷവും
പിടികൊടുക്കാതെ
ഒഴുകിക്കൊണ്ടിരുന്നു.
ആദ്യമായാണ് നദിയിലിങ്ങനെ...
ജലം ഇപ്പോള്‍ ഒരു കിടക്കയാണ്.
ജീവനില്ലാത്തതിനെ അതിന് എന്തുചെയ്യാനാവും?
ഇന്നുവരെ നേരെ നോക്കിയിട്ടില്ലാത്ത
സൂര്യനെ നോക്കിക്കിടന്നാണ് ഈ ഒഴുകല്‍

ആകാശത്തിന് ഇന്നുവരെയില്ലാത്ത നീലിമ.
നദിക്ക് കുറുകെ പറക്കുന്ന പക്ഷികള്‍
ഇളം കാറ്റിന്റെ വിരലുകള്‍
അകലെ തീരങ്ങളില്‍ ജീവനുള്ള മനുഷ്യരുണ്ട്.
നീന്തിത്തുടിക്കുന്ന കുട്ടികളുടെ ഒച്ചകള്‍.
ജീവിതം തിരിച്ചുകേറാത്ത ഈ ശരീരം
അതിന്റെ അവസാനയാത്ര
ശരിക്കും ആസ്വദിക്കുന്നുണ്ട്.

മത്സ്യക്കൂട്ടങ്ങള്‍,
മഴയില്‍ പൊട്ടിവീണ മരച്ചില്ലകള്‍,
മലമുകളില്‍ നിന്ന് ഒഴുക്കില്‍പ്പെട്ട പാമ്പുകള്‍
എന്നെ അനുഗമിക്കുന്നു.

വെളിച്ചം പുള്ളികുത്തുന്ന ഈ നദിയില്‍
ഒരു ശവമൊഴുകുന്നത്
മുകളില്‍ നിന്നൊരുവന്‍ നോക്കുന്നതിനെ
ഞാന്‍ സങ്കല്പിച്ചുകൊണ്ടിരുന്നു.
വിശാലമായ ഈ നദിപ്പരപ്പിനുമീതെ ഒഴുകുന്ന
ഒരേയൊരു ശവമാണ് ഞാന്‍.
ഉള്ളംകൈയില്‍ അടക്കിപ്പിടിച്ച ഒരു പൂവ്
പ്രിയമുള്ളൊരാള്‍ക്ക് തുറന്നു കാണിക്കും പോലെ
നദി അതിന്റെ കൈകളില്‍ എന്നെ കാണിക്കുന്നു.
ദൈവം എന്നൊരാളുണ്ടെങ്കില്‍
അവന്‍ മുകളില്‍ നിന്ന് നോക്കുന്നെങ്കില്‍
നിശ്ചയമായും അവന്റെ കണ്ണുകള്‍
ഇപ്പോള്‍ നനഞ്ഞിരിക്കും.

ജീവിതത്തേക്കാള്‍ മനോഹരമായിരിക്കുന്നല്ലോ
എന്റെ മരണമെന്ന് ഞാനോര്‍ത്തു.
സൂര്യനെ നോക്കിനോക്കി
കടലില്‍ ഒഴുകിയെത്തിയേക്കാം.
ഏതെങ്കിലും കരയില്‍ വൃത്തികെട്ട
ഒരു ശവമായ് വീണടിഞ്ഞേക്കാം.
എങ്കിലും ഈ യാത്രയുടെ ആനന്ദമത്രയും
എന്റെ കണ്ണുകളിലുണ്ടാവും.

കുമിള

പെണ്ണുങ്ങളെല്ലാം ഓര്‍മ്മകളുടെയും ആണുങ്ങളെല്ലാം മറവികളുടെയും പൊട്ടക്കിണറുകളില്‍ വീണു മരിച്ചു കഴിഞ്ഞിരുന്നു.
തീ പിടിച്ച് സര്‍വതും നശിച്ച ഒരു വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്നും യന്ത്രക്രമങ്ങളെ അനുസരിക്കുന്ന ഒരു ക്ലോക്കിനെ കണ്ടെടുക്കും പോലെ ശ്മശാനങ്ങളില്‍ നിന്ന് കവികളെ കണ്ടെത്തുന്നു.മിടിപ്പുകള്‍ തുന്നിച്ചേര്‍ത്ത് ഹൃദയമുണ്ടാക്കാനാവുമോ എന്ന് പില്‍ക്കാലത്ത് ഗവേഷകര്‍ ചിന്തിച്ചേക്കാം.നടന്നു തീര്‍ത്ത കാലടികളെ ചേര്‍ത്ത് ഒരു യാത്രയെ ഉണ്ടാക്കും ഒരു നാള്‍.കോര്‍ത്തെടുത്ത തലയോട്ടിമാലയില്‍ നിന്ന് ഒരു സംഘഗാനത്തെ കണ്ടെടുക്കും

പ്രാണന്‍ നഷ്ടപ്പെടുന്നതിനെ കുമിളകള്‍ ഉയര്‍ത്തി ഈ ജലാശയത്തിനടിയില്‍ കിടന്ന് ഞാന്‍ അറിയിച്ചുകൊണ്ടിരിക്കാം.ജലജീവികളെ കാത്തിരിക്കുന്ന ഒറ്റക്കാലന്‍ കൊറ്റികളെ,ഇരയിലേക്ക് തന്നെത്തന്നെ എയ്യുന്ന പൊന്മകളേ,നിങ്ങള്‍ക്ക് വേണ്ടതല്ലാത്തതിനാല്‍ പഴിക്കരുതേ ഈ കുമിളകളെ...

കുരിപ്പ്

കുരിപ്പ് ചാരക്കണ്ണുകള്‍ കൊണ്ട്
ലോകത്തെ മുഴുവന്‍ അരിക്കുകയാണ്
അതിന്റെ വിഷക്കാലുകള്‍ എല്ലാ
നദികളിലും ഇറക്കിവെച്ചിരിക്കുന്നു.
അതിന്റെ ചിറകുകള്‍ നിലാവും
നക്ഷത്രങ്ങലും സൂര്യനും മറച്ചിരിക്കുന്നു.
അതിന്റെ വിരല്‍ നഖങ്ങളില്‍
നിസ്സഹായരായ മനുഷ്യരെ കോര്‍ത്തിരിക്കുന്നു.
അതിന്റെ നാവ് മനുഷ്യച്ചോര
തിരയുകയും നക്കുകയും ചെയ്യുന്നു.
അതിന്റെ പല്ലുകള്‍ എല്ലാ നടവഴികളില്‍ നിന്നും
പൊന്തിവന്ന് ഇരകളെ കടിച്ചു തിന്നുന്നു.
അതിന്റെ തീരാത്ത വിശപ്പ് പശ പോലെ
ലോകമാകെ നിറഞ്ഞിരിക്കുന്നു.
ഞാനും നിങ്ങളും അതില്‍ കുടുങ്ങിയിരിക്കുന്നു.
എല്ലാ അവതാരങ്ങളും അതിന്റേത്
എല്ലാ മാര്‍ഗങ്ങളും അതിന്റെ വായിലേക്ക്