gfc

അവൾ പല്ലുതേക്കുന്ന ശബ്ദത്തിൽ

അവൾ പല്ലുതേക്കുന്ന ശബ്ദം,
അതിനകത്ത് മങ്ങിയവെട്ടത്തിൽ
പുല്ലുകളുടെ മക്കൾ മുളയ്ക്കുന്നു.
അവൾ പല്ലുതേക്കുന്ന ശബ്ദത്തിന്
ഒരു അമീബയുടെ ആകൃതിയാണ്.
അടിനിലയ്ക്കും മുകൾ നിലയ്ക്കുമിടയിൽ
ഗോവണിയിലെവിടെയോ അത് തൂങ്ങുന്നു.
വലിയ ഒച്ചയുള്ള പാട്ടു പോലെ പ്രവർത്തിക്കുകയും
എല്ലാ മുറികളിലേക്കും ചൂലുപോലുള്ള നഖങ്ങൾ നീട്ടുകയും ചെയ്യുന്നു .
അടുക്കളയിലെ പിഞ്ഞാണത്തെ കരയിപ്പിച്ച്
തട്ടിത്താഴെയിടുന്നു.

അവൾ പല്ലുതേക്കുന്ന ശബ്ദം:
ഉള്ളംകൈ വിസ്താരത്തിൽ ഒരു കൊഴുത്ത ദ്രവദ്വീപ്.
അതിൽ രണ്ടുറുമ്പുകൾ പുറത്തേക്കു പോവാൻ
യത്നിച്ചു കൊണ്ടിരിക്കുന്നു.
അവൾ പല്ലുതേക്കുന്ന ശബ്ദത്തിൽ നിന്ന്
തിളങ്ങുന്ന കത്തിമുനകൾ ഒഴുകി വന്ന്
ഉറങ്ങുന്ന എന്നെ വരഞ്ഞുകൊണ്ടിരിക്കുന്നു.
ഓരോ വരയിലും ക്രമമായി ഒരേ വലിപ്പമുള്ള
രക്തമുത്തുകൾ  ഉണ്ടായി വരികയും
രക്തമുത്തുകൾ കോർത്ത വരകളായിത്തീരുകയും ...

അവൾ പല്ലുതേക്കുന്ന ശബ്ദത്തിൽ
അകറ്റി വെച്ച തുടകൾക്കിടയിൽ നിന്ന്
കുറ്റബോധങ്ങളുടെ ഒരു പകൽ പുറത്തേക്ക്
വഴുതിവീഴുന്നു.

അവൾ പല്ലുതേക്കുന്ന ശബ്ദം,
അവളുടെ വിലകൂടിയ ചാരൻ
ഏതെല്ലാം മുറികളിൽ ആരെല്ലാം ഉണരുന്നുവെന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.
അതിന്റെ കൺവെട്ടത്ത് പെടാതിരിക്കാൻ
ഞങ്ങളെല്ലാം കണ്ണടച്ചുകിടക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ