gfc

സന്തോഷം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സന്തോഷം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

റാ

ററററററററ എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചെഴുതുന്നു
എല്ലാ റ കളും വരിക്ക് നില്‍ക്കുന്നു
എല്ലാ റ കളുടെയും നടയിലൂടെ ഒരു കാര്‍ കടന്നുപോവുന്നു
റ കള്‍ അവയുടെ കാലുകള്‍ അകറ്റിവെക്കുന്നു
ഒരു പാണ്ടിലോറി കടന്നുപോവുന്നു
ഒരു വെടിയുണ്ട ചീറിപ്പായുന്നു
മറുതലയ്ക്കല്‍ നടന്നുപോവുന്ന ഒരാള്‍ മരിച്ചുവീഴുന്നു
മരിച്ചവന്റെ ചുറ്റും ആളുകള്‍ ഓടിക്കൂടി
ഇങ്ങേത്തലയ്ക്കലേക്ക് നോക്കുന്നു
ഇങ്ങേത്തലയ്ക്കല്‍ ഒരു പീരങ്കി സജ്ജമാവുന്നു
വെടി പൊട്ടുന്നു
റ കള്‍ ആകാശത്ത് ചിതറുന്നു
എല്ലാം കൂടിച്ചേര്‍ന്ന് ഒരു പൂവായ്
നഗരത്തിനുമുകളില്‍ നില്‍ക്കുന്നു
ഇതളിതളായ്
എല്ലാ റകളെയും ഒരു കൊക്കയിട്ട് വലിച്ച്
താഴെ എത്തിക്കുന്നു
നിരത്തി നിര്‍ത്തി ഉത്സവത്തിനു കൊണ്ടുപോയാലോ
എന്ന് ചിന്തിക്കുന്നു,വേണ്ടെന്ന് വെക്കുന്നു.
എല്ലാ റകളെയും വരിക്കു നിര്‍ത്തി ഒരു ഒളിച്ചുകളി
ആരംഭിക്കുന്നു.
എല്ലാവരുടെ കയ്യിലും തോക്ക്
എല്ലാവരും ശത്രുക്കള്‍
കണ്ടാലുടന്‍ വെടി
ഓരോ റയുടെ കാലിലും ഓരോരുത്തര്‍
ഒളിഞ്ഞുനില്‍ക്കുന്നു,പാളിനോക്കുന്നു
ഓരോന്നിനെ ഓരോന്നിനെ തട്ടി മുന്നേറുന്നു
അവസാനത്തെ റയുടെ കാലും വെടിപ്പാക്കി
വിജയസൂചകമായ ചിഹ്നം കാണിച്ച്
കാമുകിയെകെട്ടിപ്പിടിച്ച് ഉമ്മവെച്ചുകൊണ്ടിരിക്കുമ്പോള്‍
ഒരു കള്ള റ പിന്നില്‍ നിന്ന് ഒറ്റ വെടിയാണ്

മരിച്ചുവീഴുന്നു
എല്ലാ റകളും ഒരു പുഷ്പചക്രമായി
എന്റെ നെഞ്ചത്തുകേറുന്നു
മരിച്ചവര്‍ക്കുവേണ്ടി പ്രത്യേകം തയ്യാര്‍ ചെയ്ത
കള്ളക്കരച്ചില്‍ എനിക്കും കിട്ടുന്നു
ചടങ്ങുകള്‍ക്കുശേഷം ഒരു റ അവളെ/എന്റെ കാമുകിയെ
പൊക്കിയെടുത്ത് ഹേയ് എന്ന ആഹ്ലാദശബ്ദം പുറപ്പെടുവിച്ച്
ഉമ്മവെക്കുന്നു
പുണരുന്നു
ഇറുകെപ്പുണരുന്നു
പിടുത്തം വിടാതെ അടുത്തുകണ്ട മുറിയിലേക്ക് പോകുന്നു
വാതിലടയുന്നു

അവള്‍ ഒരു റയുടെ പുറത്തേറി നഗരം ചുറ്റുന്നു
ആകാശത്ത് ഒരു ഒരു റ വിരിഞ്ഞ്
റ ഭരണം പ്രഖ്യാപിക്കുന്നു
ഞാന്‍ മണ്ണിനടിയില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു
എന്റെ ആത്മാവ് റ ആകൃതിയില്‍
ഒരു രാത്രി പുറത്തിറങ്ങുന്നു
അവളുടെ വാതിലില്‍ മുട്ടിവിളിക്കുന്നു
റ എന്നു കരുതി അവള്‍ സ്വീകരിക്കുന്നു
ഞാനാരാണെന്ന് അവളോട് പറയുന്നു
അവള്‍ പേടിക്കുന്നു
ഞാനെന്റെ റ -കാലുകളിലിട്ട്
അവളെ ഞെക്കിഞെക്കിക്കൊല്ലുന്നു
പറന്നുപറന്നു പോകുന്നു
കറുത്തരാത്രിയുടെ റ
റാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

45º ചരിവില്‍

ഇളംനീല ആകാശത്തേക്ക്

ഒരു ചെറുപ്പക്കാരന്‍ 45º ചരിവില്‍

ഉയര്‍ന്നു ചാടുന്നു

അയാളുടെ കൈകള്‍ വിടര്‍ന്നിരിക്കുന്നു

ഞാനാണ് ആ ചെറുപ്പക്കാരന്‍

താഴെയുള്ള കുളവും ചുറ്റുമുള്ള

പൂച്ചെടികളും ഉയര്‍ന്നു ചാടുന്നു

ആകാശം നിറയെ 45º ചരിവില്‍

ചുവന്ന ചുണ്ടുകള്‍ ഒട്ടിച്ചുവെക്കുന്നു

എന്റെ ചെറുപ്പക്കാരിയും ഞാനും

ഒഴുകിപ്പോവുന്നു

മരങ്ങള്‍ക്കിടയില്‍ അവള്‍ ഒളിക്കുന്നു

അവളുടെ ഉടയാടകള്‍

മുടിത്തുമ്പിലെ വെളുത്ത റിബണുകള്‍

അവളെ കാണിച്ചുതരുന്നു

ഞങ്ങള്‍ കിരീടംവെച്ച രണ്ടു മരങ്കൊത്തികളായ്

പറന്നുപോകുന്നു

ഞങ്ങള്‍ക്കു പിന്നാലെ ഞങ്ങളുടെ ശബ്ദങ്ങള്‍

ഉരുണ്ടുരുണ്ട് പോരുന്നു

ആകാശം മടുക്കുമ്പോള്‍

ഞങ്ങള്‍ രണ്ട് പുഴമീനുകളായ്

ജലം ചിതറി നീന്തുന്നു

ഒരൊറ്റപ്പൂ പറിച്ച് നീട്ടുന്നു

ഒരു വെള്ളച്ചാട്ടത്തില്‍

ചിതറുന്ന നീര്‍മുത്തുകളാവുന്നു

ഞങ്ങള്‍ വീണ്ടും ഞങ്ങളാവുന്നു

ഈ ഇളംനീല ആകാശത്തേക്ക്

കൈകള്‍ വിടര്‍ത്തി

45º ചരിവില്‍ ഞങ്ങള്‍ ഉയര്‍ന്നുചാടുന്നു

ലോകം ആ ഒറ്റ ഫ്രെയിം

എല്ലാ കാലത്തേക്കുമായ്

ചില്ലിട്ടുവെക്കുന്നു.

രണ്ടുകുന്നുകളുടെ കവിത

(അപ്പോള്‍ ഒരു കവിത പറയാം.ശ്രദ്ധിച്ചിരിക്കണേ....എന്നിട്ടെന്തുണ്ടായി?എന്നിട്ടെന്തുണ്ടായി എന്ന് ഇടയ്ക്കിടെ ചോദിക്കണേ... )

അക്കരെയാണ് പറക്കുന്ന്
ഇക്കരെയാണ് പുഷ്പംകുന്ന്
പറക്കുന്നിന് പുഷ്പം കുന്നിനോട് പ്രേമം
പുഷ്പംകുന്നിനുമുണ്ട് പ്രേമം
പക്ഷേ,അടുക്കാന്‍ പറ്റണ്ടേ
അനങ്ങാന്‍ പറ്റണ്ടേ...
അടുത്തുപോയാല്‍ ഇടയ്ക്കുള്ള
പാടങ്ങളും കുളങ്ങളും റോഡുകളും
ശ്വാസം മുട്ടി മരിച്ചുപോവില്ലേ
അനങ്ങിപ്പോയാല്‍
പറക്കുന്നിലുള്ള നൂറ്റഞ്ചുവീടുകളും
പുഷ്പംകുന്നിലെ തൊണ്ണൂറ്റാറു വീടുകളും
അതറിയില്ലേ?കിടുങ്ങില്ലേ?
അതുകൊണ്ട് അടക്കിപ്പിടിച്ച്
ഒരു കുന്ന് മോഹം അപ്പുറത്തും
ഒരു കുന്ന് മോഹം ഇപ്പുറത്തും
കുന്നുകൂടിക്കിടന്നു.

എന്നിട്ടെന്തുണ്ടായി?
എന്നിട്ടെന്തുണ്ടായി?


എന്നാല്‍ ,ആരുമറിയാതെ ഒരു നാള്‍
കുന്നുകള്‍ക്ക് ചിറകുമുളച്ചു
പുഷ്പംകുന്നിലെ കൃഷിപ്പണിക്കാരോ
പറക്കുന്നിലെ തെങ്ങുകയറ്റക്കാരോ
ആ ചിറകുകള്‍ കണ്ടില്ല
രണ്ടു കുന്നുകളിലെയും
വളഞ്ഞുപോവുന്ന വഴികളോ
ചെങ്കല്ലു കയറ്റുന്ന ലോറികളോ
നാനാജാതിക്കിളികളോ
കിണറ്റിന്‍ വക്കത്ത് അപ്പിയിടാറുള്ള
കുറുക്കന്മാരോ അറിഞ്ഞതേയില്ല.


എന്നിട്ടെന്തുണ്ടായി?
എന്നിട്ടെന്തുണ്ടായി?


സുന്ദരന്മാരില്‍ സുന്ദരനായിരുന്ന
ഒരു കറമ്പന്‍ രാത്രിയായിരുന്നു അത്
രണ്ടുകുന്നുകള്‍ക്കുമിടയിലൂടെ
നിവര്‍ന്നുകിടക്കുന്ന റോഡിലൂടെ
അവസാനത്തെ ബസ്സും പോയി
ഷാപ്പില്‍ നിന്നോ തീയേറ്ററില്‍ നിന്നോ
കടയടച്ചോ വരുന്നവരുടെ ഒറ്റപ്പെട്ട
സൈക്കിളുകള്‍ കുന്നുകയറിപ്പോയി
വെളിച്ചംകൊണ്ട് അടയാളമിട്ട്
എല്ലാവീടുകളും ഉറങ്ങിപ്പോയി
പുഷ്പം കുന്ന് മെല്ലെ അതിന്റെ
ചിറകുകള്‍ ആദ്യമായി വിടര്‍ത്തി
പറക്കുന്നിന്റെ തോളില്‍ വെച്ചു.
പറക്കുന്നും അതിന്റെ ചിറകുകള്‍ വിടര്‍ത്തി.
അവര്‍ ആകാശത്തേക്ക് പറന്നുപൊങ്ങി.
രണ്ടുകുന്നുകള്‍ പറിഞ്ഞുപോയ
ആനക്കരയുടെ ഭൂപടം താഴെ.

എന്നിട്ടെന്തുണ്ടായി?
എന്നിട്ടെന്തുണ്ടായി?



പറക്കുന്നും പുഷ്പംകുന്നും
തോളോടുതോള്‍ ചേര്‍ന്നുപറന്നു
നക്ഷത്രങ്ങള്‍ അതുകണ്ട് തലകുത്തിവീണു
പാടങ്ങള്‍ കടന്ന്
പുഴ കടന്ന്
കുറ്റിപ്പുറം പാലം കടന്ന്
അറബിക്കടല്‍ കടന്ന്
പറന്നുപോയി.
ഒരു രാത്രി കൊണ്ട് കാണാവുന്നതൊക്കെ കണ്ട്
പറയാവുന്നതൊക്കെ പറഞ്ഞ്
കേള്‍ക്കാവുന്നതൊക്കെ കേട്ട്
ചെയ്യാവുന്നതൊക്കെ ചെയ്ത്
നേരം വെളുക്കാനായപ്പോള്‍ തിരിച്ചുവന്നു

എന്നിട്ടെന്തുണ്ടായി?
എന്നിട്ടെന്തുണ്ടായി?

തിരിച്ചുവന്നപ്പോഴല്ലേ പുകില്
താഴെ രണ്ടുകുന്നുകള്‍ കാണാതായതറിഞ്ഞ്
ജനം തടിച്ചുകൂടിയിരിക്കുന്നു.
പത്രക്കാര്‍ എഴുതിയെടുക്കുന്നു
ചാനലുകാര്‍ വണ്ടികളുമായി എത്തിയിരിക്കുന്നു
കുന്നുകളിലെ കാണാതായ ജനങ്ങളുടെ
ബന്ധുക്കള്‍ അലമുറയിടുന്നു
ഫയര്‍ ഫോഴ്സും പോലീസും

എന്നിട്ടെന്തുണ്ടായി?
എന്നിട്ടെന്തുണ്ടായി?


ഇരിക്കേണ്ടിടത്ത് ഇരിക്കാന്‍ സ്ഥലമില്ലാതെ
ഇനി എന്തു ചെയ്യുമെന്നറിയാതെ
പുഷ്പം കുന്ന് ആകാശത്ത് നിലയുറപ്പിച്ചു
ആരോ മുകളിലേക്കു നോക്കിയപ്പോള്‍
അതു കണ്ടു
ഒരു കുന്ന് -ആകാശത്ത്.
എല്ലാ ക്യാമറകളും കണ്ണുകളും ആകാശത്തേക്ക്
അപ്പോള്‍ ആകാശത്തുള്ള പുഷ്പംകുന്നിന്റെ
അതിരില്‍ താഴേക്ക് നോക്കി പുഷ്പംകുന്നുകാര്‍
കുന്നിന്‍ വക്കിന് ആളുകളെക്കൊണ്ട് ഒരു അതിര്
അതിരിലേക്ക് അതിവേഗം ഓടിച്ചുവന്ന
ഒരു സൈക്കിള്‍ ബ്രേക്കുപിടിച്ച് നില്‍ക്കുന്നു
അതിരില്‍ നിന്ന് താഴേക്ക് എത്തിനോക്കുന്നു
സ്കൂളിലേക്ക് പോവാന്‍ യൂണിഫോമിട്ടെത്തിയ കുട്ടികള്‍
കക്ഷത്ത് ഡയറിയുള്ള പഞ്ചായത്തംഗം,
തൊഴിലുറപ്പിനു പോകാന്‍ വന്ന പെണ്ണുങ്ങള്‍
രാവിലെ തെണ്ടാനിറങ്ങിയ ഒരു നായ
പശുവിനെക്കെട്ടാന്‍ വന്ന ആള്‍,പശു

എന്നിട്ടെന്തുണ്ടായി?
എന്നിട്ടെന്തുണ്ടായി?


എന്നിട്ടെന്തുണ്ടാവാന്‍
താഴെയുള്ളവര്‍ മുകളിലേക്കും
മുകളിലുള്ളവര്‍ താഴേക്കും അങ്ങനെ നോക്കി നിന്നു
ലോകാവസാനം വരെ

എന്നിട്ടെന്തുണ്ടായി?
എന്നിട്ടെന്തുണ്ടായി?


എന്നിട്ട്&%$33##

പെരുമഴത്തോട്ടം

പെട്ടെന്ന് ഉണ്ടായിവരുന്നു
ഒരു പെരുമഴത്തോട്ടം
മാനത്ത് മുളച്ച് ഭൂമിയിലേക്ക് വളര്‍ന്ന്
മണ്ണില്‍ ചില്ലകള്‍ പടര്‍ത്തി
ഇടതൂര്‍ന്ന ചില്ലുനൂല്‍ത്തോട്ടം

വയല്‍‌വക്കത്തെ എല്ലാ വീടുകളും
പെട്ടെന്ന് ഒറ്റയ്ക്കായിപ്പോവുന്നു
അടുത്തായിട്ടും അകലെയാവുന്നു
ഓര്‍മ്മകള്‍ പൊട്ടിയൊഴുകുന്ന
കണ്ണുകളാവുന്നു ജനാലകള്‍
കാറ്റ് ഒരു നനഞ്ഞ നാടോടിയെപ്പോലെ
വരാന്തയിലേക്ക് ഓടിക്കയറിവന്ന് അകത്തേക്ക് എത്തിനോക്കുന്നു

കെട്ടിയിട്ട പശുക്കളുടെ കരച്ചിലുകള്‍ നനയുന്നു
അവയുടെ പുള്ളികള്‍ മഴയില്‍ മായുന്നു
അവ തന്നെ മായുന്നു
മഴത്തോട്ടത്തില്‍ ഒരു ചില്ലുകുറുക്കന്‍
ആകാശത്തേക്ക് നോക്കിക്കൂവുന്നു
അതിന്റെ കൂവല്‍ അല്പം കഴിഞ്ഞ്
ഒരു മഴവില്ലായി കാണായേക്കും

ചില്ലുകാടില്‍ ഒരു സുതാര്യ ആന
നൃത്തം ചെയ്യുന്നു

ചെമ്പോത്തുകള്‍ മഴവള്ളികളില്‍ തൂങ്ങി
അവയുടെ പ്രാചീനവാദ്യങ്ങള്‍ മുട്ടുന്നു

പെട്ടെന്ന് ഒരുതോട്ടം കാണാതാവുന്നു

തുമ്പികളുടെ ചിറകുകളില്‍ കയറി
മഴ ആകാശത്തേക്ക് മടങ്ങിപ്പോവുന്നു

ആകാശം അതിന്റെ കറുത്ത മുലകളെ

നീലബ്ലൌസിലാക്കി കുടുക്കിട്ടുവെക്കുന്നു;
പാലുകൊടുത്തുകഴിഞ്ഞ അമ്മ

കാറ്റ് കവുങ്ങുകളുടെയും തെങ്ങുകളുടെയും
തലകള്‍ തോര്‍ത്തിക്കൊടുക്കുന്നു

കഴിഞ്ഞുപോയ പ്രണയങ്ങളുടെ ഓര്‍മ്മ പോലെ
ഒരു നനവുമാത്രം നില്‍ക്കുന്നു
ലോകം ഒരു നനഞ്ഞ പാവാടയായി ഇളക്കിക്കൊണ്ടിരിക്കുന്നു

സന്തോഷം അലയടിക്കുന്നു


ഒരു ദിവസം
ഒരു പ്രത്യേക നിമിഷം
പുറത്തേക്ക് നോക്കുമ്പോഴുണ്ട്
സന്തോഷം അലയടിക്കുന്നു
ബസ് സ്റ്റാന്‍ഡിലെ സ്ത്രീകളുടെ സാരിത്തുമ്പുകള്‍
പറന്നുയര്‍ന്ന് സന്തോഷം സന്തോഷം
എന്ന് പ്രഖ്യാപിക്കുന്നു.
കോളേജ് വിട്ടുവന്ന യൂണിഫോം കുട്ടികള്‍
പെട്ടെന്ന് പൂക്കാലം വന്നുകയറിയ പൂന്തോട്ടമായി
ഇളകിക്കൊണ്ടിരിക്കുന്നു
വിശുദ്ധനായ ഒരു നീലാകാശം മുകളില്‍
വെള്ളമേഘങ്ങളുടെ ഒരു ചിരി വരയ്ക്കുന്നു
ബസ്സുകളുടെ ജനല്‍‌സീറ്റുകളില്‍ ഇരിക്കുന്നവരുടെ മുഖങ്ങളിലൂടെ
ആനന്ദത്തിന്റെ ഒരു തിര കയറിയിറങ്ങി
കയറിയിറങ്ങിയങ്ങനെ...
എല്ലാ നിരാശകളെയും ഊതിക്കെടുത്തിയ
ഒരു ചിരി എവിടെയും ചിരിച്ചുനില്‍ക്കുന്നു
മുഷിഞ്ഞ തുണികളും നരച്ചതാടിയുമുള്ള
കറുത്ത പിച്ചക്കാരന്‍
വെയിലത്തുകത്തിച്ചുവെച്ച മണ്ണെണ്ണ വിളക്കിനെ
ഓര്‍മ്മിപ്പിച്ച് ചിരിക്കുന്നു
നാടോടിപ്പെണ്ണുങ്ങളുടെ ഒരു കൂട്ടം
മുറുക്കിച്ചുവപ്പിച്ച ചുണ്ടുകാട്ടി ചുവചുവന്ന വായ കാട്ടി
ചിരിക്കുന്നു
പച്ചക്കറി വാങ്ങിക്കുന്നവളും വില്‍ക്കുന്നവനും ചിരിക്കുന്നു
ചുമട്ടുതൊഴിലാളികള്‍ തലേക്കെട്ടുകള്‍ ഊരിവീശിച്ചിരിക്കുന്നു
അഞ്ചു മീന്‍‌കാരന്മാര്‍ നിരന്നിരുന്ന് ചിരിക്കുന്നു
ഇത് വാടിയ വെയിലിന്റെ ഒരു തോട്ടമല്ല
എവിടെ നിന്നോ ഇറങ്ങിവന്ന ആനന്ദത്തിന്‍
തുള്ളിയോട്ടം
പള്ളിമിനാരത്തില്‍ കൂടുവെച്ച പ്രാവുകളുടെ അരികിലും
കുട്ടികള്‍ നദിയിലേക്ക് ചാടുന്നതുപോലെ ആകാശത്ത്
അത് കുത്തിമറിയുന്നു
ഇത്രനാള്‍ ആരാണ് എവിടെയാണ്
നിന്നെ അടച്ചുവെച്ചതെന്ന്
എനിക്കതിനോട് ചോദിക്കണമെന്നുണ്ട്..
കുടത്തില്‍ നിന്നും പുറത്തുവന്ന ഭൂതമേ
നിന്നെ അടച്ചുവെച്ചിരുന്ന എല്ലാ കുടങ്ങളും
ഉടച്ചുകളയാന്‍ എനിക്കവ കാണിച്ചുതന്നെങ്കില്‍
എന്നു വിചാരിച്ച് കണ്ണടച്ച് കണ്ണടച്ച്
ഇപ്പോള്‍ കണ്ണു തുറക്കുമ്പോള്‍ ...
കണ്ണുതുറക്കുമ്പോള്‍ ...

നട്ടുച്ചകളുടെ പാട്ട് അഥവാ മീന്‍ പൊരിക്കുന്ന മണം

അമലനഗര്‍ ഹൌസിങ് കോളനിയില്‍
അന്‍പത്തൊന്ന് വീടുകളുണ്ട്.
അന്‍പത്തൊന്ന് വീടുകള്‍ക്കിടയില്‍
തണുത്ത് തണുത്ത് ചത്ത വഴിയുണ്ട്.

ഒരു ദിവസം നട്ടുച്ചയ്ക്ക് നമ്മുടെ പിച്ചക്കാരന്‍
അതിലൂടെ പോവുകയാണ്.
അന്‍പത്തൊന്ന് വീടുകളും അപ്പോള്‍
മീന്‍ വറുക്കുന്ന മണത്തെ പ്രക്ഷേപണം ചെയ്തു

നമ്മുടെ പിച്ചക്കാരന്റെ കുട്ടിക്കാലത്ത്
ഉച്ചയ്ക്ക് വീട്ടിലേക്ക് സ്കൂള്‍ വിട്ടോടുമ്പോള്‍
മീന്‍ വറുക്കുന്ന മണത്തില്‍ പൊതിഞ്ഞ്
യേശുദാസിന്റെ പാട്ടുകള്‍ ഇറങ്ങി വരുമായിരുന്നു.

ഈ മീന്‍ വറുക്കുന്ന മണമാണ്
എന്റെ പേര് നട്ടുച്ചകളുടെ പാട്ട് എന്ന് പരിചയപ്പെടുത്തിക്കൊണ്ട്
നമ്മുടെ പിച്ചക്കാരന്റെ മയക്കത്തില്‍
ഇന്നലെയും വന്നുപോയത്.

നമ്മുടെ പിച്ചക്കാരന്‍
അന്‍പത്തൊന്ന് വീടുകളിലേക്കും
ഈ നട്ടുച്ചയ്ക്ക് ചുഴിഞ്ഞു ചുഴിഞ്ഞു നോക്കി.
എല്ലാ വീടുകള്‍ക്കും മതിലുണ്ട്
എല്ലാ വീടുകള്‍ക്കും ഗേറ്റുണ്ട്
എല്ലാവീടുകളുടെയും മുന്‍‌വാതിലുകള്‍
അടഞ്ഞ് മോന്തകൂര്‍പ്പിച്ച് നില്‍ക്കുകയാണ്
ജനാലകള്‍ ഒരു കാലത്തും തുറക്കുകയില്ലെന്ന്
മീശ പിരിക്കുകയാണ്
എങ്കിലും എല്ലാ വീടുകളില്‍ നിന്നും ആ മണം ഇറങ്ങിവരുന്നുണ്ട്.
മണത്തെ പ്രക്ഷേപണം ചെയ്യാന്‍ പാകത്തില്‍
എല്ലാ വീടുകള്‍ക്കും അടുക്കള കാണും
ഗ്യാസടുപ്പ് കാണും
എല്ലാ അടുപ്പുകളിലും ഇപ്പോള്‍ ചട്ടി കാണും
എല്ലാ ചട്ടികളിലും പൊരിഞ്ഞുകൊണ്ടിരിക്കുന്ന മീന്‍ കാണും
എല്ലാ ചട്ടികളിലേയും മീനുകളെ ഇളക്കിയിട്ടുകൊണ്ട്
എല്ലാ വീടുകളുടേയും എല്ലാ അടുക്കളകളില്‍
ഓരോ പെണ്ണു കാണും...

നമ്മുടെ പിച്ചക്കാരന്‍ കിടന്നുറങ്ങുന്ന
ഇടിഞ്ഞു പൊളിഞ്ഞ പീടികത്തിണ്ണയില്‍
നിറയെ കുഴിയാനകളുടെ കുഴികളുണ്ട്.
എല്ലാ കുഴികളിലും ഓരോ കുഴിയാന കാണും
കാണുമോ എന്ന സംശയത്തില്‍ അയാള്‍ ഊതി നോക്കും.
ഊതുമ്പോള്‍ മണ്ണ് പറന്നു മാറി
ഓരോ കുഴിയാനയെ കാട്ടിക്കൊടുക്കും

നട്ടുച്ചകളുടെ പാട്ട് ഒരു കറുത്ത തലേക്കെട്ടുമായി
അന്നും വന്ന് പരിചയപ്പെട്ടു.
‘ഞാനാണ് നട്ടുച്ചകളുടെ പാട്ട് അഥവാ മീന്‍ പൊരിച്ച മണം.’
എന്നിട്ട് അത് നടന്നു പോയി.

നമ്മുടെ പിച്ചക്കാരന്‍ ഒരേ സമയം
എല്ലാകുഴികളിലും ഊതി നോക്കുകയാണ്
എല്ലാ കുഴികളില്‍ നിന്നും മതിലുകള്‍
എല്ലാ കുഴികളില്‍ നിന്നും ഇരുമ്പു പടിവാതിലുകള്‍
എല്ലാ കുഴികളില്‍ നിന്നും വാതിലുകള്‍ ജനലുകള്‍
എല്ലാ കുഴികളില്‍ നിന്നും മേല്‍ക്കൂരകള്‍ ചുമരുകള്‍
എല്ലാ കുഴികളില്‍ നിന്നും അടുക്കളകള്‍ ഗ്യാസടുപ്പുകള്‍
എല്ലാ കുഴികളില്‍ നിന്നും മീന്‍ പൊരിക്കുന്ന ചട്ടികള്‍ പൊരിഞ്ഞ മീനുകള്‍
മണ്ണിനോടൊപ്പം പറന്നു പൊങ്ങി.

ഒടുക്കം എല്ലാ കുഴികളില്‍ നിന്നും
ഓരോ പെണ്ണുങ്ങള്‍ കയറിവന്നു.

അതാ നോക്കൂ
ഉറങ്ങിക്കിടക്കുന്ന നമ്മുടെ പിച്ചക്കാരനു ചുറ്റും
അന്‍പത്തൊന്ന് കുഴിയാനകള്‍!!!




സൂര്യന്‍

രാവിലെ എഴുന്നേറ്റപ്പോള്‍
എനിക്കൊരു സൂര്യനെ കിട്ടി
ഞാ‍നെന്റെ കാറെടുത്ത്
അതിവേഗം ഓടിച്ചുപോയി
അതിനെ കാട്ടില്‍ കൊണ്ടുപോയി വിട്ടു..
മരങ്ങള്‍ക്കും കൊമ്പുകള്‍ക്കുമിടയില്‍ കുടുങ്ങി
അത് നൂ‍ലുനൂലായി പിരിഞ്ഞ്
എന്റെ പിന്നാലെകുതിച്ചു

പിന്നെയും എഴുന്നേറ്റപ്പോള്‍
എനിക്കൊരു സൂര്യനെ കിട്ടി.
ഞാ‍നെന്റെ കാറെടുത്ത്
അതിവേഗം ഓടിച്ചുപോയി
അതിനെ കടലില്‍ കൊണ്ടു പോയാക്കി.
തിരകള്‍ അതിനെ തട്ടിത്തട്ടി
കരയിലേക്കു തന്നെ വലിച്ചെറിഞ്ഞു.

ഇന്നും എഴുന്നേല്‍‌ക്കുമ്പോള്‍
എനിക്കൊരു സൂര്യനെ കിട്ടി.
ഞാനതിനെ കുന്നുകളുടെ
മണ്ടയില്‍ കൊണ്ടുപോയിവെച്ചു.
അതിവേഗം കാറോടിച്ച് തിരിച്ചു വരുമ്പോള്‍
അത് എന്റെ പിന്നാലെ ഉരുണ്ടുരുണ്ടു വന്നു.

എല്ലാ ദിവസവും എഴുന്നേല്‍‌ക്കുന്നതുകൊണ്ടാണീ പ്രശ്നം.
ഒരു ദിവസം എഴുന്നേല്‍ക്കുകയില്ലെന്ന്
ഞാനൊരു കടുത്ത തീരുമാനമെടുക്കും.
അന്ന് സൂര്യന്‍ എന്തു ചെയ്യുമെന്നറിയാമല്ലോ...