gfc

പതിനേഴു വര്‍ഷങ്ങള്‍

പതിനേഴു വര്‍ഷങ്ങള്‍ക്കു മുന്‍പ്
ഒരു നാള്‍ നിന്റെയമ്മ നിന്നെയുമെടുത്ത്
ബസ്സിലിരിക്കുന്നു.
അമ്മത്തോളില്‍ കിടന്ന് നീ
അവ്യക്തമധുരങ്ങളായ ശബ്ദങ്ങളാല്‍ സംസാരിക്കുന്നു.
ഹൃദ്രോഗിയായ ഭാര്യയെ
ചികിത്സിക്കാന്‍ പണത്തിനു ഞെരുങ്ങുന്ന ഒരാള്‍
പിന്‍സീറ്റിലിരുന്ന് ആലോചിക്കുകയായിരുന്നു.
അയാളുടെ ഭാര്യ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു
വെള്ളപ്പൊക്കത്തില്‍ വീടും കൃഷിയും നശിച്ചതിനാല്‍
സര്‍ക്കാര്‍ ധനസഹായമാരാഞ്ഞ്
തിരിച്ചുവരികയായിരുന്നു മറ്റൊരാള്‍
അങ്ങനെ ദുഃഖങ്ങളുടെയും ദുരന്തങ്ങളുടെയും
കൂടപ്പിറപ്പുകള്‍ മാതിരിയുള്ള മനുഷ്യര്‍
നിറഞ്ഞിരിക്കുന്ന വാഹനത്തിലാണ്
നിന്റെ മധുരശബ്ദങ്ങള്‍ നിറയുന്നത്.

പിന്‍സീറ്റിലെ ഒരമ്മയുടെ പാറിവരുന്ന മുടിയിഴകള്‍
നീ കുഞ്ഞുവിരലുകളാല്‍ പിടിച്ചു.
സ്വന്തം വേദനകളെല്ലാം മറന്ന്
അവര്‍ നിന്നെ നോക്കി ചിരിച്ചുകൊണ്ടിരുന്നു.
നിന്റെ ചുണ്ടില്‍ നിന്നു വീഴുന്ന
ശബ്ദങ്ങള്‍ പെറുക്കാന്‍ അവര്‍
കണ്ണും കാതും തുറന്നിരുന്നു.


മരണത്തെക്കുറിച്ച് ഓര്‍ത്തോര്‍ത്ത്
നെഞ്ചുകലങ്ങിയവള്‍ക്ക് നീ
ഒരു പുഞ്ചിരി നീട്ടി.
ഇലകളും പൂക്കളുമില്ലാതെ
കരിഞ്ഞുണങ്ങിയ മരം കണക്കായിരുന്നു അവള്‍.

നിന്റെ പുഞ്ചിരിത്തൊടലില്‍
പൊടുന്നനെ ഉടലാകെ പൂവിട്ട
അമ്മമരമായ് അവള്‍
അയാള്‍ക്ക് നിന്നെ കാണിച്ചുകൊടുത്തു.
അയാളും നിന്നെ നോക്കിയിരിക്കുന്നു.

ദില്ലിയില്‍ നിന്നും
നിന്റെ ഗ്രാമത്തിലെത്തും വരെ
ആ ബസ്സിനെ നിഷ്കളങ്കതയുടെ ഉരുവം കൊണ്ട്
ആഹ്ലാദിപ്പിച്ച്
നീ നിന്റെ അമ്മയുടെ തോളില്‍ കിടന്ന്
ഇറങ്ങിപ്പോകുന്നു.

പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം
അതുപോലൊരു ബസ്സില്‍ നീ
കൂട്ടരോടൊപ്പം ഒരു പെണ്‍‌കുട്ടിയെ
മാനഭംഗപ്പെടുത്തുന്നു.
അവളുടെ വസ്ത്രങ്ങള്‍
വലിച്ചുകീറുന്നു.
അവളുടെ യാചനകളെ
അവഗണിക്കുന്നു.
അവളുടെ ജനനേന്ദ്രിയത്തില്‍
കമ്പി കുത്തിയിറക്കുന്നു.
പ്രാണവേദനയില്‍ പിടയുമ്പോള്‍
അവളെ പിഴിഞ്ഞുകുടിക്കുന്നു.
ഒടുവില്‍
നഗ്നയും മരണാസന്നയുമായവളെ
റോഡിലേക്ക് വലിച്ചെറിഞ്ഞ്
നിന്റെ വാഹനം പോകുന്നു.

എന്റെ കുട്ടിക്കുറ്റവാളീ
ഈ പതിനേഴുവര്‍ഷങ്ങള്‍
നിന്നോട് എന്താണ് ചെയ്തതെന്ന്
ആ പഴയ ബസ്സിലെഹൃദ്രോഗിയായ സ്ത്രീ,
അവളുടെ ഭര്‍ത്താവ്,
വെള്ളപ്പൊക്കത്തില്‍ വീടും കൃഷിയും നശിച്ച ആ മനുഷ്യന്‍
എല്ലാവരും ഒരേ സ്വരത്തില്‍
നിന്റെ നിഷ്കളങ്കമായ മുഖത്തോട് ചോദിക്കുന്നു.
നിന്റെ ചുണ്ടുകളില്‍ നിന്ന് പൊഴിയുന്ന
അവ്യക്തമധുരമായ ശബ്ദങ്ങളില്‍
അതിന്റെ ഉത്തരമുണ്ടോ?

മനുഷ്യരേ... മനുഷ്യരേ...

മനുഷ്യരേ,

അങ്ങനെ ഉള്ളിത്തോലു പോലെ
അടുക്കടുക്കായി വെച്ചിരിക്കുന്ന
പേറ്റുമുറികളില്‍ നിന്ന് 
അടുക്കടുക്കായി വെച്ചിരിക്കുന്ന
ഗര്‍ഭപാത്രങ്ങളില്‍ നിന്ന്
അടുക്കടുക്കായി വെച്ചിരിക്കുന്ന
വലിഞ്ഞുവലിഞ്ഞുനിന്ന യോനികളെ  
ഒന്നൊന്നായിപ്പിളര്‍ന്ന്
ഒരു ശരമുന പോലെ വിക്ഷേപിക്കപ്പെട്ട്
ഈ നൂറ്റാണ്ടിന്റെ വാതിലില്‍
വീണുകരയുന്ന മനുഷ്യാത്മാവാണു ഞാന്‍
.
ദുരിതങ്ങളുടെയും വിലാപങ്ങളുടെയും
അംബരചുംബികളായ എടുപ്പുകള്‍ക്കിടയിലൂടെ
നഗരപഥങ്ങള്‍ക്കു മീതെ
ഞാനൊഴുകുന്നു
.
* * * *
ഗര്‍ഭപാത്രത്തില്‍ എന്റെ ശരീരവും ചുമന്ന്
അവസാനത്തെ അമ്മ
ഒരു വെടിയുണ്ടയ്ക്കു മുന്നിലൂടെ ഓടുന്നു .
പാഞ്ഞുവരുന്ന വെടിയുണ്ടയില്‍ നിന്ന്
എത്ര ദൂരം അവള്‍ക്ക് ഓടാനാവും

അത്ര ദൂരമാണ് അവള്‍ക്ക് ജീവിതം .

വെടിയുണ്ട അവളെ തൊടുന്നതിനിടയില്‍ 
ഏഴുവന്‍‌കരകളിലും ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ ജനിച്ച്
‘അമ്മേ എന്ന് വിളിക്കുന്നു.
കോടിക്കണക്കിന് വിത്തുകള്‍ മുളച്ച്
ഇലകളുടെ കുഞ്ഞിക്കാലടികള്‍ കാറ്റില്‍ പതിക്കുന്നു.
ആയിരക്കണക്കിന് കടുവകള്‍
അവയുടെ ഇരകളിലേക്ക് കുതിക്കുന്നു.
വെടിയുണ്ട അവളെ തൊടുന്നതിനിടയില്‍
ലക്ഷോപലക്ഷം പൂമൊട്ടുകള്‍ വിടര്‍ന്ന്
പൂക്കളാവുന്നു.....
മലകളില്‍ നിന്നും താഴ്‌വരകളില്‍ നിന്നും’
അനേകം പ്രാര്‍ഥനകള്‍ ദൈവങ്ങളുടെ വിലാസമന്വേഷിച്ച്
 മുകളിലേക്ക്
മുകളിലേക്ക് പോകുന്നു
.
അനേകം ക്യാമറക്കണ്ണുകള്‍ നിഷ്കരുണം
ആ വെടിയുണ്ടയുടെ യാത്ര തത്സമയ സം‌പ്രേഷണത്തിന്
ഒപ്പിയെടുക്കുന്നു.

വെടിയുണ്ടയ്ക്കും അവള്‍ക്കുമിടയിലുള്ള ദൂരത്തില്‍
അവളുടെ ജീവിതചലച്ചിത്രം അവള്‍ക്കുള്ളില്‍
അതിവേഗം ഓടുന്നു...
പിറവിയുടെയും വളര്‍ച്ചയുടെയും
രാഗദ്വേഷങ്ങളുടെയും അനേകം ചിത്രങ്ങള്‍ കൂട്ടിയൊട്ടിച്ച ജീവിതം.
താഴ്‌വരകളിലെ കൃഷിയിടങ്ങളിലും പൂവനങ്ങളിലും
ആടിപ്പാടി നടന്നിരുന്ന ചിത്രശലഭബാല്യം.
വിദ്യാലയത്തില്‍ സഹപാഠികളുടെ കൂടെ
ഒരു ജീവിതത്തെ സ്വപ്നം കാണാന്‍ പഠിച്ചത്.
ആദ്യത്തെ പ്രണയത്തിന്റെ മധുരാനുഭവം.
നിറങ്ങളും സന്തോഷങ്ങളും നിറഞ്ഞ വിവാഹദിനം.
കണ്ണീരിന്റെയും വിയര്‍പ്പിന്റെയും
മണ്ണിന്റെയും പൂക്കളുടെയും ഗന്ധങ്ങള്‍
  രാത്രിയുടെയും പകലിന്റെയും ഏകാന്തതകള്‍
മനുഷ്യരുടെയും പക്ഷികളുടെയും ഗീതികള്‍
ഇഷ്ടഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും രുചികള്‍
അമ്മയുടെയും ഏറ്റവും പ്രിയപ്പെട്ടവന്റെയും സ്പര്‍ശങ്ങള്‍
ജീവിതം അനശ്വരമെന്ന് തോന്നിപ്പിക്കുന്ന
ചുംബനങ്ങള്‍ ...

എല്ലാം ഇപ്പോള്‍ നിലയ്ക്കും
.
ഒരു കറുത്ത സ്ക്രീനില്‍ അവളെ മറവു ചെയ്ത്
കാണികളേ നിങ്ങള്‍ എഴുന്നേറ്റുപോവും
.
ചെവിപൊട്ടുന്ന ഒരു നിശ്ശബ്ദതയിലേക്ക്
അവള്‍ താണുതാണുപോവും.



മനുഷ്യരേ,
നദികളായ നദികളിലെ
ഈ രക്തം മുഴുവന്‍ അവളുടേതാണ്.
അവളുടെ മാംസമാണ്
ഈ മരങ്ങളില്‍ നിറയെ കായ്ച്ചുകിടക്കുന്നത്.
അവളുടെ ശ്വാസമാണ്
ഈ താഴ്‌വരകളില്‍ കെട്ടിക്കിടക്കുന്ന കാറ്റ്.
അവളുടെ ഗന്ധമാണ്
പൂക്കളില്‍ നിന്ന് ഇറങ്ങിവരുന്നത്
.
അവളുടെ തകര്‍ന്ന സ്വരങ്ങളാണ്
പക്ഷികളുടെ തൊണ്ടകളില്‍ നിന്ന് വരുന്നത്.
അവളുടെ കണ്ണുനീരാണ്
കുളങ്ങളിലും കിണറുകളിലും നിറഞ്ഞു നിറഞ്ഞു വരുന്നത്.


മനുഷ്യരേ,
ഗര്‍ഭപാത്രങ്ങളില്‍ നിന്ന് ഗര്‍ഭപാത്രങ്ങളിലേക്ക്
ഒഴുകിയൊഴുകിപ്പോകുന്നവരേ
യോനികളില്‍ നിന്ന് യോനികളിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നവരേ...

കില്ലര്‍

ആദ്യമായി അവളെക്കാണുമ്പോള്‍
അതു തന്നെ സംഭവിച്ചു.
ഏത്?
മഴ ? അല്ല.
പ്രേമം ? അല്ല.
പരിപാടി ? അല്ല.
കൊലപാതകം ? അതെ.

പശ്ചാത്തലത്തില്‍ ചുമരു നിറഞ്ഞ്
സംഗീത ദൃശ്യവല്‍ക്കരണത്തിന്റെ
നിറങ്ങളുടെ സഞ്ചാരങ്ങള്‍ ,
ചുഴികള്‍ ,തിരമാലകള്‍
ജാസ്-ഡ്രം
ഇരുട്ട്-വെളിച്ചം
തകര്‍ത്തു മുന്നേറുന്ന സംഗീതം.
ഒരുത്തന്റെ തോക്ക്.
അവള്‍ .
തോക്കില്‍ നിന്നൊരു തിര
അവളെ തിരഞ്ഞുപോവുന്നു.
വെടി പൊട്ടുന്ന കാതടപ്പിക്കുന്ന ശബ്ദം.,
നെഞ്ചില്‍ നിന്ന് രക്തം
പുറത്തേക്ക് കുതിപ്പിച്ച് അവള്‍ വീഴുന്നു.
സംഗീതം നിശ്ചലമാവുന്നു.
കൊലപാതകി എന്റെ അടുത്തേക്കു വന്നു.
-തോക്ക് നിനക്കിരിക്കട്ടെ.
വാതില്‍ തുറന്ന് അയാള്‍ മറഞ്ഞു.
രണ്ടാമത്തെ വെടി എന്റേതായിരുന്നു.
തോക്ക് കയ്യിലുള്ളവന്
വെടി വെക്കാതിരിക്കാനാവില്ല.
പക്ഷേ ഒന്നാമത്തെയോ
രണ്ടാമത്തെയോ വെടിയുണ്ടയാണ്
അവളുടെ ജീവന്‍ കവര്‍ന്നതെന്ന്
ഇപ്പോഴും ആശയക്കുഴപ്പമാണ്.

രണ്ടു വെടിയുണ്ടയും
ഒരേ തോക്കില്‍ നിന്നുള്ളതാണെന്നതിനാലും
തോക്ക് എന്റെ കയ്യിലാണെന്നതിനാലും
ഈ കൊലപാതകത്തിന്റെ
ഉത്തരവാദിത്തം എനിക്കു വന്നുപെടും.
ആദ്യത്തെ കൊലപാതകത്തിനു ശേഷം
മൂന്നുകാര്യങ്ങള്‍ ചെയ്യാം.
  • ഒളിവില്‍ പോവുക
  • പിടികൊടുക്കുക
  • തുടര്‍ച്ചയായി കൊലപാതകങ്ങള്‍ ചെയ്യുക
അങ്ങനെയാണ് ഞാന്‍
ഒരു പരമ്പരക്കൊലയാളിയാവുന്നത്.
നിങ്ങളെ കൊല്ലുവാനാണ്
ഇപ്പോള്‍ വന്നിരിക്കുന്നത്.

കൊല്ലപ്പെടും എന്ന് ഉറപ്പായാല്‍
മനുഷ്യന്റെ കാമ്പ് പുറത്തുവരും.
അതുവരെ അടച്ചുവെച്ചിട്ടുള്ള
ഭയം ആസക്തി ആക്രാന്തം
എല്ലാം നിര്‍ലജ്ജം പുറത്തിറങ്ങും.
മനുഷ്യനെ വ്യക്തമായി കാണണമെങ്കില്‍
അയാളെ കൊല്ലണം.
മരണത്തിലേക്ക് ഒരു മനുഷ്യന്‍
അറിയാതെ നടന്നു നീങ്ങുന്നത്
ഞാന്‍ കണ്ടിട്ടുണ്ട്.
അത് രസകരമാണ്.
മരണം മുന്‍പിലുണ്ടെന്നറിഞ്ഞ്
രക്ഷപ്പെടാനുള്ള പരാക്രമമാണ്
കൂടുതല്‍ രസകരം.
അയാള്‍ അന്നുവരെ പഠിച്ചുവെച്ചിട്ടുള്ള
ചരിത്രം,ഗണിതം,ശാസ്ത്രം,ഭാഷ
ഇതെല്ലാം അയാള്‍ക്ക് പ്രയോജനപ്പെടുമോ?
ജീവിതത്തില്‍ ഏറ്റവും സമര്‍ഥമായി
ബുദ്ധി ഉപയോഗിക്കേണ്ടുന്ന സന്ദര്‍ഭമാണ്
കൊലപാതകി ഇരയ്ക്കു നല്‍കുന്നത്.
ഇരയ്ക്ക് ഏതു നിമിഷവും
കൊലപാതകിയാകാവുന്ന മഹത്തായ സന്ദര്‍ഭവും
ഓരോ കൊലയ്ക്കു മുന്നിലുമുണ്ട്.
തന്റെ ജീവന്‍ നിസ്സാരവല്‍ക്കരിച്ചാണ്
കൊലയാളി അയാളുടെ
കലാജീവിതം ആവിഷ്കരിക്കുന്നത്.
കൊല്ലപ്പെടുവാനുള്ള നിങ്ങളുടെ അര്‍ഹത
അത്ര പ്രധാനപ്പെട്ടതല്ല.
ജീവനുണ്ട് എന്നുള്ളതു മാത്രമാണ്
ജീവിയുടെ മരണത്തിനുള്ള അര്‍ഹത.

ഇതൊരു കളിയാണ്.
ഞാനിപ്പോള്‍ ചലിച്ചുതുടങ്ങുകയാണ്.
നിങ്ങളും ചലിക്കൂ.
നിങ്ങളുടെ ഏകാന്തസമയത്ത്
വാതിലില്‍ മുട്ടുന്നത് ഞാനാണ്.
നിങ്ങളുടെ തനിച്ചുള്ള യാത്രയില്‍
നിങ്ങളെ പിന്‍‌തുടരുന്ന യാത്രക്കാരന്‍ ഞാനാണ്.
നിങ്ങള്‍ ഒറ്റയ്ക്കിരുന്ന് മദ്യപിക്കുന്ന
ബാര്‍ക്യാബിനിലേക്ക്
തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്നത്
ഞാനാണ്.
നിങ്ങള്‍ തനിച്ച് കാറോടിച്ച്
വീട്ടിലേക്കോ ബിസിനസ് ആവശ്യങ്ങള്‍ക്കോ
കാമുകിയുമായുള്ള രഹസ്യസമാഗമത്തിനോ പോവുമ്പോള്‍
പിന്‍‌സീറ്റിലെ അനക്കം ഞാനാണ്.


എന്തിനേറെ...
അരമണിക്കൂര്‍ മുന്‍പ്
നിങ്ങളോട് ചിരിച്ചുസംസാരിച്ച്
കൈനല്‍കിപ്പിരിഞ്ഞത് ഞാനാണ്.
ഭാര്യ എന്നു കരുതി നിങ്ങള്‍
ഇണചേര്‍ന്നുകൊണ്ടിരുന്നത്
മക്കള്‍ എന്ന നിലയില്‍
നിങ്ങള്‍ ഓമനിക്കുന്നത്
സുഹൃത്ത് എന്ന നിലയില്‍
നിങ്ങള്‍ ആലിംഗനം ചെയ്തത്
എന്നെയാണ്.

നിങ്ങള്‍ക്ക് രക്ഷയില്ല.
നിങ്ങളെ പിന്‍‌തുടരുന്ന
ഓരോ കാലടിശബ്ദവും എന്റേതാണ്.
നിങ്ങളുടെ കഴുത്തിലെ കുരുക്കുകള്‍
മുറുകിക്കഴിഞ്ഞു.
കുടുങ്ങി എന്ന് അറിയുമ്പോള്‍
നിങ്ങള്‍ പിടയ്ക്കും...
അപ്പോള്‍ നിങ്ങളുടെ കഴുത്ത്
കൂടൂതല്‍ കുരുങ്ങും.
ഒന്നു തിരിഞ്ഞുനോക്കാന്‍ നിങ്ങള്‍ക്ക്
സാവകാശമുണ്ടോ?
ധൈര്യവും...?

അവന്റെ കാലടികള്‍ പൂക്കളങ്ങളായ് പതിയുന്നു

ഋതുക്കളുടെ പാതാളത്തില്‍ നിന്ന്
അവന്‍ വരുന്നു.
ഒരു പച്ചപ്പാവക്ക മട്ടിലുള്ള
നിന്റെ ഭൂപടത്തിന്
പൊടുന്നനെ ജീവന്‍ വെച്ചു.
ഉറങ്ങിക്കിടന്നിരുന്ന ചെടിക്കുഞ്ഞുങ്ങള്‍
മണ്ണിനെ വശങ്ങളിലേക്ക് തള്ളിമാറ്റി
ഈരില വീശി പുറത്തേക്കു വന്നുകൊണ്ടിരുന്നു.

കുന്നുകള്‍ നനഞ്ഞ രോമങ്ങള്‍ കുടഞ്ഞ്
പൂക്കള്‍ നിറഞ്ഞ ഉടുപ്പുകളണിഞ്ഞു.

പടിഞ്ഞാറന്‍ അതിരില്‍ വെള്ളിമാലകളുമായി
ഒരു കടല്‍ വന്നു നിന്നു

ചിലന്നികളും മുക്കുറ്റികളും അവനു നല്‍കുവാന്‍
പൂക്കളുമായി കാത്തു നിന്നു

വെള്ളിമേഘങ്ങള്‍ക്കിടയില്‍
ചിങ്ങത്തിന്‍ പൊന്‍‌കിരീടം തെളിഞ്ഞു

ഒരു മഴമേഘം ഉണ്ടുനിറഞ്ഞ വയറുപോലെ
മുന്നേ പോകുന്നു

പായസത്തിനു തിളയ്ക്കുന്ന പാലില്‍
നീന്തുന്ന സേമിയപ്പൊട്ടുകളെന്ന്
തിളവെയിലില്‍ തെന്നിക്കൊണ്ടിരിക്കുന്നു തുമ്പികള്‍

ആരവം...

എല്ലാ വീട്ടുമുറ്റങ്ങളിലും
അവന്റെ കാലടികള്‍ പൂക്കളങ്ങളായ്
പതിയുന്നു
വിടരുന്നു.

ഒരു കാറ്റ്...


അവന്റെ തോള്‍മുണ്ടിന്റെ തൊങ്ങലുകളെന്ന്
 അനുഗമിക്കുന്നു
പൂക്കളുടെ സമ്മിശ്ര ശ്വാസങ്ങളും
പറക്കുന്ന കിളികളുടെ ഓര്‍ക്കസ്ട്രയും.

തെങ്ങുകള്‍ വായിക്കുന്നു
തെങ്ങോലകളുടെ ഹാര്‍മോണിയം...

ഓലന്റെയും കാളന്റെയും അവിയലിന്റെയും
പായസത്തിന്റെയും പപ്പടത്തിന്റെയും
ഗന്ധങ്ങളുടെ വള്ളികളില്‍
തൂങ്ങിക്കിടന്ന് ഊഞ്ഞാലാടുന്നു വീടുകള്‍




അവന്‍ പോകെ
വീട്ടുമുറ്റങ്ങളില്‍ നിന്ന് വലിച്ചെറിഞ്ഞ പൂവുകള്‍
ചക്രവാളങ്ങളില്‍ കൂടിക്കിടക്കും
അടുത്ത ചിങ്ങം വരെ.

അവരുടെ മുഖങ്ങള്‍ ചേര്‍ത്തുചേര്‍ത്ത് വന്‍‌കരകള്‍ നിര്‍മിക്കുന്നു...

ഞാന്‍ ഒരു സ്ത്രീ

1973 നവംബര്‍ 27
മുംബൈ,ഇന്ത്യ:

എന്റെ പേര് അരുണാഷാന്‍ബാഗ്
ഞാന്‍ മുംബൈയിലെ
കിംങ് എഡ്വേഡ് മെമ്മോറിയല്‍
ആശുപത്രിയില്‍ നഴ്സ്.
ആശുപത്രിയില്‍ വസ്ത്രം മാറുന്നതിനിടെ
സോഹന്‍‌ലാല്‍ ഭര്‍ത്താ വാല്‍മീകി എന്ന തൂപ്പുകാരന്‍
ചങ്ങല കൊണ്ട് കഴുത്തുമുറുക്കി
എന്നെ ബലാല്‍‌സംഗം ചെയ്തു.
തലച്ചോറിലേക്ക് പ്രാണവായു എത്താതെ
എന്റെ കാഴ്ച്ചയും കേള്‍വിയും നശിച്ചു.
കഴിഞ്ഞ 41 വര്‍ഷങ്ങളായി
ഒരേ കിടക്കയില്‍
ഇതേ ആശുപത്രിയില്‍ കിടപ്പിലാണ്.
41 വര്‍ഷങ്ങള്‍...
എത്രയോ ഭരണകൂടങ്ങള്‍ വീണു
എത്രയോ കുഞ്ഞുങ്ങള്‍ പിറന്ന്
ചരിത്രത്തില്‍ ഇടം പിടിച്ചു.
നദികള്‍ വഴിമാറിയൊഴുകി.
പര്‍വതങ്ങള്‍ തല കുനിച്ചു
എന്റെ വാര്‍ഡിനു പുറത്ത്
വര്‍ണാഭമായ ലോകം
ചീറിപ്പാഞ്ഞു.
ഞാന്‍ ഒന്നുമറിയുന്നില്ല.
41 വര്‍ഷങ്ങള്‍
ആ ചങ്ങലയുടെ മുറുക്കത്തില്‍
നിശ്ചലമായി.


ഞാന്‍ ഒരു സ്ത്രീ
2013 നവംബര്‍
കിംബര്‍ലി

ഞാന്‍ ജനിച്ചിട്ട്
ആറ് ആഴ്ചയേ ആയിരുന്നുള്ളൂ
എന്റെ അമ്മയുടെ ആദ്യത്തെ കുഞ്ഞ്
ജനിച്ച് രണ്ടുദിവസം കഴിഞ്ഞപ്പോഴേ
മരിച്ചുപോയിരുന്നു.
അമ്മ എന്നെ കിടക്കയില്‍ കിടത്തി
ടീവി കാണാന്‍ പോയതായിരുന്നു.
ഇരുപത്തിനാലു വയസ്സുള്ള
എന്റെ മാതൃസഹോദരന്‍
എന്നെ ജനല്‍ വഴി എടുത്തുകൊണ്ടുപോയി
വീടിന്റെ പിന്‍ഭാഗത്തുവെച്ച്...
നിലവിളി ബാക്കിയുണ്ടായിരുന്നതിനാല്‍
ശബ്ദം കേട്ട് ഓടിവന്ന
അമ്മയും അമ്മമ്മയും
ചോരയില്‍ കുളിച്ചുകിടന്ന എന്നെ
ആശുപത്രിയിലെത്തിച്ചു.



ഞാന്‍ ഒരു സ്ത്രീ
2001 നവംബര്‍ ദക്ഷിണാഫ്രിക്ക

എന്റെ പേര് ഷെപാങ്
വടക്കന്‍ കേപ്പിലെ ലൂയീസ് നല്‍‌വെഗ്
ആറാണുങ്ങള്‍ എന്നെ
കൂട്ടബലാല്‍ക്കാരം ചെയ്തു.
എനിക്ക് ഒന്‍പതുമാസം പ്രായമേ
ഉണ്ടായിരുന്നുള്ളൂ.

ലോകത്തെക്കുറിച്ച്
എനിക്കൊന്നുമറിയുമായിരുന്നില്ല.
വാക്കുകള്‍ ഉറച്ചിരുന്നില്ല
അമ്മേ എന്ന് വിളിക്കാന്‍ പോലുമായിരുന്നില്ല.
നടക്കാന്‍ പോലും തുടങ്ങിയിരുന്നില്ല.



ഞാന്‍ ഒരു സ്ത്രീ
2014 ജൂലൈ
തെക്കന്‍ മിഡ്നാപൂര്‍ ,പശ്ചിമബംഗാള്‍
ഏഴുവയസ്സുള്ള എന്നെ മൂന്ന് ആണുങ്ങള്‍
തട്ടിക്കൊണ്ടുപോയി ബലാല്‍‌സംഗം ചെയ്തു.
ആവശ്യം കഴിഞ്ഞ് കൊന്ന്
വഴിയരികിലെ വേപ്പുമരത്തില്‍
കെട്ടിത്തൂക്കി.


ഞാന്‍ ഒരു സ്ത്രീ
2014 മെയ്
ഉത്തര്‍ പ്രദേശിലെ
ഖത്ര ഷഹദത് ഗഞ്ച്
എനിക്ക് 14 വയസ്സാണ്.
ഞങ്ങളുടെ ഗ്രാമത്തില്‍
മിക്ക കുടുംബങ്ങള്‍ക്കും കക്കൂസുകള്‍ ഇല്ല.
ഞാനും 16 വയസ്സുള്ള എന്റെ ചേച്ചിയും
പ്രഭാതകൃത്യങ്ങള്‍ക്കു വേണ്ടി
പുറത്തേക്കു പോവുമ്പോള്‍
ഒരു കൂട്ടം ആളുകള്‍
ഞങ്ങളെ ബലാല്‍‌സംഗം ചെയ്തു.
ഗ്രാമത്തിലെ ഒരു മാവില്‍ ജീവനോടെ കെട്ടിത്തൂക്കി.
സ്ത്രീകളായി ജനിച്ചതായിരുന്നു
ഞങ്ങള്‍ ചെയ്ത കുറ്റം.
ഞാന്‍ നന്നായി പഠിക്കുമായിരുന്നു.
എന്റെ ഗ്രാമത്തിലെ ആണ്‍കുട്ടികളെപ്പോലെ
എനിക്ക് കോളേജില്‍ പോകണമെന്നുണ്ടായിരുന്നു.
പക്ഷേ...

.



ഞാന്‍ ഒരു സ്ത്രീ
1988 നവംബര്‍ 22
ജപ്പാനിലെ മിസാറ്റൊ.

എന്റെ പേര് ജുങ്കോ ഫുറുത്തോ
എനിക്ക് 17 വയസ്സ്.
സ്കൂളില്‍ നിന്ന് വീട്ടിലേക്ക് പോകും വഴി
എന്റെ പ്രായം വരുന്ന ഏഴ് ആണ്‍‌കുട്ടികള്‍
എന്നെ തട്ടിക്കൊണ്ടു പോയി.
അതിലൊരുത്തനായ കാമിസാകുവിന്റെ
അയാസെയിലെ വീട്ടില്‍
44 ദിവസം തടവില്‍ പാര്‍പ്പിച്ചു.
വീട്ടിലേക്ക് ഫോണ്‍ വിളിപ്പിച്ച്
ഒരു ചങ്ങാതിയോടൊപ്പമാണെന്നും
സുഖമായിരിക്കുന്നുവെന്നും പറയിപ്പിച്ചു.
44 ദിവസത്തിനിടയില്‍
400 തവണയെങ്കിലും ബലാല്‍‌സംഗം ചെയ്തു.
പരസ്യമായി സ്വയംഭോഗം ചെയ്യിച്ചു
സിഗരട്ട് ലൈറ്റര്‍ കൊണ്ട് ഗുഹ്യഭാഗങ്ങള്‍ പൊള്ളിച്ചു.
നെഞ്ചുമുഴുവന്‍ തുന്നല്‍ സൂചി കൊണ്ട് കുത്തിത്തുളച്ചു.
ജനനേന്ദ്രിയത്തിലും മലദ്വാരത്തിലും
ബോട്ടിലുകളും സിഗരട്ടുകളും
കോഴിയിറച്ചിയും കുത്തിത്തിരുകി.
ജനനേന്ദ്രിയത്തില്‍ ചുട്ടബള്‍ബ് ഇറക്കി
ജനനേന്ദ്രിയത്തില്‍ കത്രികയിറക്കി
മലദ്വാരത്തില്‍ കരിമരുന്ന് വെച്ച് കത്തിച്ചു.
പട്ടിണിക്കിട്ടു.
വിശന്നപ്പോള്‍ പാറ്റകളെ തീറ്റിച്ചു
ദാഹിച്ചപ്പോള്‍ മൂത്രം കുടിപ്പിച്ചു
വിരല്‍ നഖങ്ങള്‍ തകര്‍ത്തു
ഇടത്തേ മുലഞെട്ട് പ്ലയറുപയോഗിച്ച്
പിഴുതെടുത്തു.
കീഴ്ക്കാംതൂക്ക് കെട്ടിത്തൂക്കി
ഇടിച്ചിടിച്ച് ചോര വരുത്തി.
നാല്‍പ്പത്തിനാലാം ദിവസം
അംഗഭംഗം വന്ന ശരീരം
ഇരുമ്പു ബാര്‍ബെല്ലുകൊണ്ട്
അടിച്ചുതകര്‍ത്തു
രക്തമൊഴുകിക്കൊണ്ടിരുന്ന
കണ്ണുകളിലും കവിളുകളിലും
മെഴുതിരി കത്തിച്ചുവെച്ചു.
ശരീരം മുഴുവന്‍ കത്തുംദ്രവങ്ങളൊഴിച്ച്
കത്തിച്ചു.
55 ഗാലന്റെ ഡ്രമ്മില്‍ ശരീരം താഴ്ത്തി
കോണ്‍ക്രീറ്റ് നിറച്ച് ഉറപ്പിച്ചു.
കോട്ടോയിലെ ഒരു ഒഴിഞ്ഞ
ഫാക്ടറിയില്‍ ഉപേക്ഷിച്ചു.



ഞാന്‍ സ്ത്രീ
1989ഏപ്രില്‍ 19
ന്യൂയോര്‍ക്ക് പട്ടണത്തിലെ സെന്‍‌ട്രല്‍ പാര്‍ക്ക്
എന്റെ പേര് ട്രിഷ എലന്‍ മീലി.
എനിക്ക് 28 വയസ്സായിരുന്നു.
പാര്‍ക്കില്‍ രാത്രിനേരത്ത് ജോഗിങ് ചെയ്തുകൊണ്ടിരിക്കെ
അഞ്ചു ചെറുപ്പക്കാര്‍ എന്നെ ബലാത്സംഗം ചെയ്തു.
അതിനു ശേഷം അഞ്ചുപേരും ചേര്‍ന്ന്
കഴിയുന്നത്ര തല്ലി.
ശരീരം മുഴുവന്‍ മുറിഞ്ഞ്
രക്തമൊഴുകിക്കൊണ്ടിരുന്നു
തലയോട്ടി തല്ലിത്തകര്‍ത്തു.
ഇടതുകണ്ണ് നേത്രകോടരത്തില്‍ നിന്ന്
തെറിച്ചുപോയി.
മരണം വാരിപ്പുതയ്ക്കുന്ന തണുപ്പ്
എന്റെ ശരീരമറിഞ്ഞു
ഞാന്‍ മരിച്ചില്ല.
ഒടിഞ്ഞുതൂങ്ങിയ ശരീരവും
നഷ്ടപ്പെട്ട കാഴ്ചയുമായി ജീവിക്കുന്നു.


1945
ജര്‍മനി
--------
--------
1990
കുവൈത്ത്
--------
--------

1994

റുവാണ്ട
--------
--------


1995
ബോസ്നിയ
--------
--------

1998
കോങ്‌കോ

--------
--------

2002
ഇന്ത്യ
--------
--------


2014
ഇറാക്ക്
-------
-------
-------
-------
------------


*    *   *   *
സൂം ചെയ്ത് സൂം ചെയ്ത് നാമെത്തുന്ന
ഭൂമിയുടെ ഓരോ പിക്സലിലും
പീഡിതയായ ഒരു സ്ത്രീയുടെ
കരഞ്ഞുകലങ്ങിയ
ഭയം നിറഞ്ഞ മുഖമുണ്ട്.

ഭൂമിയുടെ എല്ലാ കോശങ്ങളില്‍ നിന്നും
എല്ലാ നിമിഷങ്ങളില്‍ നിന്നും
അവര്‍ നിലവിളിക്കുന്നു
അവരുടെ മുഖങ്ങള്‍ ചേര്‍ത്തുചേര്‍ത്ത്
തിരിഞ്ഞുകൊണ്ടിരിക്കുന്ന ഈ ഭൂഗോളത്തിലെ
ഏഴു വന്‍‌കരകളും നിര്‍മ്മിച്ചിരിക്കുന്നു.
അവരുടെ കണ്ണുനീര്‍
കടലായ് നീലിച്ചുകിടക്കുന്നു.

--------------------------------------------------------------------------------------------------------------------------
World Hate women എന്ന മൂന്നു മിനിട്ട് വീഡിയോയ്ക്ക് ഒരു പ്രതികരണം/അനുബന്ധം.
യഥാര്‍ത്ഥ വാര്‍ത്തകളുടെ ഒരു കൊളാഷ്.വിവിധ ഇന്റെര്‍നെറ്റ് സൈറ്റുകള്‍ക്ക് കടപ്പാട്

മീനെ

അപ്പാ
നീ എങ്കളെ പറ്റിച്ചാ
നാനും ചക്കരയും മീനു പിടിപ്പാന്‍ പോവോം
നാനു നിന്നെ ഓര്‍പ്പെ
അന്റു തോട്ടിലെ വെള്ളത്തിലു
നീ എന്നെ മുക്കിപൊക്കിത്തേ
അപ്പോ നാനു ചിരിച്ചു ഉതറുത്താ
എപ്പളും ഓര്‍മ്മ വരുവേ
തോട് എന്നകൂടെ ചോദിപ്പേ
നീ ഏടെ പോയി എന്റു

നാനു ഉസ്കൂളിലു പോകേ
മക്ക എന്നെ കളിയാക്കും
നീയു കുളിക്കാ
നിന്ന ഉടുപ്പു മുഷിഞ്ചായി
അവാരു പറായും.

അപ്പാ
നീ എനാങ്കു വരാത്തായി
ഞങ്കാക്കു പൈച കാണി
ചോപ്പു എണ്ണയും വാങ്കാത്താക്കു
നാനും അമ്മയും ചക്കരയും കുളിക്കലു കാണി.
അമ്മനെയും എന്നെയും തില
ചിട പിടിച്ചു ചെമ്പിച്ചായി ആണെ അന്റു.

ചക്കരയ്ക്കു പനി വന്താലും
മരുന്തു വാങ്കുവാന്‍ അമ്മ പോവ്വാ
വണ്ടിക്കൂലി കാണി

അപ്പാ
നീ വന്തിച്ചു
എനാക്കൊരു പുതിയ ഉടുപ്പ്
വാങ്കിത്തരുമെന്ന് അമ്മ പറാഞ്ചു.
അവാനും ഇട്ടു ഉസ്കൂളില്‍ പോകാന്റായി
നാനു ഒരു നാളു കനവു കണ്ടേ...ഒരു നാളു എന്നെ
ഉസ്കൂളിലു പിടിച്ചുകൊണ്ടുപോവാന്‍
മാച്ചുമ്മാരു വന്താ
നാനു വയലുക്കു ഓടിപ്പോയാ
എന്‍താകു അവരു നമ്മെ
ഉസ്കൂളുക്കു കൊണ്ടുപോകിന്റായി
അവരു നമ്മെ അവരെ വാച്ച പടിപ്പിക്കുന്നത്
എന്‍‌താങ്കു?
ഏടെങ്കിലും നമ്മ വാച്ച
പടിപ്പിക്കിന്റെ ഉസ്കോളു ഉളതോ?
അപ്പാ
അമ്മ എങ്കാക്കു
രണ്ടു മൂന്നു നാളു കൂടുമ്പോ
എനത്തായെങ്കിലും ഉണ്ടാക്കിത്തരും.
ചിലപ്പൊ എനാക്ക് എമ്പാടും പയ്ക്കും.
പയ്ച്ചു പയ്ച്ചു നാനു കിരായും.
പയിപ്പു താങ്കാത്ത തിവചം
നാന്‍ ഉസ്കോളുക്കു പോവേം
ആടെ എരുതെയും ഉച്ചായ്ക്കും
തിന്നുവാന്‍ കിടെക്കും.

അപ്പാ
നീ വന്താലു പിന്നെ
നാനു സ്കൂളിലു പോകാ എന്റു
നാനു ആടുത്ത മക്കളോട് പറാഞ്ച
നാനു അടയ്ക്ക് പൊളിപ്പാന്‍
ആന്റണി ചേട്ടനാടെ പോയാ
ആടെ ടീവി മലയും
ഉച്ചായ്ക്ക് ചോറും ഉണാക്കമീനും

അപ്പാ
ഉല്‍ചവത്തിനു
നീ കഴിഞ്ച കൊല്ലം
എനാക്കു വാങ്കിത്തന്ത പോലെ
മാലയും വളയും ഇക്കൊല്ലം
ആരു വാങ്കിത്തരും?

അപ്പാ
കുടഗില്‍ പോയി
എമ്പാടും പൈസ കൊണ്ടുവരുമെന്നു പറാഞ്ചു
എനക്കു എമ്പാടു ഉമ്മ തന്തു പോയി
നീയിപ്പോ കലാക്ടറുടെ വണ്ടിയും
ടീവിക്കാരെയുമൊക്കെ കൂട്ടി
ഇയാണെ എനത്താങ്കു വന്തായി
നീ ഒന്റും മുണ്ടാതെ
കിടക്കുന്റായി എനാങ്കു?
നിന്നെ ആരോ അറ്ഞ്ചുകൊന്റായി ആണു
ഊരുക്കാരു മെല്ലെ പറയിന്റായി നാനു കേട്ടേ...അപ്പാ
നിനാക്കു നിന്ന മീനൂനെ ഇഷ്ടമാ
എന്നകൂടാ എനത്താങ്കിലു പറാ...

മീന

അപ്പാ
നീ ഞങ്ങളെ പറ്റിച്ചു
ഞാനും ചക്കരയും മീന്‍ പിടിക്കാന്‍ പോകും
ഞാന്‍ നിന്നെ ഓര്‍ക്കും
അന്നൊരു നാള്‍ തോട്ടിലെ വെള്ളത്തില്‍
നീ എന്നെ മുക്കിപ്പൊക്കിയില്ലേ?
അപ്പോള്‍ ഞാന്‍ ചിരിച്ചുകുതറിയത്
എപ്പോഴും ഓര്‍മ വരും.
തോട് എന്നോട് ചോദിക്കും
നീ എവിടെപ്പോയി എന്ന്..

ഞാന്‍ സ്കൂളില്‍ പോവാറില്ല
കുട്ടികള്‍ എന്നെ കളിയാക്കും
നീ കുളിക്കില്ല
നിന്റെ ഉടുപ്പ് മുഷിഞ്ഞതാണ്
എന്നൊക്കെ പറയും

അപ്പാ
നീ വരാത്തതുകൊണ്ട്
ഞങ്ങള്‍ക്ക് പൈസയില്ല
സോപ്പും എണ്ണയും വാങ്ങാത്തതുകൊണ്ട്
ഞാനും അമ്മയും ചക്കരയും കുളിക്കാറില്ല.
അമ്മയുടെയും എന്റെയും മുടി
ജടപിടിച്ച് ചെമ്പന്‍ നിറത്തിലായത്
അങ്ങനെയാണ്.
ചക്കരയ്ക്ക് പനിവന്നാല്‍ കൂടി
മരുന്നു വാങ്ങാന്‍ അമ്മ പോവില്ല
വണ്ടിക്കൂലി ഉണ്ടാവില്ല.

അപ്പാ,
നീ വന്നിട്ട്
എനിക്കൊരു പുതിയ ഉടുപ്പ്
വാങ്ങിത്തരുമെന്ന് അമ്മ പറഞ്ഞു.
അതിട്ട് സ്കൂളില്‍ പോവുന്നത്
ഞാനൊരു ദിവസം സ്വപ്നം കണ്ടു.

ഒരു ദിവസം എന്നെ
സ്കൂളിലേക്ക് പിടിച്ചുകൊണ്ടുപോവാന്‍
മാഷ്‌മ്മാരു വന്നു.
ഞാന്‍ വയലിലേക്ക് ഓടിപ്പോയി.
എന്തിനാണ് അവര് നമ്മളെ
സ്കൂളിലേക്ക് കൊണ്ടുപോവുന്നത്?
അവരുടെ ഭാഷ നമ്മളെ പഠിപ്പിക്കുന്നത്
എന്തിനാണ്?
എവിടെയെങ്കിലും നമ്മുടെ ഭാഷയില്‍
പഠിപ്പിക്കുന്ന സ്കൂള്‍ ഉണ്ടാവുമോ?

അപ്പാ
രണ്ടുമൂന്നു ദിവസം കൂടുമ്പോള്‍
അമ്മ എനിക്ക് എന്തെങ്കിലും
ഉണ്ടാക്കിത്തരും
ചിഅല്‍പ്പോഴൊക്കെ എനിക്ക്
നന്നായി വിശക്കും.
വിശന്നുവിശന്ന് ഞാന്‍ കരയും.
വിശപ്പ്സഹിക്കാനാവാത്ത ദിവസം
ഞാന്‍ സ്കൂളില്‍ പോവും
അവിടെ രാവിലെയും ഉച്ചയ്ക്കും
തിന്നാന്‍ കിട്ടും.

അപ്പാ,
നീ വന്നാല്‍ പിന്നെ
ഞാന്‍ സ്കൂളില്‍ പോവില്ല എന്ന്
ഞാന്‍ അവിടത്തെ കുട്ടികളോട് പറഞ്ഞു.

കുറച്ചുദിവസം ഞാന്‍
അടയ്ക്ക പൊളിക്കാന്‍
ആന്റണിച്ചേട്ടന്റെ വീട്ടില്‍ പോയി.
അവിടെ ടി.വി കാണാം.
ഉച്ചയ്ക്ക് ചോറും ഉണക്കമീനും.

അപ്പാ,
ഉത്സവത്തിന്
കഴിഞ്ഞകൊല്ലം നീ
എനിക്ക് വാങ്ങിത്തന്നതുപോലെ
മാലയും വളയും ഇക്കൊല്ലം
ആരു വാങ്ങിത്തരും?

അപ്പാ,
കുടഗില്‍ പോയി
തോനെ പൈസയുമായി
വരാമെന്ന് പറഞ്ഞ്
എനിക്ക് നിറയെ ഉമ്മ തന്ന് പോയിട്ട്
നീയിപ്പോള്‍ കലക്ടറുടെ വണ്ടിയും
ചാനല്‍ക്കാരെയുമൊക്കെ കൂട്ടി
ഇങ്ങനെ വന്നതെന്തിനാണ്?
നീ ഒന്നും മിണ്ടാതെ
കിടക്കുന്നത് എന്താണ്?
നിന്നെ ആരോ തല്ലിക്കൊന്നതാണെന്ന്
ഊരുകാര് അടക്കം പറയുന്നത് ഞാന്‍ കേട്ടു.
അപ്പാ,
നിനക്ക് നിന്റെ മീനയെ ഇഷ്ടമല്ലേ?
എന്നോട് എന്തെങ്കിലും പറയൂ...

പെണ്‍കുട്ടി

ഓര്‍മക്കുറവിന്ചികിത്സയ്ക്കു വന്ന ആളു തന്നെ.നഗരത്തിരക്കില്‍ നിന്ന്ബസ്സിലേക്ക് ചാടിക്കയറുമ്പോള്‍
കയറുന്നില്ലേ കുട്ടീ എന്ന് ശാസനയും സ്നേഹവും നിറഞ്ഞ സ്വരത്തില്‍ ഈ പെണ്‍കുട്ടിയെ വിളിച്ചുകയറ്റിയതും ഞാന്‍ തന്നെ.രോഗം ഇങ്ങനെ കൂടിക്കൊണ്ടിരുന്നാല്‍ എന്താവും?കൃഷി ആര് നടത്തും?കുട്ടികളുടെ ചെലവുകള്‍ എന്താക്കും? എന്നെല്ലാമോര്‍ത്ത് എപ്പോഴോ ഉറങ്ങിപ്പോയി.എത്ര സ്റ്റോപ്പുകള്‍ കഴിഞ്ഞുപോയി.എത്ര നാടുകള്‍ കഴിഞ്ഞുപോയി.ഒന്നുമറിയില്ല.കയറുമ്പോള്‍ കണ്ട ആളുകളല്ല.പക്ഷേ സ്കൂള്‍ യൂണീഫോം ധരിച്ച ആ പെണ്‍‌കുട്ടി ബാഗും പിടിച്ച് അടുത്തുതന്നെ ഇരിപ്പുണ്ട്.അകത്തുകൂടെ ഒരു മിന്നല്‍...

പുറത്തേക്കു നോക്കിയാലറിയാം-നേരം ഇരുണ്ടു തുടങ്ങിയിട്ടുണ്ട്.വണ്ടി ഒരുപാട് സഞ്ചരിച്ചിട്ടുണ്ട്.
അകം മുഴുവന്‍ ഒരു എരിപൊരി.ഈ കുഞ്ഞ് എന്താലോചിച്ചിരിക്കുകയാണ്?ഇതിന്റെ വീട് കഴിഞ്ഞോ?മറ്റാരും കേള്‍ക്കാതെ ഞാനവളോട് ചോദിച്ചു.അവള്‍ പറഞ്ഞ മറുപടി കേട്ടപ്പോള്‍ എല്ലാം കുഴഞ്ഞെന്ന് എനിക്ക് മനസ്സിലായി.

പത്തുനൂറു കിലോമീറ്ററെങ്കിലും കഴിഞ്ഞു.ആളിറങ്ങണം എന്നു പറഞ്ഞപ്പോള്‍ ഇവിടെ സ്റ്റോപ്പില്ലെന്ന് ബസ് ജീവനക്കാരന്‍.ബഹളം വെച്ചപ്പോള്‍ വണ്ടി നിര്‍ത്തി.പെണ്‍കുട്ടിയേയും കൊണ്ട് ചാടിയിറങ്ങി.ബസ്സിലെ ആളുകള്‍ മുഴുവന്‍ തല പുറത്തേക്കിട്ട് നോക്കുന്നുണ്ടായിരുന്നു.

ബസ്സു കയറാന്‍ നില്‍ക്കുമ്പോഴാണ് ഏതോ പെണ്‍പള്ളിക്കൂടം വിട്ട് പെണ്‍കുട്ടികള്‍ കൂട്ടമായെത്തിയത്.വന്നു നിന്ന ബസ്സില്‍ ഇവളൊഴികെ എല്ലാവരും കയറിപ്പോയി.ഇവള്‍ കയറാന്‍ തുടങ്ങിയതും കിളി ഇവളെ തള്ളിത്താഴെയിട്ടു.വണ്ടി വിട്ടു...മകളെപ്പോലെ ഒരു പെണ്‍കുട്ടി.അതുകൊണ്ടാണ്...എനിക്കുള്ള വണ്ടി വന്നപ്പോള്‍ കയറുന്നില്ലേ എന്ന് ചോദിച്ചത്.

ഓര്‍മക്കുറവുണ്ടെങ്കിലും നടക്കുന്ന കാര്യങ്ങളുടെ ഒരു തത്സമയ സം‌പ്രേഷണം തലയ്ക്കുള്ളില്‍ മിന്നും
.
ഈ കൊച്ചിനെയും തിരഞ്ഞ് അവളുടെ വീട്ടുകാര്‍ പുറപ്പെട്ടിട്ടുണ്ടാവും.പോലീസ് സ്റ്റേഷനില്‍ പരാതി പോയിട്ടുണ്ടാവും.പരിചയക്കാര്‍ ആരെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ ഒരു മധ്യവയസ്കന്റെ കൂടെ ബസ്സില്‍ കയറുന്നത് കണ്ടതായി പറയും.

തല കറങ്ങുന്നു.കൊച്ചിനേയും പിടിച്ച് ഒരു പെട്ടിക്കടയില്‍ കയറി.ഒരു നാരങ്ങസോഡയും ചായയും പറഞ്ഞു.കുടിക്കുന്നതിനിടയില്‍ പരിഭ്രമിച്ച് ചുറ്റുപാടും നോക്കിക്കൊണ്ടിരുന്നു.ആരെയാ നോക്കുന്നതെന്ന് കടക്കാരന്‍ .ഇത് മോളാണോ?

പാഞ്ഞുവരുന്ന അടുത്തവണ്ടിക്ക് കൈകാട്ടി ചാടിക്കയറി.കൂടുതല്‍ സംശയങ്ങള്‍ക്ക് ഇട നല്‍കിയാല്‍ ഓര്‍മക്കുറവ് സ്ഥിരമായി പരിഹരിക്കപ്പെടും.കാശു കൊടുത്ത് രണ്ടു ടിക്കറ്റെന്ന് പറഞ്ഞപ്പോള്‍ കണ്ടക്ടര്‍ ഒരു സ്ഥലത്തിന്റെ പേരു പറഞ്ഞ് അവിടേക്കാണോന്ന് ചോദിച്ചു.ആണെന്നുമല്ലെന്നും പറഞ്ഞില്ല.

തലയ്ക്കകത്ത് തല്‍‌സമയ സം‌പ്രേഷണം തുടര്‍ന്നു.പെണ്‍കുട്ടിയുടെ നാട്ടുകാരും വീട്ടുകാരും ഒരു ജീപ്പെടുത്ത് വരികയാണ്.വണ്ടി ഇന്നവഴിക്കാണ് പോയതെന്ന് പരിചയക്കാരാരോ പറഞ്ഞിട്ടുണ്ട്.
ഞാനും അവളും കയറിയ ആദ്യത്തെ ബസ്സിനു മുന്നില്‍ അവരുടെ ജീപ്പ് വിലങ്ങനെ നിര്‍ത്തുന്നുണ്ട്.ഫോട്ടോ കാണിച്ച് ബസ്സിലുള്ളവരോട് ചോദിക്കുന്നുണ്ട്.അവര്‍ എന്തെല്ലാമോ പറയുന്നുണ്ട്.ജീപ്പ് പിന്നെയും പായുന്നുണ്ട്....

എനിക്ക് തല കറങ്ങുന്നു.അവര്‍ വന്നു പിടിച്ചാല്‍ എന്തു ചെയ്യും?ഈ കൊച്ചിനെ തിരിച്ചുകൊണ്ടുചെന്നാക്കാന്‍ ശ്രമിച്ചാല്‍ അവര്‍ നിരപരാധിത്വം മനസ്സിലാക്കുമോ?പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കാമെന്ന് വെച്ചാല്‍ ഊരിപ്പോരാനാവുമോ?വീട്ടിലേക്ക് പോകാനാവുമോ?
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എങ്ങനെയെങ്കിലും വീടുതപ്പിപ്പിടിച്ച് വരില്ലേ?നാട്ടുകാര്‍ അറിയില്ലേ?വയസ്സാംകാലത്ത് ഇയാള്‍ക്ക് ഇതെന്തിന്റെ കേടായിരുന്നുവെന്ന് മൂത്തമകനോട് ബസ്‌സ്റ്റോപ്പിലോ ചായക്കടയിലോ വെച്ച് ഏതെങ്കിലുമൊരുത്തന്‍ ചോദിക്കില്ലേ?

രാത്രിയായിട്ടുണ്ട്.ബസ്സ് എവിടെയോ നിര്‍ത്തി.എല്ലാവരും ഇറങ്ങി.ഞാന്‍ പെണ്‍കുട്ടിയേയും പിടിച്ച് ബസ്സിറങ്ങി.നിറയെ ജനം.ഏതോ നാട്.ഏതോ ഭാഷ.ഏതോ ഉല്‍‌സവം.ശരീരം മുഴുവന്‍ ചാക്കുനൂലുകള്‍ ഞാത്തിയിട്ട് പത്താള്‍പ്പൊക്കത്തിലുള്ള വലിയവേഷങ്ങള്‍ തെരുവിലൂടെ നടക്കുന്നു.അവയുടെ അലങ്കൃതവും ഭയാനകവുമായ മുഖങ്ങള്‍ .വാദ്യഘോഷങ്ങള്‍ .ഞാന്‍ പെണ്‍‌കുട്ടിയേയും കൈപിടിച്ച് തിരക്കിലൂടെ നടന്നു.എവിടേക്ക്,എവിടേക്ക്...എന്ന് കാലുകളും മനസ്സും തിരഞ്ഞു.ഞങ്ങളെ തിരഞ്ഞ് ആ ജീപ്പ് ഇപ്പോള്‍ ഏതോ റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്നുണ്ട്.

ആല്‍ബം

  

ഈ ചിത്രം കണ്ടിട്ട്
ചിരി വരുന്നുണ്ടാവാം.
ഒന്‍പതുമാസം ഗര്‍ഭമുള്ള
സക്കീനയുടെ വയറാണിത്.
അന്‍‌വറിന്റെ കാല്
പുറത്തേക്ക് മുഴച്ചു നില്‍ക്കുന്നത് കണ്ടോ?
അവിടെ സൂര്യന്‍ ഉമ്മവെക്കുന്നു.

തിടുക്കമായിരുന്നു അവന്
ഈ ലോകത്തേക്കു വരുവാന്‍.
വയറ്റില്‍ നിന്ന് പുറത്തുവന്നിട്ടും
വികൃതിക്ക് കുറവില്ലായിരുന്നു.

ഇതാണ് അവന്റെ പിറന്ന പടിയുള്ള ചിത്രം
ചുക്കുമണി കാണാതിരിക്കാന്‍
കൈ രണ്ടുകൊണ്ടും മറച്ചുവെച്ച്  നാണിച്ച് ചിരിക്കുന്നു

ഇത് ഞാനും സക്കീനയും അവനും
ഒരുമിച്ചിരിക്കുന്ന ചിത്രം
ഇത് എന്റെ അനുജന്‍ എടുത്തതാണ്.
ഉമ്മയുടെ കൈകളിലിരുന്ന് അവന്‍
ക്യാമറ പിടിച്ചുവാങ്ങാന്‍ നോക്കുകയാണ്.

ഇത് അവന്‍ വാശിപിടിച്ചു കരയുന്ന ചിത്രം 
 ഹോ! ചില രാത്രികള്‍
അവന്‍ ഉറങ്ങാന്‍ സമ്മതിക്കില്ല.
വിവാഹവും സന്താനോല്പാദവുമൊന്നും
വേണ്ടായിരുന്നുവെന്ന് തോന്നിപ്പോയിട്ടുണ്ട്.

ഈ ചിത്രത്തില്‍
അവന്‍ കുറുക്ക് കഴിക്കുകയാണ്.
മുഖമാകെ കുറുക്ക് പടര്‍ന്ന
 ഈ ചിത്രം കണ്ടാല്‍
ആരും ചിരിച്ചു പോകും
കുഞ്ഞുങ്ങളുടെ മുഖം

അസുന്ദരമാക്കാന്‍
അഴുക്കിനു പോലും കഴിയില്ല.

ഇത് അവന് നാലു വയസ്സുള്ളപ്പോള്‍
എടുത്ത ചിത്രമാണ്.
കണ്ണടയും തൊപ്പിയുമൊക്കെ വെച്ച്
സക്കീന അവനെ നല്ല പോസാക്കിയിട്ടുണ്ട്.

ഇത് അവന്റെ പിറന്നാളിന്
ഞാനും സക്കീനയും അവന്റെ
രണ്ടു കവിളിലും ഉമ്മവെക്കുന്നതാണ്.
രണ്ടിലകള്‍ക്കിടയില്‍ നിന്ന്
പുലരിയെ ഉറ്റുനോക്കുന്ന   
ഒരു പൂവാണിപ്പോള്‍ അവന്‍.
അവന്റെ സന്തോഷം നോക്കൂ.

ഇത് അവന്റെ സ്കൂളിലെ
കുട്ടികളോടൊപ്പം എടുത്ത ചിത്രം.
മുകളിലത്തെ നിരയില്‍ വലത്തു നിന്ന്
മൂന്നാമത്തേതാണ് അവന്‍.

ഇത് അവനും അവന്റെ അടുത്ത കൂട്ടുകാരും.
ഒഴിവുദിവസം അവന്റെ കൂട്ടുകാര്‍
വീട്ടില്‍ വന്നപ്പോള്‍
എടുത്തതാണ് ഈ ചിത്രം

ഞങ്ങള്‍ ടൂറ് പോയപ്പോള്‍
എടുത്തതാണ് അടുത്ത ചിത്രം
വാഗ്ദാനം പാലിച്ചതിന്
സന്തോഷത്താല്‍ അവനെനിക്ക്
ഉമ്മ നല്‍കുന്നു.

ഈ ക്ലോസപ്പ് ചിത്രം
ആറു വയസ്സുള്ള എന്റെ മകന്‍
വെടിയേറ്റു കിടക്കുന്നത്.
ആ ചുണ്ടുകള്‍ കണ്ടോ?
എന്തോ പറയാന്‍
വെമ്പിയതു പോലെ...

ഇത് പിഞ്ചുകുഞ്ഞുങ്ങളുടെ മൃതശരീരങ്ങള്‍
ചിതറിക്കിടക്കുന്നതിനിടയില്‍
ഇടത്തു നിന്ന് നാലാമത്തേത്
അവന്റെ....

ഇത് അവന്റെ ശരീരത്തില്‍ വീണുകിടന്ന്
അവന്റെ ഉമ്മ കരയുന്നത്.


ഇത് കരഞ്ഞുകൊണ്ട്
അവനെ കൈകളിലേന്തി
ഖബര്‍സ്ഥാനിലേക്ക് പോകുന്ന എന്റെ ചിത്രം.

അടച്ചുവെച്ചേക്കൂ ആല്‍ബം 
.
എനിക്കും സക്കീനയ്ക്കുമിടയില്‍
ഒരു പുഞ്ചിരിയുണ്ടായിരുന്നു.
കൊഴിഞ്ഞുപോയ പൂവിനെയോര്‍ത്ത്
പരസ്പരമണയുന്ന രണ്ടിലകള്‍ മാത്രമായി ഞങ്ങള്‍


രണ്ടു രാജ്യങ്ങളുടെയോ  
രണ്ടു വംശങ്ങളുടെയോ
യുദ്ധത്തിന്റേതല്ല
 മനുഷ്യന്‍ മനുഷ്യനോട്
ചെയ്യുന്ന ക്രൂരതയുടെ
ആല്‍ബമാണിത്.

ഇവിടെ
എല്ലാ വീടുകളിലുമുണ്ട്
മരിച്ചുപോയ ഒരു കുഞ്ഞിന്റെ ആല്‍ബം;
നിസ്സഹായമായ ഒരു പുഞ്ചിരിയുടെ പൂന്തോട്ടം.

പുഞ്ചിരി

പുഞ്ചിരി
------------

ഭൂമിയിലെമുഴുവന്‍ കുഞ്ഞുങ്ങളുടെയും

മുഖത്തു നിന്ന് പുഞ്ചിരി മാഞ്ഞുപോയി.



പൂക്കളില്‍ ആ പുഞ്ചിരി .

പുഴവെള്ളത്തില്‍ ആ പുഞ്ചിരി

നക്ഷത്രങ്ങളില്‍ അതിന്റെ വെള്ളിക്കിരണങ്ങള്‍ .

പക്ഷേ,അവയില്‍ നിന്ന് ആര്‍ക്കെടുക്കാനാവും അത്..?



കാടിനോടും കാറ്റിനോടും ചോദിച്ചു.

വെയിലിനോടും മഞ്ഞിനോടും ചോദിച്ചു.

കടലിനോടും മേഘങ്ങളോടും ചോദിച്ചു.

അവയെല്ലാം വിസമ്മതിച്ചു.



ഭൂമിയിലെ ഒരു കുഞ്ഞും ചിരിക്കാത്ത

ദിനങ്ങളിലൂടെ ലോകം.

ചിരിക്കാത്ത കുഞ്ഞുങ്ങളുടെ

അച്ഛനമ്മമാര്‍

പുകയുന്ന കുന്തിരിക്കങ്ങളായി.

പുക നിറഞ്ഞ് ലോകത്തിന്

വീര്‍പ്പുമുട്ടി.



പൂക്കളില്‍ നിന്ന് ആ പുഞ്ചിരി മാഞ്ഞു.

പുഴവെള്ളത്തില്‍ നിന്നും

നക്ഷത്രങ്ങളില്‍ നിന്നും

അത് മാഞ്ഞു.

ലോകം നിശ്ശബ്ദമായി.



ആര് തിരിച്ചുകൊടുക്കും അത്?

കാറ്റ് മരങ്ങളുടെ

ചെകിട്ടില്‍ അടക്കം പറഞ്ഞു.

പര്‍വതങ്ങള്‍ ഇത്രയും കാലത്തെ വിഷാദനിശ്ശബ്ദത വിട്ട്

മൂക്കൊലിപ്പിക്കാന്‍ തുടങ്ങി.

അവയുടെ കണ്ണുകളില്‍ നിന്ന്

നക്ഷത്രങ്ങള്‍ കുടുകുടെ ഒഴുകി

രാത്രിയുടെ ആകാശം മുഴുവന്‍ നിറഞ്ഞു



അപ്പോള്‍അത്ഭുതമെന്ന് പറയട്ടെ,

ലോകത്തിനു മുകളില്‍ ഒരു ചോരക്കുഞ്ഞ്’

കൈകാലിട്ടടിക്കുന്നു.



ആരതിന് ഒരു പുഞ്ചിരി നല്‍കും?

ലോകം അന്നോളം കൂട്ടിവെച്ച

ആയുധക്കൂമ്പാരങ്ങള്‍

അസാധ്യമെന്ന് തലതാഴ്ത്തി നിന്നു.

എഴുതാത്ത കവിതകളുടെ ഗൂഢവൃത്തികള്‍

നിരന്തരമായി കവിതകളെഴുതാമെന്ന്
ഒരു വായനക്കാരനുമായും കരാറിലേര്‍പ്പെട്ടിട്ടില്ല
എന്ന് ഉറപ്പിക്കാനല്ല,
സഹകവികളുമായി യുദ്ധം ചെയ്ത്
മടുത്തതുകൊണ്ടുമല്ല,
വരുന്ന വരുന്ന കവിതകളെ
നോക്കി നോക്കി കഴുത്തു കഴച്ചിട്ടാണ്
മറ്റെവിടേക്കെങ്കിലും പോകൂ കവിതകളെ
എന്ന് ആട്ടിത്തുടങ്ങിയത്.


ഇരുട്ടില്‍
വെളിച്ചത്തില്‍
കാറ്റില്‍’
മഴയില്‍
ജനല്‍പ്പാളികളില്‍’
അവ വന്നു വിളിച്ചു.

ഉറക്കത്തില്‍
സ്വപ്നത്തില്‍’
അവളുടെ മുടിമണത്തില്‍
മുറികളുടെ അരണ്ട മൂലയില്‍
അവ കണ്ണുപൊത്തിക്കളിച്ചു.

ശ്രദ്ധയോടെ
ചില അശ്രദ്ധകളെ വളര്‍ത്തിയില്ലെങ്കില്‍
നമ്മളില്‍ നിന്ന് നമ്മളെ
മറ്റാരെങ്കിലും പിടിച്ചുപറിക്കാന്‍ ഇടയുണ്ട്.

എഴുതാതെ പോകുന്ന കവിതകള്‍
കവിക്കെതിരെ തിരിയും.
എല്ലാ ശ്രദ്ധ ക്ഷണിക്കലുകളും
അസ്ഥാനത്താവുമ്പോള്‍’
അവഗണനയുടെ അറ്റം കാണുമ്പോള്‍
കവിതകള്‍ കവിയുടെ ജീവിതത്തെ
ആക്രമിക്കാന്‍ തീരുമാനിക്കും.

ഉറക്കത്തിഉല്‍ നിന്ന്
എഴുന്നേല്‍പ്പിച്ച് നടത്തും.
സമാധാനം ഇവിടെയൊന്നുമല്ല
മറ്റെവിടെയോ ഉണ്ടെന്ന്
കാതില്‍ പറഞ്ഞുപറഞ്ഞ്
ഭാണ്ഡമെടുപ്പിച്ച് കിട്ടുന്ന വണ്ടിക്ക്
ചാടിക്കയറ്റി എങ്ങോട്ടെങ്കിലും പറഞ്ഞുവിടും.
പിന്നെയും കിട്ടാത്ത സമാധാനത്തെ
തരാമെന്ന് പറഞ്ഞ് മദ്യപിപ്പിക്കും.
പുതിയൊരാകാശത്തിന് വേണ്ടത്ര മേഘങ്ങള്‍
പുകയൂതിയുണ്ടാക്കും.
ഭാര്യയും കുഞ്ഞുങ്ങളുമാണ്
ജീവിതത്തിന്റെ ഏറ്റവും വലിയ പ്രശ്നമെന്ന്
ഇടയ്ക്കിടെ വന്നു പറയും.
നിസ്സാരപ്രശ്നങ്ങള്‍ക്ക് നാട്ടുകാരോടും
വീട്ടുകാരോടും വഴക്കിടീക്കും.
എല്ലാവരും വിട്ടുപോവുമ്പോള്‍
അയാള്‍ പിന്നെയും എഴുതാനിരിക്കും.
തങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും
ഇയാളെ വിട്ടുകൊടുക്കില്ലെന്ന്
അപ്പോള്‍ വീടിന്റെ എല്ലാ മുറികളില്‍ നിന്നും
കവിതകള്‍ പൊട്ടിച്ചിരിക്കും.

നീ പിന്നെയും ജീവിതം തുടരുന്ന നാളുകളിലൊന്നില്‍ എന്ന കവിത സവ്യാഖ്യാനം

(കവി സ്വന്തം മരണത്തെക്കുറിച്ച് വിചാരിച്ചുവിചാരിച്ച്
തന്റെ പ്രിയതമയെയും കുഞ്ഞുങ്ങളെയും കുറിച്ചുള്ള
ആശങ്കയിലേക്ക് ചെന്നുപെടുന്നുണ്ട്.ലോകത്തിലെ ഓരോ പുല്‍ക്കൊടിയും ഏതെങ്കിലും രക്ഷിതാവിന്റെ ബലത്തിലല്ല വളരുന്നതെന്ന് ആ പൊട്ടന് അറിയാഞ്ഞിട്ടല്ല.

തന്റെ ഇല്ലായ്ക മറ്റുള്ളവരുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന അരക്ഷിതത്വം അയാള്‍ ഭാവന ചെയ്ത് ആസ്വദിക്കുകയാണ്. താഴെ പറയും പ്രകാരം അയാള്‍ കവിത ആരംഭിച്ചു.)
 ഞാനില്ലാതായതിനു ശേഷം
നീ പിന്നെയും ജീവിതം തുടരുന്ന
നാളുകളിലൊന്നില്‍
നമ്മുടെ മകള്‍
ആരാലോ
അപമാനിതയായി
ഒരു ദിവസം
കയറി വരും.

(ഇതെഴുതിക്കഴിയുമ്പോള്‍ സ്വാഭാവികമായും അയാള്‍ക്ക് മതവും സമൂഹവുമൊക്കെ നല്‍കുന്ന സദാചാരവും ഉത്തരവാദിത്തബോധവും ഒരു കുറ്റബോധം ഉണ്ടാക്കും.ശരിക്കും തന്റെ മകള്‍ അപമാനിക്കപ്പെടുമോ എന്ന് അയാള്‍ ഭയക്കും.മതങ്ങളിലേക്ക് ജനിച്ചുവീണവര്‍ എത്ര തന്നെ അതിനെ തള്ളിപ്പറഞ്ഞാലും അവരുടെ അടിത്തട്ടില്‍ മതബോധമുണ്ടാവുമെന്ന് അയാള്‍തിരിച്ചറിയുന്നുണ്ട്.അയാള്‍ എഴുത്ത് തുടരുന്നു)
ഒന്നുകില്‍
അവള്‍ നിന്നെ
കെട്ടിപ്പിടിച്ചു കരയും.
അല്ലെങ്കില്‍
മൂകയായി മുറിയടച്ചിരിക്കും.
ഒരു പക്ഷേ അവള്‍

ആത്മഹത്യാശ്രമവും നടത്തും.

(ഇതെല്ലാം ക്ലീഷേ തന്നെ.എങ്കിലും മനുഷ്യജീവിതങ്ങള്‍ ഒരു വലിയ പരിധിവരെ ആവര്‍ത്തനമാണല്ലോ.ദൈവം തമ്പുരാന്‍ എന്ന ചങ്ങാതി ഉണ്ടെന്ന് ഒരു രസത്തിന് അംഗീകരിക്കുക.ഉണ്ടെങ്കില്‍ പുള്ളിക്കാരന്‍ ഒരു മടിയനും ഡിറ്റോ ഇടുന്നതില്‍ മിടുക്കനുമാണ്.ദൈവം ദൈവമാണെങ്കില്‍ പുള്ളിക്ക് ആരെയും പേടിക്കേണ്ടല്ലോ.
എങ്കിലും എന്തിനാണ് ഈ ഡിറ്റോപ്പണി?)

കഷ്ടിച്ച്
നീയവളെ
രക്ഷപ്പെടുത്തും.

നീ മാത്രമേയുള്ളൂ
അവള്‍ക്ക്.
എങ്ങനെയോ
നീയവളെ
സമാശ്വസിപ്പിക്കും.
നമ്മുടെ വീട്
നിറയെ മുറിവുകളുള്ള
ഒരു ജന്തുവിനെപ്പോലെ

മൂകമായി നിലവിളിക്കും.

(ഇവിടെ നിറയെ മുറിവുകളുള്ള ജന്തു എന്ന് കവി എഴുതുമ്പോള്‍ അയാള്‍ക്ക് ഒരു മുള്ളന്‍പന്നിയെ ഓര്‍മവരുന്നുണ്ട്.വീട് -ഒരു മുള്ളന്‍പന്നി.ഉഗ്രന്‍ രൂപകം.ഒന്നു കുടഞ്ഞാല്‍ ഒരു നാടിനെ മുഴുവന്‍ മുറിപ്പെടുത്താവുന്ന മുള്ളുകള്‍ അതിനുണ്ട്.മുള്ളന്‍പന്നിക്ക് അതിന്റെ മുള്ളുകള്‍ ആത്മരക്ഷയ്ക്കാണ്.

വീടിന് എന്തിനാണീ മുള്ളുകള്‍?ആരില്‍ നിന്നാണ് അതിന് രക്ഷപ്പെടേണ്ടത്?അതിന്റെ സങ്കടങ്ങള്‍ മുള്ളുകളായി മുളച്ചതാവും.അല്ലെങ്കിലും സ്വന്തം ദുഃഖം കുറയ്ക്കാന്‍ മറ്റുള്ളവരെ ദ്രോഹിക്കുന്നത് നന്ന് )
എല്ലാം കഴിഞ്ഞ്
നീ ഒരു മുറിയില്‍
അടച്ചിരുന്ന്
കരയും.
വിങ്ങിവിങ്ങിക്കരയും.

(ഈ സന്ദര്‍ഭത്തില്‍ വായനക്കാര്‍ക്ക് ഒരു തൂവാല കരുതുകയും കരച്ചില്‍  തുടങ്ങുകയും ചെയ്യാവുന്നതാണ്.)


അല്ലെങ്കില്‍,
മ്റ്റൊരു ദിവസം
നമ്മുടെ മകന്‍
എന്തെങ്കിലും
കടുത്ത തെറ്റു ചെയ്തിട്ട്കയറി വരും.


(സാധ്യതകളുടെ കലയാണ് ജീവിതം.ആരെങ്കിലുമൊക്കെ തെറ്റു ചെയ്തില്ലെങ്കില്‍ അതിന്റെ ജീവിതം കട്ടപ്പൊക!)

ചോദ്യം ചെയ്യുമ്പോള്‍
നിന്നോട്
തട്ടിക്കയറും.
അമ്മയെന്ന നിലയില്‍
നിനക്ക് ഒട്ടും ആദരവു നല്‍കാതെ
സംസാരിക്കും.
ഒരുപക്ഷേ,
നിന്നെ തല്ലുകയോ
ചവിട്ടുകയോ ചെയ്യും. 
എല്ലാ അമ്മമാരെയും പോലെ
നീ അവനെ പ്രസവിച്ച

ദിവസമോര്‍ക്കും.


(ഇവിടെ നമുക്ക് മലയാളസിനിമയിലെ അമ്മ സങ്കല്പമായ കവിയൂര്‍പ്പൊന്നമ്മയെ ഓര്‍ക്കാം.മ്മ എന്നതു പോലെ ഇരിക്കുന്നതുകൊണ്ടാണോ അവര്‍ സ്ഥിരമായി അമ്മവേഷത്തില്‍ ചെന്നുപെടുകയും നമ്മള്‍ അത് എളുപ്പം അംഗീകരിക്കുകയും ചെയ്തുപോന്നത്?എന്തായാലും കവിയുടെ ഭാര്യ കവിയൂര്‍പ്പൊന്നമ്മയല്ല;മീന്‍മുള്ളു പോലെ മെലിഞ്ഞ ഒരു ടീച്ചറാണ്.വായനക്കാര്‍ അത് മറക്കേണ്ട)

വ്യത്യസ്ത മതവിഭാഗങ്ങളില്‍പെട്ട
നമ്മുടെ പ്രണയ വിവാഹത്താല്‍
നമ്മള്‍ ഒറ്റപ്പെട്ടുപോയ
ദിവസങ്ങളുടെ
ഭാരവും സന്തോഷവും വര്‍ദ്ധിപ്പിച്ച്
നീ ഗര്‍ഭിണിയായ നാള്‍
ഓര്‍ത്തെടുക്കും.
നമ്മുടെ കുഞ്ഞുങ്ങളെവയറ്റില്‍ ചുമന്ന്
നീ പോയിരുന്ന
തൊഴില്‍ദിനങ്ങള്‍ ഓര്‍ക്കും.


(ഗര്‍ഭകാലം ഏതു പെണ്ണിനെയും സുന്ദരിയാക്കും.അവളുടെ അടിവയറ്റില്‍ ,പൊക്കിളില്‍ ഏത് ഭര്‍ത്താവും ചെവിചേര്‍ക്കും.മുലപ്പാല്‍ നല്‍കാന്‍ സജ്ജമായിക്കൊണ്ടിരിക്കുന്ന അവളുടെ മുലകളെ അവന്‍ സ്നേഹിക്കും )

വഴക്കു കഴിഞ്ഞ്
അവന്‍ മാറുമ്പോള്‍നീ ഒരു മുറിയില്‍
അടച്ചിരുന്ന് കരയും.

വിങ്ങിവിങ്ങിക്കരയും.

(തൂവാല ഇപ്പോള്‍ ശരിക്കും പ്രയോജനപ്പെടുത്തണം.നന്നായിക്കരയണം.കരച്ചിലും ഒരു വിസര്‍ജ്ജന പ്രക്രിയയാണ്.വല്ലപ്പോഴും ഒന്ന് കരഞ്ഞില്ലെങ്കില്‍ നിങ്ങളുടെ നാറ്റം സഹിക്കില്ല)

അന്നേരം
എനിക്ക് കൈകള്‍ നീട്ടി
നിന്നെയൊന്ന് തൊടണമെന്നുണ്ടാവും.
ഞാന്‍ എന്റെ കൈകള്‍ നീട്ടി
നിന്നെ തൊട്ടെന്നു തന്നെ വരും.
നിന്നെ ഉമ്മവെച്ചെന്നു തന്നെ വരും.
പക്ഷേ,നീയൊന്നുമറിയില്ല.

എനിക്ക് കരച്ചില്‍ വരും.

(ഹാ! എന്തൊരു കവിത !! എന്ന് ദീര്‍ഘനിശ്വാസം വിടാവുന്ന രീതിയില്‍ അയാള്‍ ഒപ്പിച്ചു.ഇനി നിങ്ങള്‍ ഒരു ഭര്‍ത്താവാണെങ്കില്‍ സ്വന്തം ഭാര്യയെ തിരഞ്ഞുപോവുകയും ഈ കവിത ഓര്‍മിച്ച് അവളുടെ കവിളില്‍ (അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്ത്)ഒരുമ്മ നല്‍കുകയും ചെയ്യൂ.ഈ കവിത വായിക്കുന്ന നിങ്ങള്‍ ഒരു ഭാര്യയാണെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ഭര്‍ത്താവിനെ ഈ കവിത ഓര്‍മിച്ചുകൊണ്ട് ഒന്നു നോക്കിയാല്‍ മാത്രം മതി.ഉമ്മയൊക്കെ നല്‍കാന്‍ നിന്നാല്‍ രാവിലെ പ്രശ്നമാവും :) )