gfc

അതിവാചാലമായ ഒരു കവിതയില്‍ നിന്റെ മൃതശരീരം സൂക്ഷിക്കുന്നു


നീ വെടിയേറ്റു മരിച്ചുവീഴുന്നു
നിനക്കിനി ഒന്നും തെളിയിക്കാന്‍ കഴിയില്ല
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അഞ്ചിന്
പകല്‍ വീട്ടില്‍ കുട്ടികളുമായി കളിച്ചിരുന്നതോ
തൊട്ടടുത്ത ടൌണില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയതോ
വൈകിട്ട് കൂട്ടുകാരനോടൊപ്പം രണ്ടെണ്ണമടിച്ചതോ...ഒന്നും.

മാവോയിസ്റ്റ്,ഐ.എസ് ഭീകരന്‍ ,സിമി
നീ ഏതാണെന്ന് ഞാന്‍ തീരുമാനിക്കും.
നിനക്ക് ചരിത്രമില്ല,തെളിവുകളില്ല
നീ ജീവിച്ചിരുന്നിട്ടുകൂടിയില്ല.
ഏറിയാല്‍
മരിച്ചുകിടക്കുന്ന നിന്റെ കീശയില്‍
ഒരു ലഘുലേഖ മടക്കിവെക്കും.
അതുമല്ലെങ്കില്‍
നിന്റെ വീട്ടിലെ അലമാരയിലൊരു പുസ്തകം.
അത്ര മതി ,നിന്നെയൊക്കെ കൊല്ലാനുള്ള ന്യായം.
ജീവിച്ചിരിക്കുമ്പോള്‍ നീ കണ്ടിട്ടുപോലുമില്ലാത്ത ഒരു തോക്ക്
മരിച്ചുകിടക്കുന്ന നിന്റെ കൈകളില്‍ പിടിപ്പിക്കും.
ജീവിതത്തില്‍ ഒരാള്‍ക്കൂട്ടത്തില്‍ വെച്ച്
കൂട്ടിമുട്ടിപ്പോലും കണ്ടിട്ടില്ലാത്തവര്‍
നിനക്കെതിരെ സാക്ഷിമൊഴി നല്‍കും.
പോകാത്ത വഴിയില്‍ നീ പോയെന്നു പറയും.
ഭരണകൂടമല്ല,
നിന്റെയൊക്കെ മരണകൂടമാണ് ഞാന്‍.
എനിക്കെതിരെയുള്ള വാക്കുകള്‍ നോക്കുകള്‍,ആലോചനകള്‍
ഒന്നും ഉണ്ടായില്ലെങ്കില്‍പ്പോലും
ഇനിയും ഉണ്ടാവാതിരിക്കാന്‍
ഇടയ്ക്കിടെ ഓരോ കൊല നടത്തേണ്ടതുണ്ട്.
എനിക്ക് ജീവിക്കണം.
എന്റെ ശബ്ദത്തിനുമുകളില്‍ ഉയരരുത്
ഒരു ശബ്ദവും.
ഞാന്‍ അപകടത്തില്‍പ്പെട്ടിരിക്കുന്നുവെന്ന തോന്നല്‍
ഉണ്ടാക്കിയെടുത്ത് ചീഞ്ഞ രാഷ്ട്രീയ അശ്ലീലങ്ങള്‍
എനിക്ക് കുഴിച്ചുമൂടണം.
നീ മരിച്ചാലെന്ത്?
വ്യവസ്ഥയെ നിലനിര്‍ത്തുവാന്‍
എനിക്ക് ഭക്ഷണമായതില്‍ നിനക്ക് അഭിമാനിക്കാം.

ജനാധിപത്യത്തെക്കുറിച്ചുള്ള
നിന്റെ ആശങ്ക നിന്റെ അവസാന ശ്വാസത്തിലും
ഞാന്‍ കേട്ടു.
ജനാധിപത്യം എന്നത് ജനങ്ങള്‍ക്കു മുകളില്‍
ഭരണപക്ഷത്തിനുള്ള ആധിപത്യം എന്നേയുള്ളൂ.
ഭരിക്കുന്നവര്‍ മാറുന്നില്ല.
മാറുന്നുവെന്ന് നടിക്കുന്നുവെന്നേയുള്ളൂ.
ഒരു കാല്‍ മുന്നോട്ടുവെക്കുമ്പോള്‍
ഒരുകാല്‍ പിന്നില്‍ ഉള്ളതുപോലെ
ഇരുകാലുകള്‍ മാറിമാറി,
അതല്ലാതെ മറ്റൊന്നും ഈ നടപ്പില്‍
വരികയുമില്ല.

എന്റെ ചിഹ്നങ്ങള്‍-എന്റെ ഇരകളെ
കണ്ടെത്തുന്നതിനുള്ള സൂചകങ്ങള്‍.
എഴുന്നേറ്റു നില്‍ക്കൂ
വരിനില്‍ക്കൂ
നിശ്ശബ്ദരാവൂ
എന്നെല്ലാം ഞാന്‍ പറഞ്ഞുകൊണ്ടിരിക്കും.
അനുസരിക്കാത്തവരെല്ലാം ഒന്നൊന്നായി മരിച്ചുവീഴും.

സംശയത്തിന്റെ ഒരു കണിക മതി
നിന്റെയൊക്കെ കുടുംബം കുളംകോരും.
ആ പഴയ രാജാവു തന്നെയാണ് അധികാരത്തില്‍.ഇരയെന്ന് പ്രഖ്യാപിച്ച്
ചിലരെ ഞാന്‍ വെറുതെവിട്ടെന്നു വരും.
ഭയത്തിന്റെ കൊടുംവിഷം തിന്ന മൃഗം
കാടിന്റെ ഏതതിരുവരെ ഓടുമെന്ന്
കാണുവാനുള്ള കൌതുകമാണത് .
ജയിക്കും എന്ന് ഉറപ്പുള്ള ഗെയിമില്‍
ഇരയ്ക്ക് അല്പം സാവകാശം നല്‍കുന്നത് തെറ്റല്ല.

ആരോപണങ്ങള്‍ക്കു ചേരുകയില്ല നിന്റെയീ വസ്ത്രങ്ങള്‍ .
അതിനാല്‍  അഴിച്ചുമാറ്റുന്നു
ഭീകരന്മാര്‍ക്കുള്ള യൂണിഫോം നിനക്കുപാകത്തിലുള്ള ഒന്ന്
തയ്ച്ചുകൊണ്ടുവന്നത് അണിയിക്കുന്നു.
നിനക്കിത് ഇഷ്ടപ്പെടാതിരിക്കില്ല.
ചില ജീവിതങ്ങളും അതിവാചാലമായ കവിതകളും
പാഴായെന്നു വരും.
പക്ഷേ നിന്റെ മരണം പാഴാകുന്നില്ലെന്ന്
മാത്രം നീയോര്‍ക്കുക .