gfc

കവി പുറത്താക്കപ്പെട്ടവനാണ്

സുഹൃത്തുക്കൾക്ക് അയാൾ കോമാളിയും  ബന്ധുക്കൾക്ക് അയാൾ കുപ്പയുമാണ്.
വീടിനകത്തിരിക്കുമ്പോഴും
അയാൾ വീടിനു പുറത്താണ്.
അയാൾ തന്നെ അയാളുടെ വീട്.
അയാൾ ആത്മാവുകൊണ്ട് പിച്ചക്കാരനാണ്.
അയാളുടെ ചോറും വെള്ളവും കിണ്ണവും
എന്നും പുറത്താണ്.
ഉത്തരവാദിത്തങ്ങളുടെ ഒരു ലോകത്ത് നിരുത്തരവാദിത്തത്തിന്റെ മഹനീയമാതൃകയായി
ചൂണ്ടിക്കാണിക്കാൻ അയാൾ സ്ഥാപിക്കപ്പെട്ടു.
ജീവിതത്തിൽ ഒരിക്കൽ പോലും
അയാൾക്ക് സ്നേഹം മതിയായിട്ടില്ല.
തൃപ്തിയുടെ ഒരു ഗ്രന്ഥി ഛേദിച്ചു കളഞ്ഞ് അയാളെ ഭൂമിയിലേക്ക് പറഞ്ഞയച്ചു.

പക്ഷേ,
മരിച്ചിട്ടും മരിക്കാത്ത കവികളുടെ
അദൃശ്യ ഭൂഖണ്ഡത്തിലേക്ക്
അയാൾ നടന്നടുക്കുന്നത്
ആർക്ക് തടുക്കാനാവും?

1 അഭിപ്രായം:

  1. മനസ്സിലാവുന്നു എന്നു ഒരു കവിതയെക്കുറിച്ച് പറയാമോ? പറയാമെങ്കിൽ - മനസ്സിലാവുന്നു. :)

    മറുപടിഇല്ലാതാക്കൂ