gfc

അപ്പോള്‍ പുല്ലുകളേ, നിങ്ങളിനി മുളച്ചുകൂടാ

നിര്‍ദ്ദിഷ്ട മരുഭൂമി പദ്ധതിയുടെ ഭാഗമായതിനാല്‍ ഈ പ്രദേശത്ത് അധിവസിക്കുന്ന എല്ലാ കുട്ടികുടുംബാദികളും പക്ഷിമൃഗാദികളും ഒഴിഞ്ഞു പോകണമെന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.എന്തിനാണിവിടെ ഒരു മരുഭൂമി എന്നൊന്നും ചോദിക്കല്ലേ...
നമുക്കിപ്പോള്‍ അതു മാത്രമാണില്ലാത്തത്..


ഇവിടെ ഒരു മരുഭൂമി വന്നാല്‍ ഗള്‍ഫിലേക്കൊന്നും ആര്‍ക്കും പോകേണ്ടിവരില്ലെന്നേ...
പിന്നെ, അടുത്തെങ്ങാനുമുണ്ടോ വേറൊരു മരുഭൂമി...?
ടൂറിസം സാധ്യതയും തള്ളിക്കളയാനാവുമോ...
എല്ലാം കൂടി നമ്മുടെ നാട് ഒരുവഴിക്കാവുന്നത് കണ്ടുകൂടാ അല്ലേ...?
പുനരധിവാസം എന്നൊക്കെ പറഞ്ഞ് ബഹളം കൂട്ടാതെ.
കള്ളിമുള്ളുകളോ ഒട്ടകങ്ങളോ കങ്കാരു എലികളോ ആയി ജീവിക്കണമെങ്കില്‍ ഒരവസരം തരാം.


ഭരണകൂടം ഉറങ്ങാതെകിടന്ന രാത്രിയില്‍ കണ്ട സ്വപ്നമാണിത്.
അതിന് പോലീസുണ്ട്,പട്ടാളമുണ്ട്,നൂറായിരം ഗുമസ്തന്മാരുണ്ട്.
ഈ കണ്ണീരും ഒരു വെടിയുണ്ടയാല്‍ തെറിക്കുന്ന പ്രാണനുമല്ലാതെ
നിങ്ങള്‍ക്കെന്താണുള്ളത്...
അപ്പോള്‍ പുല്ലുകളേ, നിങ്ങളിനി മുളച്ചുകൂടാ...

സുഖം

കൈ വേദനിച്ചപ്പോള്‍ കൈയും
കാലു വേദനിച്ചപ്പോള്‍ കാലും
കണ്ണ് വേദനിച്ചപ്പോള്‍ കണ്ണും
ചെവി വേദനിച്ചപ്പോള്‍ ചെവിയും
തല വേദനിച്ചപ്പോള്‍ തലയും
മുറിച്ചു കളഞ്ഞു.
ഹാ!ഇപ്പോഴാണ് സുഖം എന്താണെന്ന്
അറിയുന്നത്...

വിസില്‍

മടുപ്പിന്റെ അടുപ്പില്‍
കയറി ഇരുന്നു.
ശൂ... ഒന്നാം വിസില്‍
ശൂ...രണ്ടാം വിസില്‍
ശൂ...മൂന്നാം വിസില്‍
വെന്തു തുടങ്ങി...
കരിഞ്ഞു തുടങ്ങി...
അടീ പിടിച്ച മണം
പരന്നു തുടങ്ങി...
ആരെങ്കിലും വന്ന്
ഈ അടുപ്പൊന്ന് കെടുത്തണേ...
വേണ്ടവര്‍ക്കൊക്കെ വിളമ്പണേ...

പഴമേ

പഴമേ
നിന്നെ വിഴുങ്ങുകയാണ് ഞാന്‍ .
പരിഭവിക്കായ്ക,
പഴം വിഴുങ്ങികള്‍ക്കില്ല വേറെ ഗതി.
തൊലിയുരിഞ്ഞപ്പോള്‍ ഹാ
ഒരു നിമിഷം വെച്ചേക്കുവാന്‍ തോന്നുമോ
നിന്നെ,നിന്റെ വിധി...,നിന്റെ വിധി.

രണ്ടോ മൂന്നോ കടിയാല്‍
ഗഡുക്കളായ് നിന്നെയകത്താക്കുകില്‍
കടിച്ചെടുത്ത കഷ്ണത്തിന്‍ ക്രൂരവിധി കാണണം
പുറത്തു കാത്തു നില്ക്കുന്ന കഷ്ണം.

പാതി വായിലും പാതി പുറത്തുമായ്(ജുഗുപ്ത്സാവഹം...)
നീ ഉത്കണ്ഠപ്പെടാതിരിക്കാന്‍
വിഴുങ്ങുകയല്ലാതില്ല വഴി.
ങാ..ങാ...ങാ...അം‌മ്...
അങ്ങനേ...

ദുരൂഹതയോട് ഇഷ്ടമുണ്ടോ ?

ഏകാന്തതയുടെ തോട്ടം
അതില്‍ സ്നേഹം എന്ന ഒറ്റപ്പൂ
ആ തോട്ടം എന്റേതല്ല
ആ സ്നേഹം എനിക്കുള്ളതുമല്ല

കയറിയതു പോലെ
ഞാന്‍ കുന്നിറങ്ങിക്കഴിഞ്ഞു.
പെണ്‍കുട്ടിയുടെ പ്രതിമ അതേ ഇരുപ്പു തന്നെ.
മണങ്ങള്‍ മാത്രം പിടിച്ചെടുത്തോടുന്ന ഓട്ടോറിക്ഷയില്‍
ഒരാള്‍ വലത്തോട്ടും
ഒരാള്‍ ഇടത്തോട്ടും
നോക്കിക്കൊണ്ടിരുന്നു.
ബീഡിയുടെ മണം
ഈര്‍ന്ന മരത്തിന്റെ മണം
ചേറിന്റെ മണം
മീന്‍ വറുക്കുന്ന മണം..
നമ്മുടെ മണം എന്തായിരുന്നു...

ഇവിടെ നിന്നാല്‍ മതി
ബസ് വരും,വീണ്ടും കാണാം.
നീട്ടിയ കയ്യില്‍ ബലമായി പിടിച്ചെങ്കിലും
ആ കൈ അനുജത്തിയുടേതു പോലെ
തളര്‍ന്നതായിരുന്നു.


വീട്ടിലെത്തും മുന്നേ ഫോണിലെത്തി
ഒരു കരച്ചില്‍ ,
എനിക്കറിഞ്ഞു കൂടാ
എന്തു ചെയ്യണമെന്ന്

ഒഴിവ്

ഒരൊഴിവ് വേണം.
മരങ്ങള്‍ വീടുകള്‍
ആളുകള്‍ കിളികള്‍
എല്ലാം ആ ആഹ്വാനം കേട്ടു.
ഈ ഒഴിവിലാണ്
സമാധാനം,സമ്പത്ത്
ഇതൊക്കെ വന്നു നിറയാന്‍ പോവുന്നത്.
എവിടേക്ക് എന്ന ചോദ്യം
എത്ര നിസ്സാരമാണ്?
നരകത്തിലേക്കോ
മരണത്തിലേക്കോ
എവിടേക്കെങ്കിലും
ഒന്ന് ഒഴിഞ്ഞു പോ...
നിങ്ങളുടെ ഒഴിവു കൊണ്ട്
നാടിന്റെ വെളിച്ചം പണിയും.
അല്ലെങ്കില്‍ തന്നെ നിങ്ങളുടെ
ഈ നിറവുകൊണ്ട് എന്ത് പ്രയോജനം?
തിരഞ്ഞ് തിരഞ്ഞ് ഞാന്‍ കണ്ടെത്തി അതിനെ ;
അതാവട്ടെ സ്വയം ഒരു തിരച്ചില്‍ ആയിരുന്നു

ഡ്രാക്കുള

ഇഷ്ടമാണ്.
നിന്റെ കണ്ണുകള്‍ എന്റെ കണ്ണുകളാക്കി
നിന്റെ മൂക്ക് എന്റെ മൂക്കാക്കി
നിന്റെ കൈകള്‍ എന്റെ കൈകളാക്കി
നിന്റെ കാലുകള്‍ എന്റെ കാലുകളാക്കി
നിന്നെയങ്ങട്ട് കൊല്ലാനും എനിക്കിഷ്ടമാണ്.
നീ സമ്മതിക്കാതെ എവിടെപ്പോവാന്‍!

എങ്കിലും കുഴിച്ചു നോക്കരുത്;
എന്റെ ചുണ്ടുകള്‍ക്കടിയില്‍
കുഴിച്ചിട്ട ചുവന്ന ചുണ്ടുകളെ;
എന്റെ കണ്ണുകള്‍ക്കടിയില്‍
ജീര്‍ണിച്ച കണ്ണുകളെ;
എന്റെ ശബ്ദങ്ങള്‍ക്കടിയില്‍
ദ്രവിച്ചുകൊണ്ടിരിക്കുന്ന
ശബ്ദാസ്ഥികളെ....

വേറൊന്നുമല്ല,
നല്ലൊരു ശവമടക്ക് നിനക്ക് ലഭിക്കാതെ വരും.
എന്റെ,എന്റെ മാത്രം ശവപ്പറമ്പേ എന്ന്
നിനക്ക് വിളിക്കുവാന്‍ ധൈര്യമുണ്ടാവുമോ...

എന്നിട്ടും

ഒരു ചിരിയുടെ ചൂടില്‍
നീ കരിഞ്ഞേക്കുമോ എന്ന് ഭയന്ന്
ചിരിച്ചില്ല
ഒരു കരച്ചിലില്‍ ഒഴുകിപ്പോവുമോ
എന്ന് ഭയന്ന് കരഞ്ഞില്ല
ഒന്ന് മിണ്ടിയാല്‍ ഉടഞ്ഞേക്കുമോ
എന്നു ഭയന്ന് മിണ്ടിയില്ല
ഒരനക്കത്താല്‍ പറന്നു പോവുമോ
എന്ന് ഭയന്ന് അനങ്ങിയുമില്ല
എന്നിട്ടും....
എന്നിട്ടും
നീ എന്നെ വിട്ടു പോയല്ലോ...

പൂച്ചകള്‍ക്ക് എല്ലാമറിയാം

പൂച്ചകള്‍ക്ക് എല്ലാമറിയാം
എല്ലാ വീടുകളുടേയും സ്വകാര്യങ്ങള്‍
അവയ്ക്ക് നല്ല നിശ്ചയമാണ്
ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിലേ
അവ നടക്കൂ

*പാട്യമ്പുറത്ത് ഇരിക്കുന്നത് കണ്ടാലോ
തൊടിയിലിരുന്ന് ചിറിനക്കുന്നത് കണ്ടാലോ
ഒന്നും അറിഞ്ഞിട്ടില്ലെന്ന് തോന്നും.


നായ്ക്കളുടെ വിചാരം അവയ്ക്ക് എല്ലാമറിയാം എന്നാണ്.
അടുക്കള,ഊണ്‍ മുറി,കിടപ്പുമുറി ഇതൊന്നും ആയുസ്സില്‍ അവ കാണുകയില്ല.
എങ്കിലും എല്ലാം അറിഞ്ഞ മട്ട്.
തന്നോട് ചോദിച്ചിട്ടേ ചന്ദ്രനുദിക്കൂ
നക്ഷത്രങ്ങള്‍ ഒന്ന് കൂടിയാലും കുറഞ്ഞാലും അതൊക്കെ തന്റെ കണക്കിലുണ്ട്

എന്നൊക്കെ ഏതു നായയുടെ മുഖത്താണ് എഴുതിവെച്ചിട്ടില്ലാത്തത്.

എന്നാലോ ഈ പുറംകാവല്‍ക്കാര്‍ ക്രൌര്യത്തിന്റെ വെറും നാട്യക്കാരാണ്.
ഉള്ള് വെള്ളത്തണ്ടു പോലെ ബലമില്ലാത്തവര്‍.
നിലാവത്ത് മോഹിനിയാട്ടമാടുന്ന കവുങ്ങുകള്‍
കളിയാക്കിയാല്‍ ചുരുട്ടിക്കൂട്ടിക്കളയും
എന്ന് കുരച്ചുകൊണ്ടിരിക്കുന്ന പാവങ്ങള്‍

പൂച്ചകള്‍ക്ക് എല്ലാമറിയാം
ഓരോ വീടിന്റെയും ക്രൌര്യങ്ങളില്‍
അവ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നു.
ക്രൂരതയല്ല സ്നേഹമാണ് അവ അഭിനയിക്കുക.
-------------------------------------
*പാട്യമ്പുറം-പാതാമ്പുറം

പക പോക്കല്‍

രാമന്‍ മഹാ അലമ്പാണ്
ചതിയനാണ്,ചെറ്റയാണ്
അവനെപ്പോലൊരു പരമനാറി
ഭൂലോകത്ത് വേറെയില്ല.
അവനാണ് എന്റെ മുഖ്യശത്രു.
അവനോടെനിക്ക് തീര്‍ത്താല്‍ തീരാത്ത
പകയാണ് പരിഹാസമാണ് പുച്ഛമാണ്.
അവനല്ലേ ആ വരുന്നത്
ആ ....മോനല്ലേ ആ വരുന്നത്
കാറിലാണല്ലോ വരവ്
അവന് കാറുണ്ട്,ബാറുണ്ട്
കയ്യില്‍ പൂത്ത കാശുമുണ്ട്
ആളുകളെ ചതിച്ചും കൊന്നും
ഉണ്ടാക്കിയ മുതലല്ലേ
അവന്‍ കാറു നിര്‍ത്തിയല്ലോ
അവന്‍ ഇറങ്ങി നടക്കുകയാണല്ലോ
അവന്റെ ഭാര്യയുമുണ്ടല്ലോ
കാണാനൊക്കെ കൊള്ളാം
ആളുകളൊക്കെ എഴുന്നേറ്റു നിന്ന് തൊഴുന്നല്ലോ
മടക്കിക്കുത്തിയ മുണ്ട് താഴ്ത്തുന്നല്ലോ.
അവന്റെയൊരു വരവ്...
ങേ എന്റെ നേരെയാണല്ലോ വരുന്നത്.
ഫൂ ...എന്തിനാണാവോ എന്റെ നേരെ
രാമാ നീയെന്റെ ശത്രുവാണ്
എടാ ചെറ്റേ ഞാനിവിടെ ഇരുന്നിടത്ത് ഇരിക്കും
മുണ്ടിന്റെ മടക്കിക്കുത്ത് അഴിക്കുകയുമില്ല
നീ എന്തു ചെയ്യും.
അവന്റെ കയ്യില്‍ സ്വര്‍ണച്ചെയിനാണല്ലോ
അവന്‍ എന്നോട് ചിരിക്കുന്നല്ലോ
അവന് സ്വര്‍ണപ്പല്ലുമുണ്ടല്ലോ ദൈവമേ
അവന്റെ ഭാര്യയും എന്നോട് ചിരിക്കുന്നല്ലോ
അയ്യോ എങ്ങനെ ചിരിക്കും
എങ്ങനെ ചിരിക്കാതിരിക്കും
അയ്യോ ഞാന്‍ ചിരിച്ചു പോയല്ലോ ദൈവമേ
രാമാ നീയെന്റെ ശത്രുവാണ്
അടുത്തേക്ക് വരരുത്..
നാം തമ്മില്‍ ഒരു ബന്ധവുമില്ല
എനിക്ക് നിന്നെ ഇഷ്ടമില്ല
നീയെന്റെ ശത്രു
രാമാ എനിക്ക് കൈനീട്ടല്ലേ
ഞാന്‍ കൈ തരില്ല...തരില്ല
ങേ ഞാന്‍ കൈ തന്നോ
എന്റെ ദൈവമേ
ഞാന്‍ ഇരുന്നിടത്തു നിന്ന് എണീറ്റോ
മുണ്ടിന്റെ കുത്ത് എപ്പോഴാ അഴിച്ചത്
രാമാ എന്നെ കെട്ടിപ്പിടിക്കല്ലേ
അയ്യോ രാമാ ഇങ്ങനെ കെട്ടിപ്പിടിച്ചാല്‍
ഞാനെങ്ങനെ നിന്റെ ശത്രുവായി തുടരും.
രാമാ എന്നെ വിടണേ...വിടണേ...
രാമാ...രാമാ
നീ എന്തൊരു നല്ല മനുഷ്യനാണ്
നിന്റെ ഭാര്യ എന്തൊരു സുന്ദരിയാണ്
നിന്റത്ര പണം ഇവിടെ ആര്‍ക്കാ ഉള്ളത്
നിന്റത്ര അധികാരോം സ്വാധീനോം
ഇന്നിപ്പോ ഇവിടെ ആര്‍ക്കാ ഉള്ളത്
ഈ നാട്ടുകാര്‍ക്ക് മുഴുവന്‍ നിന്നോട് അസൂയയാണ്
എനിക്ക് നിന്നോട് ഒരു ശത്രുതയുമില്ല
ഒരു ശത്രുതയും...

വിഷയം

ഒരു കവിതയെഴുതണം.
എന്താണിപ്പോ എഴുതുക
അരിക്കൊക്കെ ഇപ്പോ എന്താ വില
കിലോയ്ക്ക് 13 മുതല്‍ 18വരെ കൊടുക്കണം.
പാടം നികത്തിയവരെ
പാഠം പഠിപ്പിക്കാനാണെന്ന്
ഒരു സഖാവ് സ്വകാര്യമായി എന്നോട് പറഞ്ഞിരുന്നു
രണ്ടു മൂന്നു ദിവസം പണി മുടങ്ങിയാല്‍
കൂലിപ്പണിക്കാര്‍ എന്തു ചെയ്യും.
പട്ടിണി മരണമൊന്നും കേള്‍ക്കുന്നില്ല.
ഓ..അതൊക്കെ പഴഞ്ചന്‍ വിഷയമല്ലേ.

വി.എസ്.അച്യുതാനന്ദന് നല്ല ഇമേജുള്ള കാലത്ത്
വി.എസ്സേ വാഴ്ക വാ‍ഴ്ക എന്ന്
കവിതയെഴുതാന്‍ കോപ്പുകൂട്ടിയതാണ്
അന്നത് നടന്നില്ല.
ഇന്ന് കാലഹരണപ്പെട്ട വി.എസ് നടക്കില്ലെന്നു മാത്രമല്ല
മുട്ടിലിഴയുക കൂടി ചെയ്യുന്നില്ല.



ഒരു ജയനെ കിട്ടിയിരുന്നെങ്കില്‍............
ഒരു കവിത എഴുതാമായിരുന്നു..... എന്ന് പറഞ്ഞത്
മോഹനകൃഷ്ണന്‍ കാലടി കേട്ടു.
ഇനിയിപ്പോ രജനീകാന്തുണ്ട് ബാക്കി.
തലൈവരേ വിടില്ല ഞാന്‍.
(പ്രേം നസീറിനെക്കുറിച്ചെഴുതിയ
ഹരികുമാറിന്റെ സ്ഥിതിയാവുമോ എന്തോ...)



നമ്മുടെ റോഡുകളുടെ സ്ഥിതി നോക്കൂ
ഒരു വര്‍ഷമായി ഇതേപോലെ
കുണ്ടും കുഴിയുമായി കിടക്കുന്നു.
അവ കുണ്ടും കുഴിയുമായി മാത്രമേ വളരുന്നുള്ളൂ
റോഡുകളായി വളരുന്നില്ല.
അതിനെക്കുറിച്ച് തന്നെ എഴുതാം.
എന്തൊരു സാമൂഹ്യ പ്രതിബദ്ധത എന്ന്
നാലാള് നോട്ടുമാലയിട്ടാലോ...

അടുത്തു വരുന്ന തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി
നാളെ ആ റോഡങ്ങട്ട് ടാര്‍ ചെയ്താലോ
നമ്മുടെ കവിതേം അതിലിട്ട് മൂടില്ലേ...
ഛേ!കാലാതിവര്‍ത്തിയല്ലാത്ത കവിതയോ മോശം.
(പാടില്ല പാടില്ല പാടെ നമ്മള്‍...
ഇന്നേ വരെ പാടിയിട്ടില്ല,
ഇനി പാടുകയുമില്ല)



പിന്നെ ഞാനെന്ത് തേങ്ങാക്കുലയെക്കുറിച്ച് എഴുതും?
അതു കൊള്ളാം,നല്ല വിഷയമാണ്,തേങ്ങാക്കുല.
കുലകുലയായിക്കിടക്കുന്ന തേങ്ങകളേ
നിങ്ങള്‍ നാളെ ചമ്മന്തിയോ വെളിച്ചെണ്ണയോ...
ഛെ! ഇതൊക്കെ എന്തോന്ന് കവിത.
അല്ലെങ്കില്‍ വേണ്ട,
വായനക്കാരാ,ഇതില്‍ കൂടുതല്‍
വലിച്ചു നീട്ടി നിങ്ങളുടെ വിലപ്പെട്ട സമയം
അപഹരിക്കുന്നത് അനീതി തന്നെ.
വിഷയദാരിദ്ര്യം എന്ന വിഷയത്തേക്കാള്‍
നല്ല വിഷയം വേറെയില്ലെന്ന്
മനസ്സിലായില്ലേ വിഷയലമ്പടരേ...

ഫൂ...

മരണത്തിന് ജീവിതത്തെ തിന്നണം
ജീവിതത്തിന് മരണത്തെയും.
മരണം വായ രണ്ടു മടങ്ങു പൊളിച്ച്
ജീവിതത്തിന്റെ നേരെ കുതിച്ചു.
ജീവിതവും വായ രണ്ടു മടങ്ങു പൊളിച്ചു.
മരണം അപ്പോള്‍ വായ നാലുമടങ്ങാക്കി.
ജീവിതം അപ്പോള്‍ വായ എട്ടുമടങ്ങാക്കി.
മരണം അപ്പോള്‍ വായ 16 മടങ്ങാക്കി.
ജീവിതം അപ്പോള്‍ വായ 32 മടങ്ങാക്കി.
മരണം വായ 64 മടങ്ങ് പൊളിച്ച നേരത്ത്
ഒരൊണക്കത്തേങ്ങ തലയില്‍ വീണു.
പെട്ടെന്നുള്ള വേദനയില്‍ മരണം
വായടച്ച് തല തടവി നിന്നു.
ഇതു തന്നെ തക്കമെന്നു കണ്ട്
ജീവിതം തന്റെ വലിയ വായകൊണ്ട്
മരണത്തെ വിഴുങ്ങി.
പിന്നെ ഒറ്റനടപ്പായിരുന്നു ജീവിതം.

ഒന്നു രണ്ടു തവണ വായവഴി പുറത്തു ചാടാന്‍
ഒരു വിഫല ശ്രമം നടത്തി നോക്കി മരണം.
അപ്പോഴൊക്കെ വായ തൊണ്ണൂറ് ഡിഗ്രിയില്‍ പിടിച്ച്
കൈകൊണ്ട് അണ്ണാക്കിലേക്ക് ഒരു തള്ളു വെച്ചു കൊടുത്തു ജീവിതം.
ഒരിറക്ക് വെള്ളവും കുടിച്ചു.
മരണമുണ്ടോ ദഹിക്കുന്നു.
അങ്ങനെ ദഹിക്കാതെകിടക്കുന്ന മരണമാണ്
ഈ ജീവിതത്തിന്റെ പ്രശ്നമെന്ന്
ഞാനതിനോട് പറയാനൊന്ന് ശ്രമിച്ചു നോക്കി.
‘ഫൂ...’
അതെന്നെ ഒരാട്ടാട്ടി