gfc

നീർക്കോലിയെഴുതിയ കവിതകൾ

 

1

നീർക്കോലി ഒരു കവിയായിരുന്നു

എല്ലാ നീർക്കോലികളും അങ്ങനെ തന്നെയായിരുന്നു

താമസിച്ചു വന്നിരുന്ന കുളത്തെക്കുറിച്ച്

അത് വ്യാകുലപ്പെട്ടു.

വെള്ളത്തിൽ ക്കിടന്ന് വെയിലിനെ നോക്കി

ചിലപ്പോഴെല്ലാം ഒരു ബുദ്ധിജീവിയെപ്പോലെ

കണ്ണട വെച്ച് പ്രപഞ്ചത്തെ നോക്കി

വെള്ളത്തിൽ മിന്നുന്ന പരലുകളെക്കുറിച്ചും

നഷ്ടമായ പൂർവിക സമ്പത്തുകളുടെ

ഓർമ്മകളുടെ വീർപ്പിൽ 

കഴിയും തവളകളെക്കുറിച്ചും

സൈനിക ജീവിതത്തിൽ നിന്ന് വിരമിച്ച

ഞണ്ടുകളെക്കുറിച്ചും

വെയിലിന് നിഴൽക്കുപ്പായമടിക്കുന്ന

ഈറ്റക്കാടിനെക്കുറിച്ചും

നീർക്കോലി കവിതയെഴുതിയിട്ടുണ്ട്.

കുളത്തിൻ്റെ തണുപ്പ് അതിന് വലിയ ഇഷ്ടമാണ്.

വകഞ്ഞ കറുകകൾക്കിടയിൽ

കയറിക്കിടന്ന് 

അത് മേഘങ്ങളിൽ ഒരു കവിതയെഴുതി


2


പൂർണചന്ദ്രൻ വെളിച്ചം ചാറുന്ന 

കുളത്തിനു നടുക്ക്

ഒരു വലിയ വെള്ളാമ്പൽ

അതിനു ചുറ്റുമായിരുന്നു

നീർക്കോലികളുടെ നൃത്തം

കുളത്തിൻ്റെ ഉപരിതലത്തിൽ

അനേകം ആമ്പൽ മൊട്ടുകൾ പോലെ

അവയുടെ തലകൾ

ഇരുട്ടും വെളിച്ചവും അട്ടിമറിഞ്ഞു

പൊങ്ങുകയും താഴുകയും ആടുകയും ചെയ്ത്

ഘോര സർപ്പങ്ങളെപ്പോലെ പിണഞ്ഞു


നേരം വെളുത്തപ്പോൾ കുളത്തിൻ്റെ വക്കിലെ

ഓടക്കാടുകളുടെ ഇലകളിൽ നിന്ന് 

മഞ്ഞൊലിച്ചു.

രത്നക്കല്ലു പതിച്ച കിരീടവും വെച്ച്

നീർക്കോലി ആമ്പൽത്തണ്ടുകളിൽ ചുറ്റി.

വെള്ളത്തിൻ്റെ പർവതങ്ങളിൽ കയറി

വെള്ളത്തിൻ്റെ മേഘങ്ങളിലും മരങ്ങളിലും കയറി

മേഘങ്ങളുടെ പഞ്ഞിത്തലയിണകളിൽ നിന്ന്

നക്ഷത്രങ്ങൾ കടിച്ചെടുത്തു

കൈക്കുമ്പിളിൽ കുടിനീർ കോരിയ

പെൺകുട്ടിയെ

കടിച്ചെടുത്ത് തുഴഞ്ഞു

കുളം നദിയായി കടലായി

അനന്തവും വർണാഭവുമായ

ജലലോകങ്ങളായ് ...