gfc

കവിതയെ പറ്റി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിതയെ പറ്റി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വിഷയം

ഒരു കവിതയെഴുതണം.
എന്താണിപ്പോ എഴുതുക
അരിക്കൊക്കെ ഇപ്പോ എന്താ വില
കിലോയ്ക്ക് 13 മുതല്‍ 18വരെ കൊടുക്കണം.
പാടം നികത്തിയവരെ
പാഠം പഠിപ്പിക്കാനാണെന്ന്
ഒരു സഖാവ് സ്വകാര്യമായി എന്നോട് പറഞ്ഞിരുന്നു
രണ്ടു മൂന്നു ദിവസം പണി മുടങ്ങിയാല്‍
കൂലിപ്പണിക്കാര്‍ എന്തു ചെയ്യും.
പട്ടിണി മരണമൊന്നും കേള്‍ക്കുന്നില്ല.
ഓ..അതൊക്കെ പഴഞ്ചന്‍ വിഷയമല്ലേ.

വി.എസ്.അച്യുതാനന്ദന് നല്ല ഇമേജുള്ള കാലത്ത്
വി.എസ്സേ വാഴ്ക വാ‍ഴ്ക എന്ന്
കവിതയെഴുതാന്‍ കോപ്പുകൂട്ടിയതാണ്
അന്നത് നടന്നില്ല.
ഇന്ന് കാലഹരണപ്പെട്ട വി.എസ് നടക്കില്ലെന്നു മാത്രമല്ല
മുട്ടിലിഴയുക കൂടി ചെയ്യുന്നില്ല.



ഒരു ജയനെ കിട്ടിയിരുന്നെങ്കില്‍............
ഒരു കവിത എഴുതാമായിരുന്നു..... എന്ന് പറഞ്ഞത്
മോഹനകൃഷ്ണന്‍ കാലടി കേട്ടു.
ഇനിയിപ്പോ രജനീകാന്തുണ്ട് ബാക്കി.
തലൈവരേ വിടില്ല ഞാന്‍.
(പ്രേം നസീറിനെക്കുറിച്ചെഴുതിയ
ഹരികുമാറിന്റെ സ്ഥിതിയാവുമോ എന്തോ...)



നമ്മുടെ റോഡുകളുടെ സ്ഥിതി നോക്കൂ
ഒരു വര്‍ഷമായി ഇതേപോലെ
കുണ്ടും കുഴിയുമായി കിടക്കുന്നു.
അവ കുണ്ടും കുഴിയുമായി മാത്രമേ വളരുന്നുള്ളൂ
റോഡുകളായി വളരുന്നില്ല.
അതിനെക്കുറിച്ച് തന്നെ എഴുതാം.
എന്തൊരു സാമൂഹ്യ പ്രതിബദ്ധത എന്ന്
നാലാള് നോട്ടുമാലയിട്ടാലോ...

അടുത്തു വരുന്ന തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി
നാളെ ആ റോഡങ്ങട്ട് ടാര്‍ ചെയ്താലോ
നമ്മുടെ കവിതേം അതിലിട്ട് മൂടില്ലേ...
ഛേ!കാലാതിവര്‍ത്തിയല്ലാത്ത കവിതയോ മോശം.
(പാടില്ല പാടില്ല പാടെ നമ്മള്‍...
ഇന്നേ വരെ പാടിയിട്ടില്ല,
ഇനി പാടുകയുമില്ല)



പിന്നെ ഞാനെന്ത് തേങ്ങാക്കുലയെക്കുറിച്ച് എഴുതും?
അതു കൊള്ളാം,നല്ല വിഷയമാണ്,തേങ്ങാക്കുല.
കുലകുലയായിക്കിടക്കുന്ന തേങ്ങകളേ
നിങ്ങള്‍ നാളെ ചമ്മന്തിയോ വെളിച്ചെണ്ണയോ...
ഛെ! ഇതൊക്കെ എന്തോന്ന് കവിത.
അല്ലെങ്കില്‍ വേണ്ട,
വായനക്കാരാ,ഇതില്‍ കൂടുതല്‍
വലിച്ചു നീട്ടി നിങ്ങളുടെ വിലപ്പെട്ട സമയം
അപഹരിക്കുന്നത് അനീതി തന്നെ.
വിഷയദാരിദ്ര്യം എന്ന വിഷയത്തേക്കാള്‍
നല്ല വിഷയം വേറെയില്ലെന്ന്
മനസ്സിലായില്ലേ വിഷയലമ്പടരേ...

അനുബന്ധം-എഴുത്തിന്റെ വഴി

ഒരുവര്‍ഷമായി ഞാന്‍ എങ്ങനെ എഴുതുന്നു എന്ന് വിശദമാക്കുന്നത് എഴുത്തിനെക്കുറിച്ചുള്ള ചില ധാരണകളെ തിരുത്താന്‍ സഹായിച്ചേക്കാം.വാര്‍ഷിക പോസ്റ്റില്‍ പറയും വിധം ആദ്യകാലത്ത് എന്റെ എഴുത്ത് വളരെ നൈസര്‍ഗ്ഗികമായി സംഭവിക്കുന്ന ഒന്നായിരുന്നു.വേഡ്സ് വര്‍ത്ത് പറഞ്ഞ വിധത്തില്‍ കവിത പൊടുന്നനെയുള്ള ഒരു കവിഞ്ഞൊഴുകല്‍ ആണെന്നു തന്നെയാണ് ഞാന്‍ പഠിച്ചതും വിശ്വസിച്ചിരുന്നതും.എന്നാല്‍ ഇത്തരത്തിലുള്ള ഒരു സ്വാഭാവിക എഴുത്തില്‍ നിന്ന് ക്രമേണ ഞാന്‍(ജീവിത സാഹചര്യങ്ങള്‍) എന്നെത്തന്നെ പിന്തിരിപ്പിച്ചതിനാല്‍ ഈ അത്ഭുതം(കവിഞ്ഞൊഴുകല്‍) എന്റെ ജീവിതത്തില്‍ നിന്ന് നിഷ്ക്രമിച്ചു.എഴുത്തിനോടുള്ള അനുരാഗം തന്നെയാണ് ഏതുവിധേനയും എഴുതുക എന്ന ഒരാശയത്തില്‍ എന്നെ എത്തിച്ചത്.

ഉള്ളടക്കം,കീര്‍ത്തനം,പിടികിട്ടാപ്പുള്ളി,മുറിയിലുള്ളത് തുടങ്ങിയ കവിതകളൊക്കെ വൈവാഹിക ജീവിതത്തിനു തൊട്ടുമുന്‍പുണ്ടായ ചില പ്രശ്നങ്ങളാല്‍ എഴുതപ്പെട്ട കുറിപ്പുകളാണ്.കവിത എന്ന് ഞാനും അവയെ വിളിച്ചിരുന്നില്ല.കുറിപ്പുകള്‍ എഴുതാന്‍ ഒരു പുസ്തകം ഉപയോഗിച്ചിരുന്നു. ഒരു തരം പരിശീലനം പോലെ ദിവസവും രാവിലെ എഴുന്നേറ്റാലുടന്‍ എന്തെങ്കിലും എഴുതിപ്പോന്നു. ബ്ലോഗിങ് തുടങ്ങിയതിനു ശേഷവും ഇതേ തരത്തിലുള്ള ഒരു എഴുത്തുസമ്പ്രദായമാണ് ഞാന്‍ തുടര്‍ന്നത്.വാര്‍ഷിക പോസ്റ്റില്‍ പലരും ആവശ്യപ്പെട്ടതു പോലെ എഴുതാന്‍ തോന്നുമ്പോള്‍ മാത്രം എഴുതുക എന്നു വിചാരിച്ചിരുന്നാല്‍ ഈ ബ്ലോഗില്‍ 2007ല്‍ എഴുതിയ ഒരു കവിത പോലും ഉണ്ടാവില്ലായിരുന്നു.വളരെ സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ എഴുതാന്‍ വേണ്ടിത്തന്നെ എഴുതുകയാണ്.ഇതൊരു പാപമായി ഞാന്‍ കണക്കാക്കുന്നില്ല.ഒരു പ്രത്യേക ആശയം രൂപപ്പെടുകയും അതെഴുതാത്തതുകൊണ്ട് വല്ലാത്ത മാനസികപ്രശ്നങ്ങള്‍ ഉണ്ടാവുകയും അങ്ങനെ ഉല്‍ക്കടമായ ഒരു വിചാരത്തോടുകൂടി എഴുതപ്പെടുകയും ചെയ്യുന്നതല്ല എന്റെ ബ്ലോഗ് കവിതകള്‍.മറിച്ച് എന്തെങ്കിലും എഴുതണം എന്ന വിചാരത്തോടെ(ആ വിചാരം ഉല്‍ക്കടമായൊരു വിചാരം തന്നെയാണ്)പൊടുന്നനെ എഴുതിയിട്ടുള്ളവയാണവ.ഒറ്റയിരുപ്പില്‍ മൂന്നുംനാലും കവിതകള്‍ ചിലപ്പോള്‍ എഴുതുന്നു.പൊതുവെ മിനുക്കിയെഴുതുകയോ മാറ്റിയെഴുതുകയോ ചെയ്യാറില്ല. ഇങ്ങനെ വളരെ കൃത്രിമമായ ഒരു രചനാമാര്‍ഗമാണ് എന്റേത്.എങ്കിലും തുടര്‍ച്ചയായി ഇങ്ങനെ എഴുതിയെഴുതി നൈസര്‍ഗ്ഗികരചനാരീതിയുടെ ആനന്ദവും സ്വാഭാവികമായ ഒരൊഴുക്കും ഈ എഴുത്തുപ്രക്രിയയില്‍ ഞാന്‍ അനുഭവിച്ചുതുടങ്ങിയിട്ടുണ്ടെന്ന അത്ഭുതകരമായ സത്യം ഞാനിവിടെ പങ്കുവെക്കുന്നു.

എഴുത്ത് സാമൂഹ്യപ്രതിബദ്ധതയുള്ളതാവണം എന്ന ആശയത്തോട് എനിക്ക് യോജിപ്പാണ്.ഓരോ രചനയും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാവണം എന്നൊക്കെ പറയുന്നവരെ ആദരവോടെയാണ് ഞാന്‍ കാണുന്നത്.എന്നാല്‍ എല്ലാ സാഹിത്യ രചനകളും കലാത്മകതയുള്ളതാവണം എന്ന ആശയമാണ് എനിക്ക് പ്രഥമഗണനീയമായി തോന്നുന്നത്.കലാത്മകതയില്ലാത്ത ഒരു രചനയും രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ ആവില്ല.രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ പറ്റാത്തതുകൊണ്ട് ഒരു രചന മോശം രചനയായി കണക്കാക്കാനുമാവില്ല.എന്നാല്‍ ഒരെഴുത്തുകാരന്‍ ഏതൊരാശയത്തെ വിനിമയം ചെയ്യുന്നതിനാണോ ഒരു രചന നിര്‍വഹിച്ചിരിക്കുന്നത് അതിന് നേര്‍വിപരീതമായ ഒരാശയത്തെ പോഷിപ്പിക്കാന്‍ ഉതകുന്ന ഒരു വ്യാഖാനം അതിനു സാധ്യമാവുന്നുവെങ്കില്‍ ആ എഴുത്ത് പരാജയപ്പെട്ടുവെന്ന് കണക്കാക്കേണ്ടി വരും.വര്‍ഗ്ഗീയ വിരുദ്ധമായ സന്ദേശം നല്‍കുന്നതിന് ആവിഷ്കരിക്കപ്പെട്ട ഒരു കൃതി വര്‍ഗ്ഗീയത വളര്‍ത്താന്‍ എന്നെങ്കിലും സമൂഹം ഉപയോഗപ്പെടുത്തുന്നത് തന്നെയാണ് ഏറ്റവും വലിയ ദുരന്തം.എല്ലാ വൈയക്തികാനുഭവങ്ങള്‍ക്കും അതിന്റേതായ ഒരു രാഷ്ട്രീയ പരിസരമുണ്ട്.
എഴുത്തുകാരന്‍ ഇതൊക്കെ ബോധപൂര്‍വമാണ് ആവിഷ്കരിക്കുന്നത് എന്നത് ശരിയായിക്കൊള്ളമെന്നില്ല.ഉദാഹരണത്തിന് അടുത്തിടെ വായിച്ച ഒരു നിരൂപണത്തില്‍ പവിത്രന്‍ തീക്കുനിയുടെ കവിതകളിലെ സ്ത്രീ മലര്‍ന്നുകിടക്കുന്ന ഒരു ഭോഗവസ്തു മാത്രമാണെന്ന് അപഗ്രഥിച്ചെഴുതിയതുകണ്ടു.എഴുത്തുകാരന്റെ ബോധാബോധങ്ങള്‍ പണിതുണ്ടാക്കുന്ന രചനകള്‍ അയാളെതന്നെ ഒറ്റിക്കൊടുക്കുന്ന കാഴ്ച്ചയാണിത്.പ്രതിലോമകരമായ കവിയുടെ ചിന്താഗതികൊണ്ട് വന്നുപെട്ടതാണിത് എന്നത് വാസ്തവം.

നമ്മുടെ ബ്ലോഗ് കവിതകളുടെ രാഷ്ട്രീയത്തെക്കുറിച്ച് ശരിക്കും ഒന്ന് പഠിക്കേണ്ടതുണ്ട്.ഞാനടക്കമുള്ള പലരുടെയും കവിതകള്‍ അതികാല്പനികതയാല്‍ ചെടിപ്പുണ്ടാക്കുന്നവയായി മാറിയിട്ടുണ്ട്.ഒരു കൌതുകത്തിനപ്പുറത്തേക്ക് പല കവിതകളും കടക്കുന്നില്ല.സുഖദമായ വാക്കുകള്‍ കൊണ്ട് പ്രതിലോമകരമായ ഒരു അന്തരീക്ഷത്തെ സൃഷ്ടിക്കുകയും വായനക്കാരനെ എഴുത്തുകാരന്‍ വിനീത വിധേയനാക്കുകയും ലഹരി പിടിപ്പിക്കുകയും ചെയ്യുന്നുണ്ട് ചില കവിതകളില്‍.കഠിന വേദനകളുടെ കവിത വായിക്കുമ്പോഴും വായനക്കാരന് കിട്ടുന്നത് മധുരതരമായ ഒരനുഭൂതിയാണെങ്കില്‍...
ഇങ്ങനെ പഞ്ചസാര കൂടിയ കവിതകളേക്കാള്‍ ദീര്‍ഘകാലം മടുപ്പിക്കാതെ നില്‍ക്കും ലാപുടയുടെ വികാരങ്ങള്‍ വര്‍ജ്ജിച്ച കവിതകള്‍ എന്നെനിക്ക് തോന്നിയിട്ടുണ്ട്.
പ്രമോദിന്റെ കവിതകളിലും കാല്പനികതയുടെ ഈ അതിമധുരം ഇല്ല.

ഒരു ഞൊടിയിടയില്‍ പൊട്ടിവിരിയുകയും മാഞ്ഞു പോവുകയും ചെയ്യുന്ന വര്‍ത്തമാനകാലത്തിന്റെ വിസ്മയങ്ങളുടെ തനിപ്പകര്‍പ്പാണ് പല കവിതകളും.അവയ്ക്ക് അമരത്വം ആവശ്യമില്ല.വ്യക്തമായ ഒരു ഓര്‍മ പോലും അവ വായനക്കാരനോട് ആവശ്യപ്പെടുന്നില്ല.വായനക്കാരന്റെ തലച്ചോറില്‍ അവയ്ക്ക് നിത്യമായ/വ്യക്തമായ ഒരു ഇരിപ്പിടം ആവശ്യമില്ല.അല്ലെങ്കിലും ഒരു സൃഷ്ടി എന്ന നിലയില്‍ അനശ്വരമായിരിക്കുക എന്നത് പ്രകൃതിവിരുദ്ധമായ ഒരു സംഗതിയാണ്.പാട്ടുകവിതകള്‍ ഈ അനശ്വരതയെയാവണം ആഗ്രഹിച്ചിരുന്നത്.എങ്കിലും ഏതുതരം കവിതയ്ക്കും ഒരു ജീവിതകാലം ഉണ്ടാവും.അതിന്റെ ദൈര്‍ഘ്യം വളരെ കുറഞ്ഞു വരുന്നത് കവിയുടെ കാലുകള്‍ പുതിയ കാലത്ത് ആയതുകൊണ്ടു തന്നെയാവും.ഒരുതരത്തിലുള്ള ഓര്‍മകളുടെ ഭാരവും പുതിയ കാലത്തെ ചെറുപ്പക്കാര്‍ കൊണ്ടു നടക്കാന്‍ ഇച്ഛിക്കുന്നില്ല.എങ്കിലും പഴയ കവിതയുടെ ആ വസന്തകാലം നീന്തിയവര്‍ ദുഃഖത്തോടെ ഈ മരുപ്പറമ്പില്‍ നിന്ന് ഉച്ചത്തില്‍ പഴിക്കുന്നത് ഞാനും കേള്‍ക്കുന്നുണ്ട്.പറയാതിരിക്കാന്‍ തരമില്ല.ഒരു തിരിച്ചുപോക്ക് അസാധ്യമാണ്.

നിങ്ങളെന്നെ എന്താക്കി...(ബ്ലോഗ് വാര്‍ഷികക്കുറിപ്പ് )

മേല്‍ക്കുറി:ഈ കുറിപ്പില്‍ ഉടനീളം ഞാന്‍,എന്നെ,എനിക്ക്,എന്റെ എന്നൊക്കെ ധാരാളം ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട് എന്ന് സങ്കോചത്തോടെ ഓര്‍മിക്കുന്നു.വായനക്കാര്‍ ക്ഷമിക്കണം.(ഒരു തവണ ക്ഷമിച്ചാല്‍ മതി)


പ്രീഡിഗ്രിക്കാലം മുതല്‍ ഞാന്‍ കവിതകള്‍ എഴുതിയിരുന്നു.അക്കാലത്ത് വയനാട്ടില്‍ കവിയരങ്ങുകള്‍ ഉണ്ടാകുമായിരുന്നു.ചില കവിയരങ്ങുകളിലൊക്കെ കവിത അവതരിപ്പിക്കാനും പോകുമായിരുന്നു.ഞാനെഴുതിയ കവിതകളൊക്കെ ഈണവും താളവുമുള്ളതായിരുന്നു. ഒരിക്കല്‍ കല്പറ്റയില്‍ കെ.ജി.എസ്സിന് ഒരു സ്വീകരണമുണ്ടായി.കല്പറ്റയിലുണ്ടായിരുന്ന എന്റെ ഒരു സ്നേഹിതന്‍ വിളിച്ചതു കൊണ്ട് ആ പരിപാടി കാണാന്‍ ഞാനും പോയി.കല്‍പ്പറ്റ നാരായണനും ആ ചടങ്ങില്‍ പങ്കെടുത്തിരുന്നു.കാല്‍പ്പനികതയോടുള്ള തന്റെ അറപ്പിനെക്കുറിച്ച് അന്ന് ആ വേദിയില്‍ കെ.ജി.എസ് പറയുകയുണ്ടായി.തന്റെ നിലപാടിനെ ന്യായീകരിക്കാന്‍ അദ്ദേഹം ഒരു പഴയ നാടക ഗാനം ഉദ്ധരിച്ചു:



‘ചക്കരപ്പന്തലില്‍ തേന്മഴ ചൊരിയും ചക്രവര്‍ത്തികുമാരാ...

നിന്‍ മനോരാജ്യത്തെ രാജകുമാരിയായ് വന്നു നില്‍ക്കാനൊരു മോഹം...’



ചെറുപ്പത്തില്‍ ഈ ഗാനം കേള്‍ക്കുമ്പോള്‍ ആ രംഗം അദ്ദേഹം സങ്കല്പിച്ചു നോക്കുമായിരുന്നത്രേ.ചക്കരകൊണ്ടുള്ള പന്തല്‍,എന്തായിരിക്കും സ്ഥിതി!അങ്ങനെയുള്ള പന്തലില്‍ തേന്മഴയും കൂടി ആയാലോ...?ഈച്ചകളെക്കൊണ്ട് ഇരിക്കപ്പൊറുതി ഉണ്ടാവില്ല.ഈ തരത്തിലായിരുന്നത്രേ അദ്ദേഹം ചിന്തിച്ചത്. കെ.ജി.എസ് പോയിക്കഴിഞ്ഞപ്പോള്‍ എന്റെ കൂട്ടുകാരന്‍ എന്നോട് പാതി കളിയായും പാതി കാര്യമായും പറഞ്ഞു.ഗദ്യത്തില്‍ കവിതയെഴുതാതെ നിനക്കൊന്നും ഇനി രക്ഷയില്ല.കൂട്ടുകാരന്റെ അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ലായിരുന്നെങ്കിലും പില്‍ക്കാലത്ത് ഞാന്‍ ഗദ്യകവിതകള്‍ എഴുതി.



അക്കാലത്ത് ഞാന്‍ കഥകളും എഴുതിയിരുന്നു.എഴുതുന്നവയെല്ലാം പത്രമാധ്യമങ്ങള്‍ക്ക് നിരന്തരം അയച്ചുകൊണ്ടിരുന്നു.കവിത അയക്കുക താരതമ്യേന ചെലവു കുറവാണ്.കഥ അയയ്ക്കണമെങ്കില്‍ കൂടുതല്‍ സ്റ്റാമ്പു വേണം.തിരിച്ചുകിട്ടണമെങ്കില്‍ സ്റ്റാമ്പൊട്ടിച്ച കവര്‍ അടക്കം ചെയ്യണം.പലപ്പോഴും ഇതിനൊക്കെ പണം കണ്ടെത്തുക പ്രയാസമായിരുന്നു.എന്നിട്ടും വല്ലവിധേനയും ഈ അയപ്പ് തുടര്‍ന്നു.എല്ലാ മുഖ്യധാരാ മാധ്യമങ്ങളും തിരിച്ചയപ്പ് തുടര്‍ന്നു.പിന്നെപ്പിന്നെ ചില സമാന്തര മാസികകകള്‍ ഏതാനും കവിതകള്‍ പ്രസിദ്ധീകരിച്ചു.അക്കൂട്ടത്തില്‍ കവിതാസംഗമം എടുത്തുപറയാവുന്ന ഒന്നാണ്.ഇടയ്ക്ക് ആ മാസിക നിന്നപ്പോള്‍ എന്റെ പ്രതീക്ഷ നശിച്ചു.എഴുത്ത് കുറഞ്ഞു വന്നു.അയപ്പ് മുഴുവനായും നിര്‍ത്തി.



വിവാഹം കഴിഞ്ഞപ്പോള്‍ ഒരു മരവിപ്പ് എന്നെ പിടികൂടി.ഒരു വര്‍ഷത്തോളം ഒരൊളിവുജീവിതമായിരുന്നു എന്റേത്.വീട്ടുകാര്‍ക്ക് ഞാന്‍ വിവാഹം കഴിച്ചതായി അറിയാമായിരുന്നെങ്കിലും നാട്ടുകാരെ അറിയിക്കരുതെന്ന് അവര്‍ വാശിപിടിച്ചിരുന്നു.സഹോദരിമാരുടെ വിവാഹമായിരുന്നു പ്രശ്നം.വാടകമുറി വല്ലാത്ത വിരസത സമ്മാനിച്ചു.ഒടുവില്‍ ഒരു ടെലിവിഷന്‍ വാങ്ങി.കേബിള്‍ കണക്ഷനും എടുത്തു.ചാനലുകള്‍ മാറിമാറി കണ്ടുകൊണ്ടിരുന്നു.ക്രമേണ എഴുത്ത് എന്നെ വിട്ടതാ‍യി എനിക്ക് ബോധ്യപ്പെട്ടു. കമ്പ്യൂട്ടര്‍ പഠിക്കാന്‍ പോയി.ഒന്നും പഠിച്ചില്ല.രണ്ടുവര്‍ഷം കഴിഞ്ഞ് കമ്പ്യൂട്ടര്‍ വാങ്ങി സ്വയം പഠിച്ചു.രണ്ട് വര്‍ഷത്തിനു ശേഷം നെറ്റ് എടുക്കാന്‍ വേണ്ടി മാത്രം ജി.പി.ആര്‍.എസ് സൌകര്യമുള്ള മൊബൈല്‍ വാങ്ങി. ഗൂഗിളില്‍ വെറുതെ ഒരു രസത്തിന് vishnu,malayalamഎന്നൊക്കെ അടിച്ച് സെര്‍ച്ച് ചെയ്തപ്പോള്‍ അരുണ്‍ വിഷ്ണുവിന്റെ ബ്ലോഗ് കണ്ടു.അവിടെ ഫോണ്ട് ഡൌണ്‍ലോഡിങ് സംബന്ധിച്ച വിവരം ഉണ്ടായിരുന്നതിനാല്‍ ഫോണ്ട് ഡൌണ്‍ ലോഡ് ചെയ്ത് ആ ബ്ലോഗ് വായിക്കാനായി.അതാണ് ഞാന്‍ ആദ്യം വായിച്ച യൂണികോഡ് മലയാളത്തിലുള്ള ബ്ലോഗ്.അവിടെയുള്ള ബ്ലോഗ് പട്ടികയില്‍ നിന്ന് പിന്നീട് പല മലയാളം ബ്ലോഗുകളിലേക്കും തനിമലയാളത്തിലേക്കും പോയി. ആ മാസം തന്നെ ഞാന്‍ ഒരു ബ്ലോഗ് തുടങ്ങി.butterfly എന്നായിരുന്നു ബ്ലോഗിന്റെ പേര്.അതില്‍ കാര്യമായ പോസ്റ്റുകള്‍ ഒന്നും ഇട്ടില്ല.ഇപ്പോഴും അത് അങ്ങനെ തന്നെ കിടക്കുന്നു.അധിക ദിവസം കഴിയുന്നതിനുമുന്‍പ് സ്കൂള്‍കുട്ടി എന്ന ബ്ലോഗ് തുടങ്ങി.അതില്‍ ഒരു ചിത്രവും ആദ്യമായി രണ്ടു വരി മലയാളവും എഴുതി പോസ്റ്റി.കലേഷിന്റെ വക ഒരു കമന്റ് വന്നു.പിന്നെയാണ് പ്രതിഭാഷ തുടങ്ങുന്നത്. തുടക്കത്തില്‍ പെരിങ്ങോടനാണ് കാര്യമായി പ്രോത്സാഹിപ്പിച്ചത്.ഈ ബ്ലോഗില്‍ ഇപ്പോല്‍ കിടക്കുന്ന ആദ്യത്തെ കമന്റ് അഗ്രജന്റേതാണ്.

സെപ്റ്റംബറില്‍ ബ്ലോഗ് തുടങ്ങിയെങ്കിലും ഞാന്‍ കുറേക്കാലത്തേക്ക് പുതിയതായി ഒന്നും എഴുതിയില്ല.പണ്ട് എഴുതി വെച്ച കവിതകള്‍ പോസ്റ്റുകയായിരുന്നു.എത്ര എഴുതണമെന്ന് ആശിച്ചാലും പുതിയതായി ഒരുവരിപോലും എഴുതാനാവാത്ത അവസ്ഥ.ഒടുവില്‍ നവംബര്‍ അവസാനം നാലുവരി പുറത്തു വന്നു.ആശംസ എന്ന പേരില്‍ എഴുതിയ ആ നാലുവരികളാണ് ഈ ബൂലോകം എനിക്ക് ആദ്യം തന്ന കവിത.തുടര്‍ന്ന് ഒരാഴ്ച്ച കഴിഞ്ഞ് (അ)ന്യായം എന്ന പേരില്‍ ഒരു നാലുവരി കൂടി പുതിയതായി എഴുതി.ഇതു രണ്ടും നല്ല കവിതകള്‍ എന്ന നിലയില്‍ എന്നെ ആശ്വസിപ്പിച്ചിരുന്നില്ല.ജന്മം എന്ന കവിതയാണ് പിന്നീട് എഴുതുന്നത്.അത് വലിയ കുഴപ്പമില്ല എന്ന് എന്നെ തോന്നിച്ചിരുന്നു.അതിനുശേഷം ബ്ലോഗിനുവേണ്ടി മാത്രം എഴുതിയ പിന്മൊഴികളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ വന്നു.അത് എനിക്ക് ഒരല്പം കൂടി ഊര്‍ജ്ജം തന്നു.പതിവിലേറെ ആളുകള്‍ വായിച്ചു.(എനിക്കിപ്പോഴും ധാരാ‍ളം വായനക്കാരൊന്നുമില്ല.)ഡിസംബര്‍ പകുതിയായപ്പോള്‍ ഒരു കവിത ഞാനെഴുതി:കുളം+ പ്രാന്തത്തി.ഈ കവിതയോടു കൂടി നഷ്ടപ്പെട്ട എഴുത്തുസൂത്രം എനിക്ക് തിരിച്ചുകിട്ടി.അതിനു ശേഷം ഇന്നോളം എഴുതിയ കവിതകള്‍ക്ക് ജീവന്‍ തന്നത് ഈ കവിതയാണ്.

ഇപ്പോള്‍ ആഴ്ച്ചയില്‍ മൂന്നും നാലും കവിതകള്‍(?)എഴുതി പോസ്റ്റ് ചെയ്യുന്നതിനെ
പലരും വിമര്‍ശിച്ചിട്ടുണ്ട്.അവര്‍ക്കറിയില്ല,ഈ എഴുത്തിന്റെ നൈരന്തര്യം കാത്തുസൂക്ഷിക്കാന്‍ ഞാന്‍ പെടുന്ന പാട്...:)ഒരു നോട്ടക്കുറവു കൊണ്ട് ഇനിയും വിട്ടുപോയാല്‍... നല്ല രചനകള്‍ മാത്രം എഴുതാന്‍ വേണ്ടി ഞാന്‍ കാത്തിരുന്നാല്‍ ഒരു പക്ഷേ ആ മരവിപ്പ് വീണ്ടും കയറിവരുമോ എന്ന് ഞാന്‍ ഭയക്കുന്നു.അതുകൊണ്ട് ചവറുകളും എഴുതുന്നു.എപ്പോഴെങ്കിലും ഒരു നല്ലത് സംഭവിക്കുന്നു.

മെയിലുകളിലൂടെ സുനില്‍ ജി കൃഷ്ണനെ പരിചയപ്പെട്ടു.ചിന്തയിലേക്ക് കവിതകള്‍ ആവശ്യപ്പെട്ടു.പ്രതിഭാഷയിലെ കവിതകളുടെ ഒരു പി.ഡി.എഫ് അയച്ചു തന്നു.എന്റെ കവിതകളെക്കുറിച്ച് അയാളുടെ സുഹൃത്ത് പറഞ്ഞ നല്ലവാക്കുകള്‍ എന്നെ അറിയിച്ചു.എന്റെ കവിതകള്‍ ആളുകള്‍ കാണാതെ പോവരുതെന്നു കരുതി
പലര്‍ക്കും പി.ഡി.എഫ് ആയി താന്‍ അയച്ചിട്ടുണ്ടെന്ന് സുനില്‍ ആ മെയിലില്‍ പറഞ്ഞത് അക്ഷരാര്‍ഥത്തില്‍ എന്നെ കരയിപ്പിച്ചു.വികാരാധീനനായാണ് ഞാനാ മെയിലിന് മറുപടിയിട്ടത്.


പരാജിതന്‍ എന്ന ബ്ലോഗറുടെ ഇടപെടലുകളാണ് ഈ ബ്ലോഗ് കവിതകളെ ശ്രദ്ധേയമാക്കാന്‍ സഹായിച്ചതെന്ന് ഞാന്‍ കരുതുന്നു.എന്റെ ആദ്യകാല രചനകളിലൊന്നായ പിടികിട്ടാപ്പുള്ളി എന്ന കവിത ഹരിക്ക് ഇഷ്ടമായിരുന്നു.അന്ന് ബ്ലോഗ് ഒന്നും തുടങ്ങിയിട്ടില്ലാതിരുന്ന വിശാഖിനോട് എന്റെ കവിതകളെക്കുറിച്ച് പറഞ്ഞത് ഹരിയാണ്(പരാജിതന്‍). വിശാഖിലൂടെയാണ് പരമു പ്രതിഭാഷയിലെ കവിതകള്‍ കണ്ടിട്ടുണ്ടാവുക.ഒരു ദിവസം രാത്രി രണ്ടു പേരും എന്നെ ഫോണില്‍ വിളിച്ചു.കവിതകള്‍ ഇഷ്ടമായെന്നും സംസാരിക്കാന്‍ താത്പര്യമുണ്ടെന്നും പറഞ്ഞു.ഒരു പാട് സന്തോഷം തോന്നി.അതിനെ തുടര്‍ന്ന് വിശാഖ് ബ്ലോഗ് തുടങ്ങി.പരമു എന്റെ കവിതകളെക്കുറിച്ച് ഒരു പഠനം അവതരിപ്പിച്ചു.എന്റെ എഴുത്തിനെ പുനരുജ്ജീവിപ്പിച്ചതില്‍ പരമുവിന്റെ ആ വായനയും അതുണ്ടാക്കിയ ചര്‍ച്ചകള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ട്.



ബ്ലോഗിങ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ചില കാര്യങ്ങള്‍ ഞാന്‍ തിരിച്ചറിയുന്നുണ്ട്:

എന്റെ എഴുത്തിന്റെ ശൈലിയെത്തന്നെ വായനക്കാര്‍ വഴിതിരിച്ചുവിടുന്നുണ്ടെന്ന സംഗതിയാണൊന്ന്.മറ്റൊരു മാധ്യമത്തിലും സംഭവിക്കാനിടയില്ലാത്ത ഒന്നാണിത്.ഇതിനെ അതിജീവിക്കുക എന്നതാണ് ബ്ലോഗുകളില്‍ നല്ല എഴുത്തുകാര്‍ നേരിടുന്ന പ്രശ്നം.കമന്റുകള്‍ ഒരു ഫില്‍ട്ടറിങ് പ്രോസസ് ആയി മാറും.വായനക്കാരന് ഇഷ്ടമുള്ളത് എഴുത്തുകാരന്‍ കണ്ടെത്തുകയും വായനക്കാരനു വേണ്ടി എഴുത്തുകാരന്‍ തന്റെ വഴി മാറുകയും ചെയ്തേക്കും.അതായത് വായനക്കാരന്‍ തെളിക്കുന്ന വഴിയിലേക്ക് എഴുത്തുകാരന്‍ സഞ്ചരിക്കുന്ന ഒരു ദുരന്തമുണ്ടാവുകയാണെങ്കില്‍ അത് ഏറ്റവും വേഗത്തില്‍ സംഭവിക്കുന്ന മാധ്യമം ബ്ലോഗ് ആയിരിക്കും.



ഈ പോസ്റ്റില്‍ പരാമര്‍ശിക്കപ്പെട്ട എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും

ഗൂഗിളിനും ബ്ലോഗറിനും കെവിനും(അഞ്ജലി) പെരിങ്ങോടനും(കീ മാന്‍) സിബുവിനും(വരമൊഴി) ഏവൂരാനും പഴയ പിന്മൊഴി ടീമിനും ചിന്തയ്ക്കും മൂന്നാമിടത്തിനും ഓരോ പോസ്റ്റും വന്ന് വായിച്ചും കമന്റിട്ടും ഒരു വര്‍ഷം എന്നെ സഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാ വായനക്കാര്‍ക്കും നന്മകള്‍,നന്ദി.





അടിക്കുറിപ്പ്:ബ്ലോഗ് ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എഴുത്ത് തുടരില്ലായിരുന്നു..ബ്ലോഗില്‍ വന്നതുകൊണ്ടു മാത്രം 63 പുതിയ കവിതകള്‍(നല്ലതും ചീത്തയും) എഴുതി...:) വായനക്കാരേ,നിങ്ങള്‍ മാത്രമാണ് ഇതിന് ഉത്തരവാദികള്‍...

രണ്ട് അലവലാതികള്‍

കവിതയിലേക്ക് അനുവാദമില്ലാതെ
കടന്നുകയറി വരുന്ന മരണം
പ്രണയം തുടങ്ങിയ സംഗതികളെ
കുനിച്ചു നിര്‍ത്തി കൂമ്പിനിടിക്കണം.
കവിതാന്ന് കേട്ടാ മതി...
പാഞ്ഞു വന്നോളും.
അല്ല,നിങ്ങക്കാ‍രെങ്കിലും
കവിതേല് കൈവിഷം
കലര്‍ത്തി തന്നാ...

കവിത എന്ന നിയമലംഘനപ്രസ്ഥാനം

കവിത കവര്‍ച്ചക്കാരന്റെ കൈ.
കവിത കൊലപാതകിയുടെ തോക്ക്.
വായനക്കാരാ നിന്നെ ഒറ്റവെടിക്ക്
കൊല്ലുക തന്നെയാണ് എന്റെ ഉന്നം.
നിന്റെ ഹൃദയം കവര്‍ന്നില്ലെങ്കില്‍
എന്റേത് പാഴ്ജന്മം.
ഇതൊന്നും വായിച്ചിട്ട് നീ ചത്തില്ലെങ്കില്‍
ഞാന്‍ പരാജയപ്പെട്ട നിയമലംഘകന്‍ .
വധശ്രമത്തിന്
എന്നെ അറസ്റ്റ് ചെയ്യുക.
വിലങ്ങണിഞ്ഞ്,നിന്നെ തിരിഞ്ഞുനോക്കി
നിയമപാലകരോടൊപ്പം ഞാന്‍ പോവുന്നത്
നിനക്ക് സങ്കല്പിക്കാനാവുന്നില്ലേ...