gfc

പോളന്‍

മരിക്കുന്നതിനു മുന്‍പ്
പോളന്‍ ഒന്നേ ആവശ്യപ്പെട്ടുള്ളൂ;
പച്ചിലകള്‍ നിറഞ്ഞ ഒരു മുരിക്കിന്‍കൈ
എടുക്കരുതെന്ന് പറഞ്ഞില്ല,പകരം
വൈദ്യുതക്കമ്പികള്‍ ജീവനെടുത്തു.
പതിനൊന്നു കെ.വി ലൈനില്‍
ഇപ്പോള്‍ ഒഴുകുന്നുണ്ട് ജീവന്‍.

ജീവിതത്തിന്റെചേമ്പിന്‍ താളില്‍
ഓണത്തിയുടെ കണ്ണീര്‍ നില്‍ക്കില്ല.
മുരിക്കിന്‍ കൊമ്പിലൂടെ
ചുള്ളിയോട്ടപ്പനിലേക്ക് പോയവന്‍
തിറയ്ക്ക് വരും.
അംബികയ്ക്കും വിനോദിനും
വളയും പൊരിയും വാങ്ങിക്കൊടുക്കാന്‍
ട്യൂബ് ലൈറ്റുകളുടെയും മാലബള്‍ബുകളുടെയും
പൊട്ടിച്ചിരിയായി അമ്പലപ്പറമ്പില്‍ നിറയും.
എന്നാലും....
പോളാ നീ വരണ്ട,
നിന്റെ കുട്ടികള്‍ കരയും.
വൈദ്യുതക്കമ്പികള്‍ തുലയട്ടെ.

എന്റെ മുറിയില്‍
ഒരു കൊലപാതകിയുടെ ചിരി നിറഞ്ഞു.

-------------------------------------------------------------------------------------------
ചുള്ളിയോട്ടപ്പന്‍-ഒരു പ്രാദേശിക ദൈവം
പോളന്‍ മരിച്ചപ്പോള്‍ ഞാന്‍ ഇങ്ങനെ എഴുതി ആത്മനിന്ദയോടെ ഇത്ര നാള്‍ മൂടിവെച്ചു.ഇനിയും മൂടിവെച്ചേനേ.പോളന് ഈ ഓര്‍മക്കുറിപ്പിരിക്കട്ടെ എന്നു തോന്നി.
ചിത്രകാരന്റെ അഭിപ്രായം മാനിച്ച് അവസാനവരികള്‍ മുറിച്ചുമാറ്റി.

5 അഭിപ്രായങ്ങൾ:

  1. "പതിനൊന്നു കെ.വി ലൈനില്‍
    ഇപ്പോള്‍ ഒഴുകുന്നുണ്ട് ജീവന്‍"
    !
    ഓണത്തി ഭാര്യയാനെന്നും വിനോദും അംബികയും മക്കളാണെന്നും പറയാതെത്തന്നെ വ്യക്തമാവുന്നുണ്ട് വിഷ്ണു...
    qw_er_ty

    മറുപടിഇല്ലാതാക്കൂ
  2. നന്നായി
    ജീവിതത്തിന്റെചേമ്പിന്‍ താളില്‍
    ഓണത്തിയുടെ കണ്ണീര്‍ നില്‍ക്കില്ല.
    നല്ലവരി

    മറുപടിഇല്ലാതാക്കൂ
  3. മെയിന്‍സ്വിച്ച് ഓഫാക്കിയപ്പോള്‍, വൈദ്യുതി എന്ന കൊലപാതകി അങ്ങനെ മുറിയില്‍ നിന്ന് തല്‍കാലം ഇറങ്ങിപ്പോയി അല്ലേ?

    മറുപടിഇല്ലാതാക്കൂ
  4. വിഷ്ണുപ്രസാദ്‌,
    എന്താ പൊറുക്കാന്മാത്രം?
    പോളനുവേണ്ടി ചരമക്കുറിപ്പെഴുതിയത്‌ ഉചിതം തന്നെ.
    അവസാനം സ്വന്തം മുറിയിലെ ലൈറ്റ്‌ ഓഫാക്കി പ്രതിഷേധിച്ചതുമാത്രം ചിത്രകാരനു പിടിച്ചില്ല. .... ചരിത്രസിനിമയെടുക്കുംബോള്‍ സിനിമക്കാര്‍ വിരസതയകറ്റാന്‍ ഒരു പ്രേമംകൂടി തുന്നിച്ചേര്‍ക്കുന്നതുപോലെ !!

    മറുപടിഇല്ലാതാക്കൂ
  5. ചിത്രകാരാ,ശരിയാണ്.മാനിക്കുന്നു.ചൂണ്ടിക്കാണിച്ചതില്‍ നന്ദിയുണ്ട്.തിരുത്തുന്നു.

    മറുപടിഇല്ലാതാക്കൂ