gfc

ഡിസംബർ

 


ഡിസംബർ,

അവസാനത്തെ മാസമേ 

അവസാനത്തെ ദിവസം പോലെ

അവസാനത്തെ നിമിഷം പോലെ

അവസാനത്തെ ശ്വാസം പോലെ

നീ എന്തിനാണ് ഈ മരണത്തിൻ്റെ

തണുപ്പണിയുന്നത്?

നിശ്ശബ്ദമായിരിക്കുന്നത്?

ഇലകളെ ഉപേക്ഷിക്കുന്നത്?


വൈകുന്നേരങ്ങളുടെ വാൻഗോഗ് മരത്തലപ്പുകൾക്കും പാടങ്ങൾക്കും കുന്നുകൾക്കും മഞ്ഞച്ചായമടിക്കുന്നതിനിടയിലുടെ എൻ്റെ ബസ്സ് കടന്നുപോകുന്നു.

ഡിസംബർ, 

നീ  രക്തം വറ്റിയ കവിളുമായി മഞ്ഞുകുപ്പായമിട്ട് നിൽക്കുന്നു.

തണുപ്പിൻ്റെ ഞരമ്പുകളിലൂടെ പ്രണയത്തിൻ്റെ മഴവില്ലുകൾ ഒഴുകിപ്പോവുന്നു

മേഘങ്ങൾക്കിടയിൽ നിന്ന് പാപ്പ

ഒഴിഞ്ഞ ആകാശത്ത് 

നക്ഷത്രങ്ങൾ തൂക്കുന്നു


ഡിസംബർ ,

നീ ഒന്നും മിണ്ടുന്നില്ല

ഇല പൊഴിക്കുന്നു

വിദൂരമഞ്ഞിൽ 

പ്രണയത്തേയും കാമുകിമാരെയും വരയ്ക്കുന്നു.

ഡിസംബർ,

നീ എന്നെ കരയിക്കുന്നു '

ചിലപ്പോൾ മനുഷ്യൻ

 


നന്നായി വിയർത്ത ദിവസങ്ങളിൽ

അയാൾ സ്വന്തം കക്ഷങ്ങൾ മണത്തു നിറയെ രോമങ്ങൾ ഉള്ള ആ കുഴികളിൽ

അയാൾ കിടന്നുറങ്ങാൻ കൊതിച്ചു.

സ്വന്തം കക്ഷങ്ങളെ സ്നേഹിക്കുന്ന ആദ്യത്തെ മനുഷ്യനാണോ അയാൾ എന്ന് അയാൾ സംശയിച്ചു 

സ്വന്തം കക്ഷങ്ങളെ പ്രേമിക്കുന്നത് 

ഒരു ക്രിമിനൽ കുറ്റമൊന്നുമാവില്ല

എങ്കിലും മറ്റൊരാളോട് അത് പറയുന്നത് ആലോചിക്കാനായില്ല 

സ്വന്തം കക്ഷങ്ങളെ പ്രേമിക്കുന്നതിനേക്കാൾ നിഗൂഢമായ

മറ്റൊരു പ്രേമം ഉണ്ടാവില്ല 

അയാൾ കക്ഷങ്ങളിൽ തലോടി മണത്തു രാത്രികളിൽ വിടരുന്ന ഏതോ പൂക്കളുടെ മദഗന്ധമാണതിന് 

ഒരാൾക്ക് സ്വയം സ്നേഹിക്കാനല്ലാതെ എന്തിനാണ് സുഗന്ധം പൊട്ടിവിരിയുന്ന

ഈ രോമക്കുഴികൾ 

മറ്റെല്ലാം മറന്ന് അയാൾ അയാളുടെ കക്ഷങ്ങളിലേക്ക് ചുരുണ്ടു.

മദിപ്പിക്കുന്ന,

ആ കറുത്ത കാടിൻറെ ഗന്ധത്തിൽ

അയാൾ മയങ്ങി

സ്വർണ്ണം


 ഇല പൊഴിയൻ മരങ്ങൾ 

ഡിസംബർ സന്ധ്യയുടെ രക്തത്തിൽ

കൈമുക്കിനിൽക്കുന്നു.

കൊറ്റികളുടെ സമാധാനസംഘം

സൂര്യനുമപ്പുറം ഒരു കടലുണ്ടെന്ന് 

ഉറച്ചുവിശ്വസിച്ചു പറക്കുന്നു.

ജനൽ പിടിച്ചു പറക്കുന്ന 

അമ്മമാരുടെ വ്യോമപാതയിൽ 

വെളുത്ത പഞ്ഞിക്കിടക്കകൾ അഴിച്ചിട്ടിരിക്കുന്നു 


വീടുകളിൽ ചാരിവച്ച പ്രണയങ്ങൾ മേൽക്കൂരകളിൽ കായ്ച്ചുകിടക്കുന്ന

നക്ഷത്രങ്ങൾ പൊതിഞ്ഞു പിടിക്കാൻ 

ഒരു ഇലക്കൈ നീട്ടുന്നു 


വ്യാളീമുഖമുള്ള നിലാവ് 

ദിക്കുകളെ കീറി 

സമയമായോ എന്ന് പാളി നോക്കുന്നു. 


ലോകം മുഴുവൻ,

ഇലകൾ കൊഴിഞ്ഞു കൊണ്ടിരിക്കുന്ന

ഭൂമിയുടെ അന്തരീക്ഷം മുഴുവൻ,

സ്വർണ്ണനിറമുള്ള 

നിലം തൊടാത്ത ഇലകൾ നിറഞ്ഞിരിക്കുന്നു.


മനുഷ്യനും നായയും ഒരു ഉപന്യാസം

 


കൊറോണ കുത്തിമറിച്ചിട്ട രാത്രിയിൽ വേദന കടിച്ചമർത്തി കിടക്കുമ്പോൾ ദൂരദിക്കിൽ നിന്ന് പട്ടികളുടെ ഒച്ചപ്പാട് എന്തോ പൊതുവേ നിശബ്ദമായ ഈ രാത്രിയിലെ 

പട്ടികളുടെ വിദൂരമായ ഒച്ചപ്പാട് 

ന്യൂസ് ചാനൽ തർക്കങ്ങളെയും സോഷ്യൽ മീഡിയ ഭക്തജനങ്ങളെയും 

ഓർമിപ്പിച്ചു.

ആദിമ മനുഷ്യൻറെ ആജ്ഞാനുവർത്തിയായി 

കടന്നുവന്ന ഈ ജന്തു 

മനുഷ്യ ജീവിതങ്ങളെ മാറ്റിമറിച്ചതോർത്ത് ഞാൻ വിസ്മയിച്ചു. 

ആദിമൻ 

എവിടെയും ഇരിപ്പുറപ്പിച്ചില്ല 

അയാൾ സഞ്ചരിച്ചു കൊണ്ടേയിരുന്നു നായയാണ് അയാളോട് 

ബൗണ്ടറി എന്ന ആശയം 

ആദ്യമായി അവതരിപ്പിക്കുന്നത്.


എല്ലാ നായ്ക്കളും ഒരു ബൗണ്ടറിയുമായാണ് ജനിച്ചു വീഴുന്നത്.

ബൗണ്ടറികൾ കടക്കുന്നുണ്ടോ എന്ന

നിരന്തരമായ തർക്കവും നിരീക്ഷണവുമാണ് എല്ലാ നായ്ക്കളുടെയും ജീവിതം.

സത്യത്തിൽ

ഈ ബൗണ്ടറി എന്ന ആശയം ഇല്ലായിരുന്നെങ്കിൽ 

നായ്ക്കളുടെ ജീവിതം വിരസമായേനെ.


ഇപ്പോൾ 

നാം നിരന്തരം കാണുകയും കേൾക്കുകയും ചെയ്യുന്നത് 

എന്താണ്? 

മതത്തിന്റെ ബൗണ്ടറി

രാഷ്ട്രീയത്തിന്റെ ബൗണ്ടറി

ദേശത്തിന്റെ ബൗണ്ടറി 

ലിംഗഭേദത്തിന്റെ ബൗണ്ടറി

എന്തിന്,

വീടിന്റെയും പറമ്പിന്റെയും ബൗണ്ടറി അവയെക്കുറിച്ചുള്ള നിരന്തരമായ ഒച്ചപ്പാടാണ്..

ഒരു പാർട്ടിയും 

എതിർ പാർട്ടിയിൽ നിന്നും 

ഒന്നും സ്വീകരിക്കാൻ ഉദ്ദേശിക്കുന്നില്ല

ഒന്നും കൊടുക്കാനും ഉദ്ദേശിക്കുന്നില്ല

പ്രൈംചർച്ചയിലെ ഒരു വക്താവും 

ഒരു തെറ്റും ബോധ്യപ്പെട്ടാലും അംഗീകരിക്കുകയില്ല 

കാരണം ഇവിടെ ലക്ഷ്യം ഒന്നേയുള്ളൂ

എത്ര കുപ്പ നിറഞ്ഞതാണെങ്കിലും 

ഓരോ ബൗണ്ടറിയും സംരക്ഷിക്കുവാൻ ദൃഢപ്രതിജ്ഞ എടുത്തവരാണവർ നേതാവിന്റെ ബൗണ്ടറി കാക്കുന്ന 

ഭക്തജനസംഘം 

മതവിശ്വാസങ്ങളുടെ  ബൗണ്ടറി കാക്കുന്ന കോമഡി സംഘം 


എല്ലാ മനുഷ്യരും 

നിരന്തരമായി ഒച്ച വെച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തിൽ നിന്ന് 

ഒരു മിനിട്ട് കണ്ണെടുത്ത് 

ഏതെങ്കിലും ഒരു നായയെ നോക്കൂ...

ആരാധിക്കാൻ തോന്നുന്നില്ലേ ;

അത് മനുഷ്യചരിത്രത്തിന് നൽകിയ സംഭാവനയോർത്ത്..


ഒരു ബൗണ്ടറിയും തകർക്കപ്പെട്ടിട്ടല്ല,

ഇപ്പോൾ, ഇപ്പോൾത്തന്നെ തകർക്കപ്പെടുമെന്ന തോന്നൽ 

നിരന്തരം ഉത്പാദിപ്പിക്കണം

ഇല്ലെങ്കിൽ പൊളിറ്റിക്സ് ഇല്ല 

ഇല്ലെങ്കിൽ എൻജോയ്മെൻറ് ഇല്ല ഇല്ലെങ്കിൽ ലൈേഫേ ഇല്ല.


🔸🔸🔸



പൊടി

  


ഞാൻ പ്രമീളയെ സ്നേഹിച്ചിട്ടില്ല 

പ്രമീള എന്നെയും സ്നേഹിച്ചിട്ടില്ല 

പക്ഷേ ഞങ്ങൾക്കിടയിൽ 

ഉറപ്പായും ഒരു പ്രണയമുണ്ടായിരുന്നു ഞങ്ങൾ അത് കണ്ടതേയില്ല 

കണ്ടവർ പറഞ്ഞുമില്ല 

ഞങ്ങൾ കാണാത്ത 

ഞങ്ങൾ അറിയാത്ത 

ഞങ്ങളുടെ പ്രണയം 

ഞങ്ങളെ കാത്ത് 

ഏഴായിരം വർഷങ്ങൾ 

ഒരു മരക്കൊമ്പിലിരുന്ന്

 ഏഴായിരം  വർഷങ്ങൾ 

ഒരു മലമുകളിലിരുന്ന്

ഏഴായിരം വർഷങ്ങൾ 

ഒരു വഴിവക്കിലിരുന്ന് 

പോക്കുവരവുകളുടെ തിരയടിച്ച്

പൊടിഞ്ഞു പോയി.

തിരിച്ചെടുക്കാനാവാത്ത 

തിരിച്ചു കൂടിച്ചേരാത്ത 

ഞങ്ങളുടെ പ്രേമത്തിന്റെ പൊടി 

ഈ ലോകം മുഴുവൻ 

പറന്നു നടക്കുന്നു.

അതിലൊരു പൊടിയെ 

എന്നെങ്കിലും കണ്ട് 

ഇതെന്റെ ആരോ ആണോ എന്ന് രണ്ടിടങ്ങളിൽ 

ഞാനും പ്രമീളയും 

സംശയിച്ചു നിൽക്കുന്നു 

ഞങ്ങളുടെ പ്രേമത്തിന് 

ആ കഥ പറയണമെന്നുണ്ട്.

അതിന് മിണ്ടാനാവില്ലല്ലോ 

ഞങ്ങൾക്കത് 

ആരു പറഞ്ഞുതരാനാണ് ;

ദുഃഖത്തിന്റെ വെള്ളച്ചാട്ടങ്ങൾ 

തുറന്നുവിടുന്ന ആ കഥ ...?

കോടക്കടൽ

  


നട്ടുച്ചയെ ഇരുട്ടാക്കാൻ 

എവിടെനിന്നോ ഇറങ്ങിവന്നു 

ഒരു കോടക്കടൽ 

ആഭ്യന്തര കലാപത്തിൽ 

ഒളിച്ചോടിയ പ്രസിഡണ്ടിനെ ഓർമിപ്പിച്ച് സൂര്യൻ ഇരുട്ടിൽ മറഞ്ഞു 

ദാരുണമായതെന്തോ 

സംഭവിക്കാൻ പോവുകയാണെന്ന മട്ടിൽ മരങ്ങളിൽ ഇലകൾ അനങ്ങാതെ നിന്നു.

പക്ഷികൾ പാട്ട് നിർത്തി.

നേരിയ ചാറ്റൽ മഴയും തണുപ്പും മാത്രം എല്ലാ വീടുകളുടെയും 

വാതിലിലും ജനലിലും മുട്ടി.

യുദ്ധഭൂമിയിലേക്ക് വരുന്ന 

ഏതോ പ്രമുഖരാജ്യത്തിൻറെ സൈന്യം പോലെ 

കോടയ്ക്ക് കനം വെച്ചു.

വീടുകളും മരങ്ങളും ആളുകളും 

അതിൽ പൊടിഞ്ഞു പൊടിഞ്ഞു ചേർന്നു.

ദൂരങ്ങളെ തിന്ന് അത് എന്നെ ചുറ്റി നിൽക്കുന്നു.

തിന്നാനോ കൊല്ലാനോ ഭാവമെന്ന് 

വെളിപ്പെടുത്തുന്നില്ല.

അത് ലോകത്തെ ക്ഷണനേരത്താൽ

മായ്ച്ച രാക്ഷസാകാരമുള്ള മന്ത്രവാദി.

കൈകളിലിരുത്തി 

അതെന്നെ കൊണ്ടുപോകുന്നത്

എൻറെ വീട്ടിലേക്ക് തന്നെയാവുമോ?

മരങ്ങളും പക്ഷികളും മനുഷ്യരും ലയിച്ച അതിൻറെ കട്ടിത്തിരയിൽ 

ഞാനെൻറെ മുഖം ചേർത്തു.


എൻ്റെ അടഞ്ഞ കണ്ണുകൾക്കുള്ളിൽ 

ക്ഷേത്രഗോപുരങ്ങളിൽ നിന്ന്

ഇറങ്ങി വന്ന 

ആയിരക്കണക്കിന് ശില്പങ്ങൾ നടന്നു പോവുന്ന

പ്രാചീനവും ഇരുണ്ടതുമായ ഒരു തമിഴ്ത്തെരുവ്,

എൻ്റെ കവിളിൽ

ഈർപ്പം നിറഞ്ഞ ഒരു ശ്വാസം.

മോഹനിദ്ര

 


മഴശേഷമുള്ള രാത്രിയുടെ

ഗർഭപാത്രത്തിൽ

ഇലകൾ ഒട്ടിയിരിക്കുന്ന കാട് -

നനഞ്ഞ മുടിയുള്ള കുഞ്ഞ്.


ഇരുട്ടിൻ്റെ അംനിയോട്ടിക് ദ്രവം

കുത്തിയൊലിക്കുന്ന 

ചീവീടൊച്ചയുടെ വഴിവെളിച്ചം


വളഞ്ഞുപുളഞ്ഞു കെട്ടുപിണഞ്ഞ

വഴി അഴിഞ്ഞുകിടക്കുന്നു

അതിലൊരിടത്ത് ഏകാകിയായ

തേക്കുമരത്തിനരികിൽ

ഒരു കടുവ ആകാശത്തെ നോക്കി

വിസ്മയിച്ചിരിക്കുന്നു.


മേഘങ്ങൾ മുലമൂടി നീക്കി

ഒരു മുഴുതിങ്കളിനെ കാട്ടുന്നു.

ഇപ്പോൾ പണിതീർത്ത

രൂപലാവണ്യമുള്ള ചിറകുകൾ കാട്ടി

കടവാതിലുകൾ പല ദിശയിൽ പറന്ന്

ആകാശത്തെയും ഭൂമിയെയും കൊതിപ്പിക്കുന്നു.


കടുവ മിന്നാമിനുങ്ങുകളുടെ ഉടുപ്പിട്ട് നക്ഷത്രങ്ങളിലേക്ക് നടക്കുന്നു.


മഴശേഷമുള്ള രാത്രിയുടെ ഗർഭപാത്രത്തിൽ തണുപ്പിൻ്റെ മുട്ടകൾ വിരിയുന്നു.

എല്ലാ മരങ്ങളിലും ഇഴഞ്ഞു കയറുന്നു.

തുഞ്ചത്തെത്തി വജ്രക്കണ്ണുകളും ഇരട്ടനാക്കുകളും കൊണ്ട്

ആകാശത്തെ തൊടുന്നു.

വേഗം കൂടിയ ഭ്രമണം കൈവരിച്ച്

ലോകം മോഹനിദ്രയിലേക്ക് മറിയുന്നു.

ഗുഹകൾ

 


ഗ്രാമത്തിലെ കണ്ണെത്തുമതിരുകളിലെല്ലാം 

വലിയ മലകളുണ്ടെന്നും

അവയിലെല്ലാം വലിയ ഗുഹകളുണ്ടെന്നും

ഇന്നു രാവിലെ എനിക്കു തോന്നുന്നു.

എന്റെ തോന്നലുകൾ തെറ്റാറില്ല.


പ്രാചീന ലിപികളും ചിത്രങ്ങളുമുള്ള

ഇരുണ്ട ഗുഹകൾ,

ആളനക്കമില്ലാത്ത ഗുഹകൾ.

അവ ,മനുഷ്യരെ ആഗ്രഹിക്കുന്നു.


തുറന്നു പിടിച്ച അവയുടെ വായിൽ നിന്ന്

പരക്കുന്ന നിരാശ,

എന്നെത്തന്നെ നോക്കുന്ന അവയുടെ നോട്ടം.

എത്രയോ ജീവിതം കണ്ട ചുളിഞ്ഞ നെറ്റിക്കു താഴെ നിന്ന് പുറപ്പെടുന്ന നോട്ടം

ജനലുകൾ കടന്ന് വരുന്നുണ്ട്.


നമ്മൾ(ആണും പെണ്ണും ) ഗുഹകൾ തിരഞ്ഞു പോവുന്നതെന്തിനാണ്?

നമ്മുടെ തന്നെ കാലങ്ങൾ 

നമ്മൾ അവിടെ മറന്നുവെച്ചിട്ടുണ്ടെന്ന് നമുക്കറിയാം.

ആ നിഗൂഡത നമുക്കെപ്പോഴോ വെളിപ്പെടുന്നുണ്ട്.

ഇണയെ കൂട്ടി നാമവിടെ പോയി നോക്കുന്നു.

അവിടെ മുഴുവൻ പരതി

ഒരു തുമ്പും കിട്ടിയില്ലെങ്കിലും

നമ്മുടെ ഉള്ളിലെ കുറ്റാന്വേഷക/കൻ

ആ ഫയൽ മറ്റൊരിക്കൽ തുറന്നുനോക്കാനായി

പൂട്ടിവെക്കുന്നു.


നമ്മൾ (ആണും പെണ്ണും )

മറന്നു വെച്ചിട്ടുള്ള ആ താക്കോൽ

ഏത് മലമുകളിലാണെന്ന് നമുക്കറിയില്ല.

അതിനല്ലെങ്കിൽ, എന്തിനാണ് കഷ്ടപ്പെട്ട്

നമ്മൾ 

ഈ മലകൾ കയറുന്നത്?


ഗുഹകൾ, അവയ്ക്ക് പറയണമെന്നുണ്ട്.


പറയാനാവാത്ത ഏതോ പ്രതിസന്ധിഘട്ടത്തിൽ ശബ്ദം വിഴുങ്ങിയവരാണ് അവ...


അവയുടെ തുറന്നു പിടിച്ച വായകളിലൂടെ

അകത്തേക്കകത്തേക്ക് പോയി നോക്കുന്നു;

എവിടെയാണ് മറഞ്ഞിരിക്കുന്ന കാലത്തിന്റെ ശബ്ദമെന്ന് ...

ഇരുട്ടിൽ നിന്ന് കനപ്പെട്ട ഒരൊച്ച കേട്ടതുകൊണ്ടാണോ നാം മടങ്ങി വന്നത്?


ഗ്രാമത്തിനു ചുറ്റും മലകളുണ്ട്.

ആദിമ മനുഷ്യരുടേതു പോലെ നൂറ്റാണ്ടുകളുടെ ചുളിവും രോമങ്ങളുമുള്ള മലകൾ.

അവയുടെ പാതിയുറക്കം തൂങ്ങിയ കണ്ണുകൾ

നമ്മെ പ്രതീക്ഷിക്കുന്നുണ്ട്.

എല്ലാ മലകളിലും  ഗുഹകളുണ്ട്.

എല്ലാ ഗുഹകൾക്കും അണ്ണാക്കിൽ 

ചെറുനാക്കുകളുണ്ട്

അവയുടെ വായ്ക്കകത്ത് ഉമിനീരുറവയുണ്ട്.

എല്ലാ ഗുഹകളിലും നമ്മളുണ്ട് (ഒരാണും ഒരു പെണ്ണും വീതം)

ഗുഹകളിലുള്ള നമ്മൾ 

വീടുകളിലിരിക്കുന്ന

നമ്മളെ കാണുന്നുണ്ട്.

എല്ലാം 

മേഘങ്ങൾ മുന്നിൽ നിന്ന്

മറച്ചുപിടിക്കുകയാണ്.

*ബബ്ലിമൂസ്


🔸🔸🔸

നീ സ്കൂൾ മാറി വന്നവളായിരുന്നു

നിന്നെ പ്രേമിക്കാൻ ഞാൻ

എല്ലാവരേക്കാൾ തയ്യാറെടുത്തു.

സ്കൂൾ മാറി വരുന്ന പെൺകുട്ടികളെപ്പോലെ

സർവഥാ പ്രേമാർഹരായി

മറ്റാരാണുള്ളത്?


എല്ലാ ദിവസവും ഞാൻ നിന്നെ സ്വപ്നം കണ്ടു.

അന്ന് ഡിഷ് ആൻറിനയില്ലെങ്കിലും

ഞാൻ നിന്നിലേക്ക് തിരിച്ചു വെച്ച ഡിഷ് ആൻറിനയായിരുന്നു.

നീ സംപ്രേഷണം ചെയ്യാഞ്ഞിട്ടും

നീ നായികയായ അനേകം സിനിമകൾ

എൻ്റെ സ്ക്രീനിൽ ഞാൻ തനിച്ചുകണ്ടു.


അങ്ങനെയിരിക്കെയാണ്

നിൻ്റൊപ്പം സ്കൂൾ മാറി വന്ന സണ്ണി

എന്നോടാ രഹസ്യം പറഞ്ഞത് ..

വെറുമൊരു ബബ്ലിമൂസിനു വേണ്ടി

നീ നിൻ്റെ...


വെറുമൊരു ബബ്ലിമൂസിനു വേണ്ടി

നീ നിൻ്റെ വില പിടിച്ച ഉമ്മ

ഒരുത്തനു നൽകി


അന്നു മുതൽ എല്ലാ ബബ്ലിമൂസ് 

മരങ്ങളേയും ഞാൻ വെറുത്തു.

എപ്പോഴെങ്കിലും ഒരു ബബ്ലിമൂസ്

തിന്നേണ്ടി വന്നപ്പോൾ

പ്രതികാരദാഹിയായ ഡ്രാക്കുളയെപ്പോലെ

ഞാനത് നിർവ്വഹിച്ചു


എനിക്കു കിട്ടേണ്ട ഉമ്മയായിരുന്നു

വെറുമൊര് ബബ്ലിമൂസ് വഴിതിരിച്ചുവിട്ടത്.

നിൻ്റെ കലവറയിൽ ഇനിയും അനേകം

ഉമ്മകളുണ്ടെന്ന് വിവേകം വെച്ചപ്പോഴേക്കും

നാം രണ്ടു ലോകങ്ങളിലായിക്കഴിഞ്ഞിരുന്നു.


അജിതേ,

സത്യം പറയാമല്ലോ

എൻ്റെ പറമ്പിൽ വെട്ടിക്കളയാത്ത

ഒരു ബബ്ലിമൂസ് മരം ഇപ്പോഴുമുണ്ട്.

പക്ഷേ, എന്താണെന്നറിയില്ല,

കായ്ക്കുന്നേയില്ല

*ബബ്ലിമൂസ് -ബബ്ളൂസ് - കമ്പിളിനാരകം