gfc

പ്രതിഭാഷ പിറന്നിട്ട് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പ്രതിഭാഷ പിറന്നിട്ട് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഉന്നങ്ങള്‍

ഉന്നം നോക്കി എറിയുമ്പോള്‍
എന്റെ കൈകളുടെ ഉള്ളിലൂടെ
വേറൊരു കൈ നീണ്ടു വരും.
എന്നിട്ട്, ഏറിനെ കൃത്യമായി
തെറ്റിച്ച് ഞാനൊന്നുമറിഞ്ഞില്ലേ
രാമനാരായണ എന്ന് ചൊല്ലും.

ചിരിക്കാന്‍ തുനിയുമ്പോള്‍
എന്റെ മുഖപേശികള്‍ക്കിടയിലൂടെ
അവന്റെ പേശികള്‍ കടന്നുവന്ന്
ചുണ്ടുകളെയും കണ്ണുകളെയും
കീഴ്പ്പെടുത്തി ചിരിയെ
കരച്ചിലാക്കിമാറ്റും.

കരയാന്‍ തുനിയുമ്പോള്‍
മറിച്ചാവും അവന്റെ ഏര്‍പ്പാട്.

'എന്നാല്‍പിന്നെ,
ചിരിക്കേണ്ടിവരുമ്പോള്‍
കരയാന്‍ ശ്രമിച്ചാല്‍ മതിയല്ലോ,
അപ്പോള്‍ അവനിടപെട്ട്
കരച്ചിലിനെ തിരുത്തി
ചിരിയാക്കുമല്ലോ...' എന്ന്
ഒരു അസാമാന്യ ബുദ്ധി
ചോദിച്ചു.
ഞാനങ്ങനെ ആലോചിക്കുമ്പോള്‍ ,
ആ ആലോചനയെ തെറ്റിക്കുന്ന
അവന്റെ ആലോചന
എന്റെ തലച്ചോറില്‍
നിന്ന് മുന്നോട്ട് തുറിച്ചു വരും.

അങ്ങനെ
ഈ തെരുവിന്റെ ഒത്ത നടുക്ക്
അനുചിതമായ പെരുമാറ്റങ്ങളുടെ
മൊത്തവില്‍പ്പനശാലയായി
ഞാനിങ്ങനെ അന്തം വിട്ട്
വായും പൊളിച്ചു നില്‍ക്കുകയാണ്.
എന്റെ കാലുകള്‍ക്കുള്ളിലൂടെ
അവന്‍ അവന്റെ കാലുകള്‍
പ്രവര്‍ത്തിപ്പിച്ച്
എന്റെ ഓരോ കാല്‍ വെപ്പും
തെറ്റിക്കുന്നു.
ഉന്നങ്ങളെ തെറ്റിക്കുന്നവന്റെ
ഉന്നമെന്തെന്ന്
ഉന്നയിക്കാന്‍ പോലും നിവൃത്തിയില്ല.
അപ്പോഴേക്കും
ആ ഉന്നയിക്കല്‍ തന്നെ
തെറ്റിച്ചിരിക്കും
മൂപ്പര്‍ .

എല്ലാ ഉന്നങ്ങളും ശരിയാണെങ്കില്‍
ഏറുകള്‍ക്കെന്ത് ചന്തം?
എങ്കിലും എല്ലാ ഉന്നങ്ങളും
പിഴയ്ക്കുന്നതിന്റെ ചന്തം
എനിക്ക് സ്വന്തം.

ഉന്നം തെറ്റിക്കുന്ന ഒരുവന്‍
ഇപ്പോഴും എന്റെ ഉള്ളില്‍ ഒളിച്ചിരിപ്പാണ്.
ഈ കവിതയുടെ ഉന്നവും
ഇതാ...തെറ്റിച്ചിരിക്കുന്നു.

മര്‍ദ്ദകര്‍ക്കുള്ള സന്ദേശം

തേഞ്ഞ് വാറുപൊട്ടിയ ചെരുപ്പിനെ
വലിച്ചെറിഞ്ഞ് ചരല്‍ വഴിയിലൂടെ നടന്നു.
കാലങ്ങളായി അടക്കിവെച്ച മൂര്‍ച്ചകള്‍
കല്ലുകളും മുള്ളുകളും മൃദുലമായ
പാദങ്ങളില്‍ പരീക്ഷിച്ചു.
നിത്യമര്‍ദ്ദിതരുടെ ഭാഷയില്‍ അവ പറഞ്ഞു:
‘ചെരുപ്പിന്റെ കവചമുപേക്ഷിച്ച്
എന്നെങ്കിലും നീ പുറത്തുവരുമെന്ന്
ഞങ്ങള്‍ക്കറിയാമായിരുന്നു.
എല്ലാ മര്‍ദ്ദകരോടും ഈ സന്ദേശം
അറിയിച്ചേക്കൂ....
ഞങ്ങള്‍ തോറ്റിട്ടില്ല,
മൂര്‍ച്ച കുറഞ്ഞിട്ടുമില്ല.’

കുളം+പ്രാന്തത്തി

പ്രാന്തത്തി ദിവസവും
വെളുപ്പാങ്കാലത്ത്
കുളിക്കാന്‍ വരും.
കുളം അവളുടെ
കാമുകനാണെന്നാ
വിചാരം.
അവള്‍ കുളത്തിനോട്
അംഗവിക്ഷേപങ്ങളോടെ
കഥ പറയും,
പരിഭവിക്കും,
ഉടുതുണിയഴിച്ചിട്ട്
മതിയാവോളം
കെട്ടിപ്പിടിക്കും.
കുളക്കരയിലിരുന്ന്
കുറേനേരം
മുടികോതും,
കരയും,
ചിരിക്കും.
ഒരു ചെറുചിരിയുമായി
കുളം നിശ്ശബ്ദനായി
കിടക്കും.
എല്ലാം കേട്ട്
ഒരു മീങ്കൊത്തി
ഇങ്ങനെ ചീത്ത
പറയും:
'നാണമില്ലാത്ത കുളമേ,
എത്ര പെണ്ണുങ്ങളുടെ
നഗ്നത കുടിച്ചാലും
മതിവരാത്തവനേ,
ഈ പ്രാന്തത്തിയെയെങ്കിലും
നിനക്കൊഴിവാക്കിക്കൂടേ...'എന്ന്.

എന്നിട്ടോ...?
ഒരുദിവസം...പ്രാന്തത്തിയെ,
നമ്മുടെ പുന്നാര പ്രാന്തത്തിയെ
അവളുടെ കാമുകനായ
കുളം കെട്ടിപ്പിടിച്ച് കെട്ടിപ്പിടിച്ച്
വിടാതെ
തിരിച്ചും മറിച്ചുമിട്ട്
ചുംബിച്ച് വശംകെടുത്തി.
ഒന്ന്...രണ്ട്...മൂന്ന്...
എന്നെണ്ണി
മൂന്നുവട്ടം മുക്കി.
അങ്ങനെയവള്‍ ...,
നമ്മുടെ പ്രാന്തത്തി
പിടഞ്ഞു പിടഞ്ഞ്
തന്റെ കാമുകനില്‍ വിലയിച്ചു...

...എന്നാവും നിങ്ങള്‍ ധരിക്കുന്ന
ക്ലൈമാക്സ്.
എന്നാല്‍ അങ്ങനെയല്ല ഉണ്ടായത്.
മൂപ്പത്ത്യാര്‍ ,
അതായത് നമ്മുടെ
പ്രാന്തത്തിയാണ്
ടിയാനെ തിരിച്ചും മറിച്ചുമിട്ട്
മേല്‍പ്പറഞ്ഞ നടപടി(അ)ക്രമങ്ങള്‍
കാണിച്ചത്.
അങ്ങനെ ശ്വാസം മുട്ടി
പിടഞ്ഞു പിടഞ്ഞ്
ആ കുളം പ്രാന്തത്തിയില്‍
ചത്തുപൊങ്ങി.
ആ കുളത്തിന്റെ ശവവും
കൊണ്ടാണ്
ഇപ്പോഴും
പ്രാന്തത്തീന്റെ
നടപ്പ്.
എല്ലാ കുളങ്ങള്‍ക്കും
ഇപ്പോള്‍
പ്രാന്തത്തിയെ
പേടിയാണ്.

ജന്മം

നടവഴിയില്‍ മുളച്ചുപൊന്തിയ പുല്ലേ ,
ചവിട്ടുകൊള്ളാന്‍ വേണ്ടിയുള്ള
ആത്മസമര്‍പ്പണമാണോ ജന്മം...?
പെരുവഴിയില്‍ അരഞ്ഞുപോയ പട്ടീ ,
പൊതുവഴി മുറിച്ചുപോവുന്നവര്‍
വെറും അടയാളമായി മാഞ്ഞു പോവുമെന്ന്
ഓര്‍മിപ്പിക്കാനണോ ജന്മം?
ഇലക്ട്രിക് കമ്പിയില്‍ ജീവനൊടുക്കിയ കടവാതിലേ ,
ജീവനിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കാനുള്ള
ആഹ്വാനമാണോ ജന്മം ?
സര്‍ക്കസ്സുകാരന്റെ കയ്യിലെ കൊരങ്ങേ....,
അപഹാസ്യനാവാന്‍ വേണ്ടി
തെരഞ്ഞെടുക്കുന്നതാണോ ജന്മം?
അല്ല,അറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കുവാ
പറഞ്ഞുതന്നാല്‍ വലിയ ഉപകാരം...
(28/11/2006)

(അ)ന്യായം

നിസ്സംഗതയ്ക്കെന്ത് ന്യായം
നിങ്ങള്‍ക്കൊരു ജീവിതം നീട്ടാന്‍ ?
നിശ്ശബ്ദതയ്ക്കെന്ത് ന്യായം
നിങ്ങളെ സമാധാന പ്രേമിയാക്കാന്‍ ?

ആശംസ

വെളിച്ചത്തെ തിരഞ്ഞ് വളഞ്ഞുപോയമരമേ
നിവര്‍ന്നുനില്‍ക്കുന്ന മരങ്ങള്‍ നിന്നെ
നിശ്ശബ്ദം പരിഹസിച്ചുകൊണ്ടിരിക്കും.
എങ്കിലും നിനക്കൊരാശംസ നീട്ടാതെ
ഞാനീവഴി പോവതെങ്ങനെ...?

(2006നവംബര്‍20)