gfc

ശൂലം

ഒരു ശൂലം ചിരിച്ചു തുടങ്ങി.
ഒരു പാലത്തെ ഓര്‍ത്താണത്രേ
അതിന്റെ ചിരി...
ഓര്‍മ പൊട്ടി ശൂലത്തിലൂടെ
ചോര പാഞ്ഞു.
നിലവിളികളുടെ ഒരാകാശം
അഴിഞ്ഞു വീണു.
ഞങ്ങള്‍ കൈകഴുകി
ചിറി തുടച്ച് ഇലവെട്ടി
ഇരിക്കുകയാണ്...
‘വിളമ്പ് ശവങ്ങളെ...’

ദൈവമേ,
ഞങ്ങള്‍ വെറും അണ്ണാരക്കണ്ണന്മാര്‍.
നിന്റെ പാലത്തിനെ
രക്ഷിക്കാന്‍ നിനക്ക് കെല്‍പ്പില്ലെങ്കിലും
ഞങ്ങളാലാവുന്നത് ഞങ്ങള്‍
ചെയ്യുന്നു...

പാലമുറയ്ക്കാന്‍
മനുഷ്യച്ചോര വേണം.
ശൂലമേ..,
മനുഷ്യച്ചൂരു നിറയുന്ന
എല്ലാ വഴികളിലേക്കും
നിന്റെ നാവു നീണ്ടു
വരുന്നത് ഞങ്ങളെ
ഒട്ടൊന്നുമല്ല
സന്തോഷിപ്പിക്കുന്നത്.

പാലത്തിനു മീതെ
ഞങ്ങള്‍ ആര്‍ത്തു വിളിച്ചു
അത്ഭുതം!തെക്കു നിന്ന് വടക്കോട്ട്
ഒരു പുതിയ പാലം
ഉണ്ടായി വരുന്നു.
ശൂലമേ,ഇത്
വെറുമൊരു സ്വപ്നമാണോ?
അങ്ങനെ ആവരുതേ...

17 അഭിപ്രായങ്ങൾ:

 1. ശക്തമായ കവിത. അതിലെ കറുത്ത ചിരിയുടെ പശ്ചാത്തലമായ രാഷ്ട്രീയ ജാഗ്രതയോട് ആദരവും ഐക്യദാര്‍ഡ്യവും.

  മറുപടിഇല്ലാതാക്കൂ
 2. ശവംതീനികളെ കുറിച്ചുള്ള മുന്നറിയിപ്പുമായി ശൂലം തുളഞ്ഞുകയറുന്നു..
  നന്നായി ഈ കവിത.

  മറുപടിഇല്ലാതാക്കൂ
 3. വളരെയേറെ ചിന്തിപ്പിക്കുന്ന കവിത
  നന്നായി

  മറുപടിഇല്ലാതാക്കൂ
 4. ശക്തമായ വാക്കുകളില്‍ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു.
  അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 5. ഈ ശൂലത്തിന് ചോര മാത്രം മതി. പാലം വേണ്ട. എവിടെയും പാലം വരട്ടെ. പക്ഷേ ചോരവേണം! എന്താവും?

  കുറച്ചുവാചകങ്ങള്‍... ഒട്ടേറേ ചിന്തകള്‍! നന്നായി

  മറുപടിഇല്ലാതാക്കൂ
 6. തികച്ചും സമകാലികം, ശക്തം.

  മറുപടിഇല്ലാതാക്കൂ
 7. വിഷ്ണുമാഷേ ഉഗ്രന്‍!
  ദൈവമേ,
  ഞങ്ങള്‍ വെറും അണ്ണാരക്കണ്ണന്മാര്‍.
  നിന്റെ പാലത്തിനെ
  രക്ഷിക്കാന്‍ നിനക്ക് കെല്‍പ്പില്ലെങ്കിലും
  ഞങ്ങളാലാവുന്നത് ഞങ്ങള്‍
  ചെയ്യുന്നു...
  ഹാസ്യവും പരിഹാസവും യാഥാര്‍ത്യവുമൊക്കെ ഉള്‍ക്കൊള്ളുന്നു വരികളില്‍.

  മറുപടിഇല്ലാതാക്കൂ
 8. ആയിരം മുഷ്ടികള്‍ ആകാശത്തേക്കെറിഞ്ഞാല്‍ കിട്ടാത്ത ശക്തിയാണീ കവിതക്ക്.തൊണ്ടപൊട്ടി പാടണ്ട ആരെയും തെറിവിളിച്ചാത്മരോഷം പ്രസിദ്ധീകരിക്കണ്ട ഒരു കവിതയെഴുതിയാല്‍ മതി.ഇരുട്ടുനിറഞ്ഞമുറികളില്‍ ഇത്തിരിയെങ്കിലും വെളിച്ചമുണ്ടെങ്കില്‍ മൌനമായി ആരെങ്കിലും വായിക്കുമെങ്കില്‍ അതുമതി.അതിലപ്പുറം ഒന്നും വേണ്ട.

  മറുപടിഇല്ലാതാക്കൂ
 9. മുതുകില്‍ എത്ര വരയുണ്ട് ചങ്ങാതീ...
  സേതു ബന്ധനം
  നന്നായി...
  മാഷിന്‍റെ കയ്യില്‍
  കവിത
  രഷ്ട്രീയം പറയുമ്പോഴും
  കവിത തന്നെ
  പ്രസ്താവനകള്‍ ആണല്ലോ
  നമ്മുടെ മികച്ച രാഷ്ട്രീയ കവിതകളെല്ലാം.
  എന്നാലും പറ
  മുതുകില്‍ എത്ര വരയുണ്ട് ചങ്ങാതീ...
  മൂന്നാണോ?
  മേതില്‍ കാണണ്ട...
  പിടിച്ച് കൊണ്ടോകും..

  മറുപടിഇല്ലാതാക്കൂ
 10. സമകാലീനം. ശക്തം. ഗംഭീ‍രം!

  മറുപടിഇല്ലാതാക്കൂ
 11. .......................
  നിര്‍ദ്ദയം കൂരമ്പുകളെയ്യുവാന്‍ മടിക്കാത്ത
  മര്‍ദ്ദകസമൂഹത്തിന്‍ പരിഹാസവും പ്‌രാക്കും
  മറ്റൊരു കവിതയായ്‌ പാഞ്ഞടുക്കുന്നൂ, നിങ്ങള്‍-
  ക്കിത്തിരി കണ്ണീര്‍ കൂടി പൊഴിക്കാം, ഹിന്ദുക്കളേ.
  .......................


  "Spontaneous outflow of powerful emotions" എന്നാണല്ലോ കവിതയുടെ പാശ്ചാത്യനിര്‍വചനം. ചെറിയൊരു “ഔട്ട്‌ഫ്ലോ“ ഉണ്ടായപ്പോള്‍ അതേപടി കുറിച്ചിടാന്‍ മെനക്കെട്ടു എന്നേയുള്ളൂ. അപസ്വരമായെങ്കില്‍ മാപ്പ്‌.

  മറുപടിഇല്ലാതാക്കൂ
 12. വിഷ്‌ണൂ, മര്‍‌ദ്ദിതരുടെ കൂടെ മാത്രമേ കവികളുള്ളൂ എന്ന വിഷമം മാറിക്കിട്ടി. മര്‍‌ദ്ദകരുടെ കവിക്ക് ഇതാ മറ്റൊരു മര്‍ദ്ദകന്റെ അഭിവാദ്യം!
  (ചപ്പാത്തിക്കുള്ള മാവ് മര്‍‌ദ്ദിച്ചു ഒരു പരുവമാക്കി വച്ചേക്കുവാ. കുറച്ചു കഴിഞ്ഞിട്ടു പരത്തി ചുടണം.)

  മറുപടിഇല്ലാതാക്കൂ
 13. പരാജിതാ,
  മുകളിലത്തെ വരികളില്‍, “മറ്റൊരു കവിതയായ്” എന്ന ഭാഗം “മറ്റൊരു കമന്റായി” എന്നു തിരുത്തി വായിച്ചാല്‍ താങ്കള്‍ക്കുള്ള മറുപടിയായി.

  "മനുഷ്യനെ മനുഷ്യനായി“ക്കാണാനും അവന്റെ വികാരങ്ങള്‍ അനുഭാവപൂര്‍വ്വം മനസ്സിലാക്കാനും കഴിയാത്തിടത്തോളം കാലം മര്‍ദ്ദകപരിവേഷം സ്വയം തിരിച്ചറിയാന്‍ കഴിഞ്ഞേക്കില്ല സുഹൃത്തേ. രാഷ്ട്രീയത്തിന്റെ കണ്ണട മാറ്റി വച്ചു നോക്കിയാലേ പലപ്പോഴും ചില യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയൂ താനും.

  കൂടുതലൊന്നും പറയാനില്ല.

  നന്ദി.

  മറുപടിഇല്ലാതാക്കൂ
 14. കാണാപ്പുറം, അപ്പോള്‍ ഒരു സാങ്കല്പിക എതിര്‍‌ചേരി വിഭാവനം ചെയ്തു എല്ലാവര്‍‌ക്കും ചേര്‍‌ത്തുള്ള ഒരൊറ്റ മൂലി കമന്റായിരുന്നു അത്, അല്ലേ? :)

  താങ്കളുടെ പദ്യക്കമന്റും അടുത്ത കമന്റുമൊക്കെ നല്ല തമാശയായി മാത്രമേ കണ്ടുള്ളു. ഇനി സീരിയസായി പറഞ്ഞതാണേലും അങ്ങനെയെടുക്കാന്‍ തോന്നുന്നില്ല. (ഞാന്‍ ഇട്ട കമന്റും നേരമ്പോക്കിനെഴുതിയതാ.വിഷമം തോന്നിയെങ്കില്‍ (ഇതിനും ചേര്‍‌ത്ത്) മാപ്പ്.)

  മറുപടിഇല്ലാതാക്കൂ
 15. ഇതൊക്കെ വായിക്കാതെ പോയേനെയല്ലോ. തിളയ്ക്കുന്ന കവിത മാഷേ.

  മറുപടിഇല്ലാതാക്കൂ
 16. വിഷ്ണൂ...ശക്തമായ കവിത. ഓരോ എഴുത്തും ശരിയുടെയും, നീതിയുടെയും ഭാഗത്തേക്ക്‌ നീങ്ങുന്നത്‌ കാണുമ്പോള്‍ സന്തോഷം. വാക്കിന്റെ ആയുധങ്ങള്‍ സ്വരുക്കൂട്ടാനുള്ള സമയമായി വരുന്നു.

  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 17. this ' ശൂലം' is the real '3ശൂലം' that all the ' വെറും അണ്ണാരക്കണ്ണന്മാര്‍' should hold in their hands againgst all kinds of 'bloody-bridges'. i liked and felt the real burning sensation. keep burning, never-endingly. love, sunil.

  മറുപടിഇല്ലാതാക്കൂ