gfc

ഒറ്റപ്പെടുന്നവരെക്കുറിച്ച് ഒരു ഉപന്യാസം

ഒറ്റപ്പെടുന്നവര്‍ എന്തൊരു ശല്യങ്ങളാണ്
ഒന്നുകില്‍ അവര്‍ മറ്റുള്ളവര്‍ക്ക് വിഷയങ്ങളാവും
അല്ലെങ്കില്‍ അവര്‍ ഓരോരോ വിഷയങ്ങള്‍
ഉണ്ടാക്കിക്കൊണ്ടിരിക്കും.
ഒരാള്‍ ഒറ്റയാവുമ്പോള്‍ അയാള്‍ അടങ്ങിയൊതുങ്ങി
ഒരുഭാഗത്തിരിക്കുമെന്നാണോ നിങ്ങള്‍ കരുതുന്നത്?
അയാള്‍ പതുക്കെ ലോകത്തിനു നേരെ തിരിഞ്ഞിരിക്കും.
പ്രതിപ്രവര്‍ത്തനങ്ങളുടെ നഖം നീട്ടിയോ
പല്ലുകള്‍ കൂര്‍പ്പിച്ചോ ഇരുന്നിടത്തിരുന്ന് ഈ ലോകത്തെ പിന്തുടരും.
 
തനിക്കു കിട്ടാത്ത ഒരുചിരിയോ സൌഹൃദമോ പോലും
അയാളെ അശാന്തനാക്കും
ഓടുന്നവരെ കുതികാല്‍ വെച്ച് വീഴ്ത്തും.
ഒന്നും അറിഞ്ഞില്ലെന്നു നടിക്കും
പിച്ചക്കാരനെപ്പോലെ വീട്ടുമുറ്റത്തു വന്നു നില്‍ക്കും
തന്റെ ഏകാന്തത നമ്മുടെ
കുഴപ്പമാണെന്നു ഓര്‍മ്മപ്പെടുത്താനാണ്
ഈ വരവ്.
കുറ്റബോധം കൊണ്ട് നമ്മള്‍ മുഷിഞ്ഞാല്‍
ആള്‍ ഉഷാറായി തിരിഞ്ഞു നടക്കും.

ഒറ്റപ്പെടുന്നവര്‍ എന്തൊരു ശല്യങ്ങളാണ്...
ചിലര്‍ കവിതകളെഴുതിക്കളയും.
ചിലര്‍ കുടുംബാംഗങ്ങളുടെ
അവിഹിതകഥകളുടെ
പ്രചാരകരാവും.
 
ചിലര്‍ മദ്യപാനത്തിന്റെ
വിവിധ നിലകള്‍ ലോകത്തിനു
കാണിച്ചു കൊടുക്കാന്‍ കരാറെടുക്കും.
 
ചിലര്‍ ചത്തു പണിയെടുക്കുന്നത്
ഒരു സമര മാര്‍ഗമാക്കും.
മുതലാളിമാരെ സന്തോഷിപ്പിച്ച് സന്തോഷിപ്പിച്ച്
അവര്‍ക്ക് ഹൃദയസ്തംഭനമുണ്ടാക്കും.
ചിലര്‍ ഭക്തിപ്രസ്ഥാനമാവും.
അമ്പലം ,പൂജാമുറി ,ദൈവങ്ങള്‍
ഈ മൂന്നിടങ്ങളിലേ വായ തൊറക്കൂ
കൂട്ടിമുട്ടിയാലും മിണ്ടില്ല.

ചിലര്‍ ഒരു കുറ്റവും ചെയ്യാത്ത നമ്മളെ
ആയുഷ്കാലം മുഴുവന്‍ കുറ്റവാളികളാക്കിക്കൊണ്ട്
ആത്മഹത്യ ചെയ്യും...
ഒറ്റപ്പെടുന്നവര്‍ ഭയങ്കര ശല്യങ്ങളാണ്

വെള്ളിനൂല്‍

നവവത്സരാശംസകള്‍
നവവത്സരാശംസകള്‍
നവവത്സരാശംസകള്‍
നവവത്സരാശംസകള്‍
നവവത്സരാശം നവവത്സരാശംസകള്‍സകള്‍


നവവത്സരാശംസകള്‍
നവവത്സരാശംസകള്‍
നവവ നവവത്സരാശംസകള്‍ത്സരാശംസകള്‍
നവവത്സരാശംസകള്‍
നവവത്സരാശംസകള്‍നവവത്സരാശംസകള്‍വെള്ളിനൂല്‍
നവവത്സരാശംസകള്‍
ഉണങ്ങാനിട്ട തുണികള്‍ അഴയില്‍ കിടന്ന്
കാറ്റിനോടും വെയിലിനോടും പറയും
‘അവളുടെ കൈ...’
ചെമ്പരത്തികള്‍ അതൊന്നും വകവെക്കാതെ
തണുപ്പിനെ തന്റെ ചുവട്ടില്‍ പിടിച്ചിരുത്തും
‘പോകാന്‍ വരട്ടെ,എന്താണിത്ര ധൃതി...?’
കിണറ്റുകരയില്‍ വെണ്ടയ്ക്കും പാവലിനും നനയ്ക്കുമ്പോള്‍
നീലാകാശം ഒരു വെള്ളിനൂല്‍ ഇട്ടുകൊടുക്കും
അവള്‍ക്ക് പിടിച്ചുപിടിച്ചു കയറാന്‍ .
കെട്ട അടുപ്പില്‍ നിന്ന് ഒരു പുക
എവിടേക്ക് എവിടേക്ക് എന്നു ചോദിച്ച്
അടുക്കളജനല്‍ വഴി പുറത്തിറങ്ങും...
അവളെയോര്‍ത്തു നിറഞ്ഞതാവും
ഈ അടുക്കളക്കിണറിന്റെ കണ്ണ്
ഉപ്പും മുളകും പിടിച്ച ഈ അരവുകല്ല്
അവളെ ഓര്‍ത്തോര്‍ത്താവുമോ
വെറും കല്ലായിമാറിയത്.
ഈ ഉറി,നിശ്ചലതയുടെ സൂക്ഷിപ്പുകാരി,
ഏതു മരവിച്ച വിലാപമായാണ്
തലകീഴായി തൂങ്ങിക്കിടക്കുന്നത്...?
ആരോടുള്ള പകയാണ് ചിരവപ്പല്ലില്‍
പതുങ്ങിനില്‍ക്കുന്നത്...?

മുതിരല്‍

ഏതുറക്കത്തിലും ഒരു കട്ടിലിന്റെ
അതിരുകളെ ലംഘിക്കും ഒരു കുട്ടി.
ഒരു മുറ്റത്തും ഒതുങ്ങുകയില്ല
അവന്റെ കാലുകള്‍.
ഒരു വീടിന്റെ ചുവരുകള്‍ക്കുള്ളില്‍
കെട്ടി നില്‍ക്കില്ല കരച്ചില്‍,ചിരി.
മേശപ്പുറത്തിരിക്കുന്ന ചില്ലുപാത്രത്തെ
താഴെ ചിതറിക്കിടക്കുന്ന ചില്ലു പാത്രമാക്കും.
അലമാരിയില്‍ ഒതുങ്ങിയിരിക്കുന്ന തുണികളും
പുസ്തകങ്ങളും അവന്റെ കയ്യാല്‍ സ്വതന്ത്രമാവും.
നിശ്ചിതമായവയെ മുഴുവന്‍
അനിശ്ചിതമാക്കുന്ന കെല്പാണ് ബാല്യം.

ഇപ്പോള്‍ വീതികുറഞ്ഞ ഒരു ബെഞ്ചു പോലും
കിടത്തിയോടത്ത് കിടക്കുമെന്ന് സാക്ഷ്യപത്രം തരും
ഒരാളെയും കേള്‍പ്പിക്കാതെ കരയും ചിരിക്കും
എല്ലാ അതിരുകളും നിശ്ചയം.
ആര്‍ക്കുവേണ്ടിയാണ് ഈ ഒതുക്കത്തിലേക്ക്
മുതിര്‍ന്നതെന്ന് ഒരു തവണയെങ്കിലും
ചോദിക്കാന്‍ മുതിരുമോ....?

വായു

ഒഴുകിയൊഴുകി മടുത്തിട്ടാവണം
ഒരു പുഴ
കുണ്ടും കുഴിയുമായി കെട്ടിക്കിടക്കുന്നത്.

നിവര്‍ന്നു നിന്ന് മടുത്തിട്ടാവണം
കുന്നുകള്‍
ലോറികളില്‍ കയറി പോവുന്നത്...

ആകാശത്തെ താങ്ങിത്താങ്ങി നടു വേദനിച്ചിട്ടാവണം
മരങ്ങള്‍
അറക്കമില്ലിലേക്ക് പോയത്...

കാറ്റേ,
നിനക്കുമാത്രം ഒരു മടുപ്പുമില്ലാത്തതെന്ത്?
നിന്നെക്കുറിച്ച് നിനക്കൊരു വിചാരമുണ്ടായാല്‍ നന്ന്.

ഇപ്പോള്‍
ഈ കുപ്പിവെള്ളത്തിന്റെ വിലപോലുമില്ല നിനക്ക്.
പ്രായവും പക്വതയുമൊക്കെയായ സ്ഥിതിക്ക്
ഏതെങ്കിലും കുപ്പിയില്‍
കയറിയിരുന്നുകൂടേ നിനക്ക്...

വീഴ്ചച്ചൂര്

എത്ര വീണിരിക്കുന്നു...!
കാല്‍മുട്ടിലെ തോല് എത്ര തവണ പോയിരിക്കുന്നു!

മണ്ണിലേക്ക് മറിഞ്ഞു വീഴുന്നത്
ഇന്നിപ്പോള്‍ ഓര്‍ക്കാന്‍ ഒരു സുഖം,
കുറച്ചു നാള്‍ കൊണ്ടു നടക്കുന്ന നീറ്റലും
വീണ ഉടനെ പൊട്ടുന്ന
ആ കരച്ചിലും ചോരയുമല്ല ,
മണ്ണിലേക്ക് മറിഞ്ഞു വീണു കിടക്കുന്ന
ഏതാനും നിമിഷങ്ങള്‍
മൂക്കിലേക്ക് അടിച്ചു കയറുന്ന
മണ്ണിന്റെ ഒരു മണമുണ്ട്;
ഓരോ വീഴ്ച്ചയിലും
തിരിച്ചു വരുന്ന ജീവന്റെ മണം.

അതു തന്നെയാണ്
ഇന്നലെ വീണപ്പോഴും ഉണ്ടായത്.
മണ്ണ് ചോരയെ തൊടുന്ന മണം.
വര്‍ഷങ്ങള്‍ക്കു ശേഷമാണ്
ഇന്നലെ ചെറുതായൊന്നു വീണത്.
ഓര്‍മിച്ചിട്ടില്ല,അതേവരെ
മുന്‍‌കാല വീഴ്ച്ചകള്‍ ...
തോലു പൊട്ടുക പോലുമുണ്ടായില്ല.
എങ്കിലും വീഴ്ച്ചകളുടെ ചൂര് തിരിച്ചു വന്നു ,
ഒരു ഞൊടിയിട കൊണ്ട്.

ലോകമാവട്ടെ ,
ഈ വീഴ്ച്ചയ്ക്കാണ് കാത്തു നിന്നതെന്ന മട്ടില്‍
ചിരിച്ചു മറിഞ്ഞു.
ഇത്ര നാളും ഞാന്‍ വീഴാഞ്ഞതു കൊണ്ടാവാം
ലോകം ഇതേ വരെ വിഷമിച്ചു നിന്നത്...

ഗ്രാമത്തില്‍ നിന്നു വന്ന കവിത

ഗ്രാമത്തില്‍ നിന്നു വന്ന കവിത
നാണിച്ച് നാണിച്ച്
പത്രാധിപരുടെ മുന്നിലെത്തി
അതിന് കോസ്മെറ്റിക്കുകളുടെ
റെക്കമെന്‍ഡേഷന്‍ ഉണ്ടായിരുന്നില്ല.
തിരുമ്മാനോ വീശാനോ
അതിന് വശമില്ല.
അത് കയര്‍ക്കുകയോ
കോര്‍ക്കുകയോ ചെയ്തില്ല.
എന്തിന്,
താനിവിടെയുണ്ടെന്ന്
അറിയിക്കാന്‍,
ഒന്നു ചുമയ്ക്കാനോ
മുരടനക്കാനോ
അതിനായില്ല.
പത്രാധിപര്‍ അതിനൊരു പുതിയ ഉടുപ്പ്
തുന്നിയിട്ട് തിരിച്ചയച്ചു.
ഗ്രാമത്തില്‍ തിരിച്ചെത്തിയ കവിത
സ്കൂള്‍ വിട്ട ഒരു കുസൃതിക്കുട്ടിയെപ്പോലെ
കൂക്കി വിളിച്ചുകൊണ്ട്
ഓടിച്ചെന്ന് അതിന്റെ കവിയെ
വട്ടം പിടിച്ചു.
അവഗണനയുടെ ഉടുപ്പ്
അത് ഊരിക്കളഞ്ഞിരുന്നു.

വേട്ട

നില്ലുനില്ലെന്‍ കിളിയേ
വില്ലെടുക്കട്ടെ,തൊടുക്കട്ടെ,നില്ലു നില്ല്..
നിന്റെ ജീവന്റെ പച്ചകള്‍ ഞാനെടുക്കട്ടെ,
നില്ലുനില്ല്..
കൂടുവിട്ട് ചില്ല വിട്ട് നീ പറക്കും കാടു നീളെ
കല്ലുരച്ച് തീയൊരുക്കും ,നില്ലുനില്ല്...
നെഞ്ചിടിപ്പിന്‍ നെന്മണിയും ഞാനെടുക്കും ,നില്ലുനില്ല്...
നേരിറമ്പില്‍ ചത്തു വീഴാന്‍ നോമ്പെടുക്ക്, നോവ് നൂല്‍ക്ക്
പൂവിറുക്ക്,കണ്ണിറുക്ക്
പല്ലിറുമ്മ്,കല്ലിറുമ്മ്
പല്ലിയായി കൊല്ലിവക്കില്‍ പൂത്തുനില്‍ക്ക്,
നെല്ലിയായി കട്ടിളയില്‍ കാത്തിരുന്ന്
കാതിലേക്ക് കാടിവെള്ളം ചെലചെലയ്ക്ക്...
നില്ലുനില്ലെന്‍ കിളിയേ...
നിന്റെ ചോരയെന്നമ്പെടുക്കട്ടെ,
നിന്റെ കരളിലെന്നമ്പുകൊള്ളട്ടെ,
വിലപനത്തിന്റ്റെ കൂറയില്‍ നീ തീര്‍ത്ത
മഞ്ചത്തിലേക്ക് ചത്തു വീഴുമ്പോള്‍
ഞാനെടുക്കട്ടെ,
പാടാതെയാടാതെ പാഥേയമുണ്ണാതെ
നോവാതെ ഞൊടിയാതെ കരളില്‍ മടങ്ങി വായോ...
കനവായ് മടങ്ങിവായോ...
കരളുവിട്ട്, കനലുവിട്ട്,
കുളിരു തേടി ,കനിവു തേടി,
നീലവിണ്ണിന്‍ മാറു തേടി,
നീ പറന്ന രാവു നോക്കി,
കാറ്റില്‍ നിന്റെ കാലടി തന്‍
പാടു നോക്കി ,പാട്ടൊലിച്ച
പൂമരത്തിന്‍ കൊമ്പു നോക്കി,
ഞാന്‍ വരുന്നു...
നില്ല്,നില്ലുനില്ലെന്‍ കിളിയേ...
നാടുനീളെ നിലവിളിയായ്
പൂത്തുനില്‍ക്കാന്‍ നീ കൊതിക്ക്,
ചോരയായി പച്ചകളില്‍
ഇറ്റുവീണ് പൂക്കളാവ്,
വെള്ളിലയ്ക്ക് കാതുകുത്ത്,
ചക്രവാളം ചൊകചൊകയ്ക്കാന്‍
പോണപകലിന്‍ നെഞ്ചുകൊത്ത്,
പുല്ലുപോലെ കൊല്ല്...കൊല്ല്,
ചെല്ല്....ചെല്ല്.
ഒറ്റവെപ്പില്‍ കുന്നു താണ്ടി,
കടലുതാണ്ടി ,കാടുതാണ്ടി,
നാടുതാണ്ടി, ഞാന്‍ വരുന്നു.
എന്റെ പക്കല്‍ നീരു വേര്,ചില്ല മിന്നല്‍ .
നരകതാരിന്നഞ്ചു വിരല്;അഞ്ചു നഖര്.
അഞ്ചു നഖരില്‍ കോര്‍ത്തെടുക്കാന്‍
ഞാന്‍ വരുന്നു.
ദ്രൌപദിയേ ,നില്ലു നില്ല്
അഞ്ചു പേര്‍ക്കും തുല്യമായ വീതമാവ്.

പുതിയ കാഴ്ച്ചകള്‍

സന്ധ്യക്ക്
ആകാശം
കുന്നുകളില്‍
കുന്തിച്ചിരുന്ന്
തൂറി.

മഞ്ഞനിറത്തില്‍
സൂര്യന്‍
പുഴയിലേക്ക് വീണു.

രാത്രി
പുറത്തിറങ്ങി
നിന്നപ്പോള്‍
ആകാശം
പാവാട പൊക്കി
ചന്ദ്രനെ കാണിച്ചുതന്നു.

പ്രഭാതത്തില്‍
പുഴക്കടവില്‍ നിന്നപ്പോള്‍
ബ്രേസിയേഴ്സ് അഴിച്ച്
കല്ലടിമ(മു)ലകള്‍ കാട്ടി.

നിങ്ങള്‍ പറ...
ഞാനെങ്ങനെ...
ചീത്തയാവാതിരിക്കും.

മലാശയം

‘ദഹിക്കാത്ത എല്ലാ ആഹാര പദാര്‍ഥങ്ങളും
ഉടന്‍ മലാശയത്തില്‍ എത്തിച്ചേരേണ്ടതാണ്.’
എന്ന അനൌണ്‍സ്മെന്റ് കേട്ടതോടെ
പയറുമണി വന്‍ കുടലില്‍ നിന്ന്
മലാശയത്തിലേക്ക് തിക്കി തിരക്കി ചെന്നു.
പയറുമണി മലാശയം കണ്ട് അന്തം വിട്ടു:
‘എന്തൊരു വലിപ്പം...!ഇതു മുഴുവന്‍
ദഹനത്തെ അതിജീവിച്ച
ആഹാരപദാര്‍ഥങ്ങളാണോ...? ഹമ്മേ...’
അപ്പോള്‍ കൂടെ വന്ന് ഒരു കടുകുമണി പറഞ്ഞു:
‘ഇങ്ങനെ അതിജീവിക്കുന്നവരെയാണ്
തീട്ടം എന്നു പറയുന്നത്. ’

തര്‍ജ്ജനി യില്‍ വന്നത്

ആള്‍മാ‍റാട്ടം

എന്നും പച്ച നിറത്തില്‍ നീളത്തില്‍
ജനിച്ചു മടുത്തിട്ട് ഒരു വെണ്ടക്ക
ചുവന്ന നിറത്തില്‍ ഉരുണ്ടിട്ട് ജനിച്ചു.
വെണ്ടക്കയെ നോക്കി ആളുകള്‍ വിളിച്ചു:‘തക്കാളീ’

എന്നും ചുവന്ന നിറത്തില്‍ ,ഉരുണ്ട്
ജനിച്ചു മടുത്തിട്ട് ഒരു തക്കാളി
നീളത്തില്‍ പച്ച നിറത്തില്‍ ജനിച്ചു.
തക്കാളിയെ നോക്കി ആളുകള്‍ വിളിച്ചു:‘വെണ്ടക്കേ’

എന്നാല്‍ ഒരു വെണ്ടക്ക ഒരിക്കലും ‘തക്കാളീ’ എന്നും
തക്കാളി ‘വെണ്ടേക്കേ’ എന്നും വിളിക്കപ്പെടാന്‍
ഇഷ്ടപ്പെടാഞ്ഞതുകൊണ്ട്
ആള്‍മാറാട്ടം മതിയാക്കി
പതിവു രൂപത്തില്‍
പതിവു നിറത്തില്‍
അവതരിച്ചു തുടങ്ങി.

3-4-2000
(മൂന്നാമിടത്തില്‍ വന്നിട്ടുണ്ട്)

ലിംഗരാജ്

ഇന്ദീവരാക്ഷി കവലയുടെ പടിഞ്ഞാറേ അറ്റത്തുള്ള
കമ്പ്യൂട്ടര്‍ സെന്ററിലെ ജീവനക്കാരിയാണ്
രാവിലെ പത്തുമണിയോടെ കിഴക്കു നിന്നു പടിഞ്ഞാട്ടും
വൈകിട്ട് നാലുമണിയോടെ പടിഞ്ഞാട്ടു നിന്നു കിഴക്കോട്ടും
അവളീ കവലയിലൂടെ കടന്നു പോവും.
എല്ലാ പെണ്ണുങ്ങളെയും നോക്കുന്നതു പോലെ
ഞാന്‍ ഇന്ദീവരാക്ഷിയേയും നോക്കിയിരുന്നു.
എനിക്കു നോക്കാന്‍ പാകത്തിനാണ് പഞ്ചായത്ത്
ഈ വെയ്റ്റിങ്ഷെഡ്ഡ് ഉണ്ടാക്കി വെച്ചിരിക്കുന്നത്.

ഇന്ദീവരാക്ഷി എല്ലാ പെണ്ണുങ്ങളെയും പോലെ
തലകുനിച്ച് ,ഓരോ കാലടിയും എടുത്തുവെക്കുമ്പോള്‍
വെളിപ്പെടുന്ന പുതിയ ഒരടി ദൂരം മാത്രം മുന്നില്‍ കണ്ട്
നടന്നു പോവും...

ആവശ്യമില്ലാത്ത ചോദ്യങ്ങളൊക്കെ
ചോദിക്കുന്ന ശീലമുള്ളതുകൊണ്ട്
ഞാന്‍ ഇന്ദീവരാക്ഷിയോട് ഒരു ചോദ്യം ചോദിച്ചു:

എല്ലാ ഇടത്തരം കവലകളിലെയും പോലെ
ഈ കവലയിലും പെണ്ണുങ്ങള്‍ എന്തുകൊണ്ടാണ്
തലകുനിച്ച്, മുന്നോട്ടുള്ള നടത്തത്തില്‍ വെളിപ്പെട്ടുകിട്ടുന്ന
ഒരടി റോഡിനെ മാത്രം നോക്കി നടന്നു പോവുന്നത്?

ശബ്ദമില്ലാത്ത ചോദ്യമായതുകൊണ്ട്
ഇന്ദീവരാക്ഷി പോയിട്ട് ഇന്ദീവരാക്ഷിയുടെ പട്ടി പോലും
മിണ്ടിയില്ല.


പക്ഷെ വേണ്ടത്ര ഭാവനയുള്ള ഒരുത്തനായതുകൊണ്ട്
ഇന്ദീവരാക്ഷിയുടെ ഒരു ഡ്യൂപ്ലിക്കേറ്റിനെ പടച്ച്
ഞാന്‍ കിഴക്കോട്ടും പടിഞ്ഞാട്ടും നടത്തി.
ഇന്ദീവരാക്ഷി എന്റെ ചോദ്യം കേട്ട്
വെയ്റ്റിങ് ഷെഡ്ഡില്‍ വായില്‍ നോക്കിയിരിക്കുന്ന
എന്നോടു വന്നു പറഞ്ഞു:


എടാ പൊട്ടന്‍ ക്ണാപ്പാ,
ഈ കവല എന്താണെന്ന് നിനക്കറിയാമോ?
തൊണ്ണൂറ് ഡിഗ്രിയില്‍ നില്‍ക്കുകയോ നടക്കുകയോ
ചെയ്യുന്ന ആണ്‍ലിംഗങ്ങളുടെ സമുച്ചയമാണിത്.
ഈ കെട്ടിടങ്ങള്‍,ലംബവും നിശ്ചലവുമായ ബഹുനിലലിംഗങ്ങള്‍
ഈ വാഹനങ്ങള്‍,തിരശ്ചീനമായി ചലിക്കുന്ന ലിംഗങ്ങള്‍
ഈ റോഡാകെ പാഞ്ഞു നടക്കുന്നത്,
കടകളില്‍ സാധനം പൊതിഞ്ഞുകൊണ്ടിരിക്കുന്നത്,
നിറുത്തിയിട്ട ടാക്സിവണ്ടികളില്‍ നിന്ന്
പ്ലവരൂപത്തില്‍ ചിറി തെറിപ്പിക്കുന്നത്
എല്ലാം ഉദ്ധൃത ലിംഗങ്ങളാണ്.


പത്തുമണിക്ക് പടിഞ്ഞാട്ടും
നാലുമണിക്ക് കിഴക്കോട്ടും നടക്കുമ്പോള്‍
ഈ ലിംഗങ്ങള്‍ എന്നെ തുറിച്ചു നോക്കും;
പഞ്ചാര പൊതിയുന്ന ലിംഗങ്ങള്‍,
നോട്ടെണ്ണുന്ന ലിംഗങ്ങള്‍,
കൂട്ടുകാരോട് കുശലം പറയുന്ന ലിംഗങ്ങള്‍,
ബസ്സു കാക്കുന്ന ലിംഗങ്ങള്‍ ...

പുരുഷഭീകരതയുടെ കോട്ട
ചുറ്റോടു ചുറ്റും പീരങ്കികള്‍
അതിനിടയിലൂടെ ആത്മപുച്ഛത്തോടെ
ശരീരത്തെക്കുറിച്ച് വേവലാതിപ്പെട്ട്
ഇങ്ങനെയല്ലാതെ എങ്ങനെയാണ് നടക്കുക...?

ഇന്ദീവരാക്ഷി കിതച്ചുകൊണ്ട് പറഞ്ഞു നിര്‍ത്തി.


പുരുഷന്‍ എന്ന ഗര്‍വിനെ വലിച്ചെറിഞ്ഞ്
ഒരു നിമിഷം പെണ്ണായി നോക്കി,ഞാനീ ലോകത്തെ.
പെണ്ണായി നടക്കാത്ത വഴികള്‍,
പെണ്ണായി വാഴാത്ത വീട്,
പെണ്ണായി നോക്കാത്ത ആകാ‍ശം, ഭൂമി
എല്ലാം അപരിചിതമായ ഭയങ്ങളായി
ഈ വെയ്റ്റിങ്ഷെഡ്ഡിലേക്ക് ഇരച്ചുവരികയായ്.

രഹസ്യങ്ങള്‍

തുന്നല്‍ക്ലാസില്‍ നിന്ന് ഏഴു കിലോമീറ്ററുണ്ട്
വീടു പറ്റുവാന്‍ .
വീടെത്തുവോളം വിരലില്‍ തൂങ്ങുന്ന കുട്ടി
ഒരേ ചോദ്യങ്ങളില്‍ തൂങ്ങി:
തീണ്ടാരിയാവുന്നതെങ്ങനെ?
തീണ്ടാരിയായ ആളെ തൊട്ടാലെന്താ?
മറുപടി പറഞ്ഞതേയില്ല അമ്മ.
ദേഷ്യപ്പെട്ടതുമില്ല, തൊടരുതെന്നുമാത്രം പറഞ്ഞു.
ഒരമ്മയ്ക്ക് മകനോട് പറയാന്‍ പറ്റാത്ത
ആ രഹസ്യത്തെക്കുറിച്ചാലോചിച്ച്
ദേഷ്യവും സങ്കടവും വന്നത് നല്ല ഓര്‍മയാണ്.

പുറത്തായ അമ്മയെ തൊട്ട്
ഞാനും പുറത്താവുമായിരുന്നു.
അങ്ങനെ പുറത്താവുന്ന ഞാന്‍
അമ്മമ്മയെ,അച്ഛനെ,അനുജത്തിമാരെ
കോലായയെ,പൂജാമുറിയെ ഒക്കെ
കൂട്ടിത്തൊടുമെന്ന് പേടിപ്പിച്ചിരുന്നു.

പുറത്തായവളെ തൊട്ട് പുറത്താകുവാന്‍,
ഈ ലോകത്തെ മുഴുവനും
കൂട്ടി തൊട്ട് പുറത്താക്കുവാന്‍
ഇന്നിപ്പോള്‍ ഒരു കൌതുകവുമില്ല.
അമ്മയാണോ മകനാണോ
പുറത്തെന്ന് പിടിയുമില്ല.

മീന്‍‌മുള്ള്

മീന്‍‌മുള്ള് എന്നൊരു ഉപമയാണ്
പാത്തുമ്മക്കുട്ടിയെക്കുറിച്ച് കൃത്യമായുള്ളത്.
തീന്‍മേശയിലെ വെളുത്ത പിഞ്ഞാണത്തില്‍
മാംസമെല്ലാം അടര്‍ത്തിയെടുക്കപ്പെട്ട നിലയില്‍
വിശ്രമിക്കുന്ന മീന്‍‌മുള്ളിനെ ഞാന്‍ ദയവോടെ നോക്കുന്നത്
അവളെ ഈ പ്ലേറ്റില്‍,ഈ ഉപമയില്‍
വെളിപ്പെട്ടു കിട്ടുന്നതുകൊണ്ടാണ്.

അവള്‍ തന്നെയാണ് നിശ്ശബ്ദം,നിശ്‌ചേഷ്ടം
ഈ കിടക്കുന്നതെന്ന് തോന്നിത്തുടങ്ങിയപ്പോള്‍
അത്, ആ മീന്‍‌മുള്ള് എഴുന്നേറ്റു നിന്ന്
പറഞ്ഞു തുടങ്ങി:
കടലിന്റെ നീല നീരടരുകള്‍
വകഞ്ഞു വകഞ്ഞു കൂട്ടരോടൊപ്പം പോയത്,
ചലനമായിരുന്നു പേരെന്ന്,
കീഴടക്കാത്ത വേഗങ്ങള്‍ ഒന്നുമില്ലെന്ന്,
സ്രാവുകള്‍,ആമകള്‍,കടല്‍‌പ്പാമ്പുകള്‍
ഒക്കെയും കണ്ടിട്ടുണ്ടെന്ന്,
പവിഴപ്പുറ്റുകള്‍ വലം വെച്ചിട്ടുണ്ടെന്ന്...


പാത്തുമ്മക്കുട്ടി ഉറങ്ങുകയാണ്.
ഉറങ്ങുമ്പോള്‍ അവളുടെ കണ്‍പോളകള്‍
അടയുകയില്ല.
ആ കണ്ണുകള്‍ അവളുടെയോ
അതോ ഇപ്പോഴും ഊണ്‍‌മേശയില്‍
പ്രസംഗിക്കുന്ന മീന്‍‌മുള്ളിന്റെയോ
എന്നറിയാതെ ഞാന്‍ കുഴങ്ങി.

മീന്‍‌മുള്ളിനോട് ഒന്നും പറയാതെ
ഞാന്‍ വലിയ ഭാരത്തോടെ
അടയാത്ത ആ കണ്ണുകളിലേക്ക്
താണു പോയി...

പതിനാറാം നമ്പര്‍ സീറ്റ്

ബസ്സില്‍ പോകുന്നവരേ
പതിനാറാം സീറ്റിലിരിക്കുന്ന
എന്നെ നോക്കൂ
മഹാകവി വിഷ്ണുപ്രസാദിനെ
ഒന്നു നോക്കൂ
അറിയില്ലെന്നോ
നൂറ്റമ്പതില്പരം കവിതകള്‍
എഴുതിയിട്ടുണ്ട്.
ചത്തിട്ടില്ലെങ്കില്‍
ഇനിയും എഴുതിയേക്കും.
കൂര്‍ക്കം വലിക്കുന്നവരേ
സഹയാത്രികന്റെ ചുമലിലേക്ക്
ആടിയാടി വീഴുന്നവരേ
നോക്കാന്‍ നേരമില്ലെന്നോ
കണ്ടാ‍ലറിഞ്ഞുകൂടേ കവിയെ
മുഷിഞ്ഞ്,മുറിക്കാത്താടിയോടെ
ദാഹിച്ചിരിക്കുന്ന ഒരാളെ
തെണ്ടി എന്ന് പല്ലിറുമ്മാതെ
കണ്ടല്ലോ മഹാകവേ
എന്ന് കെട്ടിപ്പിടിച്ചൂടേ

നാരങ്ങ പൊളിക്കുന്നവളേ
കുട്ടി കരച്ചില്‍ നിര്‍ത്തുന്നില്ലെന്നോ
ഭര്‍ത്താവിന്റെ മടിയില്‍
തലവെച്ചുറങ്ങണമെന്നോ
ഇങ്ങനെ നോക്കുന്നതെന്തടാന്നോ
താനേത് കോത്താഴത്തെ കവിയാണ്ട്രോന്നോ
ഓ.. ഞാനൊന്നും പറഞ്ഞില്ല
ഞാനൊന്നും കണ്ടില്ല
നമുക്കീ ചലച്ചിത്രഗാനം കേള്‍ക്കാം

മുന്നിലെ സീറ്റിലിരുന്ന് മുറുക്കിത്തുപ്പുന്ന അമ്മാവാ
ഒരു കവിയാണ് പിന്നിലിരിക്കുന്നതെന്ന്
വല്ല പിടിയുമുണ്ടോ?
ങാ, കേട്ടിട്ടുണ്ട് ,കണ്ടതില്‍
വലിയ സന്തോഷമെന്ന്
മുറുക്കാന്‍ തുപ്പല്‍ തെറിപ്പിച്ച്
പറഞ്ഞാലും ഞാന്‍ സഹിക്കില്ലേ...

പത്തുരൂപയ്ക്ക് ക്രൈം,ബാലമംഗളം,ചിത്രഭൂമി
എന്നിവയുടെ പഴയ ലക്കങ്ങള്‍
വാങ്ങിച്ച് വിടാതെ വായിക്കുന്നവനേ...
ഒരു കാലത്ത് ക്രൈമില്‍ നീ വായിക്കേണ്ടുന്ന മഹാന്‍
ഈ വണ്ടിയിലുണ്ടെന്ന്
നിനക്ക് വല്ല പിടിയുമുണ്ടോ?
നിന്നെപ്പറഞ്ഞിട്ടെന്ത്?
നീയെന്നെ അറിയുകയില്ല.
അന്നും നീയിങ്ങനെ ക്രൈം
വായിച്ചുകൊണ്ടിരിക്കും.

കുറ്റിപ്പുറം കഴിഞ്ഞല്ലോ
കുന്നംകുളം കഴിഞ്ഞല്ലോ
എത്ര പേരിറങ്ങി
എത്ര പേര്‍ കയറി
പതിനാറാം സീറ്റിലിരിക്കുന്ന
മഹാകവി പോക്കറ്റടിക്കപ്പെട്ടിരിക്കുന്നു.
കൃതാര്‍ഥനായി.
ഒരു പോക്കറ്റടിക്കാരനെങ്കിലും
പരിഗണിച്ചല്ലോ
തെണ്ടി എന്ന് പര്യായപദമുള്ള കവിയെ.

ഇറങ്ങേണ്ടിടത്ത് ഇറങ്ങാതെ
ഒന്നുമില്ലാതെ,ഒന്നുമല്ലാതെ
ഏതുറക്കത്തിലേക്കാണ്
ഈ പതിനാറാം നമ്പര്‍ സീറ്റ് ഒറ്റയ്ക്ക്
പോയിക്കൊണ്ടിരിക്കുന്നത്...

ഝഷം

ഝ എന്ന അക്ഷരം പഠിക്കാന്‍ വേണ്ടി
ഝഷം എന്നൊരു വാക്കു പഠിച്ചു.
അതില്‍ പിന്നെ ഉപയോഗിച്ചിട്ടേയില്ല അത്.
പൌലോസ് മാഷ് നക്സലൈറ്റായിരുന്നു.
ലഘുലേഖകളും അച്ചടിയന്ത്രവും പിടിച്ചതില്‍ പിന്നെ
മാഷ് ഒളിവിലായിരുന്നു.
കൊല്ലപ്പരീക്ഷയുടെ തലേന്നു വന്ന്
തറ പറ മുതല്‍ അവസാന പേജു വരെ
ഒറ്റവായനയില്‍ തീര്‍ത്തു.
അതിനു ശേഷം ഒരു ഝഷത്തേയും
ഝഷമേ എന്നു വിളിക്കാന്‍ കൂടിയിട്ടില്ല.
ബാലപാ‍ഠത്തിലും ശബ്ദതാരാവലിയിലും
അതിപ്പോഴുമുണ്ടെന്നതിനു സാക്ഷ്യമുണ്ട്.
തന്നില്‍ താഴെയുള്ളതിനെയൊക്കെ തിന്നുമെന്ന്
ശബ്ദതാരാവലിയിലിരുന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ട്.
ഒരു സാധാരണ മീനിനെപ്പോലും
തിന്നുവാനാവാത്ത ഝഷം...!