നമ്മുടെ പാടങ്ങള്‍ നികത്തുമ്പോള്‍ ഒഴിഞ്ഞു പോവുന്നത് കേവലം നെല്‍വയലുകളാ ണെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടോ എന്തോ...?
പല തരത്തിലുള്ള ഞണ്ടൂകള്‍ തവളകള്‍ മീനുകള്‍ തുമ്പികള്‍ ചിലന്തികള്‍ ചിത്ര
ശലഭങ്ങള്‍ നിശാശലഭങ്ങള്‍ ....പിന്നെ മുയല്‍ച്ചെവിയന്‍ മുത്തിള്‍ തേള്‍ക്കട കയ്യോന്നി കഞ്ഞുണ്ണി കല്ലുരുക്കി തുടങ്ങിയ ചെടികള്‍ ...ഇവയെയൊക്കെ നാടു കടത്തുന്ന ഒരു പണിയാണിതെന്ന്പാടത്തുവീടു വെക്കുന്ന ഗള്‍ഫ്കാരനോ പാടം തൂര്‍ക്കാന്‍ മണ്ണടിക്കുന്ന കോണ്ട്രാക്ടര്‍ കുഞ്ഞപ്പേട്ടനോ കെട്ടിട നിര്‍മ്മാണത്തൊഴിലാളികളോ ...എന്തിന് നമ്മുടെ മുഖ്യമന്ത്രി പോലുമോ ഓര്‍ത്തു കാണില്ല.
മനുഷ്യന്റെ കടന്നു കയറ്റം കൊണ്ട് ഈ ഭൂമിയെ വിട്ടു പിരിയേണ്ടി വരുന്ന ജീവജാലങ്ങളുടെ പട്ടിക നീളുകയാണ് .അടുത്ത കാലത്ത് ഞാന്‍ നിരീക്ഷിക്കാനിടയായ ഒരു രസകരമായ വസ്തുതയുണ്ട് .ചിത്രശലഭങ്ങളുടെ ആതിഥേയ സസ്യങ്ങളെക്കൂറിച്ചാണത്.ചിത്രശലഭങ്ങളുടെ കാറ്റര്‍പില്ലറുകള്‍ക്ക് ആഹാരമായിട്ടുള്ളതോ ചിത്രശലഭങ്ങള്‍ തേന്‍ നുകരാനെത്തുന്നതോ ആയ ചെടികളെയാണ് ആതിഥേയ സസ്യങ്ങളെന്ന് വിളിക്കുന്നത്. ഓരോ ചിത്രശലഭത്തിനും അതിന്റെ ലാര്‍വാഭക്ഷണസസ്യം പ്രത്യേകമാണ്.
ഉദാഹരണത്തിന് എരിക്കുതപ്പി എന്നൊരു ചിത്രശലഭമുണ്ട് .ഇതിന്റെ ലാര്‍വകള്‍ എരുക്കിലയാണ് തിന്നുക.
കരിനീലക്കടുവ എന്ന ചിത്രശലഭത്തിന്റെ ലാര്‍വ വട്ടക്കാക്കക്കൊടി എന്നവള്ളിച്ചെടിയുടെ ഇലകള്‍ തിന്നാണ്
വളരുന്നത്. വട്ടക്കാക്കക്കൊടി ഇല്ലാതാവുമ്പോള്‍ കരിനീലക്കടുവയെ കാണാതാവുമെന്ന് പറയേണ്ടതില്ലല്ലോ..
നമുക്ക് പൂമ്പാറ്റകളുടെയും അവയുടെ ലാര്‍വകളുടെയും ഭക്ഷണസസ്യങ്ങളുടെ ഒരു പട്ടിക പരിശോധിച്ചുനോക്കാം
ചിത്രശലഭം ......ലാര്‍വാഭക്ഷണസസ്യം
നാട്ടുറോസ്................................................ഈശ്വരമൂലി
ചക്കരശലഭം.............................................ഈശ്വരമൂലി
തകരമുത്തി................................................പൊന്നാംതകര
മഞ്ഞത്തകരമുത്തി.....................................പൊന്നാംതകര
ആവണച്ചോപ്പന്‍ .......................................ആവണക്ക്
ചിത്രകന്‍ ..................................................കൊടിത്തൂവ
മയില്‍ക്കണ്ണി..............................................വയല്‍ച്ചുള്ളി
വയല്‍ക്കോത............................................വയല്‍ച്ചുള്ളി
വന്‍ ചൊട്ടശലഭം.......................................കുറുന്തോട്ടി
നാട്ടുകോമാളി.............................................കൊട്ടമുള്ള്
ചെങ്കോമാളി...............................................ഇലമുളച്ചി
പുള്ളിച്ചാടന്‍ .............................................ഊരം
എരിക്കുതപ്പി..............................................എരിക്ക്
കരിനീലക്കടുവ...........................................വട്ടക്കാക്കക്കൊടി
നീലക്കടുവ.................................................വട്ടക്കാക്കക്കൊടി
പൊതുവായ തേന്‍ ചെടികള്‍
കൃഷ്ണകിരീടം
തെച്ചി
കൊങ്ങിണി
പൂമ്പാറ്റകള്‍ നീരൂറ്റിക്കുടിക്കുന്ന ചെടികള്‍
കിലുക്കി
തേള്‍ക്കട
ഈ പട്ടികയിലുള്ള മിക്ക സസ്യങ്ങളും ഇന്ന് നമ്മുടെ തൊടികള്‍ക്ക് പുറത്താണെന്നതാണ് ഞാന്‍ നിരീക്ഷിച്ച
രസകരമായ ആ വസ്തുത.ഏറ്റവും വലിയ ശലഭമായ ഗരുഡശലഭം, മനോഹരികളായ ചക്കരശലഭം, നാട്ടു
റോസ് എന്നിവയുടെ ലാര്‍വാഭക്ഷണ സസ്യമാണ് ഈശ്വരമൂലി. പക്ഷേ, ഈ സസ്യം ഒരു പഞ്ചായത്ത് ചുറ്റളവില്‍ പത്തുവള്ളി കണ്ടാല്‍ ഭാഗ്യം എന്നേ വിചാരിക്കാനാവൂ.പ്രത്യക്ഷത്തില്‍ മനുഷ്യോപകാരപ്രദമല്ലെന്നു കണ്ട് വെട്ടിത്തെളിച്ച് ഇല്ലാതാക്കിയതാണ്, ഈ ചെടിയെ. എരിക്കുകളുടെ കാര്യമാണ് ഏറ്റവും രസകരം.
എരിക്കുകളും പൊന്നാംതകരകളും വീട്ടില്‍ നിന്ന്അടിച്ചുപുറത്താക്കപ്പെടുകയും ബസ് സ്റ്റാന്റിലും റെയില്‍ വേ സ്റ്റേഷനിലും വഴിയോരങ്ങളിലും അന്തിയുറങ്ങുകയും ചെയ്യുന്ന തെണ്ടികളെപ്പോലെയായിരിക്കുന്നു.
ഒറ്റ എരിക്കുചെടി പോലും ഒരു തൊടിയിലുമില്ല. എന്നാല്‍ വഴിയോരത്താകെ അതാ അഭയാര്‍ത്ഥികളായി തന്റെ വംശത്തെ കൊന്നൊടുക്കല്ലേ എന്ന പ്രാര്‍ത്ഥനയോടെ നില്‍ക്കുകയാണവ. പൊന്നാംതകരകളും
അങ്ങനെ തന്നെ. വട്ടക്കാക്കക്കൊടി, മുളകുനാറി തുടങ്ങിയ ചെടികള്‍ ഈശ്വരമൂലി പോലെതന്നെ നാമാവശേഷമായിക്കൊണ്ടിരിക്കുന്നു.
ആവണക്ക്, കൊടിത്തൂവ, വയല്‍ച്ചുള്ളി, കുറുന്തോട്ടി, കൊട്ടമുള്ള്, ഇലമുളച്ചി, ഊരം തുടങ്ങിയ സസ്യങ്ങളും
കൃഷിയിടങ്ങളാക്കപ്പെട്ട ഭൂമിയില്‍ നിന്ന് പുറത്ത്തന്നെയാണ് .മിക്കവാറും എല്ല ലാര്‍വാ ഭക്ഷണ സസ്യങ്ങളും ഒന്നാംതരം ഔഷധങ്ങളാണ്.ഔഷധ നിര്‍മാണത്തിന് വേണ്ടിയും അവ പറിച്ചു പോവുന്നുണ്ട്.
പക്ഷേ, പകരം വെച്ചുപിടിപ്പിക്കാന്‍ എത്ര ഔഷധ നിര്‍മാണ കമ്പനികള്‍ തയ്യാറായിട്ടുണ്ടോ എന്തോ...?
കുറുന്തോട്ടി പറിച്ച് പറിച്ച് ഇല്ലാതായി.
ഈ പട്ടികയിലെ എല്ലാ ചെടികളെയും ഇപ്പോള്‍ സംരക്ഷിച്ചുവരുന്നത് നമ്മുടെ പി.ഡബ്ലിയു.ഡി യും റയില്‍ വേ വകുപ്പുമാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ ചിരിക്കുമോ...?റോഡരികുകളും റയിലരികുകളും വ്ര്ത്തിയാക്കിയെടുക്കണമെന്നോ പൂന്തോട്ടമാക്കണമെന്നോ ഏതെങ്കിലും മന്ത്രിക്കു തോന്നാത്തത് ഭാഗ്യമെന്നല്ലാതെ എന്തു പറയാന്‍ ...
ഇതുകൊണ്ടും രക്ഷപ്പെടാത്ത ചില ചെടികളുണ്ട് .അവയിലൊന്നാണ് വയല്‍ ചുള്ളി.നാലഞ്ചുതരം ശലഭങ്ങളുടെ ലാര്‍വാ ഭക്ഷണ സസ്യമാണ് ഈ ഔഷധച്ചെടി.പാടം നികത്തുന്നവരേ..... വയല്‍ച്ചുള്ളിയെ പുനരധിവസിപ്പിക്കേണ്ടതല്ലേ...?
പാടത്തല്ലാതെ വീടു വെക്കാന്‍ വേറെ സ്ഥലമില്ലെങ്കില്‍ കേരളീയര്‍ എന്തു ചെയ്യും? കുന്നത്തു വീടു വെക്കാന്‍
പറ്റുമോ...?വനം കയ്യേറി വീടു വെക്കന്‍ പറ്റുമോ...?ഒന്നിനും സമ്മതിക്കില്ല ഈ പരിസ്തിഥിക്കാര്‍. പാടത്തെങ്കില്‍ പാടത്ത് വീടു പണി നടന്നാലല്ലേ കേരളീയര്‍ക്ക് പണിയുണ്ടാവൂ.
പ്രിയ കേരളീയരേ ,ഞങ്ങള്‍ പാടത്തു താമസിക്കുന്ന ഞവുഞ്ഞിലുകള്‍ ,ഞണ്ടൂകള്‍ ,മീനുകള്‍ ,തുമ്പികളുടെ ലാര്‍വകള്‍ , തവളകള്‍ ... എല്ലാരുംകൂടി നിങ്ങളുടെ
വീട്ടിലേക്ക് വരട്ടേ...?
വീടുനിര്‍മാണത്വരയില്‍ ഇല്ലാതാവുന്ന കുന്നുകളില്‍ നിന്ന് ഇലമുളച്ചിയും മഷിത്തണ്ടും കരയുകയാണ്...
വരും തലമുറകള്‍ക്ക് ഇലമുളച്ചിയുടെയും മഷിത്തണ്ടിന്റെയും മണമുള്ള ബാല്യകാലമുണ്ടാവില്ല.അല്ലെങ്കില് എന്തിനാണ് അങ്ങനെയൊരു ബാല്യകാലം.
യൂണീഫോമും റ്റൈയുമണിയിച്ച്ജീപ്പിലേക്ക് തള്ളിക്കയറ്റി വഴിയിലെ പച്ചപ്പു കാട്ടാതെ നാം വളര്‍ത്തിയെടുക്കുന്ന ഈ കുഞ്ഞുങ്ങള്‍ക്ക് വേണ്ടത്ര സിന്തറ്റിക് ഗന്ധങ്ങളുണ്ടല്ലോ...
ഇത്രയൊക്കെ ചിത്രശലഭങ്ങള്‍ ഉണ്ട് അല്ലേ? കണ്ടാല്‍ നോക്കി നില്‍ക്കും എന്നല്ലാതെ ഇതൊന്നും അറിയില്ലായിരുന്നു.
മറുപടിഇല്ലാതാക്കൂനല്ല പോസ്റ്റ്..
മറുപടിഇല്ലാതാക്കൂപക്ഷേങ്കില് എന്തു ചെയ്യാനാന്നെ? മനുഷ്യന് ആദ്യം പാര്‍പ്പിടം വേണ്ടെ? എന്നിട്ടല്ലെ ബാക്കിയുള്ളത് നോക്കാന്‍ പറ്റൂ? അതുകൊണ്ട് കെട്ടുന്ന പാര്‍പ്പിടത്തില്‍ ചെടികള്‍ നട്ടു വളര്‍ത്താനും മഴ വെള്ളം ശേഖരിക്കാനും ബോധവാന്മാരാക്കണം അല്ലെങ്കില്‍ കെട്ടിടത്തിന് അപ്രൂവല്‍ കൊടുക്കുമ്പോള്‍ അങ്ങിനെ ഒരു സംഗതി വല്ലോം കൊണ്ട് വരണം എന്നാണ് എനിക്ക് തോന്നുന്നത്
വിക്കിപീഡീയയിലേക്ക് ശലഭങ്ങളെ പിടിയ്ക്കുന്നതിന്റെ ഭാഗമായി ഗൂഗ്ലിള്‍ സെര്‍ച്ച് വഴി എത്തിയതാണ്. :)
മറുപടിഇല്ലാതാക്കൂനാട്ടില് കാണുന്ന നൂറ്റിമുപ്പതിലധികം ശലഭങ്ങളെ ടാക്സോബോക്സോടുകൂടി ലേഖനമുണ്ടാക്കിയിട്ടുണ്ട്.
http://ml.wikipedia.org/wiki/വർഗ്ഗം:ചിത്രശലഭങ്ങൾ
കൂടുതല്‍ വിവരങ്ങള്‍ അറിയുമെങ്കില്‍ ലേഖനങ്ങളിള്‍ ചേര്‍ത്താല്‍ നന്നായിരുന്നു. :)