ലൂയീസ് പീറ്റർ മരിച്ചിട്ടില്ല.
കോഴിക്കോടു ബീച്ചിൽ
മുഷിഞ്ഞ മുണ്ടും സഞ്ചിയുമായി അയാളെ കണ്ടവരുണ്ട്.
സന്ധ്യാസമയത്ത് ടൗൺ ഹാളിനരികിലുള്ള പെട്ടിക്കടയിൽ നിന്ന്
അയാൾ ചായ വാങ്ങിക്കുടിച്ച്
ക്രൗൺ തീയേറ്ററിനു മുന്നിലൂടെ
എങ്ങോട്ടോ പോയതായി ദൃക്സാക്ഷികൾ പറയുന്നുണ്ട്.
തൃശ്ശൂർ സാഹിത്യഅക്കാദമി മുറ്റത്ത് ഈ അടുത്ത ദിവസവും
അയാൾ തന്നോട് വഴക്കിട്ടു പോയതായി ഒരു സഹൃദയൻ
കഴിഞ്ഞ ദിവസമാണ് എന്നോട്
ഫോൺ വിളിച്ചു പറഞ്ഞത്.
തിരുവനന്തപുരത്ത്
പാപ്പാത്തിയുടെ റൂമിൽ ചെന്ന്
കള്ളുകുടിക്കാൻ കാശ് ചോദിച്ചെന്നും
ശല്യം പോകട്ടേന്ന് കരുതി
ഉള്ള കാശ് പെറുക്കി കൊടുത്തെന്നും
സന്ദീപ് കഴിഞ്ഞയാഴ്ച്ചയാണ് പറഞ്ഞത്.
അല്ലെങ്കിലും അയാളെങ്ങനെ
മരിക്കാനാണ്?
ഈ തെരുവുകളെയും മനുഷ്യരെയും വിട്ട് അയാളെങ്ങോട്ടു പോവാനാണ്
പാപ്പ എന്നു വിളിക്കുന്ന
കുട്ടികളെ സങ്കടപ്പെടുത്തി
അയാൾക്ക് എത്ര കാലം മറഞ്ഞിരിക്കാനാവും ?
IFFK യും കവിതാ കാർണിവലും കോഴിക്കോട് കടപ്പുറത്തെ സാഹിത്യോൽ സവവും ഉപേക്ഷിച്ചു പോകാൻ മാത്രം
അയാൾക്കെന്താണ് പറ്റിയത്?
ലൂയീസ് , നിങ്ങളെവിടെയാണ്?
മരച്ചുവട്ടിലിരുന്ന് കവിത ചൊല്ലുവാൻ
എത്ര നേരമായി ഈ കുട്ടികൾ കാത്തിരിക്കുന്നു.
നാട്ടുകാരോട് പണമിരന്നു വാങ്ങി
നിങ്ങളെനിക്കു വാങ്ങിത്തന്ന മദ്യത്തിൻ്റെ കടം എനിക്കു തീർക്കേണ്ടതുണ്ട്.
സഞ്ചരിക്കുന്ന കവിതേ
നിങ്ങളെവിടെയാണ്?
ഏത് ഷാപ്പിലാണ് നിങ്ങളിപ്പോൾ കവിത ചൊല്ലിക്കൊണ്ടിരിക്കുന്നത്?
കുറച്ചു ദിവസം വയനാട്ടിൽ
എൻ്റെ വീട്ടിൽ താമസിക്കണമെന്ന്
നിങ്ങൾ ഒരിക്കൽ ആവശ്യപ്പെട്ടിരുന്നല്ലോ.
സത്യമായും ഞാനന്ന് തന്ത്രപൂർവം ഒഴിവാക്കിയത്
നിങ്ങൾ ക്ഷമിച്ചേക്കും.
എന്നെക്കൊണ്ടു തന്നെ
നാട്ടുകാരും വീട്ടുകാരും
ഗതികെട്ടിരിക്കുകയാണെന്ന്
നിങ്ങൾക്കറിയില്ലല്ലോ
എങ്കിലും എൻ്റെ ലൂയീസേ
നിങ്ങളിങ്ങനെ
മഹാ മൗനത്തിലേക്ക് കൂപ്പുകുത്താമോ?
മറ്റേതോ നഗരത്തിലൂടെ
മറ്റേതോ മനുഷ്യർക്കിടയിലൂടെ
ലൂയീസ് , നിങ്ങളിപ്പോഴും
അലയുകയല്ലേ...?
നാളെ രാവിലെ എൻ്റെ വാതിൽ
മുട്ടി വിളിച്ചുണർത്തുന്നത്
നിങ്ങളാവില്ലെന്ന്
ഞാനെങ്ങനെ ഉറപ്പിക്കും?
പലരും നിങ്ങൾ മരിച്ചതായി പറയുന്നു.
ഞാൻ നിങ്ങളുടെ മൃതശരീരം
കണ്ടിട്ടില്ല.
അകം മുഴുവൻ കവിത നിറഞ്ഞിരിക്കെ
നിങ്ങൾക്കെങ്ങനെയാണ് ഒരു മൃതശരീരമാവാൻ കഴിയുക?
ലൂയീസ്
ഏറ്റവുമൊടുക്കം ഒരു നാൾ
കവി അലവിക്കുട്ടി
എന്നെ വിളിച്ചു പറഞ്ഞു:
ലൂയിസിനൊരു വീടു വേണം.
സത്യമാണ്,
ഞാൻ ചോദിച്ചിരുന്നു :
ലൂയീസിനെന്തിനാണ് വീട്?
ലൂയീസ് കൂട്ടിലിരിക്കാത്ത പക്ഷിയാണ് .
നാടു മുഴുവൻ അലയുന്നവന്
നാടെല്ലാം കൂട്.
പക്ഷേ, നീയിപ്പോൾ മിണ്ടുന്നില്ല.
നിൻ്റെ കനമുള്ള ആ ശബ്ദത്തിൽ
ഒരു കവിത കേൾക്കാൻ
കൊതിയാകുന്നെടോ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ