gfc

ഇരുചക്രത്തില്‍ ഒരു കവിത

അനൂപ്,
ക്യാമ്പിനു സ്ഥലമന്വേഷിക്കാനെന്ന വ്യാജേന
നമ്മള്‍ കള്ളുകുടിക്കാന്‍ പോകുന്നു
നമുക്ക് നമ്മോടു തന്നെ ഒരു നുണ പറയേണ്ടതുണ്ട്
നമുക്ക് നമ്മളെത്തന്നെ വഞ്ചിക്കാനുണ്ട്
നമ്മുടെ ബൈക്ക് നീലഗിരിയുടെ റോഡുകളിലൂടെ
ചായത്തോട്ടങ്ങളുടെ പച്ചത്തലകള്‍ ചുറ്റുന്നു.
ഒരു നീഗ്രോയുടെ തല പച്ചച്ചായമടിച്ചതുപോലെയാണവ.
നിരനിരയായി ചീകി വെച്ച ചായച്ചെടികളെ
പകുത്തു പകുത്തുപോയ ചീര്‍പ്പേ
കാണുന്നുണ്ടോ ചായനുള്ളും പാവങ്ങളെ...?

നമ്മുടെ വീട് പണ്ട് പറഞ്ഞുറപ്പിച്ചതുപോലെ
ചുള്ളിയോടാണ്.
അവിടെനിന്ന് ആദ്യത്തെ രണ്ടു കിലോമീറ്റര്‍
കഴിഞ്ഞാല്‍ ആദ്യത്തെ ടാസ്മാക് (മധുശാല) ആയി.
അവിടെനിന്ന് രണ്ടെണ്ണം വിട്ട്
നമ്മുടെ ബൈക്ക് ഒരു തേനീച്ചയെപ്പോലെ
മലമടക്കുകളിലൂടെ മൂളിപ്പറക്കുന്നു.

എല്ലാ വളവുകളിലുമുണ്ട്
ഓരോ അരക്കിലോമീറ്ററിലുമുണ്ട്
ബൈക്കപകടങ്ങളുടെ ദുര്‍ദ്ദേവതകള്‍
വഴിയോരങ്ങളിലെല്ലാം
അവ നമുക്ക് വലിയ വാഗ്ദാനങ്ങളുമായി
കൈ കാണിക്കുന്നു...
അവയോട് നീ ചിലപ്പോള്‍ ചിരിക്കുന്നുണ്ട്
ഇടറുന്നുണ്ട്.
എപ്പോള്‍ വേണമെങ്കിലും മറിഞ്ഞുവീഴാവുന്ന
സര്‍ഗ്ഗാത്മകത നമ്മുടെ ബൈക്കിനുണ്ടെന്ന്
തോന്നിപ്പിക്കുന്നുണ്ട്.
അല്ലെങ്കില്‍
എതിരെ വരുന്ന ഏതുവണ്ടിയിലും
ചിതറിത്തെറിക്കാനുള്ള ആത്മവീര്യം
നീയതിനു നല്‍കുന്നുണ്ട്.
എന്നിട്ടും കവികളെക്കുറിച്ച്
പറഞ്ഞുപറഞ്ഞ് നാം ചിരിക്കുന്നുണ്ട്,
പൊട്ടിച്ചിരിക്കുന്നുണ്ട്.
നമ്മുടെ ചിരികള്‍ തന്നെയാവണം
കുന്നിറമ്പുകളിലെല്ലാം
വെളുത്ത പൂവുകളായി
നാം ഉണര്‍ത്തിയുണര്‍ത്തിപ്പോകുന്നത്

താളൂരില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ കഴിഞ്ഞാല്‍
എരുമാട് ആയി
അടുത്ത ടാസ്മാക് ആയി.
അവിടെ നിന്നും രണ്ടെണ്ണം വിട്ട്
അടുത്ത സ്വീകരണസ്ഥലമായ
ചേരമ്പാടിയിലെത്തുന്നു.
അവിടെയുമുണ്ട് ടാസ്മാക്.
പിന്നെയും പോയാല്‍ പന്തല്ലൂര്‍
അവിടെയുമുണ്ട് മധുശാല.
എല്ലാ മധുശാലകളിലെയും മദ്യം
കാടുകള്‍ക്കും പൂമരങ്ങള്‍ക്കും
തണ്ണീര്‍ച്ചോലകള്‍ക്കും മീതെ
നമ്മുടെ ബൈക്കിനെ പറത്തിവിടുന്നുണ്ട്.
നീലാകാശത്തെ മുട്ടിനില്‍ക്കുന്ന
ഒരു മുരിക്കു മരത്തിനു മുകളിലൂടെ
അതിന്റെ ചുവന്ന പൂക്കളെ അതിശയിപ്പിച്ച്
നമ്മുടെ ബൈക്ക്...
കുന്നുകളില്‍ നിന്ന് റോഡുകളിലേക്ക്
കുതിക്കുന്ന കുഞ്ഞുകുഞ്ഞുവെള്ളച്ചാട്ടങ്ങള്‍
അത്രമേല്‍ പരിചയമുള്ളവരും
എന്നാല്‍ നമ്മള്‍ മറന്നുപോയവരുമായ കാമുകിമാരാണ്.
നാമവരെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ച് നിശ്ചയമായും
പരാജയപ്പെടും.
അവര്‍ അവരുടെ പേരുകള്‍ പറയുകയില്ല.
എന്നാല്‍ ആ പരിചിതഭാവം അവര്‍ മറയ്ക്കുകയുമില്ല.

അവര്‍ നമ്മുടെ കാമുകിമാരല്ലെങ്കില്‍
അവരോടെന്തിനാണിത്രയും അജ്ഞാതവാല്‍‌സല്യം?

നാം ഒരോ കവിയേയും ഓരോ കുന്നാക്കുന്നു.
ലതീഷ് മോഹന്‍‌കുന്ന് കടന്ന്
അരുണ്‍പ്രസാദ്കുന്ന് കടന്ന്
കുഴൂര്‍ വിത്സന്‍കുന്നിനു മുകളിലൂടെ
നമ്മുടെ ബൈക്ക് മേഘങ്ങള്‍ക്കിടയിലൂടെ

തേയിലത്തോട്ടങ്ങളിലൂടെ ഓടുന്ന
കടുവകള്‍ നമുക്ക് വഴി കാണിക്കുന്നു.
ഒറ്റയൊറ്റക്കുരുവികള്‍ കാറ്റാടിയിലോ
ശീമക്കൊന്നയിലോ ഇരുന്ന്
പാട്ടിന്റെ ഒരു വെള്ളമുത്തുമാല എറിഞ്ഞുതരുന്നു.
നമ്മുടെ ബൈക്ക് വീണ്ടും ഭൂമിയെത്തൊടുന്നു.
കറുത്ത റോഡിനാല്‍ ചുറ്റിയെടുത്ത കാടിനെ
നാടുകാണിച്ചുരമെന്ന് വിളിക്കുന്നു.
മരങ്ങളാണ് ഉയരങ്ങള്‍
മരങ്ങളാണ് കാലങ്ങള്‍
നിശ്ശബ്ദതയുടെ പുസ്തകം മറിക്കുന്ന
ഒച്ച കേള്‍ക്കാന്‍ നാം ബൈക്ക് നിര്‍ത്തുന്നു.
കിളികളും നീര്‍ച്ചോലകളും കാറ്റും ഇലകളും കൂടി
ചുരത്തിന്റെ ആകാശത്തോളം വിസ്താരമുള്ള
തടിച്ച പുസ്തകത്തിന്റെ സുതാര്യമായ
താളുകള്‍ മറിക്കുന്നു.
അതിന്റെ ഒച്ച മാത്രം.
അതിന്‍ ഈര്‍പ്പവും നിഴലും മാത്രം.
പഴയ കാലങ്ങള്‍ ഈ മരങ്ങളുടെ ഇടയില്‍
മറഞ്ഞുനിന്ന് നമ്മളെ നോക്കുന്നു.
അവ നമ്മെ നോക്കിച്ചിരിക്കുന്നു.
അവയുടെ നിഗൂഡമായ ഗോത്രഭാഷയാണ്
ഇറങ്ങിവരുന്ന ഈ വനഗന്ധം.
പത്താള്‍പ്പൊക്കമുള്ള മരങ്ങള്‍ക്കിടയിലൂടെ
രണ്ടുറുമ്പുകള്‍ സഞ്ചരിക്കുന്ന
ഈ ബൈക്ക്-ഒരു തേനീച്ച
പിന്നെയും പറക്കുന്നു.
നെടുങ്കന്‍ മരങ്ങളുടെ തലപ്പുകളിലേക്ക് നോക്കി ഭയപ്പെടുന്നു.
റോഡിലേക്ക് പാറകളുടെയും മരങ്ങളുടെയും ഭാരങ്ങള്‍
എപ്പോള്‍ വേണമെങ്കിലും ഇറക്കിവെക്കുമെന്ന്
ഭീഷണിപ്പെടുത്തുന്നുണ്ട് മലഞ്ചെരിവുകള്‍.


ഭൂമിയുടെ ആനന്ദത്തിന്റെ ഞരമ്പുകള്‍
പൊട്ടിച്ചീറ്റിയ പച്ചജലധാരകള്‍
മുളങ്കാടുകളായി വഴിയോരമാകെ ഉറഞ്ഞുനില്‍ക്കുന്നു.

ക്യാമ്പിനുള്ള സ്ഥലം നമുക്ക് ലഭിച്ചില്ല
അല്ലെങ്കിലും നമുക്കത് വേണ്ട.
പക്ഷേ എല്ലായിടത്തും നാമത് അന്വേഷിച്ചു.
പണം കൊണ്ടോ സൌകര്യങ്ങള്‍ കൊണ്ടോ
നമുക്കത് ഒക്കുകില്ലെന്ന് നാം
നമ്മെത്തന്നെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു.
നമുക്കുവേണ്ടിയെന്ന വ്യാജേന
നാം നമ്മോട് ജീവിക്കുന്നു.
നമ്മില്‍ നിന്ന് നമ്മളെ ഒളിച്ചുജീവിപ്പിക്കുന്നു.
ഒളിച്ചാണെന്ന് കുറ്റസമ്മതം നടത്തുന്നു.
നാം ആനന്ദിക്കുന്നു.
ഓരോ മുക്കിലുമുള്ള മധുശാല നമ്മെ മാടിവിളിക്കുന്നു.
വീണ്ടും വീണ്ടുമൊഴിച്ച് കവിതയെക്കുറിച്ച്
ചര്‍ച്ച ചെയ്തുകൊണ്ടേയിരിക്കുന്നു.
ഇടയ്ക്കെപ്പോഴോ
മധുരമീനാക്ഷി ക്ഷേത്രം പോലെ
താഴെ നിന്ന് മുകളിലേക്ക് നോക്കാനോ
ആയിരം‌കാല്‍മണ്ഡപം പോലെ
ഇവിടെ നിന്ന് ദൂരേക്ക് നോക്കാനോ
ഒരു കവിത നമ്മള്‍ സ്വപ്നം കാണുന്നു.
കവിത നിറച്ച ഇരുചക്രവാഹനം
ഒരു വീട്ടിലേക്കും മടങ്ങുന്നില്ല.
കുന്നുകളെച്ചുറ്റി അത് പൊയ്ക്കൊണ്ടിരിക്കുന്നു....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ