നിനക്കെന്നെ പ്രേമിക്കാനാവാത്തതിനാൽ
മറ്റൊരാളായ് വന്ന് ഞാൻ നിന്നെ
പ്രേമിക്കും
നിനക്ക് എല്ലാ തരത്തിലും
ഇഷ്ടമാവുന്ന ഒരാളായി
ഞാനെന്നെ മാറ്റിപ്പണിയും.
പണ്ട് നീ നിരസിച്ച പ്രേമാർത്ഥിയെയാണ്
നീ അപ്പോൾ പ്രേമിച്ചുകൊണ്ടിരിക്കുന്നതെന്ന്
നീ ഒരിക്കലും തിരിച്ചറിയില്ല.
വർഷങ്ങളോളം ദൈർഘ്യമുള്ള
ഒരു ചുംബനത്തിൽ നാം
തേൻ കുടിച്ചു കൊണ്ടിരിക്കും
കാലങ്ങൾ നമുക്കിടയിലൂടെ
കടന്നു പോകും
നമ്മുടെ ശരീരങ്ങൾ
വീർക്കുകയോ മെലിയുകയോ
ഉണങ്ങുകയോ ചുളിയുകയോ ചെയ്യും
നമ്മുടെ മുടി ഓരോന്നോരോന്നായി വെളുത്ത്
ഒരു നാൾ രണ്ട് അപ്പൂപ്പൻ താടികളാവും
ചിലപ്പോൾ അവ ഒന്നൊന്നായി
നമുക്കു മുൻപേ കൊഴിഞ്ഞു പോകും
നമുക്കു ചുറ്റും മനുഷ്യരും മൃഗങ്ങളും
സസ്യങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുകയും
നശിച്ചു കൊണ്ടിരിക്കുകയും ചെയ്യും
നഗരങ്ങൾ ഗ്രാമങ്ങളാവുകയോ
ഗ്രാമങ്ങൾ നഗരങ്ങളാവുകയോ ചെയ്യും
വനങ്ങൾ മരുഭൂമികളാവാം
കുന്നുകൾ സമതലങ്ങളായേക്കാം
പക്ഷേ നാം ഇരുവർ മാത്രം ഒരേ ചുംബനത്തിൽ, അതിൻ്റെ ലഹരിയിൽ
വിടാതെ തുടരുകയാവും.
ആദ്യം ആരു മരിക്കുമെന്ന ഭയം
എപ്പോഴെങ്കിലും നമ്മെ പിടികൂടും.
ഒടുവിൽ ഒരു നാൾ
ഞാനോ നീയോ മരിക്കും
രണ്ടിലൊരാൾ മരിക്കുന്നതിനു തൊട്ടുമുൻപ്
ഞാൻ ആ രഹസ്യം പറയും
നീ വേണ്ടെന്നു വെച്ച
ആ ആളായിരുന്നു ഞാനെന്ന്.
അപ്പോൾ കണ്ണുകളടച്ച് കവിളിൽ
ഒരുമ്മ കൂടി നൽകി
'എനിക്കത് നേരത്തേ അറിയാമായിരുന്നു'
എന്ന് നീ പറയുകയില്ലേ?
ഇല്ലേ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ