gfc

വിഷം

ഒന്നിനോടും പരിഭവിക്കാതെ
ഒരാളെയും കൊത്താതെ
എത്ര നാള്‍ കൊണ്ടു നടക്കും
ഊറിക്കൂടുന്ന ഈ വിഷം.
ഇഴഞ്ഞൊഴിഞ്ഞു പോയാലും
അടിച്ചടിച്ചു കൊല്ലേണ്ടവന്‍
എന്നാളെക്കൂട്ടാനോ ഉടലില്‍
ഒരു വിഷഗ്രന്ഥിക്കും വിഷപ്പല്ലിനും
ഇടം വെച്ചു.
മാളത്തില്‍ പോ‍യൊളിച്ചാലും
വടിയിട്ടുകുത്തും വിധി.
കൊല്ലുക,കൊല്ലപ്പെടുക...
ഇതിലേതെങ്കിലുമൊന്നുമാത്രം
തെരഞ്ഞെടുത്തോളണം.
സ്വൈരജീവിതം നിഹനിച്ചുവെന്ന്
അവനാല്‍ കൊത്തിവെക്കപ്പെട്ട
അടയാളമീ ഫണം.

6 അഭിപ്രായങ്ങൾ:

  1. മാളത്തില്‍ പോ‍യൊളിച്ചാലും
    വടിയിട്ടുകുത്തും വിധി - വാസ്തവം മാഷെ..വിധിയെ തടുക്കാന്‍ കഴിയില്ലല്ലോ.

    മറുപടിഇല്ലാതാക്കൂ
  2. വളരെ ശരിയാണ്‌ മാഷേ..
    പിറന്ന കുലത്തിന്റെ പേരില്‍ വടിയിട്ടു കുത്തലേല്‍ക്കാനും, കൊല്ലപ്പെടാനും വിധിയ്ക്കപ്പെട്ട ഒരുപാട്‌ ജന്മങ്ങളുണ്ട്‌. ആദ്യമോര്‍മ്മ വന്നത്‌ പഴയൊരു പാട്ടാണ്‌. " നാഭിയില്‍ കസ്തൂരി ചേര്‍ത്തു പൊന്മാനിനെ കൊല്ലാന്‍ കൊടുക്കുന്നു ദൈവം.."

    മറുപടിഇല്ലാതാക്കൂ
  3. ഈ കവിത എന്റെ മനസ്സിലൂടെ ഇഴഞ്ഞ് എങ്ങനെ അവിടെയെത്തി...!
    മനോഹരം.

    മറുപടിഇല്ലാതാക്കൂ
  4. ജന്മവൈരുദ്ധ്യങ്ങളിങ്ങനെയീ ഭൂമിയില്‍ വാഴണം ദൈവഹിതമെന്നോണം.***** മാഷിന്‌ ഒരു സത്യം അറിയോ, പുണ്യം ചെയ്ത ജന്മമാണ്‌ പമ്പിന്റെ എന്ന് കേട്ടിട്ടുണ്ട്‌. ഭൂമീദേവിയെ കാലുകൊണ്ടു ചവിട്ടാതെ സഞ്ചരിക്കാന്‍ കഴിയുന്ന ഒരേഒരു ജന്മം അല്ല ഒരേഒരു ഉരഗം.

    മറുപടിഇല്ലാതാക്കൂ
  5. എത്ര പാവം ഈ പാമ്പ്. എങ്കിലും പാമ്പല്ലേ, ഭയക്കാതിരിക്കുന്നതെങ്ങിനെ? വിഷമല്ലേ, സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ടെന്നല്ലേ. ഈ വിഷം സമൂഹത്തിനകത്താകുമ്പോള്‍ കൂടുതല്‍ സൂക്ഷിക്കണം.

    ഓ.ടോ സനാതനന്‍ മാഷും വിഷ്ണുമാഷും ‘ഒളിച്ചേ കണ്ടേ കളിക്കുവാ’ അല്ലേ...

    മറുപടിഇല്ലാതാക്കൂ