gfc

ഉടലെഴുത്ത്

കുറേ ഉടലുകള്‍ തെക്കോട്ടു നടക്കുന്നു
കുറേ ഉടലുകള്‍ വടക്കോട്ടു നടക്കുന്നു


ഒരുടല്‍ കിഴക്കോട്ടോടുന്നു
ഒരുടല്‍ പടിഞ്ഞാട്ടോടുന്നു.


കുറേ ഉടലുകള്‍ തിന്നുന്നു.
ഒരുടല്‍ ഛര്‍ദ്ദിക്കുന്നു.


കുറേ ഉടലുകള്‍ ഇണചേരുന്നു.
ഒരുടല്‍ യോനി പിളര്‍ന്ന് പുറത്തേക്ക് വരുന്നു.


ഒരുടല്‍ ആയിരം കിലോമീറ്റര്‍ അപ്പുറത്ത് മലര്‍ന്നുകിടക്കുന്നു.
ഒരുടല്‍ ആയിരം കിലോമീറ്റര്‍ ഇപ്പുറത്ത് കമ്ഴ്ന്ന് കിടക്കുന്നു.


ഒരുടല്‍ നൃത്തം ചെയ്യുന്നു
ഒരുടല്‍ അപസ്മാരത്തില്‍ പിടഞ്ഞ് പതയുന്നു.


ഒരുടല്‍ ഉരുള കൊടുക്കുന്നു
ഒരുടല്‍ വാളൂരുന്നു.


ഒരുടല്‍ വായുവിനെ ഭേദിച്ച് പറക്കുന്നു
ഒരുടല്‍ ജലത്തെ മുറിച്ച് ആഴുന്നു.


മുടി ചിക്കിപ്പരത്തി,ഭ്രാന്തെടുത്ത്
തെരുവിലൂടൊരുടല്‍.


ബ്യൂട്ടിപാര്‍ലറില്‍ നിന്ന് കാറിലേക്ക്
മദാലസമൊരുടല്‍


ഷാപ്പില്‍ നിന്ന് വീട്ടിലേക്കുള്ള വഴിയില്‍
മലര്‍ന്നടിച്ചൊരുടല്‍


ആശുപത്രിക്കിടക്കയില്‍ മൂക്കിലെ ട്യൂബുമായി
പൊങ്ങിയും താണുമൊരുടല്‍


കത്തിക്കൊണ്ടിരിക്കുന്ന തെരുവില്‍
കൈകള്‍ ചവിട്ടിപ്പിടിച്ച് ബലാല്‍ക്കാരം ചെയ്യപ്പെടുന്ന
ഒരുടല്‍
സ്ഖലിക്കുന്ന ശൂലങ്ങളുമായി ഇരുചക്രത്തില്‍ പായുന്നൊരുടല്‍


കുറേ ഉടലുകള്‍ കരയുന്നു
ഒരുടല്‍ ചിരിക്കുന്നു


കുറേ ഉടലുകള്‍ ചിരിക്കുന്നു
ഒരുടല്‍ കരയുന്നു.


എല്ലാ ദിശകളിലേക്കുമുള്ള
ഉടലുകളുടെ ത്രിമാന സഞ്ചാരമേ,
ഈ ഭൂമിയുടെ ഉപരിതലത്തിളപ്പേ,
ആരെഴുതിക്കൊണ്ടിരിക്കുന്നൂ നിന്നെ?
ആര്‍ക്കെഴുതിക്കൊണ്ടിരിക്കുന്നൂ നിന്നെ?
ഈ കൂട്ടച്ചിത്രംവരയില്‍ എന്തിനാണെന്റെ ഉടല്‍ച്ചേര്‍പ്പ്?

ഏതോ ഒന്ന്

ശൂന്യത-
(
````````````````````````````````````)
അതിനുണ്ട് അദൃശ്യമായ ഒരു ശരീരം

അതിലുണ്ട് ചിലര്‍ക്കു മാത്രം കാണാവുന്ന ഒരു ഗര്‍ഭപാത്രം.
അതിലുണ്ട് കലങ്ങിപ്പോയ ഭ്രൂണം.
അതിന്റെ കറുത്ത രക്തം വിങ്ങുന്നു.
അതിന്റെ കെട്ടഗന്ധം പുറത്തേക്ക് നോക്കുന്നു.
ഞാനിപ്പോള്‍ ആ രക്തത്തില്‍ ഒഴുകി നടക്കുകയോ
അതോ രക്തക്കുതിപ്പായേക്കാവുന്ന ആ കെട്ടിനില്പിനെ
നോക്കിനില്‍ക്കുകയോ
ഞാനിപ്പോള്‍ അതിന്റെ കെട്ടഗന്ധത്തിന് ചെകിള വിടര്‍ത്തുകയോ
നാറ്റത്തിനുമേല്‍ ചത്തുകിടക്കയോ...
ഏതോ ഒന്ന്
ഏതോ ഒന്ന്.


കീഴടങ്ങല്‍

എന്തിനു വേണ്ടിയാണ് ഇത്ര കഷ്ടപ്പെട്ട്
ഈ മലയുടെ ഉയരത്തില്‍ കയറിയതെന്ന്
മലയ്ക്കു മുകളില്‍ നിന്ന് ഒരാള്‍ ചിന്തിച്ചു.
ഒരു ഉയരത്തെ കീഴടക്കിയതുകൊണ്ട് എന്ത്?
ഞാനീ മലയെ കാല്‍ച്ചുവട്ടിലാക്കി എന്ന് കൂക്കിവിളിച്ചു അയാള്‍.
മേഘങ്ങള്‍ എത്ര നിസ്സാരമായാണ് അതിനെ സ്വീകരിച്ചത്.
താഴ്വരയിലെ മരങ്ങള്‍ക്കോ പറവകള്‍ക്കോ
അതൊന്നും കേട്ട ഭാവമില്ല.
എന്തിനുവേണ്ടിയാണ് ഇത്ര കഷ്ടപ്പെട്ട്...

കണ്ടില്ല എന്ന് നടിക്കുവാന്‍ കണ്ണുകളും
കേട്ടില്ല എന്ന് നടിക്കുവാന്‍ കാതുകളുമുള്ള ലോകമേ
കീഴടക്കലിന്റെ നിരര്‍ഥകത ബോധ്യപ്പെടുത്താനോ
ഉറച്ച കാലുകള്‍ നല്‍കുന്നത്...?

മലമുകളില്‍ എത്തിയ ഒരാള്‍ക്ക്
പിന്നെയും കയറുവാനാവില്ല.
അയാള്‍ രണ്ടു തവണ മലയിറങ്ങും.

കടല്‍

മുക്കുവത്തിയുടെ ഉദരത്തില്‍ കിടന്നതുകൊണ്ടാവണം
കടലിന്റെ വിളിയുണ്ട് പലപ്പോഴും..
ഉപ്പുതിരകള്‍ക്കു മീതെ ആടിയുലഞ്ഞുപോകുന്ന
പായ്ക്കപ്പലിലെ പ്രാചീനനായ നാവികന്‍
കടലും കപ്പലുമായ് വന്ന് വിളിക്കും...
ഞാന്‍ തന്നെയാണൊ അയാള്‍
എന്ന സംശയം ഇനിയും മാറിയിട്ടില്ല.
നീന്താന്‍ പോലും വശമില്ലാത്ത
മുക്കുവനെ കടല്‍ വിളിക്കുന്നത് എന്തിനാണ്?
തിരകളുടെ മുകളിലൂടെ കേറിയിറങ്ങിപ്പോകുന്ന
ഒരു തോണിയില്‍ ഒറ്റയ്ക്ക് അസംഖ്യം മീനുകളെ തേടി
എപ്പോഴെങ്കിലും ഞാന്‍ പുറപ്പെട്ടു പോയേക്കാം...
തടുക്കാനാവുന്നില്ല,അതിന്റെ വിളി.
കടലടിയിലെ സര്‍പ്പങ്ങളേ
ചിപ്പികളേ,വമ്പന്‍ സ്രാവുകളേ
എന്നെക്കുറിച്ചുള്ള നിങ്ങളുടെ  വിചാരങ്ങളാവുമോ
എന്നെയിങ്ങനെ കടലിലേക്ക് പിടിച്ചുവലിക്കുന്നത്?