gfc

പെരുമഴത്തോട്ടം

പെട്ടെന്ന് ഉണ്ടായിവരുന്നു
ഒരു പെരുമഴത്തോട്ടം
മാനത്ത് മുളച്ച് ഭൂമിയിലേക്ക് വളര്‍ന്ന്
മണ്ണില്‍ ചില്ലകള്‍ പടര്‍ത്തി
ഇടതൂര്‍ന്ന ചില്ലുനൂല്‍ത്തോട്ടം

വയല്‍‌വക്കത്തെ എല്ലാ വീടുകളും
പെട്ടെന്ന് ഒറ്റയ്ക്കായിപ്പോവുന്നു
അടുത്തായിട്ടും അകലെയാവുന്നു
ഓര്‍മ്മകള്‍ പൊട്ടിയൊഴുകുന്ന
കണ്ണുകളാവുന്നു ജനാലകള്‍
കാറ്റ് ഒരു നനഞ്ഞ നാടോടിയെപ്പോലെ
വരാന്തയിലേക്ക് ഓടിക്കയറിവന്ന് അകത്തേക്ക് എത്തിനോക്കുന്നു

കെട്ടിയിട്ട പശുക്കളുടെ കരച്ചിലുകള്‍ നനയുന്നു
അവയുടെ പുള്ളികള്‍ മഴയില്‍ മായുന്നു
അവ തന്നെ മായുന്നു
മഴത്തോട്ടത്തില്‍ ഒരു ചില്ലുകുറുക്കന്‍
ആകാശത്തേക്ക് നോക്കിക്കൂവുന്നു
അതിന്റെ കൂവല്‍ അല്പം കഴിഞ്ഞ്
ഒരു മഴവില്ലായി കാണായേക്കും

ചില്ലുകാടില്‍ ഒരു സുതാര്യ ആന
നൃത്തം ചെയ്യുന്നു

ചെമ്പോത്തുകള്‍ മഴവള്ളികളില്‍ തൂങ്ങി
അവയുടെ പ്രാചീനവാദ്യങ്ങള്‍ മുട്ടുന്നു

പെട്ടെന്ന് ഒരുതോട്ടം കാണാതാവുന്നു

തുമ്പികളുടെ ചിറകുകളില്‍ കയറി
മഴ ആകാശത്തേക്ക് മടങ്ങിപ്പോവുന്നു

ആകാശം അതിന്റെ കറുത്ത മുലകളെ

നീലബ്ലൌസിലാക്കി കുടുക്കിട്ടുവെക്കുന്നു;
പാലുകൊടുത്തുകഴിഞ്ഞ അമ്മ

കാറ്റ് കവുങ്ങുകളുടെയും തെങ്ങുകളുടെയും
തലകള്‍ തോര്‍ത്തിക്കൊടുക്കുന്നു

കഴിഞ്ഞുപോയ പ്രണയങ്ങളുടെ ഓര്‍മ്മ പോലെ
ഒരു നനവുമാത്രം നില്‍ക്കുന്നു
ലോകം ഒരു നനഞ്ഞ പാവാടയായി ഇളക്കിക്കൊണ്ടിരിക്കുന്നു

മഞ്ഞ നിറമുള്ള ഏകാന്തതയില്‍ പച്ചനിറമുള്ള പക്ഷി

ഏകാന്തയുടെ നിറം ഏതാണ്?
മഞ്ഞ നിറമുള്ള ഏകാന്തതയില്‍
പച്ചനിറമുള്ള ഒരു പക്ഷിയെ സങ്കല്പിച്ചുനോക്കി
വയലറ്റ് നിറമുള്ള ഏകാന്തതയില്‍
ചുവന്ന ആപ്പിളിന്റെ മോഡലിങ് സങ്കല്പിച്ചുനോക്കി
നീലത്തലേക്കെട്ടുള്ള ഒരു നട്ടുച്ച
പറക്കുന്ന കൊറ്റിയുടെ വെള്ളത്തോര്‍ത്ത് വീശി
പച്ചനിറമുള്ള പാടത്ത് നില്‍ക്കുന്നു
ഏകാന്തത എന്ന ദ്വീപിലേക്ക്
നിങ്ങള്‍ നിങ്ങളെ നാടുകടത്തുന്നു
ആരും കരയുന്നില്ല
പിന്നാലെ വരുന്നില്ല
ആരോ കരയുന്നുണ്ടെന്ന്
പിന്നാലെ വരുന്നുണ്ടെന്ന് സങ്കല്പിക്കുന്നു
പിന്നാലെ വരുന്നവര്‍ മങ്ങിമങ്ങി മറയുന്നു
കരച്ചിലുകള്‍ നേര്‍ത്തുനേര്‍ത്ത് ഇല്ലാതാവുന്നു
ഇപ്പോള്‍ നിങ്ങള്‍ ഏകാന്തതയിലാണ്
നിങ്ങള്‍ തന്നെയാണ് ഏകാന്തത
ഏകാന്തത സഹിക്കവയ്യാതെ
എല്ലാ നിറങ്ങളും ഇറങ്ങിപ്പോകുന്നു
പച്ചനെല്‍പ്പാടത്തു നിന്ന് പച്ച
തെളിനീലമാനത്തു നിന്ന് നീല
മേശപ്പുറത്തെ ചുവന്ന ആപ്പിളില്‍ നിന്ന് ചുവപ്പ്
വയലറ്റ് ജനല്‍‌വിരികളില്‍ നിന്ന് വയലറ്റ്
റോസാപ്പൂക്കളില്‍ നിന്ന് റോസ്
ഇറങ്ങിപ്പോകാത്ത രണ്ടു നിറങ്ങള്‍
ബാക്കിയാവുന്നു ;കറുപ്പും വെളുപ്പും
അവയും ഇറങ്ങിപ്പോയിട്ടുണ്ടാവാം
ഈ ഇറങ്ങിപ്പോക്കിനെ
കറുപ്പിലും വെളുപ്പിലും ആവിഷ്കരിച്ച്
കറുപ്പിന്റെയും വെളുപ്പിന്റെയും
ഒരു തോന്നല്‍ മാത്രം അവശേഷിപ്പിച്ച്
അവയും ഇറങ്ങിപ്പോയിട്ടുണ്ടാവാം
നിങ്ങള്‍ അവയുടെ പിന്നാലെ പോകുന്നില്ല
ആരുടെയും പിന്നാലെ പോകുന്നില്ല
നിങ്ങള്‍ ഏകാന്തത
ഏകാന്തത നിങ്ങള്‍
കാറിന്റെ ചില്ലുജാലകത്തില്‍
ഒലിച്ചിറങ്ങുന്ന മഴയില്‍
നിറങ്ങളും രൂപങ്ങളും ചോര്‍ന്നുപോവുമ്പോലെ
അകത്തുപെയ്യുന്ന ഒരു മഴയിലേക്ക്
പുറത്തുനിന്നു നോക്കുന്നു നിങ്ങള്‍
ഉടഞ്ഞ മരക്കൂട്ടങ്ങള്‍
ഉടഞ്ഞ മനുഷ്യാകൃതികള്‍
ഉടഞ്ഞ നടപ്പാത
ഉടഞ്ഞുടഞ്ഞുടഞ്ഞ്...
കാഴ്ചകള്‍ മുന്നോട്ടു നടക്കാനാവതെ
മഴയില്‍ കുഴഞ്ഞുവീഴുന്നു
നിങ്ങള്‍ക്കിരുപുറവും ബ്ലോക്കായ വാഹനങ്ങള്‍
ഹോണടിക്കുന്നു
അവയുടെ തീവ്രവെളിച്ചങ്ങള്‍ പരസ്പരം
വെട്ടിക്കൊണ്ടിരിക്കുന്നു
എല്ലാ വാഹനങ്ങളില്‍ നിന്നും ഇറങ്ങിവന്ന ആളുകള്‍
നിങ്ങളുടെ ചുറ്റിലും കൂടി നില്‍ക്കുന്നു

സന്തോഷം അലയടിക്കുന്നു


ഒരു ദിവസം
ഒരു പ്രത്യേക നിമിഷം
പുറത്തേക്ക് നോക്കുമ്പോഴുണ്ട്
സന്തോഷം അലയടിക്കുന്നു
ബസ് സ്റ്റാന്‍ഡിലെ സ്ത്രീകളുടെ സാരിത്തുമ്പുകള്‍
പറന്നുയര്‍ന്ന് സന്തോഷം സന്തോഷം
എന്ന് പ്രഖ്യാപിക്കുന്നു.
കോളേജ് വിട്ടുവന്ന യൂണിഫോം കുട്ടികള്‍
പെട്ടെന്ന് പൂക്കാലം വന്നുകയറിയ പൂന്തോട്ടമായി
ഇളകിക്കൊണ്ടിരിക്കുന്നു
വിശുദ്ധനായ ഒരു നീലാകാശം മുകളില്‍
വെള്ളമേഘങ്ങളുടെ ഒരു ചിരി വരയ്ക്കുന്നു
ബസ്സുകളുടെ ജനല്‍‌സീറ്റുകളില്‍ ഇരിക്കുന്നവരുടെ മുഖങ്ങളിലൂടെ
ആനന്ദത്തിന്റെ ഒരു തിര കയറിയിറങ്ങി
കയറിയിറങ്ങിയങ്ങനെ...
എല്ലാ നിരാശകളെയും ഊതിക്കെടുത്തിയ
ഒരു ചിരി എവിടെയും ചിരിച്ചുനില്‍ക്കുന്നു
മുഷിഞ്ഞ തുണികളും നരച്ചതാടിയുമുള്ള
കറുത്ത പിച്ചക്കാരന്‍
വെയിലത്തുകത്തിച്ചുവെച്ച മണ്ണെണ്ണ വിളക്കിനെ
ഓര്‍മ്മിപ്പിച്ച് ചിരിക്കുന്നു
നാടോടിപ്പെണ്ണുങ്ങളുടെ ഒരു കൂട്ടം
മുറുക്കിച്ചുവപ്പിച്ച ചുണ്ടുകാട്ടി ചുവചുവന്ന വായ കാട്ടി
ചിരിക്കുന്നു
പച്ചക്കറി വാങ്ങിക്കുന്നവളും വില്‍ക്കുന്നവനും ചിരിക്കുന്നു
ചുമട്ടുതൊഴിലാളികള്‍ തലേക്കെട്ടുകള്‍ ഊരിവീശിച്ചിരിക്കുന്നു
അഞ്ചു മീന്‍‌കാരന്മാര്‍ നിരന്നിരുന്ന് ചിരിക്കുന്നു
ഇത് വാടിയ വെയിലിന്റെ ഒരു തോട്ടമല്ല
എവിടെ നിന്നോ ഇറങ്ങിവന്ന ആനന്ദത്തിന്‍
തുള്ളിയോട്ടം
പള്ളിമിനാരത്തില്‍ കൂടുവെച്ച പ്രാവുകളുടെ അരികിലും
കുട്ടികള്‍ നദിയിലേക്ക് ചാടുന്നതുപോലെ ആകാശത്ത്
അത് കുത്തിമറിയുന്നു
ഇത്രനാള്‍ ആരാണ് എവിടെയാണ്
നിന്നെ അടച്ചുവെച്ചതെന്ന്
എനിക്കതിനോട് ചോദിക്കണമെന്നുണ്ട്..
കുടത്തില്‍ നിന്നും പുറത്തുവന്ന ഭൂതമേ
നിന്നെ അടച്ചുവെച്ചിരുന്ന എല്ലാ കുടങ്ങളും
ഉടച്ചുകളയാന്‍ എനിക്കവ കാണിച്ചുതന്നെങ്കില്‍
എന്നു വിചാരിച്ച് കണ്ണടച്ച് കണ്ണടച്ച്
ഇപ്പോള്‍ കണ്ണു തുറക്കുമ്പോള്‍ ...
കണ്ണുതുറക്കുമ്പോള്‍ ...

കെമ്പന്റെ മകന്‍

'കെമ്പന്റെ മകനേ
കെമ്പന്റെ മകനേ' എന്ന വിളി കേട്ട്
അയാള്‍ വാതില്‍ തുറന്നപ്പോള്‍
അതു പറഞ്ഞു:
ഞാനാണ് പൂവന്‍‌കോഴിയുടെ കൂവല്‍
ഈ വെളുപ്പാങ്കാലത്ത്
നീ എന്റെയൊപ്പം വരിക
ഞാന്‍ നിനക്ക് പാടങ്ങള്‍ കാണിച്ചു തരാം.

കെമ്പന്റെ മകന്‍ ഒരു പാനീസു പിടിച്ച്
പൂവന്‍‌കോഴിയുടെ കൂവലിനു പിന്നാലെ
ഇടവഴി താണ്ടി പുറത്തേക്കിറങ്ങി.
പൂവന്‍ കോഴിയുടെ കൂവല്‍ മുന്നില്‍ നടന്നു.
അതിന് ഒരാള്‍പ്പൊക്കമുണ്ട്
വലിയ തലപ്പാവുണ്ട്
അംഗവസ്ത്രം പിന്നില്‍ ഇഴയുന്നുണ്ട്
കെമ്പന്റെ മകന്‍ ആകാശത്തേക്ക് നോക്കി
ഒറ്റ നക്ഷത്രം മാത്രം
നാട്ടിക്കണ്ടങ്ങളില്‍ ഇന്നലെ നട്ട ഞാറ്
ചേറില്‍ അതിന്റെ വേരുപിടിക്കാന്‍
തവളകളുടെയും ചീവീടുകളുടെയും
മഞ്ഞുനിറമുള്ള പ്രാര്‍ഥനകള്‍ എല്ലാ വരമ്പുകളിലും
എഴുന്നേറ്റു നടക്കുന്നുണ്ട്.
അവയ്ക്കുമുണ്ട് ഒരു മനുഷ്യനോളം ഉയരം.
അവ അവരെ ശ്രദ്ധിച്ചതേയില്ല.
പൂവന്‍‌കോഴിയുടെ കൂവല്‍ ഒരു തോട്ടിറമ്പിലിരുന്നു
കെമ്പന്റെ മകന്‍ അതിന്റെ മുന്നില്‍
കുന്തിച്ചിരുന്നു.
അതു പറഞ്ഞു:
കെമ്പന്റെ മകനേ
നീയെന്നെ ആദ്യമായാണ് കാണുന്നത്
ഇതുപോലൊരു രാത്രിയിലാണ്
നിന്റച്ഛനും എന്നെ ആദ്യമായി കാണുന്നത്

മണ്ണ് വേരുകളെ ഇറുകെപ്പിടിക്കുന്ന ഒച്ച
മണ്ണിന്നടിയില്‍ നിന്ന് ഞാറുകള്‍ക്കിടയിലേക്ക്
വിരല്‍ നിവര്‍ത്തുന്നുണ്ട്

നിന്റച്ഛന്‍ ഈ കണ്ടത്തിലുണ്ട്
നിന്റച്ഛന്റച്ഛനും ഈ കണ്ടത്തിലുണ്ട്
നിങ്ങള്‍ ഉറങ്ങുമ്പോള്‍ അവര്‍ പൂട്ടുന്നു
വിതയ്ക്കുന്നു കൊയ്യുന്നു
വരമ്പത്തിരുന്ന് ചായ കുടിക്കുന്നു

ദൂരെ രണ്ടു കാലുകള്‍ മാത്രം നടക്കുന്നത്
കെമ്പന്റെ മകന്‍ കണ്ടു
അയാള്‍ അവിടേക്ക് സൂക്ഷിച്ച് നോക്കിയപ്പോള്‍
ഒരു തൊപ്പിക്കുടയും കണ്ടു
പൂവന്‍‌കോഴിയുടെ കൂവല്‍ അതിനടുത്തുകൂടെ
പോവുന്നതും കണ്ടു
പൊട്ടു പോലെ അത് മറയുന്നതും നോക്കി
അയാള്‍ വരമ്പത്തിരുന്ന് ഉറങ്ങിപ്പോയി
ഉണര്‍ന്നു നോക്കിയപ്പോള്‍
അയാള്‍ ഒരു പാടമായി വിളഞ്ഞുകിടക്കുന്നു

മണ്ണിന്നടിയില്‍ ഞങ്ങള്‍ നീന്തിക്കൊണ്ടിരുന്നു...

എന്റെയും അവളുടെയും ശവങ്ങള്‍
മണ്ണിലേക്ക് കമ്ഴ്ന്ന് കിടന്നു
ഇരുട്ടും ഇലകളും ഞങ്ങളെ മൂടി
ഞങ്ങള്‍ മണ്ണുതിന്നുകൊണ്ടിരുന്നു
വണ്ടുകള്‍ എന്റെ വൃഷണങ്ങള്‍ തുളച്ചു
എലികള്‍ എന്റെ വയറു തുരന്നു
ചെറുജീവികള്‍ എന്റെ മാംസം തിന്നു
ഞാന്‍ മണ്ണിലേക്ക് അമര്‍ന്നു
വിദൂരത്ത് മണ്ണിലാണ്ടു കിടന്ന അവളുടെ മുലകള്‍
പ്രാണികള്‍ കടിച്ചുപറിച്ചുകൊണ്ടിരുന്നു
അവളുടെ യോനിയിലെ മാംസം അഴുകിത്തീര്‍ന്ന്
എല്ലുകളെ വെളിവാക്കിക്കൊണ്ടിരുന്നു
അവളും മണ്ണിലേക്ക് അമര്‍ന്നു
ഞങ്ങള്‍ വെറും അസ്ഥികൂടങ്ങളായി
എങ്കിലും കമ്ഴ്ന്ന് കിടന്ന കിടപ്പില്‍
ഞങ്ങള്‍ മണ്ണു തിന്നുകൊണ്ടിരുന്നു
ഭൂമിയുടെ അടിയിലേക്ക്
ഞങ്ങള്‍ ഞങ്ങളെത്തന്നെ
അമര്‍ത്തിത്താഴ്ത്തിക്കൊണ്ടിരുന്നു
ഞങ്ങള്‍ താണുതാണുപോയി
വലിയ വിടവുകള്‍ കാണായി
ഞാന്‍ ഒരു ദിശയിലേക്ക് കിടന്ന് കിടപ്പില്‍
മണ്ണിനടിയില്‍ നീന്തിക്കൊണ്ടിരുന്നു
എന്റെ കൈകള്‍ അവളെ തിരയുകയായിരുന്നു
അവള്‍ മറ്റൊരു ദിശയില്‍ കിടന്ന കിടപ്പില്‍
മണ്ണിനടിയില്‍ നീന്തിക്കൊണ്ടിരുന്നു
അവളുടെ മാംസരഹിതമായ അസ്ഥിക്കൈകള്‍
എന്നെ തിരയുകയായിരുന്നു
ഞങ്ങള്‍ പരസ്പരം കണ്ടതേയില്ല
ഭൂമിയുടെ അകം മുഴുവന്‍ ഞങ്ങള്‍
പരസ്പരം തിരഞ്ഞുകൊണ്ടിരുന്നു

ജലം തിരഞ്ഞുവരുന്ന മരവേരുകളെക്കണ്ടു
പച്ചിലകളെ ഓര്‍മിച്ചു.
തണലുകളെ ഓര്‍മിച്ചു.
ഭൂമിക്കടിയിലെ ജലധമനികളും സിരകളും കണ്ടു
കിണറുകളെ ഓര്‍മിച്ചു
ദാഹങ്ങള്‍ കെടുത്തിയ കൈക്കുമ്പിള്‍ വെള്ളത്തെ ഓര്‍ത്തു
ഉരുകിക്കൊണ്ടിരിക്കുന്ന പാറകളെയും
രൂക്ഷഗന്ധികളായ ധാതുക്കളെയും നീന്തിക്കടന്നു
മണ്ണിട്ടുപോയ കെട്ടിടങ്ങളും വനങ്ങളും നൂറ്റാണ്ടുകളും നീന്തിക്കടന്നു
മറഞ്ഞുകിടക്കുന്ന അഗ്‌നിപര്‍വതങ്ങളും ലാവകളും കടന്നു
ഏതോ ഇരുട്ടിലേക്ക് പൊടുന്നനെ വീണുപോയി
ലോകത്തു മരിച്ചു മണ്ണടിഞ്ഞവരുടെ മുഴുവന്‍
അസ്ഥികൂടങ്ങളും അവിടെ ഒഴുകിനടക്കുന്നുണ്ടായിരുന്നു
മഹതികളും മഹാന്മാരും സുന്ദരികളും സുന്ദരന്മാരും
പക്ഷേ എല്ലാം വെളുവെളുത്ത അസ്ഥികൂടങ്ങള്‍
അവള്‍ ഇവിടെ ഉണ്ടാവും
ഞാന്‍ അവളെ തിരയുകയാണ്
അവള്‍ എന്നെ തിരയുകയാവും
ഞാന്‍ ഓരോരോ അസ്ഥികൂടത്തിന്റെയും
കൈകള്‍ കൂട്ടിപ്പിടിച്ചു
ഓരോ മനുഷ്യായുസ്സിന്റെയും കഥകള്‍
എന്നിലേക്ക് സംക്രമിച്ചു
ഒരു കൈയും അവളുടെതായിരുന്നില്ല
ഞാന്‍ പലരേയും ചുംബിച്ചു
ഭൂമിയിലെ എല്ലാ വേദനകളും ആനന്ദങ്ങളും
എന്നിലേക്ക് ഇറങ്ങിവന്നു
എങ്കിലും ഒരു ചുംബനവും അവളുടെതായിരുന്നില്ല
നിരര്‍ഥകപദങ്ങളുടെ ഒരു പാട്ട് ഇറങ്ങിവന്നു
അസ്ഥികൂടങ്ങള്‍ നൃത്തം ചെയ്യാന്‍ തുടങ്ങി
എവിടെ നിന്നോ മധുചഷകങ്ങള്‍ ഇറങ്ങിവന്നു
എല്ലാവരും മദ്യപിച്ചുകൊണ്ടിരുന്നു
എപ്പോഴോ ഞാന്‍ നൃത്തം ചെയ്ത് തളര്‍ന്നുവീണു
എന്റെ കൈകളില്‍ ആരോ വന്നുപിടിച്ചു.
ഒരു വൈദ്യുതിയുണ്ടായി
ഒരു വെളിച്ചമുണ്ടായി
അത് അവളായിരുന്നു
ഞങ്ങള്‍ വെറും വെളിച്ചമായി
ഭൂമിപിളര്‍ന്ന് ആകാശത്തേക്ക് തെറിച്ചു
അവളില്‍ നിന്ന് എന്നെയോ
എന്നില്‍ നിന്ന് അവളെയോ
ഇനി കണ്ടെടുക്കാനാവില്ല
വെളിച്ചം എല്ലാ കാഴ്ചകളും പൊട്ടിച്ച്
ഒഴുകിക്കൊണ്ടിരുന്നു.

അകലെ അവ സ്വയം വാര്‍ത്തുകൊണ്ടിരിക്കുന്നു

നടന്നവയില്‍ നിന്ന്
നടക്കാത്തവയിലേക്ക്
ഒരു പാലമുണ്ട്
നടന്നവയുടെ ഓരോരോ
അലകുകള്‍ അടര്‍ന്ന്
നടന്നവയുടെ ഓരോരോ
തൂണുകള്‍ അടര്‍ന്ന്
നടക്കാത്തവയെ തിരഞ്ഞുപോകുന്നു.

ഒടുക്കം, നടന്നവ
വെറും പുരാവസ്തുശേഖരം പോലെ
കാഴ്ചകള്‍ക്കും ഓര്‍മ്മകള്‍ക്കും മാത്രം
പെരുമാറാവുന്ന ഒഴിവുകാല
സന്ദര്‍ശനസ്ഥലങ്ങളാവുന്നു
നടക്കാത്തവ അപ്പോഴും
അലകുകളും തൂണുകളും
അടിക്കല്ലുകളും അതിലേക്ക്
പ്രവഹിപ്പിച്ചുകൊണ്ടിരിക്കും
എത്ര കുതിരകളെ ഓടിച്ചുപറന്നാലും
നമ്മള്‍ അവിടെ എത്തുകയില്ല.
നദികള്‍
വനങ്ങള്‍
സമുദ്രങ്ങള്‍
പര്‍വതങ്ങള്‍
എല്ലാം കടന്ന് നോക്കുമ്പോള്‍
വിദൂരസ്ഥവും വിജനവുമായ മരുഭൂമിയില്‍
നടക്കാത്തവ അവയെ സ്വന്തമായി
വാര്‍ക്കുന്നതു കാണാം.
അവിടേക്കുള്ള പ്രവാഹങ്ങളെ കാണാം.
അപ്പോള്‍ തളര്‍ന്നുവീഴുന്ന നിങ്ങളെ
ഒരിക്കലും അവിടെ എത്തിക്കുകയില്ലെന്ന
ഒരുറച്ച തണുപ്പ്
നെഞ്ചില്‍ കട്ടിപിടിക്കും.
നിങ്ങളുടെ കണ്ണുകള്‍ മങ്ങും.
വിദൂരതയില്‍
അവ അവയെ വാര്‍ത്തുകൊണ്ടിരിക്കും.

ബലാല്‍‌സംഗക്കാരന്‍

പഴയ മനുഷ്യമൃഗം ടൈപ്പ് ജയന്‍‌സിനിമയിലെ
ഒരു ബലാല്‍‌സംഗക്കാരനാണ് ഞാന്‍
ആറുവയസ്സുള്ള സ്കൂള്‍കുട്ടി മുതല്‍
അറുപതുവയസ്സുള്ള തള്ളയെ വരെ
ഞാന്‍ ബലാത്സംഗം ചെയ്തിട്ടുണ്ട്.
ഞാനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട
ഒരു കഥാപാത്രമാണ് സര്‍
ലൈംഗികത്തൊഴിലാളികള്‍
കള്ളന്മാര്‍ പിടിച്ചുപറിക്കാര്‍
എന്നിവരുടെ ആത്മകഥകള്‍ക്ക്
ഇപ്പോള്‍ നല്ല മാര്‍ക്കറ്റാണല്ലോ സര്‍
ഈ നാട്ടില്‍ ബലാത്സംഗം
ചെയ്യുന്നവന് ഒരു വിലയുമില്ലേ സര്‍
ലൈംഗികത്തൊഴില്‍ പോലെയോ
കവര്‍ച്ച പോലെയോ അല്ല സര്‍
ഇതില്‍ നിന്ന് വരുമാനമില്ല സര്‍
മാത്രമല്ല ഒരു ബലാത്സംഗം
ചെയ്യുന്നതിനു പിന്നിലുള്ള
മനുഷ്യാധ്വാനവും ബുദ്ധിയും
ഇതില്‍ ഏതിനെങ്കിലും
വേണോ സര്‍?
ചോറ്റാനിക്കര അമ്മയാണേ
മാതാവാണേ
ഇതാ നിങ്ങള് വന്ന്
പൂശിയേച്ച് പൊക്കോ എന്ന്
ഒരു പെണ്ണു പറഞ്ഞാലും
ആ നെറികേട് നമ്മള് ചെയ്യില്ല
സാറിനറിയാഞ്ഞിട്ടാ
ബലാത്സംഗം
ഒരു ക്രിയേറ്റീവ് വര്‍ക്കാ സാറേ
പരസ്പര സമ്മതത്തോടേയുള്ള
ആ പരിപാടിയില്‍ അതു വല്ലതുമുണ്ടോ സര്‍?
സാറിനറിയാമല്ലോ
എന്തൊരു ബോറന്‍ പരിപാടിയാണതെന്ന്.
നമ്മളിതൊക്കെ പറഞ്ഞാല്‍
ചെലവന്മാര് ചൊറിഞ്ഞുവരും
നിനക്കൊന്നും അമ്മേം പെങ്ങന്മാരും
ഇല്ല്യോടാ ന്ന് ചോദിക്കും
അമ്മയും പെങ്ങന്മാരും
ഉണ്ടെന്ന് കരുതി
ആരെങ്കിലും കല്യാണം കഴിക്കാതിരിക്കുന്നുണ്ടോ സര്‍?
അവനവന്‍ ചെയ്യുന്ന പണിയോട് ഒരു കൂറ് വേണം സര്‍
പഴയ പോലെ ഇപ്പോ വയ്യ സര്‍
പുതിയ ചെറുക്കന്മാരില്‍ എനിക്ക് പ്രതീക്ഷയുണ്ട് സര്‍
എമ്മാതിരിപ്പണിയാ അവന്മാരൊക്കെ ചെയ്യുന്നേ
മൊട്ടേന്ന് വിരിയുന്നതിനു മുന്‍പല്ലേ
അവന്മാരൊക്കെ പണിഞ്ഞു തുടങ്ങുന്നത്
പലതും കേട്ടിട്ട് കൊതിയാവുന്നുണ്ട് സര്‍
കൊറച്ചുകൂടി വൈകി ജനിച്ചാല്‍ മതിയായിരുന്നു
സാറേ എല്ലാം ഞാന്‍ വിശദമായിപ്പറയാം
എല്ലാ മതത്തില്‍പ്പെട്ടവരേയും
എല്ലാ ജാതിയില്‍ പെട്ടവരേയും
കറുത്തതിനേയും വെളുത്തതിനേം
ഇരുനിറമുള്ളതിനേം ചുവന്ന് മദാമ്മ പോലുള്ളതിനേം
തടിച്ചതിനേം പൊക്കം കൂടി മെലിഞ്ഞതിനേം
എല്ലാത്തിനേം കൈവെച്ചിട്ടുണ്ട് സര്‍
നമുക്കങ്ങനെ ജാതീം മതോം ഒന്നുമില്ല.
കരയിലും വെള്ളത്തിലും
ആകാശത്തുവെച്ചുപോലും പണിതിട്ടുണ്ട് സര്‍.
അതെങ്ങനെയാന്ന് ചോദിച്ചാ
ഒക്കെ പ്പറയാം സര്‍
എന്റെ ഈ‍ ആത്മകഥ അടിച്ചുവന്നാല്‍
ഈ നാട്ടില്‍ ബലാത്സംഗക്കാരന്
ഒരു വിലയുണ്ടാവില്ലേ സര്‍
എനിക്കതു മതി
സാറിനും സാറിന്റെ പത്രത്തിനും
ഗുണമുണ്ടാവും സര്‍
ഞാനും സാറിനെപ്പോലെ
ഒരു സാംസ്കാരികനായകനാവുമോ സര്‍
എല്ലാം ഞാന്‍ വിശദമായിപ്പറയാം സര്‍
ബാലാത്സംഗത്തിന് കൃത്യമായ പ്ലാനിങ്
ടൈമിങ് ഒക്കെ വേണം സര്‍
എന്തെങ്കിലും ഒന്ന് തെറ്റിയാല്‍
ജീവിതം തന്നെ കോഞ്ഞാട്ടയാവും സര്‍
ഇതിപ്പോ ആത്മകഥ വന്നാല്‍ പിന്നെ
ഞാന്‍ എടങ്ങേറാവുമോ സര്‍?
അതൊന്നുമല്ല
ഈ പുതിയ പെങ്കൊച്ചുങ്ങളൊക്കെ
എന്നെയൊന്ന് ബലാത്സംഗം ചെയ്തു തരൂ ചേട്ടാ എന്ന്
ക്യൂ നില്‍ക്കില്ലേ സര്‍?

പട്ടിണി കിടന്നും
വെയിലുകൊണ്ടും
മഴ നനഞ്ഞും
രാപകലില്ലാതെ പിന്നാലെ നടന്നുമൊക്കെ
എത്ര കഷ്ടപ്പെട്ടിരിക്കുന്നു സര്‍
ചില ബലാല്‍‌സംഗങ്ങള്‍ക്കായ്
ആരെങ്കിലും കാണുന്നുണ്ടോ സര്‍ ഇതൊക്കെ
സാറിനെങ്കിലും ഇപ്പോള്‍ തോന്നിയല്ലോ സര്‍
സാറിനെ ദൈവം രക്ഷിക്കും(ബലാത്സംഗം ചെയ്യും)സര്‍

സാറിന്റെ വീട്ടില്‍ ആരെയെങ്കിലും
ബലാത്സംഗം ചെയ്യാനുണ്ടെങ്കില്‍ പറയണേ സര്‍
എത്ര വയ്യെങ്കിലും ഞാന്‍ വരും സര്‍
എന്നെ വിശ്വസിക്കണം സര്‍

ഞാന്‍ ചോദിച്ചിട്ട് പറയുന്നില്ല /വിഷ്ണുപ്രസാദ്

2011/
സെപ്റ്റംബര്‍ 18/
രാവിലെ 8.30/
സുല്‍ത്താന്‍ ബത്തേരി/

അയാള്‍ അവളെക്കുറിച്ച്
വിചാരിച്ചുകൊണ്ടിരിക്കുന്നു
-------------------------------------
2011/
സെപ്റ്റംബര്‍ 18/
രാവിലെ 8.30
പാലക്കാട് ജില്ലയിലെ
കൂടല്ലൂര്‍

അവള്‍ അയാളെക്കുറിച്ച്
വിചാരിച്ചുകൊണ്ടിരിക്കുന്നു
-----------------------------------------

ഒരേ സമയത്ത്
രണ്ടാളും ഇങ്ങനെ
പരസ്പരം ഓര്‍ത്തിരിക്കുകയാണെന്ന്
അവര്‍ എങ്ങനെ അറിയും

അറിഞ്ഞാല്‍ ...?

ഒരോര്‍മ്മ മറ്റൊരോര്‍മ്മയില്‍ ചെന്ന്
മുട്ടിനിന്നാല്‍ ?
ഓര്‍മകള്‍ക്ക് എന്തു ചെയ്യാനാവും ജീവിതത്തെ?
ഓര്‍മകള്‍ വെറും നദികള്‍
അവ ചുമ്മാ എല്ലാവരില്‍ നിന്നും ഇറങ്ങി
അദൃശ്യമായി ഒഴുകുന്നു
വളയുന്നു,പുളയുന്നു,കൂട്ടിമുട്ടുന്നു.
പരസ്പരം കാണുന്നതിനെപ്പറ്റി അവര്‍
പറയുന്നതേയില്ല.

ആയിരം മനുഷ്യരുടെ ഓര്‍മകള്‍
ആയിരം നദികള്‍
പതിനായിരം മനുഷ്യരുടെ ഓര്‍മകള്‍
പതിനായിരം...
ഒരേ സ്ഥലത്ത്
ഒരേസമയം
കൂട്ടിമുട്ടുന്നു.
ഒന്നുചേരുന്നു.
എങ്ങോട്ടോ
ഒഴുകിപ്പോവുന്നു
എങ്ങോട്ടോ(ഞാന്‍ ചോദിച്ചിട്ട് പറയുന്നില്ല)

പെരുമാറ്റം / വിഷ്ണുപ്രസാദ്

ആരും ചവിട്ടിയരയ്ക്കേണ്ടെന്ന്
ഒരു കോലെടുത്ത് തോണ്ടുമ്പോഴേക്കും
മരിച്ചുപോകും പുഴു.
ഭംഗി കണ്ട് മോഹിച്ച് ഒന്ന് പിടിച്ചതേയുള്ളൂ
ചിറകു മുറിഞ്ഞ് പറക്കാതായീ ശലഭം
പെരുമാറാന്‍ പഠിക്കുമ്പോഴേക്കും
എത്ര വേദനകളെ തുറന്നിടുന്നു ജീവിതം

തീ /വിഷ്ണുപ്രസാദ്

തീ പിടിച്ച ഒരു തീവണ്ടി
നഗരത്തിലൂടെ  അലറിപ്പാഞ്ഞു പോകുന്നു.
നമ്മള്‍ അതു കാണുന്നു.
എല്ലാ നഗര ജനാലകളും കാണുന്നു.
എല്ലാ തെരുവുകളും അതു കാണുന്നു.
എല്ലാ സ്റ്റേഷനുകളും അതു കാണുന്നു.
അതു പോയിക്കഴിഞ്ഞിട്ടും...(ഇല്ല
അതു പോയിക്കഴിഞ്ഞിട്ടില്ല,
അതിപ്പോഴും നഗരത്തിലൂടെ ഓടുന്നു.)
അതു തന്നെ
നോക്കുന്നിടത്തൊക്കെ കാണുന്നു.
അതു പോകുമ്പോള്‍
നദിയിലെ ജലം ജ്വാലകള്‍ നിറഞ്ഞ ഒരു ചിത്രം

ഒരു ജനക്കൂട്ടം മരണത്തിന്റെ വേട്ടപ്പട്ടികളുമായി
നിരത്തുകളിലൂടെ ഒഴുകിവരുന്നു.
ഓരങ്ങളിലെ എല്ലാ കെട്ടിടങ്ങളില്‍ നിന്നും
ഒരേ നിലവിളി തീപിടിച്ച് ചാടുന്നു.
വളഞ്ഞുവെക്കപ്പെട്ട താമസസമുച്ചയത്തില്‍
ഒരാള്‍ ഫോണ്‍ വിളിച്ചുകൊണ്ടേയിരിക്കുന്നു
വീട്ടിലുള്ള പണം മുഴുവന്‍ താഴേക്ക് വീതറുന്നു
എന്നിട്ടും അയാള്‍ പിടിക്കപ്പെടുന്നു.
ജനക്കൂട്ടം അയാളെ അടിച്ചടിച്ച് കൊല്ലുന്നു
പെണ്ണുങ്ങളില്‍ നിന്ന് ഭോഗാനന്തരം
ലിംഗവും വാളും ഊരിയെടുത്ത്
കെട്ടിടത്തിന് തീ വെച്ച്
വേട്ടമൃഗങ്ങളുടെ നിരത്ത്
തീ പിടിച്ച് തീ പിടിച്ച് മുന്നേറുന്നു
അപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച്
വാട്ടര്‍ടാങ്കില്‍ ചാടിയ കുട്ടികളില്‍ നിന്ന്
ജീവന്റെ അവസാനകുമിളകള്‍
മുകള്‍പ്പരപ്പില്‍ വന്നുപൊട്ടുന്നു.

എണ്ണമറ്റ ബലാല്‍ക്കാരങ്ങളാല്‍
കൊല്ലപ്പെട്ട സ്ത്രീകളുടെ ശവശരീരങ്ങളില്‍ നിന്ന്
ഒരു തണുത്ത കാറ്റ് ഇറങ്ങിവരുന്നു.
കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ
അടക്കിപ്പിടിച്ച ഒരു കരച്ചില്‍
ഇറങ്ങിവരുന്നു.
എല്ലാ ശവങ്ങളും കൂട്ടിയിട്ട്
പെട്രോളൊഴിച്ച് കത്തിച്ചിട്ടും
എല്ലാ സുഗന്ധങ്ങളും വാരിപ്പൂശിയിട്ടും
എങ്ങനെയൊക്കെ പ്രാര്‍ഥിച്ചിട്ടും
ഈ നഗരത്തില്‍ നിന്ന് അവ ഒഴിഞ്ഞുപോകുന്നില്ല
ബലാല്‍‌സംഗം ചെയ്തു കൊന്ന പെണ്ണുങ്ങള്‍
തെരുവിലൂടെ എഴുന്നേറ്റു നടക്കുന്നു
കൊല്ലപ്പെട്ട കുട്ടികള്‍
വീട്ടിലുള്ള കുട്ടികളെ
ഗേറ്റിനപ്പുറത്തു നിന്ന്
കളിക്കാന്‍ വിളിക്കുന്നു
കൊല്ലപ്പെട്ട കച്ചവടക്കാര്‍
കത്തിപ്പോയ കെട്ടിടത്തിനകത്തിരുന്ന്
നമ്മളെത്തന്നെ
നമ്മളെത്തന്നെ ഉറ്റുനോക്കുന്നു.
മരിച്ചിട്ടുണ്ടെന്ന ഭാവമേയില്ല
തീപിടിച്ച ഒരു തീവണ്ടി
വീണ്ടും
വീണ്ടും
വീണ്ടും
അലറിക്കൊണ്ട് പാഞ്ഞുപോകുന്നു
കണ്ണടച്ചിട്ടും
കാതടച്ചിട്ടും
................
-----------------------------------------------------------------------------------------------
കടപ്പാട്:മലയാളത്തിലെ മുഖ്യധാരാമാസികകളില്‍ നിന്ന് വായിച്ച ചില
അനുഭവവിവരണങ്ങള്‍ ഈ എഴുത്തില്‍ ഓര്‍മ്മയില്‍ നിന്ന് ഏതാണ്ട്
അതേപടി സ്വീകരിച്ചിട്ടുണ്ട്.ലേഖനങ്ങളുടെയും ലേഖകന്റെയും പേര്
ഓര്‍ക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു.
http://en.wikipedia.org/wiki/Ehsan_Jafri

http://www.ndtv.com/news/india/the-gulbarg-society-massacre-what-happened-17556.php

ആരാധന

കൂട്ടരേ,അപ്പോള്‍ പറഞ്ഞുവന്നത്
എന്താണെന്നുവെച്ചാല്‍
അവന്‍ ജനിച്ചിട്ടില്ല;
ജനിക്കാന്‍ അവനു ഭയമാണ്.
അവന്‍ മരിക്കുകയുമില്ല;
മരിക്കാനും അവന് ഭയമാണ്

കാണുന്നതെല്ലാം അവനെന്ന്
നിങ്ങള്‍ക്ക് പറയേണ്ടിവരുന്നു.
അവന്‍ നിങ്ങളെ കാണിക്കുകയില്ല
കേള്‍ക്കുന്നത് മുഴുവന്‍
അവന്റെ സ്വരങ്ങളെന്ന്
നിങ്ങള്‍ വിശ്വസിക്കും.
അവന്‍ കേള്‍പ്പിക്കുകയില്ല.
അത്രമേല്‍ ഭയമാണ്,
അവന് നിങ്ങളെ.
സ്വന്തം സൃഷ്ടികളെ
ഇത്ര വിശ്വസിക്കാത്ത(അല്ലെങ്കില്‍
തനിക്കിട്ട് പണിതരുമെന്ന്)
ഇത്ര വിശ്വാസമുള്ള
ഒരാളുമുണ്ടാവില്ല ലോകത്ത്.
സ്വന്തം സൃഷ്ടികളുടെ
സ്വയം പ്രഖ്യാപിത ശത്രുവായി
അവന്‍ ഒളിച്ചുകഴിയുന്നു.
എല്ലാം അവന്‍ ചെയ്യുന്നു.
പൂക്കളെ വിടര്‍ത്തുന്നു,
കിളികളെ പാടിക്കുന്നു,
നദികളെ ഒഴുക്കുന്നു,
അതീവരഹസ്യമായി.
പോക്കുവരവുകളുടെ
ഒരു നിഴല്‍
ഒരനക്കം
ഒരു ഗന്ധം
ഒന്നുമില്ലാതെ.
ഭയംകൊണ്ട് നമ്മളവനെ
ആരാധിക്കുന്നതുപോലെ
അവന്‍ നമ്മളെയും...

ഗെയിം

പുതിയ കവിത ഗെയിം ഇവിടെ
വായിച്ച് അഭിപ്രായിക്കുമല്ലോ...:)

ഉന്തുന്തുന്തുന്തുന്ത്...


ഒരു നട്ടുച്ചയ്ക്ക്
വാഹനങ്ങള്‍ കൂടിക്കൂടി
നഗരത്തിലെ എല്ലാ റോഡുകളും
നിശ്ചലമായി.

ആളുകള്‍ തിങ്ങിത്തിങ്ങി
കടകളും ഹോട്ടലുകളും തീയേറ്ററുകളും
നിശ്ചലമായി

കിഴക്കോട്ടു പോകേണ്ടവരും
പടിഞ്ഞാട്ടു പോകേണ്ടവരും
തെക്കോട്ടു പോകേണ്ടവരും
വടക്കോട്ടു പോകേണ്ടവരും
പരസ്പരം തള്ളിക്കൊണ്ടേയിരുന്നു.
കുഞ്ഞുകുട്ടികള്‍ കുഴിയില്‍ വീണവരെപ്പോലെ
ശ്വാസം കിട്ടാതെ കരഞ്ഞൂ.

സ്റ്റേഷനുകളില്‍ നില്‍ക്കുന്ന വാഹനങ്ങളില്‍ നിന്ന്
ഒരാള്‍ക്കും ഇറങ്ങാന്‍ പറ്റുന്നില്ല.
ഒരാള്‍ക്കും കയറാന്‍ പറ്റുന്നില്ല.
മാംസമതില്‍...
എങ്കിലും ആഗ്രഹങ്ങളും ആവശ്യങ്ങളും
അതിനെ ഉലച്ചുകൊണ്ടിരുന്നു
അനേകം തലകളും കൈകളും കാലുകളുമുള്ള
ഒരു ജന്തുവായി നഗരം
അതിന്റെ മാംസപ്പരപ്പ് തിരയടിച്ചുകൊണ്ടിരുന്നു
തള്ളല്‍ശക്തി കൂടിക്കൂടിവന്നു
കിഴക്കോട്ടുള്ളവര്‍ കിഴക്കോട്ട്
വടക്കോട്ടുള്ളവര്‍ വടക്കോട്ട്
പടിഞ്ഞാട്ടൂള്ളവര്‍ പടിഞ്ഞാട്ട്
തെക്കോട്ടുള്ളവര്‍ തെക്കോട്ട്
ഉന്തിക്കൊണ്ടിരുന്നു
തോറ്റാലും പിന്‍‌വാങ്ങാനാവില്ല
ചൂട്,വിയര്‍പ്പ്,ശാരീരികവിഷമതകള്‍
ഒന്നുംവകവെക്കാതെ
നാലുഭാഗത്തുനിന്നും
ഒറ്റ ഉന്ത് ,ഒരേ സമയം
ആളുകളും വാഹനങ്ങളും കെട്ടിടത്തലകളും
വിദൂര ഗ്രാമങ്ങളിലേക്ക് ചിതറി
ഒഴിഞ്ഞുകിട്ടിയ സ്ഥലത്തേക്ക്
അനങ്ങാതെ കിടന്ന വാഹനങ്ങള്‍ അനങ്ങി
ആളുകള്‍ നടന്നു.
നഗരം ഒരു ദീര്‍ഘനിശ്വാസം വിട്ടു.

കാക്കയുടെ ഇറച്ചി


വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന്
ചെറുപ്പം മുതലേ വിചാരമുള്ള അഞ്ചുപേര്‍
അതിനായി ഒരു കാക്കയെ പിടിക്കുന്നു.
കത്തിയണയ്ക്കുമ്പോഴും കാക്കയ്ക്കറിയില്ല
അതിനെ കൊല്ലുമെന്ന്
ഇക്കാര്യത്തില്‍ ഒരു കോഴിയുടെ
വിവരം പോലുമില്ല ബുദ്ധിജീവിക്ക്
ഒറ്റച്ചെത്തിന് കഴുത്തുമുറിഞ്ഞുവീഴുമ്പോള്‍
ചോര ചീറ്റും
തലപോയീ തലപോയീ എന്ന്
ഉടല്‍ കിടന്നു പിടയ്ക്കും
പിന്നെ
പപ്പ് പൂട പറി മല്‍‌സരമാണ്.
ചത്തതിനെന്തിനാ കാലെന്ന്
ഒരു തമാശ പറഞ്ഞ് ആ കറുത്ത കാലുകള്‍
മുറിച്ചെറിയുന്നു
കുടലും പിത്താശയവും വലിച്ചുമാറ്റുന്നു
കഷ്ണം കഷ്ണമാക്കുന്നു
ചോര കഴുകിക്കളയുന്നു
പിന്നെയും കഴുകുന്നു
മസാലപുരട്ടുന്നു
വറുത്തോ വേവിച്ചോ എടുക്കുന്നു
ഒന്നിച്ച് ഒരിലയില്‍ വിളമ്പി
വട്ടമിട്ടിരുന്ന് ചര്‍ച്ച തുടങ്ങുന്നു
കേരളത്തില്‍ ഇത്രയും സുലഭമായ ഒരു പക്ഷിയെ
എന്തുകൊണ്ട് തിന്നുന്നില്ലെന്ന്
മോഡറേറ്ററായി ഒരുത്തന്‍ ഒരു കഷ്ണം കടിച്ചു വലിക്കുന്നു.
എച്ചില്‍ തിന്നുന്നതുകൊണ്ടാണെന്ന്
വേറൊരുത്തന്‍ കടിച്ചുപറിക്കുന്നു
തീട്ടം തിന്നുന്ന കോഴിയെ തിന്നുന്നതോ എന്ന
ഒരുത്തന്റെ സംശയം എല്ലാവരും തൊട്ടുനക്കുന്നു.
മുഴുത്ത കഷ്ണം നോക്കിക്കടിച്ച് ഒരുത്തന്‍
ഏതൊക്കെ തിന്നാമെന്നും
ഏതൊക്കെ തിന്നേണ്ടെന്നും
ആരാണ് തീരുമാനിച്ച് ഒരു സമൂഹത്തിന്റേതാക്കിയതെന്ന്
എല്ലാത്തിനേയും ദഹിപ്പിച്ചുകളയുന്നു
കാക്കയെ തിന്നാത്തത് കാക്ക
ഞമ്മടാളായതുകൊണ്ടാണെന്ന് ഒരാള്‍
കാക്കയിറച്ചി ചവച്ചുചവച്ച് വീരവാദം മുഴക്കുന്നു
കാക്ക ദളിതനാണെന്നും സംവരണാനുകൂല്യങ്ങള്‍
നല്‍കേണ്ടതായിരുന്നുവെന്നും പറയുമ്പോള്‍
ഒരാള്‍ കാ കാ എന്ന് വയറുതടവുന്നു
എച്ചില്‍ പെറുക്കാന്‍ ഇപ്പോള്‍ കാക്കകള്‍ വരാറില്ല
ഒക്കത്തിനും അഹങ്കാരമാണ്.
ആസാമില്‍ നിന്നും ബംഗാളില്‍ നിന്നും
വേറെ എച്ചില്പെറുക്കികളെ ഇറക്കുമതി
ചെയ്യേണ്ട സ്ഥിതിയാണ്   ഒരാള്‍ ഉറയുന്നു...
ചര്‍ച്ചമുറുകുമ്പോള്‍
കാക്കയുടെ ഇറച്ചി നല്ല ഊക്കില്‍
കടിച്ചുകടിച്ച്
പറിച്ച് പറിച്ച്
വിഴുങ്ങി വിഴുങ്ങി..
ഇനിയൊന്നും വിഴുങ്ങാനില്ലാതെ വരുമ്പോള്‍
എല്ലാവരും അവരവരുടെ ബൈക്കുകളില്‍
കയറി കാ കാ എന്ന് ചിരിച്ച് വശംകെട്ട്
പറന്നുപോകുന്നു
അപ്പോള്‍ ആ തീറ്റിസ്ഥലത്തുകിടന്ന്
ഒരു കാക്ക പറന്നുപോകാനാവാതെ
കരയുന്നു
അതുകേട്ട് വായനക്കാരായ നമ്മളെല്ലാവരും
ചിരിച്ചുചിരിച്ച് മണ്ണുകപ്പുന്നു...

ആയം


ചുള്ളിക്കമ്പില്‍ നിന്ന്
കിളി ഇപ്പോള്‍ പറന്നു
പറക്കുന്നതിന്റെ ആയത്തിന്
ആഞ്ഞുചവിട്ടിയതുകൊണ്ട്
ചുള്ളിക്കമ്പ് മണ്ണിലേക്ക് പൊട്ടിവീണു
പറന്നുപൊങ്ങുന്ന കിളിയെ
ഒരായത്തിന് ചവിട്ടി
ജീവന്‍ പിന്നെയും പറന്നപ്പോള്‍
കിളിയും ഈ മണ്ണില്‍ വീണു.
ജീവനില്‍ ഒരായത്തിന് ചവിട്ടി
#*&%!!പറന്നുപോയി.
ഉടനെ ഭൂമിയിലെ എല്ലാ
ഗര്‍ഭപാത്രങ്ങളിലും ഒരു ജീവന്‍
വന്നു വീണു...

ശവത്തോടൊപ്പം നമ്മള്‍ ലിഫ്റ്റിറങ്ങുകയാണ്
ആര്‍.സി.സി യുടെ ആറാം നിലയില്‍ നിന്ന്
നമ്മള്‍ ലിഫ്റ്റ് വഴി താഴേക്ക് വരികയാണ്
നമ്മളോടൊപ്പം കൃഷ്ണന്റെ അമ്മായിയമ്മയുടെ
ശവമുണ്ട്-ക്യാന്‍സറായിരുന്നു
ലിഫ്റ്റിനകത്ത്കുത്തനെ നില്‍ക്കുന്നു നമ്മള്‍
നമുക്കിടയില്‍ തിരശ്ചീനമായി കിടക്കുന്നു ശവം
ലിഫ്റ്റ് നമ്മളെയും കൊണ്ട് താഴേക്ക് പോകുന്നു.
നമ്മള്‍ താഴെ എത്തുന്നതേയില്ല.
രാത്രി മരണവിവരമറിഞ്ഞെത്തിയ ഞാനും ശബരീഷും
തമ്പാനൂരേക്കുള്ള ഓട്ടോറിക്ഷയില്‍ മടങ്ങുകയാണ്.
അപ്പോഴും നമ്മളെയും കൊണ്ട് ലിഫ്റ്റ് താഴേക്ക് വരികയാണ്.
നമ്മളാരും മിണ്ടുന്നില്ല.
നമുക്കിടയില്‍ അത് നീണ്ടു നിവര്‍ന്നു കി ടപ്പുണ്ട്.
ഗ്രൌണ്ട്ഫ്ലോര്‍ ഒരിക്കലും എത്തിച്ചേരുകയില്ല.
തിരുവനന്തപുരത്തു നിന്ന് ശവത്തേയും ബന്ധുക്കളേയും കൂട്ടി
പട്ടാമ്പിയിലേക്കു പോവുന്നുണ്ട് ആമ്പുലന്‍സ്
അപ്പോഴും ഞാനും ശബരീഷും
തമ്പാനൂരേക്കുള്ള ഓട്ടോറിക്ഷയില്‍ പോവുകയാണ്
അത് ഒരിക്കലും എത്തിച്ചേരുന്നില്ല തമ്പാനൂരില്‍
അപ്പോഴും ശവത്തോടൊപ്പം നമ്മള്‍ ലിഫ്റ്റിറങ്ങുകയാണ്.
നമ്മള്‍ പരസ്പരം നോക്കുന്നുപോലുമില്ല
നമ്മുടെ ശ്വാസങ്ങള്‍ നമ്മുടെ മുഖത്ത്
ഭീതിയോടെ വന്നുവീഴുന്നുണ്ട്.
അപ്പോള്‍ ഞാനും ശബരീഷും
ആറാം നിലയില്‍ മരിച്ചുകിടക്കുന്ന രോഗിയെ കാണാന്‍
ലിഫ്റ്റ് വര്‍ക്ക് ചെയ്യാത്തതിനാല്‍ പടികള്‍ കയറിപ്പോവുകയാണ്
ഒരു നിലയിലും മനുഷ്യച്ചെത്തമില്ല.
അരണ്ടവെളിച്ചം വിരണ്ടു നില്‍ക്കുന്നു.
ഓരോ നിലയും ഭയത്തിലേക്കു തുറന്നുകിടന്നു.
ഞങ്ങള്‍ കയറിക്കൊണ്ടിരുന്നു.
ഒന്നാം നില
രണ്ടാം നില
.................
ആറാം നില
പാലിയേറ്റീവ് കെയര്‍ യൂണിറ്റ്
ആരുമില്ല.
ഇപ്പോള്‍ ഞാനും ശബരീഷും
തമ്പാനൂരേക്കുള്ള ഓട്ടോറിക്ഷയില്‍ നിന്നിറങ്ങി
ഓരോ സിഗരട്ട് വലിക്കുകയാണ്
അപ്പോള്‍ ആമ്പുലന്‍സ് അതിന്റെ
അത്യാഹിത ഒച്ചയുമായി മരണവീട്ടിലേക്കു പോവുകയാണ്
അപ്പോഴും താഴെ എത്താത്ത ലിഫ്റ്റില്‍
ശവത്തോടൊപ്പം നമ്മള്‍ ഇറങ്ങിക്കൊണ്ടിരിക്കുകയാണ്        

വല്യേച്ചിയുണ്ടായിരുന്നപ്പോള്‍ വീട്


വല്യേച്ചിയുണ്ടായിരുന്നപ്പോള്‍
വീട് ഒരുകുരുവിക്കൂട്
എല്ലാ മുറികളിലും ഒച്ചപ്പാടുകളുടെ വെളിച്ചം
പുറത്തുനിന്ന് നോക്കുമ്പോള്‍ തന്നെ കാണാം
അലയടിക്കുന്ന ജീവിതാനന്ദം

ഓരോ പ്രഭാതത്തിലും അടുക്കളപ്പിന്നില്‍
എച്ചില്‍പ്പാത്രങ്ങള്‍ കലമ്പും
കാക്കകള്‍ പങ്കുചോദിച്ചുവരും
മുറ്റമടിക്കുമ്പോള്‍ ചൂലുണ്ടാക്കുന്ന ഒച്ചകള്‍
അര്‍ധവൃത്താകാരത്തില്‍ മുറ്റമാകെ പതിയും
കിണറ്റിന്‍ കരയില്‍ വല്യേച്ചി നില്‍ക്കെ
കേള്‍ക്കാം കപ്പിക്കരച്ചില്‍
കിണറ്റിലേക്കോടുന്ന തൊട്ടിച്ചെത്തം
വരുവാനിഷ്ടമില്ലെന്നുള്ള
വെള്ളത്തിന്‍ തുളുമ്പിവീഴ്ചകള്‍
വെയില്‍ ചായുമ്പോള്‍ തുടങ്ങും പേന്‍‌നോട്ടം
വെയില്‍പോലുംവല്യേച്ചിക്ക്തലകാട്ടും.

വല്യേച്ചിയുള്ളപ്പോഴെന്നും
കുളിമുറിയില്‍ ഒരു മുടിയുണ്ട
വഴക്കടിച്ചുനില്‍ക്കും
കണ്ണാടിവെച്ച ചുമരില്‍
കണ്‍‌മഷിയും കുങ്കുമവും ചേര്‍ന്ന
വല്യേച്ചിയുടെ വിരല്‍പ്പാടുകള്‍
ഒരു പൂന്തോട്ടച്ചിത്രമെന്ന്തോന്നും

വല്യേച്ചി പോയതില്‍‌പ്പിന്നെ
എല്ലാമുറികളിലും ഇരുട്ടുകൂടി
ഒരു മൌനം വളര്‍ന്നുവളര്‍ന്ന്
തൊടിയിലെ കിളികളുടെ
പാട്ടുകള്‍ വരെ തിന്നു.
കാറ്റ് മരക്കൊമ്പുകളെ മറന്നു.
അണ്ണാരക്കണ്ണന്മാരുടെ
ചില്ലയില്‍നിന്ന് ചില്ലയിലേക്കുള്ള
ഓട്ടമില്ല.
മുറ്റതെ പനിനീര്‍ത്തോട്ടം കാടുമൂടി.
ഒരുപൂവും നീട്ടാതെ മുള്ളുകള്‍
കാട്ടി നില്‍ക്കുന്നു അത്...

അയയില്‍ നനച്ചിട്ട ഒരു പാവാട
കാറ്റത്ത് ഒച്ചപ്പെടുന്നുവെന്ന് തോന്നും
ആളുകള്‍ പതുങ്ങിനില്‍ക്കുമ്പോലെ
ഒച്ചകളും പതുങ്ങിനില്‍ക്കുന്നുണ്ടാവാം..
അയയില്‍ ഒന്നുമുണ്ടാവില്ല.
കുട്ടിക്കൂറയുടേയോ ചന്ദ്രികയുടേയോ മണം
ഇപ്പോള്‍ വേലിയില്‍ പടര്‍ന്നു നില്‍ക്കുന്ന
മുല്ലപ്പൂക്കളോട് തര്‍ക്കത്തിന് പോകില്ല.

എന്നാലും അളിയന്റെ സമ്മതംവാങ്ങി
ഒരു ദിവസം വല്യേച്ചി വിരുന്നു വരും
അന്ന് ഇളകുന്ന സാരിയുടെ ഞൊറികളില്‍ പിടിച്ച്
കാറ്റ് തിരിച്ചു വരും
വളകിലുക്കങ്ങളില്‍ നിന്ന് കിളികള്‍
പാട്ടുകള്‍ തിരിച്ചെടുക്കും.
അണ്ണാരക്കണ്ണന്മാര്‍
ഒറ്റദിവസത്തേക്ക് തിരിച്ചുവരും.
കണ്ണാടിയും കുളിമുറിയും
അനസൂയയും പ്രിയംവദയുമായി
വര്‍ത്തമാനങ്ങള്‍ ചോദിക്കും.
അടുപ്പ്ശ്വാസം തിരിച്ചറിഞ്ഞ്
ആളിക്കത്തും
വൈകുന്നേരം പോകുമ്പോള്‍
കണ്ണുനിറയും
എല്ലാര്‍ക്കും...

പാമ്പ്

ഒരു പാമ്പ് പുല്ലുകള്‍ക്കിടയിലൂടെ
വളഞ്ഞു വളഞ്ഞു പോകുന്നു.
ഒരു പാമ്പ് ...
എന്നാല്‍ അതുണ്ടോ :ഇല്ല
എന്നാല്‍ അതില്ലേ :ഉണ്ട്
അതേ പാമ്പ് എന്റെ കണ്‍മുന്നിലൂടെ
വായുവിലൂടെ വളഞ്ഞു വളഞ്ഞു പോകുന്നു.
എന്നാല്‍ പോകുന്നുണ്ടോ ...:ഇല്ല
എന്നാല്‍ അത് പോകാതിരിക്കുന്നുണ്ടോ...:ഇല്ല
ഒരു പാമ്പ് എന്റെ തോളിന് സമാന്തരമായി
എപ്പോഴും ചലിക്കുന്നുണ്ട്.
നോക്കിയാല്‍ കാണുന്നില്ല
നോക്കാത്തപ്പോള്‍ കാണുന്നു.
ഇല്ലാത്ത ഒരു പാമ്പ്
(ഏയ് ഉള്ള ഒരു പാമ്പ്)
ഇല്ലാത്ത ഒരു പുല്‍പ്പരപ്പ്
(ഏയ് ഉള്ള ഒരു പുല്‍പ്പരപ്പ്)
അതിലൂടെയിങ്ങനെ പുളയുന്നുണ്ട്
എന്നാല്‍ ഉണ്ടോ...?
ഇല്ലേനും...


ഒരു പാമ്പ്
എന്നാല്‍ :ഇല്ല
എന്നാല്‍ :ഉണ്ട്
എന്നാല്‍ :ഇല്ല
എന്നാല്‍ :ഉണ്ട്
എന്നാല്‍ :ഇല്ല
എന്നാല്‍ :ഉണ്ട്
എന്നാല്‍ :ഇല്ല
എന്നാല്‍ :ഉണ്ട്
എന്നാല്‍

ഒന്നുമിണ്ടാതിരിയെടാ..
ഒരു പാമ്പ്!

ഒറ്റയടിപ്പാതയുടെ കവിത

ഒറ്റയടിപ്പാതേ ഒറ്റയടിപ്പാതേ
ഒറ്റയടിവെച്ചുതന്നാലുണ്ടല്ലോ
നീ ഇരട്ടയടിപ്പാതയായിപ്പോയേനേ..
ഇരട്ടയടിപ്പാതേ ഇരട്ടയടിപ്പാതേ
ഒറ്റയടിവെച്ചുതന്നാലുണ്ടല്ലോ
നീ വീണ്ടും ഒറ്റയടിപ്പാതയായിപ്പോയേനേ..

ഒറ്റ അടിയും കിട്ടാത്തതുകൊണ്ട്
നീ ഇപ്പോഴും ഒറ്റയടിപ്പാതയായ് വളഞ്ഞുതിരിഞ്ഞ്
മെയിന്‍‌റോട്ടില്‍ ചെന്നുമുട്ടുന്നു.
വക്കുകളില്‍ പലജാതിവേലിപ്പൂവുകള്‍
തുന്നിച്ചേര്‍ത്ത്
അതിരുകളില്‍ ഏതെങ്കിലും കള്ളക്കാമുകിയുടെ പ്രണയം
ഇപ്പോഴും സൂക്ഷിക്കുന്നുണ്ടെന്ന വ്യാജേന
(എണ്‍പതുകളിലേയോ എഴുപതുകളിലേയോ
ചലച്ചിത്രനായിക വേലിചാടി വഴിയില്‍ വന്നു നില്‍ക്കും
ബ്ലൌസിനടിയില്‍ നിന്ന് ഒരു പ്രേമലേഖനമെടുക്കും...
ആലോചിച്ചിട്ട് ഒരു സുഖവുമില്ല)
എന്റെ ഒറ്റയടിപ്പാതേ എന്തിനാണീ
സ്വകാര്യതയെ നീയിപ്പോഴും
ഒളിച്ചുപാര്‍പ്പിക്കുന്നത്?
ലോകം ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് തലകുത്തിവീണു.
ഏതുഭൂമിയും ഒരു ക്രിസ്മസ് കേക്കു പോലെ
ഒരു വീടുമാത്രം വെക്കാവുന്ന വലിപ്പത്തില്‍
മുറിച്ചുകൊണ്ടിരിക്കുന്നു.

ഇന്നലെപ്പിറന്ന മണ്‍വഴികള്‍ കൂടി
പുതുപുത്തന്‍ കാറുകള്‍ക്കോടാന്‍ പാകത്തില്‍
മലര്‍ന്നു കിടക്കുന്നു.
പക്ഷികളെയും മരങ്ങളെയും എല്ലാ തൊടികളില്‍നിന്നും
ഇറക്കിവിടുന്നു.
ഒരു വിത്തും മുള നീട്ടാതിരിക്കാന്‍
എല്ലാ വീട്ടുമുറ്റങ്ങളും സിമന്റുകവചമണിയുന്നു.
എല്ലാ ഗ്രാമങ്ങളുടെയും പുറംതോടുപൊട്ടിച്ച്
ഒറ്റനഗര ഹോളിവുഡ് വികൃതജീവി ഇപ്പോള്‍ പുറത്തുവരും
അതിന്റെ തിക്കുമുട്ടലുകളില്‍ നിന്ന്
എങ്ങനെ ഒഴിഞ്ഞുനില്‍ക്കും
എന്റെ ഒറ്റയടിപ്പാതേ നീ...

ടെന്‍ഡര്‍ വിളിച്ച് ഏതെങ്കിലും കോണ്ട്രാക്ടര്‍ നിന്നെ കണ്ടെടുക്കും
നിന്റെ ഒടുക്കത്തെ നൊസ്റ്റാള്‍ജിയക്കുമുകളില്‍
റോഡ് റോളര്‍ ഓടിക്കും
നിന്റെ നാടന്‍ പ്രേമം അതിനടിയില്‍
ചോരയൊലിപ്പിച്ചുകിടക്കും
തലങ്ങും വിലങ്ങും കാറുകളോടുമ്പോള്‍
എഴുപതിലേയും എണ്‍പതിലേയും
ചലച്ചിത്രനായികയെ നിനക്കോര്‍ക്കാന്‍ പോലും
നേരം കാണില്ല.