gfc

കില്ലര്‍

ആദ്യമായി അവളെക്കാണുമ്പോള്‍
അതു തന്നെ സംഭവിച്ചു.
ഏത്?
മഴ ? അല്ല.
പ്രേമം ? അല്ല.
പരിപാടി ? അല്ല.
കൊലപാതകം ? അതെ.

പശ്ചാത്തലത്തില്‍ ചുമരു നിറഞ്ഞ്
സംഗീത ദൃശ്യവല്‍ക്കരണത്തിന്റെ
നിറങ്ങളുടെ സഞ്ചാരങ്ങള്‍ ,
ചുഴികള്‍ ,തിരമാലകള്‍
ജാസ്-ഡ്രം
ഇരുട്ട്-വെളിച്ചം
തകര്‍ത്തു മുന്നേറുന്ന സംഗീതം.
ഒരുത്തന്റെ തോക്ക്.
അവള്‍ .
തോക്കില്‍ നിന്നൊരു തിര
അവളെ തിരഞ്ഞുപോവുന്നു.
വെടി പൊട്ടുന്ന കാതടപ്പിക്കുന്ന ശബ്ദം.,
നെഞ്ചില്‍ നിന്ന് രക്തം
പുറത്തേക്ക് കുതിപ്പിച്ച് അവള്‍ വീഴുന്നു.
സംഗീതം നിശ്ചലമാവുന്നു.
കൊലപാതകി എന്റെ അടുത്തേക്കു വന്നു.
-തോക്ക് നിനക്കിരിക്കട്ടെ.
വാതില്‍ തുറന്ന് അയാള്‍ മറഞ്ഞു.
രണ്ടാമത്തെ വെടി എന്റേതായിരുന്നു.
തോക്ക് കയ്യിലുള്ളവന്
വെടി വെക്കാതിരിക്കാനാവില്ല.
പക്ഷേ ഒന്നാമത്തെയോ
രണ്ടാമത്തെയോ വെടിയുണ്ടയാണ്
അവളുടെ ജീവന്‍ കവര്‍ന്നതെന്ന്
ഇപ്പോഴും ആശയക്കുഴപ്പമാണ്.

രണ്ടു വെടിയുണ്ടയും
ഒരേ തോക്കില്‍ നിന്നുള്ളതാണെന്നതിനാലും
തോക്ക് എന്റെ കയ്യിലാണെന്നതിനാലും
ഈ കൊലപാതകത്തിന്റെ
ഉത്തരവാദിത്തം എനിക്കു വന്നുപെടും.
ആദ്യത്തെ കൊലപാതകത്തിനു ശേഷം
മൂന്നുകാര്യങ്ങള്‍ ചെയ്യാം.
  • ഒളിവില്‍ പോവുക
  • പിടികൊടുക്കുക
  • തുടര്‍ച്ചയായി കൊലപാതകങ്ങള്‍ ചെയ്യുക
അങ്ങനെയാണ് ഞാന്‍
ഒരു പരമ്പരക്കൊലയാളിയാവുന്നത്.
നിങ്ങളെ കൊല്ലുവാനാണ്
ഇപ്പോള്‍ വന്നിരിക്കുന്നത്.

കൊല്ലപ്പെടും എന്ന് ഉറപ്പായാല്‍
മനുഷ്യന്റെ കാമ്പ് പുറത്തുവരും.
അതുവരെ അടച്ചുവെച്ചിട്ടുള്ള
ഭയം ആസക്തി ആക്രാന്തം
എല്ലാം നിര്‍ലജ്ജം പുറത്തിറങ്ങും.
മനുഷ്യനെ വ്യക്തമായി കാണണമെങ്കില്‍
അയാളെ കൊല്ലണം.
മരണത്തിലേക്ക് ഒരു മനുഷ്യന്‍
അറിയാതെ നടന്നു നീങ്ങുന്നത്
ഞാന്‍ കണ്ടിട്ടുണ്ട്.
അത് രസകരമാണ്.
മരണം മുന്‍പിലുണ്ടെന്നറിഞ്ഞ്
രക്ഷപ്പെടാനുള്ള പരാക്രമമാണ്
കൂടുതല്‍ രസകരം.
അയാള്‍ അന്നുവരെ പഠിച്ചുവെച്ചിട്ടുള്ള
ചരിത്രം,ഗണിതം,ശാസ്ത്രം,ഭാഷ
ഇതെല്ലാം അയാള്‍ക്ക് പ്രയോജനപ്പെടുമോ?
ജീവിതത്തില്‍ ഏറ്റവും സമര്‍ഥമായി
ബുദ്ധി ഉപയോഗിക്കേണ്ടുന്ന സന്ദര്‍ഭമാണ്
കൊലപാതകി ഇരയ്ക്കു നല്‍കുന്നത്.
ഇരയ്ക്ക് ഏതു നിമിഷവും
കൊലപാതകിയാകാവുന്ന മഹത്തായ സന്ദര്‍ഭവും
ഓരോ കൊലയ്ക്കു മുന്നിലുമുണ്ട്.
തന്റെ ജീവന്‍ നിസ്സാരവല്‍ക്കരിച്ചാണ്
കൊലയാളി അയാളുടെ
കലാജീവിതം ആവിഷ്കരിക്കുന്നത്.
കൊല്ലപ്പെടുവാനുള്ള നിങ്ങളുടെ അര്‍ഹത
അത്ര പ്രധാനപ്പെട്ടതല്ല.
ജീവനുണ്ട് എന്നുള്ളതു മാത്രമാണ്
ജീവിയുടെ മരണത്തിനുള്ള അര്‍ഹത.

ഇതൊരു കളിയാണ്.
ഞാനിപ്പോള്‍ ചലിച്ചുതുടങ്ങുകയാണ്.
നിങ്ങളും ചലിക്കൂ.
നിങ്ങളുടെ ഏകാന്തസമയത്ത്
വാതിലില്‍ മുട്ടുന്നത് ഞാനാണ്.
നിങ്ങളുടെ തനിച്ചുള്ള യാത്രയില്‍
നിങ്ങളെ പിന്‍‌തുടരുന്ന യാത്രക്കാരന്‍ ഞാനാണ്.
നിങ്ങള്‍ ഒറ്റയ്ക്കിരുന്ന് മദ്യപിക്കുന്ന
ബാര്‍ക്യാബിനിലേക്ക്
തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്നത്
ഞാനാണ്.
നിങ്ങള്‍ തനിച്ച് കാറോടിച്ച്
വീട്ടിലേക്കോ ബിസിനസ് ആവശ്യങ്ങള്‍ക്കോ
കാമുകിയുമായുള്ള രഹസ്യസമാഗമത്തിനോ പോവുമ്പോള്‍
പിന്‍‌സീറ്റിലെ അനക്കം ഞാനാണ്.


എന്തിനേറെ...
അരമണിക്കൂര്‍ മുന്‍പ്
നിങ്ങളോട് ചിരിച്ചുസംസാരിച്ച്
കൈനല്‍കിപ്പിരിഞ്ഞത് ഞാനാണ്.
ഭാര്യ എന്നു കരുതി നിങ്ങള്‍
ഇണചേര്‍ന്നുകൊണ്ടിരുന്നത്
മക്കള്‍ എന്ന നിലയില്‍
നിങ്ങള്‍ ഓമനിക്കുന്നത്
സുഹൃത്ത് എന്ന നിലയില്‍
നിങ്ങള്‍ ആലിംഗനം ചെയ്തത്
എന്നെയാണ്.

നിങ്ങള്‍ക്ക് രക്ഷയില്ല.
നിങ്ങളെ പിന്‍‌തുടരുന്ന
ഓരോ കാലടിശബ്ദവും എന്റേതാണ്.
നിങ്ങളുടെ കഴുത്തിലെ കുരുക്കുകള്‍
മുറുകിക്കഴിഞ്ഞു.
കുടുങ്ങി എന്ന് അറിയുമ്പോള്‍
നിങ്ങള്‍ പിടയ്ക്കും...
അപ്പോള്‍ നിങ്ങളുടെ കഴുത്ത്
കൂടൂതല്‍ കുരുങ്ങും.
ഒന്നു തിരിഞ്ഞുനോക്കാന്‍ നിങ്ങള്‍ക്ക്
സാവകാശമുണ്ടോ?
ധൈര്യവും...?

5 അഭിപ്രായങ്ങൾ:

  1. വായിച്ചു
    ഇഷ്ടപ്പെട്ടില്ല

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. lഅജിത്ത്,താങ്കളുടെ സ്ഥിരമായുള്ള വായനയ്ക്കും സത്യസന്ധമായ അഭിപ്രായങ്ങള്‍ക്കും നന്ദി.

      ഇല്ലാതാക്കൂ
    2. ഇഷ്ടപ്പെട്ടില്ല എന്നതെക്കാള്‍ കവിത ഹൃദയത്തില്‍ ഒരു ഇളക്കം ഉണ്ടാക്കിയില്ല എന്നായിരുന്നു സത്യം. ഇവിടെ വായിക്കുന്ന കവിതകളെല്ലാം ആസിഡ് പോലെ പൊള്ളിച്ചുകൊണ്ട് ആണ് ഉള്ളിലേയ്ക്ക് ഇറങ്ങിപ്പോകുന്നത്, ഇത് അങ്ങനെ ഒരു അനുഭവം തന്നില്ല.

      ഇല്ലാതാക്കൂ
  2. കൊല്ലരുനിയാ... കൊല്ലരുതു. [കേശവ ദേവ്}

    മറുപടിഇല്ലാതാക്കൂ