മരിച്ചതിന്റെ മൂന്നാം നാള്‍ പകല്‍
ഗുരുവിനെ അടക്കം ചെയ്ത കുന്നിലേക്ക്
ശിഷ്യന്മാര്‍ കയറിച്ചെല്ലുമ്പോള്‍
ഒരു വിജനത നീലാകാശം നോക്കി
മലര്‍ന്നു കിടക്കുന്നുണ്ടായിരുന്നു.
ഒരു സന്തോഷം ഒറ്റയ്ക്ക് ഓടി നടന്ന്
പന്തു കളിക്കുന്നുണ്ടായിരുന്നു.
ശിഷ്യന്മാര്‍ നോക്കുമ്പോള്‍
ഗുരുവിനെ അടക്കം ചെയ്ത മണ്ണ്
പല ഭാഗത്തു നിന്നും മാന്തിയിരുന്നു.
‘കുറുക്കന്മാരാവും.’
മണ്ണു നീക്കിയിട്ട് അവര്‍ മടങ്ങിപ്പോവുമ്പോള്‍
കുന്നിന്‍ പുറത്തെ *ചാവകള്‍ ചിരിച്ചു വണങ്ങി.
രണ്ടാഴ്ചകള്‍ക്കു ശേഷം വീണ്ടും അവര്‍
ഗുരുവിന്റെ കുഴിമാടത്തില്‍ വന്നു.
അതൊരു സന്ധ്യക്കായിരുന്നു.
ചന്ദ്രവൃത്തം ആകാശത്ത് ദൃശ്യമായിരുന്നു.
അന്നും കുഴിമാടം പലഭാഗങ്ങളിലും
മാന്തിയതായി കണ്ടു.
മണ്ണു നീക്കിയിട്ട് മുളകള്‍ കനത്തില്‍ വെച്ച്
ചടങ്ങുകള്‍ക്കു ശേഷം അവര്‍ ഇറങ്ങിപ്പോയി.
ഒരു മഴ പെയ്തു പോയിരുന്നു.
എങ്ങും കിളിക്കരച്ചിലുകള്‍ നിറങ്ങിരുന്നു.
കുഴിമാടം പതിവുപോലെ മാന്തിയതായി കണ്ടു.
മുള്ളുകളൊക്കെ പലവശങ്ങളില്‍ ചിതറിക്കിടന്നു.
പ്രശ്നത്തിന് ശാശ്വതമായ പരിഹാരം വേണമെന്ന്
ശിഷ്യന്മാര്‍ തീരുമാനിച്ചു.
കുഴിമാടത്തിനു ചുറ്റും ശക്തമായ ഒരു മുള്ളുവേലി അങ്ങനെയാണുണ്ടായത്.
അതിനു ശേഷവും കുഴിമാടം മാന്തിയതായി കാണായി.
ശിഷ്യന്മാര്‍ ചിന്താമഗ്നരായി.
ജന്തുക്കളും പക്ഷികളുമല്ല,
ഗുരുവിനെ അപമാനിക്കാന്‍ കച്ചകെട്ടിയിറങ്ങിയ
ഒരു ശത്രു തന്നെയാവുമെന്ന് അവര്‍ ഊഹിച്ചു.
കുഴിമാടത്തിലെ മണ്ണ് നീക്കിയിട്ട്
അവര്‍ സമീപത്തൊരിടത്ത് ഒളിച്ചിരുന്നു.
ഒന്നും സംഭവിക്കുന്നില്ല.ഒരാളും അങ്ങോട്ട് വരുന്നില്ല.
രാത്രിയായി.
പെട്ടെന്ന് കുഴിമാടത്തില്‍ നിന്ന് രണ്ടു കയ്യുകള്‍
മണ്‍കട്ടകള്‍ തട്ടി സാവകാശം പുറത്തേക്കു നീണ്ടുവന്നു.
അത് തലങ്ങും വിലങ്ങും മാന്തിക്കൊണ്ടിരുന്നു.
ഭയചകിതരായ ശിഷ്യന്മാര്‍ കുന്നിറങ്ങിയോടി...
വവ്വാലുകള്‍ കൂട്ടത്തോടെ എങ്ങോട്ടോ പറക്കുന്നുണ്ടായിരുന്നു.
ശിഷ്യന്മാര്‍ ആലോചിച്ചാലോചിച്ച് ഉറക്കം വരാതെ കിടന്നു.
ഒരു പ്രത്യേക നിമിഷം എല്ലാവരും ഒരേസമയത്ത് ഉറങ്ങിപ്പോയി.
അവര്‍ ഒരു സ്വപ്നവും കണ്ടു.
അവര്‍ ആ കുന്നിന്‍പുറത്ത് കാവലിരിക്കുന്നു.
ആ ഭയാനക ദൃശ്യം ആവര്‍ത്തിക്കുന്നു.
വേണ്ടത്ര മാന്തി ആ കൈകള്‍ വന്നതുപോലെ ഇറങ്ങിപ്പോയപ്പോള്‍
ധൈര്യം സംഭരിച്ച് അവര്‍ ആ കുഴിമാടത്തില്‍ ചെന്ന്
എന്താണിതിന്റെ അര്‍ഥം എന്നു ചോദിച്ചു.
ശരീരമേ ഇല്ലാതായിട്ടുള്ളൂ
ചൊറിച്ചില്‍ ഇല്ലാതായിട്ടില്ല എന്ന് അപ്പോള്‍
അവരുടെ ഗുരുവിന്റെ ശബ്ദം അവര്‍ കേട്ടു.
---------------------------------
*ചാവ-പന്നല്‍ വര്‍ഗ്ഗത്തില്‍പെട്ട ഒരു സസ്യം.