gfc

ദീർഘചുംബനം

നിനക്കെന്നെ പ്രേമിക്കാനാവാത്തതിനാൽ

മറ്റൊരാളായ് വന്ന് ഞാൻ നിന്നെ

പ്രേമിക്കും

നിനക്ക് എല്ലാ തരത്തിലും 

ഇഷ്ടമാവുന്ന ഒരാളായി

ഞാനെന്നെ മാറ്റിപ്പണിയും.

പണ്ട് നീ നിരസിച്ച പ്രേമാർത്ഥിയെയാണ്

നീ അപ്പോൾ പ്രേമിച്ചുകൊണ്ടിരിക്കുന്നതെന്ന്

നീ ഒരിക്കലും തിരിച്ചറിയില്ല.

വർഷങ്ങളോളം ദൈർഘ്യമുള്ള 

ഒരു ചുംബനത്തിൽ നാം

തേൻ കുടിച്ചു കൊണ്ടിരിക്കും

കാലങ്ങൾ നമുക്കിടയിലൂടെ

കടന്നു പോകും

നമ്മുടെ ശരീരങ്ങൾ

വീർക്കുകയോ മെലിയുകയോ

ഉണങ്ങുകയോ ചുളിയുകയോ ചെയ്യും

നമ്മുടെ മുടി ഓരോന്നോരോന്നായി വെളുത്ത്

ഒരു നാൾ രണ്ട് അപ്പൂപ്പൻ താടികളാവും

ചിലപ്പോൾ അവ ഒന്നൊന്നായി 

നമുക്കു മുൻപേ കൊഴിഞ്ഞു പോകും

നമുക്കു ചുറ്റും മനുഷ്യരും മൃഗങ്ങളും

സസ്യങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുകയും

നശിച്ചു കൊണ്ടിരിക്കുകയും ചെയ്യും

നഗരങ്ങൾ ഗ്രാമങ്ങളാവുകയോ

ഗ്രാമങ്ങൾ നഗരങ്ങളാവുകയോ ചെയ്യും

വനങ്ങൾ മരുഭൂമികളാവാം

കുന്നുകൾ സമതലങ്ങളായേക്കാം

പക്ഷേ നാം ഇരുവർ മാത്രം  ഒരേ ചുംബനത്തിൽ, അതിൻ്റെ ലഹരിയിൽ

വിടാതെ തുടരുകയാവും.

ആദ്യം ആരു മരിക്കുമെന്ന ഭയം

എപ്പോഴെങ്കിലും നമ്മെ പിടികൂടും.

ഒടുവിൽ ഒരു നാൾ

ഞാനോ നീയോ മരിക്കും

രണ്ടിലൊരാൾ മരിക്കുന്നതിനു തൊട്ടുമുൻപ്

ഞാൻ ആ രഹസ്യം പറയും

നീ വേണ്ടെന്നു വെച്ച

ആ ആളായിരുന്നു ഞാനെന്ന്.

അപ്പോൾ കണ്ണുകളടച്ച് കവിളിൽ

ഒരുമ്മ കൂടി നൽകി

'എനിക്കത് നേരത്തേ അറിയാമായിരുന്നു'

എന്ന്  നീ പറയുകയില്ലേ?

ഇല്ലേ?

പ്രേമപ്പനി

 എല്ലാ പിണക്കത്തിൻ്റെയും മൂന്നാം നാൾ

അയാൾക്ക് കൃത്യമായി പനി വരും

അപ്പോഴെല്ലാം അവൾ ഓടി വന്നു

ചുക്കുകാപ്പി ഉണ്ടാക്കിക്കൊടുത്തു

പാരസെറ്റാമോൾ കൊടുത്തു

തുണി നനച്ച് ചൂടൊപ്പിക്കൊടുത്തു

പനി മാറി.

പിണക്കവും മാറി


എല്ലാ തവണയും എന്താണിങ്ങനെ?

വെറുതെയിരുന്നപ്പോൾ അവൾ ആലോചിച്ചു.

അയാൾ ഒരു വെണ്ണക്കട്ടിയാണ്.

അവളില്ലാതെ അയാൾക്ക്

ജീവിക്കുവാൻ വയ്യ

സൂര്യവെളിച്ചത്തിലേക്ക് ഇറങ്ങിയാൽ

അലിഞ്ഞു പോയേക്കാവുന്ന ഒരു ജന്തു

അവൾക്കു ചിരി വന്നു, പ്രേമവും


ആണുങ്ങളോളം ദുർബലരായ

ജനവിഭാഗം ഭൂമിയിലില്ല.

ആരോടും ഇതു പറയുകയില്ലെങ്കിലും

അവൾ ഉറപ്പിച്ചു. 

അവൾക്കത്

നല്ല ആത്മവിശ്വാസവും നൽകി.

അവളിപ്പോൾ കൂടുതൽ സുന്ദരിയായി.

അവൾ ഒരു പാട്ടു പാടി

ഒന്നുകൂടി പിണങ്ങുവാൻ

എന്താണൊരു വഴി എന്നവൾ

ആലോചിച്ചു.

ആ മൂന്നാം നാളിലെ പനിയോടാണ്

അവൾക്കിപ്പോൾ പ്രേമം.

അവൾമുഖപ്പൂക്കൾ


അവളുടെ മുഖം മാത്രം മുന്നിൽ

അവളുടെ മുഖം -ഒരു പൂവിതൾ.

അത് തിരിഞ്ഞ് തിരിഞ്ഞ് 

അഞ്ചിതളുകൾ നേടുന്നു.

 പൂവായി മാറുന്നു. 

എൻറെ മുറിയിൽ നോക്കുന്നിടത്തെല്ലാം

അവളുടെ മുഖം -ഒരു പൂവിതൾ.

ഒരു നിമിഷപ്പാതിക്കുശേഷം 

കറങ്ങിക്കറങ്ങി പൂക്കളായിത്തീരുന്നു. എൻറെ മുറി ഒരു പൂന്തോട്ടമാവുന്നു;

അവളുടെ മുഖം കൊണ്ടുണ്ടാക്കിയ അനേകം പൂക്കളുടെ പൂന്തോട്ടം.

ഞാനതിൽ പാറി നടക്കുന്ന 

ഒരേയൊരു ശലഭം.

അടഞ്ഞുകിടക്കുന്ന ഈ മുറി 

സുഗന്ധം നിറഞ്ഞുനിറഞ്ഞ് 

ഇപ്പോൾ പൊട്ടിത്തെറിക്കും.

പ്രേമപ്രഖ്യാപനം

രണ്ടുപേർ പ്രേമത്തിലേക്ക് 

മതം മാറാൻ തീരുമാനിക്കുന്നു

മഴവില്ലുകൾ കൊണ്ട് തീർത്ത 

നീണ്ട മേലുടുപ്പുകൾ അണിയാൻ തീരുമാനിക്കുന്നു

പരസ്പരം ചിറകുകൾ മുളപ്പിക്കാൻ തീരുമാനിക്കുന്നു 

ഹൃദയം പൂക്കൂടയാക്കാൻ തീരുമാനിക്കുന്നു 

മിണ്ടുന്നതും മിണ്ടാത്തതുമായ നേരങ്ങളെ സംഗീതമാക്കാൻ തീരുമാനിക്കുന്നു രണ്ടുപേർ ചില്ലുശരീരികളായി

പുണരാൻ തീരുമാനിക്കുന്നു കാൽവിരലുകൾക്കകത്ത് വേരിറക്കി

ഉടലിനകത്ത് തലച്ചോറ് വരെ നിൽക്കുന്ന ഒരു പൂമരത്തെ,

അതിൻറെ ശാന്തതയെ,

തലച്ചോറിൽ ഇളകിക്കൊണ്ടിരിക്കുന്ന അതിന്റെ പുഷ്പസമൃദ്ധിയെ,

കണ്ണിലൂടെയും മൂക്കിലൂടെയും ചെവിയിലൂടെയും വരുന്ന അതിൻറെ സുഗന്ധത്തെ

 കൊണ്ടുനടക്കാൻ തീരുമാനിക്കുന്നു.

തലച്ചോറിനെ പറവകൾ പറന്നു തീരാത്ത

ആകാശനീലിമയാക്കാൻ തീരുമാനിക്കുന്നു. 

ഒരു ഹൃദയത്തിനകത്ത് മറ്റൊരു ഹൃദയം

ഇട്ടുവെക്കാൻ തീരുമാനിക്കുന്നു 


രണ്ടുപേർ 

രണ്ടുപേർ മാത്രം കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന്

ഒരു വിമാനം തട്ടിയെടുത്ത് പറന്നു പോകാൻ തീരുമാനിക്കുന്നു 

സിസി ക്യാമറകളുടെയും സെക്യൂരിറ്റി വിഭാഗത്തിന്റെയും 

കണ്ണുവെട്ടിച്ച് 

തട്ടിയെടുത്ത വിമാനത്തിലിരുന്ന്

താഴെയുള്ള ആൾക്കൂട്ടത്തിന് 

പറക്കുന്ന ഉമ്മകളും റ്റാറ്റകളും നൽകാൻ തീരുമാനിക്കുന്നു 

യന്ത്രത്തോക്കുകൾ വർഷിക്കുന്ന

വെടിയുണ്ടകൾക്കിടയിലൂടെ കൈപിടിച്ച് പുഞ്ചിരിച്ച് ലോകത്തെ ഇളിഭ്യരാക്കി

നടക്കാൻ തീരുമാനിക്കുന്നു. 


ലോകത്തെ രണ്ടേ രണ്ട് പിടികിട്ടാപ്പുള്ളികളാവാൻ 

രണ്ടേ രണ്ട് ഗൂഢാലോചനക്കാരാവാൻ ലോകത്തിനെതിരെയുള്ള 

മറ്റൊരു ലോകത്തിൻറെ സംസ്ഥാപകരാവാൻ തീരുമാനിക്കുന്നു 


രണ്ടുപേർ പ്രേമിക്കുമ്പോൾ 

പൂക്കൾ കൊണ്ടും മഴവില്ലുകൾ കൊണ്ടും 

ലോകത്തോട് ഒരു യുദ്ധം പ്രഖ്യാപിക്കുന്നു

കാമുകിയെക്കുറിച്ചുള്ള സ്വപ്നത്തിൽ

 സ്നേഹിക്കുന്നവരെ ചതിക്കുകയും

ചതിക്കുന്നവരെ സ്നേഹിക്കുകയും

ചെയ്യുന്നവളേ,

ഇന്നലെ രാത്രി നിന്നെ സ്വപ്നം കണ്ടു.

നീ എൻ്റെ അയൽപക്കത്ത് താമസിക്കുകയായിരുന്നു.

എനിക്ക് നിന്നോടുള്ള കാമത്തിന്

കുറവൊന്നുമുണ്ടായിരുന്നില്ല.

എങ്കിലും ഒരു രഹസ്യവും പുറത്തു വിടാത്ത

പർവതം തന്നെയായിരുന്നു

സ്വപ്നത്തിലും ഞാൻ .


എന്നെ കാണിക്കുവാൻ വേണ്ടി

നീ അപരിചിതരെ ചുംബിച്ചു.

അവരുമായി രതി ചെയ്തു.

എൻ്റെ വിഷാദ മൂക പ്രണയത്തെ

നീ നിൻ്റെ അവഗണനയാൽ

പരിഗണിക്കുകയും 

വർദ്ധിപ്പിക്കുകയും ചെയ്തു.


എൻ്റെ ഓമനേ,

എത്ര കണ്ണുനീർ ഒഴുക്കിയിലാണ്

നീ എന്നിൽ നിന്ന് ഇല്ലാതാവുക?

സ്വപ്നത്തിൽപ്പോലും ശമിപ്പിക്കാതെ

എന്നെ നിത്യമായി

വേദനിപ്പിക്കുന്നവളേ,

പരസ്പരം തൊടാതെ

നമ്മൾ ഒരേ പായയിൽ

കിടക്കുകയായിരുന്നു

രാത്രിയായിരുന്നു

ഉറങ്ങാൻ വേണ്ടിയുള്ള

കിടപ്പായിരുന്നു.

നമ്മോടൊപ്പം

ആരെല്ലാമോ ആ മുറിയിൽ

കിടപ്പുണ്ടായിരുന്നു

ആ വീടിൻ്റെ

പരിസരത്തെവിടെയോ 

ഒരു പുഴ ഒഴുകുന്നുണ്ടാവണം.

നിൻ്റെ ഭർത്താവ്

അവിടേക്ക് പോയിട്ട് എത്ര നേരമായി!

അസൂയക്കാരിയും 

സൂത്രക്കാരിയുമായ

നിൻ്റെ അയൽക്കാരി

നിന്നെ രഹസ്യമായി നിരീക്ഷിക്കുന്നു

നിൻ്റെ ഭർതൃമാതാവിന്

ചോദിച്ചറിയാനുള്ള വിവരങ്ങൾ

സംഭരിക്കുകയാണവൾ.


പ്രിയേ,

പ്രണയത്തിൻ്റെ വിവിധ മാതൃകകൾ 

പണിത്

നിത്യവും തട്ടിയുടയ്ക്കുന്നവളേ

നീ ഉറങ്ങുകയല്ല

നീ ആലോചിക്കുകയാണ്.

ദൈവവും നീയും

ഒരേ വിധം സമാധാനമില്ലാത്തവർ


ദൈവം തൻ്റെ സൃഷ്ടികളിൽ വരുത്തേണ്ട

നവീനതകളെക്കുറിച്ച്,

നീ കാമുകരെ കഷ്ടപ്പെടുത്തുന്ന

പ്രണയത്തിൻ്റെ പുതിയ പദ്ധതികളെക്കുറിച്ച്.

നിത്യമായി വിഭാവനം ചെയ്യുന്നു.

ദൈവതുല്യയാണ് നീ

പ്രണയത്തിൻ്റെ മനുഷ്യദൈവം.


നീ എന്നെ നോക്കുന്നേയില്ല

ലോകം മുഴുവൻ ഞാൻ എന്നെ തിരഞ്ഞു.

നിൻ്റെ മനസ്സിനകത്തെവിടെയോ

ഞാനുണ്ടെന്ന തോന്നൽ,

എന്നാൽ അത് ഉറപ്പിക്കാൻ പറ്റായ്ക

നിൻ്റെ അസൂയക്കാരിയായ അയൽക്കാരിയേക്കാളും

എന്നെ നീചനാക്കുന്നു.

ഇനിയും സമയമുണ്ട്.

നിൻ്റെ ഭർത്താവ് തിരിച്ചു വന്നിട്ടില്ല.

നിൻ്റെ ഭർത്താവ്,

നിൻ്റെ കുഞ്ഞിൻ്റെ അച്ഛൻ

നിൻ്റെ ശരീരത്തിൻ്റെ ഉടമയെണ്

നീ തെറ്റിദ്ധരിപ്പിക്കുന്നൊരാൾ 

അത്ര മാത്രം.

ലോകത്തെ അനേകം കാര്യങ്ങളിൽ

അപ്രധാനമായ ഒന്നു മാത്രമാണ്

അയാൾക്ക് നീ.

ഒരു കാമുകനോ ? നീ വിലപിടിച്ച രത്നം ...

പല വിധത്തിൽ മോഷ്ടിക്കാൻ ശ്രമിച്ച് 

പരാജയപ്പെട്ട,

ഏറ്റവും നിപുണനായ മോഷ്ടാവിനെയും 

അപകീർത്തിപ്പെടുത്തുന്ന...


എല്ലാം ശരിയാണ്.

എങ്കിലും ഇങ്ങനെ വാഴ്ത്തുന്നത് എന്തിനാണ്.

പരാജിതൻ്റെ കണ്ണീരല്ലാതെ മറ്റെന്താണിത്?


നീ എന്താണ് കണ്ണു തുറക്കാത്തത്?

ഞാനും കണ്ണു തുറക്കുന്നില്ലല്ലോ

ഈ വീട് മേഘങ്ങൾക്കിടയിലെവിടെയോ

കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ദ്വീപോ ?

പ്രിയേ, നാം മരിച്ചുപോയിരിക്കുമോ?

നിൻ്റെ ഭർത്താവ് ഇനി ഒരിക്കലും

തിരിച്ചു വരില്ലയോ?

എങ്കിലും നിൻ്റെ അയൽക്കാരി

ഇപ്പോഴും നമ്മെ നിരീക്ഷിക്കുന്നുണ്ട്.

മരിച്ചിരിക്കാം,

എങ്കിലും നമ്മളിങ്ങനെ

ഒരേ പായയിൽ അടുത്തടുത്ത്

കിടക്കുന്നത് എന്തിനാണ്?

എനിക്ക് കണ്ണീർ പൊട്ടുന്നല്ലോ

എനിക്ക് എഴുന്നേൽക്കാനോ

നിന്നെ ചുംബിക്കാനോ കഴിയുന്നില്ലല്ലോ

ഒരു ബസ്സിലെ യാത്രക്കാർ നാടകം കളിക്കുന്നു

 


🎭


'ബസ്സിൽ ഒരു പാമ്പ് '

ഓടുന്ന ബസ്സിനുള്ളിൽ

ഒരുവൾ വിളിച്ചു പറഞ്ഞു.

എല്ലാവരും അതു കേട്ട്

അവളെ നോക്കി ഒരുമിച്ചു

ചോദിച്ചു:

'ബസ്സിൽ ഒരു പാമ്പോ?'

അവൾ അവരെ നോക്കിപ്പറഞ്ഞു:

'അതെ ഒരു പാമ്പ് '

അതു കേട്ട് എല്ലാവരും

ഇരുന്ന സീറ്റിൽ നിന്ന്

രണ്ടടി അവളുടെ അടുത്തേക്ക് ചാടി

 പഴയ അമേച്വർ നാടകത്തിലേതുപോലെ

ഒരുമിച്ചു ചോദിച്ചു:

'എവിടെ എവിടെ '

ബസ്സ് സഡൻ ബ്രേക്കിട്ട് നിർത്തി

ഡ്രൈവറും കണ്ടക്ടറും 

പാഞ്ഞു വന്നു

അവരും ചോദിച്ചു :

'എവിടെ ?എവിടെ? '

അതു കേട്ട്

യാത്രക്കാരെല്ലാം 

നിന്ന നിൽപ്പിൽ നിന്ന്

അവളുടെ അടുത്തേക്ക്

രണ്ടടി കൂടി ചാടി

ആ ചോദ്യം ആവർത്തിച്ചു:

'എവിടെ? എവിടെ? '

'ദാ ഇവിടെ ഉണ്ടായിരുന്നു

ഇപ്പോൾ കാണാനില്ല'

അവൾ പറഞ്ഞു

യാത്രക്കാരെല്ലാം 

ഒരേ സ്വരത്തിൽ

അത് ഏറ്റു പറഞ്ഞു:

'ദാ ഇവിടെ ഉണ്ടായിരുന്നു

ഇപ്പോൾ കാണാനില്ല' .

എന്നിട്ട് എല്ലാവരും

പൊട്ടിച്ചിരിച്ചു

എല്ലാവരും എല്ലാ സീറ്റിനടിയിലും തപ്പി

എവിടെയും കാണാനില്ല

ഡ്രൈവറും കണ്ടക്ടറും 

നിരാശരായി മടങ്ങി

യാത്രക്കാരെല്ലാം 

പഴയ സ്ഥാനങ്ങളിൽ

പോയി ഇരുന്നു

ഡ്രൈവർ വീണ്ടും 

വണ്ടി സ്റ്റാർട്ട് ചെയ്തു.

അയാൾ പറഞ്ഞു:

'ആ പാമ്പ്

ആരുടെ കാലിൻ്റെടേലേക്കാണ്

പോയത്?' 

യാത്രക്കാരെല്ലാം ഒരു കോറസായി

ആ ചോദ്യം ആവർത്തിച്ചു:

'ആ പാമ്പ്

ആരുടെ കാലിൻ്റെടേലേക്കാണ്

പോയത്?'

പാമ്പ് മിണ്ടിയില്ല.

എല്ലാവർക്കും

അവരുടെ കാലിൻറിടയിൽ

ഒരു അനക്കം തോന്നിച്ചു

പക്ഷേ ,സംഗതി

ആരും പുറത്തു പറഞ്ഞില്ല.

അടുത്തിരിക്കുന്ന ആൾക്ക്

ഇത് മനസ്സിലായിട്ടുണ്ടോ

എന്ന ഒരു കള്ളനോട്ടം 

മാത്രം നോക്കി.

നോട്ടങ്ങളിടയുമ്പോൾ 

അവരിലൊരാൾ ചോദിച്ചു :

'ആ പാമ്പ്

ആരുടെ കാലിൻ്റെടേലേക്കാണ്

പോയത്?'

അതു കേൾക്കെ  മറ്റേയാൾ

ഇങ്ങനെ മറുപടി പറയും :

'ആ.....?'

നിശബ്ദതയെ നിങ്ങൾ ഇന്ന് എന്ത് ചെയ്യും ?

 

🐾


നിശബ്ദതയെ ഞാൻ ഇന്ന് മുറിച്ചു മുറിച്ചു തിന്നും 

എൻറെ നിരാശയിലിട്ട് ഞാൻ 

മുക്കിമുക്കിത്തിന്നും 

ആരും എന്നോട് ചോദിക്കാൻ വരില്ല

ലോകം നമ്മളോട് നിശബ്ദമായിരിക്കും പോലെ 

നാം ലോകത്തോടും ചിലപ്പോഴൊക്കെ നിശബ്ദമായിരിക്കും. 

ആരാണ് ആദ്യം സംസാരിച്ചു തുടങ്ങുക എന്ന ഒരു അഹം ഇടയ്ക്കൊക്കെ 

ആർക്കാണ് ഉണ്ടാവാത്തത്?

എപ്പോഴും 

അങ്ങോട്ട് മാത്രം വിളിക്കുന്ന 

ഒരു കാമുകൻ്റെ 

ആത്മനിന്ദയോടെയുള്ള കാത്തിരിപ്പാണത് 


ഒരുതവണയെങ്കിലും ലോകം ആദ്യം എന്നോട് സംസാരിച്ചു തുടങ്ങട്ടെ  എന്നുള്ള കാത്തിരിപ്പ് 

നഗരത്തിലെ കടവരാന്തയിൽ കാത്തിരിക്കുന്ന 

ഒരു തെരുവ് ബാലന്റെ കാത്തിരിപ്പ് പോലെയാണത് 

ലോകം പല ദിശകളിൽ സഞ്ചരിക്കുന്നുണ്ടെങ്കിലും 

ഒരിക്കലും അത് അവനിലേക്ക് വന്നു ചേരുന്നില്ല 


അതുകൊണ്ടാണ് സുഹൃത്തുക്കളേ,

നിശബ്ദത എന്നെ കൊന്നു തിന്നുന്നതിനു മുൻപ്

ഞാൻ അതിനെ കൊന്ന് 

കറിവെച്ച് കഴിക്കാൻ പോകുന്നത്


പെട്ടെന്നൊരു ദിവസം ലോകം മിണ്ടാതിരിക്കുന്നത് മനപ്പൂർവമാണ്

അതിന് കൃത്യമായ പദ്ധതികൾ ഉണ്ട് 

ഇര മാത്രം അറിയാത്ത 

ഒരു ആസൂത്രണത്തിന്റെ

നിർവഹണത്തിന് മുൻപുള്ള മൗനമാണത്

ഹാംഗർ

  


നക്ഷത്രങ്ങൾക്കിടയിൽ 

മേഘങ്ങളിൽ കുരുക്കിയിട്ട 

ഹാംഗറുകളിൽ 

നനഞ്ഞ നാലഞ്ച് ഷർട്ടുകൾ 

കാറ്റിലാടുന്നു.

കിഴക്കോട്ട് കാറ്റ് വരുമ്പോൾ 

എല്ലാ ഷർട്ടുകളും കിഴക്കോട്ട് വളയുന്നു.

പടിഞ്ഞാട്ട് കാറ്റ് വരുമ്പോൾ 

പടിഞ്ഞാട്ട് വളയുന്നു.

അവിടെ കിടക്ക് എന്ന് ഹാംഗറുകൾ പറയുന്നു.

കൂട്ടിയിട്ട് കത്തിച്ച പുകവള്ളികളിൽ ചവിട്ടി

മേഘങ്ങളിലേക്ക് കയറിപ്പോകുന്നുണ്ട്

അനായാസം ഒരുവൾ .

കുടുക്കുകൾ ഇടാത്തതും 

നനഞ്ഞതുമായ ഷർട്ടുകൾ 

മരണത്തിന്റെ രൂപകങ്ങൾ എന്ന്

ഭൂമിയിലെ മലകൾ മുകളിലേക്ക് നോക്കി പറയുന്നു.

മഞ്ഞിൽ കാണുന്ന 

പതിന്നാല് കൂർമ്പൻ മരങ്ങൾ അങ്ങനെയല്ല;

കൂർമ്പൻ തൊപ്പികൾ വച്ച 

പതിന്നാല് കാമുകരാണ്.

അവൾ താഴെയിറങ്ങിവന്നിട്ട് വേണം

മഞ്ഞുപാളികളിലൂടെ  വഴുതിയിറങ്ങി നൃത്തം ചെയ്യുവാൻ...


പക്ഷേ ഈ രാത്രി പെട്ടെന്ന് കാണാതാകുന്നു 

ആരോ അതിനെ മോഷ്ടിച്ചു കൊണ്ടു പോയിരിക്കുന്നു 

ആകാശത്ത് ആ നാല് ഷർട്ടുകളിൽ ഒരെണ്ണം മാത്രം 

ഒരു പ്രേത സിനിമയിൽ എന്നപോലെ തൂങ്ങിക്കിടക്കുന്നു 

അത് വലുതായി വലുതായി വരുന്നു

ലോകത്തിനു പുറത്താവുന്ന ഭൂഖണ്ഡങ്ങളെക്കുറിച്ച്

 

🌑


ലോകം ചിലപ്പോഴൊക്കെ നിലയ്ക്കുന്നുണ്ട്.


പ്രോഗ്രാം എറർ കാരണം 

അറ്റകുറ്റപ്പണികൾക്കായ്

നിറുത്തിവെച്ചതാണെന്നാണ് അവൾ പറഞ്ഞത്.

അങ്ങനെയൊരു സന്ദർഭത്തിലല്ലാതെ 

ഞങ്ങളുടെ കൂടിക്കാഴ്ച്ച അസാധ്യമായിരുന്നു.

ലോകം നിലച്ചു.

ഞാനും അവളും മാത്രം ലോകത്തിനു പുറത്തായിരുന്നു.

ആരാണ് സ്റ്റാച്യൂ എന്ന് പറഞ്ഞതെന്നറിയില്ല.

നിന്ന നിൽപ്പിൽ പ്രതിമകളായിപ്പോയവരുടെ

നഗരത്തിലൂടെ ആധി പിടിച്ച് നടക്കുമ്പോഴാണ്

നിലച്ച വാഹനങ്ങൾക്കിടയിലൂടെ

ചലിക്കുന്ന ഒരേയൊരു അപരജീവനായി

അവൾ എനിക്കു മുന്നിൽ വന്നുപെട്ടത്.

ആദ്യമായി കാണുന്ന രണ്ടു മനുഷ്യർ പരസ്പരം നോക്കി

ഇത് എന്തൊരത്ഭുതമാണ് എന്ന്

ഒരേ സ്വരത്തിൽ അപരനെക്കുറിച്ച് 

പറഞ്ഞ ആദ്യത്തെ 

ചരിത്ര സന്ദർഭം ഇതായിരിക്കാം.

ചരിത്രം ഈ സന്ദർഭത്തെ പരിഗണിക്കാനിടയില്ലെങ്കിലും.

കൂടുതലൊന്നും പറയേണ്ടി വന്നില്ല.

പരസ്പരം എല്ലാം വിനിമയം ചെയ്യപ്പെട്ടതു പോലെ

ഞങ്ങൾ കൈകൾ ചേർത്തു പിടിച്ച്

കടൽക്കരയിലേക്ക് നടന്നു

ആകാശത്ത്  പറക്കുന്നതിനിടയിൽ 

ഉറച്ചു പോയ പക്ഷികൾ ,മേഘങ്ങൾ

ദൂരെ ഉറഞ്ഞ കടൽ

വന്ന വരവിൽ ഉറച്ചു പോയ തിരമാല

ഒരു നിമിഷം കൂടി ലോകം ചലിച്ചിരുന്നെങ്കിൽ

പരുന്തുവായിലകപ്പെടേണ്ടിയിരുന്ന 

മത്സ്യവ്യം അതിൻ്റെ

തൊട്ടുമുന്നിൽ കൊക്കു പിളർത്തി നിൽക്കുന്ന പരുന്തും.

ആരുടെ കയ്യിലാണ് 

ഈ ചലച്ചിത്രത്തിൻ്റെ റിമോട്ട് .

ഞങ്ങൾ നഗരത്തിലേക്ക് 

തിരിച്ചു നടന്നു.

പാതയിൽ ഉറച്ചു പോയ 

മനുഷ്യരുടെ പോക്കറ്റിൽ കയ്യിട്ട്

വാലറ്റുകൾ എടുത്തു

അവരെ ഇക്കിളിയാക്കി

ഉമ്മ വെച്ചു നോക്കി

ഉടുപ്പുകളഴിച്ച് നഗ്നരാക്കി

ലൈംഗികാവയവങ്ങളിൽ പിടിച്ചു.

ആരും അനങ്ങിയതേയില്ല.

ഉറച്ച വാഹനങ്ങൾ 

ഉപയോഗശൂന്യമായിരുന്നു.

നിശ്ചലരായ മനുഷ്യർക്കിടയിൽ

നടുറോഡിൽക്കിടന്ന്

ഞങ്ങൾ ഉറച്ച ആകാശത്തെ നോക്കി.

വിരസതയും നിശ്ശബ്ദതയും

കൂടിക്കൂടി വന്നു.

ആകെയുള്ള വിനോദം

അതു മാത്രമാണെന്ന് 

ഞങ്ങൾക്ക് മനസ്സിലായി.

നമ്മൾ പരസ്പരം

കണ്ടു പിടിക്കാത്ത 

രണ്ടു ഭൂഖണ്ഡങ്ങളാണ്

അവൾ പറഞ്ഞു.

നീ വാസ്കോ ഡി ഗാമ

ഞാൻ വെസ്പുച്ചി

നീ എന്നിലേക്കും

ഞാൻ നിന്നിലേക്കും

കപ്പലോടിക്കാൻ പോകുന്നു.

അനങ്ങാതെ നിൽക്കുന്ന

മനുഷ്യക്കാലുകൾക്കിടയിൽ കിടന്ന്

ഞങ്ങൾ 

രണ്ടു ഭൂഖണ്ഡങ്ങളിലെ

അഗ്നിപർവ്വതങ്ങളും

തടാകങ്ങളും കണ്ടുപിടിച്ചു

എൻ്റെ നാവ് നീണ്ടുനീണ്ട്

അവളുടെ ഉൾവനങ്ങളിലേക്കും

അവളുടെ നാവ് നീണ്ടുനീണ്ട്

എൻ്റെ ഉൾവനങ്ങളിലേക്കും

രണ്ട് എൻഡോസ്കോപിക് 

ഉപകരണങ്ങൾ പോലെ

കടന്നുചെന്നു

അവളുടെ പർവതങ്ങൾ

പുകഞ്ഞു പൊട്ടി 

ലാവയൊഴുകി.

നിശ്ചലമായ കാലത്തിൽ

ഞങ്ങൾ തണുത്തു കിടന്നു.

ആ കിടപ്പിൽ

ഞങ്ങൾ ഗ്രാമത്തിലെ 

ഏതോ വീട്ടിൽ കടന്നു ചെല്ലുന്നതും

ഭക്ഷണം കഴിക്കുന്നതും

പ്രതിമപ്പെട്ട വീട്ടുകാരെയും 

അവരുടെ നായയേയും

കോഴികളേയും കണ്ട്

ചിരിക്കുന്നതും സ്വപ്നം കണ്ടു.

പൊടുന്നനെ ലോകം വീണ്ടും

ചലിക്കാൻ തുടങ്ങി.

ആളുകൾ ഞങ്ങളെ ചവിട്ടി

തലങ്ങും വിലങ്ങും നടന്നു.

വാഹനങ്ങൾ ഇരമ്പിപ്പാഞ്ഞു.

ഞാനും അവളും

രണ്ടു വശങ്ങളിലേക്ക് 

എഴുന്നേറ്റ് ഓടി.


പിന്നീട് ഒരിക്കലും

ഞാൻ അവളെ കണ്ടിട്ടില്ല.

ലോകം വീണ്ടും ഒരു ദിവസം നിലയ്ക്കും.

അന്ന് നിശ്ചലമായ ആൾക്കൂട്ടത്തിനിടയിലൂടെ

അവൾ കടന്നു വരും.

എനിക്ക് ഉറപ്പാണ്.

പ്രപഞ്ചം ഒരു കാമുകനു വേണ്ടി പ്രവർത്തിക്കുന്ന വിധം

 

🌹

പ്രേമത്തിലേക്ക് തിരിച്ചു വരൂ

പ്രേമത്തിലേക്ക് തിരിച്ചു വരൂ എന്ന്

മഞ്ഞും മഴയും വെയിലും നിലാവും അവളോട് മാറിമാറിപ്പറഞ്ഞു 

ജനൽ തുറക്കുമ്പോൾ തല നീട്ടി വന്ന പനിനീർപ്പൂവ് 

പൂക്കളുടെ ഉത്സവം നടത്തുന്നതിനിടെ സുഗന്ധങ്ങളുടെ മെസ്സേജുകൾ (ക്ഷണക്കത്തുകൾ) അയക്കുന്ന കാപ്പിത്തോട്ടം 

നിഗൂഢകാമുകിമാരായി ജനിച്ച് 

ചുവന്ന സാരിയുടെ അറ്റം കടിച്ച്

കാമുകന്മാരെ പാളിനോക്കുന്ന ചെമ്പരത്തികൾ 

സമയം കിട്ടുമ്പോൾ എല്ലാവരും അവളോട് അതുതന്നെ പറഞ്ഞു 


വാട്ട്സപ്പും മെസഞ്ചറും ഇനി തുറക്കുകയില്ലെന്ന് 

അവൾ പ്രതിജ്ഞ എടുത്തിട്ടുണ്ട് 

അവൾ അവളുടെ കാമുകനോട് പിണങ്ങിയിരിക്കുന്നു 

അയാളുടെ നൂറായിരം വിളികളെ

അവളുടെ ഫോൺ തടുത്ത് വച്ചിരിക്കുന്നു


പശുവിന് കൊടുക്കാൻ പിണ്ണാക്ക്

വാങ്ങാൻ പോകുന്ന വഴിയിൽ 

അവളെ കാത്തുകാത്തു നിന്ന വരിക്കപ്ലാവ് അവളോട് പറഞ്ഞു 

നീ അറിഞ്ഞില്ലേ നിൻറെ കാമുകൻ ഇപ്പോൾ ഒരു മരക്കൊമ്പ് നോക്കി നടക്കുകയാണ്.

ട്രാവൽ വ്ളോഗ് നടത്തുന്ന നാകമോഹൻ എന്ന പക്ഷി 

ഞാനും കണ്ടിരുന്നു അയാളെ

ഇതൊന്നും അത്ര ശരിയല്ല എന്ന് 

അവളെ തറപ്പിച്ചു നോക്കുന്നു.

ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന നത്ത് 

ചിറകുകൊണ്ട് ചുണ്ട് ചൊറിഞ്ഞ്

സാക്ഷ്യം പറഞ്ഞു 

ആ ചങ്ങാതി ഉറങ്ങാതെ ഇന്നലെയും കൂടി...


പ്രേമത്തിലേക്ക് തിരിച്ചു വരൂ

പ്രേമത്തിലേക്ക് തിരിച്ചു വരൂ എന്ന്

ലോകം മുഴുവൻ ഒറ്റ ഓർക്കസ്ട്രയായി തിരയടിച്ചു.

പ്രപഞ്ചം മുഴുവൻ ആ കോന്തന്റെ ആളുകളാണോ എന്ന് 

ഒരുവേള അവൾ സംശയിച്ചെങ്കിലും 

ഈ പ്രേമത്തിൽ ഇനി സംശയിക്കാനില്ല എന്ന് 

അവൾ ഉറപ്പിച്ചു. 

അവൾ അവളുടെ മൊബൈൽ ഫോൺ

കാലങ്ങൾക്ക് ശേഷം തുറന്നു 

അതിലെ വാട്സാപ്പിൽ നിന്നും

മെസഞ്ചറിൽ നിന്നും പുറത്തേക്ക് ഒഴുകിവന്നു 

പതിനായിരക്കണക്കിന് 

ചുവന്ന ഹൃദയങ്ങൾ ചിത്രശലഭങ്ങൾ

ചുംബനക്കൊതിയുള്ള ചുണ്ടുകൾ

പക്ഷികൾ നക്ഷത്രങ്ങൾ പൂവുകൾ മഴവില്ലുകൾ നാനാജാതി സ്മൈലികൾ...

അതൊരു നദിയായിരുന്നു 

ആ നദിയിൽ അവൾ ഒലിച്ചുപോയി;

അവളുടെ പഴയ കാമുകൻറെ അടുത്തേക്ക്.

അപ്പോൾ,

ഇനി മിടിക്കാമല്ലോ എന്നു പറഞ്ഞ് ലോകത്തെ ഘടികാരങ്ങളെല്ലാം

പ്രേമം പ്രേമം എന്ന് 

പഴയതുപോലെ വീണ്ടും മിടിച്ചു തുടങ്ങി

രണ്ടു വാക്കുകൾ

എല്ലാ മനുഷ്യരും ലോകത്തോട് പറയുന്നു 

'എന്നെ സ്നേഹിക്കൂ' എന്ന്.

നിശബ്ദമായി, എന്നാൽ ഉച്ചത്തിലും

ആളുകൾ ജീവിതമുടനീളം 

ഇതുതന്നെ പറയുന്നു.

ആരും കേൾക്കുന്നില്ലെങ്കിലും 

എല്ലാവരും ഇത് ഉരുവിടുന്നു.

ഒരർത്ഥത്തിൽ ,

ഓരോ മനുഷ്യനും 

യാചന നിറഞ്ഞ രണ്ടു വാക്കുകളാണ്.

മനുഷ്യൻ എന്നായിരുന്നില്ല 

'എന്നെ സ്നേഹിക്കൂ' എന്നായിരുന്നു

മനുഷ്യന് ഇടേണ്ടിയിരുന്ന പേര്.


 മനുഷ്യർ 

എഴുതിക്കൂട്ടുന്ന കവിതകൾക്ക് 

നെടുങ്കൻ പ്രഭാഷണങ്ങൾക്ക് ലേഖനങ്ങൾക്ക്,അറുന്നൂറിൽപ്പരം

പുറങ്ങളുള്ള നോവലുകൾക്ക് കഥാസമാഹാരങ്ങൾക്ക് 

ലോകം മുഴുവനുമുള്ള 

ഗ്രന്ഥപ്പുരകളിലെ ഗ്രന്ഥങ്ങൾക്ക്

നൂറ്റാണ്ടുകളോളം കേട്ടാലും 

തീരാത്ത പാട്ടുകൾക്ക് 

കണ്ടുതീരാത്ത സിനിമകൾക്ക്

നാടകങ്ങൾക്ക് 

മറ്റ് എന്ത് അർത്ഥമാണുള്ളത്?

എന്നെ സ്നേഹിക്കൂ

എന്നെ സ്നേഹിക്കൂ എന്ന

പല സ്ഥായികളിലുള്ള

അർത്ഥനകളല്ലേ 

വിലാപങ്ങളല്ലേ അവയെല്ലാം?


നമ്മുടെ സെൽഫികൾ

നമ്മുടെ ഉടുത്തൊരുങ്ങലുകൾ

നമ്മുടെ യാത്രകൾ

യാത്രകളിൽ നമ്മൾ പ്രദർശിപ്പിക്കുന്ന നമ്മുടെ വാഹനങ്ങൾ

നമ്മുടെ സുഗന്ധങ്ങൾ

രുചിയുടെ മാന്ത്രികപ്പെരുമകൾ

നമ്മുടെ നൃത്തച്ചുവടുകൾ

എല്ലാം ആ രണ്ടു വാക്കുകളുടെ 

കള്ളക്കടത്തിന് നാം

തെരഞ്ഞെടുത്ത മാർഗ്ഗങ്ങൾ മാത്രമല്ലേ?


അത്ര ലളിതമായ ഒരു വിനിമയത്തെ

സർഗ്ഗാത്മകത കൊണ്ട്

സങ്കീർണമാക്കിത്തീർക്കുവാനുള്ള

അനഭിലഷണീയവും

അനിയന്ത്രിതവുമായ  ഇച്ഛയുടെ

രക്തസാക്ഷിത്വത്തിൽ നിന്ന്

ചിലപ്പോഴെങ്കിലും

ചിലർ രക്ഷപ്പെടുന്നു.


ചിലരാവട്ടെ

ജീവിതം മുഴുവൻ 

തൊണ്ടക്കുഴിയിൽ

ഈ രണ്ടു വാക്കുകളെ

ഒളിച്ചുവെക്കുന്നു.

മറ്റെല്ലാം പറയുന്നു,

ഇതുമാത്രം

ശബ്ദപ്പെടുത്താതെ പോകുന്നു.

ആരോടും വെളിപ്പെടുത്താതെ 

എന്നാൽ വെളിപ്പെടുത്താൻ അത്യാശയുണ്ടായിരുന്ന 

ആ രണ്ടു വാക്കുകളുമായി

മരിച്ചുപോകുന്നു .


അല്ലെങ്കിലും,

നമ്മുടെ തൊണ്ടക്കുഴിയിൽ കുഴിച്ചിട്ട

ആ രണ്ടു വാക്കുകൾ

ആരും കണ്ടെത്താതെ

ആരും സ്വീകരിക്കാതെ

ജീവിക്കുന്നതിന്

മരിച്ചുകൊണ്ടിരിക്കുക

എന്നു തന്നെയാവില്ലേ  അർത്ഥം?

ശില്പം

 നിൽക്കുന്നവളേ,

അനന്തകാലങ്ങളായി

ഒരേ നിൽപ്പ് നിൽക്കും 

നിൻറെ കാൽച്ചുവട്ടിൽ 

ഒരു വള്ളിച്ചെടിയായി 

ഞാൻ മുളച്ചു. 

നിൻറെ കാലടികളെ മുത്തി 

കാൽത്തണ്ടുകളെ ചുറ്റി 

ഇലകളാൽ പൊതിഞ്ഞ് 

മുകളിലേക്ക് കയറി 

മുട്ടുകളിലും തുടകളിലും ചുംബിച്ച് 

ആവേശത്തോടെ വളർന്നു.

നിതംബത്തിലും യോനിയിലും ചുറ്റിപ്പടർന്ന് മത്തുപിടിച്ച് 

എൻറെ തളിരിലകൾ ആടി 

നിൻറെ അംഗവടിവിനു 

കോട്ടം തട്ടാത്ത വിധം 

വയറും മുലകളും പൊതിഞ്ഞു.

നിന്റെ മുലകൾ 

രഹസ്യമായി തന്ന പാല് കുടിച്ച് 

ഞാൻ പിന്നെയും വളർന്നു 

കഴുത്ത് കടന്ന് ശിരസ്സ് പൊതിഞ്ഞ് 

കാറ്റിൽ പറക്കുന്ന  മുടികളിൽ

നിറയെ സുഗന്ധമുള്ള 

വെളുത്ത പൂവുകൾ നിറച്ചു 

മേഘങ്ങൾ തഴുകിപ്പോകുന്ന 

ആ ഉയരത്തിൽ നിന്ന് 

നീ ആദ്യമായി കണ്ണുതുറന്നു 

ചുണ്ടുകളിൽ ഞാനൊരു തളിരിലയാൽ ചുംബിച്ചു

കാലങ്ങളുടെ കാത്തിരിപ്പ് സഫലമായെന്ന് 

തോന്നിപ്പിച്ച് 

നിൻറെ കണ്ണുകൾ നിറഞ്ഞു


പ്രണയം കുടിച്ച് ഞാൻ കൂടുതൽ പച്ചച്ചു നിൻറെ മുലകളിലും നാഭിയിലും 

വെളുത്ത പൂങ്കുലകൾ  പുറപ്പെടുവിച്ച്

നിന്നെ സുഗന്ധപൂരിതയാക്കി 

രാത്രിയിൽ ആകാശത്തു നിന്ന് 

രണ്ടു നക്ഷത്രങ്ങളെ പറിച്ചെടുത്ത്  

കൈകളിൽ വച്ചുതന്നു. 

നമുക്ക് ചുറ്റുമുള്ള സമതലങ്ങളിൽ

ഇരുട്ടിൽ മയങ്ങിക്കിടക്കുന്ന 

ധാന്യവയലുകളിലേക്ക് 

പ്രണയത്തിന്റെ ഒരു പ്രകാശക്കടൽ 

നിന്റെ കൈകളിൽനിന്നോ 

ചുണ്ടുകളിൽ നിന്നോ 

ഇപ്പോൾ ഇറങ്ങിവന്നു 


നിന്നെ പൊതിഞ്ഞുവെച്ച എന്റെ ഇലകൾ  

ആഹ്ലാദത്തിന് മറ്റൊരു രൂപകമില്ലെന്ന്

രാവു മുഴുവൻ 

കാറ്റത്ത് കിലുകിലാ ചിരിച്ചു

രതി

ഇടുപ്പുകൾ ഘടിപ്പിച്ച് 

എൻ്റെ പങ്കാളി  

മുകളിലിരുന്ന് ആടിക്കൊണ്ടിരിക്കുന്നു.

ഞാൻ ഇപ്പോൾ ഒരു ശവത്തെപ്പോലെ കിടക്കുകയാണ്.

 ഒരു തുള്ളി രേതസ്സ് പോലും വിട്ടുകൊടുക്കാതിരിക്കാൻ 

ശരീരത്തെ ശവമാക്കി 

ഓർമ്മകളുടെ കാട്ടിലേക്ക് 

ഇറങ്ങിപ്പോവുകയാണ്.

അവളിപ്പോൾ എൻറെ ഇടുപ്പിൽ 

ഭ്രമണം ചെയ്യുന്ന ഭൂമി.

സമുദ്രങ്ങൾ ഏന്തുന്ന ഭൂമി.

ഞാൻ,ഫാസ്റ്റ് ഫോർവേഡടിച്ച ഒരു ചലച്ചിത്രം .

കാടുകൾ,കെട്ടിടങ്ങൾ,ആളുകൾ സംഭാഷണങ്ങൾ 

എല്ലാം ഓടിമറയുന്നു.

ഒരു ലാറ്റിനമേരിക്കൻ 

മദ്യ വില്പനശാലയിലോ

ആസ്ട്രേലിയൻ മരുഭൂമിയിലോ

ഒരു കൊറിയൻ തെരുവിലോ 

ഞാൻ മദ്യപിക്കുകയോ സംസാരിക്കുകയോ ചെയ്യുന്നു.

ഞാൻ മരിച്ചു പോകുന്നു. 

ഏതോ പൂന്തോട്ടത്തിൽ 

ഞാൻ മുളച്ചു വരുന്നു.

മാനുകളും ശലഭങ്ങളും പറക്കുന്നു. 

എന്റെ ഇടുപ്പിൽ 

ഒരു വസന്തം ഭ്രമണം ചെയ്യുന്നു.

പരിചിത ശിരസ്സുകളെ അലിയിപ്പിച്ച്

ജലസ്ഫടികത ഒഴുകുന്നു. 

അനേകം മുഖങ്ങളിലൂടെ ഒരു നദി ഒഴുകിപ്പോകുന്നു. 

ആഴങ്ങളും പർവ്വതങ്ങളും 

നമുക്കുള്ളിൽ തന്നെയെന്ന് 

അവൾ എൻറെ ചെവിയിൽ 

പിറുപിറുക്കുന്നുണ്ട്.

എൻ്റെ ഉടൽ ഒരു ഡിൽഡോ;

അവളുടെ ചിറകുകൾ വീണ്ടെടുക്കാനുള്ള മാജിക് ബാറ്റൺ.

കൂടിക്കൂടി വരുന്ന നിന്റെ കിതപ്പ്.

അതിലേക്ക്,അതിൻറെ അഴിഞ്ഞ മുടിയിലേക്ക് 

ഇരുണ്ടുവരുന്ന രാത്രികൾ,

വെള്ളച്ചാട്ടങ്ങൾ, നിഗൂഢശീതളതകൾ,

പായലും പന്നലും പിടിച്ച പാറപ്പുറങ്ങൾ.

നെഞ്ചിൽ, 

അവളുടെ ചുണ്ടുകൾ കണ്ടുപിടിക്കുന്ന എൻറെ മുലക്കണ്ണുകൾ.


ഞാൻ,എന്നെ തടവിലിട്ടിരിക്കുന്ന ശവം.

ഭൂതകാലങ്ങളുടെ ഇരുണ്ട ഗുഹകളിൽ ഞാൻ അന്ധനായി നടക്കുന്നു.

ഗുഹാഭിത്തികളിൽ 

ചേറുപറ്റിയ എൻറെ കൈകൾ ,

ജന്തുക്കൾ ഗുഹകളിൽ പാർപ്പിച്ച ചൂര്.


ഒറ്റ കൊലമഴയിലൂടെ ഭൂപടത്തിലെ

മുഴുവൻ നദികളും നിറഞ്ഞുണരുന്നത് പോലെ,

ഒറ്റ ഇടിമിന്നൽ അനേകം വേരറ്റങ്ങളുമായി സംക്രമിക്കുന്നത് പോലെ 

ഞാൻ ഉണരുന്നു. 

തുറന്നുവെച്ച പുസ്തകം പോലുള്ള അവളുടെ പകുത്ത മുടിയിൽ 

ചുണ്ടുകൾ അമർത്തിവെച്ച് 

ഞാൻ എന്നെ കുതിരയാക്കുന്നു.

രണ്ടു കൈകളിലും വലിച്ചുപിടിച്ചിരിക്കുന്ന 

അവളുടെ മുടികളിലൂന്നി ഞാൻ കുതിക്കുന്നു. 

തുറന്നു വച്ച അവളുടെ പുസ്തകം 

ഞാൻ രണ്ടായി കീറുന്നു 

അതിൻറെ താളുകൾ 

തുമ്പികളോ

വെയിൽ നാളികളോ ആയി 

പറന്നു മങ്ങുന്നു.

മാജിക് മഷ്റൂം

ചാറ്റ് ബോക്സിൽ

ഞാനും അവളും പ്രണയികൾ.

ഞങ്ങൾക്കൊന്ന് തൊടണമെന്നുണ്ട്


ചാറ്റ് ബോക്സിൽ

അവൾ ഒരു വാക്കു വെക്കുന്നു

ഞാനും ഒരു വാക്കു വെക്കുന്നു. 


പൊടുന്നനെ

എൻ്റെയും  അവളുടെയും വാക്കുകൾ

രണ്ടു വിരലുകളായി 

പരിണമിച്ച്

പരസ്പരം തൊടുന്നു.


ഒരു വിരൽ മറ്റേ വിരലിനെ

ആശ്വസിപ്പിക്കുന്നു

സ്നേഹിക്കുന്നു

ചൂടും തണുപ്പും

കൈമാറുന്നു.


ഇൻബോക്സിൽ

വീണ്ടും വീണ്ടും

അവൾവിരലുകൾ

അവയെ അപ്പപ്പോൾ തൊടുന്ന

എൻ്റെ വാക്കുകളുടെ

പ്രണയവിരലുകൾ


എല്ലാ വാക്കുകളെയും

വിരലുകളാക്കുന്ന

മാജിക് മഷ്റൂം

ആരുടെ ഹൃദയത്തിൽ നിന്നാണ്

കണ്ടെടുത്തതെന്ന് മാത്രം

ഞങ്ങൾക്കിപ്പോൾ 

ഓർമ്മയില്ല

രത്നഖനി


☀️

ഇന്നത്തെ പാതിരാവിൽ 

എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ

നീ ഒഴുകിയൊഴുകിവരണം


എൻ്റെ കൂടെ ശയിക്കണം


ഉമ്മകളുടെ ആയിരം റോസാപ്പൂവുകൾ പറിച്ചെടുക്കണം


നിൻ്റെ മാറിടങ്ങൾ തുറന്നിട്ട ,

വെണ്ണിലാവിൽ

അനന്തകാലങ്ങളോളം 

എനിക്ക് ഘനീഭവിച്ചു കിടക്കണം


പെൺകുട്ടികൾ തുടകൾക്കിടയിൽ ഒളിപ്പിച്ചുവെച്ച ആ രത്നം

ഇന്നു രാത്രി ഞാൻ നിന്നിൽ നിന്ന് കണ്ടെത്തും


ഒരു സമയം ഒരു രത്നം മാത്രം കുഴിച്ചെടുക്കാൻ അനുവദിക്കുന്ന

ഒരു രത്നഖനിയാണ് നീയെന്ന്

എന്നോട് നീ വാദിച്ചുകൊണ്ടിരിക്കും


പുലർച്ചയ്ക്ക്, വാടിയ പൂക്കൾക്കിടയിൽ നിന്ന് നിലാവിലേക്ക് ഒരു കാറ്റ് തിരിച്ചു പറക്കും


അതിനു ശേഷം നെഞ്ചിൻകൂട്ടിൽ നിന്ന് 

എൻ്റെ ഒരേയൊരു ഹൃദയം

നഷ്ടപ്പെട്ടതായി ഞാൻ തിരിച്ചറിയും

ലഹരി

 

💋


എനിക്ക് നീ ഒരു പൂന്തോട്ടമാണ്


നിന്നെ കാണുമ്പോൾ ഹൃദയം ഒരു ശലഭം പോലെ ഇളകിപ്പറക്കുന്നു


നിൻ്റെ പൂക്കളിലെല്ലാം അത് തേൻ കുടിച്ച് മയങ്ങുന്നു


ഒരു ആനന്ദക്കാറ്റ് മാത്രം അലയടിക്കുന്നു


ലോകത്തെ ഞാൻ മറന്നു കഴിഞ്ഞു


ജീവിതത്തിന് മരണം എന്നുകൂടി അർത്ഥമുണ്ടെന്ന്

ഈ ലഹരിയുടെ തോട്ടം 

എന്നോട് പറയുന്നു.

❤️

എൻ്റെ ഹൃദയം അതിൻ്റെ ഏറ്റവും അന്തസ്സുറ്റ മരണം തെരഞ്ഞെടുത്തിരിക്കുന്നു

ചാറ്റ് വിൻഡോ ഒരു നദിയാണ്

പ്രണയിക്കുമ്പോൾ

ചാറ്റ് വിൻഡോ ഒരു നദിയാണ് 

പൂക്കളും പഴങ്ങളും ശലഭങ്ങളും

ചുണ്ടുകളും ചുംബനങ്ങളും ഹൃദയങ്ങളും

വാക്കുകളുടെ നിലയ്ക്കാത്ത ജലവും

അതിലൂടെ ഒഴുകിപ്പോകുന്നു.

വികാരങ്ങളുടെ പക്ഷിക്കൂട്ടം

അതിനുമുകളിലൂടെ ഒഴുകിപ്പോകുന്നു.


വിദൂരസ്ഥയായ എൻറെ കാമുകീ,

വാക്കുകളില്ലായിരുന്നെങ്കിൽ 

മനുഷ്യർ എന്ത് ചെയ്യുമായിരുന്നു എന്ന്

ഞാനിപ്പോൾ അത്ഭുതപ്പെടുന്നു


നിന്നിൽ ജീവിക്കുന്ന എന്നെ എനിക്ക് എന്നേക്കാൾ ഇഷ്ടമാണ്.

പരസ്പരമുള്ള ഈ ഇഷ്ടമറിയിക്കാൻ

എത്ര വാക്കുകളുടെ പൂവുകളും

ഫലങ്ങളും ആണ് നാം ഈ നദിയിലേക്ക്

പറിച്ചെറിയുന്നത് !

എത്രതന്നെ പറിച്ചെറിഞ്ഞിട്ടും 

നമുക്ക് മതിയാകുന്നില്ല 

പുതിയ പുതിയ പൂക്കൾക്കും പഴങ്ങൾക്കുമായി 

ചില്ലകളിലേക്ക് നിരന്തരം കയ്യെത്തിച്ചുകൊണ്ടിരിക്കുകയല്ലേ നമ്മൾ.


ഇടയ്ക്കെല്ലാം ഉമ്മകളുടെ കടവിലേക്ക് ഞാൻ തുഴഞ്ഞു പോകുന്നു 

പൂക്കൾ പറിക്കുന്ന മെഴുകുശില്പം പോലെ 

നീ അക്കരെനിൽക്കുന്നു 

അവിടെയുള്ള ഹരിതരാശിയിലാകെ

അനുനിമിഷം ജനിക്കുന്ന പൂക്കളുടെ 

മാലബൾബുകൾ മിന്നുന്നു 

വലിച്ചുകെട്ടിയ നീലാകാശത്ത്

നക്ഷത്രങ്ങൾ മിന്നിത്തുടങ്ങുമ്പോൾ

കൈകൾ കൂട്ടിപ്പിടിച്ച് നഗ്നരായി 

നാം ഈ നദിയിലൂടെ ഒഴുകിപ്പോകുന്നു.