gfc

രണ്ടു വാക്കുകൾ

എല്ലാ മനുഷ്യരും ലോകത്തോട് പറയുന്നു 

'എന്നെ സ്നേഹിക്കൂ' എന്ന്.

നിശബ്ദമായി, എന്നാൽ ഉച്ചത്തിലും

ആളുകൾ ജീവിതമുടനീളം 

ഇതുതന്നെ പറയുന്നു.

ആരും കേൾക്കുന്നില്ലെങ്കിലും 

എല്ലാവരും ഇത് ഉരുവിടുന്നു.

ഒരർത്ഥത്തിൽ ,

ഓരോ മനുഷ്യനും 

യാചന നിറഞ്ഞ രണ്ടു വാക്കുകളാണ്.

മനുഷ്യൻ എന്നായിരുന്നില്ല 

'എന്നെ സ്നേഹിക്കൂ' എന്നായിരുന്നു

മനുഷ്യന് ഇടേണ്ടിയിരുന്ന പേര്.


 മനുഷ്യർ 

എഴുതിക്കൂട്ടുന്ന കവിതകൾക്ക് 

നെടുങ്കൻ പ്രഭാഷണങ്ങൾക്ക് ലേഖനങ്ങൾക്ക്,അറുന്നൂറിൽപ്പരം

പുറങ്ങളുള്ള നോവലുകൾക്ക് കഥാസമാഹാരങ്ങൾക്ക് 

ലോകം മുഴുവനുമുള്ള 

ഗ്രന്ഥപ്പുരകളിലെ ഗ്രന്ഥങ്ങൾക്ക്

നൂറ്റാണ്ടുകളോളം കേട്ടാലും 

തീരാത്ത പാട്ടുകൾക്ക് 

കണ്ടുതീരാത്ത സിനിമകൾക്ക്

നാടകങ്ങൾക്ക് 

മറ്റ് എന്ത് അർത്ഥമാണുള്ളത്?

എന്നെ സ്നേഹിക്കൂ

എന്നെ സ്നേഹിക്കൂ എന്ന

പല സ്ഥായികളിലുള്ള

അർത്ഥനകളല്ലേ 

വിലാപങ്ങളല്ലേ അവയെല്ലാം?


നമ്മുടെ സെൽഫികൾ

നമ്മുടെ ഉടുത്തൊരുങ്ങലുകൾ

നമ്മുടെ യാത്രകൾ

യാത്രകളിൽ നമ്മൾ പ്രദർശിപ്പിക്കുന്ന നമ്മുടെ വാഹനങ്ങൾ

നമ്മുടെ സുഗന്ധങ്ങൾ

രുചിയുടെ മാന്ത്രികപ്പെരുമകൾ

നമ്മുടെ നൃത്തച്ചുവടുകൾ

എല്ലാം ആ രണ്ടു വാക്കുകളുടെ 

കള്ളക്കടത്തിന് നാം

തെരഞ്ഞെടുത്ത മാർഗ്ഗങ്ങൾ മാത്രമല്ലേ?


അത്ര ലളിതമായ ഒരു വിനിമയത്തെ

സർഗ്ഗാത്മകത കൊണ്ട്

സങ്കീർണമാക്കിത്തീർക്കുവാനുള്ള

അനഭിലഷണീയവും

അനിയന്ത്രിതവുമായ  ഇച്ഛയുടെ

രക്തസാക്ഷിത്വത്തിൽ നിന്ന്

ചിലപ്പോഴെങ്കിലും

ചിലർ രക്ഷപ്പെടുന്നു.


ചിലരാവട്ടെ

ജീവിതം മുഴുവൻ 

തൊണ്ടക്കുഴിയിൽ

ഈ രണ്ടു വാക്കുകളെ

ഒളിച്ചുവെക്കുന്നു.

മറ്റെല്ലാം പറയുന്നു,

ഇതുമാത്രം

ശബ്ദപ്പെടുത്താതെ പോകുന്നു.

ആരോടും വെളിപ്പെടുത്താതെ 

എന്നാൽ വെളിപ്പെടുത്താൻ അത്യാശയുണ്ടായിരുന്ന 

ആ രണ്ടു വാക്കുകളുമായി

മരിച്ചുപോകുന്നു .


അല്ലെങ്കിലും,

നമ്മുടെ തൊണ്ടക്കുഴിയിൽ കുഴിച്ചിട്ട

ആ രണ്ടു വാക്കുകൾ

ആരും കണ്ടെത്താതെ

ആരും സ്വീകരിക്കാതെ

ജീവിക്കുന്നതിന്

മരിച്ചുകൊണ്ടിരിക്കുക

എന്നു തന്നെയാവില്ലേ  അർത്ഥം?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ