gfc

പെരുമഴത്തോട്ടം

പെട്ടെന്ന് ഉണ്ടായിവരുന്നു
ഒരു പെരുമഴത്തോട്ടം
മാനത്ത് മുളച്ച് ഭൂമിയിലേക്ക് വളര്‍ന്ന്
മണ്ണില്‍ ചില്ലകള്‍ പടര്‍ത്തി
ഇടതൂര്‍ന്ന ചില്ലുനൂല്‍ത്തോട്ടം

വയല്‍‌വക്കത്തെ എല്ലാ വീടുകളും
പെട്ടെന്ന് ഒറ്റയ്ക്കായിപ്പോവുന്നു
അടുത്തായിട്ടും അകലെയാവുന്നു
ഓര്‍മ്മകള്‍ പൊട്ടിയൊഴുകുന്ന
കണ്ണുകളാവുന്നു ജനാലകള്‍
കാറ്റ് ഒരു നനഞ്ഞ നാടോടിയെപ്പോലെ
വരാന്തയിലേക്ക് ഓടിക്കയറിവന്ന് അകത്തേക്ക് എത്തിനോക്കുന്നു

കെട്ടിയിട്ട പശുക്കളുടെ കരച്ചിലുകള്‍ നനയുന്നു
അവയുടെ പുള്ളികള്‍ മഴയില്‍ മായുന്നു
അവ തന്നെ മായുന്നു
മഴത്തോട്ടത്തില്‍ ഒരു ചില്ലുകുറുക്കന്‍
ആകാശത്തേക്ക് നോക്കിക്കൂവുന്നു
അതിന്റെ കൂവല്‍ അല്പം കഴിഞ്ഞ്
ഒരു മഴവില്ലായി കാണായേക്കും

ചില്ലുകാടില്‍ ഒരു സുതാര്യ ആന
നൃത്തം ചെയ്യുന്നു

ചെമ്പോത്തുകള്‍ മഴവള്ളികളില്‍ തൂങ്ങി
അവയുടെ പ്രാചീനവാദ്യങ്ങള്‍ മുട്ടുന്നു

പെട്ടെന്ന് ഒരുതോട്ടം കാണാതാവുന്നു

തുമ്പികളുടെ ചിറകുകളില്‍ കയറി
മഴ ആകാശത്തേക്ക് മടങ്ങിപ്പോവുന്നു

ആകാശം അതിന്റെ കറുത്ത മുലകളെ

നീലബ്ലൌസിലാക്കി കുടുക്കിട്ടുവെക്കുന്നു;
പാലുകൊടുത്തുകഴിഞ്ഞ അമ്മ

കാറ്റ് കവുങ്ങുകളുടെയും തെങ്ങുകളുടെയും
തലകള്‍ തോര്‍ത്തിക്കൊടുക്കുന്നു

കഴിഞ്ഞുപോയ പ്രണയങ്ങളുടെ ഓര്‍മ്മ പോലെ
ഒരു നനവുമാത്രം നില്‍ക്കുന്നു
ലോകം ഒരു നനഞ്ഞ പാവാടയായി ഇളക്കിക്കൊണ്ടിരിക്കുന്നു

മഞ്ഞ നിറമുള്ള ഏകാന്തതയില്‍ പച്ചനിറമുള്ള പക്ഷി

ഏകാന്തയുടെ നിറം ഏതാണ്?
മഞ്ഞ നിറമുള്ള ഏകാന്തതയില്‍
പച്ചനിറമുള്ള ഒരു പക്ഷിയെ സങ്കല്പിച്ചുനോക്കി
വയലറ്റ് നിറമുള്ള ഏകാന്തതയില്‍
ചുവന്ന ആപ്പിളിന്റെ മോഡലിങ് സങ്കല്പിച്ചുനോക്കി
നീലത്തലേക്കെട്ടുള്ള ഒരു നട്ടുച്ച
പറക്കുന്ന കൊറ്റിയുടെ വെള്ളത്തോര്‍ത്ത് വീശി
പച്ചനിറമുള്ള പാടത്ത് നില്‍ക്കുന്നു
ഏകാന്തത എന്ന ദ്വീപിലേക്ക്
നിങ്ങള്‍ നിങ്ങളെ നാടുകടത്തുന്നു
ആരും കരയുന്നില്ല
പിന്നാലെ വരുന്നില്ല
ആരോ കരയുന്നുണ്ടെന്ന്
പിന്നാലെ വരുന്നുണ്ടെന്ന് സങ്കല്പിക്കുന്നു
പിന്നാലെ വരുന്നവര്‍ മങ്ങിമങ്ങി മറയുന്നു
കരച്ചിലുകള്‍ നേര്‍ത്തുനേര്‍ത്ത് ഇല്ലാതാവുന്നു
ഇപ്പോള്‍ നിങ്ങള്‍ ഏകാന്തതയിലാണ്
നിങ്ങള്‍ തന്നെയാണ് ഏകാന്തത
ഏകാന്തത സഹിക്കവയ്യാതെ
എല്ലാ നിറങ്ങളും ഇറങ്ങിപ്പോകുന്നു
പച്ചനെല്‍പ്പാടത്തു നിന്ന് പച്ച
തെളിനീലമാനത്തു നിന്ന് നീല
മേശപ്പുറത്തെ ചുവന്ന ആപ്പിളില്‍ നിന്ന് ചുവപ്പ്
വയലറ്റ് ജനല്‍‌വിരികളില്‍ നിന്ന് വയലറ്റ്
റോസാപ്പൂക്കളില്‍ നിന്ന് റോസ്
ഇറങ്ങിപ്പോകാത്ത രണ്ടു നിറങ്ങള്‍
ബാക്കിയാവുന്നു ;കറുപ്പും വെളുപ്പും
അവയും ഇറങ്ങിപ്പോയിട്ടുണ്ടാവാം
ഈ ഇറങ്ങിപ്പോക്കിനെ
കറുപ്പിലും വെളുപ്പിലും ആവിഷ്കരിച്ച്
കറുപ്പിന്റെയും വെളുപ്പിന്റെയും
ഒരു തോന്നല്‍ മാത്രം അവശേഷിപ്പിച്ച്
അവയും ഇറങ്ങിപ്പോയിട്ടുണ്ടാവാം
നിങ്ങള്‍ അവയുടെ പിന്നാലെ പോകുന്നില്ല
ആരുടെയും പിന്നാലെ പോകുന്നില്ല
നിങ്ങള്‍ ഏകാന്തത
ഏകാന്തത നിങ്ങള്‍
കാറിന്റെ ചില്ലുജാലകത്തില്‍
ഒലിച്ചിറങ്ങുന്ന മഴയില്‍
നിറങ്ങളും രൂപങ്ങളും ചോര്‍ന്നുപോവുമ്പോലെ
അകത്തുപെയ്യുന്ന ഒരു മഴയിലേക്ക്
പുറത്തുനിന്നു നോക്കുന്നു നിങ്ങള്‍
ഉടഞ്ഞ മരക്കൂട്ടങ്ങള്‍
ഉടഞ്ഞ മനുഷ്യാകൃതികള്‍
ഉടഞ്ഞ നടപ്പാത
ഉടഞ്ഞുടഞ്ഞുടഞ്ഞ്...
കാഴ്ചകള്‍ മുന്നോട്ടു നടക്കാനാവതെ
മഴയില്‍ കുഴഞ്ഞുവീഴുന്നു
നിങ്ങള്‍ക്കിരുപുറവും ബ്ലോക്കായ വാഹനങ്ങള്‍
ഹോണടിക്കുന്നു
അവയുടെ തീവ്രവെളിച്ചങ്ങള്‍ പരസ്പരം
വെട്ടിക്കൊണ്ടിരിക്കുന്നു
എല്ലാ വാഹനങ്ങളില്‍ നിന്നും ഇറങ്ങിവന്ന ആളുകള്‍
നിങ്ങളുടെ ചുറ്റിലും കൂടി നില്‍ക്കുന്നു

സന്തോഷം അലയടിക്കുന്നു


ഒരു ദിവസം
ഒരു പ്രത്യേക നിമിഷം
പുറത്തേക്ക് നോക്കുമ്പോഴുണ്ട്
സന്തോഷം അലയടിക്കുന്നു
ബസ് സ്റ്റാന്‍ഡിലെ സ്ത്രീകളുടെ സാരിത്തുമ്പുകള്‍
പറന്നുയര്‍ന്ന് സന്തോഷം സന്തോഷം
എന്ന് പ്രഖ്യാപിക്കുന്നു.
കോളേജ് വിട്ടുവന്ന യൂണിഫോം കുട്ടികള്‍
പെട്ടെന്ന് പൂക്കാലം വന്നുകയറിയ പൂന്തോട്ടമായി
ഇളകിക്കൊണ്ടിരിക്കുന്നു
വിശുദ്ധനായ ഒരു നീലാകാശം മുകളില്‍
വെള്ളമേഘങ്ങളുടെ ഒരു ചിരി വരയ്ക്കുന്നു
ബസ്സുകളുടെ ജനല്‍‌സീറ്റുകളില്‍ ഇരിക്കുന്നവരുടെ മുഖങ്ങളിലൂടെ
ആനന്ദത്തിന്റെ ഒരു തിര കയറിയിറങ്ങി
കയറിയിറങ്ങിയങ്ങനെ...
എല്ലാ നിരാശകളെയും ഊതിക്കെടുത്തിയ
ഒരു ചിരി എവിടെയും ചിരിച്ചുനില്‍ക്കുന്നു
മുഷിഞ്ഞ തുണികളും നരച്ചതാടിയുമുള്ള
കറുത്ത പിച്ചക്കാരന്‍
വെയിലത്തുകത്തിച്ചുവെച്ച മണ്ണെണ്ണ വിളക്കിനെ
ഓര്‍മ്മിപ്പിച്ച് ചിരിക്കുന്നു
നാടോടിപ്പെണ്ണുങ്ങളുടെ ഒരു കൂട്ടം
മുറുക്കിച്ചുവപ്പിച്ച ചുണ്ടുകാട്ടി ചുവചുവന്ന വായ കാട്ടി
ചിരിക്കുന്നു
പച്ചക്കറി വാങ്ങിക്കുന്നവളും വില്‍ക്കുന്നവനും ചിരിക്കുന്നു
ചുമട്ടുതൊഴിലാളികള്‍ തലേക്കെട്ടുകള്‍ ഊരിവീശിച്ചിരിക്കുന്നു
അഞ്ചു മീന്‍‌കാരന്മാര്‍ നിരന്നിരുന്ന് ചിരിക്കുന്നു
ഇത് വാടിയ വെയിലിന്റെ ഒരു തോട്ടമല്ല
എവിടെ നിന്നോ ഇറങ്ങിവന്ന ആനന്ദത്തിന്‍
തുള്ളിയോട്ടം
പള്ളിമിനാരത്തില്‍ കൂടുവെച്ച പ്രാവുകളുടെ അരികിലും
കുട്ടികള്‍ നദിയിലേക്ക് ചാടുന്നതുപോലെ ആകാശത്ത്
അത് കുത്തിമറിയുന്നു
ഇത്രനാള്‍ ആരാണ് എവിടെയാണ്
നിന്നെ അടച്ചുവെച്ചതെന്ന്
എനിക്കതിനോട് ചോദിക്കണമെന്നുണ്ട്..
കുടത്തില്‍ നിന്നും പുറത്തുവന്ന ഭൂതമേ
നിന്നെ അടച്ചുവെച്ചിരുന്ന എല്ലാ കുടങ്ങളും
ഉടച്ചുകളയാന്‍ എനിക്കവ കാണിച്ചുതന്നെങ്കില്‍
എന്നു വിചാരിച്ച് കണ്ണടച്ച് കണ്ണടച്ച്
ഇപ്പോള്‍ കണ്ണു തുറക്കുമ്പോള്‍ ...
കണ്ണുതുറക്കുമ്പോള്‍ ...

കെമ്പന്റെ മകന്‍

'കെമ്പന്റെ മകനേ
കെമ്പന്റെ മകനേ' എന്ന വിളി കേട്ട്
അയാള്‍ വാതില്‍ തുറന്നപ്പോള്‍
അതു പറഞ്ഞു:
ഞാനാണ് പൂവന്‍‌കോഴിയുടെ കൂവല്‍
ഈ വെളുപ്പാങ്കാലത്ത്
നീ എന്റെയൊപ്പം വരിക
ഞാന്‍ നിനക്ക് പാടങ്ങള്‍ കാണിച്ചു തരാം.

കെമ്പന്റെ മകന്‍ ഒരു പാനീസു പിടിച്ച്
പൂവന്‍‌കോഴിയുടെ കൂവലിനു പിന്നാലെ
ഇടവഴി താണ്ടി പുറത്തേക്കിറങ്ങി.
പൂവന്‍ കോഴിയുടെ കൂവല്‍ മുന്നില്‍ നടന്നു.
അതിന് ഒരാള്‍പ്പൊക്കമുണ്ട്
വലിയ തലപ്പാവുണ്ട്
അംഗവസ്ത്രം പിന്നില്‍ ഇഴയുന്നുണ്ട്
കെമ്പന്റെ മകന്‍ ആകാശത്തേക്ക് നോക്കി
ഒറ്റ നക്ഷത്രം മാത്രം
നാട്ടിക്കണ്ടങ്ങളില്‍ ഇന്നലെ നട്ട ഞാറ്
ചേറില്‍ അതിന്റെ വേരുപിടിക്കാന്‍
തവളകളുടെയും ചീവീടുകളുടെയും
മഞ്ഞുനിറമുള്ള പ്രാര്‍ഥനകള്‍ എല്ലാ വരമ്പുകളിലും
എഴുന്നേറ്റു നടക്കുന്നുണ്ട്.
അവയ്ക്കുമുണ്ട് ഒരു മനുഷ്യനോളം ഉയരം.
അവ അവരെ ശ്രദ്ധിച്ചതേയില്ല.
പൂവന്‍‌കോഴിയുടെ കൂവല്‍ ഒരു തോട്ടിറമ്പിലിരുന്നു
കെമ്പന്റെ മകന്‍ അതിന്റെ മുന്നില്‍
കുന്തിച്ചിരുന്നു.
അതു പറഞ്ഞു:
കെമ്പന്റെ മകനേ
നീയെന്നെ ആദ്യമായാണ് കാണുന്നത്
ഇതുപോലൊരു രാത്രിയിലാണ്
നിന്റച്ഛനും എന്നെ ആദ്യമായി കാണുന്നത്

മണ്ണ് വേരുകളെ ഇറുകെപ്പിടിക്കുന്ന ഒച്ച
മണ്ണിന്നടിയില്‍ നിന്ന് ഞാറുകള്‍ക്കിടയിലേക്ക്
വിരല്‍ നിവര്‍ത്തുന്നുണ്ട്

നിന്റച്ഛന്‍ ഈ കണ്ടത്തിലുണ്ട്
നിന്റച്ഛന്റച്ഛനും ഈ കണ്ടത്തിലുണ്ട്
നിങ്ങള്‍ ഉറങ്ങുമ്പോള്‍ അവര്‍ പൂട്ടുന്നു
വിതയ്ക്കുന്നു കൊയ്യുന്നു
വരമ്പത്തിരുന്ന് ചായ കുടിക്കുന്നു

ദൂരെ രണ്ടു കാലുകള്‍ മാത്രം നടക്കുന്നത്
കെമ്പന്റെ മകന്‍ കണ്ടു
അയാള്‍ അവിടേക്ക് സൂക്ഷിച്ച് നോക്കിയപ്പോള്‍
ഒരു തൊപ്പിക്കുടയും കണ്ടു
പൂവന്‍‌കോഴിയുടെ കൂവല്‍ അതിനടുത്തുകൂടെ
പോവുന്നതും കണ്ടു
പൊട്ടു പോലെ അത് മറയുന്നതും നോക്കി
അയാള്‍ വരമ്പത്തിരുന്ന് ഉറങ്ങിപ്പോയി
ഉണര്‍ന്നു നോക്കിയപ്പോള്‍
അയാള്‍ ഒരു പാടമായി വിളഞ്ഞുകിടക്കുന്നു