gfc

വെള്ളിക്കെട്ടന്‍

തച്ചുകൊന്ന ഒരു പാമ്പിനെക്കുറിച്ച്
എപ്പോഴും വിചാരിക്കുകയാല്‍
ഉറക്കം വരികയേയില്ല.
കണ്ണടച്ചാലും എല്ലാ വെളിച്ചങ്ങളും
കെടുത്തിയാലും അതിന്റെ ഓര്‍മ
വെള്ളിക്കെട്ടുകളുമായി ഇഴഞ്ഞു വരും.
അതുകൊണ്ട് ജനാലകള്‍ അടച്ചിടും.
എല്ലാ പഴുതുകളും ഒരു വേവലാതിയാവും.

അത് ചത്തിട്ടില്ലെന്നു തന്നെ ഒരാള്‍
എപ്പോഴും...
അതിന്റെ ഇണ ,അച്ഛന്‍ ,അമ്മ
മക്കള്‍ ഒക്കെ തിരഞ്ഞു വരുമെന്ന്
ഒരാള്‍ ...
ഇവരൊക്കെ ഉണര്‍ന്നിരിക്കയാല്‍
ഉറങ്ങുവാനാവുന്നില്ല;
ഒരു പാമ്പിനെ തച്ചു കൊന്ന
എനിക്ക്...

ചത്തുപോയ ഒരു ജീവന്‍
ചാവാത്ത ഒരു ജീവനു നേരെ
ഇങ്ങനെ എപ്പോഴും ഉണര്‍ന്നിരിക്കുമ്പോള്‍
എങ്ങനെയാണ് ഉറങ്ങുക....

ഞാന്‍ ഉറക്കത്തില്‍ കവിതയെഴുതുകയാണ്.

ഞാന്‍ ഉറക്കത്തില്‍
കവിതയെഴുതുകയാണ്.
ഉറക്കത്തെ ഉണര്‍ത്തിക്കിടത്തി
ഒരമ്മ ഇരുട്ടു വായിക്കുകയാണ്.
പൂമുഖത്തെ വെളിച്ചം പുതച്ച്
മുല്ലവള്ളികള്‍ മഞ്ഞത്തിരുന്ന്
കഥാപ്രസംഗം കേള്‍ക്കുകയാണ്.
(അവര്‍ക്കു മാത്രമേ കേള്‍ക്കൂ...)



ഞാന്‍ ഉറക്കത്തില്‍
കവിതയെഴുതുകയാണ്.
ഒരുറക്കം ഭ്രമിച്ചു ഭ്രമിച്ച്
എന്റടുത്തേക്കു വരുന്നതും
പൂവിതളില്‍ വീണ്
ഇറ്റിച്ചാടുന്ന വെയിലുപോലെ
പരക്കുന്നതും
അതിലേക്ക് നോക്കി നോക്കി
എനിക്ക് തല ചുറ്റുന്നതും
തൈവാഴകളും തെങ്ങുകളും
നിശ്ശബ്ദരായി നിന്നതും
ഒരാകാശം ഒക്കെ എഴുതിയെടുക്കുന്നതും
ഒരു പുല്‍പ്പരപ്പ് അമ്മയായി കൈ നീട്ടുന്നതും...



ഞാന്‍ ഉറക്കത്തില്‍
കവിതയെഴുതുകയാണ്.
ഭാര്യയും കുട്ടികളും
ഉറങ്ങിയിരിക്കുന്നു.
അവര്‍ അവരുടെ സ്വപ്നങ്ങളിലേക്ക്
ഇറങ്ങിക്കഴിഞ്ഞു.
ഞാന്‍ അവരുടെ സ്വപ്നങ്ങളിലേക്ക്
ഇറങ്ങി നടന്നു.
അപ്രതീക്ഷിതമായി
കടന്നു വന്നതുകൊണ്ടാവണം
അയ്യോ കണ്ണന്‍
എന്ന് അവളും
അച്ഛന്‍ എന്ന് കുട്ടികളും
അന്തം വിട്ടു.

അതൊരു പച്ചത്താഴ്വരയായിരുന്നു.
ആകാശത്ത് ചിലര്‍ പറക്കുന്നുണ്ടായിരുന്നു.
താഴ്വരയിലെ പൂക്കള്‍ നിറഞ്ഞ പച്ചപ്പില്‍
കുട്ടികള്‍ പൂമ്പാറ്റകളെ പോലെ
ഉല്ലസിക്കുന്നു.

ഞാന്‍ ബോധിസത്വനെപ്പോലെ മുന്നോട്ട് നടന്നു.
ഒരു വിളിയും കേട്ടില്ല.
ഒരാശ്ചര്യത്തിലും ചകിതനായില്ല.



ഞാന്‍ ഉറക്കത്തില്‍
കവിതയെഴുതുകയാണ്.
കൂട്ടുകാരന്‍ ബീഡി വലിക്കുന്നു.
ഞങ്ങള്‍ പാറപ്പുറത്തിരിക്കുന്നു.
കൊല്ലിയിലെ ഞാറ് പറിച്ചു നടാനായിരിക്കുന്നു.
പാലത്തിന്റെയും തോടിന്റേയും ഒരോര്‍മ
അരികിലുണ്ട്.
ഇലമുളച്ചികളും പാറമഷിയും
പെങ്ങന്മാരെപ്പോലെയായിരുന്നു..
ഞങ്ങള്‍ പടിഞ്ഞാട്ടേക്ക് നോക്കിയിരുന്നു.
തോട്ടുവക്കിലെ ഈറ്റകള്‍ ,കുന്ന്...

എഴുന്നേറ്റു നടന്നു.



ഞാന്‍ ഉറക്കത്തില്‍
കവിതയെഴുതുകയാണ്.
കത്തിക്കൊണ്ടിരിക്കുന്ന
ബള്‍ബിനു നേരെ
അംഗവിക്ഷേപങ്ങള്‍
നടത്തി...
വന്യമായ ദാഹങ്ങളോടെ
കൈകള്‍ വിടര്‍ത്തി...

കിലോമീറ്ററുകള്‍ക്കപ്പുറത്ത്
ഓടിക്കൊണ്ടിരിക്കുന്ന
വണ്ടിയുടെ സൈറന്‍..
ഉറക്കത്തില്‍ ചുമയ്ക്കുന്ന
കുട്ടികള്‍
ഇരുട്ടേ ഇരുട്ടേ എന്ന് ജപിക്കുന്ന ചീവീടുകള്‍ .
അടച്ച കണ്ണിലേക്ക്
ഇറങ്ങി വരുന്ന നിറങ്ങള്‍
ഗോട്ടി കളിക്കുന്ന കുട്ടികള്‍
ഒരു ഗോട്ടി കൃത്യമായി കുഴിയില്‍ വീഴുന്നു.
ഒരു റബര്‍ ഒക്കെ മായ്ക്കുന്നു.
ആണ്‍കുട്ടികള്‍ ഒപ്പന പഠിക്കുന്നു.
അതിലൊരുവനെ
ഒരു പെണ്‍കുട്ടി
സ്നേഹത്തോടെ
കണ്ണുകള്‍ കൊണ്ട്
ശാസിക്കുന്നു.



ഞാന്‍ ഉറക്കത്തില്‍
കവിതയെഴുതുകയാണ്.
കണ്ണീരുകൊണ്ട് നനഞ്ഞ ഒരു തലയിണ
നിനക്ക് സമ്മാനം തരുന്നതിനെക്കുറിച്ച്...

18 സാലഭംഞ്ജികമാരല്ല
എണ്ണമറ്റ കണ്ണുനീര്‍ത്തുള്ളികള്‍
നിന്റടുക്കല്‍ വരും.
ഓരോന്നും ഓരോ കഥ പറയും.
എല്ലാത്തിനേയും നീ ഉമ്മ വെച്ച് ഉറക്കി കിടത്തണം.
അവനെ ഞാന്‍ സ്നേഹിച്ചിരുന്നുവെന്ന്
വെറുതെയെങ്കിലും പറഞ്ഞേക്കണം.

അടുക്കല്‍...

അടുക്കല്‍ വന്നിട്ടും
നിന്നെ സ്നേഹിക്കുന്നുവെന്ന്
പറയാന്‍ വായയില്ലാഞ്ഞ
എല്ലാ മരങ്ങളും
ഞാനായിരുന്നു.

എത്ര ഉല്‍ക്കടമായൊരു
പ്രണയത്തെയാണ്
അത്രയും ഉയരത്തില്‍
നിശ്ശബ്ദമായി ഞാന്‍
പേറി നിന്നിരുന്നതെന്ന്
നീ അറിയില്ലല്ലോ.

നിന്റെ മുടിയിഴകളെ
ഇളക്കാന്‍ ഒരു
കാറ്റിനെപ്പോലും
ഞാന്‍ പറഞ്ഞയച്ചില്ല.
എന്റെയീ നിഴലിനെ ചവിട്ടിയുള്ള
നിന്റെ പോക്കുവരവു പോലും
എനിക്ക് അനര്‍ഘ നിമിഷങ്ങളാണ്.

കെട്ടിപ്പിടിത്തം

മണ്ണ് മരങ്ങളെ കെട്ടിപ്പിടിച്ചു,
മരങ്ങള്‍ മേഘങ്ങളെ കെട്ടിപ്പിടിച്ചു,
മേഘങ്ങള്‍ ആകാശത്തെ കെട്ടിപ്പിടിച്ചു,
ആകാശം സ്വപ്നങ്ങളെ കെട്ടിപ്പിടിച്ചു,
സ്വപ്നങ്ങള്‍ നിന്നെ കെട്ടിപ്പിടിച്ചു,
നീ എന്നെ കെട്ടിപ്പിടിച്ചു.

പെട്ടെന്ന് ഒരു മിന്നല്‍ക്കുതിര
അമറിക്കൊണ്ട് കടന്നു പോയി.
മണ്ണ് മരങ്ങളെ വിട്ടു,
മരങ്ങള്‍ മേഘങ്ങളെ വിട്ടു,
മേഘങ്ങള്‍ ആകാശത്തെ വിട്ടു,
ആകാശം സ്വപ്നങ്ങളെ വിട്ടു,
സ്വപ്നങ്ങള്‍ നിന്നെ വിട്ടു,
നീ എന്നെ വിട്ടു.

ആരേയും കെട്ടിപ്പിടിക്കാഞ്ഞ ഞാന്‍
ഒന്നിനേയും വിട്ടതില്ല.
മണ്ണും മരങ്ങളും മേഘങ്ങളും
ആകാശവും സ്വപ്നങ്ങളും നീയും
ഒരു പുതുമഴയുടെ കള്ളക്കണ്ണീരില്‍ നനഞ്ഞു നിന്നു.
ഞാന്‍ എന്റെ രണ്ട് ജനാലകളും അടച്ച്
എന്നിലേക്ക് തിരിച്ചു നടന്നു.

ചുഴലി


വിളിച്ചതേയില്ല വീട്
കരഞ്ഞതേയില്ല കാട്

അനാഥനെന്ന്
ആത്മാവില്‍ മുദ്ര കുത്തി
ചുരം കടത്തിയ
ചുഴലി
തനിക്കുള്ളില്‍ കറങ്ങി
തനിക്കുള്ളില്‍ ഇലകളേയും
കടലാസുകളേയും കറക്കി
വെറുതെ...
എപ്പോഴും ഒച്ചയുണ്ടാക്കും

ഈ ഭൂമി തന്നെ
കറക്കിയെടുത്ത്
ഒരു ബലൂണു പോലെ
മുകളിലേക്ക് കൊണ്ടു
പോവുമെന്നൊക്കെ
ഒരിട തോന്നിപ്പിക്കും.

പിന്നെ എല്ലാ
കലമ്പലുകളും വലിച്ചെറിഞ്ഞ്
ഒരു മാവിന്‍ കൊമ്പിലിരുന്ന്
കരയും.

വിളിക്കുകയില്ല വീട്
കരയുകയില്ല കാട്

മായുകയില്ല
ആത്മാവില്‍ കരിഞ്ഞു
കിടക്കുന്ന മുദ്രകളൊന്നും
ഒരിക്കലും ....

മാനം

അക്കാലത്ത്
സ്ത്രീസ്വാതന്ത്ര്യത്തിനു വേണ്ടി
പൊരുതിയിരുന്ന ഒരു പെണ്‍കുട്ടി
നാട്ടിന്‍പുറത്തെ
ഒരു ടാക്കീസില്‍
ഉച്ചസ്സിനിമയ്ക്കു കയറി.
ടിക്കറ്റ് കൌണ്ടറിലെ
അമ്മാവന്‍
ഏപ്പടമാണെന്ന് പറഞ്ഞ്
വിലക്കി നോക്കി.
പെണ്‍ശിങ്കം വഴങ്ങിയില്ല.
വയസ്സറിയിച്ചിട്ട് വര്‍ഷങ്ങളായി എന്ന്
കളിയാക്കുകയും ചെയ്തു.
വാതില്‍ക്കല്‍ ടിക്കറ്റ്
മുറിക്കുന്ന അപ്പൂപ്പന്‍
തടഞ്ഞു നോക്കി.
വഴങ്ങിയില്ല.

ടാക്കീസിലേക്ക്
അവള്‍ കയറുന്നതും
ഇരിക്കുന്നതും കണ്ടവരുണ്ട്.

പിന്നെ കണ്ടത്
ഒരാശുപത്രി മുറിയില്‍
ആറേഴു തുന്നലുകളും
എട്ടുപത്തു കുപ്പി ഗ്ലൂക്കോസും
തരപ്പെടുത്തിയ ശേഷം
ചില തരുണികള്‍ക്കിടയില്‍
നിവര്‍ന്നിരുന്ന്
ചിരിക്കുന്നതാണ്.
സിനിമ കാണുന്നതിനിടയില്‍
‘മാനം’ എന്ന ഒരു അമൂര്‍ത്താശയം
അവള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ്
അവരൊക്കെ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു.

24-4-2000