gfc

വല്യേച്ചിയുണ്ടായിരുന്നപ്പോള്‍ വീട്


വല്യേച്ചിയുണ്ടായിരുന്നപ്പോള്‍
വീട് ഒരുകുരുവിക്കൂട്
എല്ലാ മുറികളിലും ഒച്ചപ്പാടുകളുടെ വെളിച്ചം
പുറത്തുനിന്ന് നോക്കുമ്പോള്‍ തന്നെ കാണാം
അലയടിക്കുന്ന ജീവിതാനന്ദം

ഓരോ പ്രഭാതത്തിലും അടുക്കളപ്പിന്നില്‍
എച്ചില്‍പ്പാത്രങ്ങള്‍ കലമ്പും
കാക്കകള്‍ പങ്കുചോദിച്ചുവരും
മുറ്റമടിക്കുമ്പോള്‍ ചൂലുണ്ടാക്കുന്ന ഒച്ചകള്‍
അര്‍ധവൃത്താകാരത്തില്‍ മുറ്റമാകെ പതിയും
കിണറ്റിന്‍ കരയില്‍ വല്യേച്ചി നില്‍ക്കെ
കേള്‍ക്കാം കപ്പിക്കരച്ചില്‍
കിണറ്റിലേക്കോടുന്ന തൊട്ടിച്ചെത്തം
വരുവാനിഷ്ടമില്ലെന്നുള്ള
വെള്ളത്തിന്‍ തുളുമ്പിവീഴ്ചകള്‍
വെയില്‍ ചായുമ്പോള്‍ തുടങ്ങും പേന്‍‌നോട്ടം
വെയില്‍പോലുംവല്യേച്ചിക്ക്തലകാട്ടും.

വല്യേച്ചിയുള്ളപ്പോഴെന്നും
കുളിമുറിയില്‍ ഒരു മുടിയുണ്ട
വഴക്കടിച്ചുനില്‍ക്കും
കണ്ണാടിവെച്ച ചുമരില്‍
കണ്‍‌മഷിയും കുങ്കുമവും ചേര്‍ന്ന
വല്യേച്ചിയുടെ വിരല്‍പ്പാടുകള്‍
ഒരു പൂന്തോട്ടച്ചിത്രമെന്ന്തോന്നും

വല്യേച്ചി പോയതില്‍‌പ്പിന്നെ
എല്ലാമുറികളിലും ഇരുട്ടുകൂടി
ഒരു മൌനം വളര്‍ന്നുവളര്‍ന്ന്
തൊടിയിലെ കിളികളുടെ
പാട്ടുകള്‍ വരെ തിന്നു.
കാറ്റ് മരക്കൊമ്പുകളെ മറന്നു.
അണ്ണാരക്കണ്ണന്മാരുടെ
ചില്ലയില്‍നിന്ന് ചില്ലയിലേക്കുള്ള
ഓട്ടമില്ല.
മുറ്റതെ പനിനീര്‍ത്തോട്ടം കാടുമൂടി.
ഒരുപൂവും നീട്ടാതെ മുള്ളുകള്‍
കാട്ടി നില്‍ക്കുന്നു അത്...

അയയില്‍ നനച്ചിട്ട ഒരു പാവാട
കാറ്റത്ത് ഒച്ചപ്പെടുന്നുവെന്ന് തോന്നും
ആളുകള്‍ പതുങ്ങിനില്‍ക്കുമ്പോലെ
ഒച്ചകളും പതുങ്ങിനില്‍ക്കുന്നുണ്ടാവാം..
അയയില്‍ ഒന്നുമുണ്ടാവില്ല.
കുട്ടിക്കൂറയുടേയോ ചന്ദ്രികയുടേയോ മണം
ഇപ്പോള്‍ വേലിയില്‍ പടര്‍ന്നു നില്‍ക്കുന്ന
മുല്ലപ്പൂക്കളോട് തര്‍ക്കത്തിന് പോകില്ല.

എന്നാലും അളിയന്റെ സമ്മതംവാങ്ങി
ഒരു ദിവസം വല്യേച്ചി വിരുന്നു വരും
അന്ന് ഇളകുന്ന സാരിയുടെ ഞൊറികളില്‍ പിടിച്ച്
കാറ്റ് തിരിച്ചു വരും
വളകിലുക്കങ്ങളില്‍ നിന്ന് കിളികള്‍
പാട്ടുകള്‍ തിരിച്ചെടുക്കും.
അണ്ണാരക്കണ്ണന്മാര്‍
ഒറ്റദിവസത്തേക്ക് തിരിച്ചുവരും.
കണ്ണാടിയും കുളിമുറിയും
അനസൂയയും പ്രിയംവദയുമായി
വര്‍ത്തമാനങ്ങള്‍ ചോദിക്കും.
അടുപ്പ്ശ്വാസം തിരിച്ചറിഞ്ഞ്
ആളിക്കത്തും
വൈകുന്നേരം പോകുമ്പോള്‍
കണ്ണുനിറയും
എല്ലാര്‍ക്കും...

പാമ്പ്

ഒരു പാമ്പ് പുല്ലുകള്‍ക്കിടയിലൂടെ
വളഞ്ഞു വളഞ്ഞു പോകുന്നു.
ഒരു പാമ്പ് ...
എന്നാല്‍ അതുണ്ടോ :ഇല്ല
എന്നാല്‍ അതില്ലേ :ഉണ്ട്
അതേ പാമ്പ് എന്റെ കണ്‍മുന്നിലൂടെ
വായുവിലൂടെ വളഞ്ഞു വളഞ്ഞു പോകുന്നു.
എന്നാല്‍ പോകുന്നുണ്ടോ ...:ഇല്ല
എന്നാല്‍ അത് പോകാതിരിക്കുന്നുണ്ടോ...:ഇല്ല
ഒരു പാമ്പ് എന്റെ തോളിന് സമാന്തരമായി
എപ്പോഴും ചലിക്കുന്നുണ്ട്.
നോക്കിയാല്‍ കാണുന്നില്ല
നോക്കാത്തപ്പോള്‍ കാണുന്നു.
ഇല്ലാത്ത ഒരു പാമ്പ്
(ഏയ് ഉള്ള ഒരു പാമ്പ്)
ഇല്ലാത്ത ഒരു പുല്‍പ്പരപ്പ്
(ഏയ് ഉള്ള ഒരു പുല്‍പ്പരപ്പ്)
അതിലൂടെയിങ്ങനെ പുളയുന്നുണ്ട്
എന്നാല്‍ ഉണ്ടോ...?
ഇല്ലേനും...


ഒരു പാമ്പ്
എന്നാല്‍ :ഇല്ല
എന്നാല്‍ :ഉണ്ട്
എന്നാല്‍ :ഇല്ല
എന്നാല്‍ :ഉണ്ട്
എന്നാല്‍ :ഇല്ല
എന്നാല്‍ :ഉണ്ട്
എന്നാല്‍ :ഇല്ല
എന്നാല്‍ :ഉണ്ട്
എന്നാല്‍

ഒന്നുമിണ്ടാതിരിയെടാ..
ഒരു പാമ്പ്!

ഒറ്റയടിപ്പാതയുടെ കവിത

ഒറ്റയടിപ്പാതേ ഒറ്റയടിപ്പാതേ
ഒറ്റയടിവെച്ചുതന്നാലുണ്ടല്ലോ
നീ ഇരട്ടയടിപ്പാതയായിപ്പോയേനേ..
ഇരട്ടയടിപ്പാതേ ഇരട്ടയടിപ്പാതേ
ഒറ്റയടിവെച്ചുതന്നാലുണ്ടല്ലോ
നീ വീണ്ടും ഒറ്റയടിപ്പാതയായിപ്പോയേനേ..

ഒറ്റ അടിയും കിട്ടാത്തതുകൊണ്ട്
നീ ഇപ്പോഴും ഒറ്റയടിപ്പാതയായ് വളഞ്ഞുതിരിഞ്ഞ്
മെയിന്‍‌റോട്ടില്‍ ചെന്നുമുട്ടുന്നു.
വക്കുകളില്‍ പലജാതിവേലിപ്പൂവുകള്‍
തുന്നിച്ചേര്‍ത്ത്
അതിരുകളില്‍ ഏതെങ്കിലും കള്ളക്കാമുകിയുടെ പ്രണയം
ഇപ്പോഴും സൂക്ഷിക്കുന്നുണ്ടെന്ന വ്യാജേന
(എണ്‍പതുകളിലേയോ എഴുപതുകളിലേയോ
ചലച്ചിത്രനായിക വേലിചാടി വഴിയില്‍ വന്നു നില്‍ക്കും
ബ്ലൌസിനടിയില്‍ നിന്ന് ഒരു പ്രേമലേഖനമെടുക്കും...
ആലോചിച്ചിട്ട് ഒരു സുഖവുമില്ല)
എന്റെ ഒറ്റയടിപ്പാതേ എന്തിനാണീ
സ്വകാര്യതയെ നീയിപ്പോഴും
ഒളിച്ചുപാര്‍പ്പിക്കുന്നത്?
ലോകം ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് തലകുത്തിവീണു.
ഏതുഭൂമിയും ഒരു ക്രിസ്മസ് കേക്കു പോലെ
ഒരു വീടുമാത്രം വെക്കാവുന്ന വലിപ്പത്തില്‍
മുറിച്ചുകൊണ്ടിരിക്കുന്നു.

ഇന്നലെപ്പിറന്ന മണ്‍വഴികള്‍ കൂടി
പുതുപുത്തന്‍ കാറുകള്‍ക്കോടാന്‍ പാകത്തില്‍
മലര്‍ന്നു കിടക്കുന്നു.
പക്ഷികളെയും മരങ്ങളെയും എല്ലാ തൊടികളില്‍നിന്നും
ഇറക്കിവിടുന്നു.
ഒരു വിത്തും മുള നീട്ടാതിരിക്കാന്‍
എല്ലാ വീട്ടുമുറ്റങ്ങളും സിമന്റുകവചമണിയുന്നു.
എല്ലാ ഗ്രാമങ്ങളുടെയും പുറംതോടുപൊട്ടിച്ച്
ഒറ്റനഗര ഹോളിവുഡ് വികൃതജീവി ഇപ്പോള്‍ പുറത്തുവരും
അതിന്റെ തിക്കുമുട്ടലുകളില്‍ നിന്ന്
എങ്ങനെ ഒഴിഞ്ഞുനില്‍ക്കും
എന്റെ ഒറ്റയടിപ്പാതേ നീ...

ടെന്‍ഡര്‍ വിളിച്ച് ഏതെങ്കിലും കോണ്ട്രാക്ടര്‍ നിന്നെ കണ്ടെടുക്കും
നിന്റെ ഒടുക്കത്തെ നൊസ്റ്റാള്‍ജിയക്കുമുകളില്‍
റോഡ് റോളര്‍ ഓടിക്കും
നിന്റെ നാടന്‍ പ്രേമം അതിനടിയില്‍
ചോരയൊലിപ്പിച്ചുകിടക്കും
തലങ്ങും വിലങ്ങും കാറുകളോടുമ്പോള്‍
എഴുപതിലേയും എണ്‍പതിലേയും
ചലച്ചിത്രനായികയെ നിനക്കോര്‍ക്കാന്‍ പോലും
നേരം കാണില്ല.