gfc

വേണം, ഒരു ടോക്സിക് കാമുകിയെ


നിമിഷന്തോറും 

പിണങ്ങുകയും ഇണങ്ങുകയും ചെയ്യുന്ന ഒരുവളെ 

എനിക്ക് പ്രേമിക്കണം.


നട്ടപ്പാതിരയെന്നോ പുലർച്ചെയെന്നോ

പട്ടടയിലെന്നോ നടുക്കടലിലെന്നോ നോക്കാതെ സന്ദേശങ്ങളയച്ചും  വിളിച്ചും

നിരന്തരം സ്വൈരം നഷ്ടപ്പെടുത്തുന്ന ഒരുവളെ

എനിക്ക് പ്രേമിക്കണം.


എന്നെ ഇഷ്ടമാണോ?

എന്നെ എത്രത്തോളം ഇഷ്ടമാണ്?

എന്നേക്കാൾ ഇഷ്ടം മറ്റവളോടാണോ?

എന്നിങ്ങനെ പ്രേമത്തിൻ്റെ

തൂക്കവും അളവും എടുത്ത്,

ഈ പ്രേമത്തിൻ്റെ നിജസ്ഥിതി

ഇടയ്ക്കിടെ ഉരച്ചുനോക്കുന്ന

ഒരുവളെ എനിക്ക് പ്രേമിക്കണം.


എന്നെങ്കിലും കണ്ടുമുട്ടുകയാണെങ്കിൽ

എന്നെ പ്രേമത്താൽ കടിച്ചുമുറിച്ച്

ആശുപത്രിയിലാക്കുന്ന ഒരുവളെ

എനിക്ക് പ്രേമിക്കണം.


ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി

ഫോൺ സ്വിച്ച് ഓഫ് ചെയ്ത്

എന്തായിട്ടുണ്ടാവുമെന്ന

കൊടും സമ്മർദ്ദത്തിലേക്ക്

തള്ളിയിട്ട്, ഒളിച്ചിരുന്ന്

പുഞ്ചിരിക്കുന്ന ഒരുവളെ

എനിക്ക് പ്രേമിക്കണം.


രണ്ടു ദിവസം മിണ്ടാതിരുന്നാൽ

മൂന്നാം നാൾ വീട്ടിലെത്തി

വീട് തവിടുപൊടിയാക്കി

കാമുകനെ മലർത്തിയിട്ട്

നെഞ്ചത്ത് കയറിയിരുന്ന്

ഇടിക്കുന്ന ഒരുവളെ

എനിക്ക് പ്രേമിക്കണം.


ഈ പ്രേമം ഒന്ന് അവസാനിപ്പിച്ചു കിട്ടിയെങ്കിൽ എന്ന്

ആത്മാർത്ഥമായി ആഗ്രഹിപ്പിക്കും വിധം

പ്രേമിക്കുന്ന ഒരു പിശാചിനിയെ

എനിക്ക് പ്രേമിക്കണം.


കുശുമ്പും കുന്നായ്മയും

അലമ്പും അഹങ്കാരവും അസൂയയുമുള്ള ഒരുവളിൽ,

കാറ്റും കോളുമുള്ള ഒരു കടലിൽ

എനിക്കെൻ്റെ പ്രേമത്തിൻ്റെ

പായ്ക്കപ്പലിറക്കണം.


ചെമ്പകത്തിൻ്റേയും മുല്ലയുടേയും പനിനീർപ്പൂക്കളുടേയും മണം

എനിക്ക് മടുത്തു.

എപ്പോഴും ബ്ലൗസിൻ്റെ കക്ഷങ്ങൾ വിയർത്തു നനഞ്ഞിരിക്കുന്ന,

കാളന്തട്ടപ്പൂക്കളുടെ രൂക്ഷഗന്ധമുള്ള ഒരുവളെ

എനിക്ക് പ്രേമിക്കണം.


മൃദുലവും ശാന്തവുമായ

നിങ്ങളുടെ മുത്തുമണി പ്രേമത്തിൽ നിന്ന് ഞാൻ രാജിവെച്ചിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ബുധന്‍, ഏപ്രില്‍ 09, 2025