gfc

അസാധാരണ ജീവിതങ്ങള്‍

ഇടയ്ക്കിടെ ആരെങ്കിലും
സന്തോഷത്തിന്റെ കരയിലോ
സങ്കടത്തിന്റെ കരയിലോ
പിടിച്ചിടും.
അവിടെക്കിടന്ന് പിടയ്ക്കും.
രണ്ടുമല്ലാത്ത ജലം എന്ന
സാധാരണജീവിതം മതി
എന്ന് എപ്പോഴും കരുതും.
എങ്കിലും ഇടയ്ക്കിടെ പിടികൊടുക്കും
ഈ കരകള്‍ക്ക്,അവയുടെ വലകള്‍ക്ക്
അവയുടെ ചൂണ്ടകള്‍ക്ക്,
ആഞ്ഞുവെട്ടുന്ന കത്തികള്‍ക്ക്.

ജലത്തിലെ ജീവനേക്കാള്‍ വിലയുണ്ട്
കൂട്ടിയിട്ടിരിക്കുന്ന നമ്മുടെ ശവങ്ങള്‍ക്ക്,
നമ്മുടെ ശവഗന്ധം കൊണ്ട്
അലങ്കരിച്ചിരിക്കുന്ന ഈ തെരുവുകള്‍ക്ക്.
തമ്മില്‍ പൊരുതിയിരുന്നവര്‍ പോലും
അനക്കമില്ലാതെ അട്ടിക്ക് കിടക്കുന്ന
ഈ പെട്ടികള്‍ എന്തൊരു സമാധാനത്തിന്റേതാണ്.
ഐസുകട്ടകള്‍ക്കിടയില്‍
കിടക്കുന്ന നമുക്ക് ആശ്വാസത്തിന് വകയുണ്ട്,
ചത്താലെന്താ,
നാം ചീയുന്നില്ലല്ലോ.

സമുദ്രജീവികളായ നമ്മളറിയുമോ
നമ്മുടെ കൂട്ടമരണങ്ങളുടെ ആഘോഷത്തിന്
സ്ഥാപിക്കപ്പെട്ടിരിക്കുന്ന തെരുവുകളെ...
മരിക്കുക തന്നെ വേണം
ചിലതൊക്കെ മനസ്സിലാവാന്‍ .

5 അഭിപ്രായങ്ങൾ:

  1. അതെ... മരിക്കുക തന്നെ വേണം ചിലതൊക്കെ മനസ്സിലാകാന്‍.

    മറുപടിഇല്ലാതാക്കൂ
  2. നല്ല വരികള്‍
    ചത്താലെന്താ,
    നാം ചീയുന്നില്ലല്ലോ.

    മറുപടിഇല്ലാതാക്കൂ
  3. തമ്മില്‍ പൊരുതിയിരുന്നവര്‍ പോലും
    അനക്കമില്ലാതെ അട്ടിക്ക് കിടക്കുന്ന
    ഈ പെട്ടികള്‍ എന്തൊരു സമാധാനത്തിന്റേതാണ്.

    മറുപടിഇല്ലാതാക്കൂ
  4. മാഷെ...വിഷ്ണുമാഷെ...
    (ഒന്നുമെഴുതാനില്ല...മനസ്സ് അത്രമേല്‍ സാന്ദ്രം)

    മറുപടിഇല്ലാതാക്കൂ