gfc

വേട്ട

നില്ലുനില്ലെന്‍ കിളിയേ
വില്ലെടുക്കട്ടെ,തൊടുക്കട്ടെ,നില്ലു നില്ല്..
നിന്റെ ജീവന്റെ പച്ചകള്‍ ഞാനെടുക്കട്ടെ,
നില്ലുനില്ല്..
കൂടുവിട്ട് ചില്ല വിട്ട് നീ പറക്കും കാടു നീളെ
കല്ലുരച്ച് തീയൊരുക്കും ,നില്ലുനില്ല്...
നെഞ്ചിടിപ്പിന്‍ നെന്മണിയും ഞാനെടുക്കും ,നില്ലുനില്ല്...
നേരിറമ്പില്‍ ചത്തു വീഴാന്‍ നോമ്പെടുക്ക്, നോവ് നൂല്‍ക്ക്
പൂവിറുക്ക്,കണ്ണിറുക്ക്
പല്ലിറുമ്മ്,കല്ലിറുമ്മ്
പല്ലിയായി കൊല്ലിവക്കില്‍ പൂത്തുനില്‍ക്ക്,
നെല്ലിയായി കട്ടിളയില്‍ കാത്തിരുന്ന്
കാതിലേക്ക് കാടിവെള്ളം ചെലചെലയ്ക്ക്...
നില്ലുനില്ലെന്‍ കിളിയേ...
നിന്റെ ചോരയെന്നമ്പെടുക്കട്ടെ,
നിന്റെ കരളിലെന്നമ്പുകൊള്ളട്ടെ,
വിലപനത്തിന്റ്റെ കൂറയില്‍ നീ തീര്‍ത്ത
മഞ്ചത്തിലേക്ക് ചത്തു വീഴുമ്പോള്‍
ഞാനെടുക്കട്ടെ,
പാടാതെയാടാതെ പാഥേയമുണ്ണാതെ
നോവാതെ ഞൊടിയാതെ കരളില്‍ മടങ്ങി വായോ...
കനവായ് മടങ്ങിവായോ...
കരളുവിട്ട്, കനലുവിട്ട്,
കുളിരു തേടി ,കനിവു തേടി,
നീലവിണ്ണിന്‍ മാറു തേടി,
നീ പറന്ന രാവു നോക്കി,
കാറ്റില്‍ നിന്റെ കാലടി തന്‍
പാടു നോക്കി ,പാട്ടൊലിച്ച
പൂമരത്തിന്‍ കൊമ്പു നോക്കി,
ഞാന്‍ വരുന്നു...
നില്ല്,നില്ലുനില്ലെന്‍ കിളിയേ...
നാടുനീളെ നിലവിളിയായ്
പൂത്തുനില്‍ക്കാന്‍ നീ കൊതിക്ക്,
ചോരയായി പച്ചകളില്‍
ഇറ്റുവീണ് പൂക്കളാവ്,
വെള്ളിലയ്ക്ക് കാതുകുത്ത്,
ചക്രവാളം ചൊകചൊകയ്ക്കാന്‍
പോണപകലിന്‍ നെഞ്ചുകൊത്ത്,
പുല്ലുപോലെ കൊല്ല്...കൊല്ല്,
ചെല്ല്....ചെല്ല്.
ഒറ്റവെപ്പില്‍ കുന്നു താണ്ടി,
കടലുതാണ്ടി ,കാടുതാണ്ടി,
നാടുതാണ്ടി, ഞാന്‍ വരുന്നു.
എന്റെ പക്കല്‍ നീരു വേര്,ചില്ല മിന്നല്‍ .
നരകതാരിന്നഞ്ചു വിരല്;അഞ്ചു നഖര്.
അഞ്ചു നഖരില്‍ കോര്‍ത്തെടുക്കാന്‍
ഞാന്‍ വരുന്നു.
ദ്രൌപദിയേ ,നില്ലു നില്ല്
അഞ്ചു പേര്‍ക്കും തുല്യമായ വീതമാവ്.

1 അഭിപ്രായം:

  1. കൂടുവിട്ട് ചില്ല വിട്ട് നീ പറക്കും കാടു നീളെ
    കല്ലുരച്ച് തീയൊരുക്കും ,നില്ലുനില്ല്...
    നെഞ്ചിടിപ്പിന്‍ നെന്മണിയും ഞാനെടുക്കും ,നില്ലുനില്ല്
    ...............
    അഞ്ചു നഖരില്‍ കോര്‍ത്തെടുക്കാന്‍
    ഞാന്‍ വരുന്നു.....
    ........
    കാലികമായ ഒരു കൊലവിളി.. പണ്ടത്തെ കടമ്മനിട്ടയും ഉയര്‍ത്തിയതാണ്
    അഗ്നി ബാണങ്ങളുടെ ചെറുപൊരികള്‍ ഇപ്പോഴും എവിടെയൊക്കെയോ ചിതറിത്തിളങ്ങുന്നു

    മറുപടിഇല്ലാതാക്കൂ