gfc

മുറിയിലുള്ളത്

മേശപ്പുറത്ത്
സമുദ്രജീവിയുടെ
ശവം പാകം ചെയ്ത്
വെച്ചിരിക്കുന്നു.
ഘടികാരം എട്ടുപ്രാവശ്യം കരഞ്ഞു,
കരയാന്‍ ഉണ്ടാക്കി വെച്ചിട്ടുള്ള
ഒരു ജൈവഘടന.
ബള്‍ബ് എന്ന മറ്റൊരു ജീവി
ചുട്ടു പഴുത്ത നാക്കു നീട്ടി
മുറിയുടെ എല്ലാമൂലകളിലും
ഒളിച്ചിരിക്കുന്ന ഇരുട്ടിനെ
പിടിച്ചു തിന്നുന്നു.
മേശ എന്ന ഈ കീറി മുറിച്ച
മരത്തിന്റെ ശവം,
മറ്റു ശവങ്ങളെ താങ്ങാന്‍
വേണ്ടിയുള്ള ഒരു ഘടന.
ജീവനുള്ളതിനെ സംബന്ധിച്ച്
ജീവനില്ലാത്തത്:ശവം.
ജീവനില്ലാത്തതിനെ സംബന്ധിച്ച്
ജീവനുള്ളത്:ശവം.
ഞാന്‍ എന്ന ശവത്തിന്റെ ശവം,
ഈ മുറിയില്‍ ഇനി
അതു മാത്രമേയുള്ളൂ.

(27-7-2000)

7 അഭിപ്രായങ്ങൾ:

  1. ബള്‍ബ് എന്ന മറ്റൊരു ജീവി
    ചുട്ടു പഴുത്ത നാക്കു നീട്ടി
    മുറിയുടെ എല്ലാമൂലകളിലും
    ഒളിച്ചിരിക്കുന്ന ഇരുട്ടിനെ
    പിടിച്ചു തിന്നുന്നു.
    നല്ല കിടിലന്‍ വരികള്‍..

    മറുപടിഇല്ലാതാക്കൂ
  2. ഇവിടെ ഞാനെന്ന ശവം മാത്രമേ ഉള്ളൂ. ബാക്കിയെല്ലാം പുനര്‍ജ്ജനിക്കപ്പെട്ടിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. ഞെട്ടിപ്പിക്കുന്ന കവിത....
    കൂര്‍ത്തവാക്കുകളുമായി കണ്ണിലേക്ക് ഇതു പറന്നുവരുന്നു...
    അഭിനന്ദനങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
  4. കുട്ടമ്മേനോന്‍ ,ലാപുട ,സൂ വായിച്ചുപോയതിന് നന്ദി.

    മറുപടിഇല്ലാതാക്കൂ
  5. കവിത ഇഷ്ടപ്പെട്ടു മാഷേ.

    മറുപടിഇല്ലാതാക്കൂ
  6. ബള്‍ബ് എന്ന മറ്റൊരു ജീവി
    ചുട്ടു പഴുത്ത നാക്കു നീട്ടി
    മുറിയുടെ എല്ലാമൂലകളിലും
    ഒളിച്ചിരിക്കുന്ന ഇരുട്ടിനെ
    പിടിച്ചു തിന്നുന്നു.

    ഈ വരികള്‍ എനിയ്ക്കും വളരെ ഇഷ്ടപ്പെട്ടു

    മറുപടിഇല്ലാതാക്കൂ
  7. വിഷ്ണു,
    ഇത്‌ നേരത്തെ തന്നെ വായിച്ചു. ഇതിനും കൂടി ചേര്‍ത്താണ്‌ കീര്‍ത്തനത്തിന്‌ കമന്‍റിയത്‌.

    മനുഷ്യനെ പിടിച്ച്‌ കടയാനായി വിതയ്ക്കുന്നതാണ്‌ തനിക്ക്‌ കവിത; അല്ലേ?

    മറുപടിഇല്ലാതാക്കൂ