gfc

ഞാനല്ലാതെ ആരിനിയുമെന്ന് വിസ്മയിക്കുന്നു!

ഞാനെന്നെ മറന്നു മറന്നു കിടന്ന
ആശുപത്രി മുറിയിൽ
മരണത്തിന് ഒരു നിമിഷം മുമ്പ്
സ്വന്തം ചോരയിലേക്ക് അള്ളിപ്പിടിച്ചിറങ്ങി രക്തക്കുഴലുകളിലൂടെ നീന്തി
ശരീര കലകളിൽ പിടിച്ചുപിടിച്ച്
ഹൃദയത്തിനടുത്തുള്ള
പാറക്കൂട്ടത്തിൽ പോയിരുന്ന്
താഴ്വരയിലേക്കു നോക്കി .

കൊഴുത്ത ചോരയുടെ  ചിറകുകൾ
ഇരുവശങ്ങളിലേക്കും വിടർത്തി ഞരമ്പുകളിലൂടെ കുതിരപ്പടകൾ പാഞ്ഞു.
യുദ്ധങ്ങളുടെയും അധിനിവേശങ്ങളുടെയും ചരിത്രം.
അനേക കാലങ്ങളും രാഷ്ട്രങ്ങളും  ഉറങ്ങിക്കിടക്കുന്ന ചരിത്രത്തിന്റെ  മ്യൂസിയമാണ് ഞാൻ.
പോർമുഖങ്ങളിൽ നിന്നുള്ള കരച്ചിലുകളും
ചിന്നംവിളികളും വാദ്യഘോഷങ്ങളും കേട്ട്
ഞാൻ ഉറങ്ങിപ്പോയി.
വംശാവലിയുടെ കഥയുടെ
ലൈറ്റ് ആൻഡ് സൗണ്ട് ഷോയിലെ അവസാനത്തെ രംഗമായിരുന്നു.

ഞാനെന്റെ ആദിമ കോശം കണ്ടെത്തി. അഗാധമായ,അനന്തമായ ഇരുട്ടിലേക്ക്
ഒരു പര്യവേഷണപേടകമെന്ന മട്ടിൽ
ഞാൻ നിപതിച്ചു.

വനവൃക്ഷച്ചുവട്ടിൽ എന്റെ ഉറക്കം.
ഞാൻ ആദിമ മനുഷ്യൻ, അനാഥൻ, ഏകാന്തൻ.
എന്റെ വിശപ്പ് ജീവനുള്ളതിനെയെല്ലാം തിന്നു.
എന്റെ ശരീരം ഞാൻ തിന്ന മൃഗങ്ങളുടെ ഒരു തോട്ടം.
ആനയും കടുവയും കുതിരയും മാനും മുയലും
എന്റെ പേശികളിൽ ഉരുകിച്ചേർന്നു.
പരസ്പരം പോരടിച്ചിരുന്ന രണ്ടു കടുവകൾ
എന്റെ ഇടതുകൈയിൽ
നിസ്സഹായരായ രണ്ടു കോശങ്ങളായി
പ്രതികാരമമർത്തി അടുത്തടുത്ത് കഴിഞ്ഞു.

ഞാൻ നടന്നു .
എന്റെ കണ്ണുകളിൽ ഞാൻ പിടിച്ചു തിന്ന
വണ്ടുകളുടെ കൂട്ടമിരമ്പി
എന്റെ തലച്ചോറ് തേനീച്ചകളുടെ മുട്ടകൾ
എന്റെ മുലക്കണ്ണുകൾ ജീവിച്ചിരിക്കുമ്പോൾ പ്രണയം പൂർത്തിയാവതെ കൊല്ലപ്പെട്ട രണ്ടു  മാനുകളുടെ എത്തിനോക്കുന്ന ചുണ്ടുകൾ
എന്റെ കാലുകളിൽ തൊലിക്കുള്ളിൽ ഞരമ്പുകളെന്ന് തള്ളി നിൽക്കുന്നു
പെരുമ്പാമ്പുകൾ
എന്റെ നഖങ്ങളിലേക്ക് ഇറങ്ങി നിൽക്കുന്നു
അകപ്പെട്ട കാട്ടാനയുടെ വിരലുകൾ
ഞാൻ ഒരു മനുഷ്യനേയല്ല;
ജീവജാലങ്ങളുടെ സഞ്ചയം.
അകത്ത് അനേകം കുറുകുന്ന പക്ഷികൾ,
കാടുകൾ...

ഞാൻ നടന്നു.
എന്റെ ശിരസ്സ് കുരുവികളായി ചിതറി.
കാലുകൾ മണ്ണിരകളായി അഴിഞ്ഞു .
ബാഹുക്കളിൽ നിന്ന് കടുവകൾ പുറത്തുചാടി.
ഹൃദയം നിശ്ശബ്ദമായി .
പടയാളിയെ ഉപേക്ഷിച്ച്
രക്തനദിയിലൂടെ ഓടി വന്ന ഒറ്റക്കുതിര
വേഗത കുറഞ്ഞു കുറഞ്ഞ് നിന്നു.

ആരോ വെളുത്ത തുണിയാലെന്റെ ശരീരത്തെ
മറച്ചുവെക്കുന്നു.
ഇനി നടക്കാനില്ലെന്ന് വിരലുകൾ കെട്ടുന്നു .
ആരുടെയോ കരച്ചിൽ കലർന്ന കാറ്റ് എന്നെ തൊടുന്നു .
ഞാനല്ലാതെ ആരിനിയുമെന്ന് വിസ്മയിക്കുന്നു!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

To listen you must install Flash Player.