gfc

ഉന്നങ്ങള്‍

ഉന്നം നോക്കി എറിയുമ്പോള്‍
എന്റെ കൈകളുടെ ഉള്ളിലൂടെ
വേറൊരു കൈ നീണ്ടു വരും.
എന്നിട്ട്, ഏറിനെ കൃത്യമായി
തെറ്റിച്ച് ഞാനൊന്നുമറിഞ്ഞില്ലേ
രാമനാരായണ എന്ന് ചൊല്ലും.

ചിരിക്കാന്‍ തുനിയുമ്പോള്‍
എന്റെ മുഖപേശികള്‍ക്കിടയിലൂടെ
അവന്റെ പേശികള്‍ കടന്നുവന്ന്
ചുണ്ടുകളെയും കണ്ണുകളെയും
കീഴ്പ്പെടുത്തി ചിരിയെ
കരച്ചിലാക്കിമാറ്റും.

കരയാന്‍ തുനിയുമ്പോള്‍
മറിച്ചാവും അവന്റെ ഏര്‍പ്പാട്.

'എന്നാല്‍പിന്നെ,
ചിരിക്കേണ്ടിവരുമ്പോള്‍
കരയാന്‍ ശ്രമിച്ചാല്‍ മതിയല്ലോ,
അപ്പോള്‍ അവനിടപെട്ട്
കരച്ചിലിനെ തിരുത്തി
ചിരിയാക്കുമല്ലോ...' എന്ന്
ഒരു അസാമാന്യ ബുദ്ധി
ചോദിച്ചു.
ഞാനങ്ങനെ ആലോചിക്കുമ്പോള്‍ ,
ആ ആലോചനയെ തെറ്റിക്കുന്ന
അവന്റെ ആലോചന
എന്റെ തലച്ചോറില്‍
നിന്ന് മുന്നോട്ട് തുറിച്ചു വരും.

അങ്ങനെ
ഈ തെരുവിന്റെ ഒത്ത നടുക്ക്
അനുചിതമായ പെരുമാറ്റങ്ങളുടെ
മൊത്തവില്‍പ്പനശാലയായി
ഞാനിങ്ങനെ അന്തം വിട്ട്
വായും പൊളിച്ചു നില്‍ക്കുകയാണ്.
എന്റെ കാലുകള്‍ക്കുള്ളിലൂടെ
അവന്‍ അവന്റെ കാലുകള്‍
പ്രവര്‍ത്തിപ്പിച്ച്
എന്റെ ഓരോ കാല്‍ വെപ്പും
തെറ്റിക്കുന്നു.
ഉന്നങ്ങളെ തെറ്റിക്കുന്നവന്റെ
ഉന്നമെന്തെന്ന്
ഉന്നയിക്കാന്‍ പോലും നിവൃത്തിയില്ല.
അപ്പോഴേക്കും
ആ ഉന്നയിക്കല്‍ തന്നെ
തെറ്റിച്ചിരിക്കും
മൂപ്പര്‍ .

എല്ലാ ഉന്നങ്ങളും ശരിയാണെങ്കില്‍
ഏറുകള്‍ക്കെന്ത് ചന്തം?
എങ്കിലും എല്ലാ ഉന്നങ്ങളും
പിഴയ്ക്കുന്നതിന്റെ ചന്തം
എനിക്ക് സ്വന്തം.

ഉന്നം തെറ്റിക്കുന്ന ഒരുവന്‍
ഇപ്പോഴും എന്റെ ഉള്ളില്‍ ഒളിച്ചിരിപ്പാണ്.
ഈ കവിതയുടെ ഉന്നവും
ഇതാ...തെറ്റിച്ചിരിക്കുന്നു.

ക്രിസ്മസ് ആശംസകള്‍ ...




ക്രിസ്മസ് ഒരു തണുത്ത ഓര്‍മയാണ്.വയനാട്ടിലെ എന്റെ അയല്‍ക്കാരായ ഐസക്കേട്ടനേയും ചിന്നമ്മേച്ചിയേയും ലിസിചേച്ചിയേയും ഓര്‍ക്കാതെ എനിക്ക് ക്രിസ്മസിനെ ഓര്‍ക്കാനാവില്ല.നക്ഷത്രങ്ങള്‍ തൂങ്ങി നില്ക്കുന്ന പാത,തണുപ്പ്,വിദൂരതയില്‍ നിന്ന് അടുത്ത് വരുന്ന കരോള്‍ ഗാനം,മുറ്റത്തു വന്നെത്തുന്ന ക്രിസ്മസ് അപ്പൂപ്പന്‍ ...ഒന്നും മറക്കാനാവില്ല.ത്യാഗപൂര്‍ണമായ ഒരു ജീവിതത്തിന്റെ ഓര്‍മ ലോകത്തെ ആനന്ദിപ്പിക്കുന്നു.

എല്ലാ പാപങ്ങളും ഏറ്റേടുക്കാന്‍ വന്നവനേ,
നിനക്ക് മുള്‍ക്കിരീടവും കയ്പ്പ വെള്ളവുമായി
ഞങ്ങളിനിയും കാത്തിരിപ്പാണ്.
നിനക്കുള്ള കാല്‍വരിയിലെ കുരിശ് വീണ്ടും
ഒഴിഞ്ഞു കിടക്കുന്നു.
ഉയിര്‍ത്തെഴുന്നേറ്റവനേ,
നിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്
വീണ്ടും ഒരു കുരിശാരോഹണത്തിനല്ലെന്ന്
ഞങ്ങളെങ്ങനെ വിശ്വസിക്കും?

ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍ ...

പ്രണയരോഗി

ഓര്‍ത്തത് നിന്നെയായിരുന്നു.
എടക്കല്ലിന്റെ ഗുഹാമുഖത്തുനിന്ന്
ആകാ‍ശത്തിന്റെ വ്യഥിതശോഭകള്‍
വില്ലുകുലച്ചു വരുമ്പൊഴും
കണ്മഷിപോലെ കറുത്തു പോയ രാത്രിയില്‍
തൊവരിമലയുടെ നെഞ്ചത്ത്
ഒരു മണ്‍വിളക്കുമാത്രം
എരിഞ്ഞു നില്‍ക്കുന്ന് വിദൂരദൃശ്യം
കണ്ണുകള്‍ റാഞ്ചുമ്പൊഴും
ഒരു പൊക്കിള്‍ക്കുഴിക്ക്
ചുറ്റിലുമെന്ന പോലെ
പൂക്കോടിന്റെ തടാകക്കരയിലൂടെ
കൂട്ടുകെട്ടിന്റെ ഐസ്ക്രീം
നുണഞ്ഞുതീരുമ്പൊഴും
പള്ളിക്കുന്നിലെ മണിയൊച്ചകള്‍ക്കും
ആഹ്ലാദത്തിരക്കിനുമിടയ്ക്ക്
ഒറ്റപ്പെട്ട്
മനസ്സില്‍ ദുഃഖത്തിന്റെ മുള്ള് തട്ടുമ്പൊഴും
ഓര്‍ത്തത് നിന്നെയായിരുന്നു.
പക്ഷേ,നിന്നെ ഞാനറിയുന്നീല,നീയെന്നെയും.
ഞാന്‍ നിന്നെ തിരഞ്ഞു കൊണ്ടിരിക്കുന്നു.
കാലുംകണ്ണും മനസ്സും കടയുന്നതു വരെയെങ്കിലും,
ഹൃദയത്തിലെ റാന്തല്‍ അണയുന്നതു വരെയെങ്കിലും,
ഞാന്‍ നിന്നെ തിരഞ്ഞു കൊണ്ടിരിക്കും.

പ്രണയബാങ്ക്

പണ്ട് ഞാനൊരു പെണ്‍കുട്ടിക്ക്
എഴുതി:
'You are my bank;
I invest my love in you.'
ബാങ്ക് പൊളിഞ്ഞു.
എന്റെ നിക്ഷേപം നഷ്ടമായി.
ഞാന്‍ പാവം ഉപഭോക്താവ്.
ഉപഭോക്തൃതര്‍ക്ക പരിഹാ(ര)സ കോടതി
ഇതൊന്ന് ശ്രദ്ധിക്കുമോ?
തര്‍ക്കമില്ല, പരിഹാസവും വേണ്ട.
ബാങ്കിന്റെ ഉടമസ്ഥാവകാശം
ഇപ്പോഴാര്‍ക്കാണാവോ...?
പൊതുമേഖലാ ബാങ്കുകളിലെ
സ്ഥിതി എങ്ങനെയാണാവോ...?

വീഴ്ച്ച

നിന്റെ സ്നേഹം
ഒരു കിണറിന്റെ
മൂടിയായിരുന്നു.
അത് നീങ്ങിയപ്പോള്‍
കുപ്പിച്ചില്ലുകളും
പാമ്പുകളും നിറഞ്ഞ
കിണറ്റിലേക്ക്
ഞാനിതാ വീഴുന്നു.
എന്റെ കൈകള്‍
ഉയര്‍ന്നുതന്നെ...
എന്റെ നിലവിളി
ഉറക്കെത്തന്നെ...
വൈദ്യുതി നിലച്ച
നഗരം പോലുള്ള
എന്റെ ഹൃദയത്തില്‍
ഭീതിയുടെ പതിനായിരം
ജനറേറ്ററുകള്‍
ശബ്ദിച്ചു..
സ്നേഹമേ,
നീയെന്നെ വിട്ടുവോ...?
താഴെ,
മരണത്തിന്റെ
പിളര്‍ത്തിയ വായ.

(24-4-2000)

എന്നെ യക്ഷിപിടിച്ചത് നേരാണ്...

ഒരു ഞായറാഴ്ച്ച വൈകിട്ട്
മലമ്പുഴയില്‍ വെച്ച്
കാനായി കുഞ്ഞിരാമന്റെ
യക്ഷി എന്നെ പിടികൂടി.
പക്ഷേ,യക്ഷി നന്നേ ചടച്ചിരുന്നു.
നഖങ്ങള്‍ വെട്ടിയിരുന്നു.
തുണി ഉടുത്തിരുന്നു.
കാനായി മനസ്സില്‍ നിന്ന്
പൊളിച്ചെടുത്ത(പൊളിച്ചുവെച്ച) യക്ഷി
ഊക്കന്‍ മുലകള്‍
മുന്നോട്ടുന്തിയുന്തി
എത്രകാലമായ്
എന്നെ കാത്തുകാത്ത്
ചീരഴിഞ്ഞു.
ഞാനും യക്ഷിയും
ഡാമിനു മുകളില്‍ കയറി.
ഇരുട്ടും ചാറ്റല്‍ മഴയും മിന്നലും
അവിടെ കുശുമ്പ് പറയുന്നുണ്ടായിരുന്നു.
നക്ഷത്രങ്ങള്‍ പുരാതനമായ
പല്ലിളികൊണ്ട് ആകാശം അലങ്കരിച്ചിരുന്നു.
വൈദ്യുതിക്ഷാമം കൊണ്ട്
പൊറുതിമുട്ടിയവര്‍ക്ക്
ആനന്ദാശ്വാസത്തിന്
താഴെ വൈദ്യുതോദ്യാനം
തീര്‍ത്തിരുന്നു.
ഡാമിനുമുകളില്‍
MALAMPUZHA DAM
എന്ന് ബള്‍ബുകള്‍ നാമം ചൊല്ലിയിരുന്നു.
അപ്പോള്‍ യക്ഷി പറഞ്ഞു:
*'I want your wild substance'
ഞാന്‍ പറഞ്ഞു :‘ബാലചന്ദ്രന്‍ ഇതറിയണ്ട,
കേസു കൊടുക്കും.’
-‘35 വയസ്സിന് ചുവടെയുള്ള കോപ്പിയടിക്കവി-
യായതുകൊണ്ട് എന്തെങ്കിലും ഇളവ്...?’
ഒരിളവുമില്ലാതെ ഞാനവളെ പ്രാപിച്ചു.
പാലക്കാടന്‍ ഭാഷയില്‍ അവള്‍ ചോദിച്ചു:
‘ചീരഴിഞ്ഞോ...?’
എല്ലാ ചീരും അഴിഞ്ഞിരുന്നു.
അവള്‍ പറഞ്ഞു:
‘എന്റെ ജന്മം സാര്‍ഥകമായി .
എനിക്കിനി ഡാമില്‍ ചാടണം.’
'പ്രിയപ്പെട്ട തന്തേ ,കാ‍നായീ,
ഇവളെ സൃഷ്ടിച്ചപ്പോ
മൈസൂറിലെ ഗണേശപ്രതിമയുടെ
ജലാസക്തിവൈറസ്
ജീനില്‍ കലര്‍ന്നിരുന്നോ...? '
കാനായി മിണ്ടാട്ടമില്ല.
അയാളും പ്രതിമയായോ എന്തോ...?
* * * *
യക്ഷി ഇപ്പോള്‍‘എന്നെ കെട്ടണമെന്നു' പറഞ്ഞ് എന്റെ കൂടെയുണ്ട്.ഇല്ലെങ്കില്‍‍,സ്ത്രീപീഡനത്തിന് കേസു കൊടുക്കുമത്രേ.ഏതായാലും ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന സാമ്പ്രദായികസഞ്ജീവനി കൊടുത്ത് ഞാനവളെ രക്ഷിച്ചു.


(വര്‍ഷങ്ങള്‍ക്കുമുന്‍പ് എഴുതിയത്)
* ബാലചന്ദന്‍ ചുള്ളിക്കാടിന്റെ സഹശയനം എന്ന കവിതയിലെ ഒരു വരി.

കാഞ്ഞിരം

ഇല പറിച്ചു കടിച്ച്
കാര്‍ക്കിച്ചു തുപ്പിയകുട്ടിയോട്
ലോകത്തിന്റെ മുഴുവന്‍
കയ്പ്പും പേറി കാഞ്ഞിരം പറഞ്ഞു:
'കയ്പ്പ് ജന്മസ്വഭാവമായിപ്പോയി;
മധുരിക്കുകയും പുളിക്കുകയും
ചെയ്യുന്ന ആയിരം മരങ്ങള്‍ക്കിടയില്‍
കയ്പ്പ് എന്റെ മൌലികത.'

(31-3-2000)

വയല്‍ക്കരയിലെ വീട്

വയല്‍ക്കരയിലെ വീടിന്
കാറ്റും കിളികളും കൂട്ടുകാര്‍ ,
വെള്ളം നിറഞ്ഞ പാടം കണ്ണാടി,
തൊടിയിലെ കമുകിന്‍ തോട്ടത്തിന്റെ വക
സുഗന്ധ ലേപനം.
തണവു നിറഞ്ഞ മുറ്റത്ത്
ലോകത്തെ മുഴുവന്‍
സമാധാനം.
വയല്‍ക്കരയിലെ വീടിന്
ആശങ്കകളില്ല...ആനന്ദം മാത്രം.
അതിന്റെ വൈക്കോല്‍ മേല്‍ക്കൂര കണ്ട്
കരിമേഘങ്ങള്‍ അലിയുന്നു.
ചീവീടുകളും തവളകളും
ദൈവത്തിന്റെ ഫോണ്‍ വിളികള്‍ പോലെ
നിരന്തരം റിംങ് ചെയ്യുന്നു.
ആരെങ്കിലും ഒന്ന് എടുത്തെങ്കില്‍ ...
വയല്‍ക്കരയിലെ വീട്ടിലേക്ക്
അദ്ദേഹം വരുന്നുവെന്ന്
പറയാനാണെങ്കിലോ....
ആരോ വരുന്നുണ്ട്....
ദൂരെ വരമ്പത്തുകൂടി ശ്രദ്ധിച്ചു ശ്രദ്ധിച്ച്....

(28-8-2000)

മര്‍ദ്ദകര്‍ക്കുള്ള സന്ദേശം

തേഞ്ഞ് വാറുപൊട്ടിയ ചെരുപ്പിനെ
വലിച്ചെറിഞ്ഞ് ചരല്‍ വഴിയിലൂടെ നടന്നു.
കാലങ്ങളായി അടക്കിവെച്ച മൂര്‍ച്ചകള്‍
കല്ലുകളും മുള്ളുകളും മൃദുലമായ
പാദങ്ങളില്‍ പരീക്ഷിച്ചു.
നിത്യമര്‍ദ്ദിതരുടെ ഭാഷയില്‍ അവ പറഞ്ഞു:
‘ചെരുപ്പിന്റെ കവചമുപേക്ഷിച്ച്
എന്നെങ്കിലും നീ പുറത്തുവരുമെന്ന്
ഞങ്ങള്‍ക്കറിയാമായിരുന്നു.
എല്ലാ മര്‍ദ്ദകരോടും ഈ സന്ദേശം
അറിയിച്ചേക്കൂ....
ഞങ്ങള്‍ തോറ്റിട്ടില്ല,
മൂര്‍ച്ച കുറഞ്ഞിട്ടുമില്ല.’

അറിയാതെ

നിലാവും ഇരുട്ടും മഞ്ഞും
കൂടിയ വഴിയിലേക്ക്
ഒരു തുന്നല്‍ യന്ത്രത്തിന്റെ
ശബ്ദം വാതില്‍ തുറന്ന്
ഓടി വന്നു.
മുറിയിലെ ലഹരി പിടിച്ച
വെളിച്ചം മാത്രം
അവിടേക്ക് വന്നില്ല.
ജനല്‍ക്കണ്ണുകള്‍
തുറന്നുവെച്ചിട്ടും
ആ വീട് എന്നെ കണ്ടില്ല .
ഒരു പക്ഷേ ,
പിണക്കം തീര്‍ന്നിട്ടുണ്ടാവില്ല
ശാന്തമായ ആ ഭ്രാന്തിന്...
അല്ലെങ്കില്‍ ,
‘നീ വന്നല്ലോ...’ എന്ന്
ഞൊടിയില്‍ പാലകള്‍
പൂത്തേനേ...
എങ്കിലും
കാറ്റിതിലേ പോയെന്ന്
കുളമറിയാതെ വരുമോ...?

കുളം+പ്രാന്തത്തി

പ്രാന്തത്തി ദിവസവും
വെളുപ്പാങ്കാലത്ത്
കുളിക്കാന്‍ വരും.
കുളം അവളുടെ
കാമുകനാണെന്നാ
വിചാരം.
അവള്‍ കുളത്തിനോട്
അംഗവിക്ഷേപങ്ങളോടെ
കഥ പറയും,
പരിഭവിക്കും,
ഉടുതുണിയഴിച്ചിട്ട്
മതിയാവോളം
കെട്ടിപ്പിടിക്കും.
കുളക്കരയിലിരുന്ന്
കുറേനേരം
മുടികോതും,
കരയും,
ചിരിക്കും.
ഒരു ചെറുചിരിയുമായി
കുളം നിശ്ശബ്ദനായി
കിടക്കും.
എല്ലാം കേട്ട്
ഒരു മീങ്കൊത്തി
ഇങ്ങനെ ചീത്ത
പറയും:
'നാണമില്ലാത്ത കുളമേ,
എത്ര പെണ്ണുങ്ങളുടെ
നഗ്നത കുടിച്ചാലും
മതിവരാത്തവനേ,
ഈ പ്രാന്തത്തിയെയെങ്കിലും
നിനക്കൊഴിവാക്കിക്കൂടേ...'എന്ന്.

എന്നിട്ടോ...?
ഒരുദിവസം...പ്രാന്തത്തിയെ,
നമ്മുടെ പുന്നാര പ്രാന്തത്തിയെ
അവളുടെ കാമുകനായ
കുളം കെട്ടിപ്പിടിച്ച് കെട്ടിപ്പിടിച്ച്
വിടാതെ
തിരിച്ചും മറിച്ചുമിട്ട്
ചുംബിച്ച് വശംകെടുത്തി.
ഒന്ന്...രണ്ട്...മൂന്ന്...
എന്നെണ്ണി
മൂന്നുവട്ടം മുക്കി.
അങ്ങനെയവള്‍ ...,
നമ്മുടെ പ്രാന്തത്തി
പിടഞ്ഞു പിടഞ്ഞ്
തന്റെ കാമുകനില്‍ വിലയിച്ചു...

...എന്നാവും നിങ്ങള്‍ ധരിക്കുന്ന
ക്ലൈമാക്സ്.
എന്നാല്‍ അങ്ങനെയല്ല ഉണ്ടായത്.
മൂപ്പത്ത്യാര്‍ ,
അതായത് നമ്മുടെ
പ്രാന്തത്തിയാണ്
ടിയാനെ തിരിച്ചും മറിച്ചുമിട്ട്
മേല്‍പ്പറഞ്ഞ നടപടി(അ)ക്രമങ്ങള്‍
കാണിച്ചത്.
അങ്ങനെ ശ്വാസം മുട്ടി
പിടഞ്ഞു പിടഞ്ഞ്
ആ കുളം പ്രാന്തത്തിയില്‍
ചത്തുപൊങ്ങി.
ആ കുളത്തിന്റെ ശവവും
കൊണ്ടാണ്
ഇപ്പോഴും
പ്രാന്തത്തീന്റെ
നടപ്പ്.
എല്ലാ കുളങ്ങള്‍ക്കും
ഇപ്പോള്‍
പ്രാന്തത്തിയെ
പേടിയാണ്.

ലീല

കാറ്റിന്റെ കളി കണ്ട് ഞാന്‍
അമ്പരക്കുകയാണ്.
നിന്നെ നടത്തുകയും ഇരുത്തുകയും ചെയ്ത് കാറ്റ്,
നിന്നെ കെടുത്തിയതും ഞാന്‍ കണ്ടു.
നിന്നെ വീര്‍പ്പിച്ച്,
നിന്നില്‍ ഒതുങ്ങിക്കിടന്ന്,
നിന്നെ സുന്ദരനാക്കി,
നിന്നില്‍ കാണികളെ
പ്രലോഭിതരാക്കിയവന്‍...
ഒടുവില്‍ നിന്നെ
വീര്‍പ്പിച്ചു വീര്‍പ്പിച്ചു
പൊട്ടിച്ചതും അവന്‍ ...
എന്തൊരു ജ്ഞാനപ്പാന!
കാറ്റ് ഇലകള്‍ക്കടിയില്‍ എന്തു ശ്രദ്ധിക്കുന്നു?
ഈ പ്രപഞ്ചത്തിന്റെ മുകളില്‍
അവന്റേത്
എന്തൊരു കിടപ്പ്... !
ഭൂമിയെ കെട്ടിപ്പിടിച്ച്...,
ചിലപ്പോള്‍ കൈകളനക്കി,
ചിലപ്പോള്‍ കാലിട്ടടിച്ച്...,
അവന്റേത് എന്തൊരു രതി!
കേള്‍ക്കാവുന്ന എല്ലാ ഭാഷകളും
അവന്റേത്.
എന്റേതെന്ന് ഞാന്‍ അഹങ്കരിച്ച
എല്ലാ വാക്കുകളും അവന്റേത്.
അവന്‍ വാക്കുകള്‍ കൊടുക്കുന്നു.
അവന്‍ വാക്കുകള്‍ എടുക്കുന്നു.

അറവറിവ്

അറവുമൃഗമേ,
മരണത്തെ
നീ നിസ്സംഗമായി
നേരിടുന്നു...
നിന്റെ നിസ്സംഗത
എന്നെ വേദനിപ്പിക്കുന്നു.
കൊലക്കത്തി
നിന്റെ കഴുത്ത്
കാത്തിരിക്കുന്നുവെന്ന്
പാവം നീ അറിയില്ല.
നീ മൃഗം.
ഭൂമികുലുക്കവും
അഗ്നിപര്‍വതങ്ങള്‍
പൊട്ടുന്നതും
നീ മുന്‍കൂട്ടി അറിയും.
പക്ഷേ,നിന്റെ
ആയുഷ്ക്കാല-
സേവനം പറ്റിയ്വന്‍
നിന്നെ കൊല്ലാന്‍
പോവുന്നത്
നീ അറിയില്ല.
അത്രയ്ക്ക്
നിഗൂഢവും
വേദനാജനകവുമാണ്
വഞ്ചന...

ശേഷി

ശേഷിയില്ലാത്തവന്റെ ഭാര്യ
നാട്ടുകാരെ മുഴുവന്‍ സ്വീകരിക്കാന്‍
പരക്കം പായുന്നതുപോലെയാണ്
ഉത്തരാധുനിക മലയാളകവിതയുടെ സ്ഥിതി.
ഇതൊരു തമാശയാണ്.
വിഷയം ഉത്തരാധുനിക കവിതയല്ല;
ശേഷിയാണ്.
ശേഷിയില്ലാത്തവന് ടി ഭാര്യയോട്
തോന്നുന്നതെന്ത്?
മൌനത്തിന്റെ നാലു രൂപയുടെ
പറ്റുപുസ്തകത്തില്‍ അയാളുടെ കണക്കെന്ത്?
അവളുടെ അസംതൃപ്തമായ
ഇ(അ)ടുപ്പ് ആര്‍ത്തിയോടെ
ചുട്ടുപൊള്ളുമ്പോള്‍
അയാള്‍ക്ക്
ഒരു കൊള്ളി വെക്കാനാവില്ല.
അയാള്‍ പിന്നെ ഒരു സ്മാരകമാണ്.
അയാള്‍ക്ക് വാട്സണ്‍ ഒരു
പുരോഹിതനും
ജനിതകം ഒരു ബൈബിളും ആവുന്നുണ്ട്.
ഒരു പൂച്ചയ്ക്കുപോലും പ്രതീക്ഷയുണ്ട്.
അത് മീന്‍കാരനെ കാക്കുന്നു.
ഒരു പക്ഷേ മീന്‍കാരന്‍ അതിന്
ഒരു മീന്‍ പോലും കൊടുത്തില്ലെന്നും വരാം.
മീന്‍ വാങ്ങാന്‍ അതിന് ശേഷിയില്ല.
അതിന് RBI യുടെ വിലകുറഞ്ഞ
ഒരു കടലാസുപോലും കിട്ടാനില്ല.
അതിന് പുരാതനമായ കരച്ചില്‍ ബലം.
നവീകരിക്കാന്‍ മിനക്കെട്ടിട്ടില്ലാ‍ത്ത
‘ങ്യാവൂ’ ബലം.
അതിന് കരയുന്ന കുഞ്ഞിനേ
പാലുള്ളൂ എന്ന പ്രമാണത്തില്‍ വിശ്വാസം.
അത് കരയട്ടെ,പാവം!
മീന്‍കാരന്‍ വരുന്നുണ്ട്
അതിന് മീന്‍ കിട്ടുമോ എന്തോ...?

ചിരി(പ്പി)ക്കുന്ന പാലം

ഒരു പാലവും പുഴയേക്കാള്‍ വലുതല്ല.
ഒരു പാലമുണ്ടെങ്കില്‍ പുഴയേതും കടക്കാം.
പക്ഷേ, ചിലപ്പോള്‍ ഒരു പാലത്തിനും
ചിരി(പ്പി)ക്കാനാവും.
അപ്പോള്‍ പാലത്തിനു ചുവട്ടില്‍
പുഴയുടെ ചിരിയുണ്ടാവില്ല;പുഴയും.
ഒരു പാലം ...,പാലം മാത്രം.

തിരുപ്പൂര്‍

തുണിമില്ലുകളുടെ നഗരം പറഞ്ഞു:
‘എന്നെക്കുറിച്ചൊരു കവിതയെഴുതണം.’
മധുരബീഡ മുറുക്കി ഞാന്‍ പറഞ്ഞു:
‘എന്തിന്,എനിക്ക് നിന്നെ ഇഷ്ടമല്ലല്ലോ.
നിന്റെ ഓടകളുടെ രക്തപര്യയന വ്യവസ്ഥയും
കേബിളുകളുടെ നാഡീ വ്യവസ്ഥയും
എനിക്ക് സഹിക്കുന്നില്ല...’
ബള്‍ബുകളുടെ ആയിരം കണ്ണ് തുറന്ന് നഗരം പറഞ്ഞു:
‘നിന്റെ മിത്രങ്ങള്‍ക്ക് ഞാന്‍
പണിയും പണവും നല്‍കുന്നില്ലേ...?’
ഒരു പെഗ്ഗ് ഹണീബീ കൊണ്ട്
തൊണ്ട നനച്ച് ഞാന്‍ രോഷം കൊണ്ടു :
‘നീ അവരുടെ ജീവിതം തട്ടിപ്പറിച്ചു.
അവരിവിടെ മരിക്കുന്നു,ഞങ്ങള്‍
അവിടെ ജീവിക്കുന്നു...
നീ കൊടുക്കുന്നതൊക്കെ
നീ തന്നെ പിടുങ്ങുന്നു.
നിനക്ക് വായ മൂന്നാണെന്ന്
അവര്‍ കണ്ടുപിടിച്ചു:
നിന്റെ മധുശാലകള്‍,
നിന്റെ സിനിമാശാലകള്‍,
നിന്റെ പെണ്ണുങ്ങള്‍ .
ഈ മൂന്നു വായയിലും
എന്റെ ചങ്ങാതികളെ
നീ കുടുക്കി...
എന്നെങ്കിലും ചവച്ചുചവച്ച്
നീയവരെ തുപ്പും.
ഈ ഭൂമിമലയാളത്തില്‍
ആ ചണ്ടിപണ്ടാരങ്ങള്‍
പിന്നെന്തുചെയ്യുമോ...ആവോ...?’
അര്‍ബ്ബുദം പിടിച്ച വഴിയോരങ്ങള്‍
പറഞ്ഞു:‘അടങ്ങ് ഒരു ചായ കുടിക്കാം.’
‘ഈച്ചപ്പട കാവലുള്ള നിന്റെ ചായ
എനിക്കു വേണ്ട.’ ഞാന്‍ മുഷിഞ്ഞു.
‘മനുഷ്യത്തീട്ടം നിറഞ്ഞ നിന്റെ വഴികള്‍ കണ്ട്
എന്റെ മനം പിരട്ടി.
കൊതുകുകള്‍ കൊണ്ടൊരു പുതപ്പ് തന്ന്
നീയെന്റെ ഉറക്കം കെടുത്തി.
പൊടിയും ദുര്‍ഗന്ധവും പേറി
എന്റെ മൂക്കിന്റെ പാലം പൊട്ടി.
നീ തൂറാന്‍ ഇടം കൊടുത്തവര്‍ക്ക്
അമ്മയില്ല, മക്കളില്ല...
അവര്‍ ആരെയൊക്കെയോ പ്രാപിക്കുന്നു.
എത്രയോ കുഞ്ഞുങ്ങള്‍ അലസിപ്പോവുന്നു...
നിന്റെ മൂത്രപ്പുരയിലും
നിന്റെ പെണ്ണുങ്ങളിലും ഒരേ പോലെ
അവര്‍ കയറിയിറങ്ങുന്നു.
മനം പിരട്ടുമ്പോള്‍ അവര്‍
ബ്രാണ്ടിഷാപ്പിലേക്കോടുന്നു...
ഉല്‍കൃഷ്ടവികാരങ്ങള്‍ ഉണ്ടോ
എന്ന മെഡിക്കല്‍ ചെക്കപ്പിന്
തീയേറ്ററുകളിലേക്കോടുന്നു...
രാത്രിയും പകലുമില്ലാത്ത നിന്റെ
മക്കള്‍ ,പാവങ്ങള്‍ ....!’
‘കട കടാ...’എന്ന് മില്ലുകളുടെ
കടലായ നീ അപ്പോഴും മിടിച്ചുകൊണ്ടിരുന്നു.
ലോകത്തെ ഉടുപ്പിടുവിക്കാന്‍ നീ
നിന്റെ മക്കളുടെ അടിവസ്ത്രങ്ങള്‍
കീറുന്നതെന്തിന്?
എന്റെ സംശയത്തിനു നേരെ നീ
ആയിരം കുഴലുകളിലൂടെ
പുകയും വിഷവെള്ളവും തുപ്പി.

കവിമനസ്സ്

കവിമനസ്സ്:
ഇതു പീഡിതന്റെ പിയാനോയില്‍ വിരിയുന്ന് പൂവ്
വെള്ളാമ്പലലര്,നറുവെണ്ണിലാവ്,
ചെഞ്ചുണ്ടിലെ മുറിവിലൂറിയ ചോരത്തുള്ളി,
വെള്ളിക്കിണ്ണത്തിനൊത്തനടുക്ക്
ഒറ്റയ്ക്കിരിക്കുന്ന മധുമുറ്റി മിന്നും ചെറിപ്പഴം,
മുന്തിരിക്കണ്ണില്‍ പഞ്ചസാരപ്പരലുതിരുന്ന നിമിഷം.

കവിമനസ്സ്
കരളിലൊരു ഞാണൊലിയില്‍;ചില്ലകളില്‍
വെള്ളപ്പൂക്കള്‍ നിറച്ചേറ്റുവാങ്ങുന്നൊരൊറ്റയാം മരം,
മഞ്ഞുതിരുമേതോ താഴ്വരയിലൂടെ
ഓര്‍മകളില്‍ മുഴുകിയോരേകാന്ത യാനം,
നീലത്തടാകപ്പൊക്കിളില്‍ ചാമ്പപ്പഴങ്ങളായ്
ഞെട്ടറ്റുവീഴുന്ന പള്ളിമണിയൊച്ചകള്‍.

കവിമനസ്സ്:
ആരോ ദ്യോവിന്റെ നീലത്താളുകള്‍ക്കിടയില്‍
ഒളിപ്പിച്ച മഴവില്‍ മയില്‍പ്പീലികള്‍,
നോവിന്റെ കൊടുമുടികള്‍ തടയുമ്പോള്‍
പെയ്യുന്ന മുകിലിന്റെ മുലകള്‍,
മഴപ്പാല്‍നൂലിലദൃശ്യരായ് പൊഴിയുന്ന
ഹാര്‍മോണിയം വായനക്കാര്‍ കിടാങ്ങള്‍.

കവിമനസ്സ്:
കാറ്റുപിടിച്ച കുലച്ച കരിമ്പുതോട്ടങ്ങള്‍,
കാമുകനെയൊളിപ്പിച്ചുവെക്കുന്ന രാവിന്റെ
നക്ഷത്രവനമുല്ല ചൂടിയ മുടിക്കെട്ടുകള്‍,
കണ്ണീരുകെട്ടിക്കിടക്കുന്ന തീര്‍ഥക്കുളങ്ങള്‍,
ശിരസ്സിലൊരുതീനാളമേറ്റിയുരുകുന്ന മെഴുതിരികള്‍,
വിജനതയില്‍ ;ശാന്തതയില്‍ ;വിരിയുന്ന പ്രാര്‍ഥനകള്‍,
കാരുണ്യഗന്ധികള്‍.

കവിമനസ്സ്:
തിരയുണരുമോര്‍മയുടെ കടലില്‍ ആടിയുലയുമ്പൊഴും
കാണാത്ത തീരത്ത് കണ്ണുപായിക്കുന്ന പായ്ക്കപ്പല്‍,
തിരകള്‍ നെഞ്ചത്ത് കുത്തിമറിയുന്നനേരത്ത്
നെഞ്ചില്‍ പാല്വന്നുവീര്‍ക്കുന്ന തീരം,
വിങ്ങുന്ന നെഞ്ചുമായാരെയോ തിരയുന്ന,
വേദനയില്‍ തലതല്ലിച്ചിതറുന്ന വിരഹിയാമൊരുതിര,

കവിമനസ്സ്:
കണ്ണീരുതോരാത്ത ജൂണിന്‍ ചുവട്ടില്‍
നനഞ്ഞുകുതിര്‍ന്നുപാടുന്ന കിളിമനസ്സ്,
ഹൃദയത്തിലാരോ തീകൊണ്ടുകുത്തിയോരാറാത്തനോവുമായ്
കൂട്ടരും കൂടുമില്ലാതൂരുചുറ്റുന്നൊരൊറ്റക്കിളി,
ഒരു രാത്രി കൊണ്ടൊരുഭൂമി മുഴുവനും
പാട്ടിന്റെ മഞ്ഞിനാല്‍ മൂടുന്ന കിളിമനസ്സ്.

കവിമനസ്സ്:
പണ്ടേ മെനഞ്ഞിട്ട തേനറകളി,വിടെ പഞ്ചേന്ദ്രിയങ്ങള്‍
തേനും പരാഗവും കൊണ്ടുവന്നെത്തിക്കുമഞ്ചുതേനീച്ചകള്‍
വര്‍ണച്ചേമ്പിലയില്‍ ,ഭൂമിയുടെ കുങ്കുമം ചാലിച്ചു
വിടര്‍ത്തിയോരുള്ളംകയ്യില്‍ ചലിക്കുന്ന നീര്‍പ്പളുങ്ക്.
പാറക്കെട്ടുകളില്‍, കാന്തന്റെമെയ്യില്‍
പൊട്ടിച്ചിരിച്ചുമ്മവെച്ചുകോരിത്തരിപ്പിച്ചുചിതറുന്ന ജലനിപാതം.

കവിമനസ്സ്:
കൊറ്റികള്‍ കുതിക്കുന്ന വാനിന്റെ നെഞ്ചുകീറുന്നു;
ഒരു മഴവില്ലുമാത്രം പറിച്ചെടുക്കുന്നു.
സന്ധ്യയുടെ മധുരം പുരണ്ട ചുണ്ടുകള്‍ക്കിടയില്‍ വിരലിറക്കുന്നു;
ഒരു പനിനീരുമാത്രമിറുത്തെടുക്കുന്നു.
ഭൂമിയുടെ അടിവയറ്റത്ത് കാതമര്‍ത്തുന്നു;
ഒരു മിടിപ്പിന്റെ വളപ്പൊട്ടുമാത്രം ഹൃദയമാം ചിമിഴില്‍ നേടുന്നു.

കവിമനസ്സ്:
കല്ലിന്റെയുള്ളിലും കനിവിന്റെ കണ്ണീരുതിരയുന്നു,
ഇവിടെ കടലിരമ്പുന്നു ,കൊടുങ്കാറ്റ് കാത്തിരിക്കുന്നു.
ജലച്ചില്ലകളില്‍ മിന്നലുകള്‍ പൂക്കുന്നു,
ജനല്‍ച്ചില്ലുകളില്‍ മഴപ്പെണ്ണുമ്മവെച്ചുമ്മവെച്ചിറങ്ങുന്നു,
ജനലിനിക്കരെ മറ്റൊരു ജലശാഖിയായി പൂത്തുനില്‍ക്കുന്നു.
ജീവനിലി,ടിമുഴക്കത്തിന്റെ പൈതലുകള്‍ വീണുപിടയുന്ന പര്‍വതത്തില്‍
തനിച്ചുകേറുന്നൂ...

കവിമനസ്സ്...
ഈ മരുപ്പച്ച നിങ്ങള്‍ സൂക്ഷിക്കുമോ?
ഈ മഴ ക്കാലം നിങ്ങളുടെ കാതില്‍ തോരാതെ നില്‍ക്കുമോ?
ഈ മാമ്പഴത്തിന്റെ മധുരംചുണ്ടത്തുറയ്ക്കുമോ?
ഈ രത്നഖനികളില്‍ നിങ്ങളുടെ മിഴികള്‍ വെട്ടിത്തിളങ്ങുമോ?
നിങ്ങളീ നിനവിന്റെ നനവും സുഗന്ധവും തേനും വയമ്പുമായ്
തലമുറകള്‍ തോറും ഹൃദയത്തിനുള്ളില്‍ ചാലിച്ചുചേര്‍ക്കുമോ?

കവിമനസ്സ്...
നിങ്ങളുടെ ഹൃദയത്തിലൊരു കൂടു കൂട്ടും
നിങ്ങളുടെ ഹൃദയത്തിലമ്പേറ്റുപിടയും
നിങ്ങളുടെ ഹൃദയത്തിലീ ജീവന്റെ ഹരിതം പിഴിഞ്ഞൊഴിക്കും
നിങ്ങളുടെ സ്വപ്നസാനുക്കളില്‍ ,എന്നെങ്കിലും
വീണ്ടുമൊരു വെണ്‍കൊറ്റക്കുടയുമായ് വന്നിറങ്ങും
അന്നീ മനസ്സില്‍ നിങ്ങളൊരു നീലക്കാശാവായി പൂത്തുനില്‍ക്കാന്‍
കൊതിക്കും...

നൂറുകൂട്ടം ചിന്തകള്‍(അടവ് നമ്പ്ര്:18)

വെറ്റില
ഈ ബ്ലോഗങ്ങട്ട് പൂട്ടിക്കെട്ട്യാലോന്നൊരാലോചന്‍.ഹേയ് ...ഒന്നൂല്യ,ഇപ്പോ അതിനാണല്ലോ മാര്‍ക്കറ്റ്.മാര്‍ക്കറ്റിങ് തന്ത്രം തന്നെ...യേത്..?കാരണങ്ങള്‍ നിരത്താനാണെങ്കില്‍ പലതുണ്ട്.
ഒന്നാമത്തത് അവസാനം പറയം അതാവൂലോ അതിന്റെയൊരു ശരി ..യേത്..?രണ്ടാമത്തേത് എന്താന്ന് വെച്ചാല്‍ കച്ചവടം കമ്മിയായതന്നെ.കവിതയ്ക്കൊക്കെ എന്താ ഒരു വിലയിടിവ്...യേത്..?മൂന്നാമത്തേത് ദേ പരിചയക്കാരൊക്കെ കൂടുന്നു.മുഖം നോക്ക്യാല്‍ മിണ്ടാണ്ടാവാ...ഇതൊരസുഖമാണോ..ഡോക്ടര്‍...?പക്ഷപാതം (പക്ഷാഘാതംന്നും)ഇല്ല്യാണ്ട്
ജീവിക്കണം ച്ചാല്‍ നല്ലൊരു മുഖമ്മൂടി വേണംന്ന് ആ തറവാടിച്ചേട്ടന്‍ പറേണത് കേട്ടില്ലേ.
ഇനി ഒന്നാമത്തെ കാരണം സ്റ്റോക്ക് തീര്‍ന്നു...യേത്...?അതോണ്ട് മാന്യമഹാജനങ്ങളേ എല്ലാരും ഒന്ന് കയ്യടിച്ച് പ്രോത്സാഹിപ്പിച്ചേ...ഈ പൂട്ടിക്കെട്ടല്‍ കര്‍മം ഉത്ഘാടനം ചെയ്യുകയാണ്.ദേ താക്കോല്‍ ആ ഭാരതപ്പുഴയിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നു.
ഇനി അതിന്റെ ശവാവും പൊന്ത്വാ...

ഹല്ല എന്തൊക്കെ നെരത്തിവെച്ചുനോക്കി .ഗുണം പിടിച്ചോ...?കറ്മം...അതുല്യചേച്ചിയോ മറ്റോ
ബ്ലോഗില്‍ ഒരു തേങ്ങ കൊണ്ട് വെച്ചാലും അതിന്റെ താഴെ ഒരു നൂറാള് ഒപ്പിടും.ബടെ പായസം,ബിരിയാണി...എന്ത് വെളമ്പീട്ടെന്താ തിരിഞ്ഞുനോക്കൂല...അതിനൊക്കെ ഒരു യോഗപാഹ്യം വേണംന്റെ കുട്ട്യേ...
അടയ്ക്ക
ഒന്നാമത്തെ നമ്പര്‍ ഏല്‍ക്കാത്തവര്‍ക്കാണിത്.
-ദേ ഞാനീബ്ലോഗില്‍ കെട്ടിത്തൂങ്ങിച്ചാവും.
-ഭീഷണിയാണോ
-ആണ്
-ന്നാ..ശരി.
ങ്യേ ഹ ഹേ...ഒരു കുലുക്കോം ല്ലല്ലോ ദൈവേ...(ഇനിയേത് നമ്പര്‍...?)
ഈ ബ്ലോഗ് ഞാനൊരു സ്മാരകമാക്കാന്‍ പോവ്വാണ്...രക്തസാക്ഷിമണ്ഡപംന്നോ കുരിശടീന്നോ ടിപ്പുസുല്‍ത്താന്റെ കോട്ടാന്നോ(വേറൊരു ക്വാട്ട ഓര്‍മവരുന്നു:പട്ടാളക്കാരുടെ...
എന്തൊരോര്‍മ്മ,സമ്മതിച്ചുകൊടുക്കണം)
പൊകല
വെറ്റിലേം അടയ്ക്കേം ആയ സ്ഥിതിക്ക് ഒരും പൊകലേം കൂടി കെടന്നോട്ടേന്ന്..ചുമ്മാ കെടന്നോട്ടേന്ന്.
നൂറ്
ലാസ്റ്റ് വാണിങ്:ബ്ലോഗ് ദൈവങ്ങള്‍ എന്ന പേരില്‍ അടുത്തു തന്നെ ഞാനൊരു കവിതയെഴുതി
ഈ സ്മാരകത്തിന്റെ നെറ്റിയില്‍ ഒട്ടിക്കും.ആയതിനാല്‍ എല്ലാ ബ്ലോഗ് ദൈവങ്ങളും ഭൂമിയിലേക്ക് ഇറങ്ങിവന്ന് ദേ ഇതിന്റ്റെ ചോട്ടില്‍ ഒപ്പിട്ടു പൊയ്ക്കോണം.ഹും,അല്ലെങ്കില്‍ പറഞ്ഞേക്കാം...

അന്ത്യമൊഴി: ഞാനിപ്പം വന്നേക്കാം ഒരു മുഖം മൂടി കിട്ടുമോന്ന് നോക്കട്ടേ...
അച്ഛാ..അച്ഛാ പോകല്ലേ...എന്ന് കേഴണേ...
സമയമാം രഥത്തില്‍ ഞാന്‍ അന്ത്യയാത്ര ചെയ്യുന്നു...

മലാശയം

ചിന്ത ഈ ലക്കത്തില്‍ മലാശയം എന്ന എന്റെ കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്.ലിങ്ക് ഇതാ...

പിന്മൊഴികളിലേക്ക് നോക്കുമ്പോള്‍

മുന്‍കൂര്‍ജാമ്യാപേക്ഷ(മാപ്പപേക്ഷ)
ബൂലോക ചങ്ങാതിമാരേ,ഞാനിവിടെ വന്നിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ.ഈ അടുത്തകാലത്താണ്പിന്മൊഴികളില്‍ പരതാന്‍ തുടങ്ങിയത്.അങ്ങനെ പരതുമ്പോള്‍ ഒരോരുത്തര്‍ ഇങ്ങനെ വായിച്ച് കമന്റിട്ട് കമന്റിട്ട് പോവുന്നത് കണ്ടിട്ടുണ്ട്.അദൃശ്യമായ (എന്നാല്‍ ദൃശ്യമായ)ഈ സഞ്ചാരം എനിക്ക് വല്ലാതെ രസിച്ചിട്ടുണ്ട്.ആളെ കാണാന്‍ പറ്റില്ല. പക്ഷേ അവര്‍ ഒരു പോസ്റ്റില്‍ നിന്ന് മറ്റൊന്നിലേക്ക് പോവുന്നത് നമുക്ക് കാണാം..ഇതാണ് എന്നെക്കൊണ്ട് താഴെക്കാ‍ണുന്നതൊക്കെ എഴുതിച്ചത്.ആരും ഇത് ഗൌരവമായി എടുക്കരുത്.ഒരു തമാശയ്ക്ക് എഴുതിയതാണ്.ഇനി എന്നെ ക്കുറിച്ച് വല്ലതുമെഴുതണമെന്നുണ്ടെങ്കില്‍ ആവാം.കൂട്ടിച്ചേര്‍ക്കലുകളും ആവാം.ആര്‍ക്കും വേദനിക്കല്ലേ എന്ന് പ്രാര്‍ഥിച്ച് വിടുകയാണ് ബ്രഹ്മാസ്ത്രം.പിന്മൊഴികളില്‍ സജീവമായിക്കണ്ട ചിലവായനക്കാരെ മാത്രമാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഏതെങ്കിലും കാരണവശാല്‍ ഇത് ആരെയെങ്കിലും നോവിക്കുന്ന പക്ഷം മേലില്‍ ഇതാവര്‍ത്തിക്കില്ലെന്ന് ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

വൈകിട്ട്
പിന്മൊഴികള്‍ തുറന്നുവെച്ചപ്പോള്‍
വല്യമ്മായിയെക്കാണായി.
പോസ്റ്റില്‍ നിന്ന് പോസ്റ്റിലേക്ക്
ഇളംതലകള്‍ കടിച്ചുപോവുന്ന
ഒരു ശുദ്ധ വെജിറ്റേറിയന്‍ മാന്‍ കുട്ടി.
ഒരു പോസ്റ്റിനും വേദനിക്കാതെ
ഓരോ തലപ്പിനും നന്ദി പറഞ്ഞ്
അതങ്ങനെ നടന്നുപോയി.
അപ്പോഴാണ്
അതാ വരുന്നൂ ഒരു മുയല്‍.
അതിനു പേര്:സു
എല്ലാവരേയും ചിരിച്ചുകാണിച്ച്
അതും പോയി.
പിന്നെ വന്നത് ഒരിളംകാറ്റ്,
ഓരോ പോസ്റ്റിനേയും തലോടി,
ചുംബിച്ച് നാളെയും വരാമെന്ന് പറഞ്ഞ്
ചോക്കളേറ്റ് നല്‍കി
റ്റാ..റ്റാ...പറയുന്ന മാമന്‍ :വേണു

നേരം രാത്രി 11.30
പോസ്റ്റുകളില്‍ നിന്ന് പോസ്റ്റുകളിലേക്ക്
ഒരു കുറുക്കന്‍ .
എനിക്ക് പേടിയായി.
ഇതേത് കുറുക്കന്‍...?
അത് നീട്ടിക്കൂവി:കൂ...കൂ...
എല്ലാ ബ്ലോഗുകളിലുംഅതു മുട്ടിവിളിച്ചു.
എല്ലാവരും വാതിലടച്ചുകിടന്നുറങ്ങി ;
ഞാനും.

ചിലപ്പോള്‍അവരിറങ്ങും.
ചില മാംസഭോജികള്‍ .
പരാജിതന്‍ എന്നു പേരുള്ള ഒരു പുലി,
ചിത്രകാരനായ ഒരു കുറുനരി,
പേരറിയാത്ത പാമ്പുകള്‍ ...
അപ്പോഴാവും
എതിര്‍പ്പിന്റെ കൊമ്പുകളുമായി
വിമതന്‍ എന്ന കാട്ടി
തലകുലുക്കി വരിക.
അതിനിടയില്‍ പെട്ടു പോവുന്ന
പെരിങ്ങോടന്‍ എന്ന ആന.
എല്ലാം കണ്ട് ഞാന്‍ മിണ്ടാതിരിക്കും.

തനിക്കിഷ്ടമുള്ള
ചില ചില്ലകളില്‍മാത്രം പോകും,
പൊന്നപ്പന്‍ എന്ന കുയില്‍ .
ഇപ്പോള്‍ സ്വന്തം കൂട്ടില്‍മുട്ടയിടാറില്ല.
വെളുപ്പാങ്കാലത്ത്ഒരു കരടിയിറങ്ങൂം.
മീന്‍ പിടിക്കാനും തേന്‍ കുടിക്കാനുംപോവുന്ന
നല്ലവനായ അംബി എന്ന കരടി.
എല്ലായിടത്തും ചെന്ന്ഏറുകൊണ്ട് മടങ്ങും
ഇരിങ്ങല്‍ എന്ന ചങ്ങലയില്ലാത്ത............

ഇടയ്ക്കിടെ യുദ്ധങ്ങളുണ്ടാവും.
തക്കസമയത്തു വരും.
കുട്ടികളെ പിടിച്ചുമാറ്റും
വിശ്വം എന്ന വീട്ടുകാരന്‍ .

എന്നിട്ടും ചില പോസ്റ്റുകള്‍
വിജനവും ഭയാനകവുമായദ്വീപുകള്‍ പോലെ
ഒറ്റപ്പെട്ടുകിടന്നു.
കൊളംബസ്സും വെസ്പുച്ചിയും
എത്തിനോക്കാത്ത
നരഭോജികളുടെ ലോകങ്ങളായി
ബൂലോകമാപ്പില്‍
ആരുംഅടയാ‍ളപ്പെടുത്താതെ
മറഞ്ഞുകിടന്നു.

ഉള്ളടക്കം

ജലശരീരം ഒരു മത്സ്യത്തിന്റെ
മുന്നോട്ടുള്ള പോക്കില്‍
രഹസ്യമായി തുറക്കുകയും
അടയുകയും ചെയ്യുന്നതു പോലെ
ചില പ്രണയങ്ങളെ ഞാനിപ്പോഴും
അനുവദിക്കുന്നുണ്ട്.
അവ എന്നില്‍ നിന്നോ
ഞാന്‍ അവയില്‍ നിന്നോ
രക്ഷപ്പെടുന്നില്ല.
അവ പരസ്പരം
തിന്നുകയോ
ഇണ ചേരുകയോ ചെയ്യുന്നുണ്ട്.
തിരകളില്‍
അവ പൊന്തുന്നതും
കാത്തിരിക്കുകയാണ്
കടല്‍പ്പക്ഷികള്‍...
അടിത്തട്ടിലെ
പായലുകള്‍ക്കും
മുത്തുച്ചിപ്പികള്‍ക്കും
ഇതറിയാം.

ജന്മം

നടവഴിയില്‍ മുളച്ചുപൊന്തിയ പുല്ലേ ,
ചവിട്ടുകൊള്ളാന്‍ വേണ്ടിയുള്ള
ആത്മസമര്‍പ്പണമാണോ ജന്മം...?
പെരുവഴിയില്‍ അരഞ്ഞുപോയ പട്ടീ ,
പൊതുവഴി മുറിച്ചുപോവുന്നവര്‍
വെറും അടയാളമായി മാഞ്ഞു പോവുമെന്ന്
ഓര്‍മിപ്പിക്കാനണോ ജന്മം?
ഇലക്ട്രിക് കമ്പിയില്‍ ജീവനൊടുക്കിയ കടവാതിലേ ,
ജീവനിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കാനുള്ള
ആഹ്വാനമാണോ ജന്മം ?
സര്‍ക്കസ്സുകാരന്റെ കയ്യിലെ കൊരങ്ങേ....,
അപഹാസ്യനാവാന്‍ വേണ്ടി
തെരഞ്ഞെടുക്കുന്നതാണോ ജന്മം?
അല്ല,അറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കുവാ
പറഞ്ഞുതന്നാല്‍ വലിയ ഉപകാരം...
(28/11/2006)

ഇരപിടിത്തം

പൂച്ച അതിന്റെ ഇരയില്‍
ഒരു കളിക്കാരനെ കണ്ടെത്തും.
അവസാനത്തെ കളി കളിക്കുന്ന
പ്രാണി കിതച്ചുകിതച്ച്
നഖങ്ങള്‍ക്കും പല്ലിനുമിടയില്‍
ഒരു കളിപ്പാട്ടമായി തകരും.
പൂച്ച-അതിജീവിക്കുന്ന കളിക്കാരന്‍ .
ചന്തവും ഓമനത്തവുമുള്ള
ഈ ക്രൌര്യത്തെ ഞാനെന്റെ
മടിയില്‍ വെച്ച് തലോടുന്നു...
മരണത്തെ ഇത്ര രസകരമായി
സംവിധാ‍നം ചെയ്യുന്ന ഉദാരത...
നടപ്പില്‍ , ഇരിപ്പില്‍ ,മുന്‍കാലു
കൊണ്ടുള്ള ഒരു തോണ്ടലില്‍ എല്ലാം
വിദഗ്ദനായ ഒരു കളിക്കാരന്റെ
അടയാളങ്ങളുണ്ട്....
ഇരപിടിത്തത്തില്‍ ഇതിനോളം
മനോഹരമായ മറ്റൊന്നേയുള്ളൂ:
അമീബയുടെ വളഞ്ഞുപിടിത്തം.
തന്റെ ശരീരത്തെ നീട്ടിയും കുറുക്കിയും
വളച്ചും പരത്തിയും പലേ രചനകള്‍
നടത്തുന്ന കവി.
ഇരയെന്ന് തോന്നുന്നതിനെ
സ്വാംശീകരിക്കുന്ന ബുദ്ധിജീവി.
വളഞ്ഞുവളഞ്ഞ് അടിയും
മുകളും വശങ്ങളും ശരീരം കൊണ്ട്
പണിത് ഇരയെ ഉള്‍പ്പെടുത്തുന്ന ശില്പി.
ഈ(e)ഗോളവല്‍ക്കരിച്ച് ഉള്‍പ്പെടുത്തലാണോ
കളിക്കാരന്‍ കളിപ്പാട്ടമാവുന്ന മാജിക്കാണോ
ഇതില്‍ ഏതുവിധം ഇരപിടിത്തമാണ്
താങ്കള്‍ക്കിഷ്ടം...?
ഇരപിടിത്തം ഇന്നൊരു കലയാണ്.
ഇരയുടെ ഇഷ്ടങ്ങള്‍ക്കും അതില്‍ പ്രാധാന്യമുണ്ട്.

(14-5-2001)

കാഴ്ച്ചക്കൊല്ലി

ആ കാണുന്നതാണ് സ്മാരകം
സൂക്ഷിച്ചു നോക്കിയാല്‍
മൂന്നായി മുറിച്ചതിന്റെ അതിരുകള്‍ കാണാം
പിച്ചക്കാരന്റെ ചൊറിയാണ്
നടുക്കു കാണുന്നത്.
വെളുത്തു കാണുന്നത് വേശ്യകളുടെ
അസ്ഥികൂടങ്ങളാണ്.
കുറെക്കൂടി സൂക്ഷിച്ചു നോക്കിയാല്‍
സ്വന്തം കഫത്തില്‍ മുങ്ങിപ്പോയ
ഒരു ജനതതിയെക്കാണാം..
മാനം പോയവര്‍ ,ഗതിയറ്റവര്‍
മുടന്ത്,ഭ്രാന്ത്,രോഗം എന്നിവ
വെവ്വേറെ നിലകളില്‍ ആക്രമിച്ചവര്‍ ,
ആഹാരം ,വീട്,വസ്ത്രം,ഇണ
തുടങ്ങിയ ജീവനസൌകര്യങ്ങളൊക്കെ
നിഷേധിക്കപ്പെട്ടവര്‍ ,
അനീതിയുടെ ഇരകള്‍ ...
മുകളില്‍ കാണുന്നത്
ചോരയും മാംസവും നിലവിളികളും
സൂക്ഷിച്ചുനോക്കിയാല്‍
അതിനിടയില്‍
കാറ്,ബാറ്,ബീറ്,..റ്
കുടവയറ് തുടങ്ങിയവ കാണാം
താഴെ വ്യര്‍ഥവും ശിഥിലവുമായ
സ്വപ്നങ്ങളുടെ ശവപേടകങ്ങള്‍
കുറേക്കൂടി സൂക്ഷിച്ചുനോക്കിയാല്‍
തൂങ്ങിമരിക്കുന്ന കൊമ്പുകള്‍
മുക്കിക്കൊല്ലുന്ന കുളങ്ങള്‍
മുടന്തന്‍ ന്യായങ്ങളുടെ കാട്
പ്രാപിച്ചുകഴിഞ്ഞ ഉടനെ
ഇണയെ പിടിച്ചുതിന്നുന്ന
പച്ചപ്പയ്യുകള്‍ ...
മാരകമായ വിഷങ്ങള്‍ .
കുറേക്കൂടി സൂക്ഷിച്ചുനോക്കിയാല്‍ ...,
സൂക്ഷിച്ചുനോക്കിയാല്‍
കുഴപ്പമൊന്നുമില്ല,
‘കണ്ണിന്റെ കാഴ്ച്ച’ നഷ്ടപ്പെടുമെന്നു മാത്രം.

(23-7-2000)

(അ)ന്യായം

നിസ്സംഗതയ്ക്കെന്ത് ന്യായം
നിങ്ങള്‍ക്കൊരു ജീവിതം നീട്ടാന്‍ ?
നിശ്ശബ്ദതയ്ക്കെന്ത് ന്യായം
നിങ്ങളെ സമാധാന പ്രേമിയാക്കാന്‍ ?

ആള്‍ മാറാട്ടവും ഗ്രാമത്തില്‍ നിന്ന് വന്ന കവിതയും

മൂന്നാമിടത്തില്‍ പ്രസിദ്ധീകരിച്ച രണ്ട് കവിതകള്‍:
ആള്‍ മാറാട്ടം,ഗ്രാമത്തില്‍ നിന്ന് വന്ന കവിത
ഇവിടെ

ആള്‍മാറാട്ടം(3-4-2000)
ഗ്രാമത്തില്‍ നിന്ന് വന്ന കവിത(13-5-2001)

കബ്ബണ്‍ പാര്‍ക്ക്

നോക്കി നില്‍ക്കുംപോഴാണത്.
അയാളുടെ കണ്ണുകളില്‍ നിന്ന്
തേളുകള്‍ ഇറങ്ങി വരുന്നത്
ഞാന്‍ വ്യക്തമായികണ്ടു.
ഞാന്‍ പേടിച്ചു നിലവിളിച്ചപ്പോള്‍
അയാള്‍ ചിരിക്കാന്‍ തുടങ്ങി.
അയാളുടെ വായില്‍ രണ്ട്
ദംഷ്ട്രകള്‍ കാണായി.
ഞാന്‍ തിരിഞ്ഞോടി
ഒരു ഹോട്ടലില്‍ കയറി.
ഒരു മേശയ്ക്കുമുന്നില്‍
തളര്‍ന്നിരുന്നു.
ബെയററോട് എന്തോ
ഓര്‍ഡര്‍ ചെയ്ത്
എതിര്‍വശത്തിരിക്കുന്ന
ആളുടെ മുന്നിലേക്കൊന്നു നോക്കി.
ഒരു പാത്രത്തില്‍ ചോര ,
മറ്റൊന്നില്‍ കുടലുമാലകള്‍ ,
ഒരു വലിയ കോഴിമുട്ട പോലെ തോന്നിച്ച ഒന്ന്...
സൂക്ഷിച്ചുനോക്കി,
ഒരു പുഴുങ്ങിയ മനുഷ്യത്തല...
അയാളും ചിരിച്ചു-രണ്ട് ദംഷ്ട്രകള്‍ ...
ഞാന്‍ പുറത്തേക്ക് ഓടി.
ഒരു ഓട്ടോറിക്ഷ വിളിച്ച്
'കബ്ബണ്‍പാര്‍ക്ക്' എന്നു പറഞ്ഞു.
വണ്ടി പറന്നു.
ഓവര്‍ടേക്ക് ചെയ്ത ഒരു കാര്‍ ഡ്രൈവറെ
തെറിവിളിച്ച് മരണപ്പാച്ചില്‍ തുടങ്ങി.
ഞാന്‍ കമ്പിയില്‍ പിടിച്ചിരുന്നു
വേഗത കൂടിക്കൂടി വന്നു,
എനിക്ക് ഭയവും.
വണ്ടി നിര്‍ത്താന്‍ പറഞ്ഞു.
നിര്‍ത്തിയില്ല.
പകരം നാല് തെറി പറഞ്ഞു.
എതിരെ വന്ന വണ്ടി
മുടിനാരിഴ വ്യത്യാസത്തിന്
ഇടിക്കാതെ പോയി.
ഞാന്‍ നിരത്തിലേക്ക് ചാടി.
തെരുവുവിളക്കുകളുടെ
പെരുങ്കണ്ണുകള്‍
എന്നെ തുറിച്ചുനോക്കിചിരിച്ചു.
വേഗത കൊണ്ട് തീ പറത്തി
ഇരുചക്രവണ്ടി ഒന്ന് കടന്നു പോയി.
ഞാന്‍ കബ്ബണ്‍ പാര്‍ക്കിലേക്ക് ഓടി.
അവിടെ മുളങ്കൂട്ടങ്ങളുടെ ഇടയില്‍
ഒരു പിശാച് ഒരു പെണ്‍ പിശാചിന്റെ
മാറ് പിളര്‍ത്തി രക്തം കുടിക്കുന്നു.

കവിത എന്ന നിയമലംഘനപ്രസ്ഥാനം

കവിത കവര്‍ച്ചക്കാരന്റെ കൈ.
കവിത കൊലപാതകിയുടെ തോക്ക്.
വായനക്കാരാ നിന്നെ ഒറ്റവെടിക്ക്
കൊല്ലുക തന്നെയാണ് എന്റെ ഉന്നം.
നിന്റെ ഹൃദയം കവര്‍ന്നില്ലെങ്കില്‍
എന്റേത് പാഴ്ജന്മം.
ഇതൊന്നും വായിച്ചിട്ട് നീ ചത്തില്ലെങ്കില്‍
ഞാന്‍ പരാജയപ്പെട്ട നിയമലംഘകന്‍ .
വധശ്രമത്തിന്
എന്നെ അറസ്റ്റ് ചെയ്യുക.
വിലങ്ങണിഞ്ഞ്,നിന്നെ തിരിഞ്ഞുനോക്കി
നിയമപാലകരോടൊപ്പം ഞാന്‍ പോവുന്നത്
നിനക്ക് സങ്കല്പിക്കാനാവുന്നില്ലേ...

ആശംസ

വെളിച്ചത്തെ തിരഞ്ഞ് വളഞ്ഞുപോയമരമേ
നിവര്‍ന്നുനില്‍ക്കുന്ന മരങ്ങള്‍ നിന്നെ
നിശ്ശബ്ദം പരിഹസിച്ചുകൊണ്ടിരിക്കും.
എങ്കിലും നിനക്കൊരാശംസ നീട്ടാതെ
ഞാനീവഴി പോവതെങ്ങനെ...?

(2006നവംബര്‍20)

കവിതത്തരം

കവിതകളില്‍
പീപീ.രാമചന്ദ്രന്റേത്
ഒരു കൂള്‍ബാര്‍ .
വായനയൂടെ
തണുത്ത കമ്പാര്‍ട്ടുമെന്റുകളിലിരുന്ന്
പട്ടാമ്പിപ്പുഴയില്‍
സൂര്യന്‍ മുഖം കഴുകുന്നത് കണ്ടങ്ങനെ...
കവിതകളില്‍
ബാലചന്ദ്രന്റേത്
ഒരു ഹോട്ട് ബാര്‍
വീശണമെങ്കില്‍
അത്തുറമുഖത്തിരുന്ന്
വീശണം.
ഒട്ടും കുത്തുകയില്ല.
വാളുവെക്കുകയുമില്ല.
ആ ചവര്‍പ്പും പുകച്ചിലും
ഒഴിച്ചൊഴിച്ചങ്ങനെ...
കവിതകളില്‍
സച്ചിദാനന്ദന്റേത്
കാലിക്കറ്റ് യൂണിവേഴ്സിറ്റി.
അവിടെ
എപ്പോഴും
എന്തും സംഭവിക്കാം.
കവിതകളില്‍
മേതിലിന്റേത്
ഒരു പഴുതാരപ്പാര്‍ക്ക്
ഇഴജീവികളുടെ മാജിക്കുകള്‍
വാക്കുകളുടെ തല തിരിച്ചില്‍
ആശയങ്ങളെ വളഞ്ഞുപിടിക്കുന്ന
കപടപാദങ്ങള്‍ എന്നിവയെ
സ്വപ്നപ്പെടുത്തി(ഓര്‍മപ്പെടുത്തും പോലെ)
സ്വപ്നപ്പെടുത്തിയങ്ങനെ...
(പൊന്നപ്പാ ഇതിന്റെ ബാക്കി നീ എഴുതിക്കോ...)

(13-5-2001)

പൂര്‍വഭാഷാവര്‍ജ്ജനം

എഴുപതുകളിലെ നായ്ക്കളും
2006ലെ നായ്ക്കളും
ഒരേവിധം കുരയ്ക്കുന്നു.
മൃഗങ്ങള്‍ ഭാഷയെ
നവീകരിക്കുന്നില്ല.
ബി.സി രണ്ടായിര‍ത്തിലേയും
എ.ഡി രണ്ടായിരത്തിലേയും
പൈക്കിടാങ്ങള്‍ ഒരേവിധമാണ്
'മ്മേ... 'എന്ന്
അമ്മയെ വിളിക്കുന്നത്.
മനുഷ്യര്‍ മാത്രമാണ്
പുതിയ ഭാഷകളിലേക്ക്
ഒളിച്ചോടുന്നത്.
പഴകിയ വാക്കുകള്‍
ചാര്‍ജ് നഷ്ട്പ്പെട്ട സെല്ലോ
ശേഷി നഷ്ടപ്പെട്ട ലിംഗമോ പോലെ
അവഗണിക്കുകയും സഹതപിക്കുകയും
ദുഃഖിക്കുകയും പേടിക്കുകയും
ചെയ്യേണ്ടുന്ന ഒന്നത്രേ
മനുഷ്യര്‍ക്ക്.
മനുഷ്യനിര്‍മ്മിതമായ ഒരു വാക്കിലും
ഒരാശയവും സ്ഥിരം പാര്‍ക്കുന്നില്ല.
ആശയങ്ങളുടെ പാമ്പിന്‍കുഞ്ഞുങ്ങള്‍
എപ്പോഴോ വാക്കിന്റെ തൊണ്ടുകള്‍ പൊട്ടിച്ച്
ഇറങ്ങിപ്പോവുന്നു.
ചിലപ്പോള്‍
ഉപേക്ഷിക്കപ്പെട്ട വാക്കുകളുടെ പുറ്റുകളില്‍
അവ വാ‍ടക കൊടുത്തു കൂടുന്നു.
പഴയതൊക്കെ മൌനത്തിലേക്ക് വിഴുങ്ങുന്ന കവികളേ,
ഉറപ്പുള്ള ഒരു വാക്കിനെ ബലാല്‍ക്കാരമായി
കൊണ്ടുവരാന്‍ മുതിരുന്നവരേ,
ഹൃദയമിടിപ്പുകള്‍ എങ്ങനെ നവീകരിക്കണം
എന്ന സന്ദേഹം തീര്‍ത്തിട്ടുവേണം
എനിക്കു നിങ്ങളൊടൊപ്പം കൂടാന്‍ .

നിരൂപണം

എന്റെ കവിത കണ്ട്
ഒരു ഉറുമ്പ് ചിരിച്ചുകൊണ്ട് പറഞ്ഞു:‘കവിത
പഞ്ചസാരത്തരിപോലെയാകണം.’
മറ്റൊരിക്കല്‍ വീട്ടിലെ
നായയെ ഞാനെന്റെ കവിത കാണിച്ചു.
നായ പറഞ്ഞു:‘കടിച്ചാല്‍ പൊട്ടാത്ത
എല്ലിന്‍ കഷ്ണം പോലെയാവണം കവിത.’
പിന്നീട് ഒരു കാക്കയെയാണ്
ഞാന്‍ കവിത കാണിച്ചത്
കാ‍ക്ക പറഞ്ഞു:‘കവിത
ഒരു കോഴിക്കുഞ്ഞിനെപ്പോലെ
കളങ്കമില്ലാത്തതാവണം.’
ഒടുവില്‍ കവിത കണ്ടത്
ചിതലാണ്.
ചിതല്‍ പറഞ്ഞു:‘ഒന്നാന്തരം കവിത.
ഇത്രയും നല്ല കവിത ഞാന്‍ തിന്നിട്ടേയില്ല.’

(4-4-2000)

ഗൌരവരചനകള്‍ -സമീപനത്തില്‍ ഒരു ഭേദഗതി

ആള്‍ക്കൂട്ടത്തില്‍ ചിലര്‍


ബൂലോകത്ത് ഇനിയും വളര്‍ന്നുവരുന്ന ധാരാളം എഴുത്തുകാരുണ്ട്.ഇത്തിരി‍വെട്ടം,നവന്‍ ,ഇടങ്ങള്‍ ...അങ്ങനെ പലരും.ഭാഷയില്‍ ബൂലോകത്ത് വലിയ സംഭാവനകള്‍ ചെയ്ത ഉമേഷേട്ടനെ മറക്കുന്നത് നന്ദികേടാവും.ബൂലോകത്തെ നൂറുകണക്കിന് ബ്ലോഗുകളെ ഭാഷയുടെ നല്ല വഴികളിലൂടെ നടത്തുന്നതാണ് അദ്ദേഹത്തിന്റെ ബ്ലോഗിങ്.ഭാഷയോടുള്ള ഈ സ്നേഹവും ആദരവും മാത്രം മതി അദ്ദേഹത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ അടയാളമായി.കൂമന്‍സും നല്ല ഭാഷ കൈമുതലായുള്ള ഒരെഴുത്തുകാരനാണ്.
അദ്ദേഹത്തിന്റെ കവിതകള്‍ ഞാനിനിയും വായിച്ചിട്ടില്ല.വായിച്ചത് ശാസ്ത്ര ലേഖനങ്ങളാണ്.നാട്ടുഭാഷ നന്നായി ഉപയോഗിക്കുന്ന ഒരുപാട് ബൂലോകരുണ്ട്.കുട്ടമ്മേനോന്‍ ,കുമാര്‍ തുടങ്ങിയവര്‍ ഉദാഹരണം.

ഗൌരവരചനകളെ എങ്ങനെ സമീപിക്കണം

ബൂലോകത്ത് വരുന്ന കൂടുതല്‍ രചനകളും ലളിതവായനയ്ക്കുള്ളതാണ്.ഗൌരവസ്വഭാവമുള്ള രചനകളും അല്ലാത്തതും ഒരേ സ്കെയില്‍ വെച്ച് വായിക്കാമോ..?വായനക്കാരന്റെ തരം പോലിരിക്കും എന്നാവും ഉത്തരം.എങ്കിലും നമുക്ക് വിവരമില്ലാത്ത കാര്യങ്ങളെ ക്കുറിച്ച് മിണ്ടാതിരിക്കലല്ലേ ശരി. അല്ലെങ്കില്‍ എനിക്ക് മനസ്സിലായില്ലെന്ന് പറയുകയുമാവാം.സൂവിന്റെ ചില ബ്ലോഗ്കമന്റുകളില്‍ അവര്‍ സ്ഥിരമായി ചെയ്യുന്ന പോലെ ഒരു ചിരിയടയാളം വെച്ച് ഞാനിതിലെ വന്നുവെന്ന് സൂചിപ്പിക്കുന്നതും നന്ന്.പക്ഷേ അതും ചിലപ്പോള്‍ സംശയിപ്പിക്കാവുന്നതാണ്.സൂവിന്റെ കമന്റിന്റെ ചുവട്ടില്‍ സൂചേച്ചി എന്താണൊരു വളിച്ച ചിരി എന്ന് ബ്ലോഗര്‍ ചോദിച്ചിരിക്കുന്നത് കണ്ടു.ചിരിയുടെ അര്‍ഥവും മാറാം. ചിരിയടയാളം ഒരു തന്ത്രവുമാവാം.(ഞാനിത് ഒരു ഉദാഹരണം പറയാന്‍ വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ്. സൂ എന്നെ തെറ്റിദ്ധരിക്കരുതേ.)എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ദൂരം കുറയ്ക്കുന്നതാണ് ബ്ലോഗിലെ കമന്റുകള്‍ .ചൂടാറാത്ത പ്രതികരണം.അതുകൊണ്ടതിന് ചിലപ്പോള്‍ ഒരല്‍പ്പം കൂടുതല്‍ വൈകാരികത ഉണ്ടാവും .ഈ മനുഷ്യപ്പറ്റ് വേണ്ടെന്ന് വെക്കണ്ട.പക്ഷേ ഒരു പോസ്റ്റിന്റെ സ്വഭാവത്തെ തകിടം മറിക്കുന്ന കമന്റ് വായനക്കാരന്‍ നീട്ടുമ്പോള്‍ ബ്ലോഗര്‍ അത് രണ്ട് കയ്യും നീട്ടി സ്വീകരിക്കേണ്ടതുണ്ടോ...?

എഴുത്ത് പരിഷ്കരിക്കപ്പെടേണ്ടതാണ്.

തീര്‍ച്ചയായും എഴുത്തില്‍ തരംതിരിവുകള്‍ ഉണ്ട്.ഇനിയങ്ങോട്ട് ഞാന്‍ ഗൌരവസ്വഭാവമുള്ള രചനകളെക്കുറിച്ചുമാത്രമാണ് എഴുതാന്‍ ഉദ്ദേശിക്കുന്നത്.ബ്ലോഗ് എക്കാലത്തും ചവറ്കൃതികളുടെ സൂക്ഷിപ്പിടം ആയി തുടരാന്‍ സാധ്യതയില്ല.നല്ല എഴുത്തുകാരും രചനകളും വൈകാതെ ബൂലോകത്തെ തേടിയെത്തുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.അവയെ അര്‍ഹിക്കുന്ന രീതിയില്‍ സ്വാഗതം ചെയ്യാനും സര്‍ഗ്ഗാത്മകമായ ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരാനും നമുക്ക് കഴിയണം.സാമ്പ്രദായിക രചനാസങ്കേതങ്ങളില്‍ നിന്ന് കുതറാനും(സുനിലിന്റെ പ്രയോഗം),അവനവന്റെ ഭാഷയെ നവീകരിക്കാനും നല്ല എഴുത്തുകാര്‍ തയ്യാറാവും. ഓരോ രചനയും അവര്‍ക്ക് ഒരു പരീക്ഷണമാവും.ഇത്തരം പരീക്ഷണങ്ങള്‍ ചെയ്യാനുള്ള ത്രാണി നമുക്കൊക്കെ ഉണ്ടെന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.ഈ വിധം എഴുത്തിനെ നവീകരിക്കാന്‍ കഴിയാത്തിടത്ത് എഴുത്തുകാരന്‍ പരാജിതനാവുന്നു.(പരാജിതാ‍, :)താങ്കള്‍ ക്ഷമിക്കുമോ...)

കവിതയെ പറ്റി ചില വിചാരങ്ങള്‍,ബൂലോകത്തെ പറ്റിയും.

കവിതയെ പറ്റി ചില ചോദ്യങ്ങള്‍

കവിതയില്‍ താളം ആവശ്യമാണോ? കവിത തന്നെ ഒരു താളമാണ്. താളം ഒരു ദോഷമല്ല.എന്നാല്‍ താളമിട്ട് മടുത്ത ഒരു ഘട്ടത്തില്‍ മിത താളങ്ങളുടെ ഒരു പാത കവിത സ്വീകരിച്ചതായി കാണാം .കവിതയുടെ സാമ്പ്രദായിക വായനക്കാര്‍ ഇപ്പോഴും ഒരോ കവിതയും പാടാന്‍ പറ്റുമോ എന്നാണ് നോക്കുന്നത്. സത്യത്തില്‍ ഈ നോട്ടത്തിലാണ് കുഴപ്പം.അത്രയേറെ നിഷ്കരുണമായ ഒരു കാലത്ത് താളത്തിന്റെ ഈ തിളങ്ങുന്ന കുപ്പായം അതിന് ചേരുകയില്ല.ചില വിചാരങ്ങള്‍ ‍, ചില വികാരങ്ങള്‍ , ചില അവസ്ഥകള്‍ ഇതൊക്കെ ആവിഷ്കരിക്കാന്‍ ചിലപ്പോള്‍ താളത്തെ ഉപേക്ഷിക്കേണ്ടിവരാം.എല്ലാ നിയമങ്ങളെയും അനുസരിക്കാനുള്ളതാണ് കവിത എന്ന് ഞാന്‍ വിചാരിക്കുന്നില്ല. മറിച്ച് നിയമങ്ങളെ ലംഘിക്കാനുള്ളതാണ് അത്.അത്തരമൊരു സാഹചര്യത്തിലാവണം സച്ചിദാനന്ദന്‍ വൃത്തങ്ങള്‍ക്ക് പുറത്തേക്ക് ചാടി കവിതയെ നയിച്ചത്.കവിത ഒരു വൈയക്തികാനുഭവം കൂടിയാണ്. കവിയുടെ ജീവിതപരിതസ്ഥിതികള്‍ കവിതയുടെ താളത്തെ സ്വാധീനിക്കുന്നുണ്ടാവാം.യാത്ര ചെയ്യുമ്പോള്‍ ഒരു സംഗീതം. അകത്തേക്ക് കയറി വരുന്നത് ഞാന്‍ പലപ്പോഴും അനുഭവിച്ചിട്ടുണ്ട്.ഇതിന്റെ കാരണമെന്ത് എന്ന് ചോദിച്ച് അത്ഭുതപ്പെടാനേ പറ്റൂ.ഇതിനൊക്കെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഏത് രാസ ഭൌതിക പ്രക്രിയയെയും ദൈവത്തിന്റെ കളി എന്നൊക്കെ പറഞ്ഞ് വിശ്വാസികള്‍ രക്ഷപ്പെടും.ഞാനും അവരോടൊപ്പം കൂടും.

കവിത നിര്‍ബന്ധമായും അനുസരിക്കേണ്ടതെന്ന്
സാമ്പ്രദായികര്‍ കരുതുന്നവ

കവിത ശുദ്ധമായിരിക്കണം എന്നവര്‍ കരുതുന്നു..അതായത് കവിതയില്‍ സദാചാര വിരുദ്ധമോ സാമൂഹ്യവിരുദ്ധമോ ആയ എലിമെന്റുകള്‍ പാടില്ല എന്ന്.കവിതയില്‍ ഇതര ഭാഷാ പദങ്ങള്‍ കയറിക്കൂടിയില്‍ അത് കവിതയുടെ സൌന്ദര്യത്തെ ഹനിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു.സത്യത്തില്‍ ഈ നിരീക്ഷണം ഭാഷയെക്കുറിച്ചുള്ള ഒരു വിവരക്കേടാണ്.ഓരോ ഭാഷയും കൊണ്ടും കൊടുത്തുമാണ് വളരുന്നത്.പരിശോധിച്ചാല്‍ എത്രയെത്ര വിവിധഭാഷാപദങ്ങളാണ് മലയാളം സ്വന്തമാക്കിയിട്ടുള്ളതെന്ന് കണ്ടെത്താനായേക്കൂം.ശബ്ദ താരാവലി പരിശോധിച്ചാല്‍ പോലും ഇതൊക്കെ മനസ്സിലാവും.കവിത ലിഖിതമായ ഭാഷകള്‍ക്കപ്പുറത്തുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.അതു കൊണ്ടാണല്ലോ സൌന്ദര്യത്തിന്റെ അത്യുദാത്ത മാതൃകകള്‍ കാണുമ്പോള്‍ ഇതാ കവിത എന്നൊക്കെ നമ്മള്‍ പറഞ്ഞുപോവുന്നത്.ജീവിതം തന്നെ കവിതയാക്കിയവരുണ്ട്. അവരുടെ ജീവിതം എന്തായാലും വൃത്തത്തിലായിരിക്കില്ല.കഥയില്‍,നോവലില്‍ , ചലചിത്രത്തില്‍ ,എല്ലാം നമ്മള്‍ സഹിക്കുന്ന/അനുവദിക്കുന്ന ചിലകാര്യങ്ങള്‍ കവിതയ്ക്ക് എന്തിനാണ് വിലക്കുന്നത്. ഇതൊക്കെയാവണം മലയാളകവിതയുടെ വളര്‍ച്ചയെ ബാധിച്ചഘടകങ്ങള്‍ എന്ന് ഞാന്‍ സംശയിക്കുന്നു.നമ്മുടെ കവിതാസ്വാദന രീതിയില്‍ ചില മാറ്റങ്ങള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു.

ബൂലോകം

ബൂലോകത്ത് എഴുതുന്നവര്‍ എല്ലാവരും എഴുത്തിനെ ഗൌരവമായി എടുത്തവരല്ല. അത് അവരുടെ ബ്ലോഗുകളിലൂടെ കടന്നുപോയാല്‍ സാമാന്യബോധം വെച്ച് തന്നെ നമുക്ക് മനസ്സിലാ‍വും.ചിലരെങ്കിലും അത് തുറന്ന് സമ്മതിച്ചുതരും.ബൂലോകത്ത് എഴുത്തിനെ ഗൌരവമായി എടുത്തിട്ടുള്ള ചുരുക്കം ചിലരുണ്ട്.പെരിങ്ങോടന്‍ ‍, ലാപുട,മൈനാഗന്‍ ,മറിയം,പൊന്നപ്പന്‍ ,നവാഗതരായ അനിയന്‍ ‍,ശിശു ബൂലോകത്തിന് പുറത്ത് തന്നെ ശ്രദ്ധേയരായ പി.പി രാമചന്ദ്രന്‍ ,കുഴൂര്‍ വിത്സണ്‍ ,മേതില്‍ ,ഹരികുമാര്‍ എന്നിവരൊക്കെ അതില്‍ പെടുന്നു.ആകര്‍ഷകമായ ശൈലിയുള്ള ചിലരുണ്ട്:വക്കാരി,വിശാലമനസ്കന്‍ , അംബി തുടങ്ങിയവര്‍ .എന്റെ വായനയൂടെ പരിമിത വൃത്തത്തിനകത്ത് കണ്ടതു മാത്രമേ ഇവിടെ പരാമര്‍ശിച്ചിട്ടുള്ളൂ.സാഹിത്യേതര വിഷയങ്ങള്‍ നല്ലാ ഭാഷയില്‍ കൈകാര്യം ചെയ്യുന്ന ദേവരാഗം സാധ്യതയുള്ള ഒരെഴുത്തുകാരനാണ്. അദ്ദേഹത്തിന് ആരെയും അനുകരിക്കാതെ തന്നെ നന്നായി എഴുതാനാവും.പക്ഷേ പലപ്പോഴും അദ്ദേഹം തന്നെ ഇത് തിരിച്ചറിയുന്നില്ല.വിശ്വപ്രഭയും തീര്‍ച്ചയായുംവല്ലാത്ത ഒരു പൊട്ടന്‍ഷ്യല്‍ ഉള്ള ഭാഷ കൈമുതലായുള്ള ആളാണ്.പക്ഷേ അതിനനുസരിച്ചുള്ള നല്ല രചനകള്‍ അദ്ദേഹത്തില്‍ നിന്ന് ഇനിയും വരാനിരിക്കുന്നതേയുള്ളൂ. (തുടരും)

വാല്‍ :വളരെ വേഗം ഇന്നു രാവിലെ എഴുതിയതാണിത്.അക്ഷരത്തെറ്റുകള്‍ തിരുത്താന്‍ നിന്നിട്ടില്ല.സ്കൂളില്‍ പോവുന്നു. ബാക്കി വന്നിട്ട്.ഏതായാലും ഇത് പോസ്റ്റുന്നു.അഭിപ്രായം എല്ലാവര്‍ക്കും പറയാം.ഇരിങ്ങലിനോട് പ്രത്യേകം.

താളം

നക്ഷത്രങ്ങളുട ഗൂഢാലോചനയില്‍
ചന്ദ്രന്‍ പുറത്താക്കപ്പെട്ട രാത്രിയായിരുന്നു അത് .
മേഘങ്ങളുടെ കഫക്കട്ടകള്‍ അവിടവിടെ
ചിതറിയിരുന്നു.
പാമ്പു കടിച്ചവനെപ്പോലെ ക്ഷീണിച്ച എന്നെ
ഒരു കുന്നിന്‍പുറത്ത് നാട്ടിയിരുന്നു.
ഞാന്‍ നിലവിളികളുടെ ഒറ്റച്ചെണ്ട കൊട്ടി
വേദനകളുടെ ചക്രവാളങ്ങളെ
പ്രകമ്പനം കൊള്ളിച്ച്
താളങ്ങളുടെ തീപിടിച്ചു മരിച്ചു.
ഞാന്‍ നിന്നിടത്ത്
ഒരു മുളങ്കൂട്ടം
എഴുന്നേറ്റ് കാറ്റില്‍ പിണഞ്ഞാടി.

(പാഠം മാസിക പ്രസിദ്ധീകരിച്ചത്)

തടവില്‍

തുറന്നു വെച്ച നിന്റെ കണ്ണുകള്‍ക്കു മുന്നില്‍
ഞാന്‍ നിന്നു തന്നു.
നിന്റെ കണ്ണുകള്‍ എന്നെ രണ്ടാക്കി.
വലംകണ്ണില്‍ ശരീരം ഇടം കണ്ണില്‍ ആത്മാവ്
നിന്റെ കൃഷ്ണമണികളില്‍ കുടുങ്ങി
എന്റെ ശരീരവും ആത്മാവും നിലവിളിച്ചു.
‘നിന്നെ വിട്ടുതരില്ല’ എന്നു പറഞ്ഞ്
നീ കണ്ണുകള്‍ ഇറുക്കിയടച്ചു.
ഒന്നായ ലോകത്തെ രണ്ടാക്കി കാണിക്കുന്ന
നിന്റെ മുഖദ്വാരങ്ങളില്‍
അന്നുമുതല്‍ ഞാന്‍ തടവുപുള്ളിയായി.
നിന്റെ തുറക്കാത്ത കണ്ണുകളിലെ
കണ്ണീരു കുടിച്ച് ഞാനൊന്ന്
ഭേദപ്പെട്ടുവെന്നു മാത്രം.

(17-7-2000)

കളി

ഒളിച്ചുകളിയില്‍ നീജയിച്ചിരിക്കുന്നു.
മടുപ്പിന്റെ പൂപ്പല്‍ പിടിച്ച്
ഞാനിതാ ദ്രവിക്കുന്നു...
കൂട്ടുകാരാ നിന്റെ ഒളിയിടം
എവിടെയാണ്?
ഏത് കാട്ടില്‍ ,ഏത് ഗുഹയില്‍
ഏത് മലയില്‍ , ഏത് മരപ്പൊത്തില്‍ ...
ഉള്ളില്‍ തളര്‍ച്ചയുടെ
ഒരു ചൂളയ്ക്ക് തീ പിടിക്കുന്നു...
നീ തന്ന വിളക്കും വടിയുമൊന്നും
നിന്നെ കണ്ടെത്താന്‍
എനിക്ക് പ്രയോജനപ്പെട്ടില്ല.
കളിയില്‍ ഞാന്‍ തോറ്റിരിക്കുന്നു.
ഇറങ്ങി വരൂ...
നീയിവിടെ ഉണ്ടെന്ന്
ഒരടയാളമെങ്കിലും തരൂ...
ഓരോ കിളിയൊച്ചയും നിന്റെ
വാക്കെന്നു കരുതി
ഓരോ പൂക്കാ‍ഴ്ച്ചയും നിന്റെ
മുഖമെന്നു കരുതി
ഞാന്‍ ഓടി വന്നു...
ഏത് പച്ചിലകളുടെ മറവില്‍
നീയിപ്പോഴും എന്നെ നോക്കി
ചിരിക്കുന്നു...
കൂട്ടുകാരാ,കളിസമയം കഴിഞ്ഞു.
എല്ലാ കളികളിലും തോറ്റ
നിന്റെ ചങ്ങാതി വിളിക്കുന്നു
വരൂ നമുക്കൊരുമിച്ച് തിരിച്ചു പോകാം.

(27-6-2000)

പിന്നാമ്പുറം

ചങ്ങാതീ എന്നാല്‍
ഉള്ളില്‍ 'ങാ,ങാ,ങാ'
എന്ന് പറഞ്ഞ് കൊണ്ടിരിക്കുന്ന
ഒരു ചതിയാണെന്ന്
'കാ കാ കാ' എന്ന് മിണ്ടുന്ന
ഒരു കറുത്ത പക്ഷി
വെളുപ്പിന് വീടിന്റെ
പിന്നാമ്പുറത്ത്
വറ്റു പെറുക്കുന്നതിനിടെ
എന്നോട് പറഞ്ഞു.
എന്നിട്ടും 'കാ,കാ,കാ'
എന്ന് കൂട്ടം കൂടുന്നത്
എന്തിനാണാവോ
എന്ന് ഞാന്‍ സംശയിച്ചു.

കീര്‍ത്തനം

കാറ്റ് കക്കൂസിന്റെ വാതില്‍
അടയ്ക്കുകയും തുറക്കുകയും
ചെയ്തുകൊണ്ടിരിക്കുന്നു.
കാറ്റിന് തൂറാന്‍ മുട്ടുന്നുണ്ടാവണം.
ഊര കഴുകാത്ത കാറ്റ്,
നാണം കെട്ട കാറ്റ്,
പാലക്കാടന്‍ കാറ്റ്.
കണ്ണിമാങ്ങകള്‍ തല്ലിക്കൊഴിച്ച്,
ക്യാരിബാഗുകള്‍ക്ക്
ഒരു സൌജന്യ ആകാശ യാത്ര
തരപ്പെടുത്തി,
പൊടിപടലം കൊണ്ട്
ഉടുപ്പിട്ട്,
ചപ്പുചവറുകള്‍കൊണ്ട്
ആഭരണങ്ങള്‍ പണിത്,
കാറ്റ് ഒരു വെളിച്ചപ്പാടിനെപ്പോലെ...
ഉമ്മ വെച്ചുമ്മവെച്ച്
ചുണ്ടു പൊട്ടിക്കുന്ന വരണ്ട കാറ്റ്,
ചൂടു പിടിച്ച ഒരു കാമുകന്‍ .
ദേശാടനചരിത്രം
എഴുതാത്ത മണ്ടശിരോമണി.
എവിടെ നിന്ന് ,
എവിടേക്ക് ,
എന്തിന് ഈ പലായനം...?
ജനലുകളിലും വാതിലുകളിലും മുട്ടി
ഞാനിതുവഴി പോവുന്നുണ്ടെന്ന്
എന്നെ അറിയിക്കുന്നതെന്തിന്?
മിണ്ടാപ്രാണീ...
അതോ മിണ്ടുന്ന പ്രാണിയോ...
നിനക്ക് ആരും അമ്പലം
പണിയാത്തതെന്ത്?
അതിന്റെ ഒരു കുറവുണ്ടല്ലോ...
ഞാനായിട്ട് നികത്തണോ ഗ്യാസ് ട്രബിളേ...
ഹാ...ഹാ...എന്ന്
തൊള്ള പൊളിച്ച് വരുന്നത്
എന്തു കണ്ടിട്ടാണെടാ പൊട്ടാ...?

മുറിയിലുള്ളത്

മേശപ്പുറത്ത്
സമുദ്രജീവിയുടെ
ശവം പാകം ചെയ്ത്
വെച്ചിരിക്കുന്നു.
ഘടികാരം എട്ടുപ്രാവശ്യം കരഞ്ഞു,
കരയാന്‍ ഉണ്ടാക്കി വെച്ചിട്ടുള്ള
ഒരു ജൈവഘടന.
ബള്‍ബ് എന്ന മറ്റൊരു ജീവി
ചുട്ടു പഴുത്ത നാക്കു നീട്ടി
മുറിയുടെ എല്ലാമൂലകളിലും
ഒളിച്ചിരിക്കുന്ന ഇരുട്ടിനെ
പിടിച്ചു തിന്നുന്നു.
മേശ എന്ന ഈ കീറി മുറിച്ച
മരത്തിന്റെ ശവം,
മറ്റു ശവങ്ങളെ താങ്ങാന്‍
വേണ്ടിയുള്ള ഒരു ഘടന.
ജീവനുള്ളതിനെ സംബന്ധിച്ച്
ജീവനില്ലാത്തത്:ശവം.
ജീവനില്ലാത്തതിനെ സംബന്ധിച്ച്
ജീവനുള്ളത്:ശവം.
ഞാന്‍ എന്ന ശവത്തിന്റെ ശവം,
ഈ മുറിയില്‍ ഇനി
അതു മാത്രമേയുള്ളൂ.

(27-7-2000)

പിടികിട്ടാപ്പുള്ളി

സ്വപ്നങ്ങളായിരുന്നു തടവുപുള്ളികള്‍
ഉദ്യോഗം,പ്രണയം, വീട്,ആഹാരം, വസ്ത്രം
എന്നിങ്ങനെ പലതരമുണ്ടായിരുന്നു അവ.
അതില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒന്ന്
ഇന്നു വെളുപ്പിന് ജയില്‍ മതില്‍ ചാടി രക്ഷപ്പെട്ടു.
പത്രങ്ങളായ പത്രങ്ങളിലൊക്കെ പരസ്യം ചെയ്തു.
പോലീസായ പോലീസൊക്കെ വാക്കിട്ടോക്കിയിലൂടെ
സന്ദേശമയച്ചുകൊണ്ടിരുന്നു.
എട്ടുദിക്കുകളിലേക്കും പോവുന്ന വണ്ടികളൊക്കെ
തടുത്തുനിര്‍ത്തി പെട്ടി പ്രമാണങ്ങള്‍ പരിശോധിച്ചു.
കണ്ടു കിട്ടിയില്ല.
വിമാനത്താവളങ്ങള്‍ അരിച്ചുപെറുക്കി.
ഒരു ചുക്കും ചുണ്ണാമ്പും കിട്ടിയില്ല.
പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
തലയ്ക്ക് ലക്ഷങ്ങള്‍ തരുമെന്ന് പറഞ്ഞ്
ആളുകളെ എടങ്ങേറാക്കി.
അവസാനം പാഠം പഠിച്ചു:
ചില സ്വപ്നങ്ങള്‍ കീഴടങ്ങുകയില്ല.

പുഴ വരയ്ക്കുമ്പോള്‍

പുഴ വരയ്ക്കണം.
പുഴ,കല്ലുകള്‍ സൂക്ഷിക്കുന്ന
ഒരു സ്ഫടികപ്പാത്രം.
സ്ഫടികപ്പാത്രം വരച്ചു.
പുഴ തുടങ്ങുന്നത്
മലയില്‍ നിന്നല്ല,
ആകാശത്തുനിന്നാണ്.
അതുകൊണ്ട് ആകാശം വരച്ചു.
പുഴ അവസാനിക്കുന്നത്...
ഇല്ല,പുഴ അവസാനിക്കുന്നില്ല ,
തുടങ്ങുന്നുമില്ല......
പുഴ ഒരു ചാക്രിക പ്രവാഹം.
അതുകൊണ്ട് ഒരു ചക്രം വരച്ചു.
പുഴ അതിന്റെ രൂപത്തില്‍ നിരന്തരമായി
പരീക്ഷണങ്ങളും മാറ്റങ്ങളും വരുത്തുന്നു(പെണ്‍കുട്ടി).
പുഴ രൂപങ്ങളുടെയും ജലത്തിന്റെയും മാത്രമല്ല
ശബ്ദങ്ങളുടെയും പ്രവാഹം,
മരിച്ച് നിശ്ശബ്ദരായവരുടെ
സങ്കടങ്ങളുടെ ശബ്ദരൂപം,
അങ്ങനെയാണ് അതെന്നെ
ശല്യപ്പെടുത്തിയതും വിസ്മയിപ്പിച്ചതും..
അതുകൊണ്ട് ഗീതവും ഗായികയുമായ
പുഴ വരയ്ക്കുമ്പോള്‍
മരിച്ചവരുടെയും അവരുടെ വര്‍ത്തമാനവും
വരച്ചിരിക്കണം.
വര കഴിഞ്ഞപ്പോള്‍
ക്യാന്‍വാസില്‍
കല്ലുകള്‍ സൂക്ഷിച്ച സ്ഫടികപ്പാത്രം,
ആകാശം,ചക്രം,
ബ്യൂട്ടീഷ്യനായ പെണ്‍കുട്ടി
ഗീതമായ ഗായിക,
പിന്നെ മരിച്ചവരും അവരുടെ വര്‍ത്തമാനവും.
പുഴ...?
പുഴ മാത്രമില്ല.
ചങ്ങാതി ചോദിക്കുന്നു:
-‘ഇതില്‍ പുഴയെവിടെ ?’
-‘ഇതാണെന്റെ പുഴ.

മത്ത്

പ്രകാശം കുടിച്ച്
മത്തായ ഒരു കുളം
കരയിലേക്ക്
വേച്ചു വേച്ചു പോയി.
വിശപ്പു കുടിച്ച്
മത്തായ ഒരു പെറുക്കിച്ചെക്കന്‍
കുപ്പിച്ചില്ലുചാക്കുമായി
മരണത്തിന്റെ വീട്ടിലേക്ക്
നടന്നുപോയി.
പഠിച്ചുപഠിച്ചു മത്തായ
ഒരു പ്രൈമറി സ്കൂളിനെ
നാട്ടാര്‍ നടുറോട്ടിലിട്ട്
തല്ലിക്കൊന്നു.
പൊന്നുവിളയിച്ച്
മത്തായ കൃഷിക്കാരനെ
ഒരു വാമനന്‍
പാതാളത്തിലേക്ക്
ചവിട്ടിതാഴ്ത്തി
എല്ലാം കണ്ടും കേട്ടും
മത്തായ എനിക്കു മാത്രം
ദീര്‍ഘജീവിതം
അനുവദിച്ച്
ശിക്ഷിച്ചു.

കൈയേറ്റം

സീരിയലുകളും പരസ്യങ്ങളും മടുത്ത്
വിഡ്ഢിപ്പെട്ടിയില്‍ നിന്ന് തിരിഞ്ഞുനടന്ന്
ഭക്തിപുരസ്സരം രാമായണമെടുത്ത്
മറിച്ചുനോക്കുമ്പോള്‍ ,താളുകള്‍ക്കിടയില്‍
ഒരു പഴുതാര...
ഒരു വിഷജീവിയായ പഴുതാരയ്ക്കും
ഭക്തിയും വിശ്വാസവുമുണ്ടാവുന്നതില്‍
ഞടുങ്ങേണ്ടതില്ലെന്ന്
ചരിത്ര ബോധമുള്ളവര്‍ സമ്മതിച്ചു തരും.
രാമായണം പഴുതാരയ്ക്കു നല്‍കി
ഒരെഴുത്തിന് മുതിര്‍ന്ന് പേനയ്ക്കു പുറകേ...
മേശവലിപ്പ് പരതിയപ്പോള്‍
ഒരു തേള്‍ ...
തേളുകള്‍ക്ക് എഴുത്തുകാരാ‍യും
മറിച്ചും പരിണമിക്കാനാവുമെന്നതില്‍
പുതുമയൊന്നുമില്ലെന്ന്
ശാസ്ത്രബോധമുള്ളവര്‍ സമ്മതിച്ചു തരും.
തേളിന് വിഷം നിറയ്ക്കാന്‍
പേനയും നല്‍കി,
ഒന്നു ഫോണ്‍ ചെയ്യാമെന്നു കരുതി
ഫോണെടുക്കാന്‍ മുതിരുമ്പോള്‍
റിസീവറില്‍ ഒരു ചിലന്തി.
ഒരു ചിലന്തിക്കും ഫോണ്‍ ചെയ്യാന്‍
അവകാശമുണ്ടെന്ന്
ടെലിഫോണ്‍ വകുപ്പ് സമ്മതിച്ചു തരും.
ചിലന്തിയെ തൊഴുത്,ഫോണില്‍
ഒരവകാശവും നല്‍കി,
വിശ്രമിക്കാം എന്നു വിചാരിച്ച്
കിടക്കയിലേക്ക് നോക്കുമ്പോള്‍
ഒരു പാമ്പ്...
വിവരണം കേട്ട് ഒരാള്‍ ചോദിക്കുന്നു:
‘നിങ്ങള്‍ നിങ്ങളുടെ വീട്
അടിച്ചു വാരാറില്ലേ...?’

പാപി

സ്വപ്നങ്ങള്‍ ,
സ്വപ്നങ്ങള്‍ ചൂഴുന്ന സന്ധ്യക്ക്
കോലായിലൊറ്റയ്ക്കിരിക്കുന്നനേരത്ത്
ആരോവിളിച്ചു:‘പാപീ...’
ഞെട്ടിത്തിരിഞ്ഞുഞാന്‍ ചൂഴിലും നോക്കി
ഒരു പുല്ലുമവിടില്ലെന്നറിഞ്ഞു.
വീണ്ടും സുഖത്തിന്റെ മേച്ചില്‍പ്പുറം തേടി
ബീഡി കത്തിക്കുന്ന നേരത്ത് പിന്നെയും
പിന്നാമ്പുറത്തിരുന്നാരോ വിളിച്ചു:
‘പാപീ...’
വാക്കിന്റെ തീക്കൊള്ളി തട്ടി ഞാന്‍
പൊള്ളിത്തിരിഞ്ഞൊന്നുനോക്കി
കുമ്മായമടരുന്ന ചുവരിലെ ചിത്രങ്ങളൊക്കെ
പകച്ചുനില്‍ക്കുന്നു.
ഇടനാഴിയില്‍ പോക്കുവെയിലിന്റെ
ചെമ്പിച്ച താടിയിഴയുന്നു.
പേടിച്ചെണീറ്റ് നടന്നു ഞാന്‍
ചക്രവാളത്തിലെ സായാഹ്നമേശയില്‍
തെമ്മാടി മുകിലുകള്‍ പൊട്ടിച്ചുപേക്ഷിച്ച
മദ്യങ്ങള്‍ കെട്ടിക്കിടക്കുന്ന കൊല്ലിയില്‍ ,
ചക്കരവരമ്പില്‍ തഴയ്ക്കുന്ന പച്ചയില്‍
ഒച്ച വെക്കാതെ നടക്കുന്ന നേരത്ത്
കാലടിക്കീഴില്‍ നിന്നാരോ മുരണ്ടു:
‘പാപീ...’
ദിസമ്പറില്‍ പത്ര വിക്ഷേപിണീ വൃക്ഷങ്ങളൊക്കെ
അരിയോരടിവയര്‍ നടു വിലെ പൊക്കിളില്‍
വിരലിറക്കുമ്പോള്‍,ഇലവിട്ടചില്ലയില്‍
കിളിക്കൂട്ടമൊരുപാട്ടുചിന്തിന്റെ
നീലിച്ച ഗോട്ടികള്‍ ചിറകിട്ട് തട്ടി കളിച്ചിരിക്കേ ,
ഹൃദയത്തിനതിമൃദുല മാംസളതയിലോര്‍മകള്‍
ചിനക്കുന്ന ഒരു കിളിക്കാലിന്‍ നഖങ്ങള്‍.
നഖത്തിന്റെ റോസ്മുള്ളുകൊണ്ടെന്റെ കണ്ണിലെ
കോളാമ്പിയിലയില്‍ ഊറുന്നു ചോപ്പു കണ്ണീര്

ഉടയുന്ന കണ്ണീര്‍പളുങ്കില്‍ നിന്ന്
ഒരു ചിത്രശലഭം പറന്നുവന്ന്
അതിഗൂഢമിങ്ങനെ കാതില്‍ മൊഴിഞ്ഞു:
‘പാപീ...’
ഒരു നിമിഷമേ ഞാനത്ഭുതസ്തബ്ധനായ് മാറിയുള്ളൂ .
പിടി കൊടുക്കാതെ ഞാന്‍ ചെവിപൊത്തിയോടി ,
തെറ്റികള്‍ മുറുക്കുന്ന കാട്ടിറമ്പില്‍ ചെന്നിറങ്ങി .
അണയ്ക്കുന്ന നെഞ്ചം അമര്‍ത്തിപ്പിടിച്ചു ഞാനവിടെപ്പതുങ്ങി .
പേടിച്ചുപേടിച്ച് തലപൊക്കി നോക്കിയ നേരത്ത്
മുകളില്‍ നിന്നിടിവെട്ടി :
‘പാപീ, നിനക്കില്ല മോക്ഷം
നിനക്കില്ലൊളിക്കാനിടങ്ങള്‍
എവിടേക്കു പാഞ്ഞാലുമൊടുവില്‍ നീ
തിളയ്ക്കുന്ന എണ്ണയില്‍ ഒരു വറചട്ടിയില്‍
ചെന്നു വീഴും...’
കര്‍ക്കിടക മേഘങ്ങള്‍ മിഴിപൊട്ടി വിലപിക്കു
മൊരു ദിനമുച്ചയിലേക്കു ഞാന്‍ ‍ഞെട്ടിയുണരുന്നു
മഴയില്‍ കുതിര്‍ന്ന് നടക്കുമ്പൊഴും
ഉഷ്ണഹൃദയത്തിനഴിവാതിലില്‍
ഇറ്റു കാറ്റും തണുപ്പും കൊതിച്ചുകൊ-
ണ്ടാത്മാവു വന്നു നില്‍ക്കുന്നു.
മൊട്ടപ്പറമ്പുകള്‍ തോറുമലഞ്ഞുനടന്നു ഞാന്‍
പച്ചയാം കുന്നിന്റെ ഉച്ചിയിലൊരൊറ്റക്കൊടിമരം പോലെ
എത്രയോകാലം കറുത്ത പതാകയും പറപ്പിച്ചു നിന്നു ഞാന്‍.
ചാണകം മണക്കുന്ന വഴികളില്‍
കടലാസുപൂവുകളിളിക്കുന്ന വേലികള്‍ നോക്കാതെ
ചന്തമുള്ളൊരു കാഴ്ചയും കാണില്ലെന്ന് കണ്ണാല്‍ ശഠിച്ച്
കിളിപ്പാട്ടു കേള്‍ക്കാതെ
പൊരിയും വിശപ്പിന്റെ വിലപനം കേട്ട്
സ്വന്തം മനസ്സിന്റെ വിഷപാനപാത്രം
ചുണ്ടോടു ചേര്‍ത്തു ഞാന്‍.
മഴക്കിളികള്‍ വട്ടമിടുമാകാശമപ്പൊഴും
നിര്‍ദ്ദയമൌനത്തിന്‍ വാക്കുകള്‍ കടയുന്നു.
മറ്റൊരു വിഷക്കോപ്പയാമതിന്‍ വക്കത്ത്
സൂര്യന്റെ ചുണ്ട് ചോക്കുന്നു.
ദൈവമേ , നീയെനിക്ക് പണിതതാം വറചട്ടി
എന്റെയീ ഹൃദയം തന്നെ.
എന്നെ പിന്‍ തുടരുമരൂപിയാം ശബ്ദം
ഒരു നെഞ്ചിടിപ്പില്‍ ഞാന്‍ കേള്‍ക്കുന്നു:
‘പാപീ...’
ശത്രുവെന്‍ നെഞ്ചിന്നുള്ളില്‍ തന്നെയോ മുരളുന്നു..
ഞെട്ടിത്തെറിച്ചു ഞാന്‍ നില്‍ക്കുന്നു.

വിഷ്ണു പ്രസാദിന്റെ ജീവിതത്തിലെ ചില അത്ഭുതങ്ങള്‍ ...

വാതിലടച്ച് കിഴക്കോട്ട് തലവെച്ച് കിടന്നു.
ഉറങ്ങി, ഉറക്കത്തില്‍ സ്വപ്നവുമുണ്ടായി.
തുന്നല്‍ക്കാരിയായ കാമുകി കത്രികയുമായി
എന്റെ ...... മുറിക്കാന്‍ വരുന്നു.
ഞെട്ടിയുണര്‍ന്ന് നോക്കുമ്പോള്‍
പടിഞ്ഞാറാണ് വാതില്‍ ,
അതുണ്ട് തുറന്ന് മലര്‍ന്ന്..
വാതിലടച്ച് തെക്കോട്ട് തലവെച്ച് കിടന്നു.
ഉറങ്ങി, ഉറക്കത്തില്‍ സ്വപ്നവുമുണ്ടായി.
അമ്മ
‘മോനേ ..’എന്ന് വിളിച്ച്
എന്റെ കഴുത്ത് പിടിച്ചു മുറുക്കുന്നു.
ഞെട്ടിയുണര്‍ന്ന് നോക്കുമ്പോള്‍
‍വടക്കാണ് വാതില്‍ ‍,
അതുണ്ട് തുറന്ന് മലര്‍ന്ന്..
വാതിലടച്ച് വടക്കോട്ട് തലവെച്ച് കിടന്നു.
ഉറങ്ങി, ഉറക്കത്തില്‍ സ്വപ്നവുമുണ്ടായി.
ബ്രേക്ക് നഷ്ടപ്പെട്ട് ഒരു ജീപ്പില്‍
കുറേ ആളുകളോടൊപ്പം
ഞാനൊരിറക്കത്തിലേക്ക് പായുകയാണ്.
ഞെട്ടിയുണര്‍ന്ന് നോക്കുമ്പോള്‍
‍തെക്കാണ് വാതില്‍ ‍,
അതുണ്ട് തുറന്ന് മലര്‍ന്ന്..
വാതിലടച്ച് സുഖമായുറങ്ങി.
പുലര്‍ച്ചയ്ക്കുണര്‍ന്ന്
വാതില്‍ തുറന്നപ്പോള്‍
കിഴക്കാണ് വാതില്‍ ...
ഒറ്റമുറിയുടെ ഒരേയൊരു വാതില്‍ ...
*.’‘::‘:അതെങ്ങനെ....?

പരിക്ക്

എല്ലാ മുഖ ങ്ങളും പരിക്കു പറ്റിയവയായിരുന്നു;
അച്ഛന്റെ ,അമ്മയുടെ,അനുജത്തിയുടെ,
ഭാര്യയുടെ, കൂട്ടുകാരന്റെ ,എന്റെ....
എല്ലാ ഹൃദയങ്ങളും പരിക്കു പറ്റിയവയായിരുന്നു;
അച്ഛന്റെ ,അമ്മയുടെ,അനുജത്തിയുടെ,
ഭാര്യയുടെ, കൂട്ടുകാരന്റെ ,എന്റെ....
എല്ലാം സ്നേഹത്തിന്റെ പരിക്കുകളായിരുന്നു....;
അച്ഛന്റെ ,അമ്മയുടെ,അനുജത്തിയുടെ,
ഭാര്യയുടെ, കൂട്ടുകാരന്റെ ,എന്റെ....
ഓരോ വയസ്സു കൂടുമ്പോഴും
കണ്ണുകള്‍ കൂടുതല്‍ കലങ്ങിക്കലങ്ങി..
ഓരോ ദിവസം ചെല്ലുംതോറും
കവിളുകള്‍ കുഴിഞ്ഞു കുഴിഞ്ഞ് ...
ഓരോ മണിക്കൂറിലും മുടിയിഴകള്‍
കൊഴിഞ്ഞു കൊഴിഞ്ഞ്...
സ്നേഹത്തിന്റെ പരിക്കുകള്‍
നിറഞ്ഞ ശില്പങ്ങള്‍
മുഖാമുഖം നിസ്സംഗരായി
ഒരേ മ്യൂസിയത്തില്‍ ...

വിടുതി

ആത്മഹത്യ
സമാധാനത്തിനു വേണ്ടിയുള്ള ഒരു ശ്രമമാണ്.
ഉറങ്ങാന്‍ വേണ്ടി വെളിച്ചമണയ്ക്കുന്നതുപോലെ,
ദുസ്സഹമായ ഗന്ധങ്ങളില്‍ നിന്ന്
മൂക്കു പൊത്തുന്നതു പോലെ,
പ്രശ്നങ്ങളുടെ യന്ത്രക്രമത്തില്‍നിന്ന്
ഒരഴിഞ്ഞു ചാടല്‍ ...
വീര്‍പ്പു മുട്ടുന്ന ജീവനെ
ശരീരത്തിന്റെ ജനാലകള്‍ തുറന്ന്
ഒരഴിച്ചുവിടല്‍ ..
ഭാഷയുടെയും ബന്ധങ്ങളുടെയും
എല്ലാ കുരുക്കുകളും ഊരി
വെളുത്ത ചിറകുകളുമായി
നീലാകാശത്തേക്ക് ഒരു പറക്കല്‍ ...
ബോധത്തിന്റെ പാരതന്ത്ര്യത്തില്‍ നിന്ന്
മറവിയുടെ താരമേഘങ്ങളിലേക്ക്
ഒരു വിടുതി.

ഭൂമി

മേഘക്കുടുക്കയില്‍ നിന്ന്
രണ്ടു നക്ഷത്രങ്ങള്‍
കൈയിലെടുത്ത്
ആകാശം ചിരിച്ചു.
താഴെ നിലാവിന്റെ പുതപ്പില്‍
ചുരുണ്ടു കിടന്നുറങ്ങുന്ന ഭൂമി.
എന്തെല്ലാം മറന്നിരിക്കുന്നു ഭൂമി...!
ആകാശം ഭൂമിയുടെ കവിളില്‍ ചുംബിച്ചു.
അവിടെ, കവിളില്‍
ഉണങ്ങിയ കണ്ണുനീരിന്റെ ഉപ്പ്.
(28-8-2000)

അവിഹിതം /ആ വിഹിതം/ആവി ഹിതം

മന്നവാ,
വണ്ടുകളുടെ തണ്ടു കണ്ടുവോ?
തണ്ടുകളുടെ തൊണ്ടുകളയൂ
ശകൂ...(ശ് ശ്..കൂയ്...എന്നും).
ദുഷി അതിശയിച്ചു പോയി,
തണ്ട് മുതിര്‍ന്നു പോയി,
പ്രാസമൊപ്പിച്ച്
ചുണ്ട് കുതിര്‍ന്നുപോയി.
പോയി,
ഇന്റര്‍വെല്‍ ,
പോയി.
ശകു,കുടുംബക്കാര്‍ (കുടുംബത്തിന്
സ്വന്തമായുള്ള കാര്‍ )
മോതിരം വേറെ വഴിക്കും.
നുണ ..ചതി...കുഴി...
നുണക്കുഴി.
ശകൂ...ദുഷീ..
ഇതി ശ്രീ സമാപ്തം.

പ്രാണസങ്കടം

പാപസാനുവില്‍ പകച്ചു നില്‍ക്കുന്നു
നീലമേഘങ്ങള്‍ക്കസ്പൃശ്യനായി ഞാന്‍.
നിലവിളിക്കുന്ന ചില്ലകള്‍ നീട്ടി
കരുണ യാചിക്കുന്നു ദൈവമേ...
കിളി വരാത്തൊരീ കൊമ്പില്‍ നിന്നെന്റെ
ഹരിത പത്രങ്ങളെല്ലാം കൊഴിഞ്ഞുപോയ്.
പ്രണയ മുദ്രകള്‍ കൈവിട്ടൊരെന്നെ നീ
മിന്നലായ് വന്നു പ്രാപിച്ചുകൊള്ളുക.
കത്തിനില്‍ക്കട്ടെ കനല്‍മരമായിഞാന്‍ ,
ഭൂമിയുടെ കാതില്‍ ഇടിമുഴക്കമായ്
നിറയട്ടെ ,വഴിയട്ടെ പ്രാണന്‍.

രാമനാഥന്റെ പ്രേതം

ഒരു വിശുദ്ധ രാത്രിയില്‍
വീട്ടില്‍ ഞാനൊറ്റ പുതച്ചുറങ്ങുന്നു
പുറത്തുനിന്നൊരാള്‍ ചുമച്ച്
വീടിന്റെ വാതില്‍ തുറന്നുകേറുന്നു.
കറുത്തു നീണ്ടൊരാള്‍,കഴുത്തറ്റം
നിശാവസ്ത്രം കണ്ണിലഗ്നി
കയ്യില്‍ കെട്ട മെഴുതിരി.
കട്ടിലിന്നോരം ചേര്‍ന്ന് നില്‍ക്കുന്നു.
അസ്ഥികള്‍ പോലുള്ള വിരലുകള്‍ നീട്ടിത്തൊടുന്നു.
നെഞ്ചില്‍ പതുങ്ങും വിരലിന്‍ തണുപ്പും
ഒരു ശാന്തമാം പുരുഷശബ്ദവും
ഉറക്കം കെടുത്തിയെന്നെയുമുണര്‍ത്തുന്നു.
വലിച്ചിട്ട കസേരയിലിരുന്നു കൊണ്ടാഗതന്‍
ഒരു ചിരി ചിരിക്കുന്നു.
എതിരെ ഞാനിരിക്കുന്നു.
‘ഞാന്‍ രാമനാഥന്റെ പ്രേതം’
ആഗതന്റെ ശബ്ദം തുടര്‍ന്നു:
‘ഈ മനോഹര രാത്രിയില്‍ നിന്നെ
ക്കാണുവാനായി വന്നു.
ഇവിടെ നീയിന്നൊറ്റയ്ക്കുറങ്ങയാണെന്നറിഞ്ഞു.
കുടിക്കുവാനൊരു കോപ്പ മദ്യമാവാം
നമുക്കിന്നു വെളുക്കുവോളമൊരുമിച്ചുകൂടാം.’
അത്രയും പറഞ്ഞ് പിന്നെയുമൊരു
വല്ലാത്ത ചിരിയില്‍ മുഴുകുന്നു രാമനാഥന്റെ പ്രേതം.
പൊടുന്നനെ കനലു പോലെ തുറിച്ചുനോക്കുന്നു.
നഖം നീണ്ട വിരലുകള്‍ കൊണ്ട്
മദ്യം നിറച്ച ഗ്ലാസ്സെടുക്കുന്നു.
ഒറ്റ വലിയില്‍ കാലിയാക്കുന്നു.
കസേരയില്‍ ചാരിയമരുന്നു.
നീണ്ട താടിയില്‍ മദ്യത്തുള്ളികള്‍ തിളങ്ങുന്നു.
ഇലക്ട്രിക് വെളിച്ചത്തില്‍ പാറ്റകള്‍ പറക്കുന്നു.
പല്ലികള്‍ കാത്തിരിക്കുന്നു.
പുറത്തിരുട്ടിന്റെ കോട്ടയില്‍
കടവതിലിന്റെ ചിറകടികള്‍
കാലനെക്കാണുന്ന നായ്ക്കളുടെ
നിര്‍ത്താത്ത മോങ്ങല്‍
മന്ത്രവാദം തുടരുന്ന മൂങ്ങകള്‍
‘ഇപ്പൊഴേ വരാനൊക്കൂ,
ഇതു വിജനമാം രാവാണല്ലോ’
അത്രയും പറഞ്ഞ് പിന്നെയും
തുറിച്ചു നോക്കുന്നു രാമനാഥന്റെ പ്രേതം.
വീണ്ടും നിറഞ്ഞഗ്ലാസ്സെടുക്കുന്നു
ഒറ്റ മോന്തലില്‍ ശൂന്യത നിറയ്ക്കുന്നു.
നനഞ്ഞ താടിയുഴിയുന്നു.
‘എനിക്ക് ഗതി കിട്ടിയില്ല ചങ്ങാതി.’
ഒരു നേര്‍ത്ത കരച്ചിലു പോലെ
മൊഴിയുന്നു പ്രേതം.
തെക്കിനിയിലിരുണ്ട മൂലയ്ക്ക്
കെട്ടിത്തൂങ്ങിയാടും ശവത്തെ
കണ്ടതാണല്ലോ നീയും...
ഒരു ബീഡിക്ക് തീ പിടിപ്പിച്ചു ഞാന്‍
ഓര്‍ക്കുവാന്‍ ശ്രമിക്കുമ്പോള്‍
വീണ്ടുമൊരു മൌനത്തിലാഴുന്നു പ്രേതം.
രക്തം പൊട്ടിയൊഴുകുന്നകാലും
ഈച്ചകളാര്‍ക്കും ശവത്തിന്റെ
കണ്ണുകളുമോര്‍ത്തു ഞാന്‍.
‘മരിച്ചിട്ടെന്തു നേടി?’അഗതിയുടെയാത്മഗതം
മനസ്സിന്റെ കുന്നുകളില്‍ പ്രതിധ്വനിക്കുന്നു.
‘മരിച്ചിട്ടെന്തു നേടി ,മലിനമാമെന്റെ
മനസ്സു പോലും തിരിച്ചെടുത്തില്ലദൈവം.’
അറിയാത്ത സ്നേഹത്തിന്‍ വേരുകള്‍
തിരഞ്ഞു കൊണ്ടലയുവാനാണ് വിധി.
ഒക്കെയും മടുക്കുന്നു ചങ്ങാതീ
രാത്രിഗന്ധികള്‍ പൂക്കുന്ന ശ്യാമയാമങ്ങളില്‍
പാട്ടു പാടി ഞാനലഞ്ഞുവേകാന്തനായ്.
പാതിരാവിന്റെ കല്പടവിലെന്റെ
ശോകരാഗം തളം കെട്ടി നിന്നു.
ഇരുളു മൂടുന്ന ഭൂമി മുഴുവനും
സ്വന്തമായ് മാറ്റി.
പക്ഷേ എവിടെയാണിപ്പൊഴും സ്നേഹം..?
മറവിയില്‍ പണ്ടേ മറവു ചെയ്തോരേ,
മറവിയുടെ ശവപ്പെട്ടി ഭേദിച്ച് രാത്രിയുടെ
നെഞ്ചത്തിരിക്കുന്നു ഞാന്‍.
ഇറ്റു സ്നേഹം നിഷേധിച്ച്
പാവമാമെന്റെ നരജന്മം നശിപ്പിച്ച
നിര്‍ദ്ദയ വൃന്ദ്ങ്ങളേ..
നിങ്ങളെയൊക്കെയും കൂടെ ഞാനെടുക്കും
ഒറ്റയ്ക്കലഞ്ഞു മടുത്തു ഞാന്‍.
സ്നേഹം നടിച്ചവര്‍, ബന്ധു മിത്രാദികള്‍
ഒക്കെയുമിനിവരും രാവുകളിലുറക്കം കെട്ട്
എന്റെയീ വാക്കുകള്‍ കേള്‍ക്കും.
മിഴിയുടെ നെരിപ്പോടില്‍ കനല്‍ത്തരി ചിതറുന്നു.
പൊടുന്നനെ സങ്കടത്തിന്റെ ചില്ലുപാളികള്‍ക്കപ്പുറം
ഒക്കെയും കെട്ടു പോവുന്നു.
രണ്ടു മഴത്തുള്ളികള്‍ മാത്രം കാത്തുനില്‍ക്കുന്നു.
‘ഞാന്‍ ..ഞാന്‍ ഗതികെട്ടൊരാത്മാവ്
ഈ രാത്രി നിന്നുറക്കം കെടുത്തിയോ ?
എന്റെ പ്രിയ സുഹൃത്തേ,
നിന്നെ ഞാന്‍ ശല്യപ്പെടുത്തിയോ..?’
വികാരഭരിതനായ് പ്രേതമെന്‍ തോളുകള്‍
കുലുക്കിയാരായുന്നു.
മൂകനായ് നില്‍ക്കുന്നൊരെന്നെ
നിറകണ്ണോടെ നോക്കി മൊഴിയുന്നു പ്രേതം.
‘ക്ഷമിക്ക്...,ക്ഷമിക്ക് ഞാന്‍ പോണു
നിനക്കു ഞാന്‍ ശല്യമായെങ്കില്‍.’
വീണ്ടും തുറന്നടയുന്നു വാതില്‍.
പുറത്തു നിന്നൊരു കൊടുങ്കാറ്റകന്നു പോകുന്നു.
ജനലഴികളിലൂടെ ഇരുട്ടില്‍ ഞാന്‍ പരതുന്നു.
ആരുമില്ലവിടെ,
ദൂരെ നിന്നൊരു പാട്ടു കേള്‍ക്കുന്നുവോ...
നിശാഗന്ധികള്‍ പൂത്ത ഗന്ധമെത്തുന്നുവോ...
തോളിലപ്പൊഴുമൊരു തണുപ്പ് തോന്നുന്നു
ഓര്‍മയില്‍ രണ്ട് നിറകണ്ണ് തെളിയുന്നു.
- 1995 ഫെബ്രുവരി

ഒരു പോലീസുകാരന്റെ ലഘുജീവചരിത്രം.

കൊള്ളമുതലുമായി പോകുന്ന രാത്രിയെ
സൂര്യന്‍ എന്ന പോലീസുകാരന്‍ പിന്തുടര്‍ന്നു.
സേവനകാലം കഴിഞ്ഞിട്ടും തിരുമാലിയുടെ
കോളറില്‍ പിടികിട്ടിയില്ല.
വിടവാങ്ങല്‍ ചടങ്ങിലെ പ്രസംഗത്തില്‍
അയാള്‍ പറഞ്ഞു:‘സത്യം കണ്ടെത്തുക പോലെ
പ്രധാനമാണ് അന്വേഷണവും.
കള്ളനെ പിടിക്കാനായില്ലെങ്കിലും
തിരിച്ചറിയുക പ്രധാനമാണ്.’
പെട്ടെന്ന് തിരമാലകളില്‍ പൊന്തിയ
ഒരു തിമിംഗലം സൂര്യനെ വിഴുങ്ങി.
അന്വേഷണം ഇനിയും തുടരുമായിരിക്കും...
(2001 ജൂണ്‍ 2)

ഒഴിയല്‍

ബലൂണില്‍ നിന്ന് ഒഴിഞ്ഞുപോവുന്ന
വായുവിനോട് ബലൂണ്‍ ചോദിച്ചു:
‘എന്താണ് പരമമായ ദു:ഖം?’
കാറ്റിന്റെ മറുപടി ഇങ്ങനെയായിരുന്നു:
എനിക്ക് നിന്നില്‍ നിന്ന് ഒഴിഞ്ഞുപോവാം,
അവനവനില്‍ നിന്ന് ഒഴിയാനാവാത്തതാണ്
പരമമായ ദു:ഖം.

2001 മെയ് 13

ജീവനേ...

വിട്ടു പോയ ജീവനേ
നീ ഈ ശവത്തിന്റെ
എത്ര ദുര്‍ഗന്ധങ്ങളെ
ഇത്രനാള്‍ അടക്കിവെച്ചു.
ഇപ്പോഴിതാ എല്ല ദുര്‍ഗന്ധങ്ങളും
ചങ്ങല പൊട്ടിച്ചു വരുന്നു...
ജീവനേ നീ വെറും
ദുര്‍ഗന്ധങ്ങളുടെ
കാവല്‍ക്കാരനായിരുന്നോ..?

ഓളും ഓള്‍ടെയൊരു കാമുകനും

അവള്‍
ഭയന്നപ്പോഴൊക്കെ ഒരു പല്ലി.
പ്രണയത്തിന്റെ വാലു മുറിച്ചിട്ട്
‘അതു താനല്ലിയോ ഇത്’ എന്ന്
ചുവരിനെ ,തറയെ ,മോന്തായത്തെ
ആശങ്കപ്പെടുത്തി...രക്ഷപ്പെട്ടു.
ഈ പ്രണയവാല്‍
എങ്ങനെ തുന്നിച്ചേര്‍ക്കുമെന്ന്
‘മന:ശാസ്ത്രജ്ഞനോട് ചോദിക്ക്’
എന്ന പംക്തിയിലേക്ക്
എഴുതിചോദിച്ചാലോ
എന്നായി കാമുകന്‍.

തേള്‍കൊല

കിടപ്പു മുറിയിലേക്ക് വഴിതെറ്റിവന്നതായിരുന്നു ആ തേള്‍.ചൂലുമായി വരുന്ന എന്നെക്കണ്ട്പാവപ്പെട്ട ആ ജീവി തിരിഞ്ഞു നടന്നു.പക്ഷേ ഞാനതിനെ അടിച്ചടിച്ചുകൊന്നു.അതെന്നെ കടിച്ചിരുന്നില്ല.എട്ടുകാലികളെ, പാറ്റകളെ ,പഴുതാരകളെ, പാമ്പുകളെ.... എന്നെ ഉപദ്രവിക്കുമെന്ന ഭയം കൊണ്ട് ഞാന്‍ തല്ലിക്കൊന്നു.പക്ഷേ ഇന്നോളം ഒരുജീവി പോലും എന്നെ ഉപദ്രവിച്ചില്ല.ഭയം കൊണ്ട് ഞാനവയെ കൊന്നു.എന്നാല്‍ അവ ഭയം കൊണ്ട് തിരിഞ്ഞുനടക്കാനേ ശ്രമിച്ചുള്ളൂ.ഹിംസയുടെ കാരണം ഭയമാണോ...?

അവയവം

മിണ്ടുന്നവരെയൊക്കെ
കാണണമെന്ന്
രണ്ട് ചെവികള്‍ക്ക്
മോഹമുണ്ടായി.
എത്ര സൂക്ഷ്മത
പുലര്‍ത്തിയിട്ടും
ചെവികള്‍ക്ക്
ഒന്നും കാണാനായില്ല.
കാണുന്നവരുടെയൊക്കെ
സംസാരം കേള്‍ക്കണമെന്ന്
രണ്ട് കണ്ണുകള്‍ക്കും
മോഹമുണ്ടായി.
എത്ര സൂക്ഷ്മത
പുലര്‍ത്തിയിട്ടും
കണ്ണുകള്‍ക്ക്
ഒന്നും കേള്‍ക്കാനായില്ല.
(24-4-2000)

പ്രണയവും സമയവും

അവതരിപ്പിക്കുന്നു,പ്രണയം
(സ്പോണ്‍സേഡ് ബൈ ക്ലോസപ് ടൂത്ത് പേസ്റ്റ് )
രണ്ടു നിലക്കെട്ടിടത്തിന്റെ മുകളില്‍
ആളില്ലാത്ത തക്കത്തിന്
ക്ലോസപ്പിന്റെ ചുവന്ന പ്ലവത്തില്‍
143 കുറിച്ചത്
പത്താം ക്ലാസില്‍ 210 കിട്ടില്ലെന്ന്
ഉറപ്പിച്ച ഒരു പെണ്‍കുട്ടിയുടെ ബുദ്ധിമാന്ദ്യം.
കമ്പ്യൂട്ടര്‍ കാലത്ത് പ്രണയത്തിന്
ഒരുമ്പെടാന്‍ ജീനില്‍ ഒരു മന്ദബുദ്ധിയുടെ
ഗുപ്തഗുണമെങ്കിലും ഉണ്ടാവണം.
ഭാവിയെക്കുറിച്ച് വേവലാതിപ്പെടാന്‍
ജനിതകത്തില്‍ 3:1എന്ന അനുപാതം
നല്ലത് തന്നെ.
ക്ലോസപ്പിന്റെ ചുവന്ന മണത്തില്‍
പ്രണയത്തിന്റെ വായ്നാറ്റമുണ്ടെന്ന്
വ്യവസ്ഥാപിത മന്ദബുദ്ധിയായ
കവി അറിയുന്നതെങ്ങനെ?
പക്ഷേ കൂറകള്‍ക്കും പാറ്റകള്‍ക്കുമുള്ള വിധം
അയാള്‍ക്ക് രണ്ട് സ്പര്‍ശിനികള്‍ ഉണ്ടായിരുന്നു.
അത് കണ്ണുള്ളവര്‍ കണ്ടിരുന്നു.
പ്രകാശം ,ശബ്ദം,ഗന്ധം എന്നിവയ്ക്ക്
ഒരു പരാസമുണ്ട്.
സ്പര്‍ശത്തിനും ഒരു പരാസമുണ്ട്.
അതില്‍ പ്രണയമെന്ന ഒരു സ്പര്‍ശം മാത്രം
നാഡികള്‍ എങ്ങനെയോ പിടിച്ചെടുക്കും.
പക്ഷേ പഴയ ട്യൂബ് ലൈറ്റുകള്‍ കത്തുന്നത്ര
സാവകാശമാണതിന്റെ ചിരി.
I LOVE YOU എന്ന് ഹിന്ദി സിനിമകളില്‍
പാടിപ്പറക്കുന്നതു പോലെ അയാള്‍ ജനല്‍ തുറന്നു പറന്നു.
മലയാള സിനിമയിലേതു പോലെ
അവരുടെ പാട്ടുസീനില്‍
ആ പ്രദേശത്തെ മുഴുവന്‍
ആണുങ്ങളും പെണ്ണുങ്ങളും
കയ്യും കാലും ചന്തിയും ആട്ടിക്കൊണ്ടിരുന്നു.
തമിഴ് സിനിമയിലേത് പോലെ
നായകന്‍ നടന്നു വരുമ്പോള്‍
അന്തരീക്ഷത്തില്‍
‘ബാഷ...ബാഷ...’ എന്ന് ആരോ
പരിചയപ്പെടുത്തി.
ഇംഗ്ലീഷ് സിനിമയില്‍
കപ്പല്‍ മുങ്ങും പോലെയോ
അമേരിക്കയെ കടലെടുക്കും പോലെയോ
കൊറ്റുങ്കാറ്റും ഉല്‍ക്കയും ഭൂമിയെ
പുഴക്കിയെടുക്കുന്നതു പോലെയോ
പ്രണയം അവരെ ബാധിച്ചു.
പാട്ടുസീനുകള്‍ കഴിഞ്ഞപ്പോഴാണ്
ക്ലൈമാക്സ്.
സംഭവം ഇതാണ്-സമയം.
പ്രണയത്തിനും സമയത്തിനും
ഇടയ്ക്കെന്ത് എന്ന് സാമ്പ്രദായികര്‍ .
പ്രണയത്തിന് കണ്ണില്ല കാതില്ല
എന്നൊക്കെ ചില .....കള്‍ .
പ്രണയത്തിന് ഉള്ളതെന്ത്?
ഫീഡ്ബാക്ക്.../...ഫോര്‍വാഡ്
പട്ടുസീന്‍ ....അതിനു ശേഷം...?
നായിക പ്രണയിക്കുന്നില്ല.
അതിന്...?
കവി പ്രണയിക്കുന്നു....
മന്ദബുദ്ധി പ്രണയിച്ചപ്പോള്‍
ട്യൂബ് ലൈറ്റ് കവി പ്രണയിച്ചില്ല.
ട്യൂബ് ലൈറ്റ് പ്രണയിച്ചപ്പോള്‍
ഫ്യൂസൂരിയ ഡാഷ്
മേഘങ്ങള്‍ക്കിടയില്‍
ഒളിച്ചിരിപ്പാണ്.
നമുക്കെന്തുകൊണ്ട് ഒരേ സമയം
പ്രണയിക്കാനാവുന്നില്ല.....?
ഉദാഹരണത്തിന് എട്ടുമണി,
എട്ടുമണി എന്ന കുറ്റി കൊണ്ട്
പ്രണയത്തെ തറച്ചു നിര്‍ത്താനാവാത്തതെന്ത്..?

വിനിമയം

വേദനകളുടെ തീകൂട്ടിയ നെഞ്ച്
എനിക്ക് പറിച്ചുതന്നിട്ട്
അവള്‍ പറഞ്ഞു:
എന്റെ ഹൃദയം നിനക്കുള്ളതാണ്.
അവളുടെ മിടിപ്പുകളുടെ ഭാണ്ഡം
സ്വീകരിച്ചപ്പോള്‍
എന്റെ ചോര കത്തി.
ആകാശത്തിന്റെ ഒരു കഷ്ണം
തടാകത്തിലേക്ക് തകര്‍ന്നുവീണു.
ആ ഒഴിവില്‍ നിലാവിന്റെ
മൊട്ടത്തല കണ്ടു.
ഞാന്‍ സന്തോഷിച്ചു.
പക്ഷേ.....
(3-8-2000)

നീലകണ്ഠന്‍

ഞാന്‍
പ്രണയത്തിന്റെ
വിഷം തിന്നിരിക്കുകയാണ്.
തലച്ചോറ്
ഒരു ചിതല്‍പ്പുറ്റു പോലെ
തകര്‍ന്നിരിക്കുയാണ്.
ഹൃദയം എന്ന മുഷ്ടിയോളം പോന്ന
ചോരക്കട്ട വെള്ളമായിരിക്കുന്നു.
ശ്വാസകോശം എന്ന തേനീച്ചക്കൂട്ടിലേക്ക്
ആരോ കല്ലെറിഞ്ഞിരിക്കുന്നു.
കണ്ണുകളില്‍ നിന്ന്
കൃഷ്ണമണികള്‍ ‍ ഇറ്റുവീഴുന്നു.
കൈകാലുകള്‍ പൂതലിക്കുന്നു.
ശവങ്ങളെ ആളുകള്‍ക്ക് ഭയമാണ്,
വിഷം തിന്നവരെയും.
അതുകൊണ്ട്
ആരും എന്നോട്
അടുക്കുന്നില്ല.

(27-7-2000)

(27-7-2000)

അവശിഷ്ടം

സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നതുകൊണ്ട്(ജാമ്യം)
എല്ലാ അവയവങ്ങള്‍ക്കും സമ്പൂര്‍ണ സ്വതന്ത്ര്യം നല്‍കി.
ഇടതുകാല്‍ കുണ്ടനിടവഴിയിലൂടെ കന്യാകുമാരിയിലേക്ക്
കൊക്കിച്ചാടിപ്പോയി.
വലതുകാല്‍ പഞ്ചായത്തുറോട്ടിലൂടെ
ഗോകര്‍ണത്തേക്ക് പോയി.
വലം കണ്ണ് ബംഗാള്‍ ഉള്‍ക്കടലിലേക്കും
ഇടം കണ്ണ് അറബിക്കടലിലേക്കും
തിരഞ്ഞു തിരഞ്ഞു പോയി.
വലതു ചെവി ഡല്‍ഹിയിലേക്കും
ഇടതുചെവി തിരുവനന്തപുരത്തേക്കും വിമാനടിക്കറ്റെടുത്തു...
നാക്ക് വഴിയോരത്തെ ഏതോ ബേക്കറിയിലേക്കും
തൊണ്ട ഏതോ വിദേശ മദ്യഷാപ്പിലേക്കും
കയറിപ്പോയി.
മൂക്ക് ഒരു പബ്ലിക് ടോയ്ലറ്റിലേക്കും
ചുണ്ടുകള്‍ ഏതോ ഇണയുടെ പിന്നാലെയും പോയി.
വലതുകൈ മാങ്ങ പൊട്ടിക്കാനും
ഇടതുകൈ ആരെയോ തോണ്ടാനും പോയി.
ഇനിയും ചിലതൊക്കെ പോയ വഴി
ഇവിടെ പറയുന്നില്ല.
എല്ലാം അതാതിന്റെ വഴിക്ക് പോയിട്ടും
ഒരു' ഞാന്‍ ' ഇപ്പോഴും ബാക്കിയാണ്...!

ദൈവ വിചാരം

എന്റേത്
ഒറ്റമുറിയില്‍ വാടകപ്പാര്‍പ്പ്.
ഒറ്റവാതിലില്‍ ലോകം ത്യജിക്കാം,
അതേ വാതിലില്‍ ലോകമൊന്നായ് കടക്കാം,
ഒറ്റയാവാം,ചെറ്റയാവാം.
ഒറ്റ ചെറ്റയായി വിരിഞ്ഞു ഞാന്‍.
പറ്റുബുക്കിലെ പാപക്കണക്കുകള്‍
ദൈവമേ നീ എഴുതിതള്ളണം.
ഞാനൊരു മൂന്നാം ലോകജീവിയല്ലിയോ.
കടം കൊടുപ്പുകാരുടെയും കൂട്ടിക്കൊടുപ്പുകാരുടെയും
ലോകമല്ലിയോ...
എന്റെ തെറ്റ് പൊറുക്കണം.
നൂല്‍പ്പാലത്തില്‍ നടത്തരുത്.
സര്‍ക്കസ് പഠിച്ചിട്ടില്ല.
വറചട്ടിയിലിടരുത്.
എന്റെ മാംസത്തിന് രുചിയുണ്ടാവില്ല.

ദൈവമേ നൂല്‍പ്പാലം കെട്ടാനുള്ള
കോണ്ട്രാക്റ്റ് എനിക്ക് തരണം.
നൂല്‍പ്പാലത്തിലൂടെയുള്ള നടത്തിപ്പിന്റെയും
വറചട്ടിയിലെ പിടച്ചിലിന്റെയും
തത്സമയ സംപ്രേഷണാവകാശം
എനിക്കു തന്നാല്‍
ഞാനൊരു ചാനലു തുടങ്ങും.
തമ്പുരാനേ...നിന്റെ കൃപ.

സമുദ്രലംഘനം

ഇതാ കിടക്കുന്നു
സമുദ്രമെന്നവള്‍.
ഇതൊക്കെ
ലംഘിക്കാന്‍
തനിക്കൂക്കു
പോരുമോ
എന്ന് ഞാനാം
കുരങ്ങന്‍.
നീയിതും
ഇതിലപ്പുറവും
പറ്റിക്കുമെന്ന്
ജാംബവാന്‍
ചങ്ങാതി.
കണ്ണടച്ച്
‘രാമാ’ എന്നു വിളിച്ച്
ആഞ്ഞുചാടി.
എന്റെ പിടലിക്ക്
പിടിച്ച് വിഴുങ്ങുകയായ്,
സമുദ്രമേ
നിന്റെ
യോനിയില്‍
നിന്നൊരു തിര.

പ്രകൃതി പക്ഷം

എല്ലാം ഒരേ പോലെയല്ല.
എല്ലാ മരങ്ങള്‍ക്കും ഒരേ ഉയരമല്ല.
എല്ലാ പൂക്കള്‍ക്കും ഒരേ ആകൃതിയില്ല.
എല്ലാ മനുഷ്യരും ഒരേ പോലെ ചിന്തിക്കുന്നില്ല.
ഒരു നിമിഷം പോലെ മറ്റൊരു നിമിഷമില്ല.
ഓരോ പുഞ്ചിരിയും ഓരോ കരച്ചിലും ഓരോന്നാണ്.
അസമത്വമാണ് പ്രപഞ്ചത്തിന്റെ സ്വഭാവവും സൌന്ദര്യവും.

(2003 ആഗസ്റ്റ്)

ചാതുര്യം

സൂര്യവെളിച്ചത്തെ ചതുരങ്ങളായി മുറിച്ച്
നിലത്തിട്ട ജനാല
ചോരക്കറ വീണ നിഴല്‍ക്കളങ്ങളില്‍
ചൂണ്ടി പറയുകയാണ്:
‘സൂര്യന്‍ ചതുരാകൃതിയിലാണ്.’
എന്റെ ജനാലേ..,
നീ എന്നെയും മുറിച്ച്
ചതുരങ്ങളാക്കി
മറ്റുള്ളവരോട് പറയും
‘വിഷ്ണു പ്രസാദ് ചതുരാകൃതിയിലാണ്..’എന്ന്.
കാറ്റും വെളിച്ചവും കടക്കാന്‍
സ്ഥാപിച്ച നീ
ഈ പണി ചെയ്തത്
ശരിയായോ...?

(27-7-2000)

അവസരവാദി

,ഞാനും അവനും ഒന്നിച്ചാണ്
മല കയറിയത്.
മല മുകളിലെത്തിയപ്പോള്‍
അവനെ കാണാനില്ല.
അവനൊരു കല്ലായി മാറി.
ഞാനും അവനും ഒന്നിച്ചാണ്
കാട്ടില്‍ പോയത്.
നടുക്കാട്ടിലെത്തിയപ്പോള്‍
അവനെ കണാനില്ല.
അവനൊരു മരമായി മാറി.
ഞാനും അവനും ഒന്നിച്ചാണ്
പുഴയിലിറങ്ങിയത്.
മുങ്ങി നിവര്‍ന്നപ്പോള്‍
അവനെ കാണാനില്ല.
അവന്‍ വെള്ളമായി മാറിയിരുന്നു.
ഞാനവനെ വിളിച്ചു:
‘അവസരവാദീ...’
അവന്‍ വിളി കേട്ടില്ല.
പക്ഷേ, അവന് പറയാനുള്ളത്
എനിക്കറിയാമായിരുന്നു:
‘അവസരങ്ങള്‍ ഇല്ലായിരുന്നെങ്കില്‍....’

29-6-2000

ഉഭയ ജീവിതം

കരയില്‍ നിന്ന് കുളത്തിലേക്ക്
കാല് തെറ്റി വീണ്
ഒരു തവള മുങ്ങിമരിച്ചു.
കഥകള്‍ തിന്ന് ജീവിച്ചിരുന്ന
ഒരു ചിതല്‍ അബദ്ധ്ത്തില്‍
ഒരു കവിത തിന്ന് ചത്തു.
ക്യാമറയിലൂടെ ഒരാള്‍
നോക്കിയതുകൊണ്ട്
നടന്നു പോയ ഒരാള്‍
ചിത്രമായി നടുറോഡില്‍
മറിഞ്ഞു വീണു.

17-4-2000

വിളക്ക്

പട്ടാപ്പകല്‍ മുറിയില്‍
ഒരു വിളക്കിരിക്കുന്നതു കണ്ട്
അയാല്‍ എറിഞ്ഞുടച്ചു.
രാത്രിയായപ്പോഴാണ്
ഉടഞ്ഞ വിളക്ക് കൂടിച്ചേര്‍ന്ന്
വീണ്ടും ഒരു വിളക്കായി
രൂപപ്പെടുകയില്ലെന്ന്
അയാള്‍ക്ക് മനസ്സിലായത്.

അവസാന ചുംബനം


പാടങ്ങള്‍ മ്യുസിയത്തിലേക്ക് കൊണ്ടു പോകാറായി....
വള്ളുവനാട്ടിലെ മരിച്ചുകൊണ്ടിരിക്കുന്ന ഒരു പാടം

വഴിപ്പച്ച

മ്മുടെ പാടങ്ങള്‍ നികത്തുമ്പോള്‍‍ ഒഴിഞ്ഞു പോവുന്നത് കേവലം നെല്‍വയലുകളാ ണെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടോ എന്തോ...?
പല തരത്തിലുള്ള ഞണ്ടൂകള്‍ തവളകള്‍ മീനുകള്‍ തുമ്പികള്‍ ചിലന്തികള്‍ ചിത്ര
ശലഭങ്ങള്‍ നിശാശലഭങ്ങള്‍ ....പിന്നെ മുയല്‍ച്ചെവിയന്‍ മുത്തിള്‍ തേള്‍ക്കട കയ്യോന്നി കഞ്ഞുണ്ണി കല്ലുരുക്കി തുടങ്ങിയ ചെടികള്‍ ...ഇവയെയൊക്കെ നാടു കടത്തുന്ന ഒരു പണിയാണിതെന്ന്പാടത്തുവീടു വെക്കുന്ന ഗള്‍ഫ്കാരനോ പാടം തൂര്‍ക്കാന്‍ മണ്ണടിക്കുന്ന കോണ്ട്രാക്ടര്‍ കുഞ്ഞപ്പേട്ടനോ കെട്ടിട നിര്‍മ്മാണത്തൊഴിലാളികളോ ...എന്തിന് നമ്മുടെ മുഖ്യമന്ത്രി പോലുമോ ഓര്‍ത്തു കാണില്ല.
മനുഷ്യന്റെ കടന്നു കയറ്റം കൊണ്ട് ഈ ഭൂമിയെ വിട്ടു പിരിയേണ്ടി വരുന്ന ജീവജാലങ്ങളുടെ പട്ടിക നീളുകയാണ് .അടുത്ത കാലത്ത് ഞാന്‍ നിരീക്ഷിക്കാനിടയായ ഒരു രസകരമായ വസ്തുതയുണ്ട് .ചിത്രശലഭങ്ങളുടെ ആതിഥേയ സസ്യങ്ങളെക്കൂറിച്ചാണത്.ചിത്രശലഭങ്ങളുടെ കാറ്റര്‍പില്ലറുകള്‍ക്ക് ആഹാരമായിട്ടുള്ളതോ ചിത്രശലഭങ്ങള്‍ തേന്‍ നുകരാനെത്തുന്നതോ ആയ ചെടികളെയാണ് ആതിഥേയ സസ്യങ്ങളെന്ന് വിളിക്കുന്നത്. ഓരോ ചിത്രശലഭത്തിനും അതിന്റെ ലാര്‍വാഭക്ഷണസസ്യം പ്രത്യേകമാണ്.
ഉദാഹരണത്തിന് എരിക്കുതപ്പി എന്നൊരു ചിത്രശലഭമുണ്ട് .ഇതിന്റെ ലാര്‍വകള്‍ എരുക്കിലയാണ് തിന്നുക.
കരിനീലക്കടുവ എന്ന ചിത്രശലഭത്തിന്റെ ലാര്‍വ വട്ടക്കാക്കക്കൊടി എന്നവള്ളിച്ചെടിയുടെ ഇലകള്‍ തിന്നാണ്
വളരുന്നത്. വട്ടക്കാക്കക്കൊടി ഇല്ലാതാവുമ്പോള്‍ കരിനീലക്കടുവയെ കാണാതാവുമെന്ന് പറയേണ്ടതില്ലല്ലോ..
നമുക്ക് പൂമ്പാറ്റകളുടെയും അവയുടെ ലാര്‍വകളുടെയും ഭക്ഷണസസ്യങ്ങളുടെ ഒരു പട്ടിക പരിശോധിച്ചുനോക്കാം

ചിത്രശലഭം ......ലാര്‍വാഭക്ഷണസസ്യം
നാട്ടുറോസ്................................................ഈശ്വരമൂലി
ചക്കരശലഭം.............................................ഈശ്വരമൂലി
തകരമുത്തി................................................പൊന്നാംതകര
മഞ്ഞത്തകരമുത്തി.....................................പൊന്നാംതകര
ആവണച്ചോപ്പന്‍ ‍.......................................ആവണക്ക്
ചിത്രകന്‍ ..................................................കൊടിത്തൂവ
മയില്‍ക്കണ്ണി..............................................വയല്‍ച്ചുള്ളി
വയല്‍ക്കോത............................................വയല്‍ച്ചുള്ളി
വന്‍ ചൊട്ടശലഭം.......................................കുറുന്തോട്ടി
നാട്ടുകോമാളി.............................................കൊട്ടമുള്ള്
ചെങ്കോമാളി...............................................ഇലമുളച്ചി
പുള്ളിച്ചാടന്‍ ‍.............................................ഊരം
എരിക്കുതപ്പി..............................................എരിക്ക്
കരിനീലക്കടുവ...........................................വട്ടക്കാക്കക്കൊടി
നീലക്കടുവ.................................................വട്ടക്കാക്കക്കൊടി

പൊതുവായ തേന്‍ ചെടികള്‍
കൃഷ്ണകിരീടം
തെച്ചി
കൊങ്ങിണി

പൂമ്പാറ്റകള്‍ നീരൂറ്റിക്കുടിക്കുന്ന ചെടികള്‍
കിലുക്കി
തേള്‍ക്കട


ഈ പട്ടികയിലുള്ള മിക്ക സസ്യങ്ങളും ഇന്ന് നമ്മുടെ തൊടികള്‍ക്ക് പുറത്താണെന്നതാണ് ഞാന്‍ നിരീക്ഷിച്ച
രസകരമായ ആ വസ്തുത.ഏറ്റവും വലിയ ശലഭമായ ഗരുഡശലഭം, മനോഹരികളായ ചക്കരശലഭം, നാട്ടു
റോസ് എന്നിവയുടെ ലാര്‍വാഭക്ഷണ സസ്യമാണ് ഈശ്വരമൂലി. പക്ഷേ, ഈ സസ്യം ഒരു പഞ്ചായത്ത് ചുറ്റളവില്‍ പത്തുവള്ളി കണ്ടാല്‍ ഭാഗ്യം എന്നേ വിചാരിക്കാനാവൂ.പ്രത്യക്ഷത്തില്‍ ‍മനുഷ്യോപകാരപ്രദമല്ലെന്നു കണ്ട് വെട്ടിത്തെളിച്ച് ഇല്ലാതാക്കിയതാണ്, ഈ ചെടിയെ. എരിക്കുകളുടെ കാര്യമാണ് ഏറ്റവും രസകരം.
എരിക്കുകളും പൊന്നാംതകരകളും വീട്ടില്‍ നിന്ന്അടിച്ചുപുറത്താക്കപ്പെടുകയും ബസ് സ്റ്റാന്റിലും റെയില്‍ വേ സ്റ്റേഷനിലും വഴിയോരങ്ങളിലും അന്തിയുറങ്ങുകയും ചെയ്യുന്ന തെണ്ടികളെപ്പോലെയായിരിക്കുന്നു.
ഒറ്റ എരിക്കുചെടി പോലും ഒരു തൊടിയിലുമില്ല. എന്നാല്‍ വഴിയോരത്താകെ അതാ അഭയാര്‍ത്ഥികളായി തന്റെ വംശത്തെ കൊന്നൊടുക്കല്ലേ എന്ന പ്രാര്‍ത്ഥനയോടെ നില്‍ക്കുകയാണവ. പൊന്നാംതകരകളും
അങ്ങനെ തന്നെ. വട്ടക്കാക്കക്കൊടി, മുളകുനാറി തുടങ്ങിയ ചെടികള്‍ ഈശ്വരമൂലി പോലെതന്നെ നാമാവശേഷമായിക്കൊണ്ടിരിക്കുന്നു.
ആവണക്ക്, കൊടിത്തൂവ, വയല്‍ച്ചുള്ളി, കുറുന്തോട്ടി, കൊട്ടമുള്ള്, ഇലമുളച്ചി, ഊരം തുടങ്ങിയ സസ്യങ്ങളും
കൃഷിയിടങ്ങളാക്കപ്പെട്ട ഭൂമിയില്‍ നിന്ന് പുറത്ത്തന്നെയാണ് .മിക്കവാറും എല്ല ലാര്‍വാ ഭക്ഷണ സസ്യങ്ങളും ഒന്നാംതരം ഔഷധങ്ങളാണ്.ഔഷധ നിര്‍മാണത്തിന് വേണ്ടിയും അവ പറിച്ചു പോവുന്നുണ്ട്.
പക്ഷേ, പകരം വെച്ചുപിടിപ്പിക്കാന്‍ എത്ര ഔഷധ നിര്‍മാണ കമ്പനികള്‍ തയ്യാറായിട്ടുണ്ടോ എന്തോ...?
കുറുന്തോട്ടി പറിച്ച് പറിച്ച് ഇല്ലാതായി.
ഈ പട്ടികയിലെ എല്ലാ ചെടികളെയും ഇപ്പോള്‍ സംരക്ഷിച്ചുവരുന്നത് നമ്മുടെ പി.ഡബ്ലിയു.ഡി യും റയില്‍ വേ വകുപ്പുമാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ ചിരിക്കുമോ...?റോഡരികുകളും റയിലരികുകളും വ്ര്ത്തിയാക്കിയെടുക്കണമെന്നോ പൂന്തോട്ടമാക്കണമെന്നോ ഏതെങ്കിലും മന്ത്രിക്കു തോന്നാത്തത് ഭാഗ്യമെന്നല്ലാതെ എന്തു പറയാന്‍ ...
ഇതുകൊണ്ടും രക്ഷപ്പെടാത്ത ചില ചെടികളുണ്ട് .അവയിലൊന്നാണ് വയല്‍ ചുള്ളി.നാലഞ്ചുതരം ശലഭങ്ങളുടെ ലാര്‍വാ ഭക്ഷണ സസ്യമാണ് ഈ ഔഷധച്ചെടി.പാടം നികത്തുന്നവരേ..... വയല്‍ച്ചുള്ളിയെ പുനരധിവസിപ്പിക്കേണ്ടതല്ലേ...?
പാടത്തല്ലാതെ വീടു വെക്കാന്‍ വേറെ സ്ഥലമില്ലെങ്കില്‍ കേരളീയര്‍ എന്തു ചെയ്യും? കുന്നത്തു വീടു വെക്കാന്‍
പറ്റുമോ...?വനം കയ്യേറി വീടു വെക്കന്‍ പറ്റുമോ...?ഒന്നിനും സമ്മതിക്കില്ല ഈ പരിസ്തിഥിക്കാര്‍. പാടത്തെങ്കില്‍ പാടത്ത് വീടു പണി നടന്നാലല്ലേ കേരളീയര്‍ക്ക് പണിയുണ്ടാവൂ.
പ്രിയ കേരളീയരേ ,ഞങ്ങള്‍ പാടത്തു താമസിക്കുന്ന ഞവുഞ്ഞിലുകള്‍ ,ഞണ്ടൂകള്‍ ,മീനുകള്‍ ,തുമ്പികളുടെ ലാര്‍വകള്‍ , തവളകള്‍ ... എല്ലാരുംകൂടി നിങ്ങളുടെ
വീട്ടിലേക്ക് വരട്ടേ...?
വീടുനിര്‍മാണത്വരയില്‍ ഇല്ലാതാവുന്ന കുന്നുകളില്‍ നിന്ന് ഇലമുളച്ചിയും മഷിത്തണ്ടും കരയുകയാണ്...
വരും തലമുറകള്‍ക്ക് ഇലമുളച്ചിയുടെയും മഷിത്തണ്ടിന്റെയും മണമുള്ള ബാല്യകാലമുണ്ടാവില്ല.അല്ലെങ്കില് ‍എന്തിനാണ് അങ്ങനെയൊരു ബാല്യകാലം.
യൂണീഫോമും റ്റൈയുമണിയിച്ച്ജീപ്പിലേക്ക് തള്ളിക്കയറ്റി വഴിയിലെ പച്ചപ്പു കാട്ടാതെ നാം വളര്‍ത്തിയെടുക്കുന്ന ഈ കുഞ്ഞുങ്ങള്‍ക്ക് വേണ്ടത്ര സിന്തറ്റിക് ഗന്ധങ്ങളുണ്ടല്ലോ...

പുരോ...ഗമനം

ഞാന്‍ മുന്നോട്ടു പോകുമ്പോള്‍
പച്ചിലകള്‍ നിറഞ്ഞ മരങ്ങള്‍
പിന്നോട്ടൂ പോവുന്നു...
കൈ വീശുന്ന കുട്ടികള്‍
പിന്നോട്ടൂ പോവുന്നു...
ഓടിട്ട വീടുകള്‍ നിറഞ്ഞ വഴിയോരങ്ങള്‍
പിന്നോട്ടൂ പോവുന്നു...
ഒരു മല" അങ്ങന്നെ "
പിന്നോട്ടൂ പോവുന്നു...
വണ്ടിയ്ക്കടിപ്പെട്ട പട്ടിയുടെ കരച്ചില്‍
പിന്നോട്ടൂ പോവുന്നു...
ഞാന്‍ മാത്രം മുന്നോട്ടു പോവുന്നു...
ഈ ഭൂമി "അങ്ങന്നെ 'പിന്നോട്ടു പോവുന്നു...
ഒരു മേഘം മാത്രം "ഒപ്പമുണ്ട് ഒപ്പമുണ്ട് "
എന്നുപറഞ്ഞു കുതിക്കുന്നു...

വ്യാജേന........

ചോദ്യം:
‘വ്യാജേന..’ വാക്യത്തില്‍ പ്രയോഗിക്കുക.

ഉത്തരം:
ഒരു ഓന്ത്, ദിനോസര്‍ എന്ന വ്യാജേന, വായ പൊളിച്ച്....
(ബാക്കി മാഷ് ചെയ്താ മതി...)
ഒരു പ്രാന്തന്‍ , കാമുകന്‍ എന്ന വ്യാജേന
ഒരു പെണ്ണിനെ പ്രാപിച്ച്....
തന്തൈ എന്ന വ്യാജേന, അധികാരം കാണിച്ച്
‘ഇടത്തു വാ വലത്തു വാ...’
മകന്‍ എന്ന വ്യാജേന,
സമാധാനത്തോട്ടത്തിന് തീ വെച്ച്...
സില്‍ബന്ധി എന്ന വ്യാജേന,
തോളത്തു കയ്യിട്ട് ഞെക്കി ഞെക്കി...
കവി എന്ന വ്യാജേന വയനക്കാരുടെ
സമയം മിനക്കെടുത്തി...
ഒരു ജന്മം എന്ന വ്യാജേന
ദൈവത്തെ പറ്റിച്ച്...
ഹോ ....ഹോ... ന്റെ മാഷേ
പ്രയോഗം എപ്പടി...?

വഴുവഴുപ്പന്‍

അച്ഛനില്‍ നിന്നു വഴുതി
അമ്മയില്‍ നിന്നു വഴുതി
ഭാര്യയില്‍ നിന്നു വഴുതി
മക്കളില്‍ നിന്നു വഴുതി
പുസ്തകങ്ങളില്‍ നിന്നു വഴുതി
പേനയില്‍ നിന്നു വഴുതി
ആലോചനകളില്‍ നിന്നു വഴുതി
ഓര്‍മ്മകളില്‍ നിന്നു വഴുതി
സ്വപ്നങ്ങളില്‍ നിന്നു വഴുതി
നോട്ടങ്ങളില്‍ നിന്നു വഴുതി
പറച്ചിലുകളില്‍ നിന്നു വഴുതി
വേദനകളില്‍ നിന്നു വഴുതി
പുഞ്ചിരികളില്‍ നിന്നു വഴുതി
വിഷത്തില്‍ നിന്നു വഴുതി
കയറില്‍ നിന്നു വഴുതി
ജീവിക്കുകയാണൊരു ശവം.

ബ്ബബ്ബബ്ബ’

തലയില്ലാത്ത ശവങ്ങള്‍ക്കിടയില്‍
ഉടലില്ലാത്തൊരു വാക്ക്,
എല്ലാം വിഴുങ്ങുവാനായി
പിളര്‍ത്തുകയാണു വായ:
ബ്ബബ്ബബ്ബ’

ശത്രുപാളയത്തില്‍ കുടുങ്ങിയ
സ്ത്രീകളോടും കുട്ടികളോടും
അവരുടെ ദൈവങ്ങള്‍ പറയുകയാണ്:
ബ്ബ ബ്ബ ബ്ബ

നിരന്തരമായി യുദ്ധങ്ങള്‍ നടത്തുന്ന
ഒരു രാജ്യം നഖങ്ങളും ദംഷ്ട്ര കളും മറച്ചു
വെച്ചു ന്യായീകരിക്കുകയാണ്:
ബ്ബ ബ്ബ ബ്ബ

പരാജിതനായ ഭരണാധികാരിയുടെ
പത്രസമ്മേളനങ്ങളില്‍
എല്ലാ ടേപ്പുകളിലും പതിയുകയാണ്:
ബ്ബ ബ്ബ ബ്ബ