gfc

മുല്ലവള്ളിയും തേന്‍‌മാവും

കൂരച്ച് നില്‍ക്കുന്ന മുല്ലവള്ളിയോട്
തേന്‍‌മാവ് പറഞ്ഞു വളര്,വളര്.
വളരുവാന്‍ താഴ്ത്തിക്കൊടുത്ത ചില്ലയില്‍
പൊടുന്നനെ ചാടിപ്പിടിച്ച് പടര്‍ന്നു,മുല്ല.
ഒരു മാവില പോലും പുറത്ത് വരുത്താതെ
അതിനെ മുഴുവാനായും പൊതിഞ്ഞു.
തേന്‍‌മാവിനെ ഇനി ആരും കാണുകയില്ല.
മുല്ലവള്ളി ആകാശത്തോട് പറഞ്ഞു:
ഞാന്‍ മാത്രമാണ് സത്യം.
ഞാന്‍ എന്റെ കാലുകളില്‍ നില്‍ക്കുന്നു.

ആറിയ ചോറേ

ആറിയ ചോറേ
നിന്നെ ഞാന്‍ മുഴുവനായും തിന്നും
എന്നാലും എനിക്ക് നിന്നോട് ഒരു കൂറുമുണ്ടാവില്ലെന്ന്
ഇതിനാല്‍ മുന്‍കൂറായി പ്രഖ്യാപിച്ചുകൊള്ളുന്നു.

ചതി

ഞാനിന്ന് വീണ്ടും കണ്ടു.
മുന്‍പ് കണ്ടതിനേക്കാള്‍ വെളുത്തിട്ടുണ്ട്
കൊഴുത്തിട്ടുണ്ട്.
പ്രായവും കുറഞ്ഞിട്ടുണ്ട്.
അതിന്റെ മുഖം നിഷ്കളങ്കത എന്ന വാക്കിനു
പകരം സൃഷ്ടിച്ചതാണെന്ന് തോന്നും.
അതിനോടൊപ്പം എത്രയോ ഉച്ചയൂണുകള്‍
കഴിച്ചിട്ടുണ്ട്
അതിനോടൊപ്പം എത്രയോ വഴികള്‍
നടന്നിട്ടുണ്ട്.
എല്ലാ സങ്കടങ്ങളും അതിന്റെ മുന്നില്‍
അഴിച്ചിട്ടിട്ടുണ്ട്.
ഇന്നാണ് അത് അതിന്റെ പേരു പറഞ്ഞു തന്നത്.
ഞാന്‍ നിന്നെ തകര്‍ത്തിരിക്കുന്നു എന്ന് പറഞ്ഞ്
അത് ലോകത്തെ കീഴടക്കാന്‍
പാഞ്ഞു പോയി...


മുന്‍പും കണ്ടിട്ടുണ്ട് ഞാനതിനെ.
ഒടുവില്‍ മാത്രം പേരു പറയുന്ന
അത് ഏതൊക്കെ രൂപത്തില്‍ വരില്ല എന്ന്
എനിക്കിപ്പോള്‍ ഒരു നിശ്ചയവുമില്ല.

അസാധാരണ ജീവിതങ്ങള്‍

ഇടയ്ക്കിടെ ആരെങ്കിലും
സന്തോഷത്തിന്റെ കരയിലോ
സങ്കടത്തിന്റെ കരയിലോ
പിടിച്ചിടും.
അവിടെക്കിടന്ന് പിടയ്ക്കും.
രണ്ടുമല്ലാത്ത ജലം എന്ന
സാധാരണജീവിതം മതി
എന്ന് എപ്പോഴും കരുതും.
എങ്കിലും ഇടയ്ക്കിടെ പിടികൊടുക്കും
ഈ കരകള്‍ക്ക്,അവയുടെ വലകള്‍ക്ക്
അവയുടെ ചൂണ്ടകള്‍ക്ക്,
ആഞ്ഞുവെട്ടുന്ന കത്തികള്‍ക്ക്.

ജലത്തിലെ ജീവനേക്കാള്‍ വിലയുണ്ട്
കൂട്ടിയിട്ടിരിക്കുന്ന നമ്മുടെ ശവങ്ങള്‍ക്ക്,
നമ്മുടെ ശവഗന്ധം കൊണ്ട്
അലങ്കരിച്ചിരിക്കുന്ന ഈ തെരുവുകള്‍ക്ക്.
തമ്മില്‍ പൊരുതിയിരുന്നവര്‍ പോലും
അനക്കമില്ലാതെ അട്ടിക്ക് കിടക്കുന്ന
ഈ പെട്ടികള്‍ എന്തൊരു സമാധാനത്തിന്റേതാണ്.
ഐസുകട്ടകള്‍ക്കിടയില്‍
കിടക്കുന്ന നമുക്ക് ആശ്വാസത്തിന് വകയുണ്ട്,
ചത്താലെന്താ,
നാം ചീയുന്നില്ലല്ലോ.

സമുദ്രജീവികളായ നമ്മളറിയുമോ
നമ്മുടെ കൂട്ടമരണങ്ങളുടെ ആഘോഷത്തിന്
സ്ഥാപിക്കപ്പെട്ടിരിക്കുന്ന തെരുവുകളെ...
മരിക്കുക തന്നെ വേണം
ചിലതൊക്കെ മനസ്സിലാവാന്‍ .
ശവങ്ങള്‍ മാത്രമാണ് മണ്ണിന്റെ;
അതുകൊണ്ടാണല്ലോ അത് അവയെ തിരിച്ചുവാങ്ങുന്നത്.

ചിറകുകളുള്ള ബസ്

വിനോദയാത്രയ്ക്കു പോവുന്ന ബസ്
ഒരു സാധാരണ ബസ്സല്ല.

ജനലുകളിലൂടെ പുറത്തേക്ക്
വീശിക്കൊണ്ടിരിക്കുന്ന തളിര്‍ക്കയ്യുകള്‍
അതിന് ഇപ്പോള്‍ മുളച്ച ചിറകുകളാണെന്ന് തോന്നും.

കഠിന ദുഃഖങ്ങളുടെ വിരസവക്കത്തിരുന്ന്
പുകയൂതുന്ന മാമന്മാര്‍
ആ ബസ് കടന്നു പോയതോടെ
സന്തോഷത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട്
റ്റാറ്റ നല്‍കുന്ന മാമന്‍‌മാരായി.
ചെകിടടപ്പിക്കുന്ന എം.പീ ത്രീയില്‍
ഡാന്‍സ് ചെയ്യുന്ന ക്ലാസ് ടീച്ചര്‍
ആടുന്ന കുട്ടികളുടെ തിരയില്‍
പൊങ്ങിക്കൊണ്ടിരിക്കുന്ന മീനായി.
ആഹ്ലാദത്തിന്റെ അനേകം നെഞ്ചുകളുള്ള
ഒരു കിളിക്കുഞ്ഞിനെപ്പോലെ
താര്‍‌റോഡിനെ തൊടാതെ പറക്കുകയാണ് ബസ്.

വീതി കുറഞ്ഞ റോഡിലും എതിരെ പോകുന്ന വണ്ടികള്‍
അതിനോട് വഴക്കിടുകയില്ല.
ടാങ്കര്‍ ലോറികള്‍ എന്റെ പിന്നാലെ വാ എന്നു പറഞ്ഞ്
ബഹുദൂരം ഓടിക്കുകയില്ല.

ചെരുപ്പു നിര്‍‌മാണഫാക്ടറിയിലെ മാമന്‍‌മാര്‍
ചെരുപ്പിനെക്കുറിച്ച് പറഞ്ഞു പറഞ്ഞ് ഊണുമറന്നു.
കാപ്പാട് ബീച്ചിലെ സൂര്യന്‍ കുട്ടികള്‍ക്ക് ഉമ്മ കൊടുത്തു.
അറബിക്കടല്‍,തീരത്തേക്ക് എന്റെ മക്കളേ എന്ന് ഓടി വന്ന് കെട്ടിപ്പിടിച്ചു.
അക്വേറിയത്തിലെ മീനുകള്‍ ഭംഗികളുടെ വീമ്പു പറഞ്ഞു.
പ്ലാനറ്റോറിയത്തിന്റെ തണുപ്പിലേക്ക് നക്ഷത്രങ്ങള്‍ ഇറങ്ങിവന്ന് കഥ പറഞ്ഞു.

വിനോദയാത്രയ്ക്ക് പോയ ബസ്
രാത്രി പത്തരയോടേ എല്ലാകുട്ടികളേയും
അവരവരുടെ വീട്ടിലെത്തിച്ചു.
കുട്ടികളൊഴിഞ്ഞ,ചിറകില്ലാത്ത,
നാവില്ലാത്ത ബസ് ഇരുട്ടിലൂടെ
എവിടേക്കോ പോയി.
അതിന്റെ ഉണ്ടക്കണ്ണുകളില്‍
സങ്കടമുണ്ടായിരുന്നോ?
ഉറക്കത്തില്‍ അമ്മുക്കുട്ടി പറയുകയാണ്
അടുത്തവര്‍ഷം വരുമായിരിക്കും.

വരത്തന്‍

ആരാ?
എന്താ?
എവിടെയാ?
എവിടെയാ ജോലി?
എന്തു കിട്ടും?
ഭാര്യ?
ഭാര്യയുടെ പേര്?
ഹതുശരി,ചാടിച്ച് കൊണ്ടന്ന കേസാല്ലേ...
അവരൊക്കെ വരുമോ?
അങ്ങോട്ടു പോകാറുണ്ടോ?
കുട്ടികള്‍?
എന്തൊക്കെയാ പേര്?
ഉം.

മതിയായോ...
മതിയായി.

ആരാധകന്‍

കല്ലേ,കണ്ണില്ലാത്തതുകൊണ്ട്
കാണാതെയും
ചെവിയില്ലാത്തതുകൊണ്ട്
കേള്‍ക്കാതെയും
വിശപ്പില്ലാത്തതുകൊണ്ട്
തിന്നാതെയും
ജീവനില്ലാത്തതുകൊണ്ട്
മരിക്കാതെയും
കഴിഞ്ഞുകൂടുന്ന നീ തന്നെയാണ്
ദൈവം.

നിന്നെ ആരാധിച്ചാരാധിച്ച്
ഞാനും നീയും തമ്മിലുള്ള
വ്യത്യാസങ്ങള്‍ കുറഞ്ഞു വരുന്നതാണ്
ഒരാശ്വാസം.

ഭംഗിയുള്ള നുണകള്‍

വെള്ളത്തില്‍
വെളിച്ചത്തിന്റെ സിരകള്‍
കീറിക്കീറി
ഒരില
താഴേക്ക് പോകുന്നു.

പരലുകള്‍
അതിനു നേരെ കുതിക്കുന്നു.

അടിത്തട്ടില്‍ സാവകാശം
ചെന്നു വീണ അത്
ഇത്ര നാള്‍ ആകാശത്തെ താങ്ങിയപോലെ
കുളമേ, നിന്നെയും താങ്ങാമെന്ന്
ഒരു നുണ പറയുന്നു.

എന്തിന്റെ കേടാണ് എനിക്ക്

ഈ ബ്ലോഗ് ഒരു മലയാണെങ്കില്‍
ഞാനതിന്റെ തുഞ്ച്ത്തുകയറി നിന്ന് വിളിച്ചു പറയുകയാണ്
അല്ലയോ ഭിന്നാഭിരുചിക്കാ‍രായ ബ്ലോഗന്മാരേ ബ്ലോഗിണികളേ
എനിക്ക് വട്ടാണ്.
രണ്ടു മിനുട്ടു മുന്‍പ്
എന്താണ് എനിക്ക് സംഭവിക്കുന്നതെന്ന്
ഒരു പിടിയുമുണ്ടായിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ ഒരു സംശയത്തിനും ഇടയില്ല,വട്ടു തന്നെ.
എന്തിന്റെ കേടാണ് എനിക്ക് എന്നാണ് എന്റെ സ്റ്റാറ്റസ് മെസ്സേജ്.
സത്യത്തില്‍ ഏതെങ്കിലും മലയുടെ തുഞ്ചത്തുകയറി നിന്ന്
ഞാന്‍ പറയാന്‍ ആഗ്രഹിച്ചിട്ടുള്ള ഒന്നുരണ്ടു കാര്യങ്ങളേ ഉള്ളൂ.
ഒന്ന്: ഞാന്‍ ഈ ലോകത്ത് ഒറ്റയ്ക്കാണ്.
രണ്ട്:എന്നെ ആരെങ്കിലും സ്നേഹിച്ചില്ലെങ്കില്‍
കടുത്ത സങ്കടത്താല്‍ ഞാന്‍ മരിച്ചുപോകും.
ഒറ്റപ്പെടല്‍/ഏകാന്തത/ശൂന്യത/മരണാഭിമുഖ്യം
ഇതൊക്കെ എഴുത്തുകാരുടെ തട്ടിപ്പാണെന്ന്
ഇന്നാളും കൂടി ഹരി ഫോണില്‍ പറഞ്ഞത്
ഞാനും സമ്മതിച്ചതാണ്.
എന്നിട്ടിതാ നുണയാക്കാന്‍ നിവൃത്തിയില്ലാത്ത ഈ സത്യത്തെ
എവിടെ എങ്ങനെ കുഴിച്ചിടുമെന്നറിയാതെ,
ഭാര്യയെ കൊന്ന ഭര്‍ത്താവിനെപ്പോലെ
ജഡം കുറേശ്ശെ കുറേശ്ശെ തിന്നു തീര്‍ക്കാമോ എന്ന്
ആലോചിക്കേണ്ടി വരുന്നു.
ആരും സ്നേഹിക്കാനില്ലാതെ വരിക എന്നത്
എത്ര ലജ്ജാവഹമായ ഒരു സംഗതിയാണ്.
അതിങ്ങനെ വിളിച്ചുപറയുക എന്നത്
എത്ര വലിയ ദുരന്തമാണ്.
എക്കാലക്സ് കഴിച്ചിട്ടും
മരിക്കാതെ പോയവന്റെ ബാക്കി ജീവിതം
വിഷംകുടിച്ചവന്‍ എന്ന വിലാസത്തില്‍
അറിയപ്പെടുന്നതുപോലെ
എത്ര നിന്ദ്യമായിത്തീരും
ഈ വിളിച്ചു പറച്ചിലിനു ശേഷം.

എങ്കിലും ഒരൊറ്റ ഇമേജ് ബാക്കിവെക്കുക.
മാനം മുട്ടി നില്‍ക്കുന്ന മലമുകളില്‍ നിന്ന്
നിലവിളിക്കുന്നവന്റെ
ഒരൊറ്റ ഇമേജ്.
കാതടപ്പിക്കുന്ന...

അലര്‍ച്ച

മുന്‍സിപ്പാലിറ്റി മൂത്രപ്പുരയില്‍
കാവലിരിക്കുന്നവന്റെ ജീവിതമാണോ
പ്രീതാ ടാക്കീസില്‍ ടിക്കറ്റുമുറിക്കുന്നവന്റെ ജീവിതം?
ടിക്കറ്റു മുറിക്കുന്നവന്റെ ജീവിതമാണോ
ഷാപ്പില്‍ കള്ളൊഴിക്കുന്നവന്റെ ജീവിതം?
കള്ളൊഴിക്കുന്നവന്റെ ജീവിതമാണോ
ഫുട്പാത്തില്‍ ഇസ്തിരിയിടുന്നവന്റെ ജീവിതം?
ഇസ്തിരിയിടുന്നവന്റെ ജീവിതമാണോ
പോക്കറ്റുകളില്‍ നിന്ന് പോക്കറ്റുകളിലേക്കു പോവുന്ന
പോക്കറ്റടിക്കാരന്റെ ജീവിതം?
പോക്കറ്റടിക്കാരന്റെ ജീവിതമാണോ
ഇഞ്ചികൃഷിക്കാരന്റെ ജീവിതം?
ഇഞ്ചികൃഷിക്കാരന്റെ ജീവിതമാണോ
ചെവിയില്‍ പെന്‍സില്‍ വെച്ചിരിക്കുന്ന
മൂത്താശാരിയുടെ ജീവിതം?
മൂത്താശാരിയുടെ ജീവിതമാണോ
നടുക്കടലില്‍ വലവീശുന്നവന്റെ ജീവിതം?
വലവീശുന്നവന്റെ ജീവിതമാണോ
ഇവന്മാരുടെയൊക്കെ അവളുമാരുടെ ജീവിതം?
അതു വല്ലതുമാണോ കുട്ടികളുടെ ജീവിതം?
അതു വല്ലതുമാണോ തന്ത തള്ളാരുടെ ജീവിതം?

ഓ ജീവീതമേ,എത്ര രൂപത്തില്‍
ഏതൊക്കെ അനുപാതങ്ങളില്‍
നീയിങ്ങനെ മൂത്രമൊഴിച്ചും അപ്പിയിട്ടും
ചിരിച്ചും കണ്ണീര്‍ പൊഴിച്ചും തൊണ്ടപൊട്ടിച്ചും
‘ഒന്ന് നിര്‍ത്തുന്നുണ്ടോ’എന്ന്
എന്നെക്കൊണ്ട് പറയിപ്പിക്കും വിധത്തില്‍
അലറിക്കൊണ്ടേയിരിക്കുന്നു..

അടക്കകളേ...

ആര്‍ക്കോ ചവച്ചു ചവച്ചു തുപ്പുവാന്‍
പഴുത്തു പാകമായ് നില്‍ക്കുമടക്കകളേ
തളപ്പിട്ടു കയറിവരുന്നുണ്ടൊരുത്തന്‍
ഈ കവുങ്ങിന്നുയരവുമരക്ഷിതം.

അറിഞ്ഞതില്‍ നിന്ന്

അറിഞ്ഞതില്‍ നിന്ന്
നമുക്ക് രക്ഷയില്ല.

മീന്‍ തീറ്റ നിറുത്തിയവനെ
മീന്‍‌കൂട്ടാന്റെ ചൂര്,
സിഗരറ്റു വലി നിറുത്തിയവനെ
പുകയൂതുന്ന ചുണ്ടുകള്‍,
കുടി നിറുത്തിയവനെ
ഒരു കൂടലാല്‍ സ്വതന്ത്രമാവുന്ന
വേദനകള്‍...
മാടി മാടി വിളിക്കും.

ഒരു തെറ്റ്,ഒരു കുറ്റം
ഒന്നും ഒരിക്കല്‍ മാത്രം ചെയ്ത്
അവസാനിപ്പിക്കാനാവില്ല.
വിളിച്ചുകൊണ്ടേയിരിക്കും
വരിക വരികെന്ന്
വിളിപ്പുറത്തുള്ള നമ്മളെ.

ശത്രു

വെറുമൊരു മലഞ്ചരക്കായ നിന്നെ
ചരക്കേ എന്നു വിളിക്കുന്നതെങ്ങനെ?
കൂറഗുളികയുടേയോ കുന്തിരിക്കത്തിന്റേയോ
മണമുള്ള നിന്റെ ചട്ടയും മുണ്ടും എനിക്കിഷ്ടമല്ല.
ഭക്തിയല്ല,ദഹനക്കേടാണ് നിന്നെക്കൊണ്ട്
വേദപുസ്തകം ദിവസവും വായിപ്പിക്കുന്നതെന്ന്
ഗബ്രിയേലച്ചന്‍ സത്യമായും എന്നോട് പറഞ്ഞിട്ടില്ല.
മാതാവിന്റെ തിരുമുന്‍പില്‍ ഉരുകിക്കിടക്കുന്ന
മെഴുതിരികളെ ഓര്‍ത്തെങ്കിലും
നീ ആ അസഹിഷ്ണുതയുടെ പാനപാത്രം
നിന്നില്‍ നിന്ന് അകറ്റേണമേ...
ഞാന്‍ പോവുന്ന വഴികളിലൊക്കെ
കൊടിത്തൂവയായി മുളയ്ക്കാമെന്ന്
നിനക്ക് നേര്‍ച്ചയുണ്ടെന്ന് എനിക്കറിയാം.
ഓര്‍മ വെച്ച നാ‍ള്‍ മുതല്‍
ഞാന്‍ നിന്റെ ശത്രുവായതെങ്ങനെയാണ്?
വേദപാഠക്ലാസില്‍ വെച്ച് കാന്താരീ എന്ന്
ഞാന്‍ നിന്നെ വിളിച്ചപ്പോള്‍
എന്റെ മുഖത്ത് ശത്രു എന്ന്
എഴുതിവെച്ചിട്ടുണ്ടായിരുന്നോ?

അതിഥി

കലഹത്തിന്റെ കൂടായിരുന്നു ഞങ്ങളുടെ വീട്.
ചെറുതും വലുതുമായ കലഹങ്ങള്‍,
കാരണത്തിലും അകാരണത്തിലും പൊട്ടുന്നവ.
ആരും ആരോടും എപ്പോഴും ഒരു കലഹത്തിലേക്ക്
വഴുതിവീഴാം...
അങ്ങനെയായിരുന്നു കാര്യങ്ങളുടെ
(അതോ വീടിന്റെയോ) കിടപ്പ്.
പരസ്പരം പോരാടുന്നവരുടെ വീട്
ഓരോ മുറിയിലും ചില ആയുധങ്ങള്‍ കരുതും.
ഉലക്ക,ചൂല്,ചിരവ...അടുക്കള നല്ലൊരു ആയുധപ്പുരയാണ്...
കേടായ റേഡിയോ,കസേര,കുട തുടങ്ങിയവ
സന്ദര്‍ഭത്തിനനുസരിച്ച് ആയുധങ്ങളാവും.
ആര്‍ക്കും പരിക്കുപറ്റാതെ നോക്കേണ്ടത്
അയല്‍‌വക്കക്കാരുടെ ചുമതലയാണ്.
അവര്‍ അത് കൃത്യമായി ചെയ്തു വന്നു.
പ്രതിഫലമായി ഇഞ്ചിയോ ചേനയോ തേങ്ങയോ
അവര്‍ മോഷ്ടിക്കുന്നത് ഞങ്ങള്‍ കണ്ണടച്ചു.

ഓരോ ദിവസവും ഓരോ ദിവസമായിരുന്നു.
ചിലപ്പോഴൊക്കെ ഞങ്ങള്‍ നിശ്ശബ്ദരായിരുന്നു.
അപ്പോഴൊക്കെ നിശ്ശബ്ദത അപശബ്ദങ്ങളിലേക്കുള്ള
ഒരു വാതില്‍ച്ചതുരമായാണ് പ്രവര്‍ത്തിച്ചത്.

അങ്ങനെയുള്ള വീട്ടിലേക്കാണ്
ഒരു വൈകുന്നേരം, ഓട്ടോറിക്ഷയില്‍
ഒരു ടെലിവിഷന്‍ വന്നിറങ്ങുന്നത്.
സ്വീകരണമുറിയില്‍ ചെന്നിരുന്ന്
അത് 24 മണിക്കൂറും പ്രവര്‍ത്തിച്ചു.
പാട്ടായി,പരസ്യമായി,സിനിമയായി,സീരിയലായി...
ഞങ്ങളൊക്കെ അതിന്റെ മുന്നിലുമായി.
അവനവനെക്കുറിച്ചോ
മറ്റുള്ളവരെക്കുറിച്ചോ ആലോചിക്കാതായി.
ഒന്നിനെക്കുറിച്ചും
(എന്തിന്,റിമോട്ടിനെക്കുറിച്ചു പോലും)
കലഹിക്കുവാന്‍ സമയമില്ലാതായി.
സീരിയലില്‍ നിന്ന് സീരിയലിലേക്ക്
പൊങ്ങുതടികള്‍ പോലെ ഞങ്ങള്‍ ഒഴുകി.
എല്ലാ ദിവസവും ഒരേ ദിവസമായി.
ഒരു ഞായറാഴ്ച അതു പറഞ്ഞു:
‘ധര്‍മ സംസ്ഥാപനാര്‍ഥായാ
സംഭവാമി യുഗേ യുഗേ...’
സമാധാനത്തിന്റെ സംസ്ഥാപകനെ വണങ്ങി
ഒരു വേള പറയാതിരിക്കാനായില്ല:
‘അതിഥി ദേവോ ഭവ...’
കലഹങ്ങള്‍ കൊണ്ട് വെവ്വേറെ അടയാളപ്പെടുത്തിയ
ദിവസങ്ങള്‍ ഇനി തിരിച്ചു വരികയില്ല.
വിസ്മൃതിയുടെ ഈ ദയവ്
സമാധാനത്തെ പരിപാലിക്കുന്ന വിധം കണ്ട്
ഇടയ്ക്കിടെ ഒരു ഭയം ഇറങ്ങി വരുന്നുണ്ട്...
അടഞ്ഞുപോയ കലഹതാത്പര്യം
വേഷം മാറി വരുന്നതാവുമോ...?