gfc

പ്രേമപ്പഴഞ്ചരക്ക്

ആകാശം ഒരു നീലചിത്രം
മേഘങ്ങളുടെ ഉടുപ്പുകള്‍ ഊരിയെറിഞ്ഞും
പക്ഷികളുടെ റിങ്ടോണുകളുള്ള
മൊബൈല്‍ ഫോണുകള്‍ വലിച്ചെറിഞ്ഞും
രണ്ട് നീല ഉടലുകള്‍ ഒരു നാണവുമില്ലാതെ
ദോണ്ടെ അവിടെക്കിടന്ന്,നമ്മുടെ മുന്നീക്കിടന്ന്
ഇണ ചേരുന്നു.
എനിക്ക് കമ്പിയായിട്ട് മേല
നിനക്കും അങ്ങനെയെന്ന് കരുതുന്നു
'പിന്നല്ലാതെ' എന്ന് നീയിപ്പോള്‍ ഉറപ്പിച്ചുപറയും.

മുള്ളെടുക്കുമ്പോള്‍ അമ്മ പറയും
ദൂരെ ഇലകളിലേക്ക് നോക്കാന്‍ .
ആര്‍ക്ക് ഏത് മുള്ളെടുക്കാനാണ്
ദൂരെ നിന്റെ കാണാത്ത മുഖത്തോട്ട്
ഞാന്‍ നോക്കിയിരിക്കുന്നത് എന്റെ പച്ചിലേ?

പ്രണയം ചിലപ്പോള്‍ വിശ്വസിക്കാവുന്ന ഒരു നുണയാണ്.
ഒരുപറ്റം സങ്കടങ്ങള്‍ പറന്നിറങ്ങുന്ന പച്ചപ്പുല്‍മേടാണ് ഞാന്‍ .
സങ്കടങ്ങളെ ഞാന്‍ സന്തോഷമെന്ന് വിളിച്ച് നിരന്തരം കളിയാക്കും
നാണംകെട്ട് അവ എന്നില്‍ നിന്ന് ഓടിപ്പോകും.
അവയ്ക്ക് അവയുടെ അസ്തിത്വത്തില്‍ വിശ്വാസമുണ്ട്.

പ്രണയമേ നീയില്ലായിരുന്നെങ്കില്‍
ഭൂമി ഒരു അനാഥഗ്രഹമായേനേ എന്ന്
ഞാന്‍ നിനക്കൊരു എസ്.എം.എസ് അയയ്ക്കുന്നു.
അത് വായിച്ച് നീ ഒരു വളി വിടുന്നു
എന്റെ വ്യാജ വള്ളുവനാടന്‍ കാല്പനികത
ലജ്ജിച്ച് കുളിക്കാന്‍ പോകുന്നു.
അവള്‍ കുളിക്കും കുളക്കടവില്‍ എന്ന പാട്ട് വെച്ച്
ചരിത്രത്തില്‍ ആരോ ഉറങ്ങിപ്പോയിരിക്കുന്നു.

നിശ്ശബ്ദതയുടെ മഷി കൊണ്ട്
എല്ലാ വികാരങ്ങളേയും എഴുതുന്നു
മലഞ്ചെരിവിലെ മരങ്ങളുടെ പെന്‍‌സില്‍ മുനകള്‍ .
ജനല്‍‌സീറ്റുകളിലിരുന്ന് യാത്ര ചെയ്യുമ്പോള്‍
അതുങ്ങളുടെ കരച്ചില്‍ കാറ്റത്തുവന്നുതൊടും.
വേദനയുടെ മുഖത്ത് ഞാന്‍ കാര്‍ക്കിച്ച് തുപ്പും.

ക്രൂരതയുടെ കണ്ണുകള്‍ എവിടെ നിന്നും തുറക്കും
അതിന് ശരീരമില്ല.
ഉള്ളവരുടെ ശരീരത്തില്‍ കടന്നുകൂടി
അവരുടെ കണ്ണുകളിലൂടെ അത് അതിന്റെ കണ്ണുകള്‍
പുറത്തേക്ക് തള്ളിപ്പിടിക്കും..
ഏറ്റവും പ്രിയപ്പെട്ടവരുടെ കണ്ണുകളില്‍ക്കൂടിപ്പോലും
അതിന്റെ കണ്ണുകള്‍ തിളങ്ങുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

സന്തോഷിക്കാന്‍ യാതൊന്നുമില്ലെങ്കില്‍
ഞാനെന്നെ കൂട്ടിക്കൊണ്ടുപോയി
മറവിയിലേക്ക് തള്ളിയിടും.
മറവി കുടിച്ച്
മറവി തിന്ന്
മറവിയായി വളര്‍ന്ന്
മറവിയായി മരിക്കാന്‍
എല്ലാവരും അവനവനെ ഉന്തിയിടാന്‍ വന്ന
മലമുകളില്‍ നിന്ന്
ഞാന്‍ ഒരു ഉദയം കാണുന്നു.
ഒരു സിന്ദൂരപ്പൊട്ട് കാണുന്നു.
വെളുത്ത പക്ഷികളുടെ മാടിവിളിക്കുന്ന കൈകള്‍ കാണുന്നു.
സത്യം നമുക്കറിയുവാന്‍ മാര്‍ഗമില്ല.
നമുക്ക് വേണ്ടതിനെ നമുക്ക് സത്യമെന്ന് വിളിക്കാം.
അതുകൊണ്ട് ഞാന്‍ നിന്നെ വിശ്വസിക്കുന്നു.
നിന്നെ മാത്രം വിശ്വസിക്കുന്നു

ഈ നീലചിത്രം എനിക്കിനി കാണുവാന്‍ വയ്യ.
നമുക്ക് കെട്ടിപ്പിടിച്ചുരുളുവാന്‍
ഭൂമിയിലെ എല്ലാ ഉദ്യാനങ്ങളും നദികളും വിരിച്ചിടുവാന്‍
ദൈവത്തിന് ഒരു എസ്.എം.എസ് അയച്ചിട്ടുണ്ടെന്ന്
നിനക്കൊരു എസ്.എം.എസ് അയയ്ക്കുന്നു.
നീ അത് വായിച്ച് വീണ്ടും കാല്പനികതയ്ക്കു നേരെ ഒരു വളി വിടുന്നു.

നിന്റെ മുലകളെ അനുകരിച്ച്
കുന്നുകള്‍ മരങ്ങളെ ഒന്നാകെ പൂവിടുവിച്ച്
നിറംവെച്ചിരിക്കുന്നു.
നിന്റെ മുലഞെട്ട് ഒരു പിങ്ക്പൂമരം
ഉമ്മവെക്കുവാന്‍ ഞാന്‍ അടുക്കുമ്പോള്‍
എന്റെ അദൃശ്യമായ മൂക്കില്‍ നിന്ന് പുറപ്പെടുന്ന ജീവവായുവില്‍
അതിന്റെ ഇലകളും പൂക്കളും
അത്യാഹ്ലാദത്താല്‍ പിടയ്കുന്നു.

എന്റെ പ്രേമപ്പഴഞ്ചരക്കുമായി വരുന്ന ഒരു ലോറി
നിയന്ത്രണം കിട്ടാതെ നിന്നിലേക്ക് മറിയുന്നു
നീ അതേ കിടപ്പ് കിടക്കുന്നു,ഞാനും.

പട്ടാപ്പകല്‍ 11.30 ന് അഥവാ സഞ്ചാര സ്വാതന്ത്ര്യത്തെക്കുറിച്ച് 60 കിലോമീറ്റര്‍ സ്പീഡില്‍ ഒരു കവിത

പട്ടാപ്പകല്‍ 11.30 ന്
ഞങ്ങള്‍ ഒരു തുറന്ന ജീപ്പില്‍ പുറപ്പെട്ടു
ഞങ്ങളുടെ ഡ്രൈവര്‍ ഞങ്ങളെ നോക്കുകില്ല
എന്ന ഉറപ്പില്‍
ഞങ്ങള്‍ ഞങ്ങളുടെ തുണികളൊക്കെ ഊരി
വണ്ടിയുടെ ചുറ്റുമുള്ള കമ്പികളില്‍ കെട്ടിയിട്ടു
വണ്ടി ഒരു അറുപതു കിലോമീറ്റര്‍ സ്പീഡില്‍ വിട്ടു
പോകുന്ന വഴിക്ക് നാല് കവലയുണ്ട്
വേണമെങ്കില്‍ കവലയുടെ എണ്ണം കൂട്ടാം
കാറ്റ് ഞങ്ങളെ അടിച്ച് പിന്നോട്ട്
കാറ്റത്ത് എന്റെ പാന്റ്സും അവളുടെ ചുരിദാറും പിന്നോട്ട്
ഞാനും അവളും കെട്ടിപ്പിടിച്ച് കൂക്കിവിളിച്ചു
ഡ്രൈവര്‍ തിരിഞ്ഞുനോക്കിയോ?
നോക്കിയാല്‍ ഞങ്ങള്‍ക്ക് പുല്ലാണ്
ഞങ്ങള്‍ ചൂളമടിച്ചു
പാട്ടുപാടി
അലറി
വഴിയിലുള്ള മരങ്ങളെ മുഴുവന്‍ പേരെടുത്തുവിളിച്ചു
പ്ലാവേ മാവേ കാറ്റാടീ
കള്ളക്കശുമാവേ മൈരന്‍ റബറേ
എന്നിങ്ങനെ അന്നോളം ആരും വിളിക്കാത്തത്ര സ്നേഹത്തില്‍

ഒന്നാമത്തെ കവല വന്നു
കവലയില്‍ ആളുകള്‍ എന്തൊക്കെ ചെയ്യും
അല്ല,എന്തൊക്കെ ചെയ്യണം?
ഒരുത്തി,അല്ലല്ല,കുറേ ഒരുത്തികള്‍
പച്ചക്കറി വാങ്ങിച്ച് നില്‍ക്കട്ടെ
ഇറച്ചിക്കടക്കാരന്‍ ഇറച്ചിവെട്ടട്ടെ
ഓട്ടോ ടാക്സിക്കാര്‍ പതിവുപോലെ
വായും പൊളിച്ച് നില്‍ക്കട്ടെ
ബസ്‌സ്റ്റോപ്പില്‍ കോളേജ് പിള്ളേര്‍
മൊബൈല്‍ ഫോണ്‍ ചെവിയിലമര്‍ത്തി
ചിരിച്ചും പറഞ്ഞും ചുവക്കട്ടെ
ഞങ്ങളുടെ വണ്ടി പരമാവധി വേഗത കുറയ്ക്കുന്നു
കവല മുഴുവന്‍ ഞങ്ങളെ നോക്കുന്നു
ഞങ്ങള്‍ ഫുള്‍ഡാന്‍സാണ്.
നോക്കിനില്‍ക്കുന്ന അമ്മാവന്മാരെ നോക്കി പൂരപ്പാട്ടാണ്.
അവളുടെ ബള്‍ബ് കണ്ട് ചില വല്യപ്പന്മാര്‍ നാക്ക് നീട്ടുന്നുണ്ട്
എന്റെ മുരിങ്ങക്കായ കണ്ട് ചില അമ്മായിമാര്‍ കണ്ണുപൊത്തുന്നുണ്ട്
ഒലക്കേടെ മൂട്
കോപ്പിലെ സദാചാരം
വണ്ടി പെട്ടെന്ന് വേഗത കൂട്ടി ഒറ്റപ്പോക്കാണ്
ഒരു കവല ഒന്നാകെ ഷോക്കടിച്ച് നില്‍പ്പാണ്
എന്തോ ഒരു മൈര് തലയ്ക്കു ചുറ്റും കറങ്ങുമ്പോലെ
എല്ലാവര്‍ക്കും തോന്നുകയാണ്.
ഞങ്ങടെ ഡ്രൈവര്‍ നല്ല വിടല് വിട്ടു
അവളെന്നെ കെട്ടിപ്പിടിച്ച് രണ്ടുകവിളിലും കടിച്ചു
അടുത്ത കവലയിലും ഇങ്ങനെതന്നെ ചെയ്തു
പ്രേമം മൂത്ത് ആ കവല
ഞങ്ങടെ പിന്നാലെ കുറച്ചുദൂരം ഓടി
ഞങ്ങളെ ജയിക്കാന്‍ പറ്റുമോ
ഞങ്ങള് നല്ല വിടല് വിട്ടു
മുരിങ്ങക്കായ കാട്ടി വിരട്ടി
മൂന്നാമത്തെ കവല കല്ലെറിഞ്ഞു
നാലാമത്തെ കവല പിടിച്ചുവെച്ച്
ഞങ്ങള് മൂന്നെണ്ണത്തിനേം
നല്ല ചാര്‍ത്ത് ചാര്‍ത്തി
ഫുട്ബോള് തട്ടുമ്പോലെ തട്ടി
കയ്യും കാലും പിടിച്ച് ഒരു വിധം കഴിച്ചിലായി.

ലക്ഷ്യസ്ഥാനത്തെത്തിയപ്പോള്‍ അവള്‍ക്കൊരു സംശയം.
അല്ല,കുട്ടാ...നമ്മളീ കാട്ടിയതൊക്കെ
ആരെങ്കിലും കണ്ടോ?
ഞാന്‍ ആലോചിച്ചുനോക്കി
പിന്നെയും ആലോചിച്ചുനോക്കി
ഹേയ് ആരും കണ്ടിട്ടില്ലാ മോളേ.
ഉറപ്പുവരുത്താന്‍
ഒന്നാമത്തെ കവലയിലേക്ക് ഫോണ്‍ ചെയ്തു
അവരാരും ഒന്നും കണ്ടിട്ടില്ലെന്ന് പറഞ്ഞു
രണ്ടാമത്തെ കവലയിലേക്ക് ഫോണ്‍ ചെയ്തു
അവരും ഒന്നും കണ്ടിട്ടില്ലെന്ന് പറഞ്ഞു
മൂന്നാമത്തെയും നാലാമത്തെയും
കവലയിലേക്ക് ഫോണ്‍ ചെയ്തു
അവരും അതു തന്നെ പറഞ്ഞു
എന്നാപ്പിന്നെ നമുക്ക് ഒന്നുകൂടിപ്പോയാലോ
എന്നായി അവള്‍
തിരിക്കെടാ വണ്ടി
ഞങ്ങള്‍ അലറി
വണ്ടി തിരിഞ്ഞു
നാലാമത്തെ കവല ഒന്നാമത്തെ കവലയെപ്പോലെ
ഞങ്ങളെ സ്വീകരിച്ചു
മൂന്നാമത്തെ കവല രണ്ടാമത്തെ കവലയെപ്പോലെ
പിന്നാലെയോടി
രണ്ടാമത്തെകവല കല്ലെറിഞ്ഞു
ഒന്നാമത്തെകവല പിടിച്ചുവെച്ച് ചവിട്ടിക്കൂട്ടി
കയ്യുംകാലും പിടിച്ച് രക്ഷപ്പെട്ടു.
ഒടുവില്‍ തുടങ്ങിയ സ്ഥലത്ത് എത്തി
അപ്പോള്‍ അതേ സംശയം
അവള്‍ വീണ്ടും ചോദിക്കുകയാണ്
അല്ല ,കുട്ടാ...
ഞാന്‍ വീണ്ടും ഫോണ്‍ ചെയ്യുകയാണ്
ആരും ഒന്നും കണ്ടില്ലെന്ന് ആവര്‍ത്തിക്കുകയാണ്
എന്നാപ്പിന്നെ വിഡ്രാ വണ്ടി...
ഞങ്ങടെ വണ്ടി ഇതാ കൂക്കിവിളിച്ചുവരുന്നു
മരങ്ങളേ മലകളേ
മാറിനിക്കിനെടാ...കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂയ്