gfc

വയനാട് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വയനാട് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കാപ്പിപ്പൂക്കളുടെ മണം

കാപ്പിമരങ്ങള്‍ക്ക് മീതെ
കോടമഞ്ഞിന്റെ പാട വകഞ്ഞ്
കാപ്പിപ്പൂക്കളുടെ മണത്തില്‍
ഡങ്കട്ടക്കാ ഡങ്കട്ടക്കാ കൂയ് കൂയ് കൂയ്
ആ‍‌അ‌അ‌അ ആ‍‌അ‌അ‌അ ആ‍‌അ‌അ‌അ എന്ന്
ഒരു പണിയക്കളി ആടിയാടി വരുന്നുണ്ട്


കവാത്ത്‌പണിക്കു വന്നിരുന്ന കെമ്പന്‍
അട്ടകടിക്കാതിരിക്കാനുള്ള വലിയ ഷൂസും
കവാത്തുകത്തിയുമായി തോട്ടത്തിലൂടെ പോയതാണ്
പണിമാറ്റി പോയത് നേരാണെങ്കില്‍
ഏതെങ്കിലും പ്രഭാതത്തില്‍
വളഞ്ഞ കാലുകള്‍ മുന്നോട്ട് വെച്ച്
ടക് ടക് എന്നു വരേണ്ടതാണ്.
.
വര്‍ഷങ്ങള്‍ കഴിഞ്ഞു
പടരുന്ന **റെക്കകള്‍ ആരോ കോതുന്നു
ബലമില്ലാത്ത*കമ്പിച്ചീറുകള്‍ ആരോ ഒടിച്ചുകളയുന്നു
ഒച്ചകേട്ട ദിക്കിലേക്ക് നോക്കുമ്പോള്‍
ഒരു കറുത്ത കുള്ളന്‍ കാപ്പിത്തോട്ടത്തിലെ ഇരുട്ടായി മാറുന്നു.

ഇടിയും മഴയും...
ചരിഞ്ഞ കുന്നില്‍ നിരന്നു നിന്നിരുന്ന
പണിയരും പണിച്ചികളും
കുള്ളന്‍‌കാപ്പിമരങ്ങളായി .
കാപ്പിമരങ്ങളായ പണിയര്‍
മനുഷ്യരായ പണിയന്മാരെ
കാപ്പിത്തോട്ടങ്ങളിലേക്ക് വിളിച്ചു.
തലമുറ തലമുറയായി അവര്‍
കാപ്പിത്തോട്ടങ്ങളിലേക്ക് ഒഴുകി
ചിലപ്പോള്‍ കാപ്പിത്തോട്ടം
ചുവന്നുരുണ്ട കാപ്പിപ്പഴങ്ങളുടെ
വളകളണിഞ്ഞ കാപ്പിക്കൈകള്‍ കാട്ടി.
അനേകം പണിയരുടെ കൈകള്‍
ഓരോ കാപ്പിച്ചുവട്ടില്‍ നിന്നും പൊന്തിവന്നു.
കാപ്പിപ്പഴങ്ങളുടെ വളകള്‍ അഴിഞ്ഞഴിഞ്ഞ്
ചാക്കുകളും കുട്ടകളും നിറഞ്ഞു.
കാപ്പിപ്പഴങ്ങള്‍ തമ്പ്രാന്റെ മുറ്റത്ത്
ഉണങ്ങുകയും കറുക്കുകയും ചെയ്തു.
ഒരു ടില്ലര്‍ വന്നു കയറുംവരെ
മുറ്റത്തെ കുഴികളില്‍ പണിയര്‍ കാപ്പിക്കുരു
കുത്തിക്കൊണ്ടിരുന്നു:സ്സെ..സ്സെ..സ്സെ..

കാപ്പിത്തോട്ടത്തില്‍ ഒറ്റയ്ക്ക് പോയാല്‍
മൊട്ടുകളും കവരകളുമുള്ള കാപ്പി
പണിയനോ പണിച്ചിയോ ആയി
അനങ്ങിത്തുടങ്ങും.
സൂക്ഷിച്ചുനോക്കിയാല്‍
‘’എനായ്ത്തവാ എന്ന്ചോദിക്കും.


പുതുമഴേന്റെ പിറ്റേന്ന്
തലമുറകളുടെ സുഗന്ധം കാപ്പിത്തോട്ടങ്ങള്‍ക്കു
മുകളിലൂടെ പറന്നു
കാപ്പിമരങ്ങള്‍ അവയുടെ വായ തുറന്ന്
വെളുവെളുത്ത പല്ലുകള്‍ കാട്ടിച്ചിരിച്ചു.
കുന്നുകയറുന്ന വണ്ടിയിലിരുന്ന്
കാപ്പിത്തോട്ടങ്ങളുടെ ചിരി കണ്ടു.
പൊരിച്ചാക്കുകള്‍ മറിഞ്ഞുകിടക്കുന്ന മാതിരി.




**റെക്ക-ഭൂമിക്ക് തിരശ്ചീനമായി വളരുന്ന പാര്‍ശ്വശാഖകള്‍
*കമ്പിച്ചീറ്-കമ്പച്ചികിറ്,തായ്ത്തടിയില്‍ നിന്ന് പൊട്ടി ലംബമായി വളരുന്ന ചെറുശിഖരങ്ങള്‍

പോളന്‍

മരിക്കുന്നതിനു മുന്‍പ്
പോളന്‍ ഒന്നേ ആവശ്യപ്പെട്ടുള്ളൂ;
പച്ചിലകള്‍ നിറഞ്ഞ ഒരു മുരിക്കിന്‍കൈ
എടുക്കരുതെന്ന് പറഞ്ഞില്ല,പകരം
വൈദ്യുതക്കമ്പികള്‍ ജീവനെടുത്തു.
പതിനൊന്നു കെ.വി ലൈനില്‍
ഇപ്പോള്‍ ഒഴുകുന്നുണ്ട് ജീവന്‍.

ജീവിതത്തിന്റെചേമ്പിന്‍ താളില്‍
ഓണത്തിയുടെ കണ്ണീര്‍ നില്‍ക്കില്ല.
മുരിക്കിന്‍ കൊമ്പിലൂടെ
ചുള്ളിയോട്ടപ്പനിലേക്ക് പോയവന്‍
തിറയ്ക്ക് വരും.
അംബികയ്ക്കും വിനോദിനും
വളയും പൊരിയും വാങ്ങിക്കൊടുക്കാന്‍
ട്യൂബ് ലൈറ്റുകളുടെയും മാലബള്‍ബുകളുടെയും
പൊട്ടിച്ചിരിയായി അമ്പലപ്പറമ്പില്‍ നിറയും.
എന്നാലും....
പോളാ നീ വരണ്ട,
നിന്റെ കുട്ടികള്‍ കരയും.
വൈദ്യുതക്കമ്പികള്‍ തുലയട്ടെ.

എന്റെ മുറിയില്‍
ഒരു കൊലപാതകിയുടെ ചിരി നിറഞ്ഞു.

-------------------------------------------------------------------------------------------
ചുള്ളിയോട്ടപ്പന്‍-ഒരു പ്രാദേശിക ദൈവം
പോളന്‍ മരിച്ചപ്പോള്‍ ഞാന്‍ ഇങ്ങനെ എഴുതി ആത്മനിന്ദയോടെ ഇത്ര നാള്‍ മൂടിവെച്ചു.ഇനിയും മൂടിവെച്ചേനേ.പോളന് ഈ ഓര്‍മക്കുറിപ്പിരിക്കട്ടെ എന്നു തോന്നി.
ചിത്രകാരന്റെ അഭിപ്രായം മാനിച്ച് അവസാനവരികള്‍ മുറിച്ചുമാറ്റി.

ചുഴലി


വിളിച്ചതേയില്ല വീട്
കരഞ്ഞതേയില്ല കാട്

അനാഥനെന്ന്
ആത്മാവില്‍ മുദ്ര കുത്തി
ചുരം കടത്തിയ
ചുഴലി
തനിക്കുള്ളില്‍ കറങ്ങി
തനിക്കുള്ളില്‍ ഇലകളേയും
കടലാസുകളേയും കറക്കി
വെറുതെ...
എപ്പോഴും ഒച്ചയുണ്ടാക്കും

ഈ ഭൂമി തന്നെ
കറക്കിയെടുത്ത്
ഒരു ബലൂണു പോലെ
മുകളിലേക്ക് കൊണ്ടു
പോവുമെന്നൊക്കെ
ഒരിട തോന്നിപ്പിക്കും.

പിന്നെ എല്ലാ
കലമ്പലുകളും വലിച്ചെറിഞ്ഞ്
ഒരു മാവിന്‍ കൊമ്പിലിരുന്ന്
കരയും.

വിളിക്കുകയില്ല വീട്
കരയുകയില്ല കാട്

മായുകയില്ല
ആത്മാവില്‍ കരിഞ്ഞു
കിടക്കുന്ന മുദ്രകളൊന്നും
ഒരിക്കലും ....
കാപ്പിത്തോട്ടങ്ങള്‍ എന്നെ പുറത്താക്കി
കുരുമുളകുതോട്ടങ്ങള്‍ എന്നെ ചവിട്ടി
തേയിലക്കാടുകള്‍ എന്നെ ചാക്കില്‍ കെട്ടി
ഇടനാട്ടിലെക്കെറിഞ്ഞു.


ഇടനെഞ്ചില്‍ നീയാണെന്ന് പറഞ്ഞിട്ടും
വിശ്വസിച്ചില്ല.

ആണ്ടിലും സംക്രാന്തിക്കും
നാണം കെട്ട് വന്നപ്പോള്‍
ആരെ കാണാന്‍ വന്നതാണെന്ന് ആട്ടി.

നട്ടപ്പാതിരയ്ക്ക് നിന്നെ സ്വപ്നം കണ്ട്
ഞാന്‍ വീണ്ടും വീണ്ടും ഞെട്ടിയുണര്‍ന്നു.
നീയെന്നെ തിരിച്ചുവിളിച്ചതേയില്ല.
നീയെന്റെ അമ്മയായതെങ്ങനെ?

വിശപ്പുകൊണ്ട് കരയുന്നവര്‍ക്ക്
മരണത്തെ കൊടുക്കുന്നവളേ,
എന്നോട് കരുണ കാണിക്കാഞ്ഞതെന്ത്?
നിന്റെ കുന്നിന്മുലകള്‍ എനിക്ക്
കുടിക്കാന്‍ തരാഞ്ഞതെന്ത്?

നിന്നെ കെട്ടിപ്പിടിച്ചു കരയാന്‍
എനിക്കൊരു മഴക്കാലമെങ്കിലും താ..
കൊങ്ങിണിപ്പൂവുകളുടെ അതിരുകളേ,
നാണിച്ചു നില്‍ക്കുന്ന ചാവകളേ,
എന്നെ തിരിച്ചു വിളിക്കാന്‍ അമ്മയോട്
ഒരു വട്ടം പറഞ്ഞു നോക്കണേ...

അന്ധവിശ്വാസികള്‍ക്കൊരു സുവിശേഷം...

ആദ്യം
ആത്മഹത്യ ചെയ്തത്
കുരുമുളക് വള്ളികളാണ്.
എന്നിട്ടും ബാറില്‍
തിരക്കൊഴിഞ്ഞിരുന്നില്ല.
കോമഡിഷോകളുടെ
ഒരെപ്പിസോഡും
അവര്‍ വിട്ടിരുന്നില്ല.

ഭൂമി നഷ്ടപ്പെട്ട
ആദിവാസിയുടെ
ശാപമാണ്
കുടിയേറ്റക്കാരന്റെ
കഴുത്തിന് കുരുക്കിടുന്നത്...
അവരുടെ വിശപ്പാണ്
ഫ്യൂറിഡാന്റെ രൂപത്തില്‍
മടങ്ങി വരുന്നത്.

വിഷം കൊടുത്തുകൊന്ന
മണ്ണിന്റെ പ്രേതമാണ്
എല്ലാ വീടുകളിലും നടന്ന്
ജപ്തിനോട്ടീസ്
കൊടുക്കുന്നത്...

‘മണ്ണ് സത്യമുള്ളതാണ്.’
-ഒരു ഭ്രാന്തിത്തള്ള
വഴിയരികില്‍ നിന്ന്
ഇങ്ങനെ പുലമ്പി.

വീരചരിതം

കഴിഞ്ഞ ഡിസംബറിലാണെന്ന്
തോന്നുന്നു.
പുലര്‍ച്ചയ്ക്കുള്ള മൈസൂര്‍ ബസ്സില്‍
ടിപ്പുസുല്‍ത്താന്റെ പ്രേതം
സുല്‍ത്താന്‍ ബത്തേരിയില്‍ ഇറങ്ങി.
കമ്പിളി പുതച്ച്
രാജകീയ വേഷത്തില്‍
പോവുന്നതു കണ്ട്
‘ഈ വെളുപ്പാന്‍ കാലത്ത് എവിടേക്കാ ..?’
എന്ന് ഒരു പോലീസുകാരന്‍ ചോദിച്ചു.
‘ആയുധപ്പുര ഒന്ന് പരിശോധിക്കണം..’
എന്ന മറുപടി പറഞ്ഞതു കേട്ട്
അഞ്ചു മണിക്കുള്ള ബസ് കാത്തു നിന്നിരുന്ന
ഒരു വേശ്യ ചിരിച്ചു വശം കെട്ടു.
സുല്‍ത്താന്‍ നേരെ
വിമല്‍ ജ്യോതി എന്ന
പെണ്‍ പാര്‍പ്പിടത്തിനടുത്തുള്ള
പഴയ വെടിക്കോപ്പുശാലയിലേക്ക്
നടന്നു.
ഗേറ്റ് ചാടിക്കടന്ന് ഒരാള്‍ കോട്ടയിലേക്ക്
പോവുന്നുണ്ടെന്ന്
സമീപത്തുള്ള പെണ്‍ഹോസ്റ്റലിലെ വാര്‍ഡന്‍
സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്തു.
ടിപ്പു ,താന്‍ പണ്ട് പിടിച്ചെടുത്ത
ജൈനക്ഷേത്രത്തിലെ തല പോയ പ്രതിമയോട്
‘ചന്നാഗിദിയാ ?’എന്ന്ചോദിച്ചു.
പ്രതിമ തലയില്ലാത്ത കഴുത്തുകുലുക്കി
‘സുഖം തന്നെ.’എന്ന് അറിയിച്ചു.
പുരാവസ്തു വകുപ്പ് മിനുക്കുപണി നടത്തിയ
ക്ഷേത്രത്തിലൂടെ പ്രേതം നടന്നുനടന്ന്
തെക്കുഭാ‍ഗത്തു പോയി ഇരിപ്പായി.
അവിടെ ആരോ ഒരു കൂട് നിരോധ് മറന്നുവെച്ചിരുന്നു.
‘ഇതെന്തു കുന്ത്രാണ്ടം?’എന്നു നോക്കി
അതെടുത്ത് കീശയിലിട്ട് ഗേറ്റു കടന്ന്
ഒരു ഓട്ടോറിക്ഷ പിടിച്ച് ‘കെ.എസ്.ആര്‍ .ടി.സി
സ്റ്റേഷനടുത്തുള്ള കൊല്ലിയിലേക്ക്
പോവട്ടെ’ എന്ന് കല്പിച്ചു.
പിറ്റേന്ന് ഒരു വാളും തലപ്പാവും
കാട്ടില്‍ക്കിടന്ന് കിട്ടിയതായി
ഫോറസ്റ്റ് അധികൃതര്‍
ഒരു പത്രപ്രസ്താവന ഇറക്കി..

(25-4-2000)

മുത്തങ്ങ.

അപരിഷ്കൃതരായ ചില ഓര്‍മകളും വിചാരങ്ങളും ചേര്‍ന്ന് മുത്തങ്ങക്കാടു പോലുള്ള എന്റെ മനസ്സുകയ്യേറി കുടിലു കെട്ടി താമസമാക്കി.സീക്കേ ജാനൂന്ന് പേരുള്ള ഒരു വിചാരമാണ് ഇതിനൊക്കെ നേതൃത്വം നല്‍കിയത്.നിസ്സാരന്മാരായ ഇവരെ ഇത്തോതില്‍ വിട്ടാല്‍ ഗവണ്മെന്റിന് ഭീഷണിയാവുമെന്ന്
ചില നാഡികളും മെഡുല ഒബ്ലാംഗറ്റയിലെ ചില കോശങ്ങളും ഉപദേശിച്ചു.കുറെക്കാലമായി ഒരു തുണ്ട് ഭൂമി വേണമെന്ന് സമരംചെയ്യുന്ന ഇക്കൂട്ടരെ കണ്ടില്ലെന്ന് നടിക്കേണ്ടെന്ന് വിചാരിച്ച് ഇടയ്ക്കൊരു ദിവസം കിരീടോം വെച്ച് കൂടെ നിന്ന് ഡാന്‍സ് ചെയ്തിട്ടുണ്ടെന്നത് നേര്.മാധ്യമപ്പുലികള്‍ അതും ഫോട്ടോയെടുത്ത് നാറ്റിച്ചു.
എന്നു വെച്ച്, അപരിഷ്കൃതരേ...ഒരു മനുഷ്യന് നന്നാവാനുള്ള ആഗ്രഹം കാണില്ലേ?ഒരവസരം കൊടുത്തു കൂടേ?ആരു കേള്‍ക്കാന്‍ ?

വനം വകുപ്പിന് വയറിളകി,പരിസ്ഥിതിക്കാര്‍ക്ക് വയറിളകി,പരിഷ്കൃതരായ പരിഷ്കൃതര്‍ക്കൊക്കെ വയറിളകി.

പരിഷ്കൃതരുടെ സേന തോക്കാദികളുമായി മുത്തങ്ങ മൊത്തങ്ങ് വളഞ്ഞു.അപരിഷ്കൃതര്‍ അമ്പും വില്ലുമെടുത്തു.

കുലച്ചു /കുലച്ചില്ല
പൊട്ടി/പൊട്ടിയില്ല

മാധ്യമപ്പട എല്ലാം ഭംഗിയായി ഷൂട്ട് ചെയ്തു.തല്ലുന്നതിന്റെ യും കൊല്ലുന്നതിന്റെയും തത്സമയം കാട്ടി രസിച്ചു.
‘എത്ര കഷ്ടപ്പെട്ടിട്ടാണെന്നോ ഈ ടേപ്പ് ഇവിടെത്തീത്...’ഒരുത്തന്‍ വീമ്പിളക്കി.

അപരിഷ്കൃതരില്‍ ചിലരെ കൊന്നു.
ചിലതിനെ തല്ലി നിലം പരിശാക്കി.പെണ്ണുങ്ങളില്‍ നല്ലതിനെ നൊക്കി സേനാംഗങ്ങളില്‍ ചിലര്‍ ചാമ്പി.സീക്കേ ജാനൂനെ ലോക്കപ്പിലിട്ട് തല്ലി മുഖം പ്ലാസ്റ്റിക് സര്‍ജറി ചെയ്തതു പോലാക്കി.

പരിഷ്കൃതരോട് എങ്ങനെ പടകൂട്ടണമെന്ന് അപരിഷ്കൃതരെ ഉപദേശിക്കാന്‍ പോയ സുരേന്ദ്രന്‍ മാഷ് എന്ന വിചാരത്തെ സേനാംഗങ്ങള്‍ കൈകാര്യം ചെയ്തു.അതോടെ, നാലഞ്ചു കവിതയും ലേഖനവുമെഴുതി ക്ലച്ചു പിടിക്കാതിരുന്ന മൂപ്പര്‍ പ്രശസ്തനായി.

അപരിഷ്കൃത വിചാരങ്ങളുടെ എല്ലാ ഊരുകളും പോലീസ് റെയ്ഡു ചെയ്തു.അപരിഷ്കൃതകളെ പരിഷ്കരിക്കാനായി പറ്റിയേടത്തൊക്കെ പരിഷ്കൃത പോലീസ് ബലാത്സംഗം ചെയ്തതായി അപരിഷ്കൃതയായ ഒരു ഊമ വിശദീകരിച്ചു.


അപരിഷ്കൃതവിചാരങ്ങള്‍ വിപ്ലവപ്രസ്ഥാനത്തില്‍ നിന്ന് രാജിവെച്ച് പഴയ ചേമ്പിന്‍ താളും തോട്ടുമീനും തെരഞ്ഞ് പകലൊടുക്കുകയും കള്ളു ഷാപ്പിനും സിനിമാടാക്കീസിനുമപ്പുറമുള്ള എല്ലാ വിപ്ലവങ്ങള്‍ക്കും ഉടുതുണി പൊക്കിക്കാട്ടി ചില കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കുകയും ചെയ്തു.
-----------------------------------------------------------------------------------------------
സീക്കേ ജാനു ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.മുത്തങ്ങക്കാക്കാട്ടിലെ രക്ത സാക്ഷി മണ്ഡപത്തില്‍ മാധ്യമക്കാര്‍ വര്‍ഷാവര്‍ഷം പോയി പോട്ടം പിടിക്കാറും കണ്ണീര്‍ പൊഴിക്കാറുമുണ്ട്.അത്ര തന്നെ.
----------------------------------------------------------------------------------------------

ഭൂമിതരാന്ന് പറഞ്ഞ് പറ്റിച്ചതിനും അപരിഷ്കൃതരെ പരിഷ്കാരികളാക്കാന്‍ സഹായിച്ചതിനുംകേന്ദ്ര ആഭ്യന്തര മന്ത്രി പദം തരാ‍ന്ന് പറഞ്ഞ് എന്നെയാരും പ്രലോഭിപ്പിച്ചിട്ടില്ലെന്ന് ഇതിനാല്‍ ആണയിട്ടു പറയുന്നു.
-----------------------------------------------------------------------------------------------

തണുത്ത കൈപ്പടം

ചുരം ഒരു പണിയന്‍.
ഒന്‍പതാം വളവില്‍ വെച്ച്
ഞാന്‍ കണ്ടു,അവന്റെ
ചുരുണ്ട കറുത്ത മുടിക്കാട്.
ഞാന്‍ കേട്ടു ,കാട്ടു ചോലയില്‍
അവന്റെ പൊട്ടിച്ചിരി.
കോടയില്‍ മൂക സങ്കടങ്ങള്‍.
കറുത്ത റോഡിന്റെ ചങ്ങലയില്‍
വരിഞ്ഞുകെട്ടിയ പ്രേതത്തിന്റെ
കെട്ടുപൊട്ടിക്കാനുള്ള ഇളകിയാട്ടം.
വഴികാണിക്കുന്നവനെ കൊല്ലുന്ന ലോകം
ഹൃദയത്തിന്റെ കറുത്ത ചുമരില്‍
പേടിയുടെ വിളക്കു കൊളുത്തുന്നു.
അന്ന് വഴിത്തിരിവില്‍ സായിപ്പ്
വെടിവെച്ചിട്ടത് ഒരു മനുഷ്യനെയല്ല,
ഒരു ഭൂമിയുടെ നിഷ്കളങ്കതയെയാണ്.
ആ മൃതശരീരത്തിന്റെ മരണത്തണുപ്പാണ്
ചുരം കയറുന്ന ബസ്സുകളിലേക്ക്
തണുത്ത കൈപ്പടം നീട്ടി വരുന്നത്.