gfc

ചക്കരമത്തന്‍

സൂര്യനെ ഒരു വത്തക്കയെന്ന പോലെ
നീലാകാശത്ത് വെട്ടിയൊട്ടിച്ചിരിക്കുന്നു.
വിയര്‍ത്തു മയങ്ങുന്ന തെരുവ്
ഒരു സ്വപ്നത്തിലേക്ക് മറിഞ്ഞു വീണു.
മരിച്ചു പോയ പുഴയും
കൊല്ലപ്പെട്ട കുന്നും
ഒരു കോഫീബാറിലേക്ക് കയറിപ്പോവുന്നു.
വിഫലമായ ഒരു പ്രണയത്തെ ഓര്‍മിച്ച്
മിണ്ടാതിരിക്കുന്നു.
മനസ്സിലാവാഞ്ഞിട്ടാവണം
ബെയറര്‍മാര്‍ അവരെ ശല്യപ്പെടുത്തിയതേയില്ല.
പൊടുന്നനെ കറുത്ത റോഡാകെ
തീമരങ്ങള്‍ മുളച്ചുപടര്‍ന്നു.
പച്ചക്കറിമാര്‍ക്കറ്റും ബസ്സ്റ്റാന്‍ഡും
മേലാകെ പൊള്ളി നിലവിളിച്ചുകൊണ്ട്
ആശുപത്രിയിലേക്കോടി.
മയക്കത്തില്‍ നിന്ന് തെരുവ് ഞെട്ടിയുണര്‍ന്നു.
ചക്കരമത്തനെ തിന്നാന്‍ അത് വായ പൊളിച്ചു.

ചുറ്റുന്നവര്‍

ഒരു മെഴുകുതിരി നക്ഷത്രത്തിനോട്
വര്‍ഗ്ഗപരമായ ഒരു സ്വകാര്യം പറയുന്നു:
നാമൊന്നാണ്...”
നക്ഷത്രം ഗൌരവം നടിച്ച്
പുഞ്ചിരിച്ചു.
മെഴുകുതിരി തുടര്‍ന്നു:
നിനക്കു ചുറ്റും ഗ്രഹങ്ങള്‍ ,
എനിക്കു ചുറ്റും ഈ പ്രാണികള്‍ .”
നക്ഷത്രത്തിന്റെ
പുഞ്ചിരി മാഞ്ഞു.
മെഴുകുതിരി തുടര്‍ന്നു:
നീ പൊട്ടിത്തെറിച്ചാലും
എരിഞ്ഞു തീര്‍ന്നാലും
ഒരിരുള്‍മടയായി
നിന്നെ നിന്റെ ഗ്രഹങ്ങള്‍
നിലനിര്‍ത്തും.
നിന്റെ ഇല്ലായ്മ
അവരറിയില്ല.”
നക്ഷത്രം പ്രസന്നനായി.
മെഴുകുതിരി തുടര്‍ന്നു:
എന്റെയീ പ്രകാശപരിസരം
നഷ്ടപ്പെട്ടാല്‍ ഈ പ്രാണികള്‍
എന്നെയോര്‍ത്ത് നിത്യ വ്യസനത്തിലാവും.
ചിലര്‍ ആത്മഹത്യ ചെയ്യും.
എനിക്കു ചുറ്റും കറങ്ങാനേ
അവര്‍ക്കറിയൂ...
ഞാനില്ലാതായാല്‍
അവരെവിടെയാണ്
കറങ്ങുക?”
അപ്പോള്‍ ഒരു കാറ്റു വന്നു.
നക്ഷത്രം കണ്ണുകളടച്ചു.
മെഴുകുതിരി
അണഞ്ഞുവോ...?

അപേക്ഷകളിന്മേലുള്ള തീര്‍പ്പ്

ഒരു പൊട്ടക്കവിത അതിന്റെ
കവിയോട് തന്നെ ഉടച്ചു
വാര്‍ക്കേണമേ എന്ന്
നിലവിളിക്കുന്നതുപോലെ
ഞാന്‍ നിരന്തരം ദൈവത്തോട്
അപേക്ഷിച്ചുകൊണ്ടിരുന്നു.
പഴമകളെക്കുറിച്ച് ഓര്‍മയില്ലാത്ത വിധം
എന്നെ ഉടച്ചു വാര്‍ക്കേണമേ എന്ന്...
ചിലപ്പോഴെങ്കിലും ചെകിടനായ
ദൈവവും ഇതു കേള്‍ക്കും.
അതു കൊണ്ടാണല്ലോ
എല്ലാം മാഞ്ഞു പോയ
സ്ലേറ്റുകള്‍ പോലെ
ചിലര്‍ പുനര്‍ജനിക്കുന്നത്.

കാറ്റിന്റെ മുറിവുകള്‍

മരങ്ങള്‍ക്കിടയിലൂടെ ഒഴുകുന്ന കാറ്റ്
മരങ്ങളുടെ നില്‍പ്പും തലപ്പുകളുടെ പിടച്ചിലും
അതിന്റെ ശരീരത്തിനകത്ത്
സൌമ്യമായി അനുവദിക്കുന്നു.

പക്ഷികള്‍ ‍,പക്ഷിക്കരച്ചിലുകള്‍ ,വീടുകള്‍
ആളുകള്‍ ,മരച്ചില്ലകള്‍ ...എല്ലാം
ഒഴുകിവരുന്ന ഒരു കാറ്റിനെ
പലതായി കീറുമെന്നും
അങ്ങനെ കീറിപ്പറിഞ്ഞാണ്
അടുത്തകുന്നിലേക്ക് അതു പോവുകയെന്നും
കരുതുക വിഡ്ഢിത്തമാണ്.

എല്ലാ മുറിവുകളേയും തന്റെ ഭാരിച്ച
ശരീരത്തെ കടത്തിക്കൊണ്ടു പോവാനുള്ള
ഒരു തന്ത്രമായാണ് അത് അനുവദിക്കുന്നത്.
മുറിവുകളെ ഉപേക്ഷിച്ച്
ശരീരത്തെ മുന്നോട്ടു കൊണ്ടു പോവുന്നു അത്.
വഴിമുടക്കികളെ പിന്നിടുമ്പോള്‍ തന്നെ
മുറികൂടുന്ന മാന്ത്രികവിദ്യ അതിനുവശമുണ്ട്.

നിഴലിന്റെ ഭാഷ്യം(ഒരു സംവാദമായി പുരോഗമിക്കാന്‍ സാധ്യതയുണ്ടായിരുന്നത്...അതും നശിപ്പിച്ചു)

പ്രിയപ്പെട്ട വായനക്കാരേ,
ഈ കാലമാടന്‍ പറഞ്ഞത്
വിശ്വസിക്കരുത്...
ഇയാള്‍ പറഞ്ഞുവന്നത് വായിച്ചാല്‍
എന്നെക്കൊണ്ട് ഇയാള്‍ക്ക് വലിയ കഷ്ടപ്പാടാണെന്ന്
മാന്യവായനക്കാര്‍ തെറ്റിദ്ധരിക്കാനിടയുണ്ട്.
കാര്യങ്ങള്‍ തിരിച്ചാം മറിച്ചാണ്
പഹയന്‍ അവതരിപ്പിച്ചത്.
പറഞ്ഞിട്ടൊരു കാര്യവുമില്ല.
തലതിരിഞ്ഞ പിറവി...
ഒരു നിഴല്‍ എന്ന നിലയില്‍ ഞാനനുഭവിക്കുന്ന യാതനകള്‍ ഒന്നറിയണം:
ഇയാള്‍ ചെയ്യുന്ന സകല തോന്യാസങ്ങളും ഞാന്‍ ചെയ്യണം.
എന്നാലോ അതിന്റെ സത്ത ആസ്വദിക്കാന്‍ തരികയുമില്ല.
ഒരു അനുകര്‍ത്താവ് എന്ന നിലയിലുള്ള എന്റെ ജീവിതം മടുത്തിരിക്കുന്നു.
ഇയാള്‍ മരിക്കും വരെ എനിക്ക് ജീവിക്കാന്‍ സൌകര്യമില്ല.
ഇന്ന് രാത്രി ഞാന്‍ കെട്ടിത്തൂങ്ങിച്ചാവാന്‍ നിശ്ചയിച്ച വിവരം
ഏവരേയും വ്യസനസമേതം അറിയിക്കുന്നു.
ആരാണ് യഥാര്‍ത്ഥ അനുകര്‍ത്താവെന്ന് വിവരമുള്ളവര്‍ ചിന്തിച്ചു നോക്കണം.
ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ ഇയാളാണ് അനുകരിക്കുന്നത്.
ഞാന്‍ തിന്നുന്നതു പോലെ കാണിക്കുമ്പോള്‍ ഇയാള്‍ തിന്നും.
ഞാന്‍ പുകവലിക്കുന്നതു പോലെ കാണിക്കുമ്പോള്‍
ഇയാള്‍ പുകവലിക്കും...
അല്ലാതെ ഇയാളെ അനുകരിക്കാന്‍ എനിക്കെന്താ വട്ടുണ്ടോ..
ഇയാളാണ് നിഴല്‍ .
എന്റെ നിഴല്‍ .
ഞാന്‍ ചത്താലും ഇയാള്‍ ചാവുമെന്ന് തോന്നുന്നില്ല.
കൂടെ മരിക്കാന്‍ ഇയാള്‍ക്ക് സ്നേഹം ദയ സഹാനുഭൂതി
തുടങ്ങിയ സാധനങ്ങളൊന്നുമില്ല.
ലോകത്തെ തന്റെ വരുതിയിലാക്കാന്‍ നടക്കുകയല്ലേ.
നടന്ന് നടന്ന് എവിടെയെങ്കിലും ചെന്ന് വീഴും...
അപ്പോഴും തിരിഞ്ഞു നോക്കില്ല സഹചരനെ.


കവിത വായിച്ച് ഇപ്രകാരം
പ്രതികരിച്ചവനും, പ്രതികരണ ശേഷി നഷ്ടപ്പെടാത്തവനും,
അനുകര്‍ത്താക്കളുടെ അനുകര്‍ത്താവും,ആത്മഹത്യാവാസന(വാസനിക്കുന്നില്ലേ..?)
യുള്ളവനുമായ അല്ലയോ നിഴലേ...,
താങ്കളുടെ പ്രസ്താവനകളിലെ
വൈരുദ്ധ്യത്തെക്കുറിച്ച് ഞാനിനിയും പറയേണ്ടതുണ്ടോ?

തലതിരിഞ്ഞവനേ,
നിന്റെ യുക്തിയല്ല
ഒരു നിഴലിന്റെ യുക്തി.
ഒരു നിഴലിന്റെ യുക്തിയല്ല നിന്റെ യുക്തി..
നിന്റെ യുക്തി നിന്റെ കയ്യിലിരിക്കട്ടെ.
അതെന്നില്‍ അടിച്ചേല്‍പ്പിക്കാമെന്ന് കരുതുന്നത്
മൌഢ്യമാണ്.വായനക്കാരേ, നിങ്ങള്‍ക്ക് വിട്ടുതന്നിരിക്കുന്നു...
നിഴല്‍ യുദ്ധത്തില്‍ ജയിച്ചവന്റെ പേര്‍ പറയൂ...
അല്ലെങ്കില്‍ വേണ്ട...
തോറ്റവന്റെ പേര്‍ പറഞ്ഞാലും മതി.

ഓട്ടക്കാരന്‍

നിലവും ട്രാക്കും ഓട്ടക്കാരനും ഞാന്‍.
എന്നില്‍ നിന്ന് എന്നിലേക്കുള്ള ഓട്ടം...
എത്ര ഓടിയിട്ടും എന്നിലെത്തിയില്ല ഞാന്‍.
എത്ര ഓടിയിട്ടും എന്നെക്കടന്നില്ല ഞാന്‍.

അവളിതാ എന്നിലൊരു പതാക
നാട്ടി നില്‍ക്കുന്നു.
അവള്‍ നില്‍ക്കുന്ന എന്നെ
കടക്കുവാനാണ് ഓട്ടം.
നിലയ്ക്കുന്നില്ല ഓട്ടം,
കഴയ്ക്കുന്നുണ്ട് കാലുകള്‍.
വശങ്ങളില്‍ എപ്പോഴുമുണ്ടവളുടെ
കയ്യടിയും ബഹളവും.

എന്നില്‍ നിന്ന് എന്നിലേക്കോടി
എന്നില്‍പ്പോലുമെത്താത്ത
എന്നില്‍,പൂത്തു നില്‍ക്കുന്ന
കാഞ്ഞിരമാണവള്‍.
മൂടോടെ പിഴുതുകൊണ്ടു പോവാന്‍
വല്ലവരും വന്നിരുന്നെങ്കില്‍
വെടിപ്പായേനേ കാഴ്ച്ചകള്‍.

ഇതിപ്പോള്‍ ആകാശവുമില്ല,ഭൂമിയും.
വിഷം തീണ്ടി നീലച്ച ആകാശം
നിനക്കെന്തിനാണെന്ന പരിഹാസം.
ഓടുന്നവന് ഒരു കാലടി വെക്കാനുള്ള
ഭൂമി പോരേ എന്ന പരിഹാസം.

ഒരു കയ്പ്പ് വന്നു നിറഞ്ഞിരിക്കുന്നു;
ശരീരമാസകലം,
ഭൂമി ആസകലം,
ലോകമാസകലം.

അനുകര്‍ത്താവ്

വല്ലാത്ത അനുകരണവാസനയാണീ
നിഴലിന്.
ഞാന്‍ നടക്കുമ്പോള്‍ നടന്ന്,
ഞാനോടുമ്പോള്‍ ഒപ്പമോടി,
ഇരിക്കുമ്പോള്‍ ഇരുന്ന്
എന്നെ കളിയാക്കുകയാണ്
കക്ഷി.

ഞാന്‍ പുകവലിക്കുമ്പോള്‍
പുകവലിക്കുന്നതു പോലെ...,
ഞാന്‍ ഭോഗിക്കുമ്പോള്‍
ഭോഗിക്കുന്നതു പോലെ,
എഴുതുമ്പോള്‍
എഴുതുന്നതു പോലെ
കാണിച്ച് എപ്പോഴും അരികിലുണ്ടാവും.
സത്യത്തില്‍ അവനിതൊന്നും ചെയ്യുന്നില്ല.

ചവിട്ടിയാല്‍ കൊള്ളില്ല
ചീത്ത പറഞ്ഞാല്‍ കേള്‍ക്കില്ല.
ഇന്നേവരെ ഒന്നും പറഞ്ഞിട്ടില്ല.
എത്രയോ വാഹനങ്ങള്‍
ചവിട്ടി മെതിച്ച് പോയിട്ടുണ്ടവനെ....
ചത്തിട്ടില്ലിതേവരെ.
എന്റെ മരണത്തെ അനുകരിക്കാതെ
അവനെങ്ങനെ
ഒറ്റയ്ക്കു പോവും...

തുറിച്ചുനോട്ടം

ഓരോ പൂവും
‘എന്നെ സ്നേഹിക്കൂ...’
എന്ന ചെടിയുടെ
അപേക്ഷയാണത്രേ...

ഓരോ പെണ്‍കുട്ടിയും
സ്നേഹത്തെക്കുറിച്ചുള്ള
ലോകത്തിന്റെ ഒരാശംസയും...

അതുകൊണ്ടാണ്
പൂക്കളേയും
പെണ്‍കുട്ടികളേയും
ഞാന്‍ തുറിച്ചു നോക്കുന്നത്.

അന്ധവിശ്വാസികള്‍ക്കൊരു സുവിശേഷം...

ആദ്യം
ആത്മഹത്യ ചെയ്തത്
കുരുമുളക് വള്ളികളാണ്.
എന്നിട്ടും ബാറില്‍
തിരക്കൊഴിഞ്ഞിരുന്നില്ല.
കോമഡിഷോകളുടെ
ഒരെപ്പിസോഡും
അവര്‍ വിട്ടിരുന്നില്ല.

ഭൂമി നഷ്ടപ്പെട്ട
ആദിവാസിയുടെ
ശാപമാണ്
കുടിയേറ്റക്കാരന്റെ
കഴുത്തിന് കുരുക്കിടുന്നത്...
അവരുടെ വിശപ്പാണ്
ഫ്യൂറിഡാന്റെ രൂപത്തില്‍
മടങ്ങി വരുന്നത്.

വിഷം കൊടുത്തുകൊന്ന
മണ്ണിന്റെ പ്രേതമാണ്
എല്ലാ വീടുകളിലും നടന്ന്
ജപ്തിനോട്ടീസ്
കൊടുക്കുന്നത്...

‘മണ്ണ് സത്യമുള്ളതാണ്.’
-ഒരു ഭ്രാന്തിത്തള്ള
വഴിയരികില്‍ നിന്ന്
ഇങ്ങനെ പുലമ്പി.