gfc

നിങ്ങളെന്നെ എന്താക്കി...(ബ്ലോഗ് വാര്‍ഷികക്കുറിപ്പ് )

മേല്‍ക്കുറി:ഈ കുറിപ്പില്‍ ഉടനീളം ഞാന്‍,എന്നെ,എനിക്ക്,എന്റെ എന്നൊക്കെ ധാരാളം ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട് എന്ന് സങ്കോചത്തോടെ ഓര്‍മിക്കുന്നു.വായനക്കാര്‍ ക്ഷമിക്കണം.(ഒരു തവണ ക്ഷമിച്ചാല്‍ മതി)


പ്രീഡിഗ്രിക്കാലം മുതല്‍ ഞാന്‍ കവിതകള്‍ എഴുതിയിരുന്നു.അക്കാലത്ത് വയനാട്ടില്‍ കവിയരങ്ങുകള്‍ ഉണ്ടാകുമായിരുന്നു.ചില കവിയരങ്ങുകളിലൊക്കെ കവിത അവതരിപ്പിക്കാനും പോകുമായിരുന്നു.ഞാനെഴുതിയ കവിതകളൊക്കെ ഈണവും താളവുമുള്ളതായിരുന്നു. ഒരിക്കല്‍ കല്പറ്റയില്‍ കെ.ജി.എസ്സിന് ഒരു സ്വീകരണമുണ്ടായി.കല്പറ്റയിലുണ്ടായിരുന്ന എന്റെ ഒരു സ്നേഹിതന്‍ വിളിച്ചതു കൊണ്ട് ആ പരിപാടി കാണാന്‍ ഞാനും പോയി.കല്‍പ്പറ്റ നാരായണനും ആ ചടങ്ങില്‍ പങ്കെടുത്തിരുന്നു.കാല്‍പ്പനികതയോടുള്ള തന്റെ അറപ്പിനെക്കുറിച്ച് അന്ന് ആ വേദിയില്‍ കെ.ജി.എസ് പറയുകയുണ്ടായി.തന്റെ നിലപാടിനെ ന്യായീകരിക്കാന്‍ അദ്ദേഹം ഒരു പഴയ നാടക ഗാനം ഉദ്ധരിച്ചു:‘ചക്കരപ്പന്തലില്‍ തേന്മഴ ചൊരിയും ചക്രവര്‍ത്തികുമാരാ...

നിന്‍ മനോരാജ്യത്തെ രാജകുമാരിയായ് വന്നു നില്‍ക്കാനൊരു മോഹം...’ചെറുപ്പത്തില്‍ ഈ ഗാനം കേള്‍ക്കുമ്പോള്‍ ആ രംഗം അദ്ദേഹം സങ്കല്പിച്ചു നോക്കുമായിരുന്നത്രേ.ചക്കരകൊണ്ടുള്ള പന്തല്‍,എന്തായിരിക്കും സ്ഥിതി!അങ്ങനെയുള്ള പന്തലില്‍ തേന്മഴയും കൂടി ആയാലോ...?ഈച്ചകളെക്കൊണ്ട് ഇരിക്കപ്പൊറുതി ഉണ്ടാവില്ല.ഈ തരത്തിലായിരുന്നത്രേ അദ്ദേഹം ചിന്തിച്ചത്. കെ.ജി.എസ് പോയിക്കഴിഞ്ഞപ്പോള്‍ എന്റെ കൂട്ടുകാരന്‍ എന്നോട് പാതി കളിയായും പാതി കാര്യമായും പറഞ്ഞു.ഗദ്യത്തില്‍ കവിതയെഴുതാതെ നിനക്കൊന്നും ഇനി രക്ഷയില്ല.കൂട്ടുകാരന്റെ അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ലായിരുന്നെങ്കിലും പില്‍ക്കാലത്ത് ഞാന്‍ ഗദ്യകവിതകള്‍ എഴുതി.അക്കാലത്ത് ഞാന്‍ കഥകളും എഴുതിയിരുന്നു.എഴുതുന്നവയെല്ലാം പത്രമാധ്യമങ്ങള്‍ക്ക് നിരന്തരം അയച്ചുകൊണ്ടിരുന്നു.കവിത അയക്കുക താരതമ്യേന ചെലവു കുറവാണ്.കഥ അയയ്ക്കണമെങ്കില്‍ കൂടുതല്‍ സ്റ്റാമ്പു വേണം.തിരിച്ചുകിട്ടണമെങ്കില്‍ സ്റ്റാമ്പൊട്ടിച്ച കവര്‍ അടക്കം ചെയ്യണം.പലപ്പോഴും ഇതിനൊക്കെ പണം കണ്ടെത്തുക പ്രയാസമായിരുന്നു.എന്നിട്ടും വല്ലവിധേനയും ഈ അയപ്പ് തുടര്‍ന്നു.എല്ലാ മുഖ്യധാരാ മാധ്യമങ്ങളും തിരിച്ചയപ്പ് തുടര്‍ന്നു.പിന്നെപ്പിന്നെ ചില സമാന്തര മാസികകകള്‍ ഏതാനും കവിതകള്‍ പ്രസിദ്ധീകരിച്ചു.അക്കൂട്ടത്തില്‍ കവിതാസംഗമം എടുത്തുപറയാവുന്ന ഒന്നാണ്.ഇടയ്ക്ക് ആ മാസിക നിന്നപ്പോള്‍ എന്റെ പ്രതീക്ഷ നശിച്ചു.എഴുത്ത് കുറഞ്ഞു വന്നു.അയപ്പ് മുഴുവനായും നിര്‍ത്തി.വിവാഹം കഴിഞ്ഞപ്പോള്‍ ഒരു മരവിപ്പ് എന്നെ പിടികൂടി.ഒരു വര്‍ഷത്തോളം ഒരൊളിവുജീവിതമായിരുന്നു എന്റേത്.വീട്ടുകാര്‍ക്ക് ഞാന്‍ വിവാഹം കഴിച്ചതായി അറിയാമായിരുന്നെങ്കിലും നാട്ടുകാരെ അറിയിക്കരുതെന്ന് അവര്‍ വാശിപിടിച്ചിരുന്നു.സഹോദരിമാരുടെ വിവാഹമായിരുന്നു പ്രശ്നം.വാടകമുറി വല്ലാത്ത വിരസത സമ്മാനിച്ചു.ഒടുവില്‍ ഒരു ടെലിവിഷന്‍ വാങ്ങി.കേബിള്‍ കണക്ഷനും എടുത്തു.ചാനലുകള്‍ മാറിമാറി കണ്ടുകൊണ്ടിരുന്നു.ക്രമേണ എഴുത്ത് എന്നെ വിട്ടതാ‍യി എനിക്ക് ബോധ്യപ്പെട്ടു. കമ്പ്യൂട്ടര്‍ പഠിക്കാന്‍ പോയി.ഒന്നും പഠിച്ചില്ല.രണ്ടുവര്‍ഷം കഴിഞ്ഞ് കമ്പ്യൂട്ടര്‍ വാങ്ങി സ്വയം പഠിച്ചു.രണ്ട് വര്‍ഷത്തിനു ശേഷം നെറ്റ് എടുക്കാന്‍ വേണ്ടി മാത്രം ജി.പി.ആര്‍.എസ് സൌകര്യമുള്ള മൊബൈല്‍ വാങ്ങി. ഗൂഗിളില്‍ വെറുതെ ഒരു രസത്തിന് vishnu,malayalamഎന്നൊക്കെ അടിച്ച് സെര്‍ച്ച് ചെയ്തപ്പോള്‍ അരുണ്‍ വിഷ്ണുവിന്റെ ബ്ലോഗ് കണ്ടു.അവിടെ ഫോണ്ട് ഡൌണ്‍ലോഡിങ് സംബന്ധിച്ച വിവരം ഉണ്ടായിരുന്നതിനാല്‍ ഫോണ്ട് ഡൌണ്‍ ലോഡ് ചെയ്ത് ആ ബ്ലോഗ് വായിക്കാനായി.അതാണ് ഞാന്‍ ആദ്യം വായിച്ച യൂണികോഡ് മലയാളത്തിലുള്ള ബ്ലോഗ്.അവിടെയുള്ള ബ്ലോഗ് പട്ടികയില്‍ നിന്ന് പിന്നീട് പല മലയാളം ബ്ലോഗുകളിലേക്കും തനിമലയാളത്തിലേക്കും പോയി. ആ മാസം തന്നെ ഞാന്‍ ഒരു ബ്ലോഗ് തുടങ്ങി.butterfly എന്നായിരുന്നു ബ്ലോഗിന്റെ പേര്.അതില്‍ കാര്യമായ പോസ്റ്റുകള്‍ ഒന്നും ഇട്ടില്ല.ഇപ്പോഴും അത് അങ്ങനെ തന്നെ കിടക്കുന്നു.അധിക ദിവസം കഴിയുന്നതിനുമുന്‍പ് സ്കൂള്‍കുട്ടി എന്ന ബ്ലോഗ് തുടങ്ങി.അതില്‍ ഒരു ചിത്രവും ആദ്യമായി രണ്ടു വരി മലയാളവും എഴുതി പോസ്റ്റി.കലേഷിന്റെ വക ഒരു കമന്റ് വന്നു.പിന്നെയാണ് പ്രതിഭാഷ തുടങ്ങുന്നത്. തുടക്കത്തില്‍ പെരിങ്ങോടനാണ് കാര്യമായി പ്രോത്സാഹിപ്പിച്ചത്.ഈ ബ്ലോഗില്‍ ഇപ്പോല്‍ കിടക്കുന്ന ആദ്യത്തെ കമന്റ് അഗ്രജന്റേതാണ്.

സെപ്റ്റംബറില്‍ ബ്ലോഗ് തുടങ്ങിയെങ്കിലും ഞാന്‍ കുറേക്കാലത്തേക്ക് പുതിയതായി ഒന്നും എഴുതിയില്ല.പണ്ട് എഴുതി വെച്ച കവിതകള്‍ പോസ്റ്റുകയായിരുന്നു.എത്ര എഴുതണമെന്ന് ആശിച്ചാലും പുതിയതായി ഒരുവരിപോലും എഴുതാനാവാത്ത അവസ്ഥ.ഒടുവില്‍ നവംബര്‍ അവസാനം നാലുവരി പുറത്തു വന്നു.ആശംസ എന്ന പേരില്‍ എഴുതിയ ആ നാലുവരികളാണ് ഈ ബൂലോകം എനിക്ക് ആദ്യം തന്ന കവിത.തുടര്‍ന്ന് ഒരാഴ്ച്ച കഴിഞ്ഞ് (അ)ന്യായം എന്ന പേരില്‍ ഒരു നാലുവരി കൂടി പുതിയതായി എഴുതി.ഇതു രണ്ടും നല്ല കവിതകള്‍ എന്ന നിലയില്‍ എന്നെ ആശ്വസിപ്പിച്ചിരുന്നില്ല.ജന്മം എന്ന കവിതയാണ് പിന്നീട് എഴുതുന്നത്.അത് വലിയ കുഴപ്പമില്ല എന്ന് എന്നെ തോന്നിച്ചിരുന്നു.അതിനുശേഷം ബ്ലോഗിനുവേണ്ടി മാത്രം എഴുതിയ പിന്മൊഴികളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ വന്നു.അത് എനിക്ക് ഒരല്പം കൂടി ഊര്‍ജ്ജം തന്നു.പതിവിലേറെ ആളുകള്‍ വായിച്ചു.(എനിക്കിപ്പോഴും ധാരാ‍ളം വായനക്കാരൊന്നുമില്ല.)ഡിസംബര്‍ പകുതിയായപ്പോള്‍ ഒരു കവിത ഞാനെഴുതി:കുളം+ പ്രാന്തത്തി.ഈ കവിതയോടു കൂടി നഷ്ടപ്പെട്ട എഴുത്തുസൂത്രം എനിക്ക് തിരിച്ചുകിട്ടി.അതിനു ശേഷം ഇന്നോളം എഴുതിയ കവിതകള്‍ക്ക് ജീവന്‍ തന്നത് ഈ കവിതയാണ്.

ഇപ്പോള്‍ ആഴ്ച്ചയില്‍ മൂന്നും നാലും കവിതകള്‍(?)എഴുതി പോസ്റ്റ് ചെയ്യുന്നതിനെ
പലരും വിമര്‍ശിച്ചിട്ടുണ്ട്.അവര്‍ക്കറിയില്ല,ഈ എഴുത്തിന്റെ നൈരന്തര്യം കാത്തുസൂക്ഷിക്കാന്‍ ഞാന്‍ പെടുന്ന പാട്...:)ഒരു നോട്ടക്കുറവു കൊണ്ട് ഇനിയും വിട്ടുപോയാല്‍... നല്ല രചനകള്‍ മാത്രം എഴുതാന്‍ വേണ്ടി ഞാന്‍ കാത്തിരുന്നാല്‍ ഒരു പക്ഷേ ആ മരവിപ്പ് വീണ്ടും കയറിവരുമോ എന്ന് ഞാന്‍ ഭയക്കുന്നു.അതുകൊണ്ട് ചവറുകളും എഴുതുന്നു.എപ്പോഴെങ്കിലും ഒരു നല്ലത് സംഭവിക്കുന്നു.

മെയിലുകളിലൂടെ സുനില്‍ ജി കൃഷ്ണനെ പരിചയപ്പെട്ടു.ചിന്തയിലേക്ക് കവിതകള്‍ ആവശ്യപ്പെട്ടു.പ്രതിഭാഷയിലെ കവിതകളുടെ ഒരു പി.ഡി.എഫ് അയച്ചു തന്നു.എന്റെ കവിതകളെക്കുറിച്ച് അയാളുടെ സുഹൃത്ത് പറഞ്ഞ നല്ലവാക്കുകള്‍ എന്നെ അറിയിച്ചു.എന്റെ കവിതകള്‍ ആളുകള്‍ കാണാതെ പോവരുതെന്നു കരുതി
പലര്‍ക്കും പി.ഡി.എഫ് ആയി താന്‍ അയച്ചിട്ടുണ്ടെന്ന് സുനില്‍ ആ മെയിലില്‍ പറഞ്ഞത് അക്ഷരാര്‍ഥത്തില്‍ എന്നെ കരയിപ്പിച്ചു.വികാരാധീനനായാണ് ഞാനാ മെയിലിന് മറുപടിയിട്ടത്.


പരാജിതന്‍ എന്ന ബ്ലോഗറുടെ ഇടപെടലുകളാണ് ഈ ബ്ലോഗ് കവിതകളെ ശ്രദ്ധേയമാക്കാന്‍ സഹായിച്ചതെന്ന് ഞാന്‍ കരുതുന്നു.എന്റെ ആദ്യകാല രചനകളിലൊന്നായ പിടികിട്ടാപ്പുള്ളി എന്ന കവിത ഹരിക്ക് ഇഷ്ടമായിരുന്നു.അന്ന് ബ്ലോഗ് ഒന്നും തുടങ്ങിയിട്ടില്ലാതിരുന്ന വിശാഖിനോട് എന്റെ കവിതകളെക്കുറിച്ച് പറഞ്ഞത് ഹരിയാണ്(പരാജിതന്‍). വിശാഖിലൂടെയാണ് പരമു പ്രതിഭാഷയിലെ കവിതകള്‍ കണ്ടിട്ടുണ്ടാവുക.ഒരു ദിവസം രാത്രി രണ്ടു പേരും എന്നെ ഫോണില്‍ വിളിച്ചു.കവിതകള്‍ ഇഷ്ടമായെന്നും സംസാരിക്കാന്‍ താത്പര്യമുണ്ടെന്നും പറഞ്ഞു.ഒരു പാട് സന്തോഷം തോന്നി.അതിനെ തുടര്‍ന്ന് വിശാഖ് ബ്ലോഗ് തുടങ്ങി.പരമു എന്റെ കവിതകളെക്കുറിച്ച് ഒരു പഠനം അവതരിപ്പിച്ചു.എന്റെ എഴുത്തിനെ പുനരുജ്ജീവിപ്പിച്ചതില്‍ പരമുവിന്റെ ആ വായനയും അതുണ്ടാക്കിയ ചര്‍ച്ചകള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ട്.ബ്ലോഗിങ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ചില കാര്യങ്ങള്‍ ഞാന്‍ തിരിച്ചറിയുന്നുണ്ട്:

എന്റെ എഴുത്തിന്റെ ശൈലിയെത്തന്നെ വായനക്കാര്‍ വഴിതിരിച്ചുവിടുന്നുണ്ടെന്ന സംഗതിയാണൊന്ന്.മറ്റൊരു മാധ്യമത്തിലും സംഭവിക്കാനിടയില്ലാത്ത ഒന്നാണിത്.ഇതിനെ അതിജീവിക്കുക എന്നതാണ് ബ്ലോഗുകളില്‍ നല്ല എഴുത്തുകാര്‍ നേരിടുന്ന പ്രശ്നം.കമന്റുകള്‍ ഒരു ഫില്‍ട്ടറിങ് പ്രോസസ് ആയി മാറും.വായനക്കാരന് ഇഷ്ടമുള്ളത് എഴുത്തുകാരന്‍ കണ്ടെത്തുകയും വായനക്കാരനു വേണ്ടി എഴുത്തുകാരന്‍ തന്റെ വഴി മാറുകയും ചെയ്തേക്കും.അതായത് വായനക്കാരന്‍ തെളിക്കുന്ന വഴിയിലേക്ക് എഴുത്തുകാരന്‍ സഞ്ചരിക്കുന്ന ഒരു ദുരന്തമുണ്ടാവുകയാണെങ്കില്‍ അത് ഏറ്റവും വേഗത്തില്‍ സംഭവിക്കുന്ന മാധ്യമം ബ്ലോഗ് ആയിരിക്കും.ഈ പോസ്റ്റില്‍ പരാമര്‍ശിക്കപ്പെട്ട എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും

ഗൂഗിളിനും ബ്ലോഗറിനും കെവിനും(അഞ്ജലി) പെരിങ്ങോടനും(കീ മാന്‍) സിബുവിനും(വരമൊഴി) ഏവൂരാനും പഴയ പിന്മൊഴി ടീമിനും ചിന്തയ്ക്കും മൂന്നാമിടത്തിനും ഓരോ പോസ്റ്റും വന്ന് വായിച്ചും കമന്റിട്ടും ഒരു വര്‍ഷം എന്നെ സഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാ വായനക്കാര്‍ക്കും നന്മകള്‍,നന്ദി.

അടിക്കുറിപ്പ്:ബ്ലോഗ് ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എഴുത്ത് തുടരില്ലായിരുന്നു..ബ്ലോഗില്‍ വന്നതുകൊണ്ടു മാത്രം 63 പുതിയ കവിതകള്‍(നല്ലതും ചീത്തയും) എഴുതി...:) വായനക്കാരേ,നിങ്ങള്‍ മാത്രമാണ് ഇതിന് ഉത്തരവാദികള്‍...

വിഷം

ഒന്നിനോടും പരിഭവിക്കാതെ
ഒരാളെയും കൊത്താതെ
എത്ര നാള്‍ കൊണ്ടു നടക്കും
ഊറിക്കൂടുന്ന ഈ വിഷം.
ഇഴഞ്ഞൊഴിഞ്ഞു പോയാലും
അടിച്ചടിച്ചു കൊല്ലേണ്ടവന്‍
എന്നാളെക്കൂട്ടാനോ ഉടലില്‍
ഒരു വിഷഗ്രന്ഥിക്കും വിഷപ്പല്ലിനും
ഇടം വെച്ചു.
മാളത്തില്‍ പോ‍യൊളിച്ചാലും
വടിയിട്ടുകുത്തും വിധി.
കൊല്ലുക,കൊല്ലപ്പെടുക...
ഇതിലേതെങ്കിലുമൊന്നുമാത്രം
തെരഞ്ഞെടുത്തോളണം.
സ്വൈരജീവിതം നിഹനിച്ചുവെന്ന്
അവനാല്‍ കൊത്തിവെക്കപ്പെട്ട
അടയാളമീ ഫണം.

ശൂലം

ഒരു ശൂലം ചിരിച്ചു തുടങ്ങി.
ഒരു പാലത്തെ ഓര്‍ത്താണത്രേ
അതിന്റെ ചിരി...
ഓര്‍മ പൊട്ടി ശൂലത്തിലൂടെ
ചോര പാഞ്ഞു.
നിലവിളികളുടെ ഒരാകാശം
അഴിഞ്ഞു വീണു.
ഞങ്ങള്‍ കൈകഴുകി
ചിറി തുടച്ച് ഇലവെട്ടി
ഇരിക്കുകയാണ്...
‘വിളമ്പ് ശവങ്ങളെ...’

ദൈവമേ,
ഞങ്ങള്‍ വെറും അണ്ണാരക്കണ്ണന്മാര്‍.
നിന്റെ പാലത്തിനെ
രക്ഷിക്കാന്‍ നിനക്ക് കെല്‍പ്പില്ലെങ്കിലും
ഞങ്ങളാലാവുന്നത് ഞങ്ങള്‍
ചെയ്യുന്നു...

പാലമുറയ്ക്കാന്‍
മനുഷ്യച്ചോര വേണം.
ശൂലമേ..,
മനുഷ്യച്ചൂരു നിറയുന്ന
എല്ലാ വഴികളിലേക്കും
നിന്റെ നാവു നീണ്ടു
വരുന്നത് ഞങ്ങളെ
ഒട്ടൊന്നുമല്ല
സന്തോഷിപ്പിക്കുന്നത്.

പാലത്തിനു മീതെ
ഞങ്ങള്‍ ആര്‍ത്തു വിളിച്ചു
അത്ഭുതം!തെക്കു നിന്ന് വടക്കോട്ട്
ഒരു പുതിയ പാലം
ഉണ്ടായി വരുന്നു.
ശൂലമേ,ഇത്
വെറുമൊരു സ്വപ്നമാണോ?
അങ്ങനെ ആവരുതേ...

നദി

സ്കൂള്‍ വിട്ടതും കുടകളുടെ
ഒരു കറുത്ത നദി ഒഴുകിപ്പോയി.
ഇരുകരകളില്‍ നില്‍ക്കുന്നവര്‍
നദിയില്‍ ഇറങ്ങാതെ
അതിനെ നോക്കി നിന്നു.
വഴിയരികില്‍ കാത്തുനിന്ന
വീടുകള്‍ ഓരോ കുമ്പിള്‍
കോരിയെടുത്തതുകൊണ്ടാവണം
അത് അധിക ദൂരം ചെല്ലും മുന്‍പേ വറ്റിപ്പോയി.
പോക്കുവരവുകളുടെ സൂക്ഷിപ്പുകാരനായ
കറുത്തു നനഞ്ഞ റോഡില്‍ ഇപ്പോഴും
അതിന്റെ ഓര്‍മ ബാക്കിയുണ്ട്.
എങ്കിലും,
പോയവരെക്കുറിച്ചോ വന്നവരെക്കുറിച്ചോ
ഒരോര്‍മയുമില്ലെന്ന് എല്ലാ വഴികളും
നുണ പറയും.

ഇന്ന് പകല്‍ 12:15

ഉടഞ്ഞ കണ്ണാടി പോലെയാണ് പാടം
ആകാശം എപ്പോഴും അതിലേക്ക്
മഴമുടിയിഴകള്‍ ചീകിയിട്ടുകൊണ്ടിരുന്നു.
സൂര്യന്‍ ഒരു കറുത്ത മേഘത്തിന്റെ
ഉമ്മറത്തു കയറിയിരുന്ന്
ഒരു കട്ടന്‍ കാപ്പി കുടിക്കുകയാണ്.
വെളുത്ത കൊറ്റികള്‍ മാത്രം
നനഞ്ഞു നനഞ്ഞ് നിര്‍വിഘ്നം
തപസ്സു തുടര്‍ന്നു.
എന്റെ തണുത്ത ഇറച്ചി
കൂടുതല്‍ തണുത്തതുകൊണ്ടാവണം
ഒരാള്‍ കുഴിച്ചുകുഴിച്ച് അകത്തേക്കു പോയി.

പരപ്പ്

മേഘങ്ങള്‍ കാളകളെപ്പോലെ രൂപമിട്ട്
കുത്തുകൂടുന്ന വെയില്‍ക്കാലം.
ചെമ്പരത്തികള്‍ ചിരിച്ചു ചിരിച്ചു
ചുവന്ന വളപ്പ്.

ഒരോര്‍മയിലും തെഴുക്കരുതെന്ന് പറഞ്ഞ്
വലിച്ചെറിഞ്ഞ വിത്തുകള്‍
പിന്നെയും പിന്നെയും മുളയ്ക്കും.
ഏകാന്തത ഈ തൊടിയോളം
പോന്ന കറുത്ത ഹല്‍വയാവും.

ഒരു അലര്‍ച്ചയെങ്കിലും
സൌമ്യ മധുരമായ
കിളിയൊച്ചകള്‍ക്കു മുകളില്‍.
വരേണ്ടതുണ്ട്.
ഒരു നാടകീയതയുമില്ലാത്ത
ജീവിതത്തെ
ഒന്ന് കൂക്കിവിളിച്ചെങ്കിലും
പരിഹസിക്കേണ്ടതുണ്ട്.

അല്ലെങ്കില്‍,
ഈ വിരസ ജീവിതപ്പരപ്പില്‍ നിന്ന്
നിങ്ങളെങ്ങനെ വേര്‍തിരിച്ചെടുക്കുമെന്നെ...

കണ്ണാടിയില്‍ ഒരാളുണ്ട്

കണ്ണാടിയില്‍ ഒരാളുണ്ട്.
ചിലപ്പോഴൊക്കെ
ഞാന്‍ പോയി നോക്കും.
അതേ കണ്ണുകള്‍,പുരികം
ചുണ്ടുകള്‍,അതേ ഭാവം..
വല്ലാത്ത സ്നേഹം വരും.
എന്തുകുറ്റം ചെയ്തിട്ടാണ്
ഈ ചില്ലിന്‍ തടവിലായതെന്ന്
എപ്പോഴും ചോദിക്കാന്‍ തോന്നും?
ചോദിക്കില്ല,ഒരു ചോദ്യം കൊണ്ട്
പൊട്ടിയൊഴുകാവുന്ന ഒരണക്കെട്ടിനോട്
ഒന്നും ചോദിക്കുവാനാവില്ല,
വിചാരപ്പെടാനല്ലാതെ.

രണ്ട് അലവലാതികള്‍

കവിതയിലേക്ക് അനുവാദമില്ലാതെ
കടന്നുകയറി വരുന്ന മരണം
പ്രണയം തുടങ്ങിയ സംഗതികളെ
കുനിച്ചു നിര്‍ത്തി കൂമ്പിനിടിക്കണം.
കവിതാന്ന് കേട്ടാ മതി...
പാഞ്ഞു വന്നോളും.
അല്ല,നിങ്ങക്കാ‍രെങ്കിലും
കവിതേല് കൈവിഷം
കലര്‍ത്തി തന്നാ...

കുഴപ്പം

എനിക്കല്ല,വഴികള്‍ക്കാണ്.
അവയ്ക്കാണ് വല്ലാത്ത നിര്‍ബന്ധം
വേറൊരു വഴിയില്‍ ചെന്നു
കയറണമെന്ന്...
എല്ലാ വഴികളും എന്താണാവോ
ഇങ്ങനെ ഒരേ തരക്കാരായത്.
ഓരോ വഴിയും വേറൊരു
വഴിയിലേക്ക് തുറന്നു വെക്കുന്നു.
അല്ലാതെ നിങ്ങള്‍ സംശയിക്കുന്നതു
പോലെ...
ഞാന്‍ അത്തരക്കാരനല്ല...
വഴികള്‍,ഞാന്‍ അവറ്റകള്‍ക്ക്
നിന്നുകൊടുക്കുന്നു.
അത്രേയുള്ളൂ...
തലക്കെട്ടില്ലാത്ത കവിതകളേ
വരിക്ക് വരിന്‍,തീപ്പന്തം പിടിക്കിന്‍
കവികളായ കവികളെ മുഴുവന്‍
ചീത്ത വിളിക്കിന്‍,പന്തലുകെട്ടി
നിരാഹാരമിരിക്കിന്‍
തിരിഞ്ഞു നോക്കാത്ത കവികളോട്
പോയി പണിനോക്കാന്‍ പറയിന്‍.
ചിറിച്ച് ചിറിച്ച് ഏമ്പക്കം വിടിന്‍
ഇണ കൂടിന്‍,പെറ്റുകൂട്ടിന്‍
തലക്കെട്ടുള്ള കവിതകളൊക്കെ
കാല്‍ച്ചോട്ടില്‍ വരുമെന്ന്
കണക്കു കൂട്ടിന്‍,
ഒന്ന് രണ്ട് മൂന്ന്...ഇങ്ങനെ.
എങ്ങനെ...?
നമ്മുടെ രണ്ടു വീടുകള്‍ക്കിടയില്‍
ഉയര്‍ന്നു നില്‍ക്കുന്ന ഈ മരങ്ങള്‍
കാഴ്ച്ചകളെ മറച്ചുവെക്കുന്നുണ്ടെങ്കിലും
നീ കല്ലിലടിക്കുന്ന തുണികളുടെ കരച്ചില്‍
അപ്പപ്പോള്‍ ഇവിടെയെത്തുന്നല്ലോ...
മനുഷ്യരായി ജീവിക്കുക
പ്രയാസകരം.
ബോധമുള്ള മനുഷ്യരായി
ജീവിക്കുക അതിനേക്കാള്‍
പ്രയാസകരം.
ചെത്തിക്കൂര്‍പ്പിക്കും തോറും
ഒടിഞ്ഞുകൊണ്ടിരിക്കുന്ന
പെന്‍സിലേ,നീയെങ്ങനെ
എന്റെ കവിതയായി...
യുദ്ധനീതി

ഞാന്‍ നിന്നെ നിരന്തരം
രഹസ്യമായി
ആക്രമിച്ചുകൊണ്ടിരിക്കും
നീയും എന്നെ ആക്രമിക്കണം.
പക്ഷേ രഹസ്യമായി.
പരസ്യമായി ആക്രമിക്കുന്നത്
യുദ്ധനീതിയല്ല...

ആനയാണ്/ചേനയാണ്

പ്രണയം ആനയാണ്
അതുകൊണ്ടാണല്ലോ
നാം എല്ലായിടത്തും
അതിനെ തിടമ്പേറ്റാന്‍
എഴുന്നെള്ളിക്കുന്നത്
പ്രണയം ചേനയാണ്
ചെലപ്പൊ ചൊറിയും...

ഒളിച്ച്

നേരെ നോക്കാന്‍
അനുവദിക്കാത്തതിനാലാണല്ലോ
ഞാന്‍ ഒളിഞ്ഞു നോക്കുന്നത്...

ഉള്ളതും ഇല്ലാത്തതും

കുട്ടികള്‍ പ്രേതങ്ങളായി
അഭിനയിച്ച് പൂച്ചയെ
ഓടിക്കുന്നതു കണ്ടു.
ജീവിച്ചിരിക്കുന്നവയേക്കാള്‍ ശക്തി
മരിച്ചവയ്ക്കുണ്ടെന്നാവുമോ
അവര്‍ കരുതുന്നത്...
അല്ലെങ്കില്‍ തങ്ങള്‍ പേടിക്കുന്നവയ്ക്കു നേരേ
അവര്‍ക്കു പാഞ്ഞു ചെല്ലാന്‍
പറ്റുന്നതെങ്ങനെ?

കുട്ടികള്‍ തന്നെയാവും ശരി.
ഉള്ളവയേക്കാള്‍ ഇല്ലാത്തവയ്ക്കാണ് ശക്തി.

ഇല്ലാത്ത സ്വപ്നങ്ങള്‍,
ഇല്ലാത്ത വലിപ്പങ്ങള്‍,
അങ്ങനെ ഇല്ലായ്മ എന്നു മാത്രം
വിലാസമുള്ളവരുടെ ജീവിതത്തേക്കാള്‍
ജീവനുണ്ടാവില്ലൊന്നിനും.


ഇല്ലാത്ത ഒരു കിളിയുടെ
പറക്കല്‍
ഇല്ലാത്ത ഒരു മരത്തിന്റെ
നില്‍പ്പ്
ഇല്ലാത്ത ഒരു മനുഷ്യന്റെ
നോട്ടം
ഇല്ലാത്ത ശബ്ദങ്ങളുടെ
ബഹളം

ഇല്ല,ഇല്ലാത്തവയ്‍ക്കു നേരെ
നിവര്‍ന്നു നില്‍ക്കില്ല
ഉണ്മകള്‍.
ഇല്ലാത്തവയെ ഉള്ളവയ്ക്ക്
ഭയമാണ്.

എന്നെ അറസ്റ്റ് ചെയ്തിരിക്കുന്നു... :)

സനാതനന്റെ വായന എന്ന ബ്ലോഗില്‍ ത്രില്‍ എന്ന കവിതയെക്കുറിച്ച് ഒരു വായന.
നിങ്ങളുടെ അഭിപ്രായം അവിടെ രേഖപ്പെടുത്തുമല്ലോ.

തുപ്പലം കൂട്ടി

തുപ്പലേ,
പൊയ്ക്കോളുക.
ഈ കത്തിന്‍ പശയിളക്കി,
ഒട്ടുമ്പോള്‍ കൂടെയിരുന്ന്
നാലുനാള്‍ സഞ്ചരിച്ചോളുക.
അങ്ങെത്തുമ്പോള്‍
ഈ കത്ത് പൊട്ടിക്കുമ്പോള്‍
എന്റെ മണം കൊടുത്തോളുക.
ഒരക്ഷരത്തിലും ഞാനില്ലെങ്കിലും
ഓര്‍മിപ്പിച്ചോളുക.
ആ കള്ള പോസ്റ്റ്മാന്
പൊട്ടിച്ചുവായിക്കാന്‍
വിട്ടുകൊടുക്കല്ലേ കുട്ടാ...
തുപ്പലേ,
ഇല്ലെങ്കില്‍
തുപ്പലം കൂട്ടി
നിന്നോട് തെറ്റുമെന്ന്
അറിഞ്ഞോളുക.

പ്രതികരണങ്ങള്‍ ഇവിടെ

നിശ്ശബ്ദതയ്ക്കെന്ത് ന്യായം

നിസ്സംഗതയ്ക്കെന്ത് ന്യായം
നിങ്ങള്‍ക്കൊരു ജീവിതം നീട്ടാന്‍ ?
നിശ്ശബ്ദതയ്ക്കെന്ത് ന്യായം
നിങ്ങളെ സമാധാന പ്രേമിയാക്കാന്‍ ?

ത്രില്‍

ഒരാള്‍ പൊക്കത്തിലുള്ള
തൈലപ്പുല്‍ക്കാടാണ്
സ്കൂള്‍പറമ്പ്
അവിടെയാണ്
കള്ളനും പോലീസും കളി.
കളി തുടങ്ങിയാല്‍
ഒരു പോലീസും പിടിക്കാത്തിടത്ത്
പോയി ഒളിച്ചു നില്‍ക്കും.

പിന്നെപ്പിന്നെ...
എല്ലാ കള്ളന്മാരേയും പിടിച്ചിട്ടും
പിടികിട്ടാത്ത ഒരു കള്ളന്റെ അക്ഷമ
തൈലപ്പുല്ലുകളെക്കാള്‍ പൊക്കത്തില്‍
വളര്‍ന്നു തുടങ്ങും...
പിടിക്കപ്പെടായ്കയുടെ ഒരു അനന്തത
സങ്കല്പിച്ച് ഭയക്കും.

പിടിക്കപ്പെടുന്നതിന്റെ ത്രില്‍
നിഷേധിക്കലാണ്
ഒരു കള്ളനോട് ചെയ്യുന്ന കടുത്ത
അനീതി...

ഞാനിപ്പോഴും തൈലപ്പുല്‍ക്കാട്ടില്‍
ഒളിച്ചിരിക്കുകയാണ്....
ഒന്ന് വേഗം വന്ന് പിടിക്കെടോ
പെറ്റിട്ട ഉടനേ
കരകടത്തിയ പൂച്ചക്കുട്ടികള്‍
വഴിയരികില്‍,പണി പൂര്‍ത്തിയാവാത്ത
കെട്ടിടത്തില്‍ കിടന്ന്
നിലവിളിച്ചു.
പാലു വേണം... പാല്.
എന്റടുത്ത് പാലില്ല.
ഞാന്‍ രാജമാണിക്യത്തിന്റെ
സീഡി കൊടുക്കാന്‍ പോവുകയാണ്.
ഇതു കൊടുത്തിട്ടു വേണം
കീര്‍ത്തിചക്ര എടുക്കാന്‍.
എന്റെ ഉറക്കമാണ്
രാത്രിയായി നിന്റടുത്ത്
പതുങ്ങി നില്‍ക്കുന്നത്...
എങ്ങനെ ഉറങ്ങണമെന്ന്
കാണിച്ചു തരും കുട്ടികള്‍.

ആത്മരതി/ഇടവേള

പരശരീരത്തെ ഭോഗിക്കുന്നവര്‍ക്കാണ് ഇടവേളകള്‍
ആത്മരതിക്കാര്‍ക്ക് ഇടവേളകള്‍ ഇല്ല.

പ്രലോഭനം

ഒക്കെയുണ്ട് ,ഒക്കെയുണ്ട്...
പകല്‍ പോലത്തെ രാത്രി
രാത്രി പോലത്തെ പകല്‍
ചിരി പോലത്തെ കരച്ചില്‍
കരച്ചില്‍ പോലത്തെ ചിരി
നുണ പോലത്തെ നേര്
നേര് പോലത്തെ നുണ

ദേ,മനസ്സിലായില്ലെങ്കില്‍
ഇങ്ങോട്ടു നോക്ക് ...ഇവിടെ,
ഈ ചിരിക്കുന്ന മുഖം കണ്ടോ?
ഇതിനടിയില്‍ കരച്ചിലിന്റെ
ലാവകള്‍.
ഈ മാന്യതയുടെ മുഖാവരണത്തി-
നടിയില്‍ അമാന്യതയുടെ വന്യത.
ഭംഗിയായി ഒളിപ്പിച്ചു വെച്ചിരിക്കുകയാണ്...
എല്ലാം നിനക്കു വേണ്ടിയാണ്...
നീ എപ്പോഴാണ് വരുന്നത്...?
വരുമ്പോള്‍ പറയണേ...

കൊമ്പ്

രണ്ട് കൊമ്പുണ്ടായിട്ടെന്താ,
ഈച്ചയെ ഓടിക്കാന്‍
വാലു തന്നെ വേണം.
തലയില്‍ വന്നിരുന്നാല്‍
തല കുലുക്കാമെന്നു മാത്രം.
അപ്പോള്‍ ഒന്നിളകിപ്പറന്ന്
ആ പണ്ടാര ഈച്ച പറയും:
‘ഇങ്ങനെയല്ലല്ലോ ഞാന്‍
കുലുക്കാന്‍ പറഞ്ഞത്...’
എന്നിട്ട് വീണ്ടും തലയില്‍
തന്നെ ഇരിക്കും....

രണ്ട് കൊമ്പുണ്ടായിട്ടെന്താ...

ഉടമ്പടി

നിങ്ങളുമായി ഒരു ബന്ധമുണ്ടാകുന്നതില്‍
ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്.
നിങ്ങള്‍ പേരു കേട്ട തറവാട്ടുകാരാണല്ലോ.
എങ്കിലും ഞങ്ങളാണ് പുത്തന്‍ പണക്കാര്‍.
ഞങ്ങളുടെ പെണ്‍കുട്ടിയെ നിങ്ങള്‍ക്കു തരുന്നതിന്
ഞങ്ങള്‍ക്ക് ചില ഡിമാന്റുകളൊക്കെയുണ്ട്:
കല്യാണം കഴിച്ചോളൂ,പക്ഷേ
കുട്യോളെ ’ണ്ടാക്കരുത്...
കുട്യോളെ ’ണ്ടാക്കാന്‍ തുനിഞ്ഞൂന്നറിഞ്ഞാല്‍...
‘കട്ട് ’ചെയ്തു കളയും...,
വേറൊന്നുമല്ല,
ഈ ബന്ധം.

അഴിമതി

ഒരു പുഞ്ചിരിയാണ് ആദ്യം കണ്ടത്,
ഒറ്റയ്ക്ക് നടക്കുമ്പോള്‍, ആരോടുമില്ലാതെ.

ഇപ്പോള്‍ ഒരു കോപ്പുമില്ല.
ടെലിവിഷന്‍ ഉച്ചത്തില്‍ ഓണ്‍ ചെയ്തുവെക്കും.
പാതിരാത്രിയിലും പൂട്ടുകയില്ല,ഉറക്കമില്ല.
ഇടയ്ക്കിടെ തട്ടിന്‍പുറത്തെ
ഇരുട്ടില്‍ ചെന്നു നില്‍ക്കും.
വീണുപോയ ബോധത്തിന്റെ
താക്കോല്‍ അന്വേഷിച്ച് നടക്കുകയാണ്
തള്ളതന്താദികള്‍...

മന്ത്രവാദികളും ഭിഷഗ്വരന്മാരും
എത്ര കാശു തിന്നിട്ടും തിരിച്ചു വന്നിട്ടില്ല സ്വൈരം.

കായബലമുള്ള അവന്റെ യൌവനത്തിലേക്ക്
കുപിതനായ ഭ്രാന്തിനെ കടത്തിവിട്ടത്
എന്താവിഷ്കരിക്കാനാണെന്ന്
എനിക്കിനിയും പിടികിട്ടിയിട്ടില്ല.

സൃഷ്ടിച്ചവന്‍ പോലും അവനെ
ശാസിക്കാന്‍ ഭയന്നു തുടങ്ങിയിരിക്കുന്നു.
രോഗം ആരേയും തിരിച്ചറിയുകയില്ല.

ഭ്രാന്ത് എന്ന തസ്തികയിലേക്ക്
തെരഞ്ഞെടുക്കപ്പെടുന്നതിന്റെ
മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന്
ഇനിയെങ്കിലും വെളിപ്പെടുത്തേണ്ടതുണ്ട്.
കംപ്ലീറ്റ് അഴിമതി തന്നെ.