gfc

കെമ്പന്റെ മകന്‍

'കെമ്പന്റെ മകനേ
കെമ്പന്റെ മകനേ' എന്ന വിളി കേട്ട്
അയാള്‍ വാതില്‍ തുറന്നപ്പോള്‍
അതു പറഞ്ഞു:
ഞാനാണ് പൂവന്‍‌കോഴിയുടെ കൂവല്‍
ഈ വെളുപ്പാങ്കാലത്ത്
നീ എന്റെയൊപ്പം വരിക
ഞാന്‍ നിനക്ക് പാടങ്ങള്‍ കാണിച്ചു തരാം.

കെമ്പന്റെ മകന്‍ ഒരു പാനീസു പിടിച്ച്
പൂവന്‍‌കോഴിയുടെ കൂവലിനു പിന്നാലെ
ഇടവഴി താണ്ടി പുറത്തേക്കിറങ്ങി.
പൂവന്‍ കോഴിയുടെ കൂവല്‍ മുന്നില്‍ നടന്നു.
അതിന് ഒരാള്‍പ്പൊക്കമുണ്ട്
വലിയ തലപ്പാവുണ്ട്
അംഗവസ്ത്രം പിന്നില്‍ ഇഴയുന്നുണ്ട്
കെമ്പന്റെ മകന്‍ ആകാശത്തേക്ക് നോക്കി
ഒറ്റ നക്ഷത്രം മാത്രം
നാട്ടിക്കണ്ടങ്ങളില്‍ ഇന്നലെ നട്ട ഞാറ്
ചേറില്‍ അതിന്റെ വേരുപിടിക്കാന്‍
തവളകളുടെയും ചീവീടുകളുടെയും
മഞ്ഞുനിറമുള്ള പ്രാര്‍ഥനകള്‍ എല്ലാ വരമ്പുകളിലും
എഴുന്നേറ്റു നടക്കുന്നുണ്ട്.
അവയ്ക്കുമുണ്ട് ഒരു മനുഷ്യനോളം ഉയരം.
അവ അവരെ ശ്രദ്ധിച്ചതേയില്ല.
പൂവന്‍‌കോഴിയുടെ കൂവല്‍ ഒരു തോട്ടിറമ്പിലിരുന്നു
കെമ്പന്റെ മകന്‍ അതിന്റെ മുന്നില്‍
കുന്തിച്ചിരുന്നു.
അതു പറഞ്ഞു:
കെമ്പന്റെ മകനേ
നീയെന്നെ ആദ്യമായാണ് കാണുന്നത്
ഇതുപോലൊരു രാത്രിയിലാണ്
നിന്റച്ഛനും എന്നെ ആദ്യമായി കാണുന്നത്

മണ്ണ് വേരുകളെ ഇറുകെപ്പിടിക്കുന്ന ഒച്ച
മണ്ണിന്നടിയില്‍ നിന്ന് ഞാറുകള്‍ക്കിടയിലേക്ക്
വിരല്‍ നിവര്‍ത്തുന്നുണ്ട്

നിന്റച്ഛന്‍ ഈ കണ്ടത്തിലുണ്ട്
നിന്റച്ഛന്റച്ഛനും ഈ കണ്ടത്തിലുണ്ട്
നിങ്ങള്‍ ഉറങ്ങുമ്പോള്‍ അവര്‍ പൂട്ടുന്നു
വിതയ്ക്കുന്നു കൊയ്യുന്നു
വരമ്പത്തിരുന്ന് ചായ കുടിക്കുന്നു

ദൂരെ രണ്ടു കാലുകള്‍ മാത്രം നടക്കുന്നത്
കെമ്പന്റെ മകന്‍ കണ്ടു
അയാള്‍ അവിടേക്ക് സൂക്ഷിച്ച് നോക്കിയപ്പോള്‍
ഒരു തൊപ്പിക്കുടയും കണ്ടു
പൂവന്‍‌കോഴിയുടെ കൂവല്‍ അതിനടുത്തുകൂടെ
പോവുന്നതും കണ്ടു
പൊട്ടു പോലെ അത് മറയുന്നതും നോക്കി
അയാള്‍ വരമ്പത്തിരുന്ന് ഉറങ്ങിപ്പോയി
ഉണര്‍ന്നു നോക്കിയപ്പോള്‍
അയാള്‍ ഒരു പാടമായി വിളഞ്ഞുകിടക്കുന്നു

2 അഭിപ്രായങ്ങൾ:

  1. പാടത്തു നിന്ന് ഞാൻ പ്രാർത്ഥനകൾ കേൾക്കുന്നു ! പാടമായി വിളഞ്ഞു കിടക്കുന്നയാളെ കാണുന്നു.

    മറുപടിഇല്ലാതാക്കൂ
  2. നന്നായിട്ടുണ്ട്
    തുടക്കം മുതല്‍ ഒടുക്കം വരെ

    മറുപടിഇല്ലാതാക്കൂ