🌀
അമ്മച്ചി ചാരവും ചകിരിയും ഇട്ട് പോഴ്സെലിൻ പ്ലേറ്റുകൾ കഴുകുകയാണ്
അമ്മച്ചിയുടെ മുന്നിൽ കനം തൂങ്ങി നിൽക്കുന്ന പേരയിൽ ഒരു കാക്ക അമ്മച്ചിയെ നോക്കിയിരിക്കുന്നു
സ്കൂളിൽ പോകും പെൺകുട്ടിയുടെ ഉത്സാഹത്തോടെ കിണറ്റു വക്കിൽ
ഒരു മുരിങ്ങമരം നിൽക്കുന്നു കഴുകിവെച്ച പോഴ്സെലിൻ പ്ലേറ്റുകൾ മുകളിലേക്ക് ഉയർന്ന് 45 ഡിഗ്രി ചരിവിൽ ആകാശത്തേക്ക് ഒരു പാതയുണ്ടാക്കുന്നു
അമ്മച്ചി ഓരോരോ വെളുത്ത പിഞ്ഞാണങ്ങളിൽ ചവിട്ടി ആകാശത്തേക്ക് നടക്കുന്നു ഉയരത്തിലുയരത്തിൽ എത്തിയപ്പോൾ
അവിടെ മേഘങ്ങൾക്കിടയിൽ നിന്ന്
ചവിട്ടി ചവിട്ടി ഇറങ്ങിവരുന്നു, ചിരിച്ചുകൊണ്ടപ്പച്ചൻ. രണ്ടുപേരും ചിരിച്ചുകൊണ്ടു ഭൂമിയിലേക്ക് നോക്കി :
താഴെ ഒന്നുമറിയാത്ത അമ്മച്ചി
പ്ലേറ്റുകൾ കഴുകിക്കൊണ്ടിരിക്കുന്നു. അമ്മച്ചിയുടെ വലത്തെ കയ്യിനടുത്തു നിന്ന്
പോഴ്സെലിൻ പ്ലേറ്റുകളുടെ ഒരു പാത പുറപ്പെട്ടിരിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ