gfc

കുടിയൻ

രാവിലെ കവി കെ.സി അലവിക്കുട്ടിയുടെ കോൾ ഉണ്ടായിരുന്നു.
കവിത കാണാനില്ല എന്നോ മറ്റോ പറയാനാണ് വിളിച്ചത്.
ഉറക്കപ്പിച്ചിലായിരുന്നതുകൊണ്ട് ശരിക്ക് മനസ്സിലായില്ല.
രാവിലെ പുറത്തിറങ്ങിയപ്പോഴാണ് മനസ്സിലായത്:
കവിത കാണാതായിരിക്കുന്നു.
പൂക്കളിൽ നിന്ന്
ശലഭങ്ങളിൽ നിന്ന്
കിളികളിൽ നിന്ന്
മരങ്ങളിൽ നിന്ന്
ഗ്രാമത്തിലെ നടവഴികളിൽ നിന്ന്
വയലുകളിൽ നിന്ന്
അത് അപ്രത്യക്ഷമായിരിക്കുന്നു.

ഞാനും എന്റെ ഒരു സുഹൃത്തും കൂടി
ഒരു വണ്ടി വിളിച്ച്‌ പാഞ്ഞു.
കവിത നഷ്ടപ്പെട്ടിട്ട് അധികനേരമായിട്ടില്ല.
വഴിയോരമരങ്ങളേയും കാറ്റിനേയും
ശ്രദ്ധിച്ചാൽ അതറിയാം.
കവിതയില്ലാതെ ഈ ഭൂമി എങ്ങനെ ജീവിക്കും?
വഴിയിൽ കണ്ടവരോടെല്ലാം ഞങ്ങൾ ചോദിച്ചു.
കവിത എങ്ങോട്ടാണ് പോയത്?
കവിതയ്ക്ക് എന്താണ് സംഭവിച്ചത്?
ആളുകൾ ഒന്നും പറഞ്ഞില്ല.
അവർ മുന്നോട്ടു വിരൽ ചൂണ്ടുക മാത്രം ചെയ്തു .
ഞാനും എന്റെ ചങ്ങാതിയും
ആശങ്കാകുലരായി പരസ്പരം നോക്കി.
കവിത നഷ്ടപ്പെട്ട ഒരു വാഹനത്തിൽ
അതിവേഗം പോവുക അസാധ്യമാണ്.
എങ്കിലും ഒരു ചീത്തപ്പേരു വരുത്തിവെക്കാൻ താത്പര്യമില്ലാത്തതിനാൽ വാഹനം
സാമാന്യം വേഗത്തിൽ പോകാൻ തയ്യാറായി.
ഒരു പക്ഷേ കവിത നഷ്ടപ്പെട്ട ഒരു ലോകം
അതിവേഗം ഞങ്ങളെ ഉപേക്ഷിക്കുന്നത്
വാഹനത്തിന്റെ വേഗതയായി തെറ്റിദ്ധരിച്ചതാവാനും ഇടയുണ്ട്.

 വഴിയരികിൽ കണ്ട മലകൾ നദികൾ  അംബരചുംബികൾ മേഘങ്ങൾ
എല്ലാം കവിതയറ്റു നിന്നു.
കവികളായ സുഹൃത്തുക്കളിൽ നിന്നെല്ലാം
മൊബൈൽ വിളികൾ വരുന്നുണ്ട്.
എല്ലാവരും എന്തെല്ലാമോ പുലമ്പുന്നുണ്ട്.
കവിത എവിടേക്കാണ് നിഷ്ക്രമിച്ചത്?
ലോകത്തിലെ കാവ്യപുസ്തകങ്ങളെല്ലാം
വെറും കടലാസുകളായിത്തീർന്നിരിക്കുമോ?
ഞങ്ങൾ പരസ്പരം സംസാരിച്ചില്ല

മധ്യാഹ്നവും സായാഹ്നവും കടന്ന്
ഞങ്ങളുടെ വാഹനം മുന്നോട്ടു പോയി.
അപ്പോൾ പാതയിലൂടൊരാൾ
വഴിയരികിലെ മരങ്ങളിൽ നിന്ന്
പൂക്കളിൽ നിന്ന്
കിളികളിൽ നിന്ന്
മനുഷ്യരിൽ നിന്ന്
നീണ്ടൊരു കുഴലിട്ട്
കവിത വലിച്ചു കുടിക്കുന്നത് ഞങ്ങൾ കണ്ടു.

ലോകത്തുള്ള കവിത മുഴുവൻ
വലിച്ചു കുടിച്ച് ഇയാൾ എങ്ങോട്ടാണീ പോവുന്നത്?
വാഹനത്തിന്റെ വേഗത കുറച്ച് ഞങ്ങൾ അയാളെ അനുഗമിച്ചു.
ലോകം അയാൾക്കു പിന്നിൽ തളർന്നു കിടന്നു.
അയാളെ പിടികൂടി അയാളുടെ കുഴലു വാങ്ങി
വലിച്ചെറിയണമെന്ന് ഞങ്ങൾ നിശ്ചയിച്ചു.
വാഹനം ഒരു ഭാഗത്തുവെച്ച് ഞങ്ങൾ അയാളുടെ പിന്നാലെ നടന്നു .

പൊടുന്നനെ അയാളെയും ഞങ്ങളെയും വേർപെടുത്തി ഭൂമി പിളർന്നുമാറി.
പിളർപ്പിലെ നിലയില്ലാത്ത ആഴം ഭയപ്പെടുത്തി.
ഞങ്ങൾ സ്തബ്ധരായി നോക്കിനിൽക്കെ
ആ കവിതക്കുടിയൻ തിരിഞ്ഞു നോക്കാതെ
കവിത വലിച്ചു കുടിച്ച് അകന്നകന്നു പോയി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ